Monday, July 30, 2012

നല്ല ഭക്ഷണം ജനങ്ങളുടെ അവകാശം

ഭക്ഷ്യ വിഷബാധയും മായംചേര്‍ക്കലും ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സജീവമായി ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍നിന്ന് ഷവര്‍മകഴിച്ച് ഒരു വിദ്യാര്‍ത്ഥി മരിക്കുകയും ഏതാനുംപേര്‍ക്ക് ഭക്ഷ്യ വിഷബാധ ഏല്‍ക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും റെയ്ഡുകള്‍ നടന്നു. റെയ്ഡിനെക്കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. കേടായതും പഴകിയതുമായ ഭക്ഷണങ്ങളാണ് തീന്‍മേശയില്‍ വിളമ്പാന്‍ പാകത്തില്‍ പലയിടങ്ങളിലും തയ്യാറാക്കിവെച്ചിരുന്നത്. മണവും രുചിയും നിറവും നല്‍കുന്ന മാരകവിഷമുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് ചൂടാക്കി നല്‍കുന്നതോടെ ഭക്ഷണപദാര്‍ത്ഥങ്ങളുടെ പഴക്കം കഴിക്കുന്നവര്‍ അറിയില്ല. ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകംചെയ്യുന്ന അടുക്കളയും മറ്റും അങ്ങേയറ്റം വൃത്തിഹീനവും മലീമസവുമാണ്. ഹോട്ടല്‍ അടുക്കളകളെക്കുറിച്ച് വന്ന റിപ്പോര്‍ട്ടുകള്‍ അങ്ങേയറ്റം അറപ്പുളവാക്കുന്നതാണ്. കക്കൂസുകളിലെ മലിനജലം അടുക്കളകളിലേക്ക് ഒഴുകുന്നതിന്റെയും എലികളും മറ്റും ചീഞ്ഞുനാറി കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ചാനലുകളില്‍ കണ്ടവര്‍ക്ക് തലചുറ്റല്‍ വരാതിരുന്നാലേ അതിശയമുള്ളു.

പല ഹോട്ടലുകളിലും ഫ്രീസറുകളില്‍ മാസങ്ങളായി ഇരുന്ന ഇറച്ചികളും മീനുകളുമാണ് പാകംചെയ്യുന്നത്. പാകംചെയ്തുകഴിഞ്ഞ് വൃത്തിഹീനമായ പരിസരങ്ങളിലാണ് പലയിടങ്ങളിലും സൂക്ഷിക്കുന്നത്. ഏതൊരു വ്യക്തിക്കും യാത്രചെയ്യുന്ന അവസരങ്ങളില്‍ ഹോട്ടലുകളെ ആശ്രയിച്ചേ മതിയാകു. തൊഴിലിനും പഠിത്തത്തിനും മറ്റുമായി അന്യസ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഹോട്ടലുകള്‍തന്നെയാണ് ശരണം. സാധനങ്ങളുടെ വിലക്കയറ്റത്തിന്റെപേരില്‍ ഹോട്ടല്‍ ഭക്ഷണത്തിന് അടിക്കടി വില കയറിക്കൊണ്ടിരിക്കയാണ്.

ഭക്ഷണത്തിനു വന്‍ വില കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്ന ഉപഭോക്താക്കള്‍ ഭക്ഷണത്തിനൊപ്പം രോഗത്തെയും വിലയ്ക്കു വാങ്ങേണ്ട അവസ്ഥയാണിപ്പോള്‍. രുചിക്കും മണത്തിനും മറ്റുമായി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ മാരക വിഷങ്ങളാണ്. ആന്തരികാവയവങ്ങളായ വൃക്ക, കരള്‍, കുടല്‍, ഹൃദയം, ആമാശയം ഇവയെയെല്ലാം സാരമായി ബാധിക്കുന്ന കെമിക്കലുകളാണ് മായമായി ചേര്‍ക്കുന്നത്. ഭക്ഷണശൈലീ രോഗങ്ങളെക്കുറിച്ച് ആരോഗ്യരംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഭക്ഷണശീലത്തില്‍വന്ന മാറ്റങ്ങളുടെ അപകടമാണ് പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതില്‍ പ്രധാനമാണ് ഫാസ്റ്റ്ഫുഡിനോടും മറ്റുമുള്ള ആഭിമുഖ്യം. പ്രമേഹം, അള്‍സര്‍, ഹൃദ്രോഗം, കിഡ്നി സംബന്ധമായ രോഗങ്ങള്‍ എന്നിവ മലയാളികള്‍ക്കിടയില്‍ വന്‍തോതില്‍ വര്‍ദ്ധിച്ചുവരുന്നതിനെ ഈ പശ്ചാത്തലത്തില്‍വേണം പരിശോധിക്കാന്‍. സ്വതവേ കൊഴുപ്പുകൂടിയ ഇറച്ചികള്‍ക്കൊപ്പം മാരകങ്ങളായ രാസവസ്തുക്കള്‍കൂടി ചേര്‍ത്തുകഴിയുമ്പോഴത്തെ സ്ഥിതി അപകടകരവും പ്രവചനാതീതവുമാണ്.

ആശുപത്രികളില്‍ വര്‍ദ്ധിച്ചുവരുന്ന തിരക്കുകള്‍തന്നെ ഇതിന്റെ പ്രത്യക്ഷ തെളിവുകള്‍. വിലകൊടുത്ത് ഭക്ഷണം കഴിക്കാനിരിക്കുന്ന ഉപഭോക്താവിന് ലഭിക്കുന്ന ഭക്ഷണം മായമില്ലാത്തതും ശുദ്ധവുമാണെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണ്. നികുതികൊടുത്ത് ജനങ്ങള്‍ സര്‍ക്കാരിനെ ചുമക്കുന്നത് അതിനാണ്. എന്നാല്‍ ഈ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ പാടേ പരാജയമാണെന്നാണ് വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങള്‍ തെളിയിക്കുന്നത്. ഫുഡ് സേഫ്റ്റി കമ്മീഷനാണ് ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായമില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം. അത് നിര്‍വഹിക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥരോ പശ്ചാത്തല സൗകര്യങ്ങളോ ഇല്ല. ഉള്ള ഉദ്യോഗസ്ഥരാകട്ടെ ജോലി ചെയ്യുന്നതില്‍ വിമുഖരുമാണ്.

ഒരു ദുരന്തം സംഭവിക്കേണ്ടിവന്നു, അവര്‍ക്ക് കുറച്ചെങ്കിലും ജോലിചെയ്യണമെന്നു തോന്നാന്‍. ഉദ്യോഗസ്ഥരുടെ ഗുണമേന്മാ പരിശോധന താഴെതട്ടിലുള്ള ഹോട്ടലുകളില്‍ മാത്രമായി ഒതുങ്ങുന്നു എന്ന പരാതിയുമുണ്ട്. വന്‍കിട ഹോട്ടലുകളില്‍ റെയ്ഡുനടത്താന്‍ അവര്‍ക്ക് ഭയമാണ്. കാരണം വന്‍കിടക്കാര്‍ക്ക് അധികാരകേന്ദ്രങ്ങളെ സ്വാധീനിക്കാന്‍ എളുപ്പമാണ്. റെയ്ഡുനടത്താന്‍ ചെല്ലുന്ന ഉദ്യോഗസ്ഥരെ അകലത്തേയ്ക്ക് സ്ഥലംമാറ്റിക്കാനും അവര്‍ക്ക് കഴിയും. മറ്റ് ഭീഷണികള്‍ വേറെയും. പരിശോധനയ്ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ മാസപ്പടി പിരിക്കുന്നതായും ആക്ഷേപമുണ്ട്. ഫൈന്‍ അടയ്ക്കേണ്ട വലിയ തുകയുടേയും ക്രിമിനല്‍ കേസിന്റെയും പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന ഉദ്യോഗസ്ഥര്‍ കുറവല്ല. പറയുന്ന പണം കൊടുക്കാത്തവരെ മാത്രമെ പരിശോധിക്കുകയുള്ളു എന്നും ചെറുകിട ഹോട്ടലുടമകള്‍ പറയുന്നു. അതെന്തായാലും പഴകിയ ഭക്ഷണങ്ങള്‍ നല്‍കുന്നതിനും മാരകമായ രാസവസ്തുക്കള്‍ അവയില്‍ കലര്‍ത്തി നല്‍കുന്നതിനുമുള്ള ലൈസന്‍സ് ഹോട്ടലുകള്‍ക്ക് ലഭിച്ചിട്ടുള്ളത്.

ഉപഭോക്താക്കള്‍ക്ക് നല്ല ഭക്ഷണം വൃത്തിയായി നല്‍കാനുള്ള ബാധ്യത ഹോട്ടലുടമകള്‍ക്കുണ്ട്. അതോടൊപ്പം തങ്ങളുടേതല്ലാത്ത കാരണംകൊണ്ട് ഹോട്ടലുടമകള്‍ പീഡിപ്പിക്കപ്പെടുകയുമരുത്. പരിശോധന നടത്തുന്നു എന്ന കാരണത്താല്‍ ഹോട്ടലുകളും റസ്റ്റോറന്റുകളും സമരത്തിലേക്കും മറ്റും നീങ്ങുന്നത് ആശാസ്യമല്ല. അത് സംഘടിത ശക്തിയെ ദുരുപയോഗം ചെയ്യുകയാണ്. പൊതുജന താല്‍പര്യത്തിന് വിരുദ്ധമായതുകൊണ്ട് ജനദ്രോഹവുമാണ്. ഹോട്ടല്‍ ഭക്ഷണത്തിന്റെ കാര്യം ഇതാണെങ്കില്‍ നമുക്ക് വിപണികളില്‍ കിട്ടുന്ന പച്ചക്കറികള്‍, പഴങ്ങള്‍, കറിപ്പൊടികള്‍, അച്ചാറുകള്‍ ഇവയുടെയൊക്ക അവസ്ഥ ഇതിലും മോശമാണ്. അന്യസംസ്ഥാനങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യപ്പെടുന്ന പച്ചക്കറികളാണ് ഇവിടെ എത്തുന്നത്. ഫ്യൂറിഡാന്‍, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ മാരകമായ കീടനാശിനികള്‍ അടിച്ചാണ് അവയില്‍ ഭൂരിപക്ഷവും വരുന്നത്. വേഗം ചീഞ്ഞുപോവാതിരിക്കാന്‍ പഴങ്ങളിലും ചിലയിനം പച്ചക്കറികളിലും മാരകമായ വിഷാംശങ്ങള്‍ ചേര്‍ന്ന കെമിക്കലുകള്‍ ചേര്‍ക്കുന്നു.

മാങ്ങയും മറ്റും വേഗത്തില്‍ പഴുക്കുന്നതിനുപയോഗിക്കുന്നതും മാരക വിഷവസ്തുക്കളാണ്. വിദേശരാജ്യങ്ങളില്‍നിന്ന് വരുന്ന ഭക്ഷ്യവസ്തുക്കളും കേടുകൂടാതെ ഇരിക്കാന്‍ മാരകമായ കീടനാശിനികള്‍തന്നെയാണ് പ്രയോഗിക്കുന്നത്. മുളകുപൊടി, മല്ലിപ്പൊടി, ചിക്കന്‍മസാല, മട്ടന്‍മസാല ഇവയൊക്കെ പായ്ക്കറ്റുകളില്‍ കിട്ടുന്നത് വളരെ സൗകര്യപ്രദമാണെന്നാണ് പരക്കെയുള്ള ധാരണ. അത് ശരിയുമാണ്. എന്നാല്‍ ഈ പൊടികളില്‍ പലതിലും വിഷവസ്തുക്കള്‍ ചേര്‍ന്ന മായമാണ് കലര്‍ന്നിട്ടുള്ളത് എന്നതാണ് വാസ്തവം. ഇവയൊക്കെ പരിശോധിക്കാന്‍ സംവിധാനവും നിയമവുമുണ്ട്. എന്നാല്‍ അതൊന്നും കാര്യക്ഷമമല്ല എന്നതാണ് അനുഭവം. വിലകൊടുത്ത് നമ്മള്‍ കഴിക്കുന്നതും മക്കള്‍ക്ക് നല്‍കുന്നതും വിഷവസ്തുക്കളാണെന്ന അവബോധം ജനങ്ങള്‍ക്കുണ്ടാകുക എന്നതാണ് ഏറ്റവും പ്രധാനം.

മുറ്റത്തും തൊടികളിലും പച്ചക്കറി പരമാവധി കൃഷിചെയ്യുക. മുറ്റമില്ലാത്തവര്‍ക്ക് ടെറസ്സില്‍ വിജയകരമായി കൃഷിചെയ്യാം എന്നത് തെളിയിക്കപ്പെട്ടതാണ്. വെണ്ട, ചീര, പയര്‍, പച്ചമുളക്, മഞ്ഞള്‍, ഇഞ്ചി, കറിവേപ്പില, മുരിങ്ങ, ചിലിമ്പിപ്പുളി, കടച്ചക്ക, ഏത്തവാഴ ഇതൊക്കെ നമ്മുടെ നാട്ടില്‍ നന്നായി കൃഷിചെയ്യാന്‍ പറ്റുന്നതാണ്. ചെയ്യുന്നവര്‍ക്ക് ശാരീരിക വ്യായാമവും മാനസികമായ ഉല്ലാസവും ലഭിക്കുന്നതാണുതാനും. അതിനുള്ള ഇച്ഛാശക്തി വേണമെന്നു മാത്രം. തലമുറകളെത്തന്നെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സംസ്ഥാനം നേരിടുന്നത്. അതര്‍ഹിക്കുന്ന ഗൗരവത്തിലുള്ള നടപടികളാണ് ആവശ്യം. കണ്ണില്‍ പൊടിയിടാനുള്ള അഭ്യാസപ്രകടനമായി മാത്രം റെയ്ഡുകള്‍ മാറിയാല്‍ പോര. അത് നിരന്തര പ്രക്രിയ ആകുകതന്നെ വേണം. ഒപ്പം ലൈസന്‍സ് സമ്പദായം ശക്തവും നിര്‍ബന്ധവുമാക്കണം. വൃത്തിഹീനമായതും പഴകിയതുമായ ഭക്ഷണങ്ങള്‍ക്കെതിരെ നിരന്തരം അവധാനത പുലര്‍ത്താനും വേണ്ടസമയത്ത് പ്രതികരിക്കാനും ജനങ്ങള്‍ തയ്യാറാവുകയും വേണം.

*
ഗിരീഷ് ചേനപ്പാടി ചിന്ത 04 ആഗസ്റ്റ് 2012

No comments: