Wednesday, November 17, 2010

ഭ്രാന്താലയമായി മാറിയ ജി 20 ഉച്ചകോടി

കൊറിയന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സിയൂളില്‍ നടന്ന ജി 20 യോഗം ഒരു വന്‍ ഭ്രാന്താലയമായി മാറുകയാണുണ്ടായത്. എന്താണ് ഈ ജി 20 എന്ന് പല വായനക്കാര്‍ക്കും സംശയമുണ്ടാകാം. ഏറ്റവും ശക്തമായ സാമ്രാജ്യവും അതിന്റെ സഖ്യശക്തികളും പടച്ചുണ്ടാക്കിയ പല 'സൃഷ്‌ടി'കളില്‍ ഒന്നാണിത്. ജി 7 സൃഷ്‌ടിച്ചതു അവരാണ്. അമേരിക്കയും ജപ്പാനും ജര്‍മനിയും ഫ്രാന്‍സും ബ്രിട്ടനും ഇറ്റലിയും കാനഡയും ഉള്‍പ്പെടുന്നതായിരുന്നു ജി 7. പിന്നീട് റഷ്യയെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അതോടെ ജി 8 എന്ന് അതറിയപ്പെടാന്‍ തുടങ്ങി. ഉയര്‍ന്നുവരുന്ന അഞ്ച് പ്രധാന രാജ്യങ്ങളെ-ചൈന, ഇന്ത്യ, ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നിവയെ കൂടി പിന്നീട് ഉള്‍പ്പെടുത്തി. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്പ്‌മെന്റി (OECD) ലെ അംഗരാജ്യങ്ങളായ ഓസ്‌ട്രേലിയ, കൊറിയന്‍ റിപ്പബ്ലിക്ക്, തുര്‍ക്കി എന്നിവയെ ചേര്‍ത്ത് അംഗസംഖ്യ വര്‍ധിപ്പിച്ചു. സൗദി അറേബ്യ, അര്‍ജന്റീന, ഇന്തോനേഷ്യ എന്നിവയെയും ഉള്‍പ്പെടുത്തി. അതോടെ അംഗസംഖ്യ 19 ആയി. ജി 20 ലെ ഇരുപതാമത്തെ അംഗം യൂറോപ്യന്‍ യൂണിയനാണ്. ഈ വര്‍ഷം മുതല്‍ ഒരു രാജ്യത്തെ - സ്‌പെയിന്‍ - സ്ഥിരം അതിഥി എന്ന സവിശേഷഗണത്തില്‍പെടുത്തിയിട്ടുണ്ട്.

ജി 20 യോഗത്തിനു തൊട്ടു പിറകെ ജപ്പാനില്‍ മറ്റൊരു പ്രധാന സാര്‍വദേശീയ ഉന്നതതലയോഗവും നടക്കുന്നുണ്ട്. അപക് ഫോറം. നേരത്തെ പറഞ്ഞ ഗ്രൂപ്പിനൊപ്പം മലേഷ്യ, ബ്രൂണെ, ന്യൂസിലാന്റ്, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, തായ്‌ലന്റ്, ഹോങ്കോംഗ്, ചൈനീസ് പ്രവിശ്യയായ തായ്‌വാന്‍, പപ്പുവ ന്യൂ ഗിനിയ, ചിലി, പെറു, വിയറ്റ്‌നാം എന്നിവയെ കൂടി ചേര്‍ത്താല്‍ അപക് ഫോറമാകും. (ഏഷ്യാ-പെസിഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ ഫോറം). പെസിഫിക് സമുദ്രജലസ്‌പര്‍ശമുള്ള രാജ്യങ്ങളാണിവ.

ഇത്തരം സാര്‍വദേശീയ വേദികളില്‍ നിര്‍ണായകമായ സാര്‍വദേശീയ സാമ്പത്തിക-ധനകാര്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ധനകാര്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരമുള്ള ഐ എം എഫിനും ലോക ബാങ്കിനും അവരുടെ സ്വന്തം യജമാനനുണ്ട്-അമേരിക്ക.

ഒരു വസ്‌തുത ഓര്‍മിക്കേണ്ടത് പ്രധാനമാണ്. രണ്ടാം ലോക യുദ്ധത്തിനുശേഷം അമേരിക്കയുടെ വ്യവസായവും കൃഷിയും ഒരു പോറലും ഏല്‍ക്കാതെ നിലനിന്നു. പശ്ചിമ യൂറോപ്പിലുള്ള വ്യവസായവും കൃഷിയും ആകെ തകര്‍ന്നുപോയി. ഇതില്‍നിന്ന് ഒഴിവായത് സ്വിറ്റ്‌സര്‍ലാന്റും സ്വീഡനുമാണ്. സോവിയറ്റ് യൂണിയന്‍ ഭൗതികമായി തകര്‍ന്നു തരിപ്പണമായി. രണ്ടര കോടിയിലധികം പേര്‍ ജിവന്‍ ബലിയര്‍പ്പിച്ചു. ജപ്പാന്‍ പരാജയപ്പെടുകയും തകരുകയും ചെയ്‌തു. ലോകത്തെ സ്വര്‍ണ കരുതലില്‍ 80 ശതമാനത്തോളം അമേരിക്കയിലേയ്‌ക്ക് ഒഴുകി.

അമേരിക്കയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ന്യൂ ഹാംഷെയറിലുള്ള ബ്രട്ടണ്‍വുഡ്‌സിലെ വിശാലമായ ഹോട്ടലില്‍ 1944 ജൂലൈ ഒന്ന് മുതല്‍ 22 വരെ ആയിടെ രൂപം കൊണ്ട ഐക്യരാഷ്‌ട്രസഭ നാണയ-ധനകാര്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചുകൂട്ടി. സ്വര്‍ണനിരക്കുമായി ബന്ധപ്പെടുത്തിയുള്ള സാര്‍വദേശീയ കറന്‍സിയായി സ്വന്തം കടലാസ് പണം മാറ്റുന്നതിനുള്ള പ്രത്യേക അവകാശം അമേരിക്കക്ക് അനുവദിച്ചുകൊടുത്തു. 35 അമേരിക്കന്‍ ഡോളര്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിനു (31.1 ഗ്രാം സ്വര്‍ണം) തുല്യമാണെന്ന് നിശ്ചയിക്കുകയും ചെയ്‌തു.

ഭൂരിപക്ഷം രാജ്യങ്ങളും അവയുടെ വിദേശ വിനിമയ കരുതലുകള്‍ അമേരിക്കന്‍ ബാങ്കുകളിലാണ് സൂക്ഷിക്കുന്നത്. ഇത് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യത്തിനു ഗണ്യമായ വായ്‌പ നല്‍കുന്നതിനു തുല്യമാണ്. സ്വര്‍ണ കരുതലുമായി ബന്ധപ്പെടുത്തിയുള്ള ഒരു സംവിധാനമായതു കൊണ്ട് കടലാസു പണം അനിയന്ത്രിതമായി പുറത്തിറക്കുന്നതിനു ഒരു പരിധിയുണ്ടായിരുന്നു. അമേരിക്കന്‍ ബാങ്കുകളിലുള്ള മറ്റു രാജ്യങ്ങളുടെ കരുതലുകള്‍ക്കുള്ള ഒരുതരം ഉറപ്പായിരുന്നു അത്. സ്വര്‍ണനിരക്കുമായി ബന്ധപ്പെടുത്തി കടലാസു പണം പുറത്തിറക്കാനുള്ള അവകാശം ഭൂമുഖത്തെ സമ്പത്തിന്റെ മേലുള്ള നിയന്ത്രണം വര്‍ധിപ്പിക്കാന്‍ അമേരിക്കയെ സഹായിച്ചു.

മുന്‍ കൊളോണിയല്‍ ശക്തികളുമായും, പ്രത്യേകിച്ച് ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ബല്‍ജിയം, നെതര്‍ലന്റ് എന്നിവയുമായും അടുത്തകാലത്തു സൃഷ്‌ടിക്കപ്പെട്ട പശ്ചിമ ജര്‍മനിയുമായും ചേര്‍ന്ന് അമേരിക്ക നടത്തിയ സൈനിക അതിസാഹസിക ചെയ്‌തികള്‍ ആ രാജ്യത്തെ യുദ്ധങ്ങളിലേയ്‌ക്ക് നയിച്ചു. അത് ബ്രട്ടണ്‍ വുഡ്‌സില്‍ സ്ഥാപിതമായ നാണയ വ്യവസ്ഥയെ പ്രതിസന്ധിയിലാഴ്ത്തി.

വിയറ്റ്‌നാമില്‍ നടത്തിയ നരഹത്യാ യുദ്ധത്തിന്റെ കാലത്ത് ഡോളറിന്റെ സ്വര്‍ണ നിരക്ക് സംവിധാനം ഉപേക്ഷിക്കാനുള്ള നാണം കെട്ടതും ഏകപക്ഷീയവുമായ തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചു. അതു മുതല്‍ കടലാസുപണം പുറത്തിറക്കുന്നതിനു യാതൊരു പരിധിയുമില്ല. അമേരിക്കക്ക് ലഭിച്ച പ്രത്യേക അവകാശം ദുരുപയോഗം ചെയ്‌തതിന്റെ ഫലമായി ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ മൂല്യം 35 ഡോളറില്‍ നിന്നും 1400 ഡോളറിലധികമായി. റിച്ചാര്‍ഡ് നിക്‌സണ്‍ 1971 ല്‍ നിന്ദ്യമായ ആ തീരുമാനം എടുക്കുന്നതുവരെയുള്ള 27 വര്‍ഷക്കാലത്തെതിലും 40 മടങ്ങുകണ്ടാണ് മൂല്യം കുറഞ്ഞത്.

അമേരിക്കന്‍ സമൂഹത്തെ ബാധിക്കുന്ന ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഒരു പ്രത്യേകത അമേരിക്കന്‍ സാമ്രാജ്യത്വ മുതലാളിത്ത വ്യവസ്ഥയുടെ ചരിത്രത്തിലെ വിവിധ ഘട്ടങ്ങളില്‍ പ്രയോഗിച്ച പ്രതിസന്ധി വിരുദ്ധ നടപടികളൊന്നും സാധാരണനില പുനസ്ഥാപിക്കാന്‍ സഹായിക്കുന്നില്ല എന്നതാണ്. പതിനാലു ലക്ഷം കോടി ഡോളറിനടുത്തുള്ള ദേശീയ കടബാധ്യത അമേരിക്കയെ പിടിച്ചുലക്കുകയാണ്. അമേരിക്കയുടെ മൊത്തം ദേശീയ ഉല്‍പ്പാദനത്തിനു തുല്യമാണ് കട ബാധ്യത. ധനകമ്മി മാറ്റമില്ലാതെ തുടരുന്നു. മാനം മുട്ടെയുള്ള ബാങ്ക് രക്ഷാ വായ്‌പകളും പൂജ്യത്തോടടുത്ത പലിശനിരക്കുകളും തൊഴിലില്ലായ്‌മ കുറയ്‌ക്കാന്‍ സഹായിച്ചില്ല. തൊഴിലില്ലായ്‌മ പത്ത് ശതമാനത്തോളമാണ്. വീടുകള്‍ ലേലം ചെയ്യപ്പെടുന്ന കുടുംബങ്ങളുടെ എണ്ണവും കുറയുന്നില്ല. അമേരിക്കയുടെ പ്രതിരോധ ബജറ്റ് മറ്റ് എല്ലാ രാജ്യങ്ങളുടെയും പ്രതിരോധ ബജറ്റ് മൊത്തത്തിലെടുത്താലുള്ളതിലും കൂടുതലാണ്. യുദ്ധത്തിനുള്ള ചെലവും വര്‍ധിച്ചുവരുന്നു.

കഷ്‌ടിച്ച് രണ്ട് വര്‍ഷം മുമ്പ് തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി. നൈരാശ്യത്തിന്റെയും വംശീയ വാദത്തിന്റെയും സംയോജിതമായ ഒരു പ്രതികരണമായിരുന്നു അത്. അമേരിക്കയിലെ ഏറ്റവും പിന്തിരിപ്പനായ വിഭാഗങ്ങള്‍ അവരുടെ പല്ലിന് മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുകയാണ്. ''എല്ലാ അധികാരവും അമേരിക്കയിലെ തീവ്ര വലതുപക്ഷത്തിന് '' എന്നതാണ് അവരുടെ ലക്ഷ്യം.

പരമ്പരാഗതമായ പ്രതിസന്ധി വിരുദ്ധ നടപടികള്‍ക്കൊപ്പം അമേരിക്കന്‍ ഗവണ്‍മെന്റ് മറ്റൊരു നടപടികൂടി അവലംബിച്ചു. ജി 20 യോഗത്തിനു മുമ്പ് 60000 കോടി ഡോളര്‍ വാങ്ങുമെന്ന് ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ചു.
അമേരിക്കയുടെ തീരുമാനത്തെ തുടര്‍ന്ന് ജി 20 ഉച്ചകോടിക്കു മുമ്പുതന്നെ വ്യാപാര കമ്മിയെയും നാണയത്തെയും ചൊല്ലി സംഘര്‍ഷം വളര്‍ന്നുവെന്നാണ് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.

ചൈനയുമായും ജര്‍മനിയുമായും ജപ്പാനുമായും കനത്ത വ്യാപാര കമ്മിയുള്ള അമേരിക്കയെ ആശ്രയിക്കുന്ന ആഗോള സമ്പദ്ഘടനയുടെ ഭാവിക്ക് എന്തു ചെയ്യണമെന്നതില്‍ ജി 20 രാജ്യങ്ങള്‍ക്ക് പൊതുവായ നിലപാട് എടുക്കാന്‍ കഴിയുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി.

നവംബര്‍ 12 ന് 32 ഖണ്ഡികകളുള്ള ഒരു പ്രഖ്യാപനത്തോടെ ഉച്ചകോടി അവസാനിച്ചു. ജി 20 രാജ്യങ്ങളും അപക് രാജ്യങ്ങളും ഉള്‍പ്പെടെ 32 രാജ്യങ്ങളടങ്ങുന്നതല്ല ലോകം. മറ്റ് 160 രാജ്യങ്ങളുണ്ട്. അവയുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ഒരു വേദിയുമില്ല. സിയൂളില്‍ ഐക്യരാഷ്‌ട്രസഭ ഇല്ല. ബഹുമാന്യമായ ആ സംഘടന ഇതെക്കുറിച്ച് ഒരു വാക്കെങ്കിലും പറഞ്ഞോ?

ഈ ദിവസങ്ങളില്‍ യൂറോപ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ ഹെയ്‌ത്തിയെക്കുറിച്ചുള്ള ദാരുണമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോളറ ബാധിച്ച് 800 ല്‍പരം പേര്‍ മരിച്ചു. മുപ്പത് ലക്ഷത്തോളം പേര്‍ കോളറ പടരുമോ എന്ന ഭീഷണി നേരിടുന്നു. ഭൂകമ്പത്തെ തുടര്‍ന്നു വീടുകള്‍ നഷ്‌ടപ്പെട്ട് തമ്പുകളില്‍ കഴിയുന്നവരാണവര്‍. അവര്‍ക്ക് കുടിവെള്ളം പോലുമില്ല. കഴിഞ്ഞ ജനുവരിയിലാണ് രണ്ടര ലക്ഷത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പമുണ്ടായത്. രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിനു അമേരിക്ക സഹായം വാഗ്ദാനം ചെയ്‌തിരുന്നു. അതിന്റെ ആദ്യ ഗഡു ഹെയ്‌ത്തിയില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തത്. വാഗ്ദാനം ചെയ്‌തതിന്റെ പത്തിലൊന്നിനു തുല്യമായി 12 കോടി ഡോളര്‍ അടുത്ത ഏതാനും ദിവസത്തിനകം കൈമാറുമെന്ന് അമേരിക്കന്‍ വക്താവ് അറിയിച്ചു.

എന്നാല്‍ ഹെയ്‌ത്തിയെ ബാധിച്ച കോളറയെക്കുറിച്ച് അമേരിക്കന്‍ വക്താവ് ഒരക്ഷരം പറഞ്ഞില്ല.

*****

ഫിഡല്‍ കാസ്‌ട്രോ, കടാപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...