Wednesday, December 1, 2010

കോഴരാജിന്റെ അര്‍ഥശാസ്‌ത്രം

ഉദാരവല്‍ക്കരണകാലത്തെ മുതലാളിത്തം അഴിമതിയെ ഒരു ഉത്സവമാക്കി മാറ്റിയിരിക്കുന്നു. ഏതാനും മാസങ്ങള്‍ക്കിടെ പുറത്തുവന്ന അഴിമതികളുടെ എണ്ണവും അവയില്‍ ഉള്‍പ്പെട്ട പണത്തിന്റെ വ്യാപ്‌തിയും അന്ധാളിപ്പിക്കുന്നതാണ്. മുതലാളിത്തവ്യവസ്ഥയുടെ കൂടപ്പിറപ്പായ അഴിമതി ഇന്ത്യയില്‍ മുമ്പും വ്യാപകമായി ഉണ്ടായിരുന്നെങ്കിലും രാഷ്‌ട്രീയക്കാരും ബ്യൂറോക്രാറ്റുകളും കോര്‍പറേറ്റുകളും മാധ്യമമേധാവികളും കണ്ണികളായ ചങ്ങാത്ത മുതലാളിത്തത്തിന്റെ അതിരില്ലാത്ത ആഘോഷമായി അത് മാറിയത് ഉദാരവല്‍ക്കരാണനന്തരമാണ്. മൂലധനവും ചരക്കുകളും സേവനങ്ങളും ഉദാരവല്‍ക്കരിക്കപ്പെട്ടതോടെ അഴിമതിയും ഉദാരവും ഭയാനകവുമായി തീര്‍ന്നു. 1991 മുതല്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളോടെ അവശേഷിച്ചിരുന്ന പരിമിതമായ നിയന്ത്രണങ്ങളില്‍നിന്നുകൂടി മുക്തമായ സ്വകാര്യ-വിദേശ മൂലധനത്തിന്റെ കുത്തൊഴുക്കില്‍ അഴിമതിയുടെ ആഴവും പരപ്പും ഊഹിക്കാനാകാത്ത വിധമാണ് വര്‍ധിച്ചത്.

ആഗോള-ഉദാരവല്‍ക്കരണ ഘട്ടത്തോടെ നവജാത മുതലാളിത്തത്തിന്റെ കാലത്തെ പ്രാകൃത മൂലധന സമാഹരണത്തിന്റെ സ്വഭാവം വീണ്ടും പ്രകടമാകുന്നതും അഴിമതിയുടെ വ്യാപനവും ചേര്‍ത്തുവായിക്കണം. നവലിബറല്‍ മുതലാളിത്തം പൊതുസ്വത്തും ആസ്‌തികളും വന്‍തോതില്‍ കൊള്ളയടിക്കുന്നത് ഒരു ഉദാഹരണം. ഉദാരവല്‍ക്കരണനയങ്ങളുടെ ഫലമായി മൂന്നാംലോകരാജ്യങ്ങളില്‍ പ്രത്യേകിച്ചും നടപ്പാക്കിയ നിര്‍നിക്ഷേപപ്രക്രിയ (ഡിസ്ഇന്‍വെസ്‌റ്റ്‌മെന്റ്) പൊതുസ്വത്തിന്റെയും ആസ്‌തികളുടെയും കൈയടക്കലിന്റെ പ്രക്രിയയായിരുന്നു. ഇന്ത്യയില്‍ നടപ്പാക്കിയ ഓഹരിവില്‍പ്പന പൊതുസ്വത്ത് ചുളുവിലയ്‌ക്ക് സ്വകാര്യ മുതലാളിമാര്‍ക്ക് കൈയടക്കുന്നതിനൊപ്പം അഴിമതിയുടെ മറ്റനേകം സാധ്യത തുറന്നുകൊടുക്കുകയും ചെയ്‌തു. മിക്ക പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരികള്‍ യഥാര്‍ഥവിലയേക്കാള്‍ എത്രയോ കുറഞ്ഞവിലയ്‌ക്കാണ് കൈമാറിയതെന്നും ഇതിലെല്ലാം അഴിമതി ഉണ്ടായി എന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബാല്‍ക്കോ, സെന്റോര്‍ ഹോട്ടല്‍ എന്നിവയുമായെല്ലാം ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ഓര്‍ക്കാവുന്നതാണ്. വ്യോമയാനരംഗത്തിന്റെ സ്വകാര്യവല്‍ക്കരണത്തെ തുടര്‍ന്ന് സ്വകാര്യവിമാനക്കമ്പനികളെ സഹായിക്കാനായി നിരന്തരം നടത്തിക്കൊണ്ടിരുന്ന ശതകോടികളുടെ അഴിമതി ഇടപാടുകള്‍ എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും കഥകഴിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കേണ്ടല്ലോ. വിദേശമൂലധനത്തിന്റെ ആഗമനം അഴിമതിയുടെ മേച്ചില്‍പ്പുറങ്ങള്‍ വിപുലീകരിച്ചതിന് എന്‍റോൺ പദ്ധതി ഉള്‍പ്പെടെ ഉദാഹരണങ്ങള്‍ അനേകമാണ്.

സ്വകാര്യവല്‍ക്കരണം പ്രകൃതിവിഭവങ്ങളുടെ വന്‍തോതിലുള്ള കൊള്ളയടിക്ക് വഴിയൊരുക്കിയിട്ടുണ്ട്. ധാതുഖനനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന മാഫിയകളുടെയും സാമ്പത്തിക-രാഷ്‌ട്രീയ അഴിമതിയുടെയും നീരാളിപ്പിടിത്തം എത്രമാത്രം ഭയാനകമാണെന്ന് നാം നിത്യേന തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ബെല്ലാരി സഹോദരന്മാരും വേദാന്തയുമെല്ലാം തുരന്നുണ്ടാക്കിയ അഴിമതിഖനികളുടെ ആഴം തിട്ടപ്പെടുത്താനാകാത്തതാണ്. കര്‍ണാടകം, ആന്ധ്ര, ഒറീസ, ജാര്‍ഖണ്ഡ്, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പൂര്‍ണമായും ഈ മാഫിയകളുടെ പിടിയിലായത് സ്വകാര്യഖനനം അനുവദിച്ചതിനുശേഷമാണ്.

അഴിമതിയുടെ സവിശേഷ മേഖലയായ സെസുകള്‍ ഉദാരവല്‍ക്കരണകാലത്തിന്റെ നിര്‍മിതിയാണ്. രാജ്യത്തെ എല്ലാ നിയമങ്ങളില്‍നിന്നും മുക്തമായ നഗ്നമായ കൊള്ളയുടെയും ചൂഷണത്തിന്റെയും പ്രത്യേക മേഖലകളായി സംരക്ഷിക്കപ്പെട്ട സെസില്‍ അഴിമതിമാത്രം നിയമവിധേയമാണെന്ന സ്ഥിതിയാണുള്ളത്. സെസിന്റെ മറവില്‍ കണ്ണായ ഭൂമി കണ്ണെത്താദൂരം കുത്തകകള്‍ സ്വന്താമക്കുന്നതും റിയല്‍ എസ്റേറ്റ് ഊഹക്കച്ചവടത്തിലൂടെ അനേകശതകോടികള്‍ വെട്ടിപ്പിടിക്കുന്നതും അഭംഗുരം നടന്നുകൊണ്ടിരിക്കുന്നു. രാഷ്‌ട്രീയ-ഉദ്യോഗസ്ഥ-മാധ്യമ രംഗങ്ങളിലെ ഒരുവിഭാഗം ഉന്നതര്‍ ഇവയുടെയെല്ലാം പങ്ക് പറ്റുന്ന ഗുണഭോക്താക്കളാണ്. പൊതുസ്വകാര്യ പങ്കാളിത്തത്തിന്റെ വികസനപാതയും അഴിമതിയുടെ വേറൊരു വിസ്‌മയലോകത്തേക്കാണ് നയിക്കുന്നത്.

സ്വകാര്യവല്‍ക്കരണം സ്വകാര്യമേഖലയുടെ വളര്‍ച്ചയും ലാഭവും വന്‍തോതില്‍ ത്വരിതപ്പെടുത്തുമെങ്കിലും പൊതുമേഖലയേക്കാള്‍ വളരെ കുറഞ്ഞതാണ് സ്വകാര്യമേഖലയുടെ നികുതിനിരക്കുകള്‍. കോര്‍പറേറ്റ് നികുതി വളരെ കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നികുതിപിരിവിന്റെ കാര്യമാണെങ്കില്‍ അതിലേറെ മോശവും. നികുതിവെട്ടിപ്പ് സാര്‍വത്രികവും വ്യവസ്ഥാപിതവുമായി തീര്‍ന്നിരിക്കുന്നു. മൌറീഷ്യസ് റൂട്ട് നികുതിവെട്ടിപ്പിന്റെയും നിയമലംഘനത്തിന്റെയും അംഗീകൃതപാതയാണ്. ഇന്ത്യയും മൌറീഷ്യസും തമ്മിലുണ്ടാക്കിയ ഇരട്ടനികുതി ഒഴിവാക്കാനുള്ള കരാറിന്റെ മറവില്‍ മൌറീഷ്യസില്‍ കമ്പനി രജിസ്‌റ്റര്‍ ചെയ്യുകയും ഒരിടത്തും നികുതി കൊടുക്കാതെ കൊള്ളലാഭം കൊയ്യുകയും ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. ഐപിഎല്‍ അഴിമതിയില്‍ ഉള്‍പ്പെട്ട ചില കമ്പനികള്‍ ഈ വഴിയിലൂടെ വന്നവരായിരുന്നു. നികുതിവെട്ടിപ്പിന്റെ മഹാസാമ്രാജ്യമായിരുന്നു ഐപിഎല്‍. ഈ വെട്ടിപ്പിനു പുറമെയാണ് വാരിക്കോരി നല്‍കുന്ന ഇളവുകളും സൌജന്യങ്ങളും. 2008-09ല്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ മൊത്തം നികുതിയിളവുകള്‍ 4.14 ലക്ഷം കോടി രൂപയുടേതായിരുന്നെങ്കില്‍ 2009-10ല്‍ അത് 5.02 കോടിയായി. ഇതിനെ നിയമവിധേയമായ വെട്ടിപ്പ് എന്നുമാത്രമേ പറയാനാകൂ.

അഴിമതിയുടെ വ്യാപ്‌തി അമ്പരപ്പിക്കുംവിധം പെരുകിയതോടെ അത് ഒരു ധാര്‍മികപ്രശ്നം മാത്രമല്ലാതായി തീര്‍ന്നിട്ടുണ്ട്. പുരോഗതിക്കും ക്ഷേമത്തിനും വിനിയോഗിക്കേണ്ട ഖജനാവിലെ പണം ചോര്‍ത്തുന്ന അഴിമതി ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. സബ്‌സിഡികള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പണമില്ലെന്ന പല്ലവി സര്‍ക്കാര്‍ നിരന്തരം ഉയര്‍ത്തുകയും സബ്‌സിഡികളും ക്ഷേമപ്രവര്‍ത്തനങ്ങളും അതിന്റെ പേരില്‍ നിരന്തരം വെട്ടിക്കുറയ്‌ക്കുകയും ചെയ്യുമ്പോഴാണ് സഹസ്രകോടികള്‍ അഴിമതിയിലൂടെ ചോരുന്നത്. ഓഹരിവില്‍പ്പനയിലൂടെയും സ്‌പെക്‌ട്രം വില്‍പ്പനയിലൂടെയും കിട്ടുന്ന പണം സാമൂഹ്യക്ഷേമത്തിന് ചെലവിടാമെന്നായിരുന്നു പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നത്. അതിനര്‍ഥം സാമൂഹ്യക്ഷേമത്തിന് ചെലവിടാമായിരുന്ന 1.76 ലക്ഷം കോടിയാണ് നാടിന് നഷ്‌ടമായത്. ഈ തുക ഇന്ത്യയുടെ കഴിഞ്ഞവര്‍ഷത്തെ ബജറ്റിന്റെ 16 ശതമാനവും ദേശീയവരുമാനത്തിന്റെ (ജിഡിപി) 2.5 ശതമാനവും ആണെന്നറിയുക. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാന്‍ അടുത്ത അഞ്ചുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കാന്‍ പോകുന്ന സംഖ്യ 1.82 ലക്ഷം കോടി രൂപയാണ്. ഏതാണ്ട് സ്‌പെക്‌ട്രത്തില്‍ നഷ്‌ടമായ അത്രയും തുക. സ്‌പെക്‌ട്രത്തില്‍ ബജറ്റിന്റെ 16 ശതമാനം നഷ്‌ടമായപ്പോള്‍ ആരോഗ്യമേഖലയ്‌ക്കാകെ ബജറ്റില്‍ നീക്കിവച്ചത് 2.3 ശതമാനം. ഇന്ത്യയിലെ 115 കോടി ആളുകള്‍ക്ക് മൂന്നു രൂപയ്‌ക്ക് 35 കിലോ അരി നല്‍കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയ്‌ക്കൊപ്പം 88500 കോടി വേണമെന്നാണ് കണക്ക്. അതായത്, സ്‌പെക്‌ട്രത്തില്‍ നഷ്‌ടമായതിന്റെ പകുതി മതിയെന്നര്‍ഥം. ഇനി രണ്ടുരൂപയ്‌ക്ക് അരി നല്‍കുകയാണെങ്കില്‍ ഏറെക്കുറെ സ്‌പെക്‌ട്രത്തിലെ നഷ്‌ടത്തിനു തുല്യമായ തുക മതിയാകും.

ആഗോള പട്ടിണി സൂചികയില്‍ 122 രാജ്യങ്ങളില്‍ 61-ാം സ്ഥാനത്ത് നില്‍ക്കുന്ന, 301 ദശലക്ഷം മുഴുപ്പട്ടിണിക്കാരുള്ള, ലോകത്ത് ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവുള്ള കുട്ടികള്‍ അധിവസിക്കുന്ന നമ്മുടെ രാജ്യത്ത് പട്ടിണി മാറ്റാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പോന്ന തുകയാണ് ഒരൊറ്റ സ്‌പെക്‌ട്രം ഇടപാടിലൂടെ നഷ്‌ടമായതെന്ന വസ്‌തുത നമ്മെ നടുക്കേണ്ടതാണ്. നാലു കോടി കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ ചെലവിട്ട തുക സ്‌പെക്‌ട്രം അഴിമതിയില്‍ ഉള്‍പ്പെട്ടതിന്റെ പകുതി മാത്രമായിരുന്നു.

ഈ കണക്കുകള്‍ ഇവിടെ വിവരിച്ചത് അഴിമതി എങ്ങനെയാണ് ജനജീവിതത്തെ പാപ്പരീകരിക്കുന്ന ഭയാനകമായ കൊള്ളയായി പരിണമിച്ചിരിക്കുന്നത് എന്ന് ബോധ്യപ്പെടുത്താനാണ്. ഇത് ഒരൊറ്റ സ്‌പെക്‌ട്രം അഴിമതിയുടെ കണക്കാണെങ്കില്‍ ഈയിടെ പുറത്തുവന്ന കോമൺവെല്‍ത്ത്, ഐപിഎല്‍, ഖനി, ഭൂമിഇടപാടുകള്‍, വായ്‌പ കുംഭകോണം എന്നിവയെല്ലാം ചേര്‍ത്താല്‍ രാജ്യത്തിനും ജനങ്ങള്‍ക്കും ചുരുങ്ങിയ കാലംകൊണ്ട് ഉണ്ടായ നഷ്‌ടത്തിന്റെ വ്യാപ്‌തി എത്ര ഭയാനകമായിരിക്കും. ഉദാരവല്‍ക്കരണം സമ്പദ്‌വ്യവസ്ഥയുടെ സകല ജാലകങ്ങളും മലര്‍ക്കെ തുറന്നിട്ടപ്പോള്‍ അകത്തേക്കിരച്ചുകയറിയ മൂലധനപ്രളയത്തോടൊപ്പമാണ് അഴിമതിയുടെ അഭൂതപൂര്‍വമായ കുത്തൊഴുക്കും സംഭവിക്കുന്നത്. ഇതിന് വില നല്‍കേണ്ടിവരുന്നത് ദരിദ്രരും സാധാരണക്കാരുമായ മഹാഭൂരിപക്ഷം ജനങ്ങളാണ്. അഴിമതിക്കും ഉദാരവല്‍ക്കരണത്തിനുമെതിരായ ജനകീയ ചെറുത്തുനില്‍പ്പുകളുടെ പാരസ്‌പര്യം പ്രധാനമാകുന്നതിനു കാരണം മറ്റൊന്നല്ല.


*****

എം ബി രാജേഷ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഉദാരവല്‍ക്കരണകാലത്തെ മുതലാളിത്തം അഴിമതിയെ ഒരു ഉത്സവമാക്കി മാറ്റിയിരിക്കുന്നു. ഏതാനും മാസങ്ങള്‍ക്കിടെ പുറത്തുവന്ന അഴിമതികളുടെ എണ്ണവും അവയില്‍ ഉള്‍പ്പെട്ട പണത്തിന്റെ വ്യാപ്‌തിയും അന്ധാളിപ്പിക്കുന്നതാണ്. മുതലാളിത്തവ്യവസ്ഥയുടെ കൂടപ്പിറപ്പായ അഴിമതി ഇന്ത്യയില്‍ മുമ്പും വ്യാപകമായി ഉണ്ടായിരുന്നെങ്കിലും രാഷ്‌ട്രീയക്കാരും ബ്യൂറോക്രാറ്റുകളും കോര്‍പറേറ്റുകളും മാധ്യമമേധാവികളും കണ്ണികളായ ചങ്ങാത്ത മുതലാളിത്തത്തിന്റെ അതിരില്ലാത്ത ആഘോഷമായി അത് മാറിയത് ഉദാരവല്‍ക്കരാണനന്തരമാണ്. മൂലധനവും ചരക്കുകളും സേവനങ്ങളും ഉദാരവല്‍ക്കരിക്കപ്പെട്ടതോടെ അഴിമതിയും ഉദാരവും ഭയാനകവുമായി തീര്‍ന്നു. 1991 മുതല്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളോടെ അവശേഷിച്ചിരുന്ന പരിമിതമായ നിയന്ത്രണങ്ങളില്‍നിന്നുകൂടി മുക്തമായ സ്വകാര്യ-വിദേശ മൂലധനത്തിന്റെ കുത്തൊഴുക്കില്‍ അഴിമതിയുടെ ആഴവും പരപ്പും ഊഹിക്കാനാകാത്ത വിധമാണ് വര്‍ധിച്ചത്.