Saturday, July 28, 2012

പഠിച്ചും പഠിപ്പിച്ചും നാട് ഒപ്പമുണ്ട് ഊരുകളുടെ കണ്ണ്: 'പാര്‍ട്ടി ഗ്രാമ'ങ്ങളിലൂടെ ഒരു യാത്ര 3, 4


ഒന്നാം ഭാഗം, രണ്ടാം ഭാഗം

ജീവിതങ്ങള്‍ക്ക് എന്നും കാവല്‍

സായുജ്യം മംഗല്യസ്വപ്നത്തിനും

പിണറായി ചേരിക്കലിലെ സഹജയും കൊട്ടിയൂര്‍ അമ്പായത്തോട്ടിലെ ജോര്‍ജ് കുര്യനും ഇപ്പോള്‍ സന്തുഷ്ടരാണ്. "സായൂജ്യം" പദ്ധതിയാണ് തങ്ങളെ ഒന്നിപ്പിച്ചതെന്ന് ഈ ദമ്പതികള്‍ പറഞ്ഞു. 2009 ഒക്ടോബര്‍ അഞ്ചിനാണ് ജോര്‍ജ് കുര്യന് സഹജ സഖിയായത്. പിണറായി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലെ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായിക്കഴിയുന്ന സ്ത്രീകളുടെ മംഗല്യസ്വപ്നത്തിന് മിന്നുചാര്‍ത്താന്‍ പഞ്ചായത്താവിഷ്കരിച്ച പദ്ധതിയാണ് സായൂജ്യം. പലകാരണങ്ങളാല്‍ അവിവാഹിതരായി കഴിയുന്നവരുടെ രജിസ്റ്റര്‍ തയ്യാറാക്കി 2008ലാണ് പദ്ധതി ആരംഭിക്കുന്നത്. സംസ്ഥാനത്ത് ഒരു പഞ്ചായത്ത് കല്യാണത്തിന് പദ്ധതി ഒരുക്കിയത് ആദ്യം. മദ്യാസക്തിക്കെതിരെ കേരളം ചിന്തിച്ചുതുടങ്ങുംമുമ്പേ പിണറായി ഗ്രാമം കര്‍മപഥത്തിലിറങ്ങിയിരുന്നു. "നമുക്ക് നന്മകള്‍ കാത്തുസൂക്ഷിക്കാ"മെന്ന പിണറായി ഗ്രാമത്തിന്റെ സന്ദേശം നാടെങ്ങും ചലനമുണ്ടാക്കി. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലും മരണവീടുകളിലും മദ്യംവിളമ്പുന്നത് ഒഴിവാക്കാന്‍ നാട് കൈകോര്‍ത്തു. രാഷ്ട്രീയപാര്‍ടികളും അമ്പതോളം സാംസ്കാരികസമിതികളും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുമെല്ലാം ഈ പ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നു.

ജീവന്‍ കാക്കും രക്തം നല്‍കി

മികച്ച സൗകര്യങ്ങളോടുകൂടിയ നിരവധി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ ഏറ്റവും വലിയ രക്തബാങ്ക് സിപിഎമ്മും ഡിവൈഎഫ്ഐയും രൂപീകരിക്കുന്ന പ്രാദേശിക രക്തദാന സേനകളാണ്. ഏതു പാതിരാത്രിയും ഏതു മനുഷ്യനും രാഷ്ട്രീയ വ്യത്യാസമില്ലാതെ വിളിക്കുന്നത് പാര്‍ടി ഓഫീസിലേക്കും ബ്രാഞ്ച് സെക്രട്ടറിയുടെ മൊബൈലിലേക്കുമാണ്. ജീവരക്തവുമായി വിളിപ്പാടകലെ ഉണര്‍ന്നിരിക്കും ഗ്രാമയൗവനം. അശരണരായ രോഗികള്‍ക്ക് ഏതുനേരത്തും ആശ്രയിക്കാവുന്ന ഇടമാണ് പാട്യം കൊട്ടയോടി. പാട്യം ഗോപാലന്റെ സ്മാരകമായ പാട്യം ഗോപാലന്‍ മെമ്മോറിയല്‍ ക്ലബാണ് രക്തദാനത്തിലൂടെ ജീവന് തണല്‍വിരിക്കുന്നത്. ജാതിയോ മതമോ രാഷ്ട്രീയമോ വേലിതീര്‍ക്കാതെ, ജീവന്റെ നൂല്‍പാലത്തിലൂടെ യാത്രചെയ്യുന്ന രോഗികള്‍ക്ക് ഈ ഗ്രാമം രക്തംനല്‍കി പരിചരിക്കുന്നു. രക്തദാനത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുകയാണ് ക്ലബ്. അപൂര്‍വമായ പല രക്തഗ്രൂപ്പുകളും ലഭിക്കാതെ രോഗികളും ബന്ധുക്കളും പ്രയാസപ്പെടുന്നത് കണ്ടറിഞ്ഞ പ്രവര്‍ത്തകര്‍ 1985ലാണ് രക്തദാനസേനക്ക് തുടക്കമിട്ടത്. രക്തം ദാനംചെയ്യാന്‍ പാട്യത്തെ ചെറുപ്പക്കാര്‍ എത്താത്ത ആശുപത്രികള്‍ കേരളത്തില്‍ വിരളം. തിരുവനന്തപുരം ആര്‍സിസി മുതല്‍ മംഗളൂരു വരെയുള്ള ആശുപത്രികളില്‍ രക്തദാനത്തിന് ഇവര്‍ സഞ്ചരിച്ചിട്ടുണ്ട്. തുടക്കത്തില്‍ സ്ത്രീകളടക്കം എണ്‍പതോളം പേരായിരുന്നു രക്തദാനസേനയില്‍. ഇന്ന് നൂറുകണക്കിനാളുകള്‍ രക്തം ദാനംചെയ്യാന്‍ സദാ സന്നദ്ധരാണ്.

അവയവദാനത്തിന്റെ മഹത്വം

എരഞ്ഞോളി പഞ്ചായത്തിലെ പാറക്കെട്ട് ഗ്രാമം നേത്രദാനത്തിലാണ് മാതൃക. മരിച്ചുമണ്ണടിയുമ്പോള്‍ കണ്ണുകള്‍ മറ്റൊരാള്‍ക്ക് വെളിച്ചമേകട്ടെയെന്നാണ് പാറക്കെട്ടിന്റെ വിവേകചിന്ത. മരണാനന്തരം 22പേരുടെ കണ്ണ് ഇവിടെ ദാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ശരീരദാനത്തിന്റെ മഹത്വത്തിലേക്കാണ് എരഞ്ഞോളിയുടെ യാത്ര. മരണാനന്തരം രണ്ടുപേരുടെ ശരീരം മെഡിക്കല്‍ കോളേജിന് ദാനംചെയ്തു. ശരീരദാനത്തിന് സന്നദ്ധരായി നിരവധി ജനങ്ങളുമുണ്ട്. പാറക്കെട്ട് സാംസ്കാരിക സമിതി വായനശാല ആന്‍ഡ് സി എം ബാലന്‍നമ്പ്യാര്‍ സ്മാരക ലൈബ്രറിയാണ് ഈ സദുദ്യമത്തിന് നേതൃത്വം. നേത്രദാനത്തിലോ ശരീരദാനത്തിലോ അവസാനിക്കുന്നില്ല പാറക്കെട്ടുകാരുടെ ജീവകാരുണ്യ പ്രവര്‍ത്തനം. വൃക്ക-ഹൃദയ രോഗത്തെതുടര്‍ന്ന് വലയുന്നവര്‍ക്ക് ചികിത്സാസഹായം നല്‍കുന്നതിലും ഈ ഗ്രാമീണര്‍ മുന്നിലാണ്. പയ്യന്നൂര്‍ കോറോമും നേത്രദാനത്തിന്റെ വെളിച്ചത്തിലേക്കാണ് സഞ്ചരിക്കുന്നത്. 2000 പേര്‍ ദാനപത്രത്തില്‍ ഒപ്പിട്ടു. സമ്പൂര്‍ണനേത്രദാന ഗ്രാമമാണ് ലക്ഷ്യം. ജനമൈത്രി പൊലീസാണ് പദ്ധതി ആവിഷ്കരിച്ചതെങ്കിലും സന്നദ്ധസംഘടനകളും ഒപ്പം നില്‍ക്കുന്നു. നിസ്വര്‍ക്കൊപ്പം നില്‍ക്കുന്ന മനസ് കമ്യൂണിസ്റ്റുകാര്‍ കാത്തുസൂക്ഷിക്കുന്നതിനാല്‍ കോറോത്ത് നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. കോറോം കല്ലമ്പള്ളിയില്ലത്ത് ശങ്കരന്‍ നമ്പൂതിരി(40), അമ്മ സരസ്വതി അന്തര്‍ജനം എന്നിവര്‍ക്ക് ഗ്രാമവാസികളാണ് തുണ. നട്ടെല്ല് തേഞ്ഞ് കിടപ്പിലായ ഈ യുവാവിന്റെ ചികിത്സയ്ക്കും വീട് നിര്‍മാണത്തിനും നാട് ഒന്നിച്ചുനിന്നു. പയ്യന്നൂര്‍ നഗരസഭയും ജനമൈത്രി പൊലീസും എല്ലാ സഹായങ്ങളും നല്‍കി.

വീട്ടില്‍ വൈദ്യുതിയെത്തിച്ചു.

കോറോം ഇരൂര്‍ കണക്കാഞ്ചേരി വീട്ടില്‍ ലക്ഷ്മി (47) ജന്മനാ വികലാംഗ. സഹോദരി ദേവകിയുടെ സംരക്ഷണയിലായ ഇവര്‍ നിത്യശയ്യയിലാണ്. സ്നേഹ ചാരിറ്റബിള്‍ ട്രസ്റ്റ് 40,000 രൂപ ഇവരുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. പ്രതിമാസ ധനസഹായവുമുണ്ട്. രോഗികളായ അമ്മയ്ക്കും മകള്‍ക്കും ചികിത്സ, അന്ധനായ ഒരാള്‍ക്ക് വീട് എന്നിങ്ങനെ കോറോം ഗ്രാമത്തില്‍ സഹാനുഭൂതിയുടെ പാഠങ്ങള്‍ക്ക് ഉദാഹരണങ്ങളേറെ.

ശ്മശാനം നിര്‍മിക്കാനും യുവാക്കള്‍

ഒരിക്കല്‍ ഉച്ചാടനം ചെയ്ത ജാതീയതയെ വീണ്ടും ഗ്രാമങ്ങളില്‍ ആനയിക്കാനുള്ള ഛിദ്രശക്തികളുടെ ശ്രമത്തെ തടയേണ്ടത് യുവതയുടെ ദൗത്യം. പട്ടടയിലും ജാതി ചോദിക്കുന്നതിനെതിരെ മാനവ ഐക്യത്തിന്റെ സന്ദേശമായി രണ്ട് പൊതു ശ്മശാനങ്ങള്‍ ഡിവൈഎഫ്ഐ നിര്‍മിച്ചു. കോറോം ഉണ്ണിമുക്കിലും പരവന്തട്ടയിലുമാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പൊതു ശ്മശാനങ്ങള്‍. ഇന്നവിടെ വ്യത്യസ്ത മതത്തില്‍പെട്ടവരുടെ മൃതദേഹം സംസ്കരിക്കുന്നു. മാതൃകയാകേണ്ട ഈ സംരംഭത്തിലും വലതുമാധ്യമങ്ങള്‍ "ശവംതീനി" പാരമ്പര്യം ആവര്‍ത്തിച്ചു. "മരിക്കുന്നവര്‍ക്ക് പാര്‍ടി ശ്മശാ"മെന്നാണ് "കൊടികെട്ടിയ നുണ"യില്‍ പ്രചരിപ്പിച്ചത്. പഞ്ചായത്ത് കിണര്‍ വൃത്തിയാക്കാനും റോഡുവെട്ടാനും ജനകീയ ബസ് വാങ്ങാനും അയല്‍ക്കാരനുമായുള്ള അതിര്‍ത്തിതര്‍ക്കം ന്യായമായി തീര്‍ക്കാനും ഗ്രാമങ്ങളിലെ പ്രാദേശിക നേതൃത്വത്തിന് കഴിയുന്നു. അതുകൊണ്ടാണ് ഈ പ്രദേശങ്ങളില്‍നിന്ന് വക്കീല്‍ ഓഫീസുകളിലും കോടതിയിലുമെത്തുന്നവരുടെ എണ്ണം കുറയുന്നത്.

IV

പഠിച്ചും പഠിപ്പിച്ചും നാട് ഒപ്പമുണ്ട്

മയ്യില്‍ തായംപൊയിലിലെ സി സുമിത്രന്‍ വൈദ്യുതി വകുപ്പില്‍ മസ്ദൂറാണ്. പത്തില്‍ തോറ്റ സുമിത്രന്‍ ചെങ്കല്‍പ്പണയിലെ കല്ലുകൊത്ത് തൊഴിലാളിയായിരുന്നു. തായംപൊയില്‍ സഫ്ദര്‍ ഹാഷ്മി വായനശാലയിലെ കരിയര്‍ ഗൈഡന്‍സ് സെന്ററിലെ പിഎസ്സി പരിശീലനമാണ് സുമിത്രന്റെ ജീവിതം വഴിമാറ്റിയത്. അവധിദിവസങ്ങളിലും രാത്രിയും ചിട്ടയായ പരിശീലനം. മൂന്നുവര്‍ഷം മുമ്പ് സര്‍ക്കാര്‍ ജോലി ലഭിച്ചു. ഇത് സുമിത്രന്റെ മാത്രം അനുഭവമല്ല. മയ്യിലെ മുപ്പത്തഞ്ചോളം പേരാണ് സഫ്ദര്‍ ഹാഷ്മി വായനശാലയുടെ പരിശീലനക്കൂട്ടായ്മയിലൂടെ സര്‍ക്കാര്‍ ജോലിക്കാരായത്.

കണ്ണൂരിലെ കമ്യൂണിസ്റ്റ് ഭൂരിപക്ഷ പ്രദേശങ്ങളിലെല്ലാം മാനവികഐക്യം പുലരുന്ന ഇത്തരം കൂട്ടായ്മകള്‍ കാണാം. പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത് തലമുറകളെ ജീവിതവിജയത്തിന്റെ പാതയില്‍ മുന്നേറാന്‍ പ്രേരിപ്പിക്കുകയാണ് ഈ ഗ്രാമങ്ങള്‍. പടിയൂര്‍ പഞ്ചായത്തിലെ ബ്ലാത്തൂര്‍ "കാക്കിപ്പട"യുടെ നാടാണ്. വഴിയോരത്തെ വീട്ടുമുറ്റങ്ങളില്‍ ഉണക്കാനിട്ട യൂണിഫോം കാണുമ്പോള്‍ എത്തിപ്പെട്ടത് പൊലീസ് ക്യാമ്പിലാണോ എന്ന് ഇവിടെയെത്തുന്നവര്‍ സംശയിക്കും. കര്‍ഷകസംഘത്തിന്റെ ചരിത്രപ്രസിദ്ധമായ അഖിലേന്ത്യാ സമ്മേളനം നടന്ന നൂറേക്കര്‍ വയലിനു ചുറ്റുമുള്ള വീടുകളില്‍നിന്ന് അറുപതോളം പേരാണ് സേനയിലെത്തിയത്. സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ മുതല്‍ മേല്‍പ്പോട്ടുള്ള പദവികളില്‍. ജന്മി- നാടുവാഴിത്തത്തിനെതിരെ പോരാടിയ തനി കമ്യൂണിസ്റ്റ് കാരണവന്മാരുടെ ഈ ഗ്രാമത്തെ കാക്കിയണിയിച്ചത് ബ്ലാത്തൂര്‍ കമ്യൂണിറ്റി റിക്രിയേഷന്‍ ക്ലബ്ബിലെ പിഎസ്സി പരീക്ഷാ പരിശീലനമാണ്. പട്ടാളക്കാരും ക്ലര്‍ക്കുമാരും എന്‍ജിനിയര്‍മാരുമൊക്കെ ഇവിടെയുണ്ടായി. തെക്കോട്ടും വടക്കോട്ടുമുള്ള ട്രെയിനുകളില്‍ പയ്യന്നൂര്‍ കരിവെള്ളൂര്‍ പോലുള്ള പ്രദേശങ്ങളിലെ അധ്യാപകരുടെ തിരക്ക് കാണാം. "മാഷേ"യെന്ന വിളി മുഴങ്ങാത്ത കംപാര്‍ട്ടുമെന്റുകളില്ല. കാരണം ഈ നാട്ടിലെ മിക്ക വീടുകളിലും ഒന്നിലധികം അധ്യാപകരുണ്ട്. സിവില്‍ സര്‍വീസ് അടക്കം ഉന്നത പദവികളിലുള്ളവരും വിദേശങ്ങളില്‍ ജോലി നേടിയവരുമെല്ലാം കമ്യൂണിസ്റ്റ് മണ്ണിന്റെ പച്ചയില്‍ വളര്‍ന്നവരാണ്.

കുഞ്ഞിമംഗലത്തെ അധ്യാപകരുടെ ഗ്രാമമെന്നും ശില്‍പികളുടെ ഗ്രാമമെന്നും വിളിക്കാറുണ്ട്. കലയും കൈത്തൊഴിലും കൈകോര്‍ക്കുന്ന അപൂര്‍വകാഴ്ചയാണ് ഇവിടെ. ജില്ലയില്‍ ഏറ്റവുമേറെ കാവുകളും കണ്ടല്‍ക്കാടുകളുമുള്ള കുഞ്ഞിമംഗലം പരിസ്ഥിതി പരിപാലനത്തിലും മാതൃക. ചുരുങ്ങിയ കാലത്തിനുള്ളില്‍ നഗരങ്ങളെ അതിശയിക്കുന്ന വളര്‍ച്ചയാണ് കര്‍ഷക സമരങ്ങളുടെ വിളനിലമായ മലപ്പട്ടം കൈവരിച്ചത്. എഴുപതിലേറെ സര്‍ക്കാര്‍ ജീവനക്കാരുണ്ട് ഈ ചെറിയ ഗ്രാമത്തില്‍! ഡെപ്യൂട്ടി കലക്ടര്‍ മുതല്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ വരെ. നാടിനെ ഈ നിലയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നേതൃത്വം നല്‍കുന്നത് സാംസ്കാരിക സ്ഥാപനങ്ങള്‍തന്നെ. മലപ്പട്ടം ഭഗത്സിങ് വായനശാല ഇക്കാര്യത്തില്‍ മാതൃകയാണ്. തലക്കോട് നവോദയ വായനശാലയുടെ പ്രവര്‍ത്തനങ്ങളും ഇക്കാര്യത്തില്‍ മാതൃകയാണ്. സാഫ്ഗെയിംസില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണംനേടിയ പട്ടാളക്കാരന്‍ രഘു മലപ്പട്ടത്തിന്റെ സംഭാവനയാണ്.

മണ്ണിനെ പൊന്നണിയിക്കാന്‍ നാടിന്റെ ആവശ്യകതയ്ക്കൊത്ത തൊഴില്‍ സംസ്കാരത്തിലേക്കും ചുവന്ന ഗ്രാമങ്ങള്‍ തലമുറകളെ നയിക്കുന്നു. ഏഴോം ഒന്ന്, രണ്ട് എന്നിവ കണ്ണൂര്‍ ജില്ലയിലെ കൈപ്പാടിന്റെ പെരുമ ഉയര്‍ത്തിയ നെല്ലിനങ്ങളാണ്. നെല്ലിനൊപ്പം സമഗ്രവിളകളും മൃഗപരിപാലനവുമൊക്കെ ലക്ഷ്യമിട്ട് ഇവിടെ ഭക്ഷ്യസുരക്ഷാ സേന പ്രവര്‍ത്തിക്കുന്നു. ഏഴോം, കണ്ണപുരം, പട്ടുവം, ചെറുകുന്ന് എന്നിവിടങ്ങളില്‍നിന്ന് 20 വീതം അംഗങ്ങളുമായി രൂപീകരിച്ച മലബാര്‍ കൈപ്പാട് ഫാര്‍മേഴ്സ് സൊസൈറ്റിയാണ് കൈപ്പാട് സമഗ്രവികസനപദ്ധതി എന്ന കൃഷിസ്വപ്നവുമായി രംഗത്തിറങ്ങുന്നത്. കാര്‍ഷിക സര്‍വകലാശാലയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. യുവതയുടെ വിയര്‍പ്പില്‍ ഹരിതാഭമായ പച്ചക്കറിപ്പാടങ്ങളൊരുക്കിയാണ് ഡിവൈഎഫ്ഐ പുതിയ വഴി തുറന്നത്. ആരാലും സംരക്ഷിക്കപ്പെടാതെ വരണ്ടുണങ്ങിക്കിടന്ന പാടങ്ങളും പറമ്പുകളുമടക്കം ഏക്കര്‍ കണക്കിന് ഭൂമിയില്‍ ചീരയും വെണ്ടയും വെള്ളരിയും കുമ്പളവും പാവയ്ക്കയും പടവലവുമൊക്കെയാണ് യുവതയുടെ ഇഛാശക്തിയില്‍ കായ്ച്ചുനില്‍ക്കുന്നത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി 20 സെന്റ് മുതല്‍ രണ്ടര ഏക്കര്‍വരെയുള്ള 102 ഏക്കര്‍ സ്ഥലത്തായി 212 പച്ചക്കറിത്തോട്ടങ്ങള്‍ യുവജനങ്ങള്‍ ഉണ്ടാക്കി.

കൃഷിയുമൊരു കല കലയിലും കൃഷിയിലും വിജയക്കതിര്‍ കൊയ്ത പ്രസ്ഥാനമാണ് വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്സ്. കേരള നാടകവേദിയിലെ തിളങ്ങുന്ന സാന്നിധ്യവുമാണ്. പുരസ്കാരങ്ങളും ജനകീയാംഗീകാരവും നേടിയ സെന്‍ട്രല്‍ ആര്‍ട്സ് വെള്ളൂരിനെ പച്ചക്കറി സ്വയംപര്യാപ്തതയിലേക്ക് നയിച്ചു. ഇവിടെ വിളവെടുപ്പ് നാട്ടുത്സവം. "വിത്തും കൈക്കോട്ടും" എന്ന നാടകത്തിന്റെ വിജയത്തോടെ വിത്തും വിതയുമായി വയലിലിറങ്ങിയിരിക്കുകയാണ് ഈ കലാകാരന്മാര്‍. സ്വന്തമായി കുട്ടികളുടെ സിനിമയെടുത്ത പഞ്ചായത്താണ് കണ്ണപുരം. കതിരൂരിലെ പ്രധാന ജലസംഭരണിയെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീ സൂര്യനാരായണ ക്ഷേത്രച്ചിറ വൃത്തിയാക്കിയെടുത്തത് ആയിരക്കണക്കിനാളുകളുടെ അധ്വാനത്തിലൂടെയാണ്. ജനകീയാസൂത്രണത്തിലൂടെയുള്ള ഈ നേട്ടത്തിന് ദേശീയ അംഗീകാരവും നേടി. മദ്യാസക്തിക്കെതിരെ കുട്ടികള്‍ ചങ്ങലതീര്‍ത്ത പുല്യോട് സി എച്ച് നഗറിന്റെ സന്ദേശം ഇന്ന് കേരളം ഏറ്റെടുക്കുന്നു. കുടുംബശ്രീയും പുരുഷ സ്വയംസഹായ സംഘങ്ങളുമെല്ലാം കമ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ അതുല്യ മാതൃകകളായി പ്രവര്‍ത്തിക്കുന്നു. അന്യമല്ല ഇരുണ്ട മുഖം കണ്ണൂരിലെ ഗ്രാമക്കാഴ്ചകള്‍ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. അത്ര പ്രത്യാശാജനകമല്ലാത്തത്. ഇവിടത്തെ ലീഗ്, ആര്‍എസ്എസ് പോക്കറ്റുകളിലൂടെ ഒന്നു നടന്നുനോക്കൂ. ഏതോ ഇരുണ്ട കാലത്തെത്തിയതുപോലെ തോന്നും. നേരത്തെ കണ്ട തളിരിട്ട ഗ്രാമജീവിതത്തിന്റെ മറുപുറം. മുസ്ലിംഭൂരിപക്ഷ പ്രദേശങ്ങളില്‍ ലീഗ് ആധിപത്യത്തെ ചോദ്യം ചെയ്യുന്നവര്‍ സ്വന്തം സമുദായത്തില്‍പെട്ടവരാണെങ്കിലും വെട്ടിവീഴ്ത്തപ്പെടും. പട്ടുവം വെള്ളിക്കീല്‍ മഹല്ല് ജമാഅത്ത് വൈസ് പ്രസിഡന്റ് പടിഞ്ഞാറെപുരയില്‍ ബഷീറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. വെള്ളിക്കീല്‍ കടവിനടുത്തെ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള പള്ളിയുടെ മുന്നില്‍ വെട്ടേറ്റ ബഷീര്‍ അരമണിക്കൂറോളം രക്തംവാര്‍ന്നുകിടന്നു. മൊബൈല്‍ ഫോണിലൂടെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. മുസ്ലിം സമുദായത്തില്‍പെട്ടവരുടെ സ്ഥിതിയിതാണെങ്കില്‍ മറ്റു പാര്‍ടിയില്‍പ്പെട്ട അന്യമതസ്ഥരുടെ കാര്യം പറയേണ്ടതില്ല.

അരിയില്‍ "ലീഗ് റിപ്പബ്ലിക്" സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. അവിടെ മറ്റു പാര്‍ടിയോ മതസ്ഥരോ വേണ്ട. അത് കോണ്‍ഗ്രസായാല്‍പോലും. കോണ്‍ഗ്രസ് പതാകയുയര്‍ത്തിയ ഡിസിസി പ്രസിഡന്റിന്റെ മുന്നില്‍വച്ച് ആ കൊടി കീറിയെറിഞ്ഞത് അടുത്ത കാലത്താണ്. കോണ്‍ഗ്രസിന്റെ കൊടിമരമോ ഓഫീസോ ലീഗുകാര്‍ ബാക്കിവച്ചില്ല. പത്രം വിതരണം ചെയ്യുന്നതിനിടെയാണ് പട്ടുവം അരിയില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിനുറുക്കിയത്. സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഐ എം ജില്ലാസെക്രട്ടറിയെയും എംഎല്‍എയെയും വധിക്കാന്‍ ശ്രമിച്ചു. ലീഗിന്റെ ഈ വിളയാട്ടമാണ് ആ പ്രദേശത്തെ സംഘര്‍ഷഭരിതമാക്കിയത്. കണ്ണൂരിന്റെ ശാന്തിയും സമാധാനവും തല്ലിക്കെടുത്താന്‍ ശ്രമിക്കുന്നതാരാണ്? അതേക്കുറിച്ച് നാളെ...

*
തയ്യാറാക്കിയത് : നാരായണന്‍ കാവുമ്പായി ,  പി ദിനേശന്‍ , സതീഷ് ഗോപി സങ്കലനം : കെ എന്‍ ബാബു 

അവസാന ഭാഗം: പാര്‍ട്ടി ഗ്രാമങ്ങള്‍: നേരും നുണയും

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മികച്ച സൗകര്യങ്ങളോടുകൂടിയ നിരവധി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ ഏറ്റവും വലിയ രക്തബാങ്ക് സിപിഎമ്മും ഡിവൈഎഫ്ഐയും രൂപീകരിക്കുന്ന പ്രാദേശിക രക്തദാന സേനകളാണ്. ഏതു പാതിരാത്രിയും ഏതു മനുഷ്യനും രാഷ്ട്രീയ വ്യത്യാസമില്ലാതെ വിളിക്കുന്നത് പാര്‍ടി ഓഫീസിലേക്കും ബ്രാഞ്ച് സെക്രട്ടറിയുടെ മൊബൈലിലേക്കുമാണ്. ജീവരക്തവുമായി വിളിപ്പാടകലെ ഉണര്‍ന്നിരിക്കും ഗ്രാമയൗവനം. അശരണരായ രോഗികള്‍ക്ക് ഏതുനേരത്തും ആശ്രയിക്കാവുന്ന ഇടമാണ് പാട്യം കൊട്ടയോടി. പാട്യം ഗോപാലന്റെ സ്മാരകമായ പാട്യം ഗോപാലന്‍ മെമ്മോറിയല്‍ ക്ലബാണ് രക്തദാനത്തിലൂടെ ജീവന് തണല്‍വിരിക്കുന്നത്. ജാതിയോ മതമോ രാഷ്ട്രീയമോ വേലിതീര്‍ക്കാതെ, ജീവന്റെ നൂല്‍പാലത്തിലൂടെ യാത്രചെയ്യുന്ന രോഗികള്‍ക്ക് ഈ ഗ്രാമം രക്തംനല്‍കി പരിചരിക്കുന്നു. രക്തദാനത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുകയാണ് ക്ലബ്.