Sunday, July 29, 2012

പാര്‍ടിഗ്രാമങ്ങള്‍: നേരും നുണയും


പഠിച്ചും പഠിപ്പിച്ചും നാട് ഒപ്പമുണ്ട് ഊരുകളുടെ കണ്ണ്: 'പാര്‍ട്ടി ഗ്രാമ'ങ്ങളിലൂടെ ഒരു യാത്ര അവസാന ഭാഗം

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്ന്, നാല് ഭാഗങ്ങള്‍

1990കളിലാണ് വലതുപക്ഷ മാധ്യമങ്ങള്‍ കണ്ണൂരിലെ ഗ്രാമനന്മകളെ പാര്‍ടി ഗ്രാമമെന്ന പേരിട്ട് വിളിച്ചു തുടങ്ങിയത്. കണ്ണൂരിലെ ഭൂരിപക്ഷം ഗ്രാമങ്ങളും കമ്യൂണിസ്റ്റ് പാര്‍ടിയോടൊപ്പം നില്‍ക്കുന്നവയാണെന്നത് സത്യം. അതിന് ചരിത്രപരമായ കാരണമുണ്ട്. 1940കളില്‍ ജന്മിത്തത്തിനും ജാതീയതയ്ക്കുമെതിരെ പാര്‍ടിയുടെ നേതൃത്വത്തില്‍ അതിശക്തമായ പോരാട്ടം നടന്ന ഗ്രാമങ്ങളാണിവ. ഒരു മണി അരിപോലും കിട്ടാതെ പട്ടിണി കിടക്കുന്ന പാവപ്പെട്ട കുടിയാന്മാരെ സംഘടിപ്പിച്ച് ജന്മിത്തത്തിന്റെ വേരറുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടിയാണ് മുന്നോട്ടുവന്നത്.

പത്തു സെന്റ് ഭൂമി തങ്ങള്‍ക്ക് നേടിത്തന്നതും കൂലിക്കൂടുതലിനും മറ്റ് അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും പാര്‍ടിയാണെന്ന തിരിച്ചറിവിലാണ് അവര്‍ ചെങ്കൊടിയേന്തിയത്. 1946-48 കാലത്ത് കോണ്‍ഗ്രസിനുവേണ്ടി എംഎസ്പിക്കാര്‍ ഈ ഗ്രാമങ്ങളില്‍ നടത്തിയ നരനായാട്ടിന് സമാനമായി ചരിത്രത്തില്‍ മറ്റൊന്നും കാണാന്‍ കഴിയില്ല. കരിവെള്ളൂര്‍, കാവുമ്പായി, മുനയന്‍കുന്ന്, പെരളം, കോറോം, പഴശ്ശി, തില്ലങ്കേരി തുടങ്ങിയ പോരാട്ടഭൂമികളില്‍ നിരവധി കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കി. ഓരോ ഗ്രാമത്തെയും പൊലീസും കോണ്‍ഗ്രസ് ഗുണ്ടകളും ചവിട്ടി മെതിച്ചു. ഈ കിരാത ആക്രമണങ്ങളോടുള്ള ചെറുത്തുനില്‍പ്പും പ്രതികരണവുമാണ് സിപിഐ എമ്മിനോടുള്ള ഗ്രാമീണരുടെ കൂറിന് അടിസ്ഥാനം. സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ കണ്ണൂരില്‍ വിശേഷിച്ച് തലശേരിയില്‍ എന്തുകൊണ്ട് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നുവെന്ന ചോദ്യം പ്രസക്തമാണ്. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് താലൂക്കുണ്ട്. അതില്‍ തലശേരി താലൂക്കില്‍മാത്രമാണ് സംഘര്‍ഷമുണ്ടാകാറുള്ളത്. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ തലശേരിയോടു ചേര്‍ന്ന ഭാഗത്തും പ്രശ്നങ്ങളുണ്ടാകാറുണ്ട്. മുഖ്യധാരാ മാധ്യമങ്ങളും ഗവേഷക വേഷക്കാരും വിടുവായത്തങ്ങള്‍ പലതും നിരത്തുമെങ്കിലും സംഘര്‍ഷങ്ങളുടെ മുഖ്യകാരണം ഇവിടത്തെ കാവിപുതച്ച മാഫിയാ സംസ്കാരമാണെന്നു കണ്ടെത്താന്‍ പ്രയാസമില്ല. ശ്രീനാരായണഗുരുവിന്റെ പാദസ്പര്‍ശമേറ്റ തലശേരി ജഗന്നാഥക്ഷേത്ര പരിസരം. സമാധാനത്തിന്റെയും മാനവികതയുടെയും ശാദ്വലഭൂമിയായിരുന്ന ഇവിടംപോലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റിയത് ആര്‍എസ്എസാണ്.തലശേരിക്കടുത്ത തലായിയും ടെമ്പിള്‍ഗേറ്റും ഒരുകാലത്ത് പ്രധാന വ്യാപാരകേന്ദ്രങ്ങളായിരുന്നു. ആര്‍എസ്എസ് ആധിപത്യമുറപ്പിച്ചതോടെ എല്ലാം അസ്തമിച്ചു. ആരും ധൈര്യപ്പെട്ട് ഇതുവഴി നടക്കാതായി. അക്രമം, പിടിച്ചുപറി, മയക്കുമരുന്നു വ്യാപാരം, സ്ത്രീകളെ ഉപദ്രവിക്കല്‍ എന്നിങ്ങനെ ആര്‍എസ്എസ് ക്രിമിനലുകള്‍ തലശേരി മേഖലയിലാകെ അശാന്തിക്ക് വഴിമരുന്നിടുന്നു. മാഫിയാസംസ്കാരം ആര്‍എസ്എസിന് ജന്മസിദ്ധമാണ്. മറുനാടന്‍ ബീഡിമുതലാളിമാരുടെ കങ്കാണിപ്പണിയിലൂടെ, അവര്‍ക്കുവേണ്ടി നടത്തിയ മാഫിയാപ്രവര്‍ത്തനത്തിലൂടെയാണ് തലശേരിയില്‍ ആര്‍എസ്എസ് ചുവടുറപ്പിച്ചതെന്നത് ചരിത്രം. ഇതിന്റെ തുടര്‍ച്ചയായിരുന്നു 1971ലെ അതിഭയങ്കരമായ വര്‍ഗീയ ലഹള. കേരളത്തെ കിടിലംകൊള്ളിച്ച, തലശേരി താലൂക്കിനെയാകെ നക്കിത്തുടച്ചേക്കുമെന്ന് ഭയപ്പെട്ട വര്‍ഗീയാഗ്നി. ഇക്കാലത്ത് മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തിച്ചതിന്റെപേരിലാണ് സിപിഐ എം മാങ്ങാട്ടിടം ലോക്കല്‍ കമ്മിറ്റിയംഗം യു കെ കുഞ്ഞിരാമനെ കാവിപ്പട കൊലപ്പെടുത്തിയത്. വര്‍ഗീയലഹള തടയാന്‍ സിപിഐ എം നടത്തിയ പ്രവര്‍ത്തനങ്ങളെ ലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമീഷന്‍ ശ്ലാഘിച്ചിട്ടുണ്ട്.

ദേശീയബോധമുള്ള തലശേരിയിലെ മുസ്ലിംസമുദായം ചെങ്കൊടിക്കുപിന്നില്‍ അണിനിരന്നത് കലാപകാലത്തെ അനുഭവംകൊണ്ടുകൂടിയാണ്. കലാപത്തിന്റെ ചാരത്തില്‍നിന്ന് തീപ്പൊരികള്‍ ഊതിക്കത്തിക്കാന്‍ സംഘപരിവാര്‍ തുടര്‍ന്നും ശ്രമം നടത്തി. സാമുദായിക സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിന്റെ, വിശേഷിച്ച് സിപിഐ എമ്മിന്റെ ശക്തമായ സാന്നിധ്യമാണ് ഇതിനു പ്രതിബന്ധമെന്ന് അവര്‍ക്ക് നന്നായറിയാം. അതുകൊണ്ടാണ് സിപിഐ എമ്മിനെതിരെ തിരിഞ്ഞത്. "71ല്‍ യു കെ കുഞ്ഞിരാമന്റെ കൊലപാതകത്തോടെ തുടങ്ങിയ ആര്‍എസ്എസ് അക്രമത്തില്‍ കണ്ണൂരില്‍ മാത്രം 56 പേരാണ് കൊല്ലപ്പെട്ടത്. 2011 മെയ് 21- എരുവട്ടിയിലെ അഷറഫ് വരെ നീളുന്നു ഈ പട്ടിക. കോണ്‍ഗ്രസ് എന്നും അക്രമികള്‍ക്കൊപ്പം ആര്‍എസ്എസ്, എന്‍ഡിഎഫ് അക്രമങ്ങളെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ്. കൊല്ലപ്പെടുന്നവരിലേറെയും സിപിഐ എം പ്രവര്‍ത്തകരാണെന്നതാണ് അവരെ സന്തോഷിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ ചരിത്രമെഴുതിയ മൊയാരത്ത് ശങ്കരന്‍ മുതല്‍എത്രയെത്ര നിരപരാധികളുടെ ചുടുനിണത്താല്‍ പങ്കിലമാണ് കണ്ണൂരില്‍ കോണ്‍ഗ്രസ് ത്രിവര്‍ണ പതാക. ജന്മി-നാടുവാഴിത്ത ചൂഷണത്തിനെതിരെ കര്‍ഷകപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും നേതൃത്വത്തില്‍ നടന്ന ഐതിഹാസിക ചെറുത്തുനില്‍പ്പുകളുടെ കാലംതൊട്ട് തുടങ്ങുന്നു കോണ്‍ഗ്രസിന്റെ അക്രമപ്പേക്കൂത്തുകള്‍. മലബാറിനെ ചുവപ്പിച്ച പോരാട്ടങ്ങളില്‍ ജന്മിമാരുടെയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും കിങ്കരന്മാരായാണ് ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ നിന്നത്. പിന്നീടിവര്‍ കര്‍ഷക സമരങ്ങളെ ഒറ്റുകൊടുക്കുന്ന, കമ്യൂണിസ്റ്റ് നേതാക്കളെ കശാപ്പുചെയ്യുന്ന കുറുവടിസേനയായി മാറി. ഈ കുറുവടി രാഷ്ട്രീയമാണ് പില്‍ക്കാല കോണ്‍ഗ്രസ് നേതൃത്വം കഠാരയിലേക്കും ബോംബിലേക്കും തോക്കിലേക്കും കാലാനുസൃതം വികസിപ്പിച്ചത.് അടിയന്തരാവസ്ഥക്കാലത്ത് പിണറായിക്കടുത്ത പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിയില്‍ ബോംബെറിഞ്ഞ് കൊളങ്ങരേത്ത് രാഘവനെ കൊന്നുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ കണ്ണൂര്‍ ജില്ലയില്‍ ബോംബുരാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. കണ്ണൂര്‍ ജില്ലയെ എന്നും സംഘര്‍ഷകേന്ദ്രമാക്കുന്നതിനുപിന്നില്‍ കോണ്‍ഗ്രസ്-ആര്‍എസ്എസ് ക്രിമിനല്‍ മാഫിയാ രാഷ്ട്രീയത്തിന്റെ സ്ഥാപിത താല്‍പര്യങ്ങളാണ്. അക്രമങ്ങള്‍ നടത്തുന്ന കാര്യത്തില്‍ ഇവര്‍ ഒരേ തൂവല്‍പക്ഷികള്‍. മാര്‍ക്സിസ്റ്റ് വിരുദ്ധ ഹിസ്റ്റീരിയ ഇവരെ ഒരുമിപ്പിക്കുന്ന പ്രധാന ഘടകമാണ്. ഇടതുപക്ഷത്ത് കൂടുതല്‍ കൂടുതല്‍ ബഹുജനങ്ങള്‍ അണിനിരക്കുന്നതില്‍ അസഹിഷ്ണുത. സംഘടനാപരമായും രാഷ്ട്രീയമായും സിപിഐ എം കൂടുതല്‍ ശക്തിപ്പെടുന്നതില്‍ അസൂയ. സമാധാനപൂര്‍ണമായ രാഷ്ട്രീയ പ്രവര്‍ത്തനം സിപിഐ എമ്മിനാകും സഹായകമെന്ന് ഇക്കൂട്ടര്‍ക്ക് നന്നായറിയാം.

അതിനാല്‍, ആസൂത്രിതമായി പ്രകോപനങ്ങളും സംഘര്‍ഷങ്ങളും അക്രമപരമ്പരകളും സൃഷ്ടിക്കുക. ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക- ഇതാണ് എക്കാലവും കണ്ണൂര്‍ ജില്ലയില്‍ അരങ്ങേറുന്നത്. 1993-ല്‍, കണ്ണൂര്‍ രാഷ്ട്രീയം സംഘര്‍ഷഭരിതമായ നാളുകളില്‍ "ഇന്ത്യാ ടുഡെ" വാരികയില്‍ കണ്ണൂര്‍ ഡിസിസി-ഐ ഓഫീസിലെ ബോംബ് ശേഖരത്തെക്കുറിച്ച് സചിത്രലേഖനം വരികയുണ്ടായി. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജാണ് അത് എഴുതിയത്. തങ്ങള്‍ വിവിധതരം ബോംബുകള്‍ നിര്‍മിക്കാറുണ്ടെന്നും അവയില്‍ ചിലത് ആളുകളെ ഭയപ്പെടുത്താനും മറ്റു ചിലത് കൊല്ലാന്‍തന്നെയുമാണെന്നും അന്ന് ഡിസിസി സെക്രട്ടറി തുറന്നുപറഞ്ഞു. കൂട്ടായ്മയോടെ ഗ്രാമജീവിതം കണ്ണൂരിലെ സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ജീവിതം സ്വച്ഛശാന്തം.

ഇത് ജനങ്ങളുടെ അനുഭവം. സമാധാനത്തിന്റെ തുരുത്തുകളാണ് പാര്‍ടി കേന്ദ്രങ്ങളെന്ന് വ്യത്യസ്ത രാഷ്ട്രീയപാര്‍ടിയില്‍പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. കോണ്‍ഗ്രസായതിന്റെ പേരില്‍ പൊന്ന്യംകുണ്ടുചിറയില്‍ ജീവിക്കാന്‍ ഒരു പ്രയാസവുമുണ്ടായിട്ടില്ലെന്ന് കുണ്ടുചിറ എ കെജി ക്ലബിനടുത്ത മയൂരിയില്‍ സി പി നാണു പറഞ്ഞു. "ഞാന്‍ കോണ്‍ഗ്രസ് അനുഭാവിയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിന്റെപേരില്‍ ഇന്നുവരെ ഒരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല". ദീര്‍ഘകാലം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച പ്രശാന്തിയില്‍ എം കെ കുഞ്ഞിരാമന്‍നായര്‍ക്കും നാടിനെക്കുറിച്ച് പറയാന്‍ നല്ലതുമാത്രം. രാഷ്ട്രീയത്തിന്റെപേരില്‍ ഒരിക്കലും ഒറ്റപ്പെടേണ്ടിവന്നിട്ടില്ല. നാടിന്റെ പൊതുവായ ഏതാവശ്യത്തിനും ഇവര്‍ സഹകരിക്കുന്നു. "ബിജെപിയായതിന്റെ പേരില്‍ ഒരു സഹകരണ ബാങ്കും എനിക്ക് വായ്പ നിഷേധിച്ചിട്ടില്ല. പൊന്ന്യം സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് ഞാന്‍ വായ്പയെടുത്തിട്ടുണ്ട്"- ബിജെപി മുന്‍ തലശേരി മണ്ഡലം പ്രസിഡന്റും ബിഎംഎസ് ജില്ലാ നേതാവുമായ എംപി ഗോപാലകൃഷ്ണന്‍ പറയുന്നു.

സ്നേഹത്തിന്റെ കലവറ

കുരീപ്പുഴ ശ്രീകുമാര്‍

കണ്ണൂര്‍ സ്നേഹവാത്സല്യങ്ങളുടെ നാടാണ്. തെയ്യങ്ങളുറഞ്ഞുതുള്ളുന്ന കളിയാട്ടവേദികളിലും കവിതകളുയരുന്ന സാംസ്കാരിക സദസ്സുകളിലുമൊക്കെയായി നിരവധിതവണ കണ്ണൂരിലെ ഏതാണ്ടെല്ലാ ഗ്രാമങ്ങളിലും ചെന്നെത്തിയിട്ടുള്ള ആളാണ് ഞാന്‍. കവിതയെ സ്നേഹിക്കുകയും വായിക്കുകയും വരയ്ക്കുകയും ചെയ്യുന്ന കണ്ണൂരിലെ സഹൃദയര്‍ വിരുന്നുകാരനായല്ല, വീട്ടുകാരനായാണ് എന്നെ കണ്ടിരുന്നത്. കളിയാട്ടത്തിന്റെ ഭാഗമായൊരുക്കിയ സാംസ്കാരികസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ചെന്ന എന്നെ വേദിയിലിരുത്തി ഇ പി രാജഗോപാലന്‍ ഒരുവേദിയില്‍ സംസാരിച്ചത് ഓര്‍ക്കുന്നു. നിരീശ്വരവാദിയായ കുരീപ്പുഴയെപ്പോലും ക്ഷണിക്കാവുന്ന നിലയിലേക്ക് കളിയാട്ടങ്ങളുടെ സംഘാടനം വികസിച്ചിരിക്കുന്നു എന്ന്. ഡിവൈഎഫ്ഐ കോറോത്ത് ഒരുക്കിയ പൊതുശ്മശാനങ്ങള്‍ മാതൃകയാണ്. മരണത്തില്‍പോലും ജാതിചോദിക്കുന്ന നിര്‍ദയ നീതിക്കുനേരെയുള്ള യുവതയുടെ പ്രതികരണമാണത്. വാസ്തവത്തില്‍ അത്തരം കാര്യങ്ങള്‍ ഏറ്റെടുക്കേണ്ടത് സര്‍ക്കാരാണ്. ജന്മിത്തത്തെ ചെറുത്ത ധീരന്മാരുടെ നാടായ കാവുമ്പായിയിലും കരിവെള്ളൂരിലും താമസിച്ചിട്ടുണ്ട്. കാവുമ്പായി സമരക്കുന്നില്‍ പോയി. സേലം ജയിലില്‍വച്ച് തുളച്ചുകയറിയ വെടിച്ചില്ലുകള്‍ ഇപ്പോഴും ശരീരത്തില്‍ കൊണ്ടുനടക്കുന്ന ഇ കെ നാരായണന്‍ നമ്പ്യാരുമായി സംസാരിച്ചു. സേലം രക്തസാക്ഷിയുടെ മകനാണ് അദ്ദേഹം. ജയിലിലെ നിലയ്ക്കാത്ത വെടിയുണ്ടകളുടെ പ്രവാഹത്തെക്കുറിച്ച് പറയുമ്പോള്‍ "പൂ പോലെ വെടിയുതിര്‍ന്നു" എന്ന അദ്ദേഹത്തിന്റെ പ്രയോഗം ഇപ്പോഴും മനസ്സിലുണ്ട്. കണ്ണൂര്‍ ജയിലില്‍ ചെന്ന് കവിതചൊല്ലിയിട്ടുണ്ട്. ദിനേശന്‍ മൊകേരിയെപ്പോലുള്ള കവികള്‍ അന്നവിടെ തടവുകാരായി ഉണ്ടായിരുന്നു. പിണറായിയിലും തലശേരിയിലും അണ്ടലൂര്‍ കാവിലുമെല്ലാം പോയിട്ടുണ്ട്. പൊന്ന്യം ജോളി ലൈബ്രറിയിലും വെള്ളൂര്‍ ജവഹര്‍ ലൈബ്രറിയിലും ചെന്നു. സാഹിത്യകാരന്മാരുടെ ഛായാചിത്രം അലങ്കരിച്ച അവിടത്തെ "മലയാളം ചിത്രശാല" ശ്രദ്ധേയം. മാതമംഗലത്തെ "ജ്ഞാനഭാരതി" ഗ്രന്ഥാലയത്തില്‍ ആശാന്റെ "കരുണ" എത്ര ഗംഭീരമായാണ് ചുമര്‍ചിത്രമാക്കിയത്! കേരളത്തില്‍ സാഹിത്യഅവാര്‍ഡ് ഏര്‍പ്പെടുത്തിയ ഒരേയൊരു സഹകരണബാങ്ക് കതിരൂര്‍ സര്‍വീസ് സഹകരണബാങ്കായിരിക്കും. ആദ്യത്തെ വി വി കെ അവാര്‍ഡ് ഏറ്റുവാങ്ങിയത് ഞാനാണ്. ചിത്രകാരന്മാരുടെ ഗ്രാമമാണത്. കണ്ണൂരിലെ ഗ്രാമങ്ങള്‍ നല്‍കിയ സ്നേഹവും സൗഹൃദവും മറക്കാനാകാത്തതാണ്. സ്നേഹത്തിന്റെ കലവറയാണ് ഇവിടത്തെ ഗ്രാമങ്ങള്‍.

(അവസാനിച്ചു)

*
തയ്യാറാക്കിയത് : നാരായണന്‍ കാവുമ്പായി ,  പി ദിനേശന്‍ , സതീഷ് ഗോപി

സങ്കലനം : കെ എന്‍ ബാബു ചിത്രങ്ങള്‍: കെ മോഹനന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1990കളിലാണ് വലതുപക്ഷ മാധ്യമങ്ങള്‍ കണ്ണൂരിലെ ഗ്രാമനന്മകളെ പാര്‍ടി ഗ്രാമമെന്ന പേരിട്ട് വിളിച്ചു തുടങ്ങിയത്. കണ്ണൂരിലെ ഭൂരിപക്ഷം ഗ്രാമങ്ങളും കമ്യൂണിസ്റ്റ് പാര്‍ടിയോടൊപ്പം നില്‍ക്കുന്നവയാണെന്നത് സത്യം. അതിന് ചരിത്രപരമായ കാരണമുണ്ട്. 1940കളില്‍ ജന്മിത്തത്തിനും ജാതീയതയ്ക്കുമെതിരെ പാര്‍ടിയുടെ നേതൃത്വത്തില്‍ അതിശക്തമായ പോരാട്ടം നടന്ന ഗ്രാമങ്ങളാണിവ. ഒരു മണി അരിപോലും കിട്ടാതെ പട്ടിണി കിടക്കുന്ന പാവപ്പെട്ട കുടിയാന്മാരെ സംഘടിപ്പിച്ച് ജന്മിത്തത്തിന്റെ വേരറുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടിയാണ് മുന്നോട്ടുവന്നത്.