കവി, വിവര്‍ത്തകന്‍, ബഹുഭാഷാവിദഗ്ധന്‍, ഗാനകൃത്ത്, ഉപന്യാസകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, അധ്യാപകന്‍: ഇങ്ങനെ ഭിന്നമാനങ്ങളുള്ള ഒരു വ്യക്തിത്വത്തെ വിലയിരുത്തുകയെന്ന ആയാസകരമായ നിയോഗം സമാദരണീയനായിത്തുടരുന്ന വി ടി കുമാരന്റെ ഉറ്റമിത്രങ്ങള്‍ക്കും ജ്ഞാനികളായ ജീവിതപഠിതാക്കള്‍ക്കും വിട്ടുകൊടുത്തുകൊണ്ട്, അദ്ദേഹത്തിന്റെ കാവ്യഭാവുകത്വത്തിന്റെ ചില അംശങ്ങള്‍ സമകാലീനമല്ലാതായിക്കഴിഞ്ഞിട്ടും എന്തുകൊണ്ട് ആ കാവ്യാദര്‍ശവും കവിസങ്കല്‍പ്പവും ജീവിതമൂല്യസങ്കല്‍പ്പവും വിശാലരാഷ്ട്രീയവും പ്രസക്തമായിരിക്കുക മാത്രമല്ല അവയ്ക്ക് പ്രസക്തി വര്‍ധിച്ചുവരിക കൂടിചെയ്യുന്നു എന്ന ഒരു ഹ്രസ്വപരിശോധനയ്ക്ക് മാത്രമാണ് ഞാനിവിടെ മുതിരുന്നത്.
വിഭാഗീയത തീണ്ടാത്ത സാമൂഹ്യ വിപ്ലവസങ്കല്‍പ്പം, ആത്മീയമാനം ഉപേക്ഷിക്കാത്ത മതേതരത്വം, പ്രാദേശികതയിലടിയുറച്ച സാര്‍വജനീനത, പാരമ്പര്യത്തെ നിരാകരിക്കാത്ത പുരോഗാമിത്വം, ക്ലാസ്സിസിസത്തെ തിരസ്കരിക്കാത്ത കാല്‍പ്പനികതയും നാടോടിത്തവും: ഇങ്ങനെ വി ടിയുടെ കവിത പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ-സാംസ്കാരിക- സൗന്ദര്യാത്മക-നൈതിക മൂല്യങ്ങളെല്ലാം തന്നെ സമകാലീന സന്ദര്‍ഭത്തില്‍ നവസാംഗത്യം കൈവരിച്ചിരിക്കുന്നു. "സമകാലീനസന്ദര്‍ഭം" എന്ന സംജ്ഞയെ ആദ്യമേ അല്‍പ്പമൊന്നു വിശദമാക്കട്ടെ: ഒരു ഭാഗത്ത് "ആഗോളീകരണ"ത്തിന്റെ പൊയ്മുഖമണിഞ്ഞ സാമ്രാജ്യത്വവും അന്തര്‍ദേശീയ മൂലധനവും ലോകരാഷ്ട്രങ്ങള്‍ക്ക് മുകളില്‍, വിശേഷിച്ചും യൂറോപ്പൊഴികെയുള്ള രാജ്യങ്ങളില്‍ സാമ്പത്തികവും സാംസ്കാരികവുമായ അധീശത്വത്തിനുള്ള ശ്രമം ശക്തമാക്കുന്നു. വ്യവസായങ്ങള്‍ക്കാവശ്യമായ അസംസ്കൃത വിഭവങ്ങള്‍ വികുറച്ച് വാങ്ങിയും ഖനിജങ്ങള്‍ക്കായി ദീര്‍ഘകാല കരാറുകളിലേര്‍പ്പെട്ടും ദൂഷണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ തന്നെ മൂന്നാംലോകത്തേക്കു പറിച്ചുനട്ടും യുദ്ധകാലാവസ്ഥകള്‍ സൃഷ്ടിച്ച് ഇരുവശത്തും ആയോധന സാമഗ്രികള്‍ വിറ്റും സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് വിപണികളായി വികസ്വര രാജ്യങ്ങളെ മാറ്റിയെടുത്തും സ്വന്തം സാമ്പത്തിക പരിപാടി നടപ്പിലാക്കുന്നതോടൊപ്പം, ജീവിതശൈലികള്‍ ഇറക്കുമതി ചെയ്തും മാധ്യമങ്ങളില്‍ വിഷം കലര്‍ത്തിയും പ്രാദേശിക സംസ്കാരങ്ങള്‍ അമര്‍ച്ച ചെയ്തും ദേശഭാഷകളെ പാര്‍ശ്വവല്‍ക്കരിച്ചും സ്വന്തം സാംസ്കാരിക പൈതൃകങ്ങളും ലോകവീക്ഷണങ്ങളും മറന്നുപോകുന്ന സാംസ്കാരിക വിസ്മൃതി അധിനിവേശത്തിന്റെ ഇരകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചും ഈ നൂതനസാമ്രാജ്യത്വം അതിന്റെ ഹിംസാത്മകമായ നിയോഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നു.
ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാഷ്ട്രങ്ങളെ മാത്രമല്ല, ചൈനയെപ്പോലുള്ള വിപ്ലവാനന്തര സമൂഹങ്ങളെയും പാളംതെറ്റിച്ച് അസമത്വങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ അത് വിജയിച്ചിരിക്കുന്നു. സ്വന്തമായൊരു ദല്ലാള്‍ വര്‍ഗത്തെ അത് പല നാടുകളിലും പ്രലോഭനങ്ങളിലൂടെ രൂപപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയുടേതുപോലുള്ള ഭരണകൂടങ്ങള്‍ ജനതയുടെ അഭിലാഷങ്ങളെ തീരെ പ്രതിഫലിപ്പിക്കാത്ത, സ്വേഛാശക്തി തീര്‍ത്തും നഷ്ടമായ, ക്ഷേമരാഷ്ട്ര സങ്കല്‍പ്പം പോലുമുപേക്ഷിച്ച, വിദേശ മൂലധനത്തിന്റെ പിണിയാളുകളും നടത്തിപ്പുകാരുമായി മാറിയതോടെ ചൂഷിതജനതയ്ക്ക് ഒന്നും ആഗ്രഹിക്കാന്‍ വകയില്ലെന്നായിരിക്കുന്നു. ഈ മൂലധനാധിപത്യത്തോടൊപ്പം അവര്‍ണരെ മുഴുവന്‍, ദളിതരെയും ആദിവാസികളെയും വിശേഷിച്ചും-നിസ്വരാക്കുകയും പീഡനവിധേയരാക്കുകയും ചെയ്യുന്ന സവര്‍ണാധിപത്യം അവര്‍ണര്‍ക്കു ലഭിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങളേപ്പോലും അട്ടിമറിക്കാന്‍ വഴികള്‍ തേടുന്നു. ആദിവാസികള്‍ നിരന്തരം നിസ്സഹായരും ആവാസരഹിതരുമാകുന്നു. ഖനത്തിന്റെയും വന്‍ വികസനത്തിന്റെയുമെല്ലാം ഇരകളായ അവര്‍ ചെറുത്തുനില്‍പ്പിനു നടത്തുന്ന ശ്രമങ്ങള്‍ തീവ്രവാദ മുദ്രകുത്തി അടിച്ചമര്‍ത്തപ്പെടുകയും മൃഗങ്ങളെപ്പോലെ വേട്ടയാടപ്പെടുകയും ചെയ്യുന്നു. സംഘടിക്കുവാന്‍ ശ്രമിക്കുന്ന ദളിതരുടെ സ്ഥിതിയും ഒട്ടും മെച്ചമല്ല.
ഇന്ത്യന്‍ സംസ്കാരമെന്ന ബഹുലവും സങ്കീര്‍ണവുമായ സങ്കല്‍പ്പത്തെ സ്വയം നിര്‍വചിച്ച ഏതോ "ഹൈന്ദവസംസ്കാര"ത്തിലേക്ക് വെട്ടിച്ചുരുക്കി, ഫാസിസത്തിന്റെ ലക്ഷണങ്ങളായ അന്ധമായ ഭൂതകാലരതി, സമത്വാദര്‍ശത്തോടു പുച്ഛം, മൂലധനവുമായുള്ള രഹസ്യസംസര്‍ഗം, പുരോഹിതാധിപത്യം, ഇതിഹാസങ്ങളുടെ ദുര്‍വ്യാഖ്യാനം, പ്രതീകങ്ങളുടെയും ആദിരൂപങ്ങളുടെയും അര്‍ഥം മാറ്റിയുള്ള ദുരുപയോഗം, ഒരു അപരനെ സൃഷ്ടിച്ച് നാടിന്റെ ദുര്‍വിധിക്കു മുഴുവന്‍ അതില്‍ കുറ്റം ചാര്‍ത്തല്‍, ആവിഷ്കാര സ്വാതന്ത്ര്യനിരോധം, ബുദ്ധിജീവി വിരോധം, ചരിത്രത്തിന്റെ വക്രീകരണം, പല പേരുകളിലുള്ള സേനകളുടെ രൂപീകരണം, ദേശീയതാ സങ്കല്‍പ്പത്തിന്റെ സങ്കുചിത വ്യാഖ്യാനം, വിവേകാനന്ദനും ശ്രീനാരായണഗുരുവും ഉണര്‍ത്തിവിട്ടതരം സമത്വോന്മുഖമായ ആത്മീയതയുടെ നിരാകരണവും അധികാരോന്മുഖമായ ഭൗതികവാദവും, ഇന്ത്യന്‍ തത്വചിന്തയുടെ ജനാധിപത്യപരമായ ബഹുസ്വര പാരമ്പര്യത്തിന്റെ (ചാര്‍വാക-സാംഖ്യ-ബുദ്ധ-ജൈന ദര്‍ശനങ്ങളുള്‍പ്പെടെ) തിരസ്കാരം തുടങ്ങിയവ പ്രകടിപ്പിച്ചു വളരുന്ന ഹെന്ദവസംസ്കാര ദേശീയത, ഇതിനോടുള്ള പ്രതികരണമെന്ന രീതിയില്‍കൂടി വളരുന്ന ന്യൂനപക്ഷ വര്‍ഗീയത, ഇരുഭാഗത്തുനിന്നുമുണ്ടാകുന്ന ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന അന്യോന്യ സംശയവും സമുദായ ശിഥിലീകരണവും, ചിന്താശൂന്യവും കേവലം ലാഭോന്മുഖവുമായ വന്‍വികസന നീക്കങ്ങള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി വിനാശം, കുടുംബത്തിനകത്തും പുറത്തും സ്ത്രീജീവിതം കൂടുതല്‍ കൂടുതല്‍ അസഹനീയമാക്കുന്ന പുരുഷാധിപത്യവും യാഥാസ്ഥിതിക സദാചാരസങ്കല്‍പ്പങ്ങളും, തിരിച്ചുവരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും, അഴിമതിയുടെ രാക്ഷസീയമായ വളര്‍ച്ചയും പൊതുജീവിതത്തിലെ മൂല്യനഷ്ടവും, പല കാരണങ്ങളാല്‍ കേരളം പോലെ ജനവോത്ഥാനം സംഭവിച്ചയിടങ്ങളില്‍പോലും വളരുന്ന ഹൃദയസങ്കോചവും അയല്‍പക്ക സങ്കല്‍പ്പത്തിന്റെ തിരോധാനവും, അസത്യങ്ങളെ സത്യമാക്കാന്‍ പോന്ന വാര്‍ത്താമാധ്യമങ്ങളും ഒഴിവുസമയത്തെ സര്‍ഗാത്മക പ്രവര്‍ത്തനത്തിനും വിമോചന വിചാരത്തിനും പകരം ധനമോഹവും ഹിംസാചിന്തയും ഉപരിപ്ലവ വിനോദങ്ങളും കൊണ്ടു നിറയ്ക്കുന്ന ദൃശ്യമാധ്യമങ്ങളും. സംസ്കാരത്തെയും ലാഭോപാധി മാത്രമാക്കുന്ന സംസ്കാരവ്യവസായം, വിപണിയെ മാത്രം സേവിക്കുന്ന വിദ്യാഭ്യാസവും വിജ്ഞാനവും: ഇങ്ങനെ സമസ്യാസങ്കുലമാണ് നമ്മുടെ പ്രാദേശിക-ദേശീയ ജീവിതം.
ഏതു ശുഭവിശ്വാസിയെയും ദോഷൈക ദൃഷ്ടിയാക്കാന്‍ പോന്നതാണ് ഈ സാഹചര്യമെന്നു തോന്നാമെങ്കിലും ഇതിനൊരു മറുവശവുമുണ്ട്. മൂലധനം ഒരാഗോള പ്രതിസന്ധി നേരിടുന്നു. ഇത് മുതലാളിത്ത വികസനത്തിന്റെ അനന്തസാധ്യതയില്‍ വിശ്വസിക്കുന്ന നവയാഥാസ്ഥിതിക ലിബറലുകള്‍ക്കെന്നപോലെതന്നെ ആ വഴിയാണ് ഭാവിയെന്നുകരുതുന്ന വിപ്ലവാനന്തര ഭരണകൂടങ്ങള്‍ക്കുമുള്ള ഒരു താക്കീതാണ്. ജനാധിപത്യമില്ലാത്ത സോഷ്യലിസവും സോഷ്യലിസമില്ലാത്ത ജനാധിപത്യവും ഒരേപോലെ ജനവിരുദ്ധമാണെന്ന തിരിച്ചറിവും ഇതോടൊപ്പം വ്യാപകമായിട്ടുണ്ട്. വിവരസാങ്കേതിക വിദ്യയുടെയും വിദ്യാഭ്യാസത്തിന്റെയും മാധ്യമങ്ങളുടെയും മറ്റുമായ പുതിയ പ്രൊഫഷനുകളില്‍ വ്യാപരിക്കുന്നവര്‍ തങ്ങളും ആത്യന്തികമായി മൂലധനത്തിന്റെ അടിമപ്പണിക്കാര്‍ തന്നെ എന്ന് തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ഇത് പഴയ വര്‍ഗസങ്കല്‍പ്പത്തെത്തന്നെ തിരുത്താന്‍ പോന്നതാണ്. മൈക്കേല്‍ ഹാര്‍ട്ട്, അന്റോണിയോ നെഗ്രി എന്നിവര്‍ സമീപകാലത്ത് പശ്ചിമാഫ്രിക്കയിലും മധ്യപൂര്‍വദേശങ്ങളിലും സംഭവിച്ചതും തുടര്‍ന്ന് വാള്‍സ്ട്രീറ്റ് ഉപരോധമുള്‍പ്പെടെ ഏറെ പ്രസ്ഥാനങ്ങള്‍ക്ക് വഴിതെളിച്ചതുമായ മുന്നേറ്റങ്ങളെ അപഗ്രഥിച്ചുകൊണ്ട് ഈ പുതിയ പരിവര്‍ത്തനശക്തിയുടെ സ്വഭാവം അപഗ്രഥിക്കുന്നുണ്ട്. സാമ്പ്രദായികാര്‍ഥത്തിലുള്ള തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങളല്ലാം അവ, ഏകാധിപത്യത്തിനും ധനാധിപത്യത്തിനും ഇരയായ ഭിന്നവര്‍ഗങ്ങളില്‍പെട്ട ജനതതിയുടെ - "മള്‍ട്ടിറ്റ്യൂഡ്" മുന്നേറ്റങ്ങളാണ്. നവസംവേദന മാധ്യമങ്ങള്‍ സുലഭമായി ഉപയോഗിക്കുന്നതും വിദ്യാസമ്പന്നരായ പ്രൊഫഷനലുകള്‍ പ്രചാരജോലി ഏറ്റെടുക്കുന്നതും പുരോഹിതാധിപത്യം, അഴിമതി, ആഗോളീകരണം കൊണ്ടുവരുന്ന പുതിയ അടിമത്തം ഇവയെയൊക്കെ ചെറുക്കുന്നതും ജനാധിപത്യ വ്യവസ്ഥയ്ക്കും സ്ഥിതിസമത്വത്തിനുമായി വാദിക്കുന്നതും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥകളെ നിരാകരിച്ച് വിവൃതമായിരിക്കുന്നതും ഭീകരവാദത്തെയും ഹിംസാത്മകമാര്‍ഗങ്ങളെയും ആശ്രയിക്കാത്തതും ജാതി, മതം, വംശം, ലിംഗം എന്നിവയ്ക്കതീതമായി ചൂഷണത്തിനും സാമൂഹ്യശ്രേണീകരണത്തിനുമെതിരെ ജനങ്ങളെ അണിനിരത്തുന്നതുമാണ് ഈ മുന്നേറ്റങ്ങള്‍.
1968ലെ ഫ്രഞ്ചു വിപ്ലവം, 1999-ല്‍ സിയാറ്റിലില്‍ ലോകവാണിജ്യസംഘടനയുടെ ഉച്ചകോടിക്കെതിരായി നടന്ന പ്രതിഷേധം, അമേരിക്കയുടെ ഇറാഖ് യുദ്ധത്തിനെതിരെ ലോകതലസ്ഥാനങ്ങളില്‍ നടന്ന കൂറ്റന്‍ പ്രകടനങ്ങള്‍, ഇവയിലെല്ലാം തുടക്കം കുറിച്ച് ഈജിപ്ത്, ടുണീഷ്യാ, യമന്‍, ലിബിയ, ബഹറൈന്‍, ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിലേക്കു വ്യാപിച്ച ഈ ജനമുന്നേറ്റങ്ങള്‍ ദേശീയാതിര്‍ത്തികളില്‍ ഒതുങ്ങിനില്‍ക്കാത്തവയും ആഗോളചൂഷണവ്യവസ്ഥയെ പ്രതിരോധിക്കുന്നവയും പുതിയൊരു പരിവര്‍ത്തന സമ്പ്രദായം മുന്നോട്ടുവയ്ക്കുന്നവയുമാണ്. ഇവയുടെ ആത്യന്തിക പരിണാമത്തെക്കുറിച്ച് പ്രവചനങ്ങള്‍ സാധ്യമല്ലെങ്കിലും ഒരു പുതിയ ജനകീയജാഗ്രത ഇവയില്‍ പ്രകടമാണെന്ന കാര്യത്തില്‍ സംശയമില്ല.
ഇവയ്ക്കു സമാന്തരമായ മുന്നേറ്റങ്ങള്‍ സാംസ്കാരിക രംഗത്തും സംഭവിക്കുന്നുണ്ട്. ഏഷ്യന്‍-ആഫ്രിക്കന്‍ - ലാറ്റിനമേരിക്കന്‍ നാടുകളില്‍ പുതിയൊരു പ്രതിരോധ സാഹിത്യവും ചിത്രകലയും നാടകവേദിയും ചലച്ചിത്രവും രൂപം കൊള്ളുന്നുണ്ട്. യൂറോ കേന്ദ്രിതമായ ചരിത്രവും തത്വചിന്തയും ലോകവീക്ഷണവും വെല്ലുവിളിക്കപ്പെടുന്നു. യൂറോപ്യന്‍ നവോത്ഥാനാശയങ്ങള്‍ മുഴുവന്‍ ഇന്ത്യ, ചൈന, അറേബ്യ തുടങ്ങിയ നാടുകളില്‍നിന്ന് യൂറോപ്പില്‍ എത്തിപ്പെട്ടതാണെന്ന് സമര്‍ഥിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പിലെ ആധുനിക കലാ-സാഹിത്യങ്ങള്‍ക്ക് പ്രചോദനമായതും പൗരസ്ത്യ കലാ-സാഹിത്യ ദര്‍ശനങ്ങളാണ്. എഡ്വേഡ് സയ്യിദിന്റെ "ഓറിയന്റലിസ"മെന്ന ഗ്രന്ഥവും തുടര്‍ന്നു നടന്ന ചര്‍ച്ചകളും അധിനിവേശോത്തര പഠനങ്ങളും പടിഞ്ഞാറന്‍ ലോകത്തിന്റെ സാംസ്കാരികമായ നെടുനായകത്വം തകര്‍ത്തിരിക്കുന്നു എന്ന് വിളംബരം ചെയ്യുന്നു. വാള്‍സ്ട്രീറ്റുപോലുള്ള പുതിയ പ്രതിരോധങ്ങളുടെ പ്രചോദനംപോലും "അറബ് വസന്ത"ത്തിന്റേതാണ്.
ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍കേസിനു പിറകേ വന്ന സെസയര്‍ ഐറാ, ഫെര്‍ണാണ്ടോ വയേഹോ, വിക്കോര്‍ മൊണ്ടായാ, എഡ്വാര്‍ഡോ ഗലിയാനോ തുടങ്ങിയ എഴുത്തുകാരും "മൂന്നാംസിനിമ" "അപൂര്‍ണ സിനിമ" "വിശപ്പിന്റെ സൗന്ദര്യശാസ്ത്രം" തുടങ്ങിയ ചലച്ചിത്ര പ്രസ്ഥാനങ്ങളും ലാറ്റിനമേരിക്കയുടെ ജനാധിപത്യജാഗ്രത പ്രതിഫലിപ്പിക്കുമ്പോള്‍, നൂറുദ്ദീന്‍ ഫറാ, സെഫീ ആട്ടാ, ചിമമന്‍ഡാ അസിച്ചി, മോസെസ് ഇസഗായ തുടങ്ങിയ ആഫ്രിക്കനെഴുത്തുകാരും സഫി ഫായേ, ക്വോ അന്‍സാ, ബുര്‍വിനോ ഫാസോ തുടങ്ങിയ ചലച്ചിത്രകാരന്മാരും ആഫ്രിക്കന്‍ ജനതയുടെ സംഘര്‍ഷങ്ങളും സ്വപ്നങ്ങളുമാവിഷ്കരിക്കുന്നു. ഈജിപ്തിലും ടുണീഷ്യയിലും മറ്റും നടന്ന മുന്നേറ്റങ്ങള്‍ അവിടങ്ങളിലെ സാഹിത്യത്തെ- വിശേഷിച്ചും കവിതയെ അടിമുടി മാറ്റിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം സ്ത്രീകള്‍ സാംസ്കാരിക സംക്രമണത്തിന്റെ മുന്‍നിരയില്‍ തന്നെയുണ്ടെന്നത് ശ്രദ്ധേയമാണ്. ചൈനയിലെ പ്രമുഖ സാഹിത്യകാരന്മാരും ചിത്രകാരന്മാരും ചലച്ചിത്ര നിര്‍മാതാക്കളും അവിടെ നടക്കുന്ന മുതലാളിത്തവത്കരണത്തെ ചെറുക്കുന്നവരാണ്. ബെയ്ദാവോ, ഐ വൈ വൈ, ആങ്-ലീ തുടങ്ങിയവര്‍ ഉദാഹരണം. ഇറാനിയന്‍ പ്രതിരോധസിനിമ ലോകചലച്ചിത്ര രംഗത്തുതന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഇന്ത്യയിലെ ഇന്നത്തെ പ്രധാനപ്പെട്ട അവാങ് ഗാദ് സാഹിത്യപ്രസ്ഥാനങ്ങള്‍ സ്ത്രീകളുടെയും ദളിതരുടെയും ആദിവാസികളുടെയും പരിസ്ഥിതി പ്രണയികളുടെയും മുതലാളിത്ത വികസന വിരുദ്ധരുടെയുമാണ്. മഹാശ്വേതാദേവിയും ഇന്ദിരാ ഗോസ്വാമിയും മുതല്‍ സാറാ ജോസഫും പ്രതിഭാനന്ദകുമാറും വരെയുള്ള എഴുത്തുകാരികളും നാംദേവ് ഡസാലും ശരണ്‍കുമാര്‍ ലിംബാളേയും മുതല്‍ ഓംപ്രകാശ് വാല്മീകിയും ബാമയും സിദ്ദലിംഗയ്യയും വരെയുള്ള ദളിത് എഴുത്തുകാരും രാംദയാല്‍ മുണ്ടയും ഭുജംഗ്മേഴ്റാമും മുതല്‍ നിര്‍മലാപുതൂലും നാരായനും വരെയുള്ള ആദിവാസി എഴുത്തുകാരും സ്വത്വബോധത്തിന്റേതായ ഒരു നവസാഹിത്യത്തിനു രൂപം നല്‍കിയിരിക്കുന്നു.
പ്രതിസന്ധിയുടെയും പ്രതിരോധത്തിന്റേതുമായ ഈ വര്‍ത്തമാനത്തില്‍നിന്നുകൊണ്ടാണ് നാമിന്ന് വി ടിയെപ്പോലൊരു കവിയെ വീണ്ടും വായിക്കുന്നത്. ഇന്നത്തെ ഏറ്റവും വലിയ കവികള്‍ കവിതയുടെ ഐന്ദ്രജാലികവും വിപ്ലവകരവുമായ അംശങ്ങളെ സമന്വയിക്കുന്നവരാണ്; ചരിത്രബോധത്തിന്റെയും വെളിപാടിന്റെയുമായ ഘടകങ്ങള്‍, സംക്രമണ സ്വപ്നത്തിന്റെയും പ്രപഞ്ച നിഗൂഢതയുടെയുമായ ഭാവങ്ങള്‍, ഇതിഹാസപാരമ്പര്യത്തെ സമകാലീന ജീവിതവുമായി ഇഴപിരിക്കുന്ന രചനാരീതികള്‍, ചെസ്വാ മീവാഷ്, പാബ്ലോ നെരൂദ, സെസാര്‍ വയേഹോ, യാനിസ് റിറ്റ്സോസ്, വിസ്ലാവാസിംബോര്‍സ്കാ, മഹ്മൂദ് ദാര്‍വീഷ്, അഡോണിസ്, സെയ്ദാവോ, സെങ്കോര്‍, ഡെറെക്വാല്‍കോട് തുടങ്ങിയ പ്രമുഖ കവികളുടെ ചില പൊതു സവിശേഷതകളാണ്. ബെനെഡിക്റ്റ് ആന്‍ഡേഴ്സണ്‍ "വേരുറച്ച സാര്‍വജനീനത" (rooted cosmopolitanism) എന്നു വിശേഷിപ്പിക്കുന്ന, മാനവരാശിയെ മുഴുവനാശ്ലേഷിക്കുകയും ഒപ്പം പ്രദേശത്തിന്റേതായിരിക്കുകയും ചെയ്യുന്ന വീക്ഷണവിശേഷം ഈ കവികളില്‍ കാണാം.
വി ടിയുടെ കവിതകളുടെ പ്രധാന പ്രമേയങ്ങളിലൊന്ന് കവിയും കവിതയും തന്നെയായത് യാദൃച്ഛികമല്ല. പലയിടങ്ങളിലായി കവിതയെന്നാലെന്തെന്നും കവിയുടെ മാനുഷിക ദൗത്യമെന്തെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്. "ഞാനല്ലാതാരുമില്ലാത്ത/ ലോകത്തില്‍ കവിയല്ല ഞാന്‍ / എല്ലാരുമുള്ള ലോകത്തില്‍/മനസ്സില്‍ സുമനസ്സു ഞാന്‍" എന്ന് തന്റെ കവിതയുടെ ജനകീയചോദന അദ്ദേഹം വെളിപ്പെടുത്തുന്നു. (മന്ദഃകവി യശഃ പ്രാര്‍ത്ഥി....") അതേ കവിതയില്‍തന്നെ വാക്കുകള്‍ക്കുള്ളിലെ സ്വപ്നഗോപുരത്തിലിരുന്നു പൊന്‍കിനാവുകള്‍ നൂല്‍ക്കുമ്പോഴും ദുര്‍നീതിയുടെ തല കൊയ്യാനെത്തുന്ന പതിതര്‍ക്കായി വാക്കു വാളാക്കി മാറ്റുമ്പോഴും ഒരേപോലെ താന്‍ കവിയല്ലെന്ന് ആക്ഷേപിക്കുന്നവരെ അദ്ദേഹം പരിഹസിക്കുന്നുണ്ട്. വാക്കു വാറ്റുന്ന ദിവ്യമധുവില്‍ കാലത്തിന്റെ കടക്കണ്ണു നിഴലിക്കുമെന്നും, "സത്യാവിഷ്കൃതികൗതുക"മാണ് തന്റെ പ്രേരണയെന്നും; പ്രപഞ്ചസത്യത്തിന്റെ വിസ്മയവും സമൂഹസത്യത്തിന്റെ ഔജ്ജ്വല്യവും താന്‍ കാണുന്നുവെന്നും പൂവിനെ പ്രണയിക്കാന്‍ ഭൂവിനെ കൈവിടേണ്ടതില്ലെന്നും കൊഞ്ചും പദങ്ങള്‍ക്ക് വാരിക്കുന്തമാവാന്‍ പറ്റില്ലെന്നും പുതിയ ബിംബങ്ങളും വൃത്തങ്ങളും ശൈലികളും കവിതയ്ക്ക് അനിവാര്യമാണെന്നും താനെതിര്‍ക്കുന്നത് "ഭംഗഭംഗി"കളെ മാത്രമാണെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു. പി കുഞ്ഞിരാമന്‍ നായരെ വി ടി വിശേഷിപ്പിക്കുന്നത് "പരാത്മശ്വാസമേല്‍ക്കുമ്പോള്‍/ഉറഞ്ഞുകൊണ്ടു പാടുവോന്‍" ആയിട്ടാണ്. "മുള്ളുകുത്തി മുറിഞ്ഞേറെ/ച്ചോരവാര്‍ന്നൊരു ജീവിതം/പരാതിയില്ല, പകയി/ല്ലഴകിന്‍ സമുപാസനം എന്ന് ആ ജീവിതത്തെ വിശേഷിപ്പിക്കുന്നു. ("മഹാകവി പി") ഭക്തകവിയായി കുഞ്ഞിരാമന്‍ നായരെ പുരോഗമനകാരികള്‍ വിമര്‍ശിച്ചിരുന്ന കാലത്താണ് വി ടി ഈ കവിത രചിക്കുന്നതെന്നോര്‍ക്കുമ്പോള്‍, സൗന്ദര്യോപാസനയെ അദ്ദേഹം ഒരു മാനുഷിക കര്‍ത്തവ്യമായിത്തന്നെ കണ്ടിരുന്നു എന്ന നിഗമനത്തിലാണ് നാമെത്തുക.
തന്റെ അനുകമ്പാനിര്‍ഭരമായ പ്രതിജ്ഞാബദ്ധതയിലുറച്ചു നില്‍ക്കെത്തന്നെ സഹകവികളിലെ ആദരണീയമായ അംശങ്ങളെ തിരിച്ചറിഞ്ഞംഗീകരിക്കുന്ന ഉദാരമായ പാരായണ സംസ്കാരവും വി ടിക്കുണ്ടായിരുന്നുവെന്ന് ഈ പ്രണാമത്തിലെന്നപോലെ "ജി", "വയലാര്‍" എന്നീ കവിതകളും കാണിക്കുന്നു. ജിയുടെ കവിതയെ "തങ്കപ്പൊന്‍ കിരീടം ചാര്‍ത്തിനില്‍ക്കുന്ന മധുകന്യയായും വയലാറിന്റെ കവിതയെ അലറും വയലാറിന്‍ കരളില്‍" നിന്നുവന്ന മധുമയ മണിക്വാണ"മായും വിശേഷിപ്പിക്കുമ്പോള്‍, മൂന്നു കവികളിലും ഈ കവി അന്വേഷിച്ചത് കാവ്യലാവണ്യം തന്നെ എന്നു വ്യക്തമാകുന്നു. കാളിദാസ കവിതയുടെയും സംസ്കൃത കാവ്യമീമാംസയുടെയും അനുധ്യാനമാണ് കവിയുടെ ഈ സൗന്ദര്യബോധത്തിന്നടിസ്ഥാനമെന്നു കാണാന്‍ വിഷമമില്ല. കാളിദാസന്‍ സൂചനകളായും ആഖ്യാനങ്ങളായും ബിംബങ്ങളായുമെല്ലാം കുമാരന്റെ കവിതയില്‍ നിരന്തരം സന്നിഹിതനാകുന്നുണ്ട്. "വനജ്യോത്സ" എന്ന രചന അതിനു പ്രത്യക്ഷമായ ഉദാഹരണമാണ്. വാത്മീകിയും വീണ്ടും വീണ്ടും സൂചിതമാകുന്നു. അതേസമയം തന്റെ കാലത്തെ കവിത നേടേണ്ട നവമാനങ്ങളെക്കുറിച്ചു കവിക്കു ബോധമുണ്ടായിരുന്നു. ""തീക്കനല്‍പ്പൂപെയ്യുന്ന മുരിക്കല്ല ഞാന്‍ എന്റെ /വാക്കു തീക്കനലാകും തീര്‍ത്ഥവെള്ളവുമാകും/വാക്കിന്റെ പൂവാലേ" മര്‍മ്മം നോക്കി ഞാനെറിയുമ്പോള്‍ /"വാ" പിളര്‍ന്നലറാത്ത കൊമ്പനാനകളില്ല"" എന്നദ്ദേഹം പറയുന്നുണ്ടല്ലോ. ഇന്നത്തെ വാത്മീകിയുടെ ദൗത്യത്തെ അദ്ദേഹം നിര്‍വചിക്കുന്നതു നോക്കുക: ""ശാപമേകാനല്ല, ചുടു/പാട്ടുകൊണ്ട് ബോംബെറിഞ്ഞീ/പാപവൃത്തി നശിപ്പിക്കാന്‍/വാത്മീകി വേണ്ടേ?"" ("പുതിയ വാത്മീകി") "എന്റെ സരസ്വതി" എന്ന മറ്റൊരു കവിതയില്‍ ""ഇടത്തല്ല, വലത്തല്ല, നടുക്കല്ലെന്‍ സരസ്വതി/വെളുത്ത താമരപ്പൂവിലുറക്കമല്ല/തുടിക്കുന്ന ജനതതന്‍/കരളിന്റെ കരളിലെ/തുടുത്ത താമരപ്പൂവിലവള്‍ വാഴുന്നു" എന്നും "നേരിനെ താരാക്കിമാറ്റും/താരിനെ താരകമാക്കും/ താരകത്തെയവള്‍ നിത്യചാരുതയാക്കും"" എന്നും കവി പറയുന്നുണ്ട്.
"കണ്ണന്‍ എന്ന കവി"യില്‍ ഈ കവിസങ്കല്‍പ്പങ്ങളെല്ലാം സമന്വയം കണ്ടെത്തുന്നു. അവനൊന്നു "കണക്കൊത്തു" പാടിയാല്‍ "ഉണക്കുമരം പൊട്ടി പാലൊഴുകുകയും" "കരയുന്ന കുഞ്ഞു മണിഞ്ഞുറങ്ങു"കയും "കതിരൂക്കും നെല്ലിനു പാലുറയ്ക്കു"കയും ചെയ്യും. ഒരു ഭ്രാന്തനെപ്പോലെ ആവിഷ്ടനാണ് കണ്ണന്‍. ഒരു നിമിഷം കാര കളിക്കുന്ന പിള്ളേരോടൊപ്പം പിന്നെ കത്തുന്ന വെയിലില്‍ കുട്ടാടന്‍ പാടത്ത്, മേലേ മലയില്‍, പാമ്പിന്‍ കാവില്‍, പശുത്തൊഴുത്തില്‍, പാലമരം ചാരി പാടിക്കൊണ്ട്, നെല്ലിമരത്തില്‍, ഇല്ലിക്കാട്ടില്‍. ഇങ്ങനെ സര്‍വവ്യാപിയാണെന്നു മാത്രമല്ല "ആരു പറഞ്ഞാലും കേള്‍ക്കാത്തോനു"മാണ് കവി. അയാള്‍ ഉടുത്താലേ നാട്ടാര്‍ ഉടുക്കുന്നുള്ളൂ. അയാള്‍ തെളിഞ്ഞാല്‍ നാട്ടാര്‍ തെളിഞ്ഞു. അങ്ങനെ ഈ പാട്ടുകാരന്‍ മാനുഷ്യകത്തിന്റെ മുഴുവന്‍ മനസ്സിലെ സര്‍ഗാത്മകതയുടെ ആദിരൂപം തന്നെയായി മാറുന്നു. "നീലക്കടമ്പില്‍" കവിദൗത്യം വീണ്ടും അടയാളപ്പെടുത്തുന്നുണ്ട് ഈ കവി: ""ചോര കാണുമ്പോള്‍ ഞെട്ടി വീഴുവതല്ലെന്‍ ഗാനം/ചോര ചോര്‍ത്തുവാന്‍ നോറ്റുനില്പതുമല്ലെന്‍ഗാനം/മോഹഭംഗത്തിന്‍ തത്വശാസ്ത്രങ്ങളടിച്ചുട/ച്ചാഹവരംഗത്തേയ്ക്കു നേര്‍ തെളിപ്പതെന്‍ ഗാനം"": സാമൂഹ്യ വിപ്ലവത്തിനുള്ള ത്വര, വിഷാദസൃഷ്ടമായ അകര്‍മണ്യതയോടുള്ള പ്രതിഷേധം, ഹിംസയെ മനസ്സിലാക്കുമ്പോളും ഹിംസ ആത്യന്തികമായ പരിവര്‍ത്തന മാര്‍ഗമല്ലെന്ന തിരിച്ചറിവ് ഇവയെല്ലാം ഈ വരികളില്‍ വായിക്കാനാകും. ഇന്ത്യന്‍ സംസ്കാരത്തോട് വിമര്‍ശനാത്മകമായ ആദരവാണ് ഈ കവിക്കുള്ളത്. ബുദ്ധനെ നിന്ദിക്കുന്ന തീവ്രവാദത്തെ അദ്ദേഹം "രണ്ടു കവിതകള്‍" എന്ന രചനയില്‍ പരിഹസിക്കുന്നുണ്ട്. വാത്മീകിയുടെ കാരുണ്യത്തില്‍ വിശ്വസിക്കുന്നുണ്ട്.
രാമായണ-ഭാഗവത- മഹാഭാരതങ്ങളെ നമ്മുടെ ജനകീയ സംസ്കാര പൈതൃകത്തിന്റെ ഭാഗമായി അംഗീകരിക്കുകയും ഇടയ്ക്കിടെ സമകാലീന സന്ദേശങ്ങള്‍ നല്‍കാനായി അവയിലേക്കു തിരിച്ചുപോവുകയും ചെയ്യുന്നുണ്ട്. അതേസമയം "അറ്റുപിടയുന്ന തള്ളവിരല്‍" എന്ന രചനയിലെന്നപോലെ ഏകലവ്യനു വിദ്യ നിഷേധിച്ച വര്‍ണവ്യവസ്ഥയെ നിന്ദിക്കുന്നുമുണ്ട്. "പരതി നടക്കേണ്ടാര്‍ഷമഹത്വം/പരിമിതിയുള്ളതുതന്നെ" എന്നു തിരിച്ചറിയുന്നുണ്ട്. പുതിയ ദളിത സ്വത്വബോധത്തിന്റെ പ്രതീകം തന്നെയാണ് ഏകലവ്യന്‍ എന്നോര്‍ക്കുക. ഷേക്സ്പിയര്‍ സമ്പത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരശക്തിയെക്കുറിച്ച് പറയുന്ന ഭാഗം മൂലധനത്തിന്റെ സര്‍വവ്യാപിത്വത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ കാള്‍ മാര്‍ക്സ് ഉദ്ധരിക്കുന്നുണ്ടല്ലോ. ഈ കവിയുടെ ദര്‍ശനത്തിലും ഈ തിരിച്ചറിവുണ്ട്. "മായാവനിത"യിലെ മായാവനിത പണം തന്നെ. ""കടലിന്‍ നടുവില്‍ പാമ്പിന്‍/തിരപ്പത്തില്‍ വസിച്ചിടും/കള്ളക്കടത്തുദേവന്റെ/പത്നിയാം ലക്ഷ്മിയാണു ഞാന്‍"" എന്നാണ് അവള്‍ തന്നെത്തന്നെ അവതരിപ്പിക്കുന്നത്. ""കുടില്‍ കൊട്ടാരമാക്കും ഞാന്‍/കൊട്ടാരം കുടിലാക്കിടും/സത്യത്തെ മിഥ്യയാക്കും ഞാന്‍/മിഥ്യയെ സത്യമാക്കിടും"" ഇതത്രേ അവളുടെ കഴിവ്. ""പണത്തിന്‍ വീണ മീട്ടാതെ/പാടുകില്ലിന്നു സാഹിതി/ധനമിന്ധനമില്ലാതെ/ജ്വലിക്കില്ലിന്നു വിപ്ലവം"" എന്നുവരെ പോകുന്നു ഈ മൂലധന- വിപണിവിമര്‍ശം. സംസ്കാരം ധ്യാനിക്കുന്നതും മര്‍ത്ത്യത്വം ജപിക്കുന്നതും ധനം, ധനം എന്നായ ഒരു കാലത്തിനുള്ള കറുത്ത വിലാപമാണ് ഈ ആക്ഷേപഹാസ്യകവിത. മനുഷ്യനെ കീടമാക്കുന്ന രക്ഷോവീക്ഷണത്തിന്റെ തലസ്ഥാനമായ ലങ്കയെ ദഹിപ്പിക്കുന്ന ഹനുമാനാണ് കവി: ""ചുട്ടുപൊട്ടിയ്ക്കും ഞാനീ ലങ്കയെ/മനുഷ്യാസ്ഥിക്കട്ടയാല്‍ കളി തേച്ച/ഭോഗഭിത്തികാസ്തംഭകശുംഭല്‍ സൗധദംഭത്തെ/കണ്ണീര്‍ക്കടല്‍ കൊള്ളതന്‍/ത്രികുടാദ്രിസംഭ്രാന്ത സൗഖ്യാന്ധ്യത്തെ"" എന്നാണദ്ദേഹത്തിന്റെ ദൗത്യപ്രഖ്യാപനം. ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ് ""തത്വശാസ്ത്രങ്ങള്‍ വെറും മണ്‍കുടങ്ങളാണതില്‍/മര്‍ത്ത്യസ്നേഹത്തിന്‍ മധു നിറയ്ക്കാന്‍ മറക്കൊല്ലേ"" എന്ന "വോള്‍ഗയിലെ താമരപ്പൂക്കളി"ലെ ആഹ്വാനം, പൗരസ്ത്യദര്‍ശന ദീപ്തിയിലുള്ള തന്റെ വിശ്വാസവും താമരപ്പൂക്കള്‍ വാടുമ്പോഴും താമരക്കുരു അതിജീവിക്കുകയും തലമുറകള്‍ക്കായി പൂക്കള്‍ വിടര്‍ത്തുകയും ചെയ്യുമെന്ന കര്‍മഫലശ്രുതിയും സ്നേഹത്തിന്റെ തീക്ഷ്ണതയാണ് ധീരതയുടെ ചോദനയെന്ന തത്വശാസ്ത്രവും ഈ ആഖ്യാനകവിതയില്‍ ഒന്നിക്കുന്നു.
വി ടി കുമാരന്റെ മതേതരത്വം മതനിഷേധമല്ല. സംഘടിത മതത്തിന്റെ ദുശ്ശാഠ്യങ്ങളെയും അവ നിലനിര്‍ത്തുന്ന ഉച്ചനീചത്വങ്ങളെയും അദ്ദേഹം നിരാകരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ കവിതകളില്‍ പുരാണേതിഹാസങ്ങളിലെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും സൂചനകളും ദര്‍ശനാംശങ്ങളും ആവര്‍ത്തിച്ചു പ്രത്യക്ഷമാകുന്നു. "പീലിക്കണ്ണും കാലിക്കോലും/വേണമെങ്കില്‍ ധരിക്കാം ഞാന്‍/ഓടക്കുഴല്‍ വിളിക്കാനുമെനിക്കറിയാം എണ്ണക്കറുപ്പാണെന്‍മേനി/മഞ്ഞപ്പട്ടുമുടുക്കാം ഞാന്‍/വെണ്ണ കക്കാന്‍ മാത്രമെനിക്കറിഞ്ഞു കൂടാ" എന്ന "കടത്തുകാര"നെന്ന സ്വപ്നാത്മക രചനയിലെ വരികളില്‍ ആ സമീപനത്തിന്റെ സാരമുണ്ടെന്നുവരാം. മതത്തിന്റെ തിന്മകള്‍ക്കു താന്‍ കൂട്ടില്ലെന്ന പ്രഖ്യാപനം. "ഗുരുര്‍ ബ്രഹ്മ"യില്‍ ഇന്നത്തെ അധ്യാപനത്തെ "റിസള്‍ട് നന്നാക്കുവാനായ് നോട്ട്സ് നല്‍കുന്ന യന്ത്ര"മായി ഗുരുക്കന്മാരെ മാറ്റുന്ന വിദ്യാഭ്യാസ രീതിയെ കവി വിമര്‍ശിക്കുന്നത് പഴയ ഗുരുസമ്പ്രദായത്തെ, പൊതുവേ ആദരിച്ചുകൊണ്ടാണ് (അത് ചിലപ്പോള്‍ ഏകലവ്യന്മാരെ സൃഷ്ടിച്ചത് കാണുമ്പോള്‍ തന്നെ). ബുദ്ധമതത്തോടുള്ള ആദരം കവിതകളില്‍ പലതിലുമുണ്ട്. "കല്യാണ സൗഗന്ധിക"ത്തെ അദ്ദേഹം സമകാലീനമാക്കുന്നു: ആരാര്‍തന്‍ തന്‍ വിമോചന/തേര്‍ക്കൊടിമരത്തിന്മേ/ലാര്‍പ്പിട്ടു പാറുന്നതി-/പ്പൂവിന്റെ ശോണ പ്രാണന്‍/""ഭീമ""കായനാം കാലം/"കല്യാണ" ലോകാദര്‍ശ/പ്പൂമണം തേടിത്തേടി /പ്പോവതിപ്പൂവിന്‍ നേരെ" (ചുവന്ന പൂവ്") "ഉള്ളതിനെ നിര്‍വചിക്കാന്‍ കഴിയാതെ വരുന്നേര/മുള്ള നിഗമനം "ഇല്ല"യെന്നല്ല തന്നെ /അനുക്ഷണവികാസത്തില്‍ ചരാചരമിപ്രപഞ്ച/മനുസരിപ്പതുണ്ടേതോ നിയമരേഖ എന്നിടത്ത് ആസ്തിക്യത്തോടടുത്തെത്തുന്നുണ്ട് ഈ കവിയുടെ ദര്‍ശനം. മുഹമ്മദ് നബിയുടെ സന്ദേശത്തെയും കവി നെഞ്ചേറ്റുന്നത് "ഇളനീരും കാരക്കയും" എന്ന കവിതയില്‍ കാണാം. ഇവിടെയൊക്കെ ഭൗതികവാദത്തിന്റെയും യുക്തിവാദത്തിന്റെയും മതനിരാകരണത്തെക്കാള്‍ എല്ലാ മതസാരവും ഒന്നുതന്നെ എന്ന രാമകൃഷ്ണന്റെയും ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിയുടെയും സമീപനത്തോടാണ് കവി അടുത്തുനില്‍ക്കുന്നതായിക്കാണുന്നത്. സാമൂഹ്യക്ഷേമ തത്പരതയും കാവ്യസൗകുമാര്യവും സമന്വയിക്കാനുള്ള യത്നത്തില്‍ ചങ്ങമ്പുഴ, പി കുഞ്ഞിരാമന്‍നായര്‍, ജി ശങ്കരക്കുറുപ്പ്, പി ഭാസ്കരന്‍, വയലാര്‍ രാമവര്‍മ്മ, ഒഎന്‍വി കുറുപ്പ് തുടങ്ങിയവരുടെ ശൈലീസമ്പ്രദായങ്ങളും കടത്തനാടന്‍ നാടോടി വിധങ്ങളും അറബിമലയാളത്തിന്റെ രുചിയോര്‍മിപ്പിക്കുന്നതരം പ്രയോഗങ്ങളുമെല്ലാം വി ടി കുമാരന്‍ ഉപയോഗിക്കുന്നുണ്ട്.
പല ഭാഷാവിതാനങ്ങള്‍ (registers) അനായാസമായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയുന്നു. "ചുട്ടുപൊട്ടിക്കും ഞാനീ ലങ്കയെ മനുഷ്യാസ്ഥിക്കട്ടയാല്‍ കളിതേച്ച ഭോഗഭിത്തികാസ്തംഭകുംഭകശുംഭല്‍സൗധദംഭത്തെ കണ്ണീര്‍ക്കടല്‍കൊള്ളതന്‍ ത്രികൂടാദ്രി സംഭ്രാന്തസൗഖ്യാന്ധ്യത്തെ" എന്ന മട്ടില്‍ പ്രൗഢശൈലിയെ പൊങ്ങച്ചം തുറന്നുകാട്ടാനുപയോഗിക്കാനും (പുഛത്തിന്റെ തീജ്വാലകള്‍) നേരേ മറുവശത്ത് പൂവാകപോലത്തെ കുഞ്ഞുണ്ണൂലി മാറുവഴിഞ്ഞോരഴകുമായി തോളുമറഞ്ഞ മുടിയുമായി ഉള്ളുനിറഞ്ഞ ചിരിയുമായി എള്ളുനിറമുള്ള കുഞ്ഞുണ്ണൂലി കണ്ടത്തില്‍ "നാട്ടി"ക്കു പാടുന്നേരം തൊണ്ടയില്‍ തേനുള്ള കുഞ്ഞുണ്ണൂലി കൂറുണ്ട്, മാറുണ്ട്, ചന്തമുണ്ട് കേറിപ്പറയുവാന്‍ നാവുമുണ്ട്. എന്ന് തനി കടത്തനാടന്‍ ലാളിത്യം കൊണ്ടുവന്ന് നാടോടിക്കഥ കെട്ടുവാനും (കണ്ണന്‍ എന്ന കവി) "ഫതുറത്തു" കാലത്തിന്റെ കലിവലം നീങ്ങുകയായ് പുതിയൊരു നിലാവല പരന്നു വീശി! മരുഭൂവിന്‍ ഹൃദയത്തില്‍ കുളിര്‍മഴ പെയ്യുമൊരു മുഴുതിങ്കളുദിച്ചതെന്‍ മനസ്സുകണ്ടു" എന്ന് മാപ്പിളപ്പാട്ടിന്റെ മധുരം നിവേദിച്ച് നബിയുടെ വരവറിയിക്കാനും ("ഇളനീരും കാരക്കയും") "വെയ്റ്റേജ്" "റിസല്‍ട്ടിന്‍ക്രിമെന്റ്" "സസ്പെന്‍ഷന്‍, "പെന്‍ഷ"നിങ്ങനെ പലതാണെന്‍ വിചാരങ്ങള്‍ സഞ്ചരിക്കുന്ന വീഥികള്‍" എന്ന് ആംഗല മലയാളത്തില്‍ ഇന്നത്തെ അധ്യാപകനെ പരിഹസിക്കാനും (ഗുരുര്‍ബ്രഹ്മ) വിടിക്ക് ആയാസപ്പെടേണ്ടി വരുന്നില്ല. ഒരു ഭാഷയിലെ കവിതയുടെ കാലാവസ്ഥ നിശ്ചയിക്കുന്നത് ഏതാനും ചില പ്രമുഖരായ കവികള്‍ മാത്രമല്ല, ഒരു കുയില്‍ പാടിയതുകൊണ്ട് വസന്തം വരികയുമില്ല.
കുമാരനാശാനു ശേഷമുള്ള മലയാള കവിതയില്‍ ഇടശ്ശേരി, വൈലോപ്പിള്ളി, പി കുഞ്ഞിരാമന്‍നായര്‍ തുടങ്ങിയ ശ്രേഷ്ഠകവികള്‍ ജീവിതത്തിന്റെയും പ്രകൃതിയുടെയും സങ്കീര്‍ണതകളിലേക്ക് ഊളിയിടുകയും "പൂതപ്പാട്ടും" "കുടിയൊഴിക്കലും" ""കളിയച്ഛ"നും പോലുള്ള അപൂര്‍വരചനകളാല്‍ ഭാഷാകവിതയെ സമൃദ്ധമാക്കുകയും ചെയ്തപ്പോള്‍ തന്നെ ആധുനിക കവിതയ്ക്കു തൊട്ടുമുന്‍പുള്ള ഭാവുകത്വത്തിന്റെ സവിശേഷതകളും വൈവിധ്യവും ഗ്രഹിക്കുന്നതിന് മറ്റൊട്ടേറെക്കവികളെക്കൂടി പഠിച്ചേ തീരൂ. ആ വസന്തകാലത്ത് കേട്ട സ്വപ്നിര്‍ഭരമായ ശബ്ദങ്ങളിലൊന്ന് വി ടി കുമാരന്റേതായിരുന്നു. അതിന്റെ ചില ഈണങ്ങളും നോട്ടങ്ങളും ആഴങ്ങളും ഒന്നു കാണാന്‍ ശ്രമിക്കയേ ഞാന്‍ ചെയ്തുള്ളൂ; അദ്ദേഹത്തിന്റെ വീട്ടുകാരും നാട്ടുകാരും ആരാധകരും അദ്ദേഹത്തിന്റെ പേരിലൊരു സ്ഥാപനത്തിനു തുടക്കം കുറിക്കുമ്പോള്‍ അദ്ദേഹം പ്രതിനിധാനം ചെയ്ത മൂല്യങ്ങള്‍ക്ക് - തത്വശാഠ്യമില്ലാത്ത പുരോഗമന വീക്ഷണം, പാരമ്പര്യത്തിന്റെ വിമര്‍ശനാത്മകമായ സ്വാംശീകരണം, സൗന്ദര്യപരിഗണന കൈവിടാത്ത സാമൂഹ്യ പ്രതിബദ്ധത, ആത്മീയതയെ നിരാകരിക്കാത്ത മതേതരത്വം, യാഥാര്‍ഥ്യബോധമുള്‍ക്കൊള്ളുന്ന ശുഭാപ്തി വിശ്വാസം, സ്നേഹത്തെയും അഹിംസയെയും തള്ളിപ്പറയാത്ത സമൂഹ പുനഃസ്വരൂപീകരണം, പ്രാദേശികസംസ്കൃതിയിലടിയുറച്ച വിശ്വമാനവികത, യാന്ത്രികതയില്‍ നിന്നു മുക്തമായ സമത്വാദര്‍ശം, അനീതിയോട് സന്ധി ചെയ്യാത്ത ധര്‍മബോധം, ജനാധിപത്യോന്മുഖമായ സ്വാതന്ത്ര്യവാഞ്ഛ - അതിന്റെ കേന്ദ്രത്തില്‍തന്നെ സ്ഥാനം നല്കണം എന്ന് ഒന്നു സൂചിപ്പിക്കുകയും ചെയ്യുന്നു.
*
(വി.ടി.കുമാരന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്ത് കവി സച്ചിദാനന്ദന്‍ വടകരയില്‍ നടത്തിയ പ്രസംഗം )
*
സച്ചിദാനന്ദന്‍ ദേശാഭിമാനി വാരിക 08 ജൂലൈ 2012
(വി.ടി.കുമാരന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്ത് കവി സച്ചിദാനന്ദന്‍ വടകരയില്‍ നടത്തിയ പ്രസംഗം )
No comments:
Post a Comment