Wednesday, July 11, 2012

കൊച്ചി മെട്രോ : വേണ്ടത് നിശ്ചയദാര്‍ഢ്യം

വളരെ വൈകിയാണെങ്കിലും കൊച്ചി മെട്രോയ്ക്ക് കേന്ദ്രസര്‍ക്കാര്‍അനുമതി ലഭിച്ചതില്‍ ആഹ്ലാദമുണ്ട്. അതോടൊപ്പം ചില ആശങ്കകളും നിലനില്‍ക്കുന്നു. കഴിഞ്ഞകാല അനുഭവങ്ങളും ഇപ്പോഴും നിലനില്‍ക്കുന്ന സുതാര്യമല്ലാത്ത ചില നീക്കങ്ങളുമാണ് ആശങ്കയ്ക്ക് കാരണം. കേരളത്തില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്കുള്ള നഗരമാണ് കൊച്ചി. കേരളത്തിന്റെ വ്യവസായനഗരം എന്ന നിലയ്ക്ക് ജനസാന്ദ്രതയും വാഹനപ്പെരുപ്പവും ഇടുങ്ങിയ റോഡുകളുംകൂടി കൊച്ചിനഗരം വീര്‍പ്പുമുട്ടുന്ന കാഴ്ച ദാരുണമാണ്. ഈ ദുരിതത്തിന് ഏക പോംവഴി എന്ന നിലയ്ക്കാണ് കൊച്ചി മെട്രോ റെയില്‍പദ്ധതിക്ക് രൂപം നല്‍കുന്നത്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സ്ഥലപരിമിതിയുംമൂലം റോഡിന് വീതികൂട്ടുക എന്നത് അസാധ്യമായിരിക്കെ ഈ ബദല്‍ പദ്ധതിയല്ലാതെ മറ്റു മാര്‍ഗം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എത്രയുംവേഗം പദ്ധതി പൂര്‍ത്തിയാക്കുക എന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി ആലുവമുതല്‍ തൃപ്പൂണിത്തുറവരെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ (ഡിഎംആര്‍സി) മാതൃകയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിച്ചത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ മാതൃക, ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ മാതൃക (ബിഒടി), പൊതു സ്വകാര്യ പങ്കാളിത്തം (പിപിപി) എന്നീ മൂന്നു മാതൃകയും വിശദമായി പരിശോധിച്ച് ഡിഎംആര്‍സി മോഡല്‍ തെരഞ്ഞെടുക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ചെയ്തത്. കാരണം, ബിഒടി മോഡല്‍ പ്രകാരം പദ്ധതി നടപ്പാക്കിയാല്‍ വലിയൊരു തുക വയബിലിറ്റി ഫണ്ടായി സര്‍ക്കാര്‍ സ്വകാര്യപങ്കാളിക്ക് നല്‍കേണ്ടി വരും. ഇത് സര്‍ക്കാര്‍ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ ആയാല്‍, സര്‍ക്കാര്‍ മുഴുവന്‍ സിവില്‍ ചെലവുകളും വഹിക്കേണ്ടി വരികയും 30 വര്‍ഷത്തേക്ക് പദ്ധതിയുടെ ഉടമസ്ഥാവകാശം സ്വകാര്യപങ്കാളിക്ക് നല്‍കേണ്ടിയും വരും. ഫലത്തില്‍ ഈ പദ്ധതിയും ജനവിരുദ്ധമാണെന്നു കണ്ടെത്തിയതുകൊണ്ടാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയുള്ള ഡല്‍ഹി മെട്രോറെയില്‍ പദ്ധതിയുടെ മാതൃകയില്‍ കൊച്ചി മെട്രോറെയില്‍ യാഥാര്‍ഥ്യമാക്കാനും സംസ്ഥാന താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഡല്‍ഹി മെട്രോ റെയില്‍ മോഡല്‍ എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാതൃക അട്ടിമറിച്ച് സംസ്ഥാനസര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ ബലികഴിക്കുന്ന സ്വകാര്യ- പൊതുമേഖലാ സംയുക്ത സംരംഭം എന്ന മാതൃകയാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ഡല്‍ഹി മെട്രോ റെയില്‍ ചെയര്‍മാനായ ഇ ശ്രീധരന്റെ ശക്തമായ ഇടപെടല്‍മൂലമാണ് സര്‍ക്കാര്‍ ഈ നീക്കത്തില്‍നിന്ന് പിന്നീടു പിന്മാറിയതും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച നിലപാട് തുടരാന്‍ നിര്‍ബന്ധിതമായതും. വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയതാര്? നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരും കേരളത്തിലെ യുഡിഎഫുംകൂടി സംസ്ഥാനത്തിന്റെ ഈ സ്വപ്നപദ്ധതിയെ അട്ടിമറിക്കുകയാണുണ്ടായത്. വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്നു പറയുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെയാണ് അന്നതിനു നേതൃത്വം നല്‍കിയതെന്നതാണ് വിചിത്രം. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തോടൊപ്പം ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെയും കേന്ദ്ര നഗരവികസനമന്ത്രിയെയും കണ്ട് കൊച്ചി മെട്രോ റെയിലിന് അനുമതി തേടിയ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മറുവശത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ഈ പദ്ധതിക്ക് അനുമതി ലഭിക്കാതിരിക്കാന്‍ വേണ്ട ചരടുവലികള്‍ നടത്തിയതിന് നാം സാക്ഷ്യംവഹിക്കേണ്ടി വന്നു. കേന്ദ്ര നഗരവികസനമന്ത്രി ജയ്പാല്‍ റെഡ്ഡി അനുഭവിച്ച സമ്മര്‍ദവും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കിടയില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞ കാര്യവും ചേര്‍ത്തുവയ്ക്കുമ്പോള്‍ അതു ബോധ്യപ്പെടുന്നതാണ്.

നഷ്ടത്തിന് ഉത്തരവാദിയാര്?

2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതിക്ക് 2012ല്‍ കേന്ദ്രാനുമതി ലഭിക്കുമ്പോള്‍, ആറു വര്‍ഷം ഈ പദ്ധതി വൈകിയതില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന് ആര് മറുപടി പറയും? 2006ലെ ഡീറ്റയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടില്‍ (ഡിപിആര്‍) 2000 കോടി രൂപയാണ് പദ്ധതി പൂര്‍ത്തിയാക്കുന്നതിനാവശ്യമായി കണക്കാക്കിയതെങ്കില്‍, 2012ല്‍ അത് 5181 കോടിയായി വര്‍ധിച്ചു. 3181 കോടി രൂപയുടെ ഈ അധിക ചെലവിനും ആറുവര്‍ഷത്തെ കാലതാമസത്തിനും എന്തു മറുപടിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേരള ജനതയോട് പറയാനുള്ളത്? കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 168 കോടി രൂപ വകയിരുത്തുകയും 60 കോടി രൂപ അടിയന്തരമായി അനുവദിക്കുകയും ചെയ്തു. 2009 ഫെബ്രുവരിയില്‍ കൊച്ചിയില്‍ ഡിഎംആര്‍സിയുടെ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുകയും മറ്റു നഗരങ്ങളിലേക്കുകൂടി പദ്ധതി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിടുകയും ചെയ്തു. ഇതേസമയം രണ്ടാം യുപിഎ സര്‍ക്കാരിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ച 100 ദിന കര്‍മ പരിപാടിയില്‍ കൊച്ചി മെട്രോ റെയിലും ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ, മൂന്നുവര്‍ഷം പിന്നിടുമ്പോഴാണ് അനുമതി ലഭിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച അതേ പദ്ധതി വള്ളിപുള്ളി വ്യത്യാസമില്ലാതെ ഇന്ന് അംഗീകരിക്കപ്പെടുമ്പോള്‍, കേന്ദ്രത്തില്‍ നല്ല പിടിപാടുള്ള അഞ്ചാറു മന്ത്രിമാര്‍ കേരളത്തില്‍നിന്ന് ഉണ്ടായിരുന്നിട്ടുകൂടി എന്തുകൊണ്ട് നേരത്തെ ഈ പദ്ധതിക്ക് അംഗീകാരം കിട്ടിയില്ല എന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂ. പദ്ധതി എല്‍ഡിഎഫിന്റേതാണെങ്കില്‍ അതിവേഗം ബഹുദൂരം പിന്നോട്ടടിക്കാനും യുഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ നടപ്പാക്കാനും ഗൂഢാലോചന നടത്തിയതിന്റെ ബാക്കിപത്രമാണ് കേരളത്തിലെ ജനങ്ങളുടെ തലയ്ക്കുമേല്‍ കെട്ടിവയ്ക്കുന്ന 3181 കോടി രൂപയും ആറുവര്‍ഷത്തെ കാത്തിരിപ്പും.

ഇനി എന്ത്?

വളരെ വൈകിയാണെങ്കിലും പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചതില്‍ ആശ്വസിക്കുകയും ആഹ്ലാദിക്കുകയും സ്വാഗതംചെയ്യുകയുമാണ്. വിവാദങ്ങള്‍ ഉടന്‍ അവസാനിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ച പ്രകാരം പദ്ധതി നടത്തിപ്പ് ഡിഎംആര്‍സിയെ ഏല്‍പ്പിച്ച് അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇ ശ്രീധരന് നല്‍കണം. നിശ്ചയദാര്‍ഢ്യത്തോടുകൂടി സമയബന്ധിതമായി പദ്ധതി നടപ്പാക്കാന്‍ ഒരു കൗണ്ട് ഡൗണ്‍ ഷെഡ്യൂള്‍ തയ്യാറാക്കണം. കേരളത്തിലെ പ്രതിപക്ഷത്തെയും ജനങ്ങളെയും വിശ്വാസത്തിലെടുക്കണം. അടിയന്തരമായി ഒരു സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് മാതൃകാപരമായി പദ്ധതി നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇനി അല്‍പ്പവും അമാന്തിച്ചുകൂടാ.

*
എം വിജയകുമാര്‍ ദേശാഭിമാനി 11 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വളരെ വൈകിയാണെങ്കിലും കൊച്ചി മെട്രോയ്ക്ക് കേന്ദ്രസര്‍ക്കാര്‍അനുമതി ലഭിച്ചതില്‍ ആഹ്ലാദമുണ്ട്. അതോടൊപ്പം ചില ആശങ്കകളും നിലനില്‍ക്കുന്നു. കഴിഞ്ഞകാല അനുഭവങ്ങളും ഇപ്പോഴും നിലനില്‍ക്കുന്ന സുതാര്യമല്ലാത്ത ചില നീക്കങ്ങളുമാണ് ആശങ്കയ്ക്ക് കാരണം. കേരളത്തില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്കുള്ള നഗരമാണ് കൊച്ചി. കേരളത്തിന്റെ വ്യവസായനഗരം എന്ന നിലയ്ക്ക് ജനസാന്ദ്രതയും വാഹനപ്പെരുപ്പവും ഇടുങ്ങിയ റോഡുകളുംകൂടി കൊച്ചിനഗരം വീര്‍പ്പുമുട്ടുന്ന കാഴ്ച ദാരുണമാണ്. ഈ ദുരിതത്തിന് ഏക പോംവഴി എന്ന നിലയ്ക്കാണ് കൊച്ചി മെട്രോ റെയില്‍പദ്ധതിക്ക് രൂപം നല്‍കുന്നത്.