Wednesday, July 18, 2012

ഒബാമയുടെ സമ്മര്‍ദം

ചില്ലറ വില്‍പ്പനയുള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യ ഉദാരവല്‍ക്കരണം തീവ്രമാക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉപദേശിക്കുന്നത്. ഒബാമ ഇന്ത്യയെ ഉപദേശിച്ചു എന്നതിന് ഇന്ത്യക്കുമേലുള്ള സമ്മര്‍ദം രൂക്ഷമാക്കുന്നു എന്നതാണ് അര്‍ഥം. സാമ്പത്തികപരിഷ്കരണങ്ങളുടെ മറ്റൊരധ്യായം തുടങ്ങാന്‍ സമയമായി എന്നുപറയുന്ന ഒബാമ ചില്ലറവ്യാപാരമേഖലയുടെ വാതിലുകള്‍ വിദേശനിക്ഷേപത്തിന് സമ്പൂര്‍ണമായി തുറന്നുകൊടുക്കണമെന്ന് ഊന്നിപ്പറയുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തികനില മെച്ചപ്പെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതേ ഒബാമയാണ്, അമേരിക്ക നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ഇന്ത്യയിലേക്ക് പുറംജോലികള്‍ നല്‍കുന്നതാണെന്നും "ഔട്ട് സോഴ്സിങ്" എന്ന ആ ഏര്‍പ്പാട് അവസാനിപ്പിക്കണമെന്ന് വാദിച്ചതും അതിനുരോധമായ തീരുമാനമെടുത്തതും. അമേരിക്കന്‍ കമ്പനികള്‍ക്കുവേണ്ടി ഇന്ത്യയില്‍ വിവിധ സേവനങ്ങള്‍ക്കായി ഇവിടത്തെ ചെറുപ്പക്കാരെ നിയോഗിച്ചാല്‍ സ്വന്തം രാജ്യത്തിന് അപകടമാണെന്ന് ഒബാമയ്ക്കറിയാം. ഇന്ത്യയിലെ ചെറുകിട വ്യാപാരമേഖലയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്ന് അമേരിക്കന്‍ വ്യാപാരഭീമന്മാര്‍ പ്രവേശിക്കുകയും ലാഭംകൊയ്ത് കടല്‍കടത്തുകയും ചെയ്താല്‍ ഇന്ത്യക്കാണോ അമേരിക്കയ്ക്കാണോ പ്രയോജനം എന്നചോദ്യത്തിന് ഒബാമ ഉത്തരം പറയുന്നില്ല. പകരം "ഇന്ത്യയില്‍ ചില്ലറ വില്‍പ്പനയുള്‍പ്പെടെയുള്ള പല മേഖലയിലും നിക്ഷേപത്തിന് പറ്റിയ സാഹചര്യമില്ലെന്ന് അമേരിക്കന്‍ നിക്ഷേപകര്‍ പരാതിപ്പെടുന്നുണ്ട്" എന്നതിലാണദ്ദേഹത്തിന്റെ സങ്കടം. അമേരിക്കന്‍ നിക്ഷേപകരുടെ പരാതി തീര്‍ക്കാന്‍ ബാധ്യതപ്പെട്ടവരാണ് ഇന്ത്യയിലെ ഭരണം നയിക്കുന്നത് എന്ന ബോധ്യവും ആ വാക്കുകളിലുണ്ട്.

ഇരുരാജ്യങ്ങളിലും ആവശ്യമായ തൊഴിലവസരം സൃഷ്ടിക്കുന്നതിനും ഇന്ത്യക്ക് വളര്‍ച്ച കൈവരിക്കുന്നതിനും ഉദാരവല്‍ക്കരണം തീവ്രമാക്കണമെന്നും പുതിയ പരിഷ്കരണങ്ങള്‍ നടപ്പാക്കേണ്ട സമയമായെന്ന കാഴ്ചപ്പാടിന് ഇന്ത്യയില്‍ അംഗീകാരം ലഭിക്കുന്നുണ്ടെന്നും ഒബാമ പറഞ്ഞതായി കാണുന്നു. ഇന്ത്യയിലെ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നും എങ്ങനെ ചിന്തിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം അമേരിക്ക ഏറ്റെടുത്തിരിക്കുന്നു എന്ന ധാര്‍ഷ്ട്യം അതിലുണ്ട്. അത് മറച്ചുവയ്ക്കാനാകാത്തവിധം തെളിഞ്ഞുനില്‍ക്കുന്നതുകൊണ്ടാണ്, നിക്ഷേപാന്തരീക്ഷം മോശമായി വരികയാണെന്ന ഒബാമയുടെ പ്രസ്താവന ഇന്ത്യക്ക് നിഷേധിക്കേണ്ടിവന്നത്. നിഷേധമേ ഉണ്ടായിട്ടുള്ളൂ, പ്രതിഷേധമുണ്ടായിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

2007-08ല്‍ ആരംഭിച്ച ആഗോള സാമ്പത്തികക്കുഴപ്പത്തെ കൊടുമുടിയിലേക്ക് പിടിച്ചുകയറ്റിയ വന്‍കിട ബിസിനസുകാരെയും സ്വകാര്യ ധനസ്ഥാപനങ്ങളെയും അമേരിക്ക രക്ഷിച്ചെടുത്തത് അവിടത്തെ നികുതിദായകരുടെ ശതകോടിക്കണക്കിന് ഡോളര്‍ ചെലവുചെയ്താണ്. അങ്ങനെ പണം വന്‍തോതില്‍ ഒഴുക്കിയശേഷമാണ്, ചെലവുചുരുക്കല്‍ നടപടികളും പൊതുചെലവ് വെട്ടിക്കുറയ്ക്കലും നടപ്പാക്കി ജനങ്ങളുടെ അവകാശങ്ങളില്‍ കൈവച്ചത്. പ്രതിസന്ധിയുടെ ഭാരം അധ്വാനിക്കുന്ന ജനങ്ങളുടെമേല്‍ അങ്ങനെ അടിച്ചേല്‍പ്പിക്കപ്പെട്ടു. ചെലവുചുരുക്കല്‍ എന്നാല്‍ തൊഴിലില്ലായ്മയും വീടുകളില്‍നിന്ന് കുടിയൊഴിക്കലും സാമൂഹ്യക്ഷേമ നടപടികളില്ലാതാകലുമാണ്. ഇതേ അവസ്ഥയാണ് ആഗോളവല്‍ക്കരണനയങ്ങളിലൂടെ ഇന്ത്യയിലും സൃഷ്ടിക്കപ്പെടുന്നത്. നവ ലിബറല്‍നയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതിന്, രാജ്യത്തെ സാധാരണ ജനങ്ങളുടെ അവസ്ഥ കൊടുംദുരിതത്തിലേക്ക് പതിപ്പിക്കുക എന്നാണര്‍ഥം.

പലതരത്തിലാണ് സമ്മര്‍ദങ്ങളുണ്ടാകുന്നത്. നേരത്തെ അന്താരാഷ്ട്ര വായ്പാ ഏജന്‍സികള്‍ ഇന്ത്യയുടെ "റേറ്റിങ്" താഴ്ത്തി. "സ്ഥിരത"യില്‍നിന്ന് നെഗറ്റീവ് തലത്തിലേക്കാണ് "സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍" എന്ന അന്താരാഷ്ട്ര ഏജന്‍സി ഇന്ത്യയെ മാറ്റിയത്. എല്ലാ സമ്മര്‍ദങ്ങളുടെയും ആത്യന്തികമായ ഊന്നല്‍ ചില്ലറവ്യാപാരമേഖല തന്നെയാണ്. വാള്‍മാര്‍ട്ട് പോലെയുള്ള സ്ഥാപനങ്ങളെ പരവതാനി വിരിച്ച് വരവേല്‍ക്കുക, സബ്സിഡികള്‍ കടുത്ത രീതിയില്‍ വെട്ടിക്കുറയ്ക്കുക, ഡീസലിന്റെയും ഇതര പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിലനിയന്ത്രണം സമ്പൂര്‍ണമായി ഇല്ലാതാക്കുക, ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപത്തിന്റെ തോത് നിലവിലുള്ള 26ല്‍നിന്ന് 49 ശതമാനമായി ഉയര്‍ത്തുക, പെന്‍ഷന്‍ ഫണ്ടുകളില്‍ വിദേശനിക്ഷേപം അനുവദിക്കുക തുടങ്ങിയവയാണ് അമേരിക്ക ആഗ്രഹിക്കുന്ന പരിഷ്കരണങ്ങള്‍. അതാണ് ഉപദേശരൂപേണ അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിച്ച് അവതരിപ്പിക്കുന്നത്.

ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശപ്രത്യക്ഷ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ബാങ്കിങ് മേഖലയില്‍ നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിനും പെന്‍ഷന്‍ ഫണ്ടുകള്‍ ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നതിനുമുള്ള നിയമനിര്‍മാണങ്ങള്‍ക്ക് മറ്റെല്ലാറ്റിനുമുപരിയായ പ്രാധാന്യമാണ് യുപിഎ സര്‍ക്കാര്‍ നല്‍കുന്നത്. ധനമേഖലയെ കൂടുതല്‍ തുറന്നുകൊടുക്കുന്നതിനായി കൊണ്ടുവന്ന വിവിധ നിയമനിര്‍മാണങ്ങള്‍ ഇടതുപക്ഷം തടഞ്ഞതിനാലാണ്, വാസ്തവത്തില്‍ ആഗോളധനപ്രതിസന്ധിയാല്‍ ഇന്ത്യ പൂര്‍ണമായും തകരാതിരുന്നത്.

2011ലെ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ഒന്നിലേറെ ബ്രാന്‍ഡുകളുടെ ചെറുകിട വ്യാപാരത്തില്‍ 51 ശതമാനം വിദേശപ്രത്യക്ഷ നിക്ഷേപം അനുവദിക്കുന്നതിനുള്ള തീരുമാനം യുപിഎ മന്ത്രിസഭ എടുത്തിരുന്നു. ഇത് നാലു കോടിയിലേറെ വരുന്ന ചെറുകിട വ്യാപാരികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും കര്‍ഷകരെയും ചെറുകിട ഉല്‍പ്പാദകരെയും ഞെരുക്കുമെന്നും കണ്ടാണ് രാഷ്ട്രീയ പാര്‍ടികള്‍, വ്യാപാരികള്‍, ബഹുജനസംഘടനകള്‍ എന്നിവയില്‍നിന്ന് വ്യാപകപ്രതിഷേധം ഉയര്‍ന്നതും തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു എന്ന് പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയതും. എന്നാല്‍, അക്കാര്യത്തില്‍ ഇനിയും കാത്തിരിക്കാന്‍ ഒരുക്കമല്ലെന്ന അമേരിക്കയുടെ മുന്നറിയിപ്പാണ് ഒബാമ നല്‍കിയത് എന്ന് സംശയരഹിതമായി പറയാം.

വന്‍കിടകള്‍ക്ക് കൊടുക്കുന്ന നിയന്ത്രണമില്ലാത്ത നികുതി ഇളവുകളാണ് (5.28 ലക്ഷം കോടി) ഇന്ത്യയുടെ വ്യവസായവളര്‍ച്ച ഏതാനും മാസങ്ങള്‍കൊണ്ട് 8.8ല്‍നിന്ന് -3.1 ശതമാനത്തിലേക്ക് (മാര്‍ച്ച് 2012) താഴ്ത്തിയത്. ഈ തുക പൊതുനിക്ഷേപമാക്കിയിരുന്നെങ്കില്‍ രാജ്യത്തിന്റെ ഇന്നത്തെ ചിത്രം മറ്റൊന്നാകുമായിരുന്നു. ഒബാമയുടെ ഉപദേശമല്ല ജനങ്ങളുടെ ജീവിതയാഥാര്‍ഥ്യങ്ങളാണ് സര്‍ക്കാരിന്റെ തീരുമാനങ്ങളെ നയിക്കേണ്ടത് എന്നര്‍ഥം. യുപിഎ സര്‍ക്കാര്‍ അതിന് തയ്യാറാകാതെ, അമേരിക്കയ്ക്ക് രാജ്യത്തെ പണയംവയ്ക്കുന്നതുകൊണ്ടാണ്, ഇന്ത്യ എന്തൊക്കെ ചെയ്യണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തീട്ടൂരമിറക്കുന്ന അഹിതകരമായ അവസ്ഥ തുടരുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 18 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വന്‍കിടകള്‍ക്ക് കൊടുക്കുന്ന നിയന്ത്രണമില്ലാത്ത നികുതി ഇളവുകളാണ് (5.28 ലക്ഷം കോടി) ഇന്ത്യയുടെ വ്യവസായവളര്‍ച്ച ഏതാനും മാസങ്ങള്‍കൊണ്ട് 8.8ല്‍നിന്ന് -3.1 ശതമാനത്തിലേക്ക് (മാര്‍ച്ച് 2012) താഴ്ത്തിയത്. ഈ തുക പൊതുനിക്ഷേപമാക്കിയിരുന്നെങ്കില്‍ രാജ്യത്തിന്റെ ഇന്നത്തെ ചിത്രം മറ്റൊന്നാകുമായിരുന്നു. ഒബാമയുടെ ഉപദേശമല്ല ജനങ്ങളുടെ ജീവിതയാഥാര്‍ഥ്യങ്ങളാണ് സര്‍ക്കാരിന്റെ തീരുമാനങ്ങളെ നയിക്കേണ്ടത് എന്നര്‍ഥം. യുപിഎ സര്‍ക്കാര്‍ അതിന് തയ്യാറാകാതെ, അമേരിക്കയ്ക്ക് രാജ്യത്തെ പണയംവയ്ക്കുന്നതുകൊണ്ടാണ്, ഇന്ത്യ എന്തൊക്കെ ചെയ്യണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തീട്ടൂരമിറക്കുന്ന അഹിതകരമായ അവസ്ഥ തുടരുന്നത്.