Wednesday, November 17, 2010

ഇല്ല ! സുനിത സമ്മതിക്കില്ല..

സുനിതയെ ഇന്ത്യയിലെ സെക്‌സ് മാഫിയ എന്തിന് ഭയക്കുന്നു?.

ഭയം സുനിതയുടെ നിഘണ്ടുവില്‍ ഇല്ല എന്നതു തന്നെ കാരണം. വ്യഭിചാരത്തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന പാവം പെണ്‍കുട്ടികളുടെ രക്ഷകയാണ് ഈ നാലടി ആറിഞ്ചുള്ള കൃശഗാത്രി.

ഇന്ത്യയിലും സമീപരാജ്യങ്ങളില്‍നിന്നുമായി പ്രതിവര്‍ഷം രണ്ടുലക്ഷം പേരെ തട്ടിക്കൊണ്ടുവന്ന് വന്‍ നഗരങ്ങളിലും ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലും വ്യഭിചാരവൃത്തിക്ക് വിനിയോഗിക്കുന്നു. ഇതിന് മധ്യേയാണ് ഡോ. സുനിത കൃഷ്‌ണന്‍ പ്രതിരോധ കവചമണിഞ്ഞ് നില്‍ക്കുന്നത്. വാണിജ്യ ലൈംഗിക ചൂഷണത്തിനായി തട്ടിക്കൊണ്ടുപോകുന്ന കുട്ടികളെ സാഹസികമായി രക്ഷിക്കാന്‍ ശ്രമിക്കുന്ന സുനിത ലൈംഗിക പീഡനത്തിന് ഇരയാകുന്ന സ്‌ത്രീകളുടെയും കുട്ടികളുടെയും മോചനത്തിനായി ഒന്നരപതിറ്റാണ്ടായി പോരാട്ടത്തിലാണ്.

വധശ്രമവും ഭീഷണിയും തുടര്‍ച്ചയായി ഈ നാല്‍പ്പത്തൊന്നുകാരി നേരിടുന്നു. പതിനാല് തവണ സെക്‌സ് മാഫിയ സംഘങ്ങള്‍ ആക്രമിച്ചു. ഒരു ചെവി അവര്‍ അടിച്ചുപൊട്ടിച്ചു. തട്ടിക്കളയും എന്ന ഫോണ്‍ ഭീഷണി തുടര്‍ച്ചയായി വന്നപ്പോള്‍ പൊലീസ് രംഗത്തുവന്നു. ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രതി വീടും പൂട്ടി മുങ്ങി. ഗുണ്ടൂര്‍കാരനായ അയാള്‍ ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് മറ്റൊരു സ്‌ത്രീയോടൊപ്പമാണ്.

മാംസക്കച്ചവടത്തിന്റെ ഇരയാക്കി മാറ്റിയ അയാളുടെ കാമുകിയെ ഏഴുവര്‍ഷംമുമ്പ് സുനിത രക്ഷപ്പെടുത്തിയിരുന്നു. കീശനിറയ്‌ക്കാനുള്ള ഒരു 'കച്ചവടസാമഗ്രിയെ' രക്ഷപ്പെടുത്തിയതിലുള്ള രോഷമായിരുന്നു ആ വധഭീഷണി. പക്ഷേ അതിനുമുമ്പേ അവളെ എയ്‌ഡ്‌സ് കാര്‍ന്നുതുടങ്ങിയിരുന്നു. ഇന്ന് അവള്‍ ജീവിതത്തിന്റെ അന്ത്യഘട്ടത്തിലാണ്. തന്റെ പഴയ കാമുകനാണ് വധഭീഷണി മുഴക്കിയതെന്നറിഞ്ഞപ്പോള്‍ അവള്‍ കരഞ്ഞുപറഞ്ഞു: "വല്യേട്ടത്തീ... അയാള്‍ ക്രൂരനാണ്. എങ്കിലും വെറുതെ വിട്ടേക്കൂ...'' സുനിത അത് കേട്ടു. അന്തേവാസികള്‍ക്ക് അമ്മയും വല്യേട്ടത്തിയും അധ്യാപികയും എല്ലാമാണ് സുനിത.

സുനിതയുടെ പോരാട്ടത്തിന്റെ ഫലമായി ജീവിതം തിരിച്ചുകിട്ടിയത് ആയിരങ്ങള്‍ക്കാണ്. സെക്‌സ് മാഫിയയുടെ ഇരകളായ സ്‌ത്രീകളേയും പെണ്‍കുഞ്ഞുങ്ങളേയും ഹൈദരാബാദിലെ 'പ്രജ്വല' എന്ന സംഘടനയിലൂടെ സംരക്ഷിക്കുന്നു. എച്ച്ഐവി ബാധിതരായവരെ സംരക്ഷിക്കാന്‍ പ്രത്യേക കേന്ദ്രം.

പാലക്കാടന്‍ മണ്ണിന്റെ പൈതൃകമാണ് സുനിതയ്‌ക്ക്. അച്‌ഛന്‍ രാജു കൃഷ്‌ണന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, അമ്മ നളിനി. ജനനം ബംഗളൂരുവില്‍. അച്‌ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് മാറി മാറി താമസം. ബംഗളൂരുവില്‍ താമസിക്കുമ്പോഴായിരുന്നു ഓര്‍മയെ നടുക്കുന്ന ആ സംഭവം. 16 വയസ്സുള്ളപ്പോള്‍ എട്ടുപേര്‍ ചേര്‍ന്ന് സുനിതയെ പിച്ചിച്ചീന്തി. ആ അനുഭവം സുനിതയെ വേറിട്ടൊരു വഴിയിലേക്ക് നയിച്ചു. കൂട്ടമാനഭംഗത്തിനിരയായി എന്നൊരു ചിന്തയേ ആ കൌമാരമനസ്സിനെ ബാധിച്ചില്ല. തന്നെപ്പോലെ ആയിരക്കണക്കായ കുട്ടികള്‍, യുവതികള്‍ ലൈംഗിക ആക്രമണത്തിനും ചൂഷണത്തിനും വിധേയമാകുന്നുവെന്ന യാഥാര്‍ഥ്യം അവളുടെ മനസ്സിനെ തട്ടിയുണര്‍ത്തി. തളര്‍ച്ചയ്‌ക്കുപകരം ആത്മവീര്യത്തിന്റെ നാമ്പുകളാണ് ആ മനസ്സില്‍ മുളച്ചത്. തന്റെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്. ലൈംഗിക ചൂഷണത്തിന് ഇരയായവര്‍ക്കും മാന്യമായ ഒരു ജീവിതം വേണം. അതിനുള്ള സാഹചര്യവും സംവിധാനവും ഉണ്ടാകണം. സുനിതയുടെ തീരുമാനത്തെ വീട്ടുകാര്‍ വിലക്കിയെങ്കിലും നിശ്ചയിച്ച വഴിയിലൂടെ സഞ്ചരിച്ച് ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തു. മനഃശാസ്‌ത്ര-സാമൂഹ്യസേവനത്തില്‍ ഡോക് ‌ടറേറ്റും കരസ്ഥമാക്കി.

ലൈംഗിക ചൂഷണത്തിന് ഇരയായവര്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും അത്ര എളുപ്പമായിരുന്നില്ല. ആദ്യമൊക്കെ സുനിതയെ സംശയദൃഷ്‌ടിയോടെയാണ് അവര്‍ വീക്ഷിച്ചത്. എന്നാല്‍, കുറേക്കഴിഞ്ഞപ്പോള്‍ വേദനകള്‍ ഇറക്കിവയ്‌ക്കാനുള്ള അത്താണിയായി അവര്‍ സുനിതയെ കാണാന്‍ തുടങ്ങി. മനോവൈകല്യമുള്ള പന്ത്രണ്ടുകാരിയെ പട്ടാപ്പകല്‍ ഒരാള്‍ മാനഭംഗപ്പെടുത്തി. ആ കുട്ടിയെ രക്ഷപ്പെടുത്തിയതോടെ സുനിത ശ്രദ്ധാകേന്ദ്രമായി.

ബംഗളൂരുവില്‍ 1996ല്‍ നടന്ന ലോകസുന്ദരി മത്സരത്തിനെതിരെ സ്‌ത്രീകളെ തെരുവില്‍ ഇറക്കിയതിന് സുനിതയ്‌ക്ക് രണ്ടുമാസം ജയിലില്‍ കിടക്കേണ്ടിവന്നു. ജീവകാരുണ്യപ്രവര്‍ത്തകനായ ബ്രദര്‍ വര്‍ഗീസ് തെക്കനത്തുമായി പരിചയപ്പെട്ടതോടെ സുനിത ഹൈദരാബാദിലെത്തി. അവിടെ ബ്രദര്‍ ജോസ് വെട്ടിച്ചെട്ടിലുമായി പരിചയപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തകനാണ് ബ്രദര്‍ ജോസ്. ഭൂകമ്പാനന്തരം ലാത്തൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബ്രദര്‍ ജോസ് അശരണരായ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനായി 'ബോയ്‌സ് ടൌണ്‍' എന്ന സാങ്കേതിക പരിശീലനകേന്ദ്രം ഹൈദരാബാദില്‍ നടത്തിയിരുന്നു. സുനിതയുടെ ജീവിതവീക്ഷണവും അര്‍പ്പണവും ബ്രദര്‍ ജോസിന് ഇഷ്‌ടമായി. അങ്ങനെയാണ് 2005 സെപ്തംബര്‍ 18ന് 'പ്രജ്വല' സ്ഥാപിതമാകുന്നത്. നിര്‍ബന്ധിത വ്യഭിചാരത്തിന് വിധേയമാകുന്നവരെ ബോധവല്‍ക്കരണത്തിലൂടെ തിരികെ കൊണ്ടുവരിക. അത്തരം സ്‌ത്രീകള്‍ക്ക് മാന്യമായ തൊഴിലില്‍ പരിശീലനം നല്‍കുക, അമ്മമാരുടെ പാത മക്കള്‍ പിന്തുടരാതെ നോക്കുക എന്നിവയാണ് പ്രജ്വലയുടെ പ്രധാന ലക്ഷ്യം. ബ്രദര്‍ ജോസ് വൈകാതെ മരിച്ചു.

പ്രജ്വലയ്‌ക്ക് 'ഒറ്റുകാരുടെ' ഒരു ശൃംഖലയുണ്ടെന്ന് സുനിത പറഞ്ഞു. എവിടെയൊക്കെ വേശ്യാലയങ്ങള്‍ നടക്കുന്നുവെന്ന് വിവരം ഇവരിലൂടെ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സഹായത്തോടെ റെയ്‌ഡ് ചെയ്യും. മോചിപ്പിക്കപ്പെടുന്നവരെ പ്രജ്വല ഏറ്റെടുക്കും. മാസങ്ങള്‍ നീണ്ട ബോധവല്‍ക്കരണത്തിനുശേഷമാണ് ഇവരെ പുതിയ ജീവിതത്തിലേക്ക് കൊണ്ടുവരിക. പെണ്‍കുട്ടികളുടെ ജീവിതസാഹചര്യം, വസ്‌ത്രധാരണരീതി, നടത്തം, പെരുമാറ്റം തുടങ്ങി എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കും.

1996ല്‍ ഹൈദരാബാദിലെ ചുവന്ന തെരുവായ മെഹബൂബ് കീ മെഹന്‍ഡിയില്‍ സുനിത ഒരു സ്‌കൂള്‍ സ്ഥാപിച്ചു. അവിടെനിന്ന് സ്‌ത്രീകളെ കോടതി ഉത്തരവ് അനുസരിച്ച് പൊലീസ് ഒഴിപ്പിച്ചപ്പോള്‍ അമ്മമാര്‍ പലവഴിക്ക് രക്ഷപ്പെട്ടു. നിരാലംബരായ കുട്ടികള്‍ക്കുവേണ്ടിയായിരുന്നു ആ സ്‌കൂള്‍. അഞ്ച് കുട്ടികളുമായാണ് തുടങ്ങിയത്. പിന്നീട് അമ്മമാര്‍തന്നെ മുന്‍കൈയെടുത്ത് കുട്ടികളെ ചേര്‍ക്കാന്‍ തുടങ്ങി. ഇന്ന് ഹൈദരാബാദ് നഗരത്തില്‍ 17 സ്‌കൂളുകള്‍ നടത്തുന്ന പ്രജ്വലയിലെ കുട്ടികളുടെ എണ്ണം അയ്യായിരത്തിലേറെയാണ്.

പുനരധിവസിക്കപ്പെട്ട കുട്ടികളില്‍ മിക്കവരും എച്ച്ഐവി പോസിറ്റീവ്. പീഡനത്തിന്റെ നടുക്കുന്ന കഥകളാണ് കുട്ടികള്‍ക്കൊക്കെ പറയാനുള്ളത്. ആറോ ഏഴോ വയസ്സുള്ള ആണ്‍മക്കള്‍ അമ്മമാരുടെ കൂട്ടിക്കൊടുപ്പുകാരായി വളര്‍ന്നു. എട്ടും പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ അമ്മമാര്‍തന്നെ മാംസക്കച്ചവടത്തിന് വിറ്റു. ഇതിന് ഒരളവോളം മാറ്റം വരുത്താന്‍ പ്രജ്വലയിലൂടെയും അതിലെ സ്‌കൂളുകളിലൂടെയും കഴിഞ്ഞുവെന്ന് സുനിത പറഞ്ഞു. സ്‌കൂളുകള്‍ക്കുപുറമെ മൂന്ന് പുനരധിവാസകേന്ദ്രങ്ങള്‍ നടത്തുന്നു. രണ്ടെണ്ണം കുട്ടികള്‍ക്കും ഒരെണ്ണം സ്‌ത്രീകള്‍ക്കും. ആസ്‌താ നിവാസ്, ആശാനികേതന്‍ എന്നാണ് യഥാക്രമം അവ അറിയപ്പെടുന്നത്.

ഏഴാം ക്ളാസുവരെ ആസ്‌താ നിവാസില്‍ കുട്ടികളെ പഠിപ്പിക്കും. പിന്നീട് മറ്റ് സ്‌കൂളുകളിലേക്ക് മാറ്റും. അതും ശ്രമകരമായ ജോലിയാണ്. 'കുട്ടികളെ പൊതുജീവിത ധാരയിലേക്ക് കൊണ്ടുവരികയാണ് ഉദ്ദേശ്യം. എന്നാല്‍, ദൌര്‍ഭാഗ്യമെന്നുപറയട്ടെ പ്രജ്വലയ്‌ക്ക് കിട്ടിയ അംഗീകാരം കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് തടസ്സമാകുന്നു. മനുഷ്യക്കടത്തില്‍നിന്ന് രക്ഷപ്പെട്ടവരാണ് കുട്ടികളെന്നും അവരില്‍ ചിലര്‍ എച്ച്ഐവി പോസിറ്റീവാണെന്നും സ്‌കൂള്‍ അധികൃതര്‍ക്ക് അറിയാം. അതിനാല്‍ ചില സ്‌കൂള്‍ അധികൃതര്‍ വൈദ്യപരിശോധനയ്‌ക്ക് നിര്‍ബന്ധിക്കും. എന്തെങ്കിലും കാരണം പറഞ്ഞ് കുട്ടികളെ അകറ്റിനിര്‍ത്താനാണ് ഇത്'- സുനിത പറയുന്നു.

സ്‌ത്രീകള്‍ക്കായി പരിശീലനകേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. പ്രിന്റിങ്, ബുക്ക് ബയന്റിങ്, സ്‌ക്രീന്‍ പ്രിന്റിങ്, മരപ്പണി, വെല്‍ഡിങ്, ഡ്രൈവിങ് തുടങ്ങിയ ജോലികളാണ് പരിശീലിപ്പിക്കുന്നത്. ഇവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് വേതനം നല്‍കുന്നു. യൂണിസെഫ്, കാത്തലിക് റിലീഫ് സര്‍വീസ് തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള ധനസഹായവും ഇതിന് ഉപയോഗിക്കുന്നു. ടാക്‌സി, ഓട്ടോഡ്രൈവര്‍മാരായി ജോലിനോക്കുന്ന പലരുമുണ്ട്. ഹോട്ടലുകള്‍, ഹോസ്‌റ്റലുകള്‍ എന്നിവിടങ്ങളില്‍ ഹൌസ്‌കീപ്പറായി ജോലിചെയ്യുന്നവരും നിരവധി. സുനിതയുടെ പുനരധിവാസ പദ്ധതിക്ക് അമൂല്‍ ഇന്ത്യ, താജ് ഗ്രൂപ്പ് ഹോട്ടലുകള്‍, ഹെറിറ്റേജ് ആശുപത്രികള്‍ എന്നിവ സഹകരിക്കുന്നു. മുന്നൂറോളംപേര്‍ ഇങ്ങനെ ജോലിചെയ്യുന്നു. 650 പേര്‍ക്ക് ഇതിനകം വിവാഹജീവിതം നല്‍കി.

സാമ്പത്തികം, സ്ഥലം എന്നിവയൊക്കെ പ്രജ്വലയെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. ഒരു ഘട്ടത്തില്‍ ഓഫീസ് സാധനങ്ങള്‍ വിറ്റ് പ്രജ്വലയിലെ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ടി വന്നു. എന്നാലും കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നു. തനിക്ക് ലഭിക്കുന്ന പല പുരസ്‌കാരങ്ങളും ഇതിന് സഹായകമാണ്. ഏറ്റവും മികച്ച ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന മലയാളിക്കുള്ള വി ഗംഗാധരന്‍ സ്‌മാരക ട്രസ്‌റ്റ് പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് സുനിത പറഞ്ഞു. സി അച്യുതമേനോന്‍, ഗൌരിയമ്മ, എം എസ് സ്വാമിനാഥന്‍, എം എസ് വല്യത്താന്‍, മൃണാളിനി സാരാഭായ് തുടങ്ങിയ മികച്ച കേരളീയര്‍ക്ക് നേരത്തേ ലഭിച്ച പുരസ്‌കാരത്തിന്റെ പിന്‍ഗാമിയാകാന്‍ തനിക്ക് കഴിഞ്ഞുവെന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത് സ്വീകരിക്കാന്‍ ഡിസംബറില്‍ കൊല്ലത്തെത്തുമെന്നും അവര്‍ പറഞ്ഞു. ദൌത്യം ഫലപ്രാസ്‌തിയിലെത്തിക്കുന്നതിന് ഫണ്ടിന്റെ ദൌര്‍ലഭ്യം പ്രശ്‌നമാകുന്നുണ്ട്. മൂന്ന് സ്‌കൂളുകള്‍ നടത്തിവന്നിരുന്ന സ്ഥലം ഒഴിയണമെന്ന് ഈ വര്‍ഷം ആദ്യം നോട്ടീസ് ലഭിച്ചു. മറ്റൊരു സ്ഥലം കണ്ടെത്താനും അവിടെ സ്‌കൂള്‍ തുടങ്ങാനുമുള്ള ധനം കണ്ടെത്താന്‍ നെട്ടോട്ടമായി. അപ്പോഴാണ് വിമാനത്താവളത്തില്‍ കണ്ടുമുട്ടിയ ഒരു അപരിചിതന്‍ സുനിതയ്‌ക്ക് ഒരു ചെക്ക് നല്‍കുന്നത്. 35 ലക്ഷം രൂപ. ആളെ തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷം. ഡാല്‍മിയ സിമന്റിന്റെ ഉടമ എം എച്ച് ഡാല്‍മിയ. പ്രജ്വല കുറെ സ്ഥലം വാങ്ങി. ഇനിയുള്ള ശ്രമം അവിടെ കെട്ടിടം നിര്‍മിക്കുകയാണ്.

ഇന്ത്യയില്‍ ദിവസംതോറും പെണ്‍കുട്ടികള്‍ തട്ടിയെടുക്കപ്പെടുന്നു എന്ന ചിന്ത സുനിതയെ വേദനിപ്പിക്കുന്നു. കുട്ടികളെ മോഹിച്ചെത്തുന്ന, ഏഷ്യയിലെ 25 ശതമാനം സെക്‌സ് ടൂറിസ്‌റ്റുകളും അമേരിക്കയില്‍നിന്നാണെന്ന് സുനിത പറയുന്നു. ചെറിയ കുട്ടികളുമായി ലൈംഗികബന്ധം പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന അമേരിക്കക്കാര്‍ അവിടെ അതിന് അവസരം കിട്ടാതെ വരുമ്പോള്‍ ശ്രീലങ്ക, ഇന്ത്യ, ഫിലിപ്പൈന്‍‌സ് പോലുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നു. ഇന്ത്യയില്‍ മൂന്നുവയസ്സുള്ള പെണ്‍കുട്ടികള്‍ക്കുപോലും രക്ഷയില്ല. തട്ടിക്കൊണ്ടുപോകലിനെപ്പറ്റിയുള്ള വിവരം ലഭിച്ച് പൊലീസുമായി അവിടെയെത്തുമ്പോള്‍ വൈകിപ്പോയിട്ടുണ്ടാവും. 'രക്ഷാശ്രമത്തിനിടയിലാണ് പലവട്ടം മര്‍ദനമേല്‍ക്കേണ്ടിവന്നത്. അടികൊണ്ട് വലത് ചെവിയുടെ കേള്‍വി ഭാഗികമായി നഷ്‌ടപ്പെട്ടു. ഇടത് കൈ ശരിയായി നിവര്‍ക്കാന്‍ പറ്റാതായി. ഇല്ല. ഞാന്‍ പിന്‍വാങ്ങില്ല. എന്റെ ദൌത്യവുമായി ഞാന്‍ മുന്നോട്ടുതന്നെ.'

സുനിതയുടെ ഭര്‍ത്താവ് സിനിമാ നിര്‍മാതാവ് രാജേഷ് ടച്ച് റിവറാണ്. പ്രജ്വലയ്‌ക്കുവേണ്ടിയും അദ്ദേഹം നിരവധി ചിത്രങ്ങള്‍ പിടിച്ചു. അത്തരത്തിലൊരു ചിത്രമായ 'അനാമിക'. ആന്ധ്രാപ്രദേശ് പൊലീസ് അക്കാദമി, നാഷണല്‍ പൊലീസ് അക്കാദമി എന്നിവിടങ്ങളില്‍ പാഠ്യവിഷയമാണ്.തന്റെ പ്രവര്‍ത്തനത്തിന് ഭര്‍ത്താവ് എല്ലാ പ്രോത്സാഹനവും നല്‍കുന്നു. ആദ്യം പീഡിതയായ, പിന്നീട് പീഡിതര്‍ക്ക് രക്ഷകയായ ഡോ. സുനിത കൃഷ്‌ണന്റെ സമര്‍പ്പിത ജീവിതകഥയാണ് ഇത്.

*****

ആര്‍ എസ് ബാബു, ദേശാഭിമാനി സ്‌ത്രീ സപ്ലിമെന്റ്

Sunitha Krishnan's fight against sex slavery

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സുനിതയെ ഇന്ത്യയിലെ സെക്‌സ് മാഫിയ എന്തിന് ഭയക്കുന്നു?.

ഭയം സുനിതയുടെ നിഘണ്ടുവില്‍ ഇല്ല എന്നതു തന്നെ കാരണം. വ്യഭിചാരത്തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന പാവം പെണ്‍കുട്ടികളുടെ രക്ഷകയാണ് ഈ നാലടി ആറിഞ്ചുള്ള കൃശഗാത്രി.

ഇന്ത്യയിലും സമീപരാജ്യങ്ങളില്‍നിന്നുമായി പ്രതിവര്‍ഷം രണ്ടുലക്ഷം പേരെ തട്ടിക്കൊണ്ടുവന്ന് വന്‍ നഗരങ്ങളിലും ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലും വ്യഭിചാരവൃത്തിക്ക് വിനിയോഗിക്കുന്നു. ഇതിന് മധ്യേയാണ് ഡോ. സുനിത കൃഷ്‌ണന്‍ പ്രതിരോധ കവചമണിഞ്ഞ് നില്‍ക്കുന്നത്. വാണിജ്യ ലൈംഗിക ചൂഷണത്തിനായി തട്ടിക്കൊണ്ടുപോകുന്ന കുട്ടികളെ സാഹസികമായി രക്ഷിക്കാന്‍ ശ്രമിക്കുന്ന സുനിത ലൈംഗിക പീഡനത്തിന് ഇരയാകുന്ന സ്‌ത്രീകളുടെയും കുട്ടികളുടെയും മോചനത്തിനായി ഒന്നരപതിറ്റാണ്ടായി പോരാട്ടത്തിലാണ്.

Sabu Hariharan said...

അഭിനന്ദനങ്ങൾ.
ഇതു നോക്കു.

http://www.youtube.com/watch?v=jeOumyTMCI8&feature=player_embedded