Friday, July 6, 2012

ഭക്ഷ്യസുരക്ഷ: പോരാട്ടം അനിവാര്യം

ഭക്ഷ്യസുരക്ഷാപ്രശ്നത്തില്‍ ജൂലൈ- ആഗസ്ത് മാസങ്ങളില്‍ രാജ്യവ്യാപകപ്രക്ഷോഭം നടത്താന്‍ ഇടതുപക്ഷ പാര്‍ടികള്‍ സംയുക്തമായി ആഹ്വാനം നല്‍കിയിരിക്കയാണ്. എല്ലാ പൌരന്മാര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന സാര്‍വത്രിക പൊതുവിതരണസംവിധാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ പ്രക്ഷോഭം.

ഭക്ഷ്യവസ്തുക്കളുടെ വില അനുദിനം കുതിച്ചുകയറുകയും ഭക്ഷ്യപണപ്പെരുപ്പം 10 ശതമാനത്തിലേറെയായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍, എല്ലാ ജനവിഭാഗങ്ങള്‍ക്കും ഭക്ഷണത്തിനുള്ള അവകാശം ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവരണമെന്ന ആവശ്യം അങ്ങേയറ്റം അടിയന്തരപ്രാധാന്യമുള്ളതായി മാറുകയാണ്. ലോകത്ത് പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. ഇത്തരമൊരു ആശങ്കാജനകമായ സാഹചര്യത്തില്‍, പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഭക്ഷ്യസുരക്ഷാ ബില്ലുമായി യുപിഎ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ആരെങ്കിലും കരുതിയേക്കാം. പക്ഷേ, സര്‍ക്കാരിന് മറ്റു മുന്‍ഗണനകളാണുള്ളതെന്ന് വ്യക്തമാവുകയാണ്.
വഷളായി വരുന്ന സാമ്പത്തികസ്ഥിതി, നവ ഉദാരവല്‍ക്കരണ നടപടികള്‍ കൂടുതല്‍ തീവ്രമായി നടപ്പാക്കണമെന്ന മുറവിളിയിലേക്ക് നയിക്കുന്നു. നവ ഉദാര പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുന്നതില്‍ രണ്ടാം യുപിഎ സര്‍ക്കാരിനുണ്ടായ പരാജയമാണ് സാമ്പത്തികമാന്ദ്യത്തിന് കാരണമായതെന്ന് വ്യാഖ്യാനിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയെ ഏറ്റവും അനുയോജ്യ അവസരമായി കണ്ട് സാമ്പത്തിക ഉപദേഷ്ടാക്കളും കോര്‍പറേറ്റ് മാധ്യമങ്ങളും മന്‍മോഹന്‍സിങ് സര്‍ക്കാരിനെ, ഈ പ്രതിസന്ധിക്ക് കാരണമായ നടപടികള്‍തന്നെ പ്രഥമപരിഗണനയോടെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയാണ്. അവര്‍ ഇത്തരം ആവശ്യങ്ങള്‍ ആവര്‍ത്തിച്ച്, ശക്തമായി ഉന്നയിക്കുന്നു: ഡീസലിന്റെ വിലനിയന്ത്രണം നീക്കുക, മള്‍ട്ടിബ്രാന്‍ഡ് ചില്ലറവ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുക, നികുതി ഒഴിവാക്കല്‍ നിയമങ്ങള്‍ കൊണ്ടുവന്ന് വിദേശനിക്ഷേപകരെയും ഊഹക്കച്ചവടക്കാരെയും പ്രോത്സാഹിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തീവ്രമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍.

ഇത്തരം ആവശ്യങ്ങള്‍ക്ക് യുപിഎ സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുകയാണെന്ന് അടുത്ത ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ ഒഴിഞ്ഞ ധനമന്ത്രാലയത്തിന്റെ ചുമതല പ്രധാനമന്ത്രി ഏറ്റെടുത്തു. ചുമതല ഏറ്റെടുത്ത ഉടന്‍ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി പ്രധാനമന്ത്രി പറഞ്ഞു: നിരാശയുടെ കാലാവസ്ഥ നമുക്ക് വിപരീതദിശയിലാക്കണം. രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസം (ആനിമല്‍ സ്പിരിറ്റ്സ്) തിരിച്ചുകൊണ്ടുവരണം; നികുതി മുന്നണിയില്‍ പ്രശ്നങ്ങളുണ്ട്, അവ പരിഹരിക്കപ്പെടണം. സ്വതന്ത്രകമ്പോള പരിഷ്കാരങ്ങള്‍ക്ക് ഗതിവേഗം കൂട്ടണമെന്ന് പറയാന്‍ ആഗ്രഹിക്കുമ്പോഴൊക്കെ പ്രധാനമന്ത്രി ഉപയോഗിക്കുന്ന പ്രയോഗമാണ് 'ആനിമല്‍ സ്പിരിറ്റ്സ്' എന്നത്.

ധനമന്ത്രാലയത്തിലേക്ക് പ്രധാനമന്ത്രിയുടെ വരവ് രണ്ട് അടിയന്തരനടപടികളിലേക്ക് വഴിതെളിച്ചു. കഴിഞ്ഞ ബജറ്റ് കാലയളവില്‍ ധനബില്ലില്‍ വരുത്തിയ മുന്‍കൂര്‍നികുതി ഭേദഗതിയുടെ പുനഃപരിശോധനയാണ് ഇതില്‍ ഒരെണ്ണം. ഈ ഭേദഗതിവഴി,—മൂലധന ആദായനികുതി ഇനത്തില്‍ വോഡഫോണ്‍ കമ്പനി 13,000 കോടി രൂപ അടയ്ക്കണമെന്ന ഉത്തരവ് വീണ്ടും പുറപ്പെടുവിക്കാന്‍ കഴിഞ്ഞു. എന്നാല്‍, വിദേശനിക്ഷേപകരെയും വിദേശ നിക്ഷേപസ്ഥാപനങ്ങളില്‍നിന്നുള്ള മൂലധനവരവിനെയും തടസ്സപ്പെടുത്തുന്ന പ്രധാനകാരണങ്ങളില്‍ ഒന്നായി ഈ ഭേദഗതി വ്യാഖ്യാനിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയുടെ അധ്യക്ഷന്‍ സി രംഗരാജനും ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയയും ഭേദഗതിയെ അപലപിച്ചു. ഭേദഗതി പാര്‍ലമെന്റ് പാസാക്കിയെങ്കിലും അങ്ങേയറ്റം വിരളമായ അവസരങ്ങളില്‍മാത്രമേ ഇത് ഉപയോഗിക്കാവൂ എന്ന് അലുവാലിയ പ്രഖ്യാപിച്ചു.
ജനറല്‍ ആന്റി- അവോയ്ഡന്‍സ് റൂള്‍സ് (ഗാര്‍) പുനഃപരിശോധിച്ചതാണ് രണ്ടാമത്തെ നടപടി. ഇന്ത്യയിലേക്ക് വരുന്ന നിക്ഷേപങ്ങളിന്മേലുള്ള നികുതി ഒഴിവാക്കാന്‍ നികുതിവെട്ടിപ്പ് താവളങ്ങള്‍ ഉപയോഗിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ചട്ടങ്ങള്‍ കൊണ്ടുവന്നത്. മൌറീഷ്യസ് പാത ഉപയോഗിച്ച് നികുതിവെട്ടിപ്പ് നടത്തുന്നവരെ നിയന്ത്രിക്കുന്നതിന് ഗാര്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ധനമേഖലയിലെ ലോബികളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് ഗാര്‍ നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഗാര്‍ അപ്പാടെ അട്ടിമറിക്കാനാണ് ശ്രമം. ധനമൂലധനത്തിന്റെയും ഊഹക്കച്ചവടക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനാണ് പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെയും ശ്രമം. നിക്ഷേപകരുടെ വികാരം, ഉപഭോക്താക്കളുടെ വിശ്വാസം വീണ്ടെടുക്കല്‍ തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് രൂപംനല്‍കുന്നത് ഇത്തരക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടിയാണ്. മറുവശത്ത് ധനകമ്മി നിയന്ത്രണം, പെരുകുന്ന ചെലവ് എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ അര്‍ഥമാക്കുന്നത് ജനങ്ങള്‍ക്കുമേല്‍ ചെലവുചുരുക്കല്‍ നടപടികള്‍ അടിച്ചേല്‍പ്പിക്കുമെന്നാണ്.

സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ ഇത്തരമൊരു കാഴ്ചപ്പാട് സ്വീകരിക്കുമ്പോള്‍, ഭക്ഷ്യസുരക്ഷാനിയമംപോലുള്ള നടപടികള്‍ കേവലം ജനപ്രിയവും പാഴ്ച്ചെലവുമായി അവര്‍ കരുതുന്നു. ഭക്ഷ്യസുരക്ഷാനിയമം പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ പാസാക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഇപ്രകാരം സംഭവിക്കുമെന്നതിന്റെ സൂചനകളില്ല. നിയമം പരിശോധിക്കുന്ന പാര്‍ലമെന്റിന്റെ സ്ഥിരംസമിതി ഇതുവരെ ആ ജോലി പൂര്‍ത്തീകരിച്ചിട്ടില്ല. കരടുബില്ലില്‍ ജനങ്ങളെ മുന്‍ഗണനാവിഭാഗമെന്നും (ബിപിഎല്‍) പൊതുവിഭാഗമെന്നും (എപിഎല്‍) വേര്‍തിരിച്ചിട്ടുണ്ട്. ഇതോടെ ഗ്രാമീണമേഖലയില്‍ 54 ശതമാനം കുടുംബങ്ങളും നഗരപ്രദേശങ്ങളിലെ 72 ശതമാനം കുടുംബങ്ങളും ആദ്യംതന്നെ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയില്‍നിന്ന് പുറത്താകും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് കിലോഗ്രാമിന് മൂന്നു രൂപ നിരക്കില്‍ അരി നല്‍കാനാണ് വ്യവസ്ഥ, എന്നാല്‍, എട്ട് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ത്തന്നെ ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് കിലോഗ്രാമിന് ഒന്നോ രണ്ടോ രൂപയ്ക്ക് അരി നല്‍കുന്നുണ്ട്.

സാര്‍വത്രിക പൊതുവിതരണസമ്പ്രദായം നടപ്പാക്കാനായി ഭക്ഷ്യസബ്സിഡി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍  രാജ്യത്തെ ജനങ്ങള്‍ പട്ടിണിയും പോഷകാഹാരക്കുറവുംകൊണ്ട് കഷ്ടപ്പെടുന്നു.  അതേസമയം, വിദേശ ഊഹക്കച്ചവടക്കാരുടെയും ധനമൂലധനത്തിന്റെയും ലാഭത്തിന് നികുതിചുമത്താതെ അവരെ പ്രീണിപ്പിക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാട്ടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷ ആവശ്യപ്പെട്ടുള്ള ഇടതുപക്ഷ പാര്‍ടികളുടെ പ്രക്ഷോഭത്തിന് പ്രാധാന്യമേറുന്നത്. വരുന്ന ദിവസങ്ങളില്‍, താഴെ പറയുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രക്ഷോഭത്തില്‍ ലക്ഷക്കണക്കിനുപേര്‍ അണിനിരക്കും.

 * ബിപിഎല്‍- എപിഎല്‍ വേര്‍തിരിവ് പാടില്ല, സാര്‍വത്രിക   പൊതുവിതരണ സംവിധാനം നടപ്പാക്കുക

* കിലോഗ്രാമിന് രണ്ടു രൂപയില്‍ കവിയാത്ത നിരക്കില്‍ പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യം എല്ലാ കുടുംബങ്ങള്‍ക്കും നല്‍കുക

* ക്ഷേമപദ്ധതികള്‍ക്കുള്ള അടിസ്ഥാനം എന്നനിലയില്‍ ആസൂത്രണ കമീഷന്‍ കൊണ്ടുവന്ന തട്ടിപ്പുകണക്കുകള്‍ തള്ളിക്കളയുക

* കര്‍ഷകര്‍ക്ക് ന്യായമായ വിലയും ലാഭവും ഉറപ്പാക്കാന്‍ സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക

പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിനിടെ ജൂലൈ 30 മുതല്‍ ആഗസ്ത് അഞ്ചുവരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന പഞ്ചദിന ധര്‍ണയോടെയാണ് പ്രക്ഷോഭം സമാപിക്കുക. ജനങ്ങളുടെ ക്ഷേമത്തില്‍ താല്‍പ്പര്യമുള്ളവരും ഭക്ഷണത്തിനുള്ള അവകാശം എല്ലാ പൌരന്മാരുടെയും മൌലികാവകാശമാണെന്ന് കരുതുന്നവരുമായ എല്ലാവരുടെയും പൂര്‍ണപിന്തുണ ഈ പ്രക്ഷോഭത്തിന് ഉറപ്പായും ലഭിക്കണം.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 06 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭക്ഷ്യസുരക്ഷാപ്രശ്നത്തില്‍ ജൂലൈ- ആഗസ്ത് മാസങ്ങളില്‍ രാജ്യവ്യാപകപ്രക്ഷോഭം നടത്താന്‍ ഇടതുപക്ഷ പാര്‍ടികള്‍ സംയുക്തമായി ആഹ്വാനം നല്‍കിയിരിക്കയാണ്. എല്ലാ പൌരന്മാര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന സാര്‍വത്രിക പൊതുവിതരണസംവിധാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ പ്രക്ഷോഭം.