Tuesday, November 30, 2010

ചരിത്രം സങ്കീര്‍ണമാണ്; ചരിത്ര വിശ്ളേഷണവും

2002-ല്‍ ഹിന്ദുത്വഫാഷിസ്റ്റുകള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ഗുജറാത്തില്‍ നടത്തിയ ആസൂത്രിതമായ വംശഹത്യയുമായി ബന്ധപ്പെട്ട് ഡോ. കെ എന്‍ പണിക്കരെ ഒരു പ്രമുഖപത്രത്തിനുവേണ്ടി ഈ ലേഖകന്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അഭിമുഖാരംഭത്തിനുമുമ്പുള്ള കുശലാന്വേഷണങ്ങള്‍ക്കിടയില്‍ 1989 ല്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച മലബാര്‍ കലാപത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശ്രുത ഗ്രന്ഥമായ "എഗന്‍സ്റ്റ് ലോഡ് ആന്‍ഡ് സ്റ്റേറ്റി''നെപ്പറ്റിയും ചില കാര്യങ്ങള്‍ സംസാരിച്ചു. (ഡിസി ബുക്സ് ഈ ഗ്രന്ഥം 'പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്). ഈ ഗ്രന്ഥത്തിന്റെ ജീവനാഡി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന രണ്ടാം അധ്യായത്തില്‍ (The Making of a Tradition) പരാമര്‍ശിക്കപ്പെടുന്ന സാമ്പ്രദായിക ബുദ്ധിജീവികളെക്കുറിച്ചാണ് ജൈവബുദ്ധിജീവിയായ പണിക്കര്‍ മാഷോട് ചില സംശയങ്ങള്‍ ചോദിച്ചത്. സാമ്പ്രദായിക- ജൈവബുദ്ധിജീവികളെപ്പറ്റിയും അവര്‍ അതത് സമൂഹങ്ങളില്‍ നിര്‍വഹിക്കുന്ന രാഷ്ട്രീയ- സാമൂഹ്യപങ്കിനെക്കുറിച്ചും ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ് ചിന്തകനായ ഗ്രാംഷി എഴുതിയത് മനസ്സില്‍വെച്ചായിരുന്നു എന്റെ ശൈശവനിലവാരത്തിലുള്ള സംശയം. അപ്പോള്‍ പണിക്കര്‍ മാഷ് കൌതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തി. ഗ്രാംഷിയന്‍ ചിന്തയെ പഠനമനനങ്ങള്‍ക്ക് വിധേയമാക്കി ഏതാണ്ട് അഞ്ഞൂറില്‍പ്പരം ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. അവയില്‍ ഭൂരിഭാഗം ഗ്രന്ഥങ്ങളിലൂടെയും ഗവേഷണകാലത്തും പിന്നീടും മാഷ് കടന്നുപോയിട്ടുണ്ട്. രസകരമായ വസ്തുത, അവയില്‍ പത്തിരുപതെണ്ണം ഗ്രാംഷി എന്ന മൌലികതയുള്ള മാര്‍ക്സിസ്റ്റ് ചിന്തകനെ തനി മാര്‍ക്സിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കുന്നവയാണ് എന്നതത്രേ. മലബാര്‍ കലാപത്തിന്റെയും അതിന് മുമ്പ് നടന്ന നിരവധി ചെറുകലാപങ്ങളുടെയും പ്രത്യയശാസ്ത്രപരിസരമൊരുക്കുന്നതില്‍ സാമ്പ്രദായിക ബുദ്ധിജീവികള്‍ വഹിച്ച പങ്കിനെ നിശിതമായ വിശ്ളേഷണപാടവത്തോടെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നതുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.

ഈ ഗ്രന്ഥത്തില്‍ പരാമര്‍ശവിധേയമാകുന്ന, കലാപകാലത്ത് ജീവിച്ചിരുന്ന ഒരു വ്യക്തിയോട് കുടുംബപരമായ ഒരു ബന്ധം ഇവനുണ്ട്. മാപ്പിളകലാപകാരികള്‍ ഹിന്ദുജന്മിമാരെ മാത്രമല്ല, ബ്രിട്ടീഷുകാരുടെ സഹകാരികളായി വര്‍ത്തിച്ചിരുന്ന ചില മുസ്ളിം ജന്മിമാരെയും ആക്രമിച്ചിരുന്നു എന്ന് പരാമര്‍ശിക്കുന്ന ഭാഗത്ത് താഴക്കോട് അധികാരിയെക്കുറിച്ച് പറയുന്നുണ്ട് (Panikker 2001:175) താഴക്കോട് വില്ലേജ് അധികാരി ഇവന്റെ വല്ല്യാപ്പയുടെ വാപ്പയാണ്.

ഇതൊക്കെ വെറുമൊരു കൌതുകത്തിനുവേണ്ടി എഴുതിയതാണ്. അതിരിക്കട്ടെ. എന്താണ് ഈ ഗ്രന്ഥത്തെ വ്യതിരിക്തവും ശ്രദ്ധേയവുമാക്കുന്നത്? 1920കള്‍തൊട്ട് 21-ാം നൂറ്റാണ്ടിന്റെ പ്രഥമദശകംവരെ നിരവധി ഗ്രന്ഥങ്ങളും ഗവേഷണപ്രബന്ധങ്ങളും മലബാര്‍ കലാപസംബന്ധിയായി പുറത്തുവന്നിട്ടും കെ എന്‍ പണിക്കരുടെ ഈ കൃതി അവയില്‍ നിന്നെല്ലാം വേറിട്ടുമാറി, വിമര്‍ശകര്‍ക്കുപോലും അവഗണിക്കാനാവാത്ത ഒരു വിളക്കുമരമായി ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നതെന്തുകൊണ്ടാണ്? ചരിത്രകുതുകികളെ ഈ ഗ്രന്ഥം അത്ഭുതപ്പെടുത്തുന്നതിന്റെ രാസവിദ്യ എന്താണ്? ഇന്ത്യയിലെയും വിദേശത്തെയും നിരവധി ആര്‍ക്കൈവുകളില്‍ സസൂക്ഷ്മം നടത്തിയ അന്വേഷണങ്ങളും ഗ്രന്ഥകാരന്‍ ഇതിനായി കമ്പോട്കമ്പ് വായിച്ച പുസ്തകങ്ങളും കലാപസമയത്ത് ജീവിച്ചിരുന്ന പ്രമുഖരും അല്ലാത്തവരുമായി വിമര്‍ശബുദ്ധ്യാ നടത്തിയ സംഭാഷണങ്ങളുമാണോ? തീര്‍ച്ചയായും ഈ ഗ്രന്ഥത്തിന്റെ അനിതരസാധാരണമായ കെട്ടുറപ്പിനും ശില്‍പ്പഭദ്രതക്കും മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ സഹായകമായിട്ടുണ്ട്.

പക്ഷേ, അതല്ല പ്രധാന കാര്യം. ചരിത്രസംഭവങ്ങള ഏകഹേതുകമായി (mono causal) വ്യാഖ്യാനിച്ച് ചരിത്രമെഴുതുന്നവരുണ്ട്. അത്തരം ചരിത്രങ്ങള്‍ ഉത്സവനോട്ടീസ്പോലെയാണ്. ഉപരിപ്ളവ നിരീക്ഷണങ്ങളുടെ ഒരു വസ്തുതാവിവരണ രീതിയാണത്. സംഭവങ്ങള്‍ ബഹുഹേതുകങ്ങളാണെന്ന് മനസ്സിലാക്കി ചരിത്രമെഴുതുന്നവരാണ് കൂടുതല്‍. അവരില്‍ മിക്കവരും ചരിത്രസംഭവങ്ങള്‍ക്ക് നിദാനമായ കാരണങ്ങളെ പ്രാധാന്യത്തിനനുസരിച്ച് ഒന്നിന് പിറകെ ഒന്നായി അക്കമിട്ട് നിരത്തി എഴുതുകയാണ് പതിവ്. പിന്നെയും ഒരു കൂട്ടര്‍ - അവര്‍ സൂക്ഷ്മന്യൂനപക്ഷമാണ്- വ്യത്യസ്ത കാരണങ്ങളുടെ പരസ്പരബന്ധവും അവ തമ്മിലുള്ള സങ്കീര്‍ണവും വൈരുധ്യാത്മകവുമായ പ്രതിപ്രവര്‍ത്തനങ്ങളും ബന്ധവിച്ഛേദങ്ങളും ഉള്‍പ്പിരിവുകളും അപഗ്രഥിച്ച് ചരിത്രമെഴുതുന്നവരാണ്. അതീവ ദുഷ്കരമായ കര്‍മപരിപാടിയാണത്. കെ എന്‍ പണിക്കരുടെ ഗ്രന്ഥം മറ്റുമിക്ക മലബാര്‍ കലാപചരിത്രഗന്ഥങ്ങളില്‍നിന്നും വേറിട്ടുമാറി നില്‍ക്കുന്നത് ഈ ബിന്ദുവില്‍ വെച്ചാണ്. ഭൂതകാലവിശ്ളേഷണം സങ്കീര്‍ണ പ്രക്രിയയാണെന്നും അതിന് ചെറിയതോതിലുള്ള ബുദ്ധിവ്യായാമം പോരെന്നും വെളിപ്പെടുത്തുന്നു ഈ പ്രൌഢഗ്രന്ഥം.

മലബാര്‍ കലാപത്തെക്കുറിച്ച് ഇ എം എസ് മുന്നോട്ടുവെച്ച വ്യാഖ്യാനത്തെ പാര്‍ടിയെ 'സന്തോഷിപ്പിക്കാന്‍' വേണ്ടി കെ എന്‍ പണിക്കര്‍ ഏറ്റുപിടിച്ചതിന്റെ പരിണതഫലമാണ് ഈ ഗ്രന്ഥമെന്ന് ഡോ. എം ജി എസ് നാരായണനെപ്പോലുള്ള വിമര്‍ശകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. National questions in Kerala എന്ന ഗ്രന്ഥത്തില്‍ ഇ എം എസ് മലബാര്‍ കലാപത്തെക്കുറിച്ച് ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കലാപത്തിന്റെ പൊതുസ്വഭാവം സാമ്രാജ്യത്വവിരുദ്ധവും ജന്മിത്വവിരുദ്ധവുമായിരുന്നു എന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് ഇ എം എസ് തന്നെയാണ്. (ഇക്കാര്യം കെ എന്‍ പണിക്കര്‍ തന്നെ പലപാട് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്). പക്ഷേ ഇ എം എസ് ഒരു അക്കാദമിക് ചരിത്രകാരനായിരുന്നില്ല. അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. ഇ എം എസിന്റെ വാദങ്ങളുടെ യാന്ത്രികമായ പുനരുല്‍പ്പാദനം മാത്രമാണ് ഈ ഗ്രന്ഥമെന്നും പാര്‍ടിയെ 'സേവിക്കാന്‍' വേണ്ടിയാണ് കെ എന്‍ പണിക്കര്‍ ഇത് എഴുതിയതെന്നും എം ജി എസ് പറയന്നത് ഒന്നര വ്യാഴവട്ടത്തോളമായി എം ജിഎസ് തുടരുന്ന വലതുപക്ഷസേവയെ മുന്‍നിര്‍ത്തി തല്‍ക്കാലം നമുക്ക് വിടാം. ചില പ്രത്യേക വിരോധം മനസ്സില്‍വെച്ച് എന്തിനെയും കാണുന്ന ഒരു സവിശേഷ 'ചരിത്രാപഗ്രഥനരീതി' എം ജി എസ് വികസിപ്പിച്ചെടുത്തിട്ട് കുറച്ചുകാലമായി. ഇത്തരം വിലകുറഞ്ഞ ഉദീരണങ്ങള്‍വഴി രീതിശാസ്ത്രപരമായി അങ്ങേയറ്റം കര്‍ക്കശത്വവും തെളിവുകളുടെ പുനര്‍വായനയില്‍ പുലര്‍ത്തുന്ന വിശ്ളേഷണപടുത്വവും അവതരണത്തിലുള്ള അസാധാരണമായ കൈയൊതുക്കവും പ്രഘോഷണംചെയ്യുന്ന ഈ ഗ്രന്ഥത്തെ 'ചെറുതാ'ക്കുന്ന വൃഥാവ്യായാമമാണ് എം ജി എസിന്റേത്.

മലബാര്‍ കലാപത്തെ സാമ്പത്തികകാരണങ്ങളുടെ 'അസംതൃപ്തനില'ങ്ങളില്‍ കുറ്റിയടിക്കാനോ മതപ്രോക്തചോദനകളുടെ തീവ്രസ്ഥലികളില്‍ പ്രതിഷ്ഠിക്കാനോ ആണ് പൊതുവെ ശ്രമിച്ചുകാണാറുള്ളത്. അല്ലെങ്കില്‍ ഇവ രണ്ടും സമാസമം ചേര്‍ത്തുള്ള 'സന്തുലിതവ്യാഖ്യാന' അഭ്യാസങ്ങളും കണ്ടുവരാറുണ്ട്. ഹിന്ദുകര്‍ഷകര്‍ ഉള്‍പ്പെടെയുള്ള മലബാറിലെ കര്‍ഷകജനസാമാന്യം ഒരുപോലെ ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായിട്ടും എന്തുകൊണ്ട് മാപ്പിളമാര്‍ മാത്രം കലാപക്കളത്തിലിറങ്ങി എന്ന ചോദ്യം പ്രസക്തമാണ്. കെ എന്‍ പണിക്കര്‍ എഴുതുന്നത് കാണുക."അസംതൃപ്തി സംഘടിതരൂപത്തില്‍ പ്രകാശിപ്പിച്ചത് മാപ്പിളമാര്‍ മാത്രമാണ് എന്നത് കലാപത്തിന്റെ മതപരമായ ഉള്ളടക്കം എന്നതിനേക്കാളേറെ മതപരമായ സന്ദര്‍ഭത്തെയാണ് സൂചിപ്പിക്കുന്നത്... ഇത്തരത്തിലുള്ള ഒരു മതാത്മക പ്രത്യയശാസ്ത്ര പരിസരമൊരുക്കിയതില്‍ ധാരാളം ഘടകങ്ങള്‍ ഇടനിലപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അവയില്‍ പ്രധാനം മാപ്പിളമാര്‍ക്കിടയില്‍ നേരത്തെ നടന്ന സാമൂഹികീകരണം, ജനകീയ സംസ്കാരത്തിന്റെ സ്വാധീനം, സാമ്പ്രദായിക ബുദ്ധിജീവികളുടെ പങ്ക് എന്നിവയാണ് (Panikker 2001:49) എങ്ങനെയെല്ലാമാണ് ഈ ഘടകങ്ങളുടെ മധ്യസ്ഥത നടന്നിട്ടുള്ളത് എന്നത് ഒരു സങ്കീര്‍ണ പ്രകിയയാണ്. ഈ സങ്കീര്‍ണ പ്രക്രിയ അനാച്ഛാദനം ചെയ്യുന്നതില്‍ ഗ്രന്ഥകാരന്‍ പ്രദര്‍ശിപ്പിക്കുന്ന സൂക്ഷ്മാപഗ്രഥന വൈഭവമാണ് ഈ കൃതിയെ വ്യതിരിക്തമാക്കുന്നത്. കലാപം ഒരേസമയം കാര്‍ഷികവും മതപരവും ആയിരുന്നു എന്ന് സമര്‍ഥിക്കുകയല്ല പണിക്കര്‍. രണ്ടിന്റെയും സങ്കീര്‍ണമായ പരസ്പരബന്ധത്തെ അനാവരണം ചെയ്യുകയാണ്. ഇത് മനസ്സിലാക്കണമെങ്കില്‍ കലാപത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ചില ശ്രദ്ധേയഗ്രന്ഥങ്ങള്‍ മുന്നോട്ടുവെക്കുന്ന വാദങ്ങളുടെ രത്നച്ചുരുക്കത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ഹിച്ച്കോക്കും ടോട്ടന്‍ഹാമും മാധവന്‍നായരും സൌമ്യേന്ദ്രനാഥടാഗോറും ഭനഗരെയും റോബര്‍ട്ട് ഹാര്‍ഡ്ഗ്രേവും മുതല്‍ എം ഗംഗാധരനും കോണ്‍റാഡ്വുഡും സ്റ്റീഫന്‍ഡേലും എം ടി അന്‍സാരിയുമുള്‍പ്പെടുന്ന ഒരു നീണ്ട നിര ഗ്രന്ഥകാരന്മാര്‍ കലാപത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.

ഇവരില്‍ ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരനായ കേണ്‍റാഡ്വുഡ് ഒരു സാമ്പത്തിക വ്യാഖ്യാനമാണ് മുന്നോട്ടുവെക്കുന്നത്. മതം അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ കലാപസന്നാഹത്തിനുള്ള ഒരു ഉപാധി മാത്രമായിരുന്നു. കലാപത്തെക്കുറിച്ചുള്ള അമേരിക്കന്‍ ചരിത്രകാരനായ സ്റ്റീഫന്‍ എഫ് ഡേലിന്റെ പഠനം തികച്ചും മതകേന്ദ്രിതമാണ.് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മലബാറില്‍ ഉദ്യോഗസ്ഥരായിരുന്ന ടി എല്‍ സ്ട്രേഞ്ചും എച്ച് വി കൊണോലിയും മുന്നോട്ടുവെച്ച 'മാപ്പിളമതഭ്രാന്ത'ന്മാരുടെ ലഹള എന്ന പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ് സ്റ്റീഫന്‍ ഡേല്‍. (1836 മുതല്‍ 1921 വരെ മുപ്പതില്‍പ്പരം ചെറു മാപ്പിള ലഹളകള്‍ നടന്നിരുന്നു. ഇവയെ ബ്രിട്ടീഷുകാര്‍ 'മതഭ്രാന്തരായ' മാപ്പിളമാര്‍ നടത്തിയ വിധ്വംസക കൃത്യങ്ങളായാണ് വിലയിരുത്തിയത്). ഡെയ്ലിന്റെ അഭിപ്രായത്തില്‍ കലഹശീലരായ ഒരു ചെറിയ വിഭാഗം പുരോഹിതരാല്‍ പ്രചോദിപ്പിക്കപ്പെട്ട മതാന്ധരായ മാപ്പിളമാരാണ് ഒരു മതപ്രവര്‍ത്തനമെന്ന നിലയില്‍ ഓരോ ലഹളയും നടത്തിയത്. ഈ പുരോഹിതവിഭാഗം അവരുടെ അധ്യാപനങ്ങള്‍ ജിഹാദിന്റെ ചട്ടക്കൂടിലാണ് പരുവപ്പെടുത്തിയെടുത്തത്. (Dale 1975:87) ഡെയ്ല്‍ തുടര്‍ന്നെഴുതുന്നത് ഓരോ മാപ്പിളലഹളയും 'ആത്മഹത്യാപരമായ ജിഹാദ്' ആയാണ് നടത്തപ്പെട്ടത് എന്നാണ്. മലബാറിലെ കാര്‍ഷികഘടനയില്‍ മാപ്പിളക്കുടിയാന്മാര്‍ അനുഭവിച്ചുപോന്ന പീഡനവും ചൂഷണവും ഒഴുക്കന്‍ മട്ടില്‍ ഡെയ്ല്‍ വിവരിച്ചുപോകുന്നുണ്ടെങ്കിലും അവ കലാപത്തിന് പര്യാപ്തമായ കാരണങ്ങളായി അദ്ദേഹം കാണുന്നില്ല.

മറ്റൊരു പ്രബന്ധത്തില്‍ രക്ത സാക്ഷിയാകാനുള്ള ത്വര ഇസ്ലാമിക സമൂഹത്തിന്റെ സഹജസ്വഭാവമാണെന്നും മലബാറിലെ മാപ്പിളമാരും ഈ ഇസ്ലാമിക ആദര്‍ശമാണ് മുറുകെപ്പിടിച്ചതെന്നും ഡെയ്ല്‍ എഴുതുന്നു (Dale: 1977:41) ഇനിയുമൊരു പ്രബന്ധത്തില്‍ 1921 ലെ മലബാര്‍ കലാപത്തെയും 19-ാം നൂറ്റാണ്ടില്‍ നടന്ന ചെറുകലാപങ്ങളെയും 'ആധുനികപൂര്‍വ ഭീകരവാദത്തിന്റെ' ഉദാഹരണങ്ങളായാണ് ഡെയ്ല്‍ വീക്ഷിക്കുന്നത്. മാത്രമല്ല, രാഷ്ട്രീയ ഇസ്ളാം എന്ന ഇസ്ളാമിസത്തിനാല്‍ പ്രചോദിതമായ സമകാലിക തീവ്രവാദത്തെ പഠിക്കുന്ന സാമൂഹികശാസ്ത്രജ്ഞര്‍ ചരിത്രത്തിലെ ഈ പൂര്‍വരൂപങ്ങളില്‍നിന്ന് തുടങ്ങണമെന്ന് ഡെയ്ല്‍ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. (Dale: 1988)

ഡെയ്ലിന്റെ വാദമുഖങ്ങളുടെ വൃഥാസ്ഥൂലത കെ എന്‍ പണിക്കരുടെ ഗ്രന്ഥം ഒരാവര്‍ത്തി വായിക്കുന്ന ആര്‍ക്കും പിടികിട്ടും. ഇസ്ളാമിനെ പാശ്ചാത്യയുക്തിചിന്തയുടെയും ആധുനികതയുടെയും അപരസ്ഥാനത്ത് നിര്‍ത്തുന്ന പൌരസ്ത്യവാദ സമീപനത്തിന്റെ ഉല്‍പ്പന്നമാണ് ഡെയ്ല്‍ മുന്നോട്ടുവെക്കുന്ന വികല വീക്ഷണം. എഡ്വേര്‍ഡ് സെയ്ദിന്റെ ഓറിയന്റലിസ്റ്റ് വിമര്‍ശനത്തിന്റെ വിശാലമായ ചട്ടക്കൂടില്‍നിന്നുകൊണ്ട് ചരിത്രനിര്‍ധാരണം നടത്തുന്ന ചില കീഴാളപക്ഷ ചരിത്രകാരന്മാര്‍ 'പ്രാകൃതനും മതഭ്രാന്തനുമായ മാപ്പിള' എന്ന നിര്‍മിതിയുടെ ജ്ഞാനശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ ലക്ഷ്യവും അടിസ്ഥാനവും അനാവരണം ചെയ്തിട്ടുണ്ട്. (Ansari 2005)

എന്തുകൊണ്ട് മാപ്പിളകുടിയാന്മാരെപ്പോലെ നിസ്വരും ചൂഷിതരുമായിട്ടും ഹിന്ദുകുടിയാന്മാര്‍ കലാപത്തിന് ഒരുമ്പെട്ടില്ല എന്നതിന് യുക്തിഭദ്രമായ വിശദീകരണം പണിക്കര്‍ നല്‍കുന്നു. 19-ാം നൂറ്റാണ്ടില്‍ നടന്ന ചെറുലഹളകളില്‍ ഹിന്ദുകുടിയാന്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നതേയില്ല. 1921 ല്‍ വിരലിലെണ്ണാവുന്ന ഹിന്ദുകര്‍ഷകര്‍ ലഹളയില്‍ പങ്കെടുത്തിരുന്നു.

ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച സാമ്പ്രദായിക ബുദ്ധിജീവികളുടെ പങ്കും ജനകീയസംസ്കാരത്തിന്റെ സ്വാധീനവും മാപ്പിളമാര്‍ക്കിടയില്‍ 19-ാം നൂറ്റാണ്ടില്‍ തന്നെ നടന്ന സാമൂഹികീകരണവും കേന്ദ്രസ്ഥാനത്തേക്ക് വരുന്നത്. സൌകര്യത്തിനുവേണ്ടി കെ എന്‍ പണിക്കരുടെ വാദമുഖങ്ങളെ ആറ്റിക്കുറുക്കി അക്കമിട്ടുനിരത്താം.

1. മതത്തിന്റെയും സംസ്കാരത്തിന്റെയും സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ മധ്യസ്ഥത കലാപപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ ഘടകങ്ങളായിരുന്നു. പക്ഷേ, ഹിന്ദുകര്‍ഷകര്‍ നിഷ്ക്രിയരായപ്പോള്‍ മാപ്പിളകര്‍ഷകര്‍ രണോത്സുകരായി കലാപത്തിലേക്ക് എടുത്തുചാടി. എന്തുകൊണ്ട്? വിഭിന്നങ്ങളായ കെട്ടുപാടുകള്‍ - മതപരം, സാമുദായികം, വൈവാഹികം- ഹിന്ദുകര്‍ഷകരെ അവരുടെ ജന്മിമാരുമായി ബന്ധിപ്പിച്ചിരുന്നു. ഹിന്ദുജന്മിമാര്‍ക്ക് മിക്കപ്പോഴും സാമ്പത്തിക അധികാരങ്ങള്‍ക്ക് പുറമെ മത-സാമുദായിക അധികാരങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദുകര്‍ഷകരുടെ കീഴ്പ്പെടല്‍ സാമ്പത്തികമണ്ഡലത്തില്‍മാത്രം ഒതുങ്ങിനിന്നില്ല. അവരുടെ വിധേയത്വം സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ മറ്റിടങ്ങളിലേക്കും നീണ്ടുകിടന്നു. സാമൂഹികഭ്രഷ്ട് ഉള്‍പ്പെടെയുള്ള വിലക്കുകളിലൂടെ 'നിഷേധി'യായ ഹിന്ദുകുടിയാനെ വരച്ച വരയില്‍ നിര്‍ത്താന്‍ ജന്മിമാര്‍ക്ക് അനായാസം സാധിക്കുമായിരുന്നു. ഹിന്ദുക്കള്‍ക്കിടയിലെ സാമ്പ്രദായികബുദ്ധിജീവികള്‍ ഒന്നുകില്‍ ജന്മിമാരോ അല്ലെങ്കില്‍ അവരുമായി പലവിധത്തില്‍ അടുത്ത ബന്ധമുള്ളവരോ ആയിരുന്നു. മുസ്ളിങ്ങളെപ്പോലെ പ്രാര്‍ഥനക്കും മറ്റും ഒത്തുകൂടാന്‍ അക്കാലത്ത് മലബാറില്‍ താഴ്ന്ന ജാതിക്കാരായ ഹൈന്ദവര്‍ക്ക് പൊതുസ്ഥലങ്ങള്‍ കുറവുമായിരുന്നു.

2. അതേസമയം മതം മുസ്ളിങ്ങള്‍ക്കിടയില്‍ വിപരീതകൃത്യമാണ് നിര്‍വഹിച്ചത്. സ്വത്തുവകകളുള്ള സമ്പന്ന മേല്‍ജാതി ഹിന്ദുക്കളുമായി പാവപ്പെട്ട മുസ്ളിം കര്‍ഷക ജനസഞ്ചയത്തിന് സാംസ്കാരികമോ സാമുദായികമോ ആയ ബന്ധങ്ങള്‍ നന്നേ കുറവായിരുന്നു. മമ്പുറം തങ്ങള്‍മാരെപ്പോലുള്ള സാമ്പ്രദായിക ബുദ്ധിജീവികള്‍ കുടിയിറക്കുന്ന ജന്മിയെ കൊല്ലുന്നത് പാപമല്ലെന്നും ഇത്തരം സാമൂഹിക അനീതികളെ ഹിംസകൊണ്ട് നേരിടുന്നത് മതം വിലക്കുന്നില്ലെന്നും ഇതിനിടയില്‍ രക്തസാക്ഷിത്വം വരിക്കുന്നവര്‍ സ്വര്‍ഗസ്ഥരാകുമെന്നും മതപ്രബോധനങ്ങളിലൂടെ ഉദ്ബോധിപ്പിച്ചിരുന്നു. നീതിക്കുവേണ്ടിയുള്ള യത്നത്തില്‍ 'ഷഹീദ്' ആകുന്നതിനെ മതത്തിന്റെ പിന്‍ബലത്തില്‍ ധാര്‍മികമായും പ്രത്യയശാസ്ത്രപരമായും അവര്‍ ന്യായീകരിച്ചു. പ്രമുഖ ഉലമാക്കള്‍ മാത്രമല്ല താഴെക്കിടയിലുള്ള ഖാസിമാരും മുസല്യാന്മാരും മുല്ലമാരും മുക്രിമാരുമെല്ലാം ഇതേ ആശയപ്രപഞ്ചമാണ് പ്രേഷണം ചെയ്തത്. മുസ്ളിങ്ങള്‍ക്ക് ഹിന്ദുകുടിയാന്മാര്‍ക്കില്ലാത്ത മറ്റുചില സൌകര്യങ്ങളുമുണ്ടായിരുന്നു. ഒത്തുകൂടാനുള്ള അവസരവും സ്ഥലങ്ങളും. പള്ളികളും പെരുന്നാളുകളും നേര്‍ച്ചകളും മൌലൂദുകളും അവര്‍ക്ക് പരിഭവങ്ങളും പരിദേവനങ്ങളും പരസ്പരം പങ്കുവെക്കാനും ജന്മിമാരുടെ അനീതിക്കെതിരില്‍ ലഹളകള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സൌകര്യം നല്‍കി. മധ്യകാല യൂറോപ്പിലെ കാര്‍ഷിക കലാപങ്ങളെക്കുറിച്ച് പഠിച്ച റോഡ്നി ഹില്‍ട്ടനെപ്പോലുള്ളവര്‍ ക്രിസ്തീയ വിരുന്നുസല്‍ക്കാരങ്ങളും പെരുന്നാളുകളും കര്‍ഷകരെ കലാപസജ്ജരാക്കുന്നതില്‍ വഹിച്ച പങ്ക് നിരീക്ഷിച്ചിട്ടുണ്ട്. യൂറോപ്പില്‍ താഴെക്കിടയിലുള്ള പുരോഹിതന്മാര്‍ കലാപകാരികള്‍ക്ക് പ്രചോദനം പകര്‍ന്നിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പ്രദായിക ബുദ്ധിജീവികളില്‍ പലര്‍ക്കും അമാനുഷമായ കഴിവുകള്‍ ഉണ്ടെന്ന് മാപ്പിളമാര്‍ ദൃഢമായി വിശ്വസിച്ചു. വെളിയങ്കോട്ടെ ഉമര്‍ഖാസിക്ക് പൊലീസ് ലോക്കപ്പില്‍നിന്ന് അപ്രത്യക്ഷനാകാന്‍ കഴിയുമെന്നും ചെമ്പ്രശ്ശേരി തങ്ങള്‍ക്ക് ചീറിവരുന്ന വെടിയുണ്ടകളെ വെള്ളമോ പഞ്ഞിയോ ആക്കിമാറ്റാന്‍ കഴിയുമെന്നും മമ്പുറം തങ്ങള്‍മാര്‍ക്ക് മാറാവ്യാധികള്‍ സുഖപ്പെടുത്താനും കൊടുംവേനലില്‍ മഴ പെയ്യിക്കാനും നിലംപതിച്ച മരങ്ങളെ പൂര്‍വസ്ഥിതിയിലാക്കാനും സാധിക്കുമെന്നുമെല്ലാം അധഃസ്ഥിത മുസ്ളിംജനസാമാന്യം വിശ്വസിച്ചു. സാമ്പ്രദായിക ബുദ്ധിജീവികള്‍ പ്രക്ഷേപിച്ച മതസങ്കല്‍പ്പങ്ങളാല്‍ ക്ളിപ്തപ്പെടുത്തപ്പെട്ടതായിരുന്നു മാപ്പിളകര്‍ഷകന്റെ പ്രത്യയശാസ്ത്രലോകം. ഈ പ്രത്യയശാസ്ത്രപരിസരത്തില്‍നിന്നാണ് അനീതിക്കെതിരെ സമരം ചെയ്യാനുള്ള ഊര്‍ജം മാപ്പിളകുടിയാന്മാര്‍ സംഭരിച്ചത്.

3. കാര്‍ഷിക അസംതൃപ്തിയെ കലാപത്തിലേക്ക് പരാവര്‍ത്തനം ചെയ്യുന്നതില്‍ മതം ഒരു പ്രത്യയശാസ്ത്രമായി വര്‍ത്തിച്ചു എങ്കിലും മാപ്പിളമാര്‍ക്കിടയിലെ ഐക്യദാര്‍ഢ്യം തിരശ്ചീനമായിരുന്നു. ലംബമാനമായിരുന്നില്ല. ഗ്രാമീണമാപ്പിളമാര്‍ ഒരു വര്‍ഗമെന്ന നിലയില്‍ രൂപപ്പെടുകയോ വളരുകയോ ചെയ്തിരുന്നില്ല. അവരിലുണ്ടായിരുന്നത് നിഷേധാത്മകരൂപത്തിലുള്ള വര്‍ഗബോധമായിരുന്നു (negative class consciouness) അതായത്, ശത്രുവര്‍ഗത്തെക്കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു; സ്വന്തമായി ഒരു വര്‍ഗമെന്ന നിലക്ക് രൂപപ്പെട്ടിട്ടില്ലെങ്കിലും.

കെ എന്‍ പണിക്കര്‍ തന്റെ ഗ്രന്ഥം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്. 'കലാപകാരികളുടെ പ്രവര്‍ത്തനഗതി ഒരു കാര്യം അടിവരയിട്ട് സ്ഥാപിക്കുന്നു. ജന്മിത്വത്തിനും കൊളോണിയല്‍ ഭരണകൂടത്തിനുമെതിരെയുള്ള ഒരു അന്തര്‍ബോധമാണ് അവരെ നയിച്ചിരുന്നത്. ഈ ബോധമാകട്ടെ ബ്രിട്ടീഷ്ഭരണത്തിന്റെ ആരംഭത്തില്‍ തന്നെ തുടങ്ങിയ പ്രക്രിയയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന ചെറുകലാപങ്ങളുടെ അനുഭവജ്ഞാനത്തിലൂടെയാണ് അത് വികാസം പ്രാപിച്ചത്. വാമൊഴി പാരമ്പര്യത്തിലൂടെ വരുംതലമുറകളിലേക്ക് പ്രേഷണം ചെയ്യപ്പെട്ട ആ ചെറുകലാപങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ കര്‍ഷക അവബോധവളര്‍ച്ചയില്‍ മര്‍മപ്രധാനമായിരുന്നു. ഇതാണ് ഒടുവില്‍ 1921 ല്‍ ജന്മികള്‍ക്കും കൊളോണിയല്‍ ഭരണകൂടത്തിനുമെതിരെയുള്ള അതിശക്തമായ കലാപമായി പ്രകാശിപ്പിക്കപ്പെട്ടത്' ഈ ഗ്രന്ഥം മുന്നോട്ടുവെക്കുന്ന കേന്ദ്രവാദവും ഇതുതന്നെ.

*
എ എം ഷിനാസ് കടപ്പാട്: ദേശാഭിമാനി വാരിക 29-11-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

2002-ല്‍ ഹിന്ദുത്വഫാഷിസ്റ്റുകള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ഗുജറാത്തില്‍ നടത്തിയ ആസൂത്രിതമായ വംശഹത്യയുമായി ബന്ധപ്പെട്ട് ഡോ. കെ എന്‍ പണിക്കരെ ഒരു പ്രമുഖപത്രത്തിനുവേണ്ടി ഈ ലേഖകന്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അഭിമുഖാരംഭത്തിനുമുമ്പുള്ള കുശലാന്വേഷണങ്ങള്‍ക്കിടയില്‍ 1989 ല്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച മലബാര്‍ കലാപത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശ്രുത ഗ്രന്ഥമായ "എഗന്‍സ്റ്റ് ലോഡ് ആന്‍ഡ് സ്റ്റേറ്റി''നെപ്പറ്റിയും ചില കാര്യങ്ങള്‍ സംസാരിച്ചു. (ഡിസി ബുക്സ് ഈ ഗ്രന്ഥം 'പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്). ഈ ഗ്രന്ഥത്തിന്റെ ജീവനാഡി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന രണ്ടാം അധ്യായത്തില്‍ (The Making of a Tradition) പരാമര്‍ശിക്കപ്പെടുന്ന സാമ്പ്രദായിക ബുദ്ധിജീവികളെക്കുറിച്ചാണ് ജൈവബുദ്ധിജീവിയായ പണിക്കര്‍ മാഷോട് ചില സംശയങ്ങള്‍ ചോദിച്ചത്. സാമ്പ്രദായിക- ജൈവബുദ്ധിജീവികളെപ്പറ്റിയും അവര്‍ അതത് സമൂഹങ്ങളില്‍ നിര്‍വഹിക്കുന്ന രാഷ്ട്രീയ- സാമൂഹ്യപങ്കിനെക്കുറിച്ചും ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ് ചിന്തകനായ ഗ്രാംഷി എഴുതിയത് മനസ്സില്‍വെച്ചായിരുന്നു എന്റെ ശൈശവനിലവാരത്തിലുള്ള സംശയം. അപ്പോള്‍ പണിക്കര്‍ മാഷ് കൌതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തി. ഗ്രാംഷിയന്‍ ചിന്തയെ പഠനമനനങ്ങള്‍ക്ക് വിധേയമാക്കി ഏതാണ്ട് അഞ്ഞൂറില്‍പ്പരം ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. അവയില്‍ ഭൂരിഭാഗം ഗ്രന്ഥങ്ങളിലൂടെയും ഗവേഷണകാലത്തും പിന്നീടും മാഷ് കടന്നുപോയിട്ടുണ്ട്. രസകരമായ വസ്തുത, അവയില്‍ പത്തിരുപതെണ്ണം ഗ്രാംഷി എന്ന മൌലികതയുള്ള മാര്‍ക്സിസ്റ്റ് ചിന്തകനെ തനി മാര്‍ക്സിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കുന്നവയാണ് എന്നതത്രേ. മലബാര്‍ കലാപത്തിന്റെയും അതിന് മുമ്പ് നടന്ന നിരവധി ചെറുകലാപങ്ങളുടെയും പ്രത്യയശാസ്ത്രപരിസരമൊരുക്കുന്നതില്‍ സാമ്പ്രദായിക ബുദ്ധിജീവികള്‍ വഹിച്ച പങ്കിനെ നിശിതമായ വിശ്ളേഷണപാടവത്തോടെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നതുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.