Thursday, November 18, 2010

പ്രണയതപസ്സ്

അനേകവും അനന്തവുമായ മാനങ്ങളുണ്ട് സച്ചിദാനന്ദത്തിനെന്നപോലെ സച്ചിദാനന്ദകവിതയ്‌ക്ക്. അതിരുകളുള്ള കളങ്ങള്‍ക്കതീതമായ അതിരറ്റ ഭാവധ്വനിവ്യാപ്‌തിയാണ് ആദ്യത്തേതിന്നെന്നപോലെ രണ്ടാമത്തേതിനും പരമമൂലകവും പരമമൂല്യവും. ഭൌതികമെന്നപോലെ ആത്മീയവുമായ സത്യവും ജ്ഞാനവും ആനന്ദവും സമ്മേളിക്കുന്നതിന്റെ ഉല്‍പന്നമായ ജ്വാല വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും സച്ചിദാനന്ദന്റെ കവിതയില്‍നിന്നു പൊത്തിപ്പരന്നു ചൂടും വെളിച്ചവും പ്രസരിപ്പിച്ചു; സത്യശിവസൌന്ദര്യബോധങ്ങളെത്തഴുകി ഉയിര്‍പ്പിച്ചുണര്‍ത്തി ജ്വലിപ്പിച്ചുപോന്നു. ഈ വിവരണത്തിലെ വാക്കുകളൊക്കെ 'പഴഞ്ചന്‍ ക്ളീഷേ' എന്ന് പുതുഞ്ചര്‍ക്ക് ഇടംകൈകൊണ്ട് തട്ടിമാറ്റാനുള്ള സ്വാതന്ത്ര്യം അവര്‍ മതിവരുവോളം ഉപയോഗിച്ചുകൊള്ളട്ടെ. എന്നാല്‍, അവര്‍ അതിരുകുറിക്കുന്ന കള്ളികളിലോ കളങ്ങളിലോ അടങ്ങിയൊതുങ്ങിക്കൂടാനുള്ള വിധേയതയുടെ ചരടുകള്‍ പൊട്ടിക്കുന്നതിനുള്ള ഊക്കും ഊറ്റവും ഉള്ളുറപ്പും സച്ചിദാനന്ദന്റെ കവിതയ്‌ക്ക് ഒരിക്കലും കൈവിട്ടുപോയിട്ടില്ല. ഇരുപതാം കാലത്തെ കവിതയില്‍ അറുപതാം കാലത്തെ ആത്മീയഗുരുതയും അറുപതാം കാലത്തെ കവിതയില്‍ 'എന്തിരുപതി'ലെ പ്രണയോഷ്‌മളതയും കാണാം. എല്ലാക്കാലത്തും ഒരുപോലെ അന്നന്നത്തെ വിഷയങ്ങള്‍ക്കും അന്നന്നത്തെ വിശ്വാസങ്ങള്‍ക്കും അന്നന്നത്തെ പ്രത്യയങ്ങള്‍ക്കും ചേര്‍ന്ന മന്ദ്രതയോ മന്ദതയോ ഗര്‍ജനമോ പരിദേവനമോ കാതിലലപ്പിക്കുന്ന ശാബ്‌ദികഘടനയും, തിളക്കമോ നടുക്കമോ വെളിച്ചമോ ഉള്‍ക്കണ്ണിലര്‍പ്പിക്കുന്ന ഭാവഘടനയും, ഭാവവൈദ്യുതീ പ്രസരത്തിനൊത്ത തോരാത്ത രൂപകപ്പെയ്‌ത്തും സച്ചിദാനന്ദന്റെ കവിതയ്‌ക്കു കിട്ടിയിട്ടുള്ള വരമാണ്. ഇതിനെയാണ് പഴമവന്മാര്‍ 'ശക്തി' എന്നു വിളിച്ചത്. ഇതു തികഞ്ഞവര്‍ക്ക് ഏതു കളത്തിലും കള്ളിയിലും നില്‍ക്കുമ്പോഴും നടുന്നതെല്ലാം പൂക്കുകയും ഫലിക്കുകയും ചെയ്യുന്ന സസ്യങ്ങളാക്കാന്‍ കഴിയും. സ്‌തോത്രങ്ങള്‍, രോഷങ്ങള്‍, തീവ്രവാദങ്ങള്‍, ഹിംസ്രതകള്‍, ദൈന്യങ്ങള്‍, പ്രത്യാശകള്‍, നൈരാശ്യങ്ങള്‍, പകകള്‍, സഹനങ്ങള്‍, തിതിക്ഷകള്‍, മുമുക്ഷകള്‍ - എല്ലാ വൈവിധ്യങ്ങള്‍ക്കും വൈരുധ്യങ്ങള്‍ക്കും മുളച്ചു വളര്‍ന്നു തഴച്ചു പൂത്തുകായ്‌ക്കാന്‍ പാകപ്പെട്ട ക്ഷേത്രം - വയല്‍ - ആണ് 'ശക്തി'യാര്‍ന്ന കവിമനം. ഏതെങ്കിലും 'വാദ'ത്തിന്റെയോ 'ഇസ'ത്തി ന്റെയോ തടങ്ങളില്‍ തടഞ്ഞിട്ട് ഒതുക്കാവുന്നതല്ല ഇവിടെ വിരിയുന്ന പൂക്കളുടെ സൌരഭ്യവും കായ്‌കളുടെ പോഷകത്വവും. യഥോചിതം അവയ്‌ക്കു പരിമിതമായ പ്രയോജനവും കാലദേശാവസ്ഥകളുടെ പരിമിതികളില്ലാത്ത പ്രമോദവും പ്രസരിപ്പിക്കാന്‍ കഴിയുന്നു. ഊന്നി നില്‍ക്കേണ്ടപ്പോള്‍ പേശികളുറച്ച കാലുകളും ഉയര്‍ന്നു പറക്കേണ്ടപ്പോള്‍ വിരിഞ്ഞുവീശാവുന്ന ചിറകുകളും ഉള്ള കവിതയെ തടങ്ങളും തളങ്ങളും കളങ്ങളും വിട്ടു പുറത്തു കടക്കാനാവാത്തവര്‍ക്ക് എല്ലായ്പ്പോഴും 'സ്വന്തം' എന്നു കൈയടക്കാനാവില്ല.

സച്ചിദാനന്ദന്റെ കവിതയില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും ഭൌതിക യാഥാര്‍ഥ്യങ്ങളോടൊപ്പം ആന്തരാത്മിക യാഥാര്‍ഥ്യങ്ങളും എക്കാലത്തും സമാന്തരമായി നിലനിന്നുപോന്നിട്ടുണ്ടെന്ന് ഉറന്നൊഴുകുന്ന വാങ്മയം സാക്ഷ്യപ്പെടുത്തുന്നു, കവിയുടെ ബോധപൂര്‍വമായ നിനവും തുനിവും അതിനു പിന്നിലുണ്ടായാലുമില്ലെങ്കിലും. ഇരുപതാംകാലത്ത് ദേവീസ്‌തവവും പാര്‍വതിയുടെ പ്രണയതപസ്സും അമ്പതാംകാലത്ത് ആണ്ടാളുടെ പ്രണയതപസ്സും കവിചേതസ്സിനെ 'ആവേശി'ച്ചു. 'തീത്തെയ്യ'ത്തിലെ പൊരിക്കുന്ന തീയും 'കോഴിപ്പങ്കി'ലെ ചിരിച്ചെരിക്കുന്ന തീയും 'പുലയപ്പാട്ടി'ലെ 'വന്‍വിനയും ചാമ്പലാക്കിപ്പടര്‍ന്ന' ചാവേര്‍ ത്തീയും എത്രത്തോളം യാഥാര്‍ഥ്യമാണോ അത്രത്തോളം തന്നെ യാഥാര്‍ഥ്യമാണ് ഈ ഊഷ്‌മളാവേശം. ഇടശ്ശേരിയുടെ 'പണിമുടക്ക'വും 'പുത്തന്‍ കലവും അരിവാളും' എത്രത്തോളം കവിയുടെ ചേതോയാഥാര്‍ഥ്യമാണോ അത്രത്തോളം തന്നെ അന്തഃസത്തയുടെ അരുളപ്പാടാണ് 'കാവിലെ പ്പാട്ട് '. ആദ്യത്തേതിനെ വാഴ്ത്തുകയും രണ്ടാമത്തേതിനെ പൂഴ്ത്തുകയും ചെയ്യുന്ന പ്രവണത അദ്ദേഹത്തെ ചില കണ്ടങ്ങളിലൊതുങ്ങുന്ന 'വിത'ക്കാരനായോ ചില ആലകളിലൊടുങ്ങുന്ന പണിയാളനായോ മാത്രം കാണാനിഷ്‌ടപ്പെടുന്നവര്‍ പ്രചരിപ്പിക്കാറുണ്ട്. അതിനു സദൃശമായ പ്രവണത സച്ചിദാനന്ദന്റെ ചേതസ്സത്താദ്വയത്തിനുനേരെയും ചിലര്‍ പ്രകടിപ്പിച്ചുപോരുന്നു.

സച്ചിദാനന്ദന്‍ എക്കാലത്തും മാനവസമത്വദര്‍ശനത്തിന്റെ പക്ഷത്തുതന്നെയാണ് ചുവടുറപ്പിച്ചു നിന്നത്. എന്നും കീഴാളരുടെ കൂടെ. അടികൊള്ളുന്ന അടിയാളരുടെ കൂടെ. തൊഴിയേല്‍ക്കുന്ന തൊഴിലാളരുടെ കൂടെ. എന്നുമെന്നും അവരുടെ തീത്തെയ്യങ്ങള്‍ കെട്ടിയാടാന്‍ മുന്നില്‍നിന്നു അദ്ദേഹത്തിന്റെ കവിത. മേലാളരുടെ മേനികളിലേക്ക് വാക്കുകളുടെ തീപ്പന്തങ്ങളെറിയാന്‍ ശങ്കിച്ചിട്ടില്ല. അധികാരത്തിന്റെ അരങ്ങില്‍ത്തന്നെ നിന്നുകൊണ്ട് അതിന്റെ മേലാളര്‍ക്ക് പങ്കുള്ള അതിക്രമങ്ങള്‍ക്കെതിരായി ആളിക്കത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ കവിത. പണ്ട് അരമനക്കവിയായി ഇരിക്കെത്തന്നെ ഉന്നതങ്ങളിലെ നെറികേടുകള്‍ക്കെതിരെ ചിരിത്തീപ്പൊരി ചിതറിയ നമ്പ്യാര്‍പോലും 'പൊരി'യെ ചിരികൊണ്ടു പൊതിഞ്ഞിരുന്നു - കവിതയ്‌ക്കു വെട്ടപ്പെടാന്‍ വിലക്കുകളില്ലാത്ത വേളകളില്‍ ഐറണിച്ചിരിയുടെ ആവരണംപോലുമില്ലാതെ സച്ചിദാനന്ദന്റെ കവിത 'വെളിച്ചപ്പെട്ടി'ട്ടുണ്ട്. ഗുജറാത്തിലെ നരമേധത്തിന്റെ വേളകളിലും മറ്റും. വിലക്കുകള്‍ക്ക് കരുത്തുറ്റകാലങ്ങളില്‍ കവിത വെട്ടപ്പെടണമെങ്കില്‍ രൂപകങ്ങളുടെ ആവരണമെങ്കിലും വേണ്ടിവരുമെന്നതുകൊണ്ടാണ് 'നാവുമരം' പോലുള്ള രചനകളില്‍ കവിത അത്തരം കണ്ണഞ്ചിക്കുന്ന ഉടയാടകളണിഞ്ഞത്. മാവോയിസ്‌റ്റ് കലാപത്തെ നേരിടുന്നതിനായി അധികാരത്തിന്റെ ആയുധശക്തി താണ്ഡവമാടുന്ന പ്രദേശത്തെ ബലാല്‍സംഗത്തിനിരയാവുന്ന ആദിവാസിപ്പെണ്ണായിക്കാണുമ്പോള്‍ ആ രൂപകത്തില്‍ കണ്‍കെട്ടുകളില്ല. ഇത് മാവോയിസ്‌റ്റ് കലാപത്തിന്റെ ഹിംസ്രതയെ സാധൂകരിക്കലല്ല. ഇടയില്‍പ്പെട്ട് അരഞ്ഞുതീരുന്ന നിരപരാധികളായ ആദിവാസി സമൂഹത്തിന്റെ നിരാലംബ ദൈന്യത്തോടുള്ള രുദിതാനുസാരി പ്രതികരണമാണ്. അവരനുഭവിക്കേണ്ടിവരുന്ന കൊടിയ പീഡിതത്വത്തിന്റെ വേദന കവിതയ്‌ക്കു നെഞ്ചേറ്റാതെ തരമില്ല. രാഷ്‌ട്രീയനയത്തിന്റെ വൈഭവങ്ങളോ വൈകല്യങ്ങളോ അല്ല കവിതയുടെ ശ്രദ്ധാകേന്ദ്രം - നിരപരാധികളനുഭവിക്കേണ്ടി വരുന്ന പീഡയാണ്. ('ദണ്ഡവാഡെ' മാനഭംഗത്തിനിരയായ ആദിവാസി സ്‌ത്രീയാണ് കവിയുടെ നോട്ടത്തില്‍ - മാതൃഭൂമി വാരിക 2010 മേയ് 23-29)

എക്കാലത്തും നിന്ദിതരുടെയും പീഡിതരുടെയും കൂടെ നില്‍ക്കാനേ സച്ചിദാനന്ദന്‍ മുതിര്‍ന്നിട്ടുള്ളൂ. അതിനാവശ്യമുള്ളിടത്തോളം ഇടതുപക്ഷ പ്രത്യയശാസ്‌ത്രത്തിനൊപ്പം നിലയുറപ്പിച്ചുപോന്നിട്ടുണ്ട് എന്നു വ്യക്തമാക്കാനാണ് ഈ നിദര്‍ശനങ്ങള്‍. എന്നാല്‍, 'കാവിലെപാട്ടെ'ഴുതിയ ഇടശ്ശേരിയുടേതുപോലുള്ള ചേതസ്സത്താംശം സച്ചിദാനന്ദന്റെ കവിതകളിലുള്ളതിനെ തമസിലാഴ്ത്താന്‍ മുന്‍ വിവരിച്ച യാഥാര്‍ഥ്യം പ്രേരണയായിക്കൂടാ.ഇരുപതുതികയുംമുന്‍പ് 'ദേവീസ്‌തവ'വും 'മരീചിക'യും ഇരുപതാംകാലത്ത് 'തപസ്സും' ഇരുപത്തഞ്ചില്‍ 'ആസന്നമരണചിന്തകളും' രചിച്ച കവിയുടെ അന്തശ്ചേതനയിലെ നൈസര്‍ഗികപ്രവണതകള്‍, പില്‍ക്കാലത്തെ കടുകടുത്ത ഭൌതികജീവിതസമസ്യകളിരമ്പിയാര്‍ത്തു പൊങ്ങിയപ്പോള്‍, വേലിയേറ്റത്തില്‍ കരയെ കടലെടുക്കുംപോലെ, മുങ്ങിപ്പോയിട്ടുണ്ടെങ്കിലും അവ എന്നേക്കുമായി ഇല്ലാതായിപ്പോവുകയെന്നത് സംഭവിച്ചിട്ടില്ല; സംഭവിക്കാന്‍ തരമില്ല. പ്രച്‌ഛന്നമായി വര്‍ത്തിക്കുന്ന പ്രവണതകള്‍ അനുകൂലസാഹചര്യങ്ങള്‍ വരുമ്പോള്‍ പൊടിച്ചു നാമ്പുനീട്ടിത്തഴച്ചുവളരും - ഈ വസ്‌തുത 1984-ല്‍ ഒരു ലേഖനത്തില്‍ ഇതെഴുതുന്ന ആള്‍ സൂചിപ്പിച്ചിരുന്നു - ബോധവതിയെന്ന കവിതയുടെ ഉള്ളിലേക്കു കടക്കാനുള്ള ശ്രമത്തില്‍. "നൂതന യുഗത്തിന്നുചിതമായ ഭക്തിയാണിത്. ആ ഭക്തി ഈ കവിതയിലാദ്യന്തം പ്രസരിക്കുന്നു. കവിചേതസ്സിലുറങ്ങിക്കിടക്കുന്ന പ്രണമ്രതാഭാവത്തിന്റെ - ഭക്തിയുടെ - ഒരു കവിഞ്ഞൊഴുക്കു കൂടിയാണിത്. മൌലികവാസനകള്‍ പ്രച്‌ഛന്ന രൂപങ്ങളിലവതരിക്കുന്നു'' (കവിതാധ്വനി - രണ്ടാം പതിപ്പ് പേജ്. 427). മറ്റൊരു ലേഖനത്തില്‍ "സ്വാന്തരാത്മാവില്‍നിന്ന് ദൈവത്തെ കുടിയിറക്കാനും സമൂഹത്തില്‍ അവശ്യം വരേണ്ടുന്ന വിപ്ളവാത്മക പരിണാമമെന്ന ആശയത്തെ ചിന്തയില്‍നിന്ന് ഒഴിവാക്കാനും കഴിയാത്ത കവി അവ വിരുദ്ധശക്തികളല്ലെന്നു സ്ഥാപിക്കത്തക്കവണ്ണം അവയെ സമന്വയിക്കുന്ന ഒരു സങ്കല്‍പം കണ്ടെത്തുന്നതിലൂടെ സ്വാസ്ഥ്യം നേടുന്നു'' (സമൂഹസത്തയെന്ന ദൈവം - 1980 കവിതാധ്വനി പേജ് - 441)

ഇതൊന്നും ആരുടെയും പ്രവചനങ്ങളല്ല. മനഃശാസ്‌ത്രപരമായ അപഗ്രഥനത്തിനു മുതിരുമ്പോള്‍ കണ്ടുമുട്ടുന്ന സാധ്യതകളാണ്. ഈ സാധ്യതകളെപ്പറ്റി പറയുമ്പോള്‍ ഈ പ്രവണതകളുടെ പില്‍ക്കാലത്തെ തെഴുപ്പുകള്‍ ഉണ്ടായിക്കഴിഞ്ഞിട്ടില്ല. 1996-ല്‍ പ്രസിദ്ധപ്പെടുത്തിയ 'മലയാളം' എന്ന സമാഹാരത്തിലെ ചില കവിതകളിലാണ് അനന്യസുലഭമായ മനോഹാരിതയോടെ ആ തെഴുപ്പുകള്‍ പടര്‍ന്നു പന്തലിച്ചു പൂത്തുലഞ്ഞു സൌരഭ്യം ചൊരിയുന്നതായിക്കാണുന്നത്. 'തുക്കാറാം ദൈവത്തോട്', 'നാമദേവന്‍ ക്ഷേത്രങ്ങളെ ചോദ്യം ചെയ്യുന്നു', 'ബസവണ്ണ കര്‍ഷകരോടൊത്തു നൃത്തം ചെയ്യുന്നു', 'അക്ക മൊഴിയുന്നു', 'ആണ്ടാള്‍ പ്രണയത്തെക്കുറിച്ചു സംസാരിക്കുന്നു' എന്നീ കവിതകളെയാണ് സൂചിപ്പിക്കുന്നത്. 'ദേശാടന'ത്തിലെ (1994) 'മീരപാടുന്നു' കൂടി ഇവിടെ ഓര്‍ക്കാം. അതിലുള്ളത് സ്‌ത്രീത്വത്തിന്റെ മുക്തിഗാഥ മാത്രമല്ല - സ്വന്തം ഭക്തിയോടും രക്തിയോടും വിശ്വസ്‌തത പുലര്‍ത്താനുള്ള തൃഷ്‌ണ കൂടിയാണ്. ദൈവം എന്ന അമൂര്‍ത്തവിശ്വാസം എങ്ങനെ അഴിയാത്ത തുടലായി മാറി എന്ന യുക്തിനീതമായ ചിന്ത വൈകാരികാനുഭൂതിയെ നിഷേധിക്കുന്നതും കവിതയ്‌ക്കുള്ള വിത്തായിത്തീര്‍ന്നുവെന്നതുംഇവിടെത്തന്നെ ചൂണ്ടിക്കാണിക്കട്ടെ. വികാരത്തോടെന്നപോലെ യുക്തിനീതമായ വിചാരത്തോടും സത്യസന്ധത പുലര്‍ത്തുന്നുവെന്നാണിതിനര്‍ഥം. ദൈവം ദരിദ്രനുവേണ്ടി ഉരുകി നാണയമായവതരിക്കുന്നില്ല എന്നത് യുക്തിനീതമായ സത്യംതന്നെ - (ദൈവത്തെക്കുറിച്ചു മൂന്നുകവിതകള്‍ - ദേശാടനം) അത് ദൈവനിഷേധത്തിനു പ്രേരകമാവുന്നു എന്നതും സത്യം - എന്നിട്ടും വിചാരസത്യത്തെ ധിക്കരിച്ച് വികാരസത്യം ചേതസ്സില്‍ ജ്വലിക്കുമ്പോള്‍ ആ നാളങ്ങള്‍ പ്രണമ്രതയുടെ ചൂടും വെളിച്ചവും പ്രസരിപ്പിക്കുന്നു.

മുന്‍ സൂചിപ്പിച്ച അഞ്ചു സൂര്യകവിതകളിലേക്ക് കടക്കും മുന്‍പ് പഴയ 'തപസ്സി'ലേക്കും 'ആസന്നമരണചിന്തകളി'ലേയ്‌ക്കും ഒന്നു തിരിഞ്ഞുനോക്കേണ്ടതുണ്ട്. പാര്‍വതിയുടെ തപസ്സും രതിവിലാപവും വര്‍ണിക്കുന്നതിനു പ്രചോദനം കുമാരസംഭവത്തില്‍നിന്ന്. തപസ്സിന്റെ പരിണാമരമണീയതയാര്‍ന്ന പരിണയകഥ വിവരിക്കുന്നില്ല. പകരം സംഹാരരുദ്രന്റെ താണ്ഡവഭീകരതയാണ് വര്‍ണിക്കുന്നത്. ഇരകളായിത്തീര്‍ന്നവരില്‍ ചരിത്രത്തിലെ മഹാപുരുഷന്മാരും പ്രവാചകരും ഉള്‍പ്പെടുന്നു. സംഹാരശക്തിയുടെ ഐതിഹാസികവും പൌരാണികവും ചരിത്രനിഷ്‌ഠവുമായ നിഷ്‌ഠുരസ്വരൂപങ്ങളെയെല്ലാം അണിനിരത്തുന്നു. നരസിംഹാവതാരത്തിന്റെ സംഹാരരൌദ്രത്തെ മെരുക്കി കാരുണ്യവാല്‍സല്യങ്ങളാക്കി രൂപാന്തരപ്പെടുത്തിയ നിഷ്‌കളങ്കബാലകന്റെ (പ്രഹ്ളാദന്റെ) സ്‌തോത്രത്തെ അനുസ്‌മരിപ്പിക്കുന്നതും, വിശ്വത്തിന്റെ വിലയത്തിലേക്കു നയിക്കുമായിരുന്ന യോഗനിദ്രയില്‍നിന്ന് വിഷ്‌ണുവിനെ ഉണര്‍ത്തിയ പാണനാരുടെ കടുന്തുടിക്കൊട്ടിപ്പാടിസേവ പോലുള്ളതും ആയ സ്‌തോത്രത്തോടെയാണ് കവിതയുടെ സമാപനം. സംഹാരത്തിന്റെ കനലുകളെ സര്‍ഗമഹോദയത്തിന്റെ കനവുകളും കനിവുകളുമാക്കി പരിവര്‍ത്തിപ്പിക്കുന്ന സ്‌തോത്രം. കുമാരസംഭവത്തില്‍നിന്നു തുടങ്ങി ആധുനിക മാനവചരിത്രത്തിന്റെ ഹിരോഷിമയിലൂടെയും വിയറ്റ്നാമിലൂടെയുമുള്ള ഒരു എരിപൊരിസഞ്ചാരമായിട്ടാണ് കവിതയിലെ ഭാവശില്‍പം രൂപാന്തരപ്പെടുന്നത്. നിരുപാധിക പ്രണയത്തിന്റെ തപസ്സ് സംഹാരാഗ്നിയെ തണുപ്പിച്ച് പ്രഭാത തുഷാരശീതളമാക്കുമെന്ന രൂപാന്തരപ്രാപ്‌തിയോടു കൂടിയ സമാപനം വിഭാവനം ചെയ്യപ്പെടുന്നു.

"സുംഭനിസുംഭാദികളെക്കൊന്നൊടുക്കിയോളേ
സുരഭിലപ്പൂവല്ലിപോലെയെങ്ങനെ നീ മാറീ?''

എന്ന 'കാവിലെപ്പാട്ടി'ലെ ചോദ്യത്തിലുള്ള വിസ്‌മയം സംഹാരരൌദ്രത്തില്‍നിന്നു ശിവശാന്തിയിലേക്കുള്ള ഭാവാന്തരപ്രാപ്‌തിയുടെ മുന്നിലും വിരിയുന്നുണ്ട്. 'തപസ്സ്' എന്ന ശക്തിയിലാണിതിനുള്ള ഉത്തരം തേടേണ്ടത്. ഭക്തിവിശ്വാസാദികളിലടിയുറച്ച ബലി - തപശക്തികള്‍ സമൂഹചേതസ്സിന്റെയും വ്യക്തി ചേതസ്സിന്റെയും അടിത്തട്ടിലുണ്ട്. അതില്‍നിന്നാണ് ഇത്തരം വിഭാവനങ്ങള്‍ക്ക് ഉറവ പൊട്ടുന്നത്. യുക്തികൊണ്ടു സ്ഥാപിക്കാനാവാത്ത വിഭാവനങ്ങള്‍. വിചാരസത്യംകൊണ്ടു വെട്ടിത്തള്ളാനാവാത്ത വികാരസത്യം.

കെ.സി. കേശവപിള്ള 27-ആം വയസ്സിലും സച്ചിദാനന്ദന്‍ 25-ആം വയസ്സിലുമാണ് 'ആസന്നമരണചിന്തകള്‍' നെഞ്ചേറ്റുന്നത്. നിറഞ്ഞ യൌവനത്തില്‍ത്തന്നെയാണ് ജി. വരണകര്‍മത്തില്‍ മരണത്തിന്റെ രൂപകം ചാര്‍ത്തുന്നത്. മൃത്യുസത്യത്തിന്റെ നിശ്ചലശാന്തിയോടുള്ള കൊതി ജീവന്റെ ഓരോ കുതിപ്പിലുമുണ്ടെന്ന് മനഃശാസ്‌ത്രം. ജീവനൊരു കൂടുമെനഞ്ഞെടുത്ത "അഴികളഞ്ചുമേ പൊളിയാറായെന്നും'' "അതിലെയോമനക്കിളിതന്‍ പഞ്ചമം പറന്നുപോകുവാനൊരുങ്ങിനില്‍പെന്നും'' സച്ചിദാനന്ദന്‍. പ്രാകൃത ജനതയ്‌ക്കിടയിലേതെന്നു പ്രചാരമുള്ള ബലി പുരാവൃത്തത്തിന്റെ ബിംബവുമായി മൃതിയെ കവി കൂട്ടിയിണക്കുന്നുണ്ട്. (വീണ്ടും 'കാവിലെപ്പാട്ട്' ഓര്‍മയിലെത്തുന്നു.) ഇരുപത്തിമൂന്നു ഖണ്ഡങ്ങുള്ള ഈ നീണ്ടകവിത, കാമിനീപ്രണയജ്വരത്താല്‍ മറ്റെല്ലാം അയഥാര്‍ഥവും നിരര്‍ഥവുമായി ത്തോന്നേണ്ടുന്ന പ്രായത്തില്‍ മൃത്യുയാമിനീപ്രണയജ്വരത്തിനടിപെട്ടുപോകുന്ന ചേതസ്സിന്റെ ഊഷ്‌മളാശ്ളേഷാനുഭൂതി ജ്വലിപ്പിക്കുന്ന രൂപകങ്ങള്‍കൊണ്ട് കൊരുത്ത ഒരു മനോഹര സൃഷ്‌ടിയാണ് - വര്‍ഗവൈരുധ്യസത്യത്തിന്റെയോ മാനവസമത്വദര്‍ശനത്തിന്റെയോ ഭൌമയാഥാര്‍ഥ്യങ്ങളേ കവിതയ്‌ക്കു വിഷയമാകാവൂ എന്ന് അനുശാസിക്കാന്‍ മുതിരുന്ന ആചാര്യന്മാരുണ്ട്. എന്തിന് ? വ്യക്തിനിഷ്‌ഠമായി പ്രണയം വര്‍ജിക്കണമെന്നുപദേശിച്ചവര്‍ പോലുമുണ്ട്. അവര്‍ക്ക് ഈ മൃത്യുസത്യാവിഷ്‌ടത ഒരു നിഷ്‌ഫലമായ ഊര്‍ജവ്യയമായിത്തോന്നിയേക്കും. അവര്‍ ഇതിന്റെ ആത്മീയസത്യസൌന്ദര്യം കാണാന്‍ സജ്ജീകൃതമല്ലാത്ത മനക്കണ്ണുകള്‍ക്കുടമകള്‍. ഇരുപത്തിമൂന്നാം ഖണ്ഡത്തില്‍ വാക്കുകള്‍കൊണ്ട് ഒരു ചിത്രംപോലും രൂപപ്പെടുത്തിയിട്ടുണ്ട്. 'കോണ്‍ക്രീറ്റ് കവിത'യില്‍ കാണാവുന്ന തരത്തിലുള്ള ഒരു ദൃശ്യചിത്രം - ഒരു നിലവിളിക്കിന്റെ ചിത്രം. മൃതന്റെ തലയ്‌ക്കല്‍ കത്തിച്ചുവയ്‌ക്കുന്ന നിലവിളക്കിനെ കാട്ടിത്തരുന്ന ചിത്രം. (ഇതൊരു മതചിഹ്നമാണെന്നാരോപിച്ച് രുഷ്‌ടരാകുന്ന ഒരു വിഭാഗവും സന്തുഷ്‌ടരാകുന്ന മറ്റൊരു വിഭാഗവും ഉണ്ടാവുമോ എന്തോ!)
'ആസന്നമരണചിന്തകളെ'പ്പറ്റി പരാമര്‍ശിച്ചത് ഒരു വസ്‌തുത വ്യക്തമാക്കാനാണ്: ബോധമനസ്സുകൊണ്ടു സങ്കല്‍പിക്കുന്ന ഭൌതികപ്രയോജനം ഉള്ള കവിത മാത്രമേ നമുക്കുവേണ്ടൂ എന്ന കടുംപിടുത്തക്കാര്‍ക്ക് വഴങ്ങാത്ത രചനകളും സൌന്ദര്യമൂല്യത്തിന്റെ ബലത്തില്‍, കവിത കണ്ടാല്‍ തിരിച്ചറിയുന്നവരുടെ മനസ്സില്‍ മൃതി പ്രാപിക്കാതെ ജീവിച്ചിരിക്കാനിടം നേടും.

ഇനി ആ അഞ്ചുകവിതകളിലേയ്‌ക്കു വരാം.

തുക്കാറാമിന്റെയും നാമദേവന്റെയും ബസവണ്ണയുടെയും ഭക്തി അവരുടെ കലാപപ്രവണതകളോടു ബദ്ധമാണ്. വര്‍ണപരമോ കര്‍മപരമോ ആയ ശ്രേണിയുടെ പേരില്‍ നിന്ദിക്കപ്പെട്ടവര്‍ നിന്ദകവര്‍ഗത്തോടുള്ള കലാപത്തെ, വിധേയതയുടെ വിലാപം വെടിഞ്ഞ്, കൈക്കൊള്ളുന്നതിനുപയുക്തമായ ശക്തിമത്തായ ഒരായുധമായി ഭക്തിപ്രസ്ഥാനത്തെ തിരിച്ചറിയാന്‍ തുടങ്ങുമ്പോള്‍ അത് മനുഷ്യമനസ്സിന് 'നായേന്‍' (ഏന്‍=ഞാന്‍. നായയെപ്പോലുള്ള അടിമ) എന്ന ചങ്ങലക്കെട്ടല്ലാതായിത്തീരുന്നു - അന്തരംഗത്തിലെ അടിത്തട്ടില്‍നിന്ന് ഒരു ചുടു നീരുറവയായി പൊങ്ങിയൊഴുകി നിന്ദകവര്‍ഗത്തിനു പൊള്ളലേല്‍പിക്കാന്‍ വേണ്ടുന്ന ഊര്‍ജം വമിക്കുമ്പോള്‍ ഭക്തി പുതിയൊരു കലാപശക്തിയായി സ്വയം പരിണമിക്കുന്ന ദൃശ്യം അടച്ച കണ്ണുകളെപ്പോലും തുറപ്പിക്കുന്ന ഒരു തീവ്രാഘാതമാക്കിത്തീര്‍ക്കാന്‍ സച്ചിദാനന്ദന്‍ മുന്‍പും പല രചനകളെയും നിയോഗിച്ചിട്ടുണ്ട്. അവയില്‍വച്ച്, ഏറ്റവും ശ്രദ്ധേയമായിത്തീര്‍ന്നത് 'ബോധവതി'യാണ്. കറുത്ത വര്‍ഗത്തിന്റെ അടിമബോധത്തില്‍നിന്ന് ചണ്ഡാലബാലികയെ മോചിപ്പിച്ചത് ബുദ്ധദര്‍ശനത്തിലെ വര്‍ണാതീതമായ മാനവസമത്വബോധത്തിന്റെ സന്ദേശവാഹകനായെത്തിയ ആനന്ദനെന്ന ഭിക്ഷുവാണ്. ബുദ്ധസ്‌തോത്രം കൊണ്ടു തുടങ്ങുന്ന ആ കവിതയില്‍, ബുദ്ധന്റെ ഒരു വിശേഷണം 'ഭക്തിവിനാശനന്‍' എന്നാണ്. ഈശ്വരനെയോ ഈശ്വരനോടുള്ള വിധേയതയെയോ അംഗീകരിക്കാത്ത ബോധിസത്വന്‍ "കേവലയുക്തിദിവാകര''നെന്ന് വാഴ്ത്തപ്പെടുന്നു. എന്നാല്‍ ആ വാഴ്ത്ത് പിറന്നത് ഏതു വികാരത്തില്‍ നിന്നാണ്? അദ്ദേഹത്തിന്റെ മഹത്വത്തോടുള്ള നിറഞ്ഞൊഴുകുന്ന ഭക്തിയില്‍നിന്ന്! അതുപോലെയാണ് ചണ്ഡാലബാലികയെ അടിമബോധത്തില്‍നിന്ന് ഞൊടിയിടകൊണ്ടു മോചിപ്പിച്ച ഭിക്ഷുവിനോട് അവളുടെ ഉള്ളിലുണര്‍ന്ന തീവ്രപ്രണയാത്മകമായ ഭക്തി.

"സൃഷ്‌ടിതന്‍ വര്‍ണം കറുപ്പ് നാം
തുല്യരാം
മര്‍ത്യര്‍ ഒരേ തീ വഹിപ്പോര്‍
ദാഹനീരെല്ലാം പനിനീര്‍ സ്വയംനിന്ദ
പാപം സ്വയംഹത്യപോലെ''

എന്ന ഉക്തികള്‍ മന്ത്രശക്തിയായി അവളുടെ അന്തഃകര്‍ണങ്ങളിലേക്കൊഴുകി നിറഞ്ഞു. ആ കൈക്കുമ്പിളിലേയ്‌ക്കൊഴിച്ചു കൊടുത്ത വെള്ളത്തിലേക്ക് ഏഴുകടലുമൊഴുകി - അവളുടെ 'ജാതി' അതില്‍ മുങ്ങിപ്പോയി - അടിമബോധത്തിന്റെ കറുപ്പ് അതിലലിഞ്ഞു മാഞ്ഞുപോയി. അവളെ ബോധവതിയാക്കിയ വ്യക്തിയോടും അദ്ദേഹം നല്‍കിയ സന്ദേശത്തിലെ ദര്‍ശനത്തിന്നുറവയായ പ്രവാചകസത്തയോടുമുള്ള ഭക്തി അവള്‍ക്കു നല്‍കിയതൊരു പുനര്‍ജന്മം; അടിമയില്‍നിന്നു ബോധവതിയിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്.

ഈശ്വരസന്നിധിയില്‍ എല്ലാ മാനവരും തുല്യരെന്ന ബോധമുണര്‍ത്തിയ ഭാവോര്‍ജപ്രവാഹമായി ഭക്തിപ്രസ്ഥാനം വളര്‍ന്നതിന്റെ കഥയാണ് തുക്കാറാമിന്റെയും നാമദേവന്റെയും ബസവണ്ണയുടെയും ജീവിതരേഖകളില്‍നിന്ന് സച്ചിദാനന്ദന്‍ വായിച്ചെടുക്കുന്നത്. അരിക്കച്ചവടക്കാരനായിരുന്ന തുക്കാറാമിന് അരികീര്‍ത്തനമല്ലാതെ ഹരികീര്‍ത്തനം പറഞ്ഞിട്ടില്ലെന്ന് വര്‍ണത്തിലും കര്‍മത്തിലും ഉയര്‍ന്നവര്‍ പരിഹസിച്ചു. ഗുണങ്ങളില്‍ സത്വത്തിന്റെ വെളുപ്പല്ല തമസ്സിന്റെ കറുപ്പാണവര്‍ക്കുണ്ടായിരുന്നതെന്നു തിരിച്ചറിയാന്‍ വേണ്ട ഉയര്‍ച്ചയില്ലാതിരുന്നവര്‍. ഉണ്ടായിരുന്നെങ്കില്‍ അത് സത്വഗുണലക്ഷണമാകുമായിരുന്നല്ലോ. സത്വഗുണത്തില്‍ ഉയര്‍ന്നവനായിരുന്ന തുക്കാറാം ഈശ്വരന്റെ കഠിനപരീക്ഷണങ്ങളിലും തനിക്ക് അദ്ദേഹം നല്‍കിയ ദുസ്സഹദുഃഖങ്ങളിലും അദ്ദേഹത്തിന്റെ കരുണ കണ്ടു. ഭക്തി ദൃഢതരമായി. അരുമക്കുഞ്ഞു വിശന്നു മരിച്ചു. പത്നിപോയി. അരിയറ കള്ളന്‍ പൊളിച്ചു. അമ്മ തളര്‍വാതം പിടിച്ച് കിടന്നു വലഞ്ഞുമരിച്ചു. കരംപിരിവുകാര്‍ തൊഴുത്തിലെ ഉരുവിനെയും കുടിലനായ ജന്മി കുടിലിലെ കലംചട്ടികള്‍ വരെയും (തന്റെ പങ്കുപാട്ടത്തിന്‍ പേരില്‍) തട്ടിക്കൊണ്ടുപോയി. എല്ലാത്തിന്നും മേലേ താനെഴുതിയ ഭക്തികാവ്യങ്ങളെ പുഴയിലെറിയേണ്ടിവന്നു, മേലാളരുടെ മുഷ്‌കുകൊണ്ട്. ഇതില്‍ക്കൂടുതല്‍ വ്യഥകളും പരീക്ഷണങ്ങളും ഉണ്ടാവാനുണ്ടോ? എന്നിട്ടും "മൂകനെ വാചാലനും പംഗുവിനെ പര്‍വതലംഘകനുമാക്കുന്ന'' കൃപാകരനോടു പ്രാര്‍ഥിച്ചത് "നാവു പിഴുതെടുക്കുക; കാല്‍വെട്ടി മുടന്തനാക്കുക'' എന്ന്. രോഷവും ദ്വേഷവും വമിക്കുന്ന രാഗത്തില്‍ തുക്കാറാമിന്റെ കരളുവെന്തു. അതില്‍നിന്നു പൊങ്ങിയ ആവി പിന്നെയും രാഗഗാനമായൊഴുകി.

നാമദേവന്‍ തയ്യല്‍ക്കാരനായിരുന്നു. പൂജാരിമാരെ മാത്രമല്ല ശിലാവിഗ്രഹങ്ങളെയും ക്ഷേത്രങ്ങളെയും നിഷേധിച്ച വിശ്വാസി. താന്‍ ആരാധിക്കുന്ന ദേവന്, രാമന്, ബ്രഹ്മാണ്ഡം ഉള്ളപ്പോള്‍ ക്ഷേത്രമെന്ന കരിങ്കല്‍ത്തുറുങ്ക് എന്തിനെന്നു ചിന്തിച്ച ഭക്തന്‍. വിഗ്രഹം പണിതവനും തകിലിനു തുകിലിട്ടവനും, ഇലത്താളവും കുഴലും വിളക്കും വാര്‍ത്തെടുത്തവനും, തിരുവാട നെയ്‌തവനും, നൈവേദ്യത്തിനുള്ളതെല്ലാം മണ്ണില്‍നിന്നു വിളയിച്ചവനും കോവിലില്‍ പ്രവേശമില്ല. ആശാരിയും മൂശാരിയും കൊല്ലനും തോല്‍പ്പണിക്കാരനും നെയ്‌ത്തുകാരനും കര്‍ഷകനും മതിലിനു പുറത്ത്. ക്ഷേത്രമെന്ന ആലയങ്ങളുടെ നിലനില്‍പിലുള്ള ഈ പൊരുത്തക്കേട് തിരിച്ചറിഞ്ഞവരുടെ കലാപം കൂടിയായിരുന്നു ഭക്തിപ്രസ്ഥാനം,

"മിഴിയടച്ചിട്ടു ഞാന്‍ കാണുന്നതെന്തെന്തെന്നു
പറയുന്നതെങ്ങനെ വാക്കാല്‍
മഴവില്ലൊതുങ്ങുമോ മഷിയളുക്കില്‍ കടല്‍
തളയുമോ ചമ്പരച്ചരടില്‍''

നാമദേവന്റെ വിശ്വവ്യാപ്‌തമുള്ള ഭക്തിയെ തങ്ങളുടെ കരിങ്കല്‍ക്ഷേത്രഗുഹകളില്‍ തളച്ചിടാന്‍ വേദവിത്തുകള്‍ക്കു കഴിഞ്ഞില്ല.

കര്‍ണാടകത്തിലെ വീരശൈവ വിഭാഗത്തില്‍പ്പെട്ട ബസവണ്ണ ജന്മനാ ബ്രാഹ്മണന്‍ തന്നെയായിരുന്നു. കര്‍മണാ മനുഷ്യനായി ഉയര്‍ന്നു. ജാതിവ്യവസ്ഥകളെ വെല്ലുവിളിച്ചു. പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു. ശിവഭക്തനായി വളര്‍ന്നു. (ശിവന്‍ - ചെവന്‍ - ദ്രാവിഡരുടെ ദൈവമായിരുന്നെന്ന് ചരിത്രഗവേഷകരുടെ മതം) ജാതിഭേദങ്ങളും മതാചാരങ്ങളും അംഗീകരിക്കാത്ത ഒരു ശിവഭക്തസമൂഹം വളര്‍ന്നുവരുന്നത് ബ്രാഹ്മണ, ക്ഷത്രിയ വിഭാഗങ്ങളെ ഭയപ്പെടുത്തി. ഒരവര്‍ണനും ബ്രാഹ്മണസ്‌ത്രീയുമായുള്ള വിവാഹം നടത്തിക്കൊടുത്തു ബസവണ്ണ. രാജാവ് വധൂവരന്മാര്‍ക്കും അവരുടെ ജനയിതാക്കള്‍ക്കും വധശിക്ഷ വിധിച്ചു. വീരശൈവവിഭാഗം കലാപത്തിനൊരുങ്ങി. അഹിംസാവാദിയായ ബസവണ്ണ വ്യഥിതനായി മൃതിയടഞ്ഞു. അദ്ദേഹത്തിന്റെ ഭക്തിഗാഥകളാകട്ടെ കര്‍ണാടകത്തില്‍ പിന്‍തലമുറകള്‍ വര്‍ണഭേദമില്ലാതെ നെഞ്ചേറ്റിപ്പാടി നടന്നു. എന്നും അധ്വാനിക്കുന്നവരുടെ കൂടെ നിന്ന ബസവണ്ണ വിയര്‍പ്പൊഴുക്കാതെ വിളവുകള്‍ കൈയടക്കുന്നവരുടെ കൂടെ നിന്നില്ല.

"ധനികര്‍ നിര്‍മിക്കുന്ന ശിവമന്ദിരങ്ങള്‍ നാ
മെളിയവര്‍ക്കോ കാലു തൂണുകള്‍ ഉടല്‍ കോവില്‍
തല താഴികക്കുടം നാം തന്നെ മന്ദിരം
സ്ഥിരമായതൊക്കെയും വീണുപോമുലകത്തില്‍
നിലനില്‍ക്കുമേ ചലിപ്പതുമാത്രമെപ്പൊഴും''

എന്നു പാടിയ വിപ്ളവബോധം പന്ത്രണ്ടാം നൂറ്റാണ്ടിലെ കവിയിലുദിച്ചിരുന്നു. വര്‍ഗവൈരുധ്യ തത്ത്വശാസ്‌ത്രങ്ങള്‍ പടിഞ്ഞാറുനിന്നൊഴുകി വരുന്നതിനെത്രയോ മുന്‍പ് 'ഈശാവാസ്യമിദംസര്‍വ'മെന്നു സംസ്‌കൃതത്തില്‍ മൊഴിഞ്ഞവര്‍ക്കും ബസവണ്ണയെപ്പോലെ ദ്രാവിഡത്തില്‍ പാടിയവര്‍ക്കും "ധനം ആരുടെ? ആരുടെയുമല്ല'' (കസ്യസ്വിദ് ധനം?) എന്ന അറിവു തെളിഞ്ഞുകിട്ടിയിരുന്നു. ഈശ്വരന്‍ തങ്ങളുടെ സ്വകാര്യസ്വത്തെന്നു ഞെളിഞ്ഞുനിന്ന വര്‍ഗത്തിന്റെ കൂടെയല്ല, ഒന്നിനും ഉടമ ചമയാതെ കര്‍മങ്ങള്‍ ചെയ്‌തുകൊണ്ട് ഇവിടെ (കുര്‍വന്നേവേഹ കര്‍മാണി) കഴിഞ്ഞുകൂടിയവരുടെ കൂടെയായിരുന്നു അവരുടെ നില.

"ഇനിയില്ല നാകവും നരകവും ഭൂവിതി
ലിനിയില്ലയരചനും പ്രജയുമിശ്ശിവശക്തി
നടനമേ സത്യം, ഇത്താരയൂഥങ്ങളില്‍
നിറയും വെളിച്ചമേ സത്യം, ഇക്കുരുവിതന്‍
മിഴിയിലും പാലതന്‍ പൂവിലും വാക്കിന്റെ
വടിവിലും വിരിയും വെളിച്ചമേ സത്യ മീ
മഴയില്‍ നിര്‍വാണത്തിലുരുകുക, അണപൊട്ടി
യൊഴുകുക പ്രഭുവെന്ന ദ്വിജനെന്ന, ആണെന്ന
ഞാനെന്ന ഭാവങ്ങളൊക്കെത്തകര്‍ത്തു നാ
മുയരുക പവിത്രമാകട്ടെ ധരാതലം''

എന്നു ബസവണ്ണയോടൊപ്പം നിന്നാടിപ്പാടുന്ന, സച്ചിദാനന്ദനൃത്തം ചവിട്ടുന്ന, കവിക്ക് ബസവണ്ണയുടെ ചേതസ്സില്‍ തന്നെത്തന്നെ കണ്ടെത്തിയതിന്റെ നിര്‍വൃതിയുണ്ടെന്നതിന് കവിത തന്നെയാണ് സാക്ഷി.

വൃക്ഷസസ്യപ്രപഞ്ചത്തോടേകീഭവിച്ച ജ്ഞാനേന്ദ്രിയങ്ങളും മനസ്സുമുണ്ടായിരുന്നു തമിഴിലെ സംഘസാഹിത്യകൃതികളുടെ രചയിതാക്കള്‍ക്ക്. ബാല്യത്തിലേ സന്യസിച്ചിറങ്ങിപ്പോകുന്ന പുത്രനെ നോക്കി വിരഹകാതരനായി 'പുത്രാ...' എന്നു ചങ്കുപൊട്ടി വ്യാസന്‍ വിളിച്ചപ്പോള്‍ കാട്ടിലെ മരങ്ങളൊരുമിച്ചു വിളികേട്ടുവെന്നത് വിഷ്‌ണുഭക്തിപ്രസ്ഥാനത്തിന്റെ കാതലായ ഭാഗവതപുരാണത്തിലെ സര്‍വഭൂതഹൃദയത്വമെന്ന പരമോന്നത മാനുഷമാനസാവസ്ഥയെക്കുറിച്ചുള്ള ദര്‍ശനമാണ്. തമിഴിലെ സംഘകവികള്‍ക്ക് വൃക്ഷസസ്യാദികളുടെ പ്രാണനുമായി ഏകീഭവിക്കുന്ന ആ മാനസാവസ്ഥ സഹജസിദ്ധിയായിരുന്നെന്നുതോന്നും ആ പാട്ടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ - ആണ്ടാളുടെ പ്രണയത്തെക്കുറിച്ചുള്ള സച്ചിദാനന്ദകവിത സംഘകവിതയുടെ ചേതസ്സിനെ തന്റെ പദാവലിയിലേക്കാവഹിച്ചെടുത്തിരിക്കുന്നു. അഞ്ചുവക പ്രണയത്തെക്കുറിച്ചുള്ള ആണ്ടാളുടെ വര്‍ണന കേട്ടു നാം തരിച്ചിരുന്നു പോകും. സംഘകവിതയെക്കുറിച്ചുള്ള പഠിച്ചറിവുകൊണ്ടുമാത്രം അകത്തെ പ്രാണനും പുറത്തെ പ്രകൃതിയും, പ്രാണന്റെ ഓരോ കോശത്തിലും തുടിക്കുന്ന പ്രണയവും ഒന്നുചേര്‍ന്നൊഴുകുന്ന ലയലഹരിയിലാറാടുന്ന അനുഭവം പുനര്‍വിരചിക്കുക സാധ്യമല്ല. പ്രാണകോശങ്ങളിലെ ആ തുടിപ്പ് ചേതസ്സിന്റെ സമാനപ്രകൃതിയായിട്ടുള്ളവര്‍ക്കുമാത്രം സാധ്യമായ ഇന്ദ്രജാലം എന്നേ ഈ അനുഭവപുനര്‍വിരചനയെ വിശേഷിപ്പിക്കാനാവൂ. ഇരുപതില്‍ പാര്‍വതിയുടെ പ്രണയതപസ്സിന്റെ പഞ്ചാഗ്നിക്കുള്ള വേവും വീറും വെളിച്ചവും കാളിദാസവചസ്സുകളില്‍നിന്ന് ആവാഹിച്ചെടുത്ത് സ്വവചനങ്ങളില്‍ നിറയ്‌ക്കാന്‍ കഴിഞ്ഞത് സ്വന്തം പ്രാണകോശങ്ങളില്‍ അതു തുടിച്ചിരുന്നതുകൊണ്ടാണ്. അന്നത്തേതിന്റെ പതിന്മടങ്ങു വളര്‍ന്ന വാഗിന്ദ്രജാലമാണ് സച്ചിദാനന്ദന്‍ തന്റെ അന്‍പതില്‍, ആണ്ടാളുടെ പ്രണയതപസ്സു വര്‍ണിച്ചതില്‍ വിരിയിച്ചിരിക്കുന്നത്. കവി ബോധപൂര്‍വം പ്രയത്നിച്ചാലും ആ തുടിപ്പ് പ്രാണകോശങ്ങളിലില്ലാതാക്കാനാവില്ലെന്ന് അത് കാതോര്‍ത്തറിയാന്‍ കഴിയുന്നവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്ന രചനയാണിത്. ജീവിജനുസ്സുകളുടെയും മനുഷ്യജനുസ്സിന്റെയും പലപല രൂപങ്ങള്‍ വിവരിച്ചിട്ട്

"ഓരോ പ്രാണിയിലും പത്തവ
താരങ്ങളെടുത്തൊരു പുരുഷനെ
യീമട്ടില്‍ കണ്ടുവണങ്ങി
ദാഹം പശി കാമമിതൊക്കെയു
മോരാതെ മഴ വെയില്‍ മഞ്ഞുക
ളറിയാതെ നരയും ജരയും
പാരാതെ നീര്‍മരുതിന്‍ വന്‍
വേടില്‍ കുടികൊണ്ടു തപസ്സാര്‍-
ന്നീടുവതേ എന്നുടെ പ്രണയം''

എന്നു നിശ്വസിക്കുന്ന ആണ്ടാള്‍ സച്ചിദാനന്ദന്റെ കവിതയില്‍നിന്ന് അരൂപിയായി നമ്മുടെ പ്രാണശ്വാസത്തിലൂടെ ഉള്ളില്‍ കടന്ന് അവിടെ വാഴുന്നു; പണ്ട് 'സുലഭ' ജനകന്റെ ഉള്ളില്‍ കടന്നുകൂടിയപോലെ. ഇതിന് സമാനഭാവുകത്വമെന്ന മനസജ്ജീകരണം നമുക്കുണ്ടാവണമെന്നുമാത്രം.

സച്ചിദാനന്ദന്റെ ഏറ്റവും മനോഹരമായ രചനകളുടെ ഗണത്തില്‍ ഈ അഞ്ചുകവിതകളെ ഇരുത്താന്‍ കവിതയ്‌ക്കായി തുറക്കാന്‍ കഴിയുന്ന അന്തരിന്ദ്രിയങ്ങളുള്ളവരാരും മടിക്കുകയില്ല. മറിച്ച്, തങ്ങളുടേതായ ഇടുങ്ങിയ കാരണങ്ങളാല്‍ ഇടശ്ശേരിയുടെ 'കാവിലെപ്പാട്ടി'ന്റെയോ കുമാരനാശാന്റെ 'നളിനി'യുടെയോ വൈലോപ്പിള്ളിയുടെ 'വെള്ളിലവള്ളി'യുടെയോ നേര്‍ക്കു നോക്കാന്‍ മടിക്കുന്നവര്‍ ആണ്ടാളുടെയും അക്കയുടെയും പ്രണയം "സമഗ്രമാനവ പുരോഗതിയിലേയ്‌ക്ക് എന്തു സംഭാവന ചെയ്‌തു'' എന്നു ചോദിച്ചു മുഖം തിരിച്ചെന്നുവരാം. അത് അവരുടെ ഇഷ്‌ടം.

*
എം. ലീലാവതി
'ഉജ്ജ്വല്‍'
കൊച്ചി യൂണിവേഴ്സിറ്റി പി.ഒ
എറണാകുളം

കടപ്പാട്: ഗ്രന്ഥാലോകം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അനേകവും അനന്തവുമായ മാനങ്ങളുണ്ട് സച്ചിദാനന്ദത്തിനെന്നപോലെ സച്ചിദാനന്ദകവിതയ്‌ക്ക്. അതിരുകളുള്ള കളങ്ങള്‍ക്കതീതമായ അതിരറ്റ ഭാവധ്വനിവ്യാപ്‌തിയാണ് ആദ്യത്തേതിന്നെന്നപോലെ രണ്ടാമത്തേതിനും പരമമൂലകവും പരമമൂല്യവും. ഭൌതികമെന്നപോലെ ആത്മീയവുമായ സത്യവും ജ്ഞാനവും ആനന്ദവും സമ്മേളിക്കുന്നതിന്റെ ഉല്‍പന്നമായ ജ്വാല വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും സച്ചിദാനന്ദന്റെ കവിതയില്‍നിന്നു പൊത്തിപ്പരന്നു ചൂടും വെളിച്ചവും പ്രസരിപ്പിച്ചു; സത്യശിവസൌന്ദര്യബോധങ്ങളെത്തഴുകി ഉയിര്‍പ്പിച്ചുണര്‍ത്തി ജ്വലിപ്പിച്ചുപോന്നു. ഈ വിവരണത്തിലെ വാക്കുകളൊക്കെ 'പഴഞ്ചന്‍ ക്ളീഷേ' എന്ന് പുതുഞ്ചര്‍ക്ക് ഇടംകൈകൊണ്ട് തട്ടിമാറ്റാനുള്ള സ്വാതന്ത്ര്യം അവര്‍ മതിവരുവോളം ഉപയോഗിച്ചുകൊള്ളട്ടെ. എന്നാല്‍, അവര്‍ അതിരുകുറിക്കുന്ന കള്ളികളിലോ കളങ്ങളിലോ അടങ്ങിയൊതുങ്ങിക്കൂടാനുള്ള വിധേയതയുടെ ചരടുകള്‍ പൊട്ടിക്കുന്നതിനുള്ള ഊക്കും ഊറ്റവും ഉള്ളുറപ്പും സച്ചിദാനന്ദന്റെ കവിതയ്‌ക്ക് ഒരിക്കലും കൈവിട്ടുപോയിട്ടില്ല. ഇരുപതാം കാലത്തെ കവിതയില്‍ അറുപതാം കാലത്തെ ആത്മീയഗുരുതയും അറുപതാം കാലത്തെ കവിതയില്‍ 'എന്തിരുപതി'ലെ പ്രണയോഷ്‌മളതയും കാണാം. എല്ലാക്കാലത്തും ഒരുപോലെ അന്നന്നത്തെ വിഷയങ്ങള്‍ക്കും അന്നന്നത്തെ വിശ്വാസങ്ങള്‍ക്കും അന്നന്നത്തെ പ്രത്യയങ്ങള്‍ക്കും ചേര്‍ന്ന മന്ദ്രതയോ മന്ദതയോ ഗര്‍ജനമോ പരിദേവനമോ കാതിലലപ്പിക്കുന്ന ശാബ്‌ദികഘടനയും, തിളക്കമോ നടുക്കമോ വെളിച്ചമോ ഉള്‍ക്കണ്ണിലര്‍പ്പിക്കുന്ന ഭാവഘടനയും, ഭാവവൈദ്യുതീ പ്രസരത്തിനൊത്ത തോരാത്ത രൂപകപ്പെയ്‌ത്തും സച്ചിദാനന്ദന്റെ കവിതയ്‌ക്കു കിട്ടിയിട്ടുള്ള വരമാണ്. ഇതിനെയാണ് പഴമവന്മാര്‍ 'ശക്തി' എന്നു വിളിച്ചത്. ഇതു തികഞ്ഞവര്‍ക്ക് ഏതു കളത്തിലും കള്ളിയിലും നില്‍ക്കുമ്പോഴും നടുന്നതെല്ലാം പൂക്കുകയും ഫലിക്കുകയും ചെയ്യുന്ന സസ്യങ്ങളാക്കാന്‍ കഴിയും. സ്‌തോത്രങ്ങള്‍, രോഷങ്ങള്‍, തീവ്രവാദങ്ങള്‍, ഹിംസ്രതകള്‍, ദൈന്യങ്ങള്‍, പ്രത്യാശകള്‍, നൈരാശ്യങ്ങള്‍, പകകള്‍, സഹനങ്ങള്‍, തിതിക്ഷകള്‍, മുമുക്ഷകള്‍ - എല്ലാ വൈവിധ്യങ്ങള്‍ക്കും വൈരുധ്യങ്ങള്‍ക്കും മുളച്ചു വളര്‍ന്നു തഴച്ചു പൂത്തുകായ്‌ക്കാന്‍ പാകപ്പെട്ട ക്ഷേത്രം - വയല്‍ - ആണ് 'ശക്തി'യാര്‍ന്ന കവിമനം. ഏതെങ്കിലും 'വാദ'ത്തിന്റെയോ 'ഇസ'ത്തി ന്റെയോ തടങ്ങളില്‍ തടഞ്ഞിട്ട് ഒതുക്കാവുന്നതല്ല ഇവിടെ വിരിയുന്ന പൂക്കളുടെ സൌരഭ്യവും കായ്‌കളുടെ പോഷകത്വവും. യഥോചിതം അവയ്‌ക്കു പരിമിതമായ പ്രയോജനവും കാലദേശാവസ്ഥകളുടെ പരിമിതികളില്ലാത്ത പ്രമോദവും പ്രസരിപ്പിക്കാന്‍ കഴിയുന്നു. ഊന്നി നില്‍ക്കേണ്ടപ്പോള്‍ പേശികളുറച്ച കാലുകളും ഉയര്‍ന്നു പറക്കേണ്ടപ്പോള്‍ വിരിഞ്ഞുവീശാവുന്ന ചിറകുകളും ഉള്ള കവിതയെ തടങ്ങളും തളങ്ങളും കളങ്ങളും വിട്ടു പുറത്തു കടക്കാനാവാത്തവര്‍ക്ക് എല്ലായ്പ്പോഴും 'സ്വന്തം' എന്നു കൈയടക്കാനാവില്ല.