Saturday, November 20, 2010

അന്ധവിശ്വാസങ്ങളും അവകാശസമരങ്ങളും

തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ഓഫീസ്. ഒരു വിവരം അന്വേഷിക്കാനായി ചെന്നതാണ്. ഉച്ചയ്ക്ക് ഒരു മണിയായിപ്പോയി. ആവശ്യക്കാരന്റെ അലസതകൊണ്ടല്ല, ഉച്ചയൂണു സമയത്ത് എത്തിയത്. യാത്രാ ക്ലേശത്തിന്റെ റൊട്ടി ട്രാഫിക് ജാമില്‍ തൊട്ടു തിന്നുതിന്നെത്തിയപ്പോഴേയ്ക്കും ഉച്ചയായിപ്പോയതാണ്. ഇനി ഒരു മണിക്കൂര്‍നേരം, ഇല്ലാത്ത തണല്‍മരത്തിന്റെ ചോട്ടില്‍ കാണാത്ത കരിക്കും കുടിച്ചു നില്‍ക്കാം.

ആളൊഴിഞ്ഞ ഓഫീസില്‍ ഒരു ജീവനക്കാരിമാത്രം ഉച്ചയൂണുപേക്ഷിച്ചു ഫയലെഴുതുന്നു. ഏകാഗ്രതയോടെയുള്ള എഴുത്ത്. അവരോട് ബഹുമാനം തോന്നി. ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. അടുത്തുചെന്ന് വന്നകാര്യം അവതരിപ്പിച്ചാലോ? മെല്ലെ സമീപിച്ചപ്പോഴാണ് അവരുടെ സുന്ദരമായ കൈയ്യക്ഷരം ശ്രദ്ധിച്ചത്. അവരെഴുതുന്നത് ഫയലൊന്നുമല്ല ഓം നമശ്ശിവായ എന്നാണ്.

അരോഗദൃഢഗാത്രയും സ്വര്‍ണാഭരണ വിഭൂഷിതയും സീമന്തസിന്ദൂരക്കാരിയുമായ ഈ ജീവനക്കാരിയ്ക്ക് എന്തെങ്കിലും മാനസിക വിഭ്രാന്തിയുണ്ടാകുമോ? അവരെന്തിനാണ് ഓം നമശ്ശിവായ എന്ന് ആവര്‍ത്തിച്ച് എഴുതിക്കൊണ്ടിരിക്കുന്നത്? സര്‍ക്കാര്‍ ജീവനക്കാരായ ചില സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോഴാണ് കാര്യമറിഞ്ഞത്. ഒരു വ്രതത്തിന്റെ ഭാഗമാണത്. ഓം നമശ്ശിവായ എന്ന് ഒരു ലക്ഷത്തിപ്പതിനോരായിരത്തി ഒരുന്നൂറ്റൊന്നു പ്രാവശ്യം എഴുതിയാല്‍ ശിവാനുഗ്രഹം ഉണ്ടാകുമത്രേ.

നമ്മുടെ സര്‍ക്കാര്‍ ജീവനക്കാര്‍ എപ്പോഴും മറന്നുപോകുന്നത് അവര്‍ ഒരു മതേതര രാജ്യത്തെ ജീവനക്കാരാണെന്നുള്ളതാണ്. ഓഫീസുകളില്‍ സീറ്റിനു മുകളില്‍ സ്വന്തം മതത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും മതം മറ്റുള്ളവര്‍ക്കു ബോധ്യപ്പെടത്തക്ക രീതിയില്‍ വസ്ത്രധാരണം നടത്തുകയും ചെയ്യുക പതിവാണ്. മതത്തെ മഹത്വവല്‍ക്കരിക്കുന്ന ലഘുലേഖ വിതരണവും ബൈബിള്‍ സൗജന്യ സംഭാവനയും ഓഫീസുകളിലുണ്ട്.

ഓഫീസിലിരുന്ന് ഓം നമശ്ശിവായ എന്നെഴുതിയതുകൊണ്ട് ഒരു പ്രയോജനവും വാസ്തവത്തില്‍ ഉണ്ടാകുന്നില്ല. മധ്യവയസ്സു കഴിഞ്ഞവരുടെ കൈയക്ഷരം പോലും ഈ ആവര്‍ത്തനംകൊണ്ട് നന്നാവുകയില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവേതന പരിഷ്‌ക്കരണത്തില്‍ ദൈവങ്ങള്‍ക്കോ മതങ്ങള്‍ക്കോ ഒരു പങ്കുമില്ല. എല്ലാനേട്ടങ്ങളും മാന്യമായ ജീവിതവും സര്‍ക്കാര്‍ ജീവനക്കാര്‍ സംഘടിച്ചു ശക്തരായതുകൊണ്ടും സമരം ചെയ്തതുകൊണ്ടും ലഭിച്ചതാണ്.

നോമ്പുപിടിച്ചതിനാല്‍ ക്ഷീണിതരായിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ വേദനിപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ്.

ദൈവത്തില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാര്‍ കണ്ടു പഠിച്ച ഒരേയൊരുകാര്യം കൈക്കൂലിയാണ്. കാര്യസാധ്യത്തിനുവേണ്ടി കൈക്കൂലി കൊടുക്കുന്നത് ആരാധനാലയങ്ങളുടെ പരിധിയില്‍പെട്ട കാര്യമാണല്ലോ. അതുകണ്ടുപഠിച്ച ചില ജീവനക്കാരെങ്കിലും കാര്യസാധ്യത്തിനു വരുന്നവരില്‍ നിന്നും കൈക്കൂലി വാങ്ങി ദൈവങ്ങളാകാറുണ്ട്. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ദൈവങ്ങളല്ലെന്ന സമാധാനമാണ് നമ്മള്‍ക്കുള്ളത്.

കൈക്കൂലി വാങ്ങുമ്പോള്‍ കയ്യോടെ പിടികൂടിയ സര്‍ക്കാര്‍ ജീവനക്കാരുടെ മതം പരിശോധിച്ചാല്‍ എല്ലാ മതത്തിലും പെട്ടവര്‍ കൈക്കൂലി വാങ്ങുന്നുണ്ട് എന്ന് കാണാവുന്നതാണ്. കൈക്കൂലിയില്‍ നിന്നും രക്ഷപ്പെടാന്‍ മതമോ ദൈവമോ ആരെയും സഹായിക്കുകയില്ല. മറിച്ച് മൂല്യബോധം സഹായിക്കുക തന്നെ ചെയ്യും. എല്ലാം വിധി കല്‍പിതമെന്നു ചിന്തിച്ചാല്‍ മൂല്യബോധം പരാജയപ്പെടും. മൂല്യബോധം വിധിയെ അതിലംഘിക്കുന്നു. മതങ്ങള്‍ വിധിയെ അംഗീകരിക്കുന്നു.

മഹാരാഷ്ട്രയിലെ നാസിക്കില്‍ ക്ഷേത്രപ്രവേശന സമരമുണ്ടായത് ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പാദത്തിലാണ്. അന്ന് ഡോ അംബേദ്ക്കര്‍ പറഞ്ഞത് പണ്ഡരീപുരത്തേയ്ക്ക് തീര്‍ഥയാത്ര നടത്തിയതുകൊണ്ട് നിങ്ങള്‍ക്കാരും മാസം തോറുമുള്ള ശമ്പളം തരില്ലെന്നാണ്. ക്ഷേത്ര പ്രവേശന പ്രസ്ഥാനത്തിന്റെ ലക്ഷ്യം നല്ലതായിരിക്കാം. എന്നാല്‍ ആധ്യാത്മിക മേന്മയേക്കാള്‍ ഭൗതിക മേന്മയാണ് ഇപ്പോള്‍ ആവശ്യം. പണമില്ലാതെ നിങ്ങള്‍ക്ക് ഭക്ഷണമോ വസ്ത്രമോ ലഭിക്കുകയില്ല.

കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും വൈദ്യസഹായവും ലഭിക്കില്ല. അതിനാല്‍ രാഷ്ട്രീയ നേട്ടങ്ങളായിരിക്കണം നിങ്ങളുടെ ലക്ഷ്യം. ഡോ അംബേദ്ക്കര്‍ ഇങ്ങനെ പറയുമ്പോള്‍, നമശ്ശിവായ എഴുതുന്നതിനുപകരം മനസ്സിനെ രാഷ്ട്രീയ സമരോത്സുകമാക്കണമെന്നാണല്ലോ നമ്മള്‍ വായിച്ചെടുക്കേണ്ടത്.

മഹാരാഷ്ട്രയിലെ കീഴാളരെ നോക്കി ഡോ അംബേദ്ക്കര്‍ പറഞ്ഞത് കഴുത്തില്‍ തുളസിമാല ധരിച്ചതുകൊണ്ട് ജന്മിമാരുടെ ചൂഷണത്തില്‍ നിന്നും നിങ്ങള്‍ വിമോചിതരാകാന്‍ പോകുന്നില്ല എന്നും ശ്രീരാമ സ്‌തോത്രങ്ങള്‍ ഉരുവിട്ടതുകൊണ്ട് കടബാധ്യതകളില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല എന്നുമാണ്.

തുളസിമാല ധരിച്ചവരെ തുളസിമാല ധരിച്ച ജന്മിമാര്‍ തന്നെയാണ് ചൂഷണം ചെയ്തത്. കടം നല്‍കിയതും വിരല്‍പ്പതിപ്പിച്ച് മണ്ണ് കവര്‍ന്നെടുത്തതും ജയ് ശ്രീറാം എന്നുരുവിട്ടുകൊണ്ടാണ്.

മനുഷ്യവിരുദ്ധമായ ചൂഷണങ്ങള്‍ക്ക് വില്ലുമായി കാവല്‍ നില്‍ക്കുകയായിരുന്നു ദൈവങ്ങള്‍. അതിനാല്‍ ദൈവീക മാര്‍ഗമല്ല, രാഷ്ട്രീയ മാര്‍ഗമാണ് വിമോചനത്തിനുതകുന്നതെന്നാണ് ഡോ. അംബേദ്ക്കര്‍ സൂചിപ്പിച്ചത്. ഇതാണ് നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്നത്.

*
കുരീപ്പുഴ ശ്രീകുമാര്‍ കടപ്പാട്: ജനയുഗം 20-11-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ഓഫീസ്. ഒരു വിവരം അന്വേഷിക്കാനായി ചെന്നതാണ്. ഉച്ചയ്ക്ക് ഒരു മണിയായിപ്പോയി. ആവശ്യക്കാരന്റെ അലസതകൊണ്ടല്ല, ഉച്ചയൂണു സമയത്ത് എത്തിയത്. യാത്രാ ക്ലേശത്തിന്റെ റൊട്ടി ട്രാഫിക് ജാമില്‍ തൊട്ടു തിന്നുതിന്നെത്തിയപ്പോഴേയ്ക്കും ഉച്ചയായിപ്പോയതാണ്. ഇനി ഒരു മണിക്കൂര്‍നേരം, ഇല്ലാത്ത തണല്‍മരത്തിന്റെ ചോട്ടില്‍ കാണാത്ത കരിക്കും കുടിച്ചു നില്‍ക്കാം.

ആളൊഴിഞ്ഞ ഓഫീസില്‍ ഒരു ജീവനക്കാരിമാത്രം ഉച്ചയൂണുപേക്ഷിച്ചു ഫയലെഴുതുന്നു. ഏകാഗ്രതയോടെയുള്ള എഴുത്ത്. അവരോട് ബഹുമാനം തോന്നി. ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. അടുത്തുചെന്ന് വന്നകാര്യം അവതരിപ്പിച്ചാലോ? മെല്ലെ സമീപിച്ചപ്പോഴാണ് അവരുടെ സുന്ദരമായ കൈയ്യക്ഷരം ശ്രദ്ധിച്ചത്. അവരെഴുതുന്നത് ഫയലൊന്നുമല്ല ഓം നമശ്ശിവായ എന്നാണ്.