Tuesday, July 10, 2012

പളളികള്‍ മുസ്ലീങ്ങള്‍ തന്നെ തകര്‍ക്കുന്നതെന്തുകൊണ്ട്?

മനുഷ്യന്‍ ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയാണ്. ഭൗതീകമായ ആവശ്യങ്ങളെല്ലാം നിറവേറ്റപ്പെട്ടാലും സംതൃപ്തമാകാത്ത ഒരാത്മാന്വേവഷണം ജീവിതത്തിലൊരിക്കലെങ്കിലും നടത്താത്തവരുണ്ടാകില്ല. ഇത്തരം ആത്മാന്വേഷണങ്ങള്‍ ആത്മീയതയിലേക്കും സാധാരണഗതിയില്‍ മതത്തിലേക്കും മനുഷ്യനെ നയിക്കുകയും മതതത്വസംഹിതകളുമായി അവനെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്യും. ഇതുകൊണ്ടാണ് വെളിച്ചമില്ലാത്ത കാലത്തെ വെളിച്ചമായിരുന്നു മതങ്ങളെന്ന് മാര്‍ക്‌സ് നിരീക്ഷിച്ചത്. ശാസ്ത്രബോധം നന്നെ വിരളമായ പുരാതന കാലഘട്ടത്തില്‍ ശാസ്ത്രീയമായ ഒരു ലോകവീക്ഷണം കൂടിയായിരുന്നു മതങ്ങള്‍ അന്ന് പ്രതിനിധാനം ചെയ്തത്. അതായത് പ്രകൃതി ആരാധനയില്‍ നിന്നും കൂടുതല്‍ പരിഷ്‌കൃതവും ആധുനികവുമായ പ്രകൃതിശക്തികള്‍ക്കും അതീതനായ ഒരു ദൈവം എന്ന ചിന്ത അക്കാലത്ത് മനുഷ്യ മനസ്സിന്റെ ഒരു ശാസ്ത്രീയമായ കണ്ടെത്തലായിരുന്നു. എന്നാല്‍ പള്ളിയും പട്ടക്കാരുമായി ഒരു സാമൂഹിക സ്ഥാപനമായി മതം മാറിയപ്പോള്‍ അതിനു ശാസ്ത്രീയ സമീപനം നഷ്ടമായി എന്നു മാത്രമല്ല ശാസ്ത്രചിന്തയുടെ മുഖ്യ ശത്രുവുമായി. അതായത് സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഓള്‍ട്ടോ സീരിസിലെ ആദ്യകാര്‍ മാരുതി എണ്ണൂറ് എന്ന പേരില്‍ ഇന്ത്യയിലിറക്കുകയും ഓള്‍ട്ടോയുടെ ഏറ്റവും പുതിയ  മോഡല്‍ കമ്പനി തന്നെ ഓള്‍ട്ടോ എന്ന പേരില്‍ പിന്നീട് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയപ്പോള്‍ മാരുതി 800 എന്ന പേരില്‍ പഴയ മോഡല്‍ അതിന്റെ തന്നെ ആധുനിക രൂപത്തോട് വിപണി പിടിച്ചടക്കാന്‍ മത്സരിച്ചതുപോലെ. ഇങ്ങനെ രാഷ്ട്രീയ സാമൂഹിക സ്ഥാപനമെന്ന നിലയില്‍ ശാസ്ത്രചിന്തക്കും പുരോഗമനാശയങ്ങള്‍ക്കും മുഖം തിരിച്ചു നിന്ന മതത്തിന്റെ കാലഹരണപ്പെട്ട രൂപത്തെയാണ് പില്‍കാലഘട്ടത്തില്‍ മാര്‍ക്‌സ് തന്നെ മനുഷ്യനെ മയക്കുന്ന മയക്കുമരുന്നായി നിദര്‍ശിച്ചത്. കാരണം അപ്പോഴേക്കും റോമന്‍ സാമ്രാജ്യത്വത്തിന്റെയും സ്പാനിഷ് കൊളോണിയല്‍ ഭീകരതയുടെയുമെല്ലാം പ്രത്യയശാസ്ത്ര ഉപാധി മാത്രമായി ഭരണകൂടത്തിന്റെ ഒരാവാന്തര വിഭാഗമായി മതം മാറിയിരുന്നു. മതത്തിന്റെ ഈ പരിഹാസ്യമായ അവസ്ഥാവിശേഷം വെളിപ്പെടുന്ന ഒരു സംഭവം പോയവാരം ആഫ്രിക്കന്‍ രാജ്യമായ മാലിയിലുണ്ടായി.

കുറച്ചുകാലമായി ആഭ്യന്തര യുദ്ധങ്ങളുടെ പേരില്‍ ലോക മാധ്യമങ്ങളില്‍ മാലി പ്രത്യക്ഷപ്പെടുന്നുണ്ട്. അങ്ങനെ നില്‍ക്കുമ്പോഴാണ് അന്‍സാര്‍ദിന്‍ അഥവാ വിശ്വാസത്തിന്റെ സംരക്ഷകരെന്ന് സ്വയം വിളിക്കുന്ന അല്‍ക്വയിദയുമായി ബന്ധമുള്ള ഒരു വിഭാഗം ഈ ആഭ്യന്തരയുദ്ധത്തില്‍ പങ്കാളികളാകുന്നത്. എതിരാളികളില്‍ നിന്നും സ്വന്തം പ്രദേശം തിരിച്ചു പിടിക്കുവാന്‍ ശ്രമിച്ച വടക്കന്‍ മാലിയിലെ തുരഗ് ഗോത്രക്കാരുടെ അണിയില്‍ ഇവര്‍ സൂത്രത്തില്‍ നുഴഞ്ഞുകയറി. തുരഗ് സൈന്യത്തെ തന്ത്രപരമായി ഉപയോഗിക്കപ്പെടുത്തിക്കൊണ്ട് ഇവര്‍ വടക്കന്‍ മാലിയിലെ ചരി്രത നഗരമായ തിംബുകു പിടിച്ചടക്കി. പിന്നീടാണ് കൊടിയ ചതി അരങ്ങേറിയത്. മുമ്പ് ഇറാനിയന്‍ വിപ്ലവാനന്തരം കൂടെ നിന്ന കമ്മ്യൂണിസ്റ്റുകാരെ കൊന്നൊടുക്കികൊണ്ട് ഇസ്ലാമിസ്റ്റുകള്‍ ആ വിപ്ലവത്തെ കുരുതികഴിച്ചതുപോലെ നഗരം കൈവശപ്പെടുത്തിയപ്പോള്‍ തുരഗുകളെ എല്ലാ അധികാര സ്ഥാനത്തുനിന്നും നീക്കിയ അന്‍സാര്‍ദിന്‍ തീവ്രവാദികള്‍ അവരെ നഗരത്തിനു പുറത്തേക്കാട്ടി പായിച്ചു. തുടര്‍ന്ന് തിംബുകുവിനു ചുറ്റും അവര്‍ മൈന്‍ വിതറി. തുടര്‍ന്നാണ് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തെ പോലും നാണിപ്പിക്കുന്ന പള്ളിപൊളിക്കല്‍ സംഭവങ്ങള്‍ക്ക് തിംബുകു സാക്ഷ്യം വഹിച്ചത്.

മധ്യകാല ലോകത്തെ ഒരു സുപ്രധാന നഗരമായ തിംബുകുവില്‍ മൂന്ന് വന്‍ മുസ്ലിം പള്ളികളും സൂഫിവര്യന്മാരുടെ അനേകം ശവകുടീരങ്ങളുമുണ്ട്. ഇവയെല്ലാം തന്നെ ഇസ്ലാമിക വിശ്വാസങ്ങള്‍ക്കൊപ്പം തദ്ദേശീയമായ സാംസ്‌കാരിക പൈതൃകം കൂടിചേര്‍ന്ന് രൂപംകൊണ്ടവയാണ്. അതായത് മധ്യകാലഘട്ടത്തിലെ ഒരു ലോകപ്രശസ്ത വിദ്യാഭ്യാസ സാംസ്‌കാരികകേന്ദ്രമായിരുന്നു തിംബുകു.

തങ്ങളുടെ നിയന്ത്രണത്തില്‍ വന്നതോടെ കൊടിയ അസഹിഷ്ണുതയുടേതായ സ്വന്തം വഹാബി വിശ്വാസപ്രമാണങ്ങള്‍ തിംബുകുവിലെ തദ്ദേശീയമായ ഇസ്ലാമിക പാരമ്പര്യത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാനാണ് അന്‍സാര്‍ദിന്‍ ശ്രമിച്ചത്. ആദ്യമായി അവര്‍ ചെയ്തത് ഷരിയ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയാണ്. പിന്നീട് വിഗ്രഹാരാധന പ്രോത്സാഹിപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് ബാബറി മസ്ജിദിനേക്കാളും പഴക്കമുള്ള തിംബുകുവിലെ സിദ്ധന്മാരുടെ ശവകുടീരങ്ങള്‍ തകര്‍ത്തു. ഏതാണ്ട് ഏഴോളം ശവകുടീരങ്ങളാണിങ്ങനെ കല്ലോട് കല്ല് ബാക്കി വെക്കാതെ പൊളിച്ചു കളഞ്ഞത്. തുടര്‍ന്ന് അവരുടെ ലക്ഷ്യം ക്രിസ്ത്വബ്ദം 1400 ല്‍ സ്ഥാപിച്ച സിദ്ധിയന്യ പള്ളിയായിരുന്നു. പള്ളിയുടെ കവാടവും നൂറ്റാണ്ടുകളായി അടഞ്ഞുകിടന്നിരുന്ന വിലക്കപ്പെട്ട വാതിലും അവര്‍ തകര്‍ത്തുകളഞ്ഞു. മറ്റു പല പള്ളികളും ഭീഷണിയുടെ നിഴലിലുമാണ്.

മുസ്ലീങ്ങളായ അന്‍സാര്‍ദിന്‍ മുസ്ലിം ദേവാലയങ്ങളും വിശുദ്ധരുടെ ശവകുടീരങ്ങളും തകര്‍ക്കുന്നതെന്തുകൊണ്ടാണ് എന്ന് സ്വാഭാവികമായും ചോദിച്ചുപോകും. ഉത്തരം ഇസ്ലാമുള്‍പ്പെടെയുള്ള ഒരു ലോകമതവും എല്ലാ അര്‍ഥത്തിലും ഏകശിലാത്മകമല്ല എന്നാണ്. ദൈവത്തിലും വിശുദ്ധഗ്രന്ഥത്തിലും പ്രവാചകനിലും നിസ്‌കാരം, നൊയ്മ്പു പോലെയുള്ള ചില അടിസ്ഥാന കാര്യങ്ങളിലുള്ള വിശ്വാസവും സാമ്യവും ഒഴിച്ച് ലോക മുസ്ലിം സമൂഹങ്ങള്‍ തമ്മില്‍ മുക്കാല്‍ പങ്കും വ്യത്യാസങ്ങളാണുള്ളത്. ഈ വ്യത്യാസങ്ങള്‍ സാംസ്‌കാരികവും സാമൂഹികവുമാണ്. അതായത് ഇസ്ലാമിക വിശ്വാസം സ്വീകരിച്ച ലോകത്തിലെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായി പുതിയ വിശ്വാസത്തെ സ്വീകരിച്ചു എന്നു മാത്രമേയുള്ളൂ. ഇതിനുദാഹരണമാണ് കേരളത്തിലെ സുന്നി വിഭാഗത്തില്‍ പെട്ട മാപ്പിള മുസ്ലിങ്ങള്‍. എന്നാല്‍ അന്‍സാര്‍ദിന്നിനെ പോലെയുള്ള വഹാബികള്‍ പ്രവാചകന്റെ കാലത്ത് സൗദി അറേബ്യയില്‍ നിലനിന്നിരുന്നു എന്നവര്‍ പറയുന്ന ഇസ്ലാമിക സമൂഹത്തിന്റെ വാര്‍പ്പുമാതൃകയാവണം ലോകത്തെ ഒരോ മുസ്ലിം സമൂഹവും എന്ന് വാശിപിടിക്കുന്നവരാണ്. ഇസ്ലാമിക സാമ്രാജ്യത്വത്തിന്റെ സുവര്‍ണകാലഘട്ടത്തില്‍ പോലും നടക്കാതെപോയ അപ്രായോഗികമായ ഒരു ആശയമാണിത്. അതുമാത്രമല്ല ഒരു മാതൃകാ ഇസ്ലാം പ്രവാചകന്റെ കാലത്തു തന്നെ നിലനിന്നിരുന്നു എന്നതിന് എന്താണ് തെളിവ് ? മറിച്ചുള്ള തെളിവുകള്‍ ധാരാളമുണ്ട് താനും. പ്രവാചകന്റെ ഖബറില്‍ അവസാനത്തെ ഒരുപിടി മണ്ണ് വീഴും മുമ്പുതന്നെ പിന്‍ഗാമിയെ ചൊല്ലി കലഹിച്ചവരാണ് അദ്ദേഹത്തിന്റെ അനുയായികള്‍. ഇതിന്റെ പേരില്‍ നടന്ന കടിപിടിയിലാണ് മൂന്നാമത്തെ ഖലീഫയായ ഉസ്മാന്‍ നാലാമനും പ്രവാചകന്റെ പുത്രിയുടെ ഭര്‍ത്താവുമായ അലിയും, അലിയുടെ പുത്രന്മാരും നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്. അലിയെ പള്ളിയില്‍ വെച്ചാണ് വെട്ടിക്കൊന്നത്. അള്ളാഹുവിന് കീഴ്‌പ്പെട്ട് സമാധാനപൂര്‍വം സഹവസിക്കുക എന്ന ഖുറാന്റെ അടിസ്ഥാനതത്വം പോലും നബിയുടെ അടുത്ത അനുയായികളില്‍ നല്ലൊരു പങ്കും അന്നേ അനുസരിച്ചിരുന്നില്ല എന്നാണ് ഈ സംഭവങ്ങള്‍ കാണിക്കുന്നത്. ഇനി പള്ളികളുടെ തച്ചുശാസ്ത്രം നോക്കാം. ക:അബ എന്ന മക്കയിലെ ആരാധനകേന്ദ്രവും മറ്റ് ഏതാനും പള്ളികളുമല്ലാതെ പ്രവാചകന്റെ കാലഘട്ടത്തില്‍ വന്‍ പള്ളികളൊന്നും ഖിലാഫത്ത് അഥവാ ഇസ്ലാമിക ഭരണം നിലനിന്നിടങ്ങളില്‍ ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് ലോകത്തിന്റെ നാനാഭാഗത്തുമുള്ള പള്ളികളില്‍  99 ശതമാനവും നിര്‍മ്മിക്കപ്പെട്ടത് പ്രവാചകന്റെ കാലത്തെ മാതൃകയിലുമല്ല. മറിച്ച് അന്ന് ഇസ്ലാമിക സാമ്രാജ്യത്വത്തില്‍ പെടാതിരുന്ന ഇറാന്‍, ബൈസന്‍ന്റൈന്‍ മാതൃകയിലാണ്. ഇന്ന് മക്കയില്‍ ക:അബയെ ചുറ്റിനില്‍ക്കുന്ന പള്ളിയില്‍പോലും ഈ വൈദേശിക സ്വാധീനം പ്രകടമാണുതാനും. അതുകൊണ്ട് തന്നെ വഹാബികള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു മാതൃക ഇസ്ലാമൊന്നും പ്രവാചകന്റെ കാലഘട്ടത്തില്‍ തന്നെ നിലനിന്നിരുന്നില്ല എന്നു കാണാനാകും. അതുകൊണ്ട് തന്നെ അന്‍സാര്‍ദിനും മറ്റുപുരിട്ടാനിക് പ്രസ്ഥാനങ്ങളും അവരുടെയെല്ലാം ബുദ്ധികേന്ദ്രമായ അബ്ദുള്‍ വഹാബും പ്രതിനിധാനം ചെയ്യുന്ന ഏകതാനമായ ഇസ്ലാം ഒരു ഭാവന മാത്രമാണ്. ഇതൊരപകടകരമായ ഭാവനയുമാണ്. കാരണം കേരളമുള്‍പ്പെടെയുള്ള ബഹുസ്വര സമൂഹങ്ങളില്‍ മുസ്ലീങ്ങളെ സമൂഹജീവിതത്തിന്റെ മുഖ്യധാരയില്‍ നിലനിര്‍ത്തുന്ന ഒരു പൊതു സാംസ്‌കാരികധാരയുമായുള്ള നാഭീനാളബന്ധമാണ്. വഹാബിസ്റ്റുകള്‍ ആവശ്യപ്പെടുംപ്രകാരം ഈ ബന്ധം അറുത്തെറിഞ്ഞാല്‍ ഉത്തരേന്ത്യയിലെന്നപോലെ വെറും പൊങ്ങുതടികളായി സമൂഹമുഖ്യധാരയില്‍ നിന്നും ഒറ്റപ്പെട്ട് ലോകത്തിലെ വിവിധ മുസ്ലിം  സമൂഹങ്ങള്‍ക്ക് എലിജന്മം നയിക്കേണ്ടതായി വരും. ഇനി വിഗ്രഹാരാധനക്കു കാരണമാകുന്നതാണ് മാലിയിലെ ശവകുടീരങ്ങളുടെ പ്രശ്‌നമെങ്കില്‍ ഇത്തരക്കാര്‍ ആദ്യം തകര്‍ക്കേണ്ടത് ക:അബയാണ്. കാരണം ഇസ്ലാമിക പൂര്‍വകാലഘട്ടത്തില്‍ അറേബ്യയില്‍ നിലനിന്നിരുന്ന വിഗ്രഹാരാധനയുടെ ഭാഗമാണത്.

ഇവിടെ പ്രശ്‌നം മതത്തെ ശാസ്ത്രീയമായും ചരിത്രപരമായും മനസ്സിലാക്കലാണ്. അങ്ങനെ മനസ്സിലാക്കിയാല്‍ അത് ജനാധിപത്യത്തിലേക്കും ബഹുസ്വരതയിലേക്കും സഹിഷ്ണുതയിലേക്കും നയിക്കും. എന്നാല്‍ അങ്ങനെ മനസ്സിലാകാത്തതുകൊണ്ടാണ് ഹിന്ദുവാദികളും അന്‍സാര്‍ദിനും ഒരുപോലെ പള്ളികള്‍ തകര്‍ക്കുന്നത്. ഹിന്ദുത്വവാദികള്‍ ചെയ്യുമ്പോള്‍ മാത്രമല്ല ആരാധനാലയ ധ്വംസനം തെറ്റാകുന്നത്. ബാമിയാനും തിംബുക്കുവും വഹാബി അസഹിഷ്ണുതയും തെറ്റുതന്നെയാണ്.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 09 ജൂലൈ 2012

No comments: