Thursday, November 18, 2010

മിഥ്യാരൂപം കാണുന്നൂ നീ

നാടകീയ കാവ്യമായ 'മുക്ത'യെ മുന്‍നിറുത്തിയുള്ള പഠനം

"അന്തിമമായി ഒരുവന് അവന്‍ തന്നെയാണ് അനുഭവം. വിദൂരദേശങ്ങളിലും മനുഷ്യരിലും സംഭവങ്ങളിലും ഞാന്‍ കെട്ടുപിണഞ്ഞു കിടന്നുവെങ്കിലും ഒടുവില്‍ എന്നിലേക്കു മടങ്ങിവരുന്നത് ഞാന്‍ മാത്രമാണല്ലോ.'' (നീത്ഷെ)

വെളിച്ചം അകന്നുപോയ ഏകാന്തതയുടെ തടവറയില്‍ കഴിയുന്ന മനുഷ്യന്‍ യഥാര്‍ഥത്തില്‍ ഏകാകിയല്ല. കാലത്തില്‍നിന്നു കാലത്തിലേയ്‌ക്കു വഴുതിമാറുന്ന ഓര്‍മയുടെ പ്രവാഹത്തിലായിരിക്കും അയാള്‍. ചിലരില്‍ ഓര്‍മ യുദ്ധോല്‍സുകതയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കും. മറ്റുചിലരില്‍ പ്രണയത്തിന്റെ നിറഭേദങ്ങളുള്ള നെയ്‌ത്തുശാല തെളിയും. ഭൌതികമോ ആത്മീയമോ ആയ ശൂന്യതകളില്‍ കഴിയാന്‍ ഒരു മനുഷ്യനും പ്രസ്ഥാനങ്ങള്‍ക്കും സാധിക്കില്ല. അപരിചിതമായ ഭാഷയിലൂടെയുള്ള ഓര്‍മയാണ് കവിത. ആധുനിക മലയാള കവിതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കാവ്യഘടനയില്‍ അന്തര്‍ഭവിച്ചുകിടക്കുന്ന പാരമ്പര്യത്തിന്റെ ഉറവകളെക്കുറിച്ചും സംക്രമണത്തെക്കുറിച്ചും ഓര്‍ക്കണം. കാരണം, ഇന്ത്യന്‍ നവോത്ഥാനത്തിന്റെയും ആധുനിക സങ്കല്‍പങ്ങളുടെയും ഏതെല്ലാമോ ഛായകള്‍ ആധുനിക മലയാള കവിത നിലനിറുത്തുന്നുണ്ട്. രവീന്ദ്രനാഥ ടാഗോറിനും സച്ചിദാനന്ദനും തമ്മിലുള്ള ബന്ധം ദേശീയമായ വൈരുധ്യങ്ങളുടെയും കാവ്യമാതൃകകളുടെയും കലര്‍പ്പുകളെ ഓര്‍മപ്പെടുത്തുന്നു. സച്ചിദാനന്ദന്റെ 'മുക്ത' എന്ന നാടകീയകാവ്യം ഈ ബന്ധത്തിന്റെ സാക്ഷാല്‍കൃത രൂപമാണ്.

'മുക്ത' മഹാപാരമ്പര്യങ്ങളുടെയും ലഘുപാരമ്പര്യങ്ങളുടെയും മിശ്രണത്തെ കാണിക്കുന്നു. പ്രണയവും വിപ്ളവവും ഒളിഞ്ഞിരിക്കുന്ന തികച്ചും ജനാധിപത്യപരമായ കര്‍ത്തൃത്വമാണ് 'മുക്ത'യിലുള്ളത്. മഹാഭാരതത്തില്‍ അര്‍ജുനന്റെ ഭാര്യമാരില്‍ ഒരാളായി ചിത്രീകരിക്കപ്പെടുന്ന 'ചിത്രാംഗദ'യുടെ കഥയെ ആസ്പദമാക്കിയാണ് 'മുക്ത' രചിക്കപ്പെട്ടിട്ടുള്ളത്. മണിപ്പൂര്‍ രാജാവിന്റെ പുത്രിയായ ചിത്രാംഗദയില്‍ അര്‍ജുനന്‍ അനുരക്തനാകുന്നു. അര്‍ജുനന് ചിത്രയിലുണ്ടാകുന്ന കുട്ടിയെ മണിപ്പൂര്‍ രാജധാനിയില്‍ത്തന്നെ ഏല്‍പിച്ചു പോകണമെന്ന നിബന്ധനയില്‍ അവരുടെ വിവാഹം നടക്കുന്നതായി പറയുന്ന മഹാഭാരത സന്ദര്‍ഭത്തില്‍നിന്നു 'മുക്ത' വ്യത്യസ്‌തമാണ്. ആത്മസംഘര്‍ഷങ്ങള്‍ക്കിടയില്ലാതെ, സ്വാഭാവികതയില്‍ തിരോഭവിച്ചു പോകുന്ന ഈ കഥയോട് നാമമാത്രമായ ബന്ധം മാത്രമേ സച്ചിദാനന്ദന്റെ 'മുക്ത'യ്‌ക്കുള്ളൂ. മുക്ത പ്രമേയതലത്തില്‍ അടുത്തുനില്‍ക്കുന്നത് രവീന്ദ്രനാഥ ടാഗോറിന്റെ 'ചിത്ര' എന്ന നൃത്തനാടകത്തോടാണ്. ഇതിഹാസകഥയില്‍ അജ്ഞാതമായ ചിത്രയുടെ വ്യക്തിത്വത്തിനും ജീവിതത്തിനും പുതിയ മാനം നല്‍കിക്കൊണ്ടാണ് ടാഗോര്‍ ചിത്രയെ പരിഷ്‌കരിക്കുന്നത്. ടാഗോറിന്റെ 'ചിത്ര' മണിപ്പൂര്‍ രാജാവിന്റെ ഏകപുത്രിയാണ്. അതിനാല്‍ ആണ്‍കുട്ടിയുടെ രൂപഭാവങ്ങളിലാണ് ചിത്ര വളരുന്നത്. ഒരിക്കല്‍ കാട്ടില്‍ നായാടി നടക്കുമ്പോള്‍ ബ്രഹ്മചര്യമനുഷ്ഠിച്ച് ദേശാന്തരങ്ങളിലൂടെ അലയുന്ന അര്‍ജുനനെ കാണുന്നു. സ്‌ത്രൈണമായ ആര്‍ദ്രതകളൊന്നും ശരീരത്തിനില്ലെങ്കിലും 'ചിത്ര'യില്‍ ഒളിഞ്ഞിരിക്കുന്ന അനുരാഗിണി ഉണരുന്നു. ബ്രഹ്മചാരിയായി തുടരുന്ന അര്‍ജുനന്‍ ആദ്യം അവളുടെ പ്രണയത്തെ നിരാകരിക്കുന്നു. ചിത്രയുടെ യുദ്ധോല്‍സുകമായ മനസ്സിന് മുറിവേല്‍ക്കുന്നു. കാമദേവന്റെ അനുഗ്രഹത്തോടെ പ്രലോഭനീയമായ സ്‌ത്രീരൂപമായി ചിത്ര മാറുന്നു. ചിത്രയുടെയും അര്‍ജുനന്റെയും അനുരാഗകാലം മുഴുവന്‍ ചിത്രയുടെ അനാകര്‍ഷകമായ യഥാര്‍ഥ 'സ്വത്വം' മറഞ്ഞിരിക്കുകയാണ്. പക്ഷേ സുന്ദരിയുടെ പരിവേഷകാലം കഴിയാറായി. അസ്വസ്ഥജനകമായ ഒരന്തരീക്ഷമാണിത്. തന്റെ യാഥാര്‍ഥരൂപത്തില്‍ അര്‍ജുനന്‍ തന്നെ അംഗീകരിക്കുന്നതോടെ ടാഗോറിന്റെ നാടകം പരിസമാപ്‌തിയിലെത്തുന്നു. ടാഗോര്‍ അവസാനിപ്പിച്ച ദീര്‍ഘമായ വഴിയിലൂടെ ഭാവുകത്വം പരിണമിച്ചതിന്റെ കഥയാണ് സച്ചിദാനന്ദന്റെ 'മുക്ത' പറയുന്നത്. ടാഗോറിന്റെ നൃത്തനാടകത്തില്‍ മായകൊണ്ട് മറച്ചുവയ്‌ക്കപ്പെട്ട സ്വത്വത്തില്‍നിന്ന് ചിത്ര മോചിതയാകുന്നുണ്ടോ? ആധുനിക മലയാളകവിത ഏതു രീതിയിലാണ് സ്‌ത്രീത്വത്തെ സമീപിച്ചത്? സച്ചിദാനന്ദന്റെ ഇതര കവിതകളെ അപേക്ഷിച്ച് 'മുക്ത'യുടെ ഘടന നിര്‍വഹിക്കുന്ന പ്രത്യയശാസ്‌ത്രപരമായ ധര്‍മമെന്ത്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഈ പശ്ചാത്തലത്തില്‍ ഉയരുന്നുണ്ട്.

'മുക്ത'യിലെ ചിത്ര സമരനായിക തന്നെയാണ്. അര്‍ജുനനില്‍ത്തന്നെ തെളിയുകയും മങ്ങുകയും ചെയ്യുന്ന ഭാവപ്രകൃതിയായാണ് ചിത്ര ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നതെന്ന് മുഖക്കുറിപ്പില്‍ സച്ചിദാനന്ദന്‍ വ്യക്തമാക്കുന്നുണ്ട്. "നൃത്തസംഗീതികയായി അവതരിപ്പിക്കാവുന്ന ഈ നാടകീയകാവ്യം മൂലകഥയില്‍നിന്ന് ചില അംശങ്ങളേ സ്വീകരിക്കുന്നുള്ളൂ. ഇത് ഒരു പ്രണയകഥയെക്കാളേറെ പ്രലോഭനത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്. ഇതിലെ പാര്‍ഥന്‍ എല്ലാ അസ്വതന്ത്ര ജനതയുടെയും മനസ്സിലുളള വിമോചനപുരുഷന്‍ തന്നെയാണ്. അവരുടെതന്നെ ആത്മബോധത്തിന്റെ ബാഹ്യവല്‍ക്കരിക്കപ്പെട്ട രൂപവും ഛായയുമാണയാള്‍. അയാള്‍ പ്രകൃതിയെ കണ്ടെത്തി ആത്മസാക്ഷാല്‍ക്കാരം നേടുന്നത് പല പടവുകളിലൂടെയാണ്. ആദ്യം ബാഹ്യപ്രകൃതിയായി, പിന്നെ കാമരൂപിണിയായ ചിത്രയായി, പിന്നീട് സംഗരോദ്യുക്തയായ ചിത്രയായി, ഒടുവില്‍ തന്റെ തന്നെ സമരബദ്ധമായ ആത്മപ്രകൃതിയായി ചിത്രാംഗദ, ഭാവരൂപങ്ങള്‍ നിരന്തരം മാറുന്ന പ്രകൃതി തന്നെയാകുന്നു. പ്രണയമോഹിനിയായി മനുഷ്യനെ ആളിക്കത്തിക്കുന്ന പ്രകൃതി തന്നെയാണ് മഹാപ്രസ്ഥാനങ്ങളിലേയ്‌ക്കും വിപ്ളവങ്ങളിലേയ്‌ക്കും അവനെ ത്വരിപ്പിക്കുന്നതും.'' 'മുക്ത'യില്‍ ചിത്രയ്‌ക്കു ഭാഷയുണ്ട്. ആത്മവ്യഥകളുടെ പശ്ചാത്തലമുണ്ട്. സ്വത്വസ്ഥാപനത്തിനുവേണ്ടിയുള്ള ഉപാധികളും അന്വേഷണങ്ങളുമുണ്ട്. എന്നിട്ടും ചിത്ര അമൂര്‍ത്തമായ ഒരു കഥാപാത്രമായി കാവ്യഘടനയില്‍ നിലനില്‍ക്കുന്നു. അനുഭൂതിയുടെ സൌന്ദര്യശാസ്‌ത്രത്തിനുമപ്പുറം സ്വത്വസംഘര്‍ഷത്തിന്റെ കഥയായി 'മുക്ത' പരിണമിക്കുന്നത് ഈ സാഹചര്യത്തിലാണ്. സ്വത്വത്തിന്റെ ഭിന്നനിലകള്‍ പ്രമേയതലത്തിലും ഘടനാതലത്തിലും 'മുക്ത' ഉള്‍ക്കൊള്ളുന്നു.

നവകാല്‍പനികനിരൂപണം രൂപപ്പെടുത്തിയ ഏകാത്മകവും ഭാവസാന്ദ്രവുമായ സ്വത്വസങ്കല്‍പമായിരുന്നില്ല ആധുനിക മലയാളകവിതയുടേത്. അത് ഓരോ കാലത്തും ഓരോതരം സ്വത്വത്തെ വെളിപ്പെടുത്തി. ആത്മപ്രതിസന്ധികളും സന്ദിഗ്ധതകളും കാല്‍പനികവിപ്ളവങ്ങളും പെയ്‌തൊഴിഞ്ഞ് സമൂഹബദ്ധമായ ജീവിതവീക്ഷണം കവിതയില്‍ രൂപപ്പെട്ടുവന്ന എഴുപതുകളിലാണ് 'മുക്ത' രചിക്കപ്പെടുന്നത്. മനോഭാവം ഘടനയായി വികസിക്കുന്ന കാവ്യാന്തരീക്ഷത്തിന്റെ സൃഷ്‌ടി എന്ന നിലയിലാണ് 'മുക്ത' വിലയിരുത്തപ്പെടുന്നത്. വര്‍ഗം, വംശം, ദേശം, ഭാഷ, ലിംഗം എന്നിങ്ങനെയുള്ള സ്വത്വനിര്‍ണയോപാധികള്‍ എങ്ങനെ കാവ്യഘടനയിലേക്കു പരിവര്‍ത്തിക്കുന്നു എന്നത് ഇവിടെ പ്രസക്തമാണ്. പുതിയ സാമൂഹ്യോര്‍ജത്തെ സ്വീകരിക്കാനാണ് വൃത്തങ്ങള്‍ പിളര്‍ക്കപ്പെട്ടതെന്നും മലയാളകവിതയില്‍ 'ഗദ്യം' ഒരു അംഗീകൃതമാതൃകയായി പ്രത്യക്ഷപ്പെടുന്നത് എഴുപതുകളിലാണെന്നും സച്ചിദാനന്ദന്‍ പറയുന്നത് ഇവിടെ ഓര്‍ക്കാം.

സുനില്‍ ഗംഗോപാധ്യായയുമൊത്തുള്ള ഒരു സംഭാഷണത്തില്‍ 'ടാഗോര്‍ സിന്‍ഡ്രോം' എന്നൊരു പ്രയോഗം സച്ചിദാനന്ദന്‍ കടമെടുക്കുന്നുണ്ട്. സംഗീതത്തിലും സാഹിത്യത്തിലും രൂപപരമായ പരീക്ഷണങ്ങള്‍ ഏറെ നടത്തിയിട്ടുള്ള ടാഗോറിന്റെ രചനകള്‍ 'കലര്‍പ്പുകളുടെ കലവറ'തന്നെയായിരുന്നു. വിഷയാനുസൃതമായി ഘടന രൂപപ്പെടുന്നതിന്റെ സൂചനകള്‍ ടാഗോറില്‍ ആരംഭിച്ചിരുന്നു. ശാസ്‌ത്രവികാസത്തിന്റെയും യുക്തിബോധത്തിന്റെയും ഐതിഹാസികവീക്ഷണങ്ങളുടെയും യൂറോപ്യന്‍ ഒപ്പേറകളുടെയും തോമസ്‌മൂര്‍ മെലഡികളുടെയുമെല്ലാം അനിയതമായ സമന്വയം ടാഗോറിന്റെ ബോധത്തിലുണ്ട്. പതിനേഴോളം ഭാഷകളില്‍ വിസ്‌തൃതമായിരിക്കുന്ന സച്ചിദാനന്ദന്റെ രചനകള്‍ ടാഗോറില്‍ നിന്നാരംഭിക്കുന്ന ഇന്ത്യന്‍ കവിതയുടെ പ്രത്യക്ഷമായ കൈവഴിയാണ്. 'ടാഗോര്‍ സിന്‍ഡ്രോം' എന്ന പ്രയോഗം എത്തിച്ചേരുന്നത് നവോത്ഥാന സങ്കല്‍പങ്ങളുടെയും മലയാളത്തിലെ ആധുനികതാവാദ (Modernism)ത്തിന്റെയും പ്രത്യയശാസ്‌ത്രപരമായ ഭിന്നതകളിലേക്കാണ്. അതിഭൌതികമായ ശക്തിയിലും പ്രകൃതിയിലും മനുഷ്യനിലുമുള്ള അപാരമായ വിശ്വാസത്തെ വെളിപ്പെടുത്തിക്കൊണ്ടാണ് ടാഗോറിന്റെ രചനകള്‍ പുറത്തുവന്നത്. പൌരാണികസന്ദര്‍ഭങ്ങളെ വര്‍ത്തമാനമൂല്യങ്ങളുമായും അനിവാര്യതകളുമായും ബന്ധപ്പെടുത്തിക്കൊണ്ടാണ് ടാഗോര്‍ കൃതികള്‍ ഏറെയും സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്. മഹാഭാരതത്തിലെ 'ചിത്രാംഗദ'യുടെ പുനഃസൃഷ്‌ടിയായ 'ചിത്ര' എന്ന നൃത്തനാടകം ടാഗോര്‍ രചിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഇതേ വിഷയം തന്നെ സ്വീകരിക്കുന്ന 'മുക്ത' എന്ന നാടകീയകാവ്യം സത്തയെ സംബന്ധിച്ച ഭൌതികപ്രതിസന്ധികളെക്കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. ടാഗോറിന്റെ ചിന്താപദ്ധതികളെ ആധുനികതാവാദം മറികടക്കുന്നത് ഇത്തരം സാഹചര്യങ്ങളിലൂടെയാണ്. സംശയത്തിന്റെയും വിശ്വാസരാഹിത്യത്തിന്റെയും രൂപപരീക്ഷണങ്ങളുടെയും സങ്കീര്‍ണമായ സ്വത്വസങ്കല്‍പങ്ങളുടെയും കാലത്തെയാണ് ആധുനിക മലയാള കവിത എഴുപതുകളുടെ അവസാനം വിഭാവനം ചെയ്‌തത്. 'മുക്ത' രചിക്കപ്പെടുന്നത് 1979-ലാണ്. ഏകോന്മുഖമായ ധ്യാനാവസ്ഥകളുടെ അടഞ്ഞ വാതിലുകളെ പിന്‍പറ്റാതെ ‘Open Form’ (വിവൃതരൂപം) എന്നു വിളിക്കാവുന്ന തുറന്ന സംവേദനമാധ്യമമായി കവിത രൂപാന്തരപ്പെട്ടു. നിരന്തരം പുതുക്കപ്പെടേണ്ടുന്ന ഒന്നായി ഘടനയെ കണ്ടു. ബഹുകാലികവും ബഹുഭാഷിതവുമായ ദേശീയതയെ പ്രതിനീധികരിച്ചു. 'മുക്ത' എന്ന നാടകീയ കാവ്യം ഈ വ്യതിയാനങ്ങളെ രൂപത്തിലും ഭാവനകളിലും നിലനിറുത്തുന്നു. ഇന്ത്യയുടെ അനേകം ഉപദേശീയതകളെ പ്രതിനിധീകരിക്കുന്ന പീഡിതമായ ജനസമൂഹം സൂചകകഥാപാത്രങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്നു.

ഉദാഹരണം :

a) പുരുഷന്‍ (കൈയില്‍ കലപ്പ)

"മണിപുരിയില്‍ പൊന്‍ വിതച്ചു
ചോരതുപ്പും കര്‍ഷകന്‍ ഞാന്‍''

b) സ്‌ത്രീ (കൈയില്‍ കുട്ട)

"മീന്‍വിറ്റ് ചാമ വാങ്ങി
മിഴി കലങ്ങും മുക്കുവത്തി''

c) ഗ്രാമീണര്‍ (ഒന്നിച്ച്)

"ആറല്ലറുപതുകോടിയാണീ
വായിലൂടെപ്പാടും പീഡിതന്മാര്‍''

പരീക്ഷണനാടകവേദിയുമായി ബന്ധപ്പെട്ട് ഉണ്ടായ ആധുനിക കാവ്യനാടകങ്ങളുടെ ഘടന 'മുക്ത'യിലുണ്ട്. നാടകീയകാവ്യം ഒരേസമയം വിവരണാത്മകവും ദൃശ്യപരതയുള്ളതുമാണ്. അതില്‍ ആധികാരികമായ ശബ്‌ദം മുഴങ്ങുന്നുണ്ട്. എങ്കിലും 'സ്വത്വം' ഭിന്നഛായകളിലൂടെ ആവിഷ്‌കരിക്കപ്പെടുന്നുമുണ്ട്. ഇത്തരം അവസ്ഥാന്തരങ്ങളെ ഉള്‍ക്കൊള്ളാനുള്ള ഇലാസ്‌തികമായ ഘടന, വാക്കുകള്‍ ഇടതിങ്ങിനില്‍ക്കുന്ന മൌനം, യുദ്ധം, പ്രണയം, താത്വികചിന്തകള്‍ എന്നിങ്ങനെ ബൃഹദ്ഘടനയെ പ്രതിനിധീകരിക്കുന്ന രൂപമാണ് നാടകീയ കാവ്യത്തിന്റേത്. 'മുക്ത' അതിന്റെ ഘടനയില്‍ത്തന്നെ വിരുദ്ധദിശകളിലേക്കുള്ള സഞ്ചാരം ആരംഭിക്കുന്നു. അര്‍ജുനന്റെ ഭാവസംക്രമണത്തെയും കാമനകള്‍ക്കു വിധേയമായ സ്‌ത്രീശരീരത്തെയും വെളിച്ചത്തുകൊണ്ടുവരുന്നു. കവിയുടെ പ്രസ്‌താവനയെ അതിവര്‍ത്തിച്ച് കാവ്യരൂപം അതിന്റേതായ വഴിയിലൂടെ പുറപ്പെടുന്നതിന്റെ ഏറ്റവും സഫലമായ മാതൃകയാണിത്.

"നീ ചിത്രയല്ല; നീ പ്രകൃതി - നിന്‍ ഭാവങ്ങള്‍
മാറുന്നു രൂപത്തോടൊപ്പം''

എന്ന അര്‍ജുനന്റെ ഭാഷണം ശ്രദ്ധേയമാണ്. 'സ്വത്വം' നിലകൊള്ളുന്നത് പുറത്തും അകത്തുമല്ലാത്ത ഒരു അന്തരാളഘടനയിലാണെന്നും സ്വത്വഭേദങ്ങള്‍ രൂപപരമായി പരിവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്ന ധ്വനിയാണ് ഇവിടെയുള്ളത്. കാവ്യഘടനയെക്കുറിച്ചുതന്നെ സംസാരിക്കുന്ന കാവ്യമായി 'മുക്ത' മാറുന്നു. സ്‌ത്രൈണകാമനകളുള്ള ശരീരം എന്ന യാഥാര്‍ഥ്യം ടാഗോര്‍കൃതികളിലെ സ്വപ്‌നദര്‍ശനമാണ്. 'തകര്‍ന്ന കിളിക്കൂട് ' എന്ന പ്രഖ്യാതമായ നോവലില്‍ സങ്കീര്‍ണമായ സ്‌ത്രീത്വത്തെ ടാഗോര്‍ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ആധുനികകവിതയുടെ ആദ്യകാല വക്താക്കളില്‍ സ്വത്വസംബന്ധിയായ മിഥ്യാദര്‍ശനങ്ങള്‍ ഉണ്ടായിരുന്നില്ല എന്നുവേണം കരുതാന്‍. സ്‌ത്രീസ്വത്വത്തിനു (Feminine Identity) ദൃശ്യഭാഷയുടെ മാനം നല്‍കാന്‍ ടാഗോര്‍ ശ്രമിച്ചിരുന്നു. കാഴ്‌ചയുടെ സംസ്‌കാരം ചലനങ്ങളിലും മൌനങ്ങളിലും ആഴ്ന്നുകിടന്നു. ടാഗോറിന്റെ കാവ്യസങ്കല്‍പങ്ങളോട് ഏറെക്കുറെ അടുത്തുനില്‍ക്കുന്ന സച്ചിദാനന്ദന്റെ 'മുക്ത'യില്‍ അനുഭവഭേദങ്ങളില്‍നിന്നു രൂപമെടുത്ത സമാന്തരഭാഷ - അപരലോകം വഴിതുറക്കുന്നു. നേര്‍ക്കാഴ്‌ചകള്‍ക്കുമപ്പുറം ആദര്‍ശാത്മകവും അലൌകികവുമായ ഒരു 'അപരം' (other) എന്ന നിലയിലാണ് 'ചിത്രാംഗദ' മുക്തയില്‍ വരുന്നത്. ടാഗോറിന്റെ 'ചിത്ര'യില്‍നിന്നു സച്ചിദാനന്ദന്റെ 'ചിത്ര'യിലേക്കുള്ള അകലത്തില്‍ പ്രത്യയശാസ്‌ത്രഭിന്നതകളും ദര്‍ശനപരമായ വൈരുധ്യങ്ങളുമാണ് പ്രതിഫലിക്കുന്നത്. ദേശത്തിന്റെ കാവല്‍ക്കാരിയാണ്. ശത്രുപാളയത്തില്‍ അകപ്പെട്ടവരുടെ പ്രാണഭീതികളെ നിഷ്‌കാസനം ചെയ്യുന്നവളാണ്. പ്രണയിനിയുമാണ്. അനുരാഗവിവശമായ മുഗ്ധശരീരം സ്വീകരിക്കുമ്പോള്‍ ചിത്രയില്‍ 'അപരസ്വത്വ' (Alter ego) ത്തെക്കുറിച്ചുള്ള ആധികളുമുണ്ട്. കാമനും ചിത്രയുമായുള്ള സംഭാഷണങ്ങളില്‍ താത്വികമായ ഒരു ഇഴ പ്രത്യക്ഷപ്പെടുന്നു. ആധുനിക കവിതയിലും തിയേറ്റര്‍ സങ്കല്‍പങ്ങളിലുമെല്ലാം ഈ 'അപരസ്വത്വ'ദര്‍ശനം പല രീതിയില്‍ കടന്നുവരുന്നു. ആറ്റൂരിന്റെ 'അവന്‍ ഞാനല്ലോ', ജി. ശങ്കരപ്പിള്ളയുടെ 'ഭരതവാക്യം' എന്നിവ അതിന്റെ പ്രത്യക്ഷമായ തെളിവുകളാണ്. സച്ചിദാനന്ദന്റെ തന്നെ 'ശവപ്പെട്ടിക്കുമേല്‍ മഴ' എന്ന കവിതയില്‍

"പുളിമരത്തിന്‍ കീഴില്‍ പ്രിയപ്പെട്ടവള്‍
പുണരുന്നത് തന്നെയോ അപരനെയോ
മരണത്തെയോ എന്നു തിരിച്ചറിയും മുമ്പേ
ഒരു വലിയ സൂര്യകാന്തി വിടര്‍ന്നുവന്ന്
ആ ആമൌനം മറച്ചു...''

സ്വത്വപ്രതിസന്ധികളുടെ ഒരാവരണം ആധുനികഭാവുകത്വത്തെ മൂടിയിരിക്കുന്നു. 'മുക്ത'യില്‍ ആവര്‍ത്തിച്ചു വരുന്ന വാക്കുകള്‍ 'മിഥ്യാരൂപം', 'മിഥ്യാവസന്തം' എന്നിവയാണ്. 'മുക്ത' ഒരു നാടകീയകാവ്യമാണ്. പ്രകടനത്തിനുപരി വായനാക്ഷമതയുള്ള കാവ്യം. ‘Dramatic Poem’ എന്നോ ‘Poetic drama’ എന്നോ വിളിക്കാവുന്ന കാവ്യരൂപം. നാടകീയകാവ്യത്തിന്റെ മൌലികമായ ധര്‍മം തന്നെ ഇല്യൂഷനെ തകര്‍ക്കുകയെന്നതാണ്. സാഹിത്യഘടന മിഥ്യയാണെന്ന പ്ളേറ്റോണിക് ചിന്തകളെ മറികടന്നുകൊണ്ട് രൂപത്തെ 'രൂപ' (Form)മായിത്തന്നെ അംഗീകരിക്കുന്ന കാന്റിയന്‍ ദര്‍ശനത്തില്‍ ഇല്യൂഷന്‍ (മിഥ്യ) എന്ന ഘടകത്തിന്റെ നിഷേധമുണ്ട്. ഭാഷാപരമായും സ്വത്വപരമായും നിലനില്‍ക്കുന്ന അമൂര്‍ത്താശയങ്ങളെ നിരാകരിക്കുക. അങ്ങനെ നോക്കുമ്പോള്‍ 'മുക്ത' അതില്‍ത്തന്നെ പുനര്‍ജനിക്കുന്ന ഘടനയാണ്. ആധുനികതാവാദം രൂപപ്പെടുത്തിയ സ്‌ത്രീസ്വത്വത്തിന്റെ അമൂര്‍ത്തതകളില്‍നിന്നും കാവ്യഘടനയെ മോചിപ്പിക്കുന്ന ഒന്നായി 'മുക്ത' മാറുന്നു. 'മുക്ത' എന്നാല്‍ 'മോചിത' എന്നര്‍ഥം. എന്തില്‍നിന്നു മോചിത?

"പോവുക പാര്‍ഥാ, ഞാനല്ലീ ഞാന്‍
കാമന്‍ വഞ്ചിക്കുന്നൂ നിന്നെ
മിഥ്യാരൂപം കാണുന്നൂ നീ...''

സ്വത്വനിഷ്ഠമായ മിഥ്യാദര്‍ശനങ്ങളെ മറികടക്കുന്നതിനുള്ള 'അന്തര്‍നാടക'മായിട്ടാണ് 'ചിത്ര'യുടെ ആള്‍മാറാട്ടം ഇവിടെ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. സമാന്തരാഖ്യാന (Parallel Narrative)ത്തിന്റെ രീതിയില്‍ പുരോഗമിക്കുന്ന 'മുക്ത'യില്‍ തന്നില്‍ത്തന്നെയുള്ള അനേകര്‍ ഉയര്‍ന്നുവരികയും ഏറ്റുമുട്ടുകയും കലഹിക്കുകയും അനുരഞ്ജിക്കുകയും ചെയ്യുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. കാവ്യഘടനയെ നിരാകരിച്ചുകൊണ്ടുള്ള സ്വത്വവിശകലനം അയുക്തികമാണെന്ന് 'മുക്ത' ഓര്‍മിപ്പി
ക്കുന്നു.

കവിതയില്‍ ഓരോ കാലത്തിന്റെയും യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തുകയെന്നാല്‍ സാങ്കേതികമായ സാഹസികതയാണ്. മറ്റൊരു കാലത്തിന്റെ നിഴലുകളില്‍ നിന്നുള്ള മോചനം കൂടിയാണത്. വിമോചന സ്വപ്‌നങ്ങളുമായി ജനതയില്‍ ആത്മഹത്യാപരമായി വിലയംകൊള്ളുന്ന അര്‍ജുനനെ ഈ സ്വത്വവിശകലനത്തില്‍ നമുക്ക് ഉപേക്ഷിക്കേണ്ടിവരും. ജനതയുടെ ഓര്‍മകളില്‍ നിന്നുമുയിര്‍ക്കൊള്ളുന്ന യഥാര്‍ഥ സ്വത്വമായി മാറിയ 'ചിത്ര' കാവ്യഘടനയില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്‌ടിക്കുന്നു. ഭൂതകാലബോധമായും ഭവിഷ്യത്കാല ദര്‍ശനമായും ചിത്ര കാലഭിന്നതകളെ അടയാളപ്പെടുത്തുന്നു. വിശാലമായ അര്‍ഥത്തില്‍ സ്വത്വസങ്കല്‍പങ്ങള്‍, രൂപപരീക്ഷണങ്ങള്‍ എന്നിങ്ങനെ താത്വികവും സാങ്കേതികവുമായ തലങ്ങളെ 'മുക്ത' ഉള്‍ക്കൊള്ളുന്നു. സങ്കേതങ്ങളില്‍നിന്നു സങ്കേതങ്ങളിലേക്ക് ഭാവപരമായി തെന്നിമാറുന്ന ഈ രീതി വാള്‍ട് വിറ്റ്മാന്‍ 'ലീവ്സ് ഓഫ് ഗ്രാസി'ല്‍ ഉപയോഗിക്കുന്നുണ്ട്. എമേഴ്‌സണ്‍ വിറ്റ്മാന് എഴുതുന്ന കത്തില്‍ ഇതിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. “I greet you at the begining of a great career, which yet must have had a long foreground somewhere. For such a starting..” താത്വികഭാഷയുടെ പ്രമാണങ്ങളെ ചോദ്യം ചെയ്യാനും സ്വന്തം വര്‍ഗത്തിന്റെ പ്രതിനിധാനമായി ഭാഷയെ പരുവപ്പെടുത്താനുമുള്ള സാധ്യത നാടകീയ കാവ്യത്തിലുണ്ട്. അര്‍ജുനന്റെ ആത്മപ്രകൃതി എന്ന തലം വിട്ട് അധികാരത്തിന്റെ ചിഹ്നങ്ങളെ ചോദ്യം ചെയ്യുന്ന സ്‌ത്രീത്വമായി കാവ്യഘടനയിലൊരിടത്ത് അറിയാതെതന്നെ ചിത്ര പരിണമിക്കുന്നു.

"ഒരു ദിവസം ഞാന്‍ എന്റെ കവിത
എന്റെ തന്നെ ഭാഷയിലേക്കു
വിവര്‍ത്തനം ചെയ്യുന്നതായി സ്വപ്‌നം കണ്ടു''

എന്ന് 'കവിതാവിവര്‍ത്തന'ത്തില്‍ സച്ചിദാനന്ദന്‍ എഴുതുന്നു. ഇനിയും മറഞ്ഞിരിക്കുന്ന സ്വത്വഘടനയ്‌ക്കുവേണ്ടിയുള്ള നിതാന്തമായ കാത്തിരിപ്പാണിത്. സച്ചിദാനന്ദന്റെ കവിതകളിലുടനീളം അപരഭാഷണത്തിന്റെ സാന്നിധ്യമുണ്ട്. ഈ അപരഭാഷണമാണ് സ്വത്വസങ്കല്‍പങ്ങളെ സങ്കീര്‍ണമാക്കുന്നതും വായനക്കാര്‍ക്ക് സമാന്തരമായ വഴികള്‍ തുറന്നുകൊടുക്കുന്നതും. ആദ്യകാല കവിതകളില്‍ വ്യക്തിഗതമായ സ്വത്വസങ്കല്‍പങ്ങളിലാണ് അഭിരമിച്ചിരുന്നതെങ്കില്‍ പിന്നീട് ലോകകവിതകളുമായുള്ള സമ്പര്‍ക്കത്തിലൂടെ വിവര്‍ത്തനങ്ങളിലൂടെ വിസ്‌തൃതമായ ആകാശങ്ങള്‍ തേടിപ്പോയി. ഒടുവില്‍ ദേശീയസ്വത്വത്തിന്റെ അടരുകളിലേക്ക് കവിത ആഴ്ന്നിറങ്ങി. വിശ്വമാനവികതയെ സ്വപ്‌നം കാണുമ്പോഴും നൊബേല്‍ സമ്മാന പ്രസംഗത്തിനിടയില്‍ ടാഗോറിനെക്കൊണ്ട് “The Indian Sky” എന്നു പറയിപ്പിച്ചതും ഇതേ ദേശീയബോധമാണ്. ആകാശത്തിന് അതിര്‍ത്തികളുണ്ടോ? ഉണ്ടെന്നാണ് ഇതു തെളിയിക്കുന്നത്.

പ്രകൃതി, സ്‌ത്രീ, സത്ത എന്നിവയെ സംബന്ധിച്ച് ആധുനികതാവാദം മലയാളത്തില്‍ രൂപപ്പെടുത്തിയ സാമാന്യനിയമങ്ങളെ ഘടനയില്‍ത്തന്നെ അട്ടിമറിക്കുന്ന കാവ്യമാണ് 'മുക്ത'. സത്തയുടെ ഒരു തരം അനുഷ്ഠാനാത്മകമായ രൂപാന്തരീകരണം (Ritualistic transformation of the self)) നടക്കുന്നു. സ്വന്തം ശബ്‌ദത്തെയും ആത്മസത്തയെയും അധിനിവേശത്തിന്റെ മുഹൂര്‍ത്തങ്ങളെയും തിരിച്ചറിയുക എന്ന മാനവിക ധര്‍മമാണ് ചിത്ര നിറവേറ്റുന്നത്. രതിവാസനകളില്‍നിന്നും രാഷ്‌ട്രീയമായ ഇച്ഛാശക്തി സംഭരിക്കുന്ന വന്യതകളുള്ള ആത്മസത്ത. ചിത്രയുടെ ആള്‍മാറാട്ടം മാറുന്ന സ്വത്വസങ്കല്‍പം തന്നെയാണ്. ആധുനിക സ്വത്വബോധം വികസിപ്പിച്ചെടുത്ത അകപ്പെടലിന്റെയും രഹസ്യാത്മകതയുടെയും മണ്ഡലങ്ങളെ ശരീരത്തിന്റെ പ്രച്ഛന്നത എന്ന ഗൂഢലോകസഞ്ചാരത്തിലൂടെയാണ് അതിവര്‍ത്തിക്കുന്നത്. സാമൂഹിക പരിണാമങ്ങളുടെ അടിയൊഴുക്കുകളെ പ്രതിഫലിപ്പിക്കുന്ന വ്യാപ്‌തമായ ഘനടയായി 'പ്രണയം' മാറുന്നു.

"ജീവിതം സമയത്തില്‍ എങ്ങനെ സംഭവിക്കുന്നു എന്ന് കേട്ടറിയുകയും കവിത വാക്കുകളില്‍ എങ്ങനെ അവതരിക്കുന്നുവെന്ന് കേട്ടെഴുതുകയും ചെയ്യുമ്പോഴാണ് തുറന്ന കാവ്യരൂപങ്ങള്‍ ഉണ്ടാകുന്ന''തെന്ന് സച്ചിദാനന്ദന്‍ എഴുതി. ജനാധിപത്യപരമായ ഘടന സൂക്ഷിക്കുമ്പോഴും ഒറ്റപ്പെട്ട ഒരു ‘Form’ ആയി നില്‍ക്കാന്‍ സാധിക്കുന്നുവെന്നതാണ് കവിതയുടെ അനന്യത. കാവ്യസഞ്ചാരങ്ങളുടെ ലോകത്തില്‍ കവി ഏകാകിയാണ്. കാവ്യഘടനയിലെ ഈ നിശബ്‌ദത ധ്വനിനിര്‍ഭരമാണ്. നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍, ബൃഹദാഖ്യാനങ്ങള്‍, പുരാവൃത്തങ്ങള്‍ എന്നിവ കാലത്തിനപ്പുറംനിന്നുകൊണ്ട് ഈ ഏകസ്വരതയെ, നിശബ്‌ദതയെ തകര്‍ക്കും. 'മുക്ത' ഇന്നും ചെയ്യുന്നത് അതാണ്. കവിതയിലെ ഗദ്യം കവിയുടെ ആത്മകഥയാണെന്ന സൂസന്‍ സൊന്റാഗിന്റെ നിരീക്ഷണം അറിയാതെ സൂക്ഷിക്കുന്നു മുക്ത.

ഗ്രന്ഥസൂചി

സച്ചിദാനന്ദന്‍ 2004, മൂന്നു ദീര്‍ഘകാവ്യങ്ങള്‍, മാതൃഭൂമി ബുക്സ്

സച്ചിദാനന്ദന്‍ 2008, എന്റെ കവിത, മാതൃഭൂമി ബുക്സ്

സച്ചിദാനന്ദന്‍ 1996, മുഹൂര്‍ത്തങ്ങള്‍, ഡിസി ബുക്സ്

സച്ചിദാനന്ദന്‍ (എഡി) 1998, ndian Poetry : Modernism and after, Kendra Sahitya Akademy, Delhi

P.P. Raveendran1998 (Article) modernity as/against colonialism: Emergence of the modernist canon in malayalam poetry.

E.V. Ramakrishnan 1998 (Article) The zoo story : colonialism, patriarchy and Malayalam Poetic Discourse.

നൌഷാദ് (എഡിറ്റര്‍) 2009 കസന്‍ദ് സാക്കീസ് ജീവചരിത്രം കത്തുകള്‍ പഠനം, പാപ്പിയോണ്‍.

*
ഡോ.എന്‍. രേണുക
ലക്ഷ്മിനിവാസ്
കരിങ്ങാംതുരുത്ത്
കൊണ്ടോര്‍പ്പിള്ളി പി.ഒ, എറണാകുളം

കടപ്പാട്: ഗ്രന്ഥാലോകം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വെളിച്ചം അകന്നുപോയ ഏകാന്തതയുടെ തടവറയില്‍ കഴിയുന്ന മനുഷ്യന്‍ യഥാര്‍ഥത്തില്‍ ഏകാകിയല്ല. കാലത്തില്‍നിന്നു കാലത്തിലേയ്‌ക്കു വഴുതിമാറുന്ന ഓര്‍മയുടെ പ്രവാഹത്തിലായിരിക്കും അയാള്‍. ചിലരില്‍ ഓര്‍മ യുദ്ധോല്‍സുകതയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കും. മറ്റുചിലരില്‍ പ്രണയത്തിന്റെ നിറഭേദങ്ങളുള്ള നെയ്‌ത്തുശാല തെളിയും. ഭൌതികമോ ആത്മീയമോ ആയ ശൂന്യതകളില്‍ കഴിയാന്‍ ഒരു മനുഷ്യനും പ്രസ്ഥാനങ്ങള്‍ക്കും സാധിക്കില്ല. അപരിചിതമായ ഭാഷയിലൂടെയുള്ള ഓര്‍മയാണ് കവിത. ആധുനിക മലയാള കവിതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കാവ്യഘടനയില്‍ അന്തര്‍ഭവിച്ചുകിടക്കുന്ന പാരമ്പര്യത്തിന്റെ ഉറവകളെക്കുറിച്ചും സംക്രമണത്തെക്കുറിച്ചും ഓര്‍ക്കണം. കാരണം, ഇന്ത്യന്‍ നവോത്ഥാനത്തിന്റെയും ആധുനിക സങ്കല്‍പങ്ങളുടെയും ഏതെല്ലാമോ ഛായകള്‍ ആധുനിക മലയാള കവിത നിലനിറുത്തുന്നുണ്ട്. രവീന്ദ്രനാഥ ടാഗോറിനും സച്ചിദാനന്ദനും തമ്മിലുള്ള ബന്ധം ദേശീയമായ വൈരുധ്യങ്ങളുടെയും കാവ്യമാതൃകകളുടെയും കലര്‍പ്പുകളെ ഓര്‍മപ്പെടുത്തുന്നു. സച്ചിദാനന്ദന്റെ 'മുക്ത' എന്ന നാടകീയകാവ്യം ഈ ബന്ധത്തിന്റെ സാക്ഷാല്‍കൃത രൂപമാണ്.