Friday, July 13, 2012

ആര്‍ എസ് എസ്സും സാംസ്കാരിക വര്‍ഗീയതയും

രാം പുനിയാനിയുമായി രൂപേഷ് ഭരതന്‍ നടത്തിയ അഭിമുഖം

ചോ: മനുസ്മൃതി പഠിക്കുകയും പിന്നീടത് ചുട്ടെരിക്കുകയും ഇത് സ്ത്രീകളുടെയും ദളിതരുടെയും സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്ന് പറയുകയും ചെയ്തു ഡോ. ബി ആര്‍ അംബേദ്കര്‍. അങ്ങനെയുള്ള അംബേദ്കര്‍ക്ക് ഇന്ത്യന്‍ ഭരണഘടനാരൂപീകരണ സമിതിയുടെ നേതൃപദവിയിലിരിക്കാന്‍ ദേശീയ പ്രസ്ഥാനകാലത്ത് സാധിക്കുമായിരുന്നു. ഇന്നായിരുന്നുവെങ്കില്‍ അംബേദ്കര്‍ക്ക് ഇതിന് കഴിയുമായിരുന്നോ?

ഉ: സ്വാതന്ത്ര്യാനന്തരം, വിശേഷിച്ചും കഴിഞ്ഞ മൂന്നുദശകങ്ങളായി നമ്മുടെ രാഷ്ട്രീയമണ്ഡലത്തില്‍ ഒരു തിരിച്ചുപോക്ക് നടന്നിട്ടുണ്ട്. ദേശീയ പ്രസ്ഥാന കാലത്ത് നമുക്കെന്തെല്ലാം നേടാന്‍ സാധിച്ചുവോ അതിന്റെ നേര്‍വിപരീതമാണ് സംഭവിച്ചത്.നേടിയെടുത്തവ നിലനിര്‍ത്താനായില്ലെന്നു മാത്രമല്ല, അതിന്റെ വിപരീത ദിശയിലേക്കുള്ള സഞ്ചാരം ശക്തമാവുകയും ചെയ്തു. ഇക്കാലയളവിലാണ് വലിയ തോതില്‍ ഹൈന്ദവാചാരങ്ങളും ഹിന്ദുത്വാശയങ്ങളും ഹിന്ദുസംഘടനകളും സമൂഹത്തിലും രാഷ്ട്രീയത്തിലും ആധിപത്യം നേടുന്നത്. ഇന്ന് ഒരു പക്ഷെ ഇത്തരം ആശയങ്ങള്‍ക്കും രാഷ്ട്രീയത്തിനും ചെറിയൊരു മേല്‍ക്കൈ തന്നെ ഉള്ളതിനാല്‍ അംബേദ്കറുടെ ചരിത്രം ആവര്‍ത്തിക്കുമോയെന്നത് പറയാനാവില്ല. കാരണം ഹിന്ദുത്വ എന്നത് ന്യൂനപക്ഷങ്ങളെ വേര്‍തിരിച്ചുനിര്‍ത്തുന്ന കേവലമായ രാഷ്ട്രീയം മാത്രമല്ല. അത് അടിസ്ഥാനപരമായും ആഴത്തിലും ഇവിടത്തെ സ്ത്രീകളുടെ, തൊഴിലാളികളുടെ, ദളിതരുടെ, ആദിവാസികളുടെ, മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്ന രാഷ്ട്രീയം കൂടിയാണ്. അതുകൊണ്ടുതന്നെ അംബേദ്കറെപ്പോലൊരാള്‍ക്ക് ഇത്തരമൊരു പദവി ഇന്ന് കൈവരുമെന്ന് കരുതാന്‍ പ്രയാസമാണ്. ഇന്ന് ദളിതര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും അംഗീകരിക്കുകയും ആദരിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. എങ്കിലും അവയെല്ലാം കേവലം പ്രകടനപരമായ അഭ്യാസങ്ങള്‍ മാത്രമാണ്. പിന്നെ അംബേദ്കറുടെ വ്യക്തിപരമായ ശേഷിയും പരമപ്രധാനമാണ്. വ്യക്തിപരമായി അത്രത്തോളം ശേഷിയുള്ളവര്‍ അതുപോലെ പിന്നീട് വേണ്ടത്ര ഉണ്ടായിട്ടില്ല. അംബേദ്കര്‍ക്ക് വ്യക്തിപരമായ താല്‍പര്യങ്ങളോ, ആഗ്രഹങ്ങളോ ഉണ്ടായിരുന്നില്ല. ദളിതരുടെ സാമൂഹ്യനീതി, സാമൂഹ്യതുല്യത, രാജ്യത്തിന്റെ ജനാധിപത്യമൂല്യം എന്നിവയോട് അദ്ദേഹത്തിന് അങ്ങേയറ്റത്തെ പ്രതിബദ്ധതയുണ്ടായിരുന്നു. ഈ നിലയില്‍ സവിശേഷമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തുടര്‍ന്ന് അത്തരത്തിലുള്ള ആളുകള്‍ വിരളമായിരുന്നു. കാശിറാം സമാനമായൊരു പ്രസ്ഥാനത്തെ നയിച്ചയാളാണ്. കെ ആര്‍ നാരായണന്‍ ഇതേപോലെ ആദരിക്കപ്പെട്ട മറ്റൊരു വ്യക്തിത്വമാണ്. എന്നാല്‍ ഹിന്ദുത്വവാദികളുടെ, പ്രതിലോമകരമായ ഈ സാഹചര്യത്തില്‍ അംബേദ്കറെപ്പോലൊരു വ്യക്തിത്വം അദ്ദേഹത്തിന്റെ സമുദായത്തില്‍ നിന്നുയര്‍ന്നുവരുമെന്നു കരുതുക പ്രയാസം.

ചോ: നാം ഇങ്ങനെ പറയുകയും വിലയിരുത്തുകയും ചെയ്യുമ്പോള്‍ തന്നെ ഇന്ത്യയിലെ ഗോത്രവര്‍ഗങ്ങളെ, ദളിതരെ, ആദിവാസികളെ ബ്രാഹ്മണികമായ പ്രക്രിയക്ക് വിധേയമാക്കുകയും ഹിന്ദുപരിവാരസംഘടനകളാക്കി കൂടെ നിര്‍ത്തുകയും ചെയ്യുന്നുണ്ട്, ആര്‍എസ്എസ്. ഇതിനെ എങ്ങനെയാണ് വിശദീകരിക്കാന്‍ കഴിയുക?

ഉ: സംവരണംകൊണ്ടും മറ്റും ആദിവാസികളില്‍ ഒരു വിഭാഗത്തിന് സമൂഹത്തിന്റെ മുകള്‍ത്തട്ടിലേക്ക് മാറാനുള്ള ത്വരയുണ്ടാകുന്നു. ഇതിനെ നമുക്ക് സംസ്കൃതവല്‍ക്കരണമെന്നു വിളിക്കാം. ഒരു വിഭാഗം ആദിവാസികള്‍ മുകള്‍ത്തട്ടിലേക്ക് നോക്കുകയും സാമൂഹ്യപുരോഗതിയില്‍ അവരെ മാതൃകയാക്കുകയും ചെയ്യുന്നു. ഈ രീതിയില്‍ അവര്‍ സാംസ്കാരികമായി മാറുന്നതിനെയാണ് നാം സംസ്കൃതവല്‍ക്കരണമെന്നു പറഞ്ഞത്. മറ്റൊന്ന്, വളരെ അനുകൂലമെന്ന് തോന്നിപ്പിച്ചുകൊണ്ട് അക്രാമകമായ മട്ടില്‍ ഒരു വിഭാഗം ദളിതരെയും ആദിവാസികളെയും ഹിന്ദുത്വത്തിന്റെ അനുഭാവികളാക്കി മാറ്റുക എന്നതാണ്. ഇത് സാധിച്ചത് സാംസ്കാരിക സംവിധാനത്തിലൂടെയും അതിന്റെ പ്രക്രിയകളിലൂടെയുമാണ്. ഇതിനുവേണ്ടി മാത്രമുള്ള നിരവധി സംവിധാനങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയുമാണ് ഇത് സാധിച്ചത്. ആദിവാസികള്‍ക്കിടയില്‍ അവര്‍ വനവാസി കല്യാണാശ്രമം ആരംഭിച്ചു. അവിടെ ഘര്‍വാപ്സി പോലുള്ള ചടങ്ങുകള്‍ ഏര്‍പ്പാടാക്കി. ആദിവാസികളെ ഹിന്ദുക്കളാക്കി മാറ്റുന്ന ചടങ്ങാണ് ഘര്‍വാപ്സി. ആദിവാസികള്‍ക്ക് അവരുടെ സംസ്കാരമുണ്ട്. അവരുടേതുമാത്രമായ സ്വത്വമുണ്ട്. ഇവര്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി മാത്രമായി ആദിവാസികള്‍ ഹിന്ദുക്കളാണെന്ന് സ്ഥാപിച്ചെടുത്തു. ഒരു സംസ്കാരമെന്ന നിലയില്‍നിന്ന് ആദിവാസികളെ തുടച്ചുമാറ്റി. മറ്റൊരുതരം സാംസ്കാരിക പ്രക്രിയയിലൂടെയും ഹിന്ദുത്വവാദികള്‍ സംസ്കൃതവല്‍ക്കരണം നടപ്പിലാക്കുന്നുണ്ട്. ഹനുമാനെ ആദിവാസി ദേവതയായി അവതരിപ്പിക്കുക. ഇത്തരം ദേവതകളിലൂടെയും അനുബന്ധ സംസ്കാരത്തിലൂടെയും ദളിതരെയും ആദിവാസികളെയും ഹിന്ദുത്വ ശക്തിയുടെ ഭാഗമാക്കുക.

ഒരു പക്ഷെ നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാകും ചില ആദിവാസി മേഖലകളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഇതേ മിഷണറിമാര്‍ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റുപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവിടെയൊന്നും ഇവര്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടിട്ടില്ല. എന്തുകൊണ്ട് ആദിവാസി മേഖലകളില്‍മാത്രം ആക്രമിക്കപ്പെടുന്നു? നിയമത്തിനകത്തു നിന്നുകൊണ്ട് ശരിയായതും ശരിയല്ലാത്തതുമായ കാര്യങ്ങള്‍ മിഷണറിമാര്‍ ചെയ്യുന്നുണ്ടാകാം. എന്നാല്‍ അവര്‍ ആദിവാസികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നു. വിദ്യാഭ്യാസം പകര്‍ന്നുകൊടുക്കുക എന്നത് ഒരുതരത്തിലുള്ള ശാക്തീകരണമാണ്. ജന്മിമാരും മേല്‍ജാതിക്കാരും കൈവശം വച്ചനുഭവിക്കുന്ന അധികാരത്തിനെതിരായ ശാക്തീകരണം കൂടിയാണത്, ഈ വഴിയില്‍ മിഷണിമാര്‍ തുടരുന്നതവര്‍ക്കിഷ്ടമല്ല. ഹനുമാന്‍ രാമന് എപ്രകാരമായിരുന്നോ അതുപോലെ ആദിവാസികള്‍ തങ്ങള്‍ക്ക് വിശ്വസ്തദാസന്മാരായിരിക്കണമെന്ന് ജന്മിമാരും മേല്‍ജാതിക്കാരും അടിസ്ഥാനപരമായി ആഗ്രഹിക്കുന്നു. ആദിവാസികള്‍ ശബരിയുടെ മാതൃക പിന്തുടരണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു. തങ്ങളുടെ ദാരിദ്ര്യത്തില്‍ സംതൃപ്തരായിരിക്കാനും ദൈവം ഉടന്‍ വരുമെന്ന് വിശ്വസിക്കാനും അതുവരെ കിട്ടുന്ന നേര്‍ച്ചകളെക്കൊണ്ട് സന്തുഷ്ടരായിരിക്കാനും ഈ മാതൃകയിലൂടെ ആദിവാസികള്‍ ശീലിക്കണമെന്ന് അവരാഗ്രഹിക്കുന്നു. ഇത്തരത്തിലുള്ള സാംസ്കാരികമായ കൂടിച്ചേര്‍ക്കല്‍ പ്രക്രിയ ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇതിനായി നിരവധി പ്രചാരണങ്ങളും പൊതുയോഗങ്ങളും ശബരികുണ്ഡ് പോലുളള പരിപാടികളും ഹിന്ദുത്വവാദികള്‍ സംഘടിപ്പിക്കുന്നുണ്ട്.
 
ചോ: ഇതുമായി ബന്ധപ്പെട്ടും അല്ലാതെയും സംഘപരിവാര കുടുംബത്തില്‍ ഏതെങ്കിലും തരത്തിലുള്ള വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നതായി കരുതുന്നുണ്ടോ?


ഉ: ഇല്ല. അങ്ങനെ ഏതെങ്കിലും ഉള്ളതായി കരുതുന്നില്ല. കാരണം സംഘപരിവാര ശക്തികള്‍ ഏറെ കെട്ടുറപ്പോടെയും ലക്ഷ്യബോധത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ ആദിവാസികളെയും ദളിതുകളെയും ബിജെപിയുടെ സമ്മതിദാനപട്ടികയിലേക്ക് ചേര്‍ത്തുവയ്ക്കേണ്ടതവരുടെ ആവശ്യമാണ്. വളരെ നന്നായി രൂപകല്‍പന ചെയ്യപ്പെട്ട, മികച്ച ഏകോപനമുള്ള സംവിധാനമാണ് സംഘപരിവാരത്തിന്റേത്. വനവാസി കല്യാണാശ്രമം, ഭജ്രംഗ്ദള്‍, വിശ്വഹിന്ദുപരിഷത്, ബിജെപി തുടങ്ങിയ സംഘടനകള്‍ ചിലപ്പോള്‍ പരസ്പരം അഭിപ്രായഭിന്നതകളുള്ള മട്ടില്‍ പുറമെ പെരുമാറാം. എന്നാല്‍ അത് ലോകത്തെ തോന്നിപ്പിക്കാന്‍ വേണ്ടിമാത്രമാണ്. ആര്‍എസ്എസ് വളരെ ആഴത്തില്‍ ഈ സംഘടനകളെ അതിനകത്തുനിന്ന് ഏകോപിപ്പിക്കുന്നുണ്ട്. ഇവരുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രമാണ്. ഇത്തരം അഭിപ്രായഭിന്നതകള്‍ ഒരിക്കലും അവരുടെ ലക്ഷ്യത്തിന് തിരിച്ചടിയാവില്ല. ഇവരെല്ലാം ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നവരാണ്. അധികാരം കൈവരുമ്പോഴാണ് തര്‍ക്കങ്ങളുണ്ടാകുന്നത്. അതും പ്രത്യക്ഷത്തില്‍ വരുന്നത് ബിജെപിയില്‍ മാത്രമാണ്. അതാകട്ടെ ആര് പ്രസിഡന്റാകണം, ആര് പ്രധാനമന്ത്രിയാകണം തുടങ്ങിയ വിഷയങ്ങളിലാണ്. അതാകട്ടെ ആര്‍എസ്എസ് ഇടപെടലോടുകൂടി പരിഹരിക്കപ്പെടുന്നതുമാണ്.

ചോ: ഹിന്ദുത്വ ഇടപെടലുകളുടെ ഫലമായി ആദിവാസികള്‍ക്ക് അവരുടെ സംസ്കാരവും സ്വത്വവും നഷ്ടപ്പെടുന്നുവെന്നത് വസ്തുതയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ആദിവാസികള്‍ക്കിടയില്‍ ഇത് വേണ്ടത്ര തിരിച്ചറിയപ്പെടുകയോ ചെറുത്തുനില്‍പുകള്‍ ഉണ്ടാവുകയോ ചെയ്യാതെ പോകുന്നത്?


ഉ: അവര്‍ ഒരുതരം ആശയകുഴപ്പത്തിലാണെന്നു ഞാന്‍ കരുതുന്നു. വിദ്യാഭ്യാസം ലഭിക്കുന്നതോടെ, നഗരങ്ങളുമായും പുതിയ തൊഴില്‍മേഖലകളുമായും ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നതോടെ ആദിവാസി സംസ്കാരം അവര്‍ക്ക് ആവശ്യമില്ലാത്ത ഒന്നായിത്തീരുന്നു. അപ്പോള്‍ ആരാണവരുടെ സംസ്കാരത്തെ പരിരക്ഷിക്കുക? ആര്‍എസ്എസിന്റെ സാംസ്കാരികമായ സ്വീകരണം, ആധുനിക വിദ്യാഭ്യാസവും ആധുനിക സമൂഹവുമായുള്ള ആദിവാസികളുടെ സമ്പര്‍ക്കം. - ഇതുരണ്ടും രണ്ടാണ്. ആധുനിക സമൂഹവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അതും മറ്റൊരുവിധത്തില്‍ അവരുടെ സംസ്കാരത്തിന് ഭീഷണിയായി വരുന്നുണ്ട്. ആര്‍എസ്എസ്സിന്റെ സാംസ്കാരികസ്വീകരണവും അവരുടെ സംസ്കാരത്തിന് ഭീഷണിയാണ്. എന്നാല്‍ ആധുനികസമൂഹവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അവര്‍ക്കു കിട്ടുന്ന ആനുകൂല്യങ്ങള്‍, മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍, വിദ്യാഭ്യാസം ഇവ സംബന്ധിച്ചൊന്നും തര്‍ക്കങ്ങളില്ല. ഇതെല്ലാം അവര്‍ ആഗ്രഹിക്കുന്നു. വ്യവസായവല്‍കൃതസമൂഹത്തിന്റെ സമ്പര്‍ക്കമുഖത്ത് അവര്‍ക്ക് എത്രമാത്രം അവരുടെ സംസ്കാരത്തെ സംരക്ഷിക്കാനാവുമെന്നത് ഒരു ചോദ്യമാണ്. തീര്‍ച്ചയായും ആദിവാസി സംസ്കാരത്തെയും സ്വത്വത്തെയും സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒട്ടേറെ ഗ്രൂപ്പുകള്‍ അവര്‍ക്കിടയില്‍ ഉണ്ടെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. നമുക്ക് കാണാന്‍ കഴിയും. ആദിവാസികള്‍ക്കിടയില്‍ത്തന്നെ നിരവധി സാംസ്കാരികധാരകളുണ്ട്. അവരില്‍ പലര്‍ക്കും തങ്ങളുടെ സംസ്കാരത്തെ സംരക്ഷിക്കണമെന്നുണ്ട്. ഇത്തരത്തിലുള്ള എല്ലാ പ്രക്രിയകളും അവര്‍ക്കിടയില്‍ നടക്കുന്നുണ്ട്. ഒന്നും ഏകസ്വരമായ പ്രക്രിയയല്ല. വ്യത്യസ്തമാനങ്ങളുള്ള ഒന്നിലധികം പ്രക്രിയകള്‍ ആ സംസ്കാരത്തിനകത്ത് നടക്കുന്നുവെന്നത് വാസ്തവമാണ്. അപ്പോഴും ആദിവാസി സംസ്കാരത്തെ നിലനിര്‍ത്താനുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ട്.

ചോ: ആദിവാസികള്‍ ജീവിക്കുന്നത് പൊതുവെ സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളിലാണ്. ജീവിതസൗകര്യങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും മികച്ച സാങ്കേതികവിദ്യാലഭ്യതയുടെയുമൊക്കെ കാര്യത്തില്‍ അവര്‍ പിന്നോക്കമാണ്. എന്നാല്‍ നഗരങ്ങളില്‍ അധിവസിക്കുന്നവര്‍ വിശേഷിച്ചും മധ്യവര്‍ഗവിഭാഗങ്ങളില്‍ പെടുന്നവര്‍ ഇത്തരത്തിലുള്ള എല്ലാ സൗകര്യങ്ങളുമുള്ള, വളരെ മുന്നോക്കം നില്‍ക്കുന്ന ആളുകളാണ്. ഏറ്റവുമധികം വര്‍ഗീയചേരിതിരിവുകളും വര്‍ഗീയകലാപങ്ങളുമുണ്ടാകുന്നത് ഇവര്‍ക്കിടയിലാണെന്നത് ഒരു വിരോധാഭാസമല്ലേ?

ഉ: ഇക്കാര്യത്തില്‍ ഒന്നാമതായി നമ്മുടെ നിലപാടുകള്‍ വസ്തുതാപരമായി ശരിയാകേണ്ടതുണ്ട്. വര്‍ഗീയകലാപങ്ങളും ചേരിതിരിവുകളും ആദിവാസിമേഖലയിലുണ്ടാകുന്നുണ്ട്. ഗുജറാത്ത് മുതല്‍ ഒഡിഷ വരെ ഒട്ടേറെ കലാപങ്ങളുണ്ടായിട്ടുണ്ട്. ക്രിസ്തീയവിരുദ്ധകലാപം, ആദിവാസി വിരുദ്ധകലാപം, പാസ്റ്റര്‍ ഗ്രഹാം സ്റ്റെയിനിനെ തീയിട്ടുകൊന്നത്, കാന്ദഹാര്‍ കലാപം ഇതേപോലെയുള്ള കലാപങ്ങള്‍ ആദിവാസിമേഖലയില്‍ നടക്കുന്നുണ്ട്. ഒരു വ്യത്യാസമുള്ളത് നഗരങ്ങളില്‍ കലാപങ്ങള്‍ക്ക് ദൃക്സാക്ഷികളുണ്ടാകുന്നു. അതിന് ദൃശ്യത കൈവരുന്നു എന്നതാണ്. ഗുജറാത്തിലും മുംബെയിലുമെല്ലാം അതിന് ദൃക്സാക്ഷികളുണ്ടായി. അത് ദൃശ്യമായി രേഖപ്പെടുത്തപ്പെട്ടു. ആദിവാസിമേഖലകളില്‍ അവ ഒറ്റപ്പെട്ടതും ദൃക്സാക്ഷികളാല്‍ രേഖപ്പെടുത്താത്തതുമാകുന്നു. നഗരങ്ങളിലധിവസിക്കുന്ന മധ്യവര്‍ഗക്കാരിലേറെയും ഐടി പോലുള്ള തൊഴില്‍ മേഖലകളില്‍ തൊഴിലെടുക്കുന്നവരാണ്. ആഗോളീകരണത്തിന്റെ പ്രതികൂലസാഹചര്യങ്ങളാല്‍ വളരേയേറെ അസംതൃപ്തികളും അനിശ്ചിതത്വങ്ങളും അനുഭവിക്കുന്നവരാണവര്‍. അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന വ്യവസ്ഥയില്‍ അവര്‍ അരക്ഷിതത്വം അനുഭവിക്കുന്നു. ഈ അരക്ഷിതത്വത്തില്‍ ഹിന്ദുത്വരാഷ്ട്രീയം അവര്‍ക്ക് സ്ഥിരതയും സുരക്ഷിതത്വവും നല്‍കുമെന്നവര്‍ കരുതുന്നു. അതിനാലവര്‍ ആര്‍എസ്എസ് രാഷ്ട്രീയത്തെ പിന്തുണക്കുന്നു. എന്നാല്‍ ഇത്തരം മാറ്റങ്ങളൊന്നും ഏകശിലാത്മകവും ഏകസ്വരാത്മകവുമല്ല. മധ്യവര്‍ഗത്തില്‍ അതൊരുതരത്തിലാണെങ്കില്‍ ആദിവാസികളില്‍ അത് മറ്റൊരു തരത്തിലാണ്. എങ്കിലും രണ്ടും യാഥാര്‍ഥ്യമാണ്.

ചോ: തൊണ്ണൂറുകളിലാണല്ലോ ആഗോളീകരണം നമുക്ക് കൂടുതല്‍ യാഥാര്‍ഥ്യമായിത്തീരുന്നത്. അതിനുമുമ്പും കല്‍ക്കത്തയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വര്‍ഗീയകലാപങ്ങളും ചേരിതിരിവുകളും ഉണ്ടായിട്ടുണ്ട്. ചരിത്രത്തിലെ ഇത്തരം വര്‍ഗീയതയും വര്‍ത്തമാനകാലവര്‍ഗീയതയും വ്യത്യസ്തമായിത്തീരുന്നതെങ്ങനെയാണ്?

ഉ: വര്‍ഗീയശക്തികളുടെ ഉദയത്തിന് പിറകില്‍ ചില വസ്തുനിഷ്ഠയാഥാര്‍ഥ്യങ്ങളുണ്ട്. ഈ വസ്തുനിഷ്ഠയാഥാര്‍ഥ്യത്തിന് പിറകില്‍ പലതരം ഘടകങ്ങളുണ്ട്. അതില്‍ സാമ്പത്തിക ഘടകങ്ങളുണ്ട്. അതില്‍ പ്രധാനം ആഗോളവല്‍ക്കരണത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തികാവസ്ഥയാണ്. തൊണ്ണൂറുകളിലാണ് ആഗോളീകരണപ്രക്രിയ ശക്തമായതെങ്കിലും അതിന്റെ ഫലം നാം അനുഭവിച്ചുതുടങ്ങുന്നത് ഒരു ദശകത്തിന് ശേഷമാണ്.

രണ്ടാമതായി സാംസ്കാരികഘടകങ്ങളുണ്ട്. സേവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ഇത് വളരെ പ്രധാനമായിത്തീര്‍ന്നു. അമേരിക്ക പ്രധാനപ്പെട്ട വന്‍ശക്തിയായിത്തീരുന്നത് ഇതിനെ തുടര്‍ന്നാണല്ലോ. സാംസ്കാരികമായ തുറസ്സ്, ലിബറലിസം, അഭിപ്രായവൈവിധ്യങ്ങള്‍ തുടങ്ങിയവ നേരത്തെ നിയന്ത്രിതരീതിയിലെങ്കിലും ഉണ്ടായിരുന്നു. സോവിയറ്റ് പതനത്തെ തുടര്‍ന്ന് അത് തീരെ ഇല്ലാതായി. കാരണം യുഎസ് എല്ലായ്പ്പോഴും മറ്റിടങ്ങളില്‍ മുന്നോട്ട് വച്ചത് ഇടുങ്ങിയ ദേശീയമനോഭാവവും മൗലികവാദവുമാണ്. സ്വന്തം രാജ്യത്ത് പൗരസമൂഹത്തിന് ചേരുന്ന മട്ടിലായിരുന്നു അവര്‍ പ്രവര്‍ത്തിച്ചത്. മറ്റിടങ്ങളില്‍ മൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരുന്നു യുഎസ്സിന്. വിപ്ലവപുരോഗമനശക്തികള്‍ വിജയിക്കുകയില്ലെന്ന് ഉറപ്പ് വരുത്താന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. അറബ് രാജ്യങ്ങളിലും ജനാധിപത്യപരമായ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഇസ്ലാമിക വലതുപക്ഷത്തെ അധികാരത്തിലെത്തിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. കാരണം മുതലാളിത്തത്തിനറിയാം മതമൗലികവാദമാണ് അതിന്റെ ഏറ്റവും നല്ല പങ്കുകച്ചവടക്കാരനെന്ന്, രാഷട്രീയമായും സഖ്യകക്ഷിയായും. അങ്ങനെ നോക്കുമ്പോള്‍ വര്‍ഗീയത ഒരു വലിയ അളവോളം അമേരിക്കന്‍ നയങ്ങളുടെ ഉത്പ്പന്നം കൂടിയാണ്. ഒരുഭാഗത്ത് മുതലാളിത്തത്തിന്റെ മൗലികവാദം. ഈ മൗലികവാദം മറ്റ് ഭാഗങ്ങളില്‍ മതമൗലികവാദത്തെ പ്രചരിപ്പിച്ചു. ഇതാണ് വര്‍ഗീയതയുടെ മതപരമായ വശം.

ഇനി മൂന്നാമതായി ആത്മനിഷ്ഠ തലംകൂടിയുണ്ട്. ആര്‍എസ്എസ് 1925 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. മാസത്തിലെ മുപ്പത് ദിവസം, വര്‍ഷത്തിലെ 12 മാസം, പുതിയ പുതിയ സംഘടനകളും പ്രവര്‍ത്തനമേഖലകളും ഉണ്ടാകുന്നു. സമൂഹത്തിന്റെ പല മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിക്കുന്നു. പൗരജീവിതം, സാംസ്കാരികജീവിതം, രാഷ്ട്രീയജീവിതം, ഉദ്യോഗസ്ഥജീവിതം, പൊലീസ്, വിദ്യാഭ്യാസം, മാധ്യമങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളിലേക്കും അവരുടെ പ്രവര്‍ത്തനം അരിച്ചെത്തുന്നു. ഇതിനെല്ലാം ജനങ്ങളുടെ മനസ്സില്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഇന്നത് സ്റ്റെയിറ്റിന്റെ തലത്തിലോളം എത്തിയിരിക്കുന്നു. മുസ്ലിങ്ങളെ തിന്മയുടെയും ഭയപ്പെടേണ്ടവരുടെയും കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ഒരു മറുപക്ഷമായി ചിത്രീകരിക്കുന്നു. കഴിഞ്ഞ 15 വര്‍ഷമായി ക്രൈസ്തവരെയും അത്തരമൊരു മറുപക്ഷമായി ചിത്രീകരിക്കുന്നുണ്ട്. ഇത് ഇപ്പോള്‍ കൂടിവന്നിരിക്കുന്നു. അത്കൊണ്ട് ഒരുഭാഗത്ത് ഇതൊരു വസ്തുനിഷ്ഠയാഥാര്‍ഥ്യമാണ്. ഈ വസ്തുനിഷ്ഠയാഥാര്‍ഥ്യത്തിന് മുകളിലാണ് ആര്‍എസ്എസ്സിന്റെ ആത്മനിഷ്ഠമായ രൂപപ്പെടുത്തല്‍ നടക്കുന്നത്. ഇത് രണ്ടും ഇക്കാര്യത്തില്‍ നടക്കുന്നുണ്ട്. ആഗോളീകരണം 90കളിലാണ് യാഥാര്‍ഥ്യമായതെങ്കില്‍ അതിന്റെ ഇത്തരം ഫലങ്ങള്‍ ഇപ്പോള്‍ മാത്രമാണ് നമുക്ക് അനുഭവപ്പെട്ടുതുടങ്ങുന്നത്.

ചോ: ഇന്ത്യന്‍ ചരിത്രത്തെ വര്‍ഗീയസംഘര്‍ഷങ്ങളുടെ ചരിത്രമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും സജീവമാണല്ലോ. ഇതൊരുതരത്തില്‍ വര്‍ഗീയതയെ ചരിത്രവല്‍ക്കരിക്കുകയും അത് വര്‍ഗീയ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും എന്ന ഒരു യാഥാര്‍ഥ്യം കൂടി നമ്മുടെ മുമ്പിലില്ലേ?

ഉ: നമ്മുടെ മുഴുവന്‍ ചരിത്രവും വര്‍ഗീയതയിലൂടെയാണ് മുന്നോട്ട് പോയതെന്ന് ഒരിക്കലും പറയാനാവില്ല. വര്‍ഗീയതയെപ്പറ്റി അടിസ്ഥാനപരമായി സംസാരിക്കുകയാണെങ്കില്‍ ബ്രീട്ടീഷ് വരവിന് ശേഷമാണ് നമുക്ക് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായതെന്ന് പറയാന്‍ കഴിയും. അവരാണ് വര്‍ഗീയമായ ചരിത്രരചനാരീതി നമുക്ക് പരിചയപ്പെടുത്തിയത്. മതപരമായ കാര്യങ്ങളുടെ കണ്ണിലൂടെ ചരിത്രത്തെ നോക്കാന്‍ ജനങ്ങളെ പഠിപ്പിച്ചത് ഈ ചരിത്രരചനാരീതിയാണ്. ഇതിനെ തങ്ങളുടെ ചരിത്രരചനാരീതിയായി വികസിപ്പിച്ചത് മതവര്‍ഗീയശക്തികളാണ്. ഇങ്ങനെ മുന്നേറിയ മതവര്‍ഗീയപ്രതിഭാസത്തിന്റെ ഒരുവശം മാത്രമാണ് വര്‍ഗീയകലാപം. മുകള്‍ത്തട്ടില്‍ വര്‍ഗീയകലാപങ്ങളും അടിത്തട്ടില്‍ വര്‍ഗീയരാഷ്ട്രീയവും ആണ് ഈ വര്‍ഗീയപ്രതിഭാസത്തിന്റെ ഘടന. ഇത് രണ്ടും പരസ്പരാപേക്ഷിതമാണ്. ഇത്തരം പ്രക്രിയകളെ ശക്തിപ്പെടുത്തുന്നതില്‍ ഒരു പ്രധാനപങ്ക് സാമൂഹ്യപ്രക്രിയക്കുണ്ട്. പുരോഗമന പക്ഷത്തു നില്‍ക്കുന്നവര്‍ ഒരിക്കലും ചരിത്രത്തെ ഇങ്ങനെ വര്‍ഗീയ കാഴ്ചപ്പാടിലൂടെ സമീപിച്ചിട്ടില്ല. മതനിരപേക്ഷ വീക്ഷണത്തിലൂടെ ചരിത്രത്തെ സമീപിച്ച പുരോഗമന ചരിത്രകാരന്മാരായിരുന്നു അവര്‍. റോമിളാഥാപ്പര്‍, ആര്‍ എസ് ശര്‍മ, ബിപിന്‍ചന്ദ് തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ ചരിത്രത്തെ കണ്ടവരാണ്. രാജാക്കന്മാര്‍, അവരുടെ ഭരണവ്യവസ്ഥ, ചൂഷണം, അധികാര മത്സരങ്ങള്‍ അത്തരം ചരിത്രങ്ങളെയെല്ലാം രേഖപ്പെടുത്തി വയ്ക്കേണ്ടതാണ്; വച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് അത്തരം ചരിത്രവും ചരിത്ര രചനയും ദുര്‍ബലമാണ്. അതിനെ ബലപ്രയോഗത്തിലൂടെ കീഴടക്കിയിരിക്കുന്നു. ഒന്നാമതായി ബ്രിട്ടീഷ് ഇടപെടല്‍ കൊണ്ടും രണ്ടാമതായി വര്‍ഗീയ ശക്തികളുടെ ഇടപെടല്‍ കൊണ്ടും, മൂന്നാമതായി സ്റ്റേറ്റിന്റെ കഴിവുകേടുകൊണ്ടും യഥാര്‍ഥ ചരിത്രത്തെ രേഖപ്പെടുത്താന്‍ കഴിയാതെ വന്നപ്പോഴാണിങ്ങനെ സംഭവിച്ചത്. നാലാമതായി സംഘടനാതലത്തിലുള്ള പരാജയവും - സംഘപരിവാര സംഘടനകള്‍ വ്യാപകമായി ഇത്തരം ചരിത്രരചന നടത്തുമ്പോള്‍ അതിനെതിരായി ബദല്‍ ചരിത്ര നിര്‍മിതി നടത്തുന്നതിലുണ്ടായ പരാജയം - ഇതിനു കാരണമായി. അതുകൊണ്ടാണ് നമ്മുടെ പ്രതിരോധ ശ്രമങ്ങള്‍ ഒറ്റപ്പെട്ടതും, ചെറുതും അപ്രധാനവും ആയി മാറിപ്പോകുന്നത്.

ചോ: സാംസ്കാരിക മണ്ഡലത്തിലെ വര്‍ഗീയത ഇന്ന് വളരെ സജീവമാണ്. നമ്മുടെ മാധ്യമങ്ങള്‍, ബുദ്ധിജീവികള്‍ പ്രത്യേകിച്ച് ഇടതുപക്ഷം ഇതിനെ എത്രമാത്രം തിരിച്ചറിയുന്നുണ്ട്?

ഉ: സാംസ്കാരിക മണ്ഡലത്തിലെ വര്‍ഗീയതയെ നാം ഗൗരവത്തില്‍ സമീപിക്കുന്നില്ലെന്നുള്ളൊരു ധ്വനി ഈ ചോദ്യത്തിലുണ്ട്. വര്‍ഗീയതക്ക് ജനപ്രീതിയും അംഗീകാരവും ഉണ്ടാക്കിയെടുക്കുന്നതില്‍ സംസ്കാരത്തിന് സമര്‍ഥമായ പങ്ക് വഹിക്കാന്‍ കഴിയും. ഇന്ത്യയില്‍ ഇതിനുള്ള സാധ്യത നൂറു ശതമാനമാണെങ്കില്‍ കേരളത്തില്‍ ഇരുനൂറ് ശതമാനമാണ്. 1980-കള്‍ മുതല്‍ക്കുതന്നെ ആര്‍എസ്എസ് സംഘടനകളുടെ വര്‍ഗീയ പരിശ്രമങ്ങള്‍ ജനപ്രിയ സംസ്കാരത്തിലേക്ക് സ്ഥാനാന്തരപ്പെട്ടു തുടങ്ങി. ഇത് തുടക്കം മുതലേ വേണ്ടത്ര തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നത് വീഴ്ചയാണ്. ഇന്ത്യാ ഗവണ്‍മെന്റ് രാമായണ - മഹാഭാരത പരമ്പരകള്‍ ആഴ്ചതോറും സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങിയത്, ഹം ആപ്കേഹേ കോന്‍, സാസ് ഭി കഭി ബഹുഥീ, പോലുള്ള സിനിമകള്‍ ഇറങ്ങിയത് എല്ലാം ഇക്കാലത്താണ്. ഇവിടെ സംസ്കാരം വലിയതോതില്‍ മതാത്മകമായിത്തുടങ്ങി. ഇത് നമുക്കുള്ള താക്കീതായിരുന്നു. മോശപ്പെട്ടതെന്തോ വരാനിരിക്കുന്നുവെന്ന താക്കീത്. പക്ഷേ നമ്മളത് ഗൗനിച്ചില്ല. അതുകൊണ്ടുതന്നെ ഇത് ചിന്താപരമായ ഒരു ചോദ്യമാണ്. അത്രമേല്‍ പ്രധാനമായ ഒരു മണ്ഡലത്തെ, പ്രക്രിയയെ എങ്ങനെയാണ് ഇടതുപക്ഷം വേണ്ടത്ര അഭിസംബോധന ചെയ്യാതെ പോയത്? നമുക്കറിയാം സംസ്കാരം മനുഷ്യ ജീവിതത്തെ നിര്‍ണയിക്കുന്നുവെന്ന്. അടിത്തറയും മേല്‍പ്പുരയും പ്രതിപ്രവര്‍ത്തിക്കുന്നുവെന്ന്. അടിത്തറ മേല്‍പ്പുരയെ തീരുമാനിക്കുന്നുവെന്നും മേല്‍പ്പുര അടിത്തറയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നുമെല്ലാം അറിയാം. നമ്മുടെ സാംസ്കാരിക തലത്തില്‍ എന്തു സംഭവിക്കുന്നുവെന്ന് വേണ്ടത്ര കാണാന്‍ കഴിയാതെ പോയത് ഇടതുപക്ഷത്തിന്റെ പരാജയം തന്നെയാണ്. അന്ധവിശ്വാസം മുന്‍നിരയിലേക്കു വരികയും യുക്തിചിന്ത പിറകിലേക്കു പോവുകയും ചെയ്യുന്നു. ഇതെല്ലാം വര്‍ഗീയതയ്ക്കും വര്‍ഗീയ രാഷ്ട്രീയത്തിനും മേല്‍ക്കൈ നേടാന്‍ സഹായകമായിത്തീര്‍ന്നു. വര്‍ഗീയ രാഷ്ട്രീയം എന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പു വിജയം മാത്രമല്ല. അത് വര്‍ഗീയ രാഷ്ട്രീയത്തിന്റെ ചെറിയൊരു വശം മാത്രമാണ്. പ്രധാന പ്രശ്നം സമൂഹത്തിനെന്തു സംഭവിക്കുന്നുവെന്നതാണ്. സാമൂഹ്യ സംസ്കാരം, സാമൂഹ്യ പ്രക്രിയ, സാമൂഹ്യ ചിന്ത, സാമൂഹ്യ മനോഭാവം ഇവയെല്ലാം ആഴത്തില്‍ വര്‍ഗീയവല്‍ക്കരിക്കപ്പെടുന്നതാണ് പ്രധാനം.

ചോ: ഈ ഒരവസ്ഥയില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് നമുക്കെന്താണ് കരുതാനാവുക?

ഉ: സാമൂഹ്യമായ ആശയങ്ങള്‍ എപ്പോഴും ഭരണവര്‍ഗത്തിന്റെ ആശയങ്ങളായിരിക്കുമെന്ന് എക്കാലത്തെയും മികച്ച ദാര്‍ശനികരില്‍ ഒരാള്‍ പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങളും അതില്‍നിന്ന് മുക്തമല്ല. ആര്‍എസ്എസ് തുടക്കം മുതല്‍ തന്നെ അതിന്റെ ആശയങ്ങള്‍ കഴിയുന്നത്ര മാധ്യമങ്ങളിലേക്ക് അരിച്ചിറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനായി മാധ്യമങ്ങളും ആരംഭിച്ചിട്ടുണ്ട്. ബിജെപി ആദ്യമായി അധികാരത്തിലെത്തിയപ്പോള്‍ അദ്വാനി സ്വീകരിച്ചത് വിവരസാങ്കേതിക വിദ്യാ വാര്‍ത്താ സംപ്രേഷണ വകുപ്പ് ആയിരുന്നു. എന്തുകൊണ്ട് അവര്‍ വിവരസാങ്കേതിക - വാര്‍ത്താസംപ്രേഷണ വകുപ്പുതന്നെ സ്വീകരിച്ചു. ഇതിലൂടെ മുഴുവന്‍ ദേശീയ മാധ്യമങ്ങളുമായി നല്ല ബന്ധങ്ങളുണ്ടാക്കാമെന്നും അവരുടെ പിന്തുണ നേടാമെന്നും അവര്‍ കരുതി. എല്ലാ മികച്ച മാധ്യമ പ്രവര്‍ത്തകരും ഇത്തരം ദേശീയമാധ്യമങ്ങളിലാണുള്ളത്. രണ്ടാമതായി മാധ്യമങ്ങളെ നിയന്ത്രിക്കുന്ന മുതലാളിമാര്‍. അവര്‍ ബിജെപിയുടെ വര്‍ഗീയ നിലപാടില്‍ സംതൃപ്തരാണ്. മികച്ച പല പത്രപ്രവര്‍ത്തകരും അവരുടെ വരേണ്യതകൊണ്ട്, സവര്‍ണബന്ധംകൊണ്ട്, ചുരുക്കം ചിലര്‍ ശാഖാപശ്ചാത്തലം കൊണ്ട് ബിജെപിയുമായി നല്ല ബന്ധത്തിലാണ്. ഇവിടെ ഭാഷാമാധ്യമങ്ങളും ഇംഗ്ലീഷ് മാധ്യമങ്ങളും തമ്മില്‍ ചില വ്യത്യാസങ്ങളുള്ളതും നമുക്കു കാണാം. ഉത്തര്‍ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിലെ പല പ്രാദേശിക പത്രങ്ങളും കൂടുതല്‍ വര്‍ഗീയമാണ്. എന്നാല്‍ ഇംഗ്ലീഷ് പത്രങ്ങള്‍ കുറേക്കൂടി വ്യത്യസ്തമാണ്. ഇതിനു പുറമേയാണ് ആള്‍ദൈവങ്ങളുടെ രംഗപ്രവേശം. അവര്‍ക്കു പിറകില്‍ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായി. അവര്‍ ചാനലുകള്‍ തുടങ്ങി. മറ്റു പല മാധ്യമങ്ങളിലും പരസ്യങ്ങള്‍ നല്‍കാന്‍ തുടങ്ങി. വന്‍കിട പരസ്യങ്ങള്‍ പല മാധ്യമങ്ങളിലും അവിടെയുമിവിടെയുമായി നല്‍കാന്‍ തുടങ്ങി. ഇങ്ങനെ സ്ഥിതിഗതികളാകെ മാറി വരികയും മാധ്യമങ്ങള്‍ കൂടി വര്‍ഗീയവല്‍ക്കരിക്കപ്പെടുകയും ചെയ്തു. ഇതുപോലുള്ള ഒട്ടേറെ മാറ്റങ്ങള്‍ മാധ്യമങ്ങളുടെ വര്‍ഗീയവല്‍ക്കരണത്തിനിടയാക്കി. ഇത് വളരെ പ്രതികൂലമായ ഒരവസ്ഥയുണ്ടാക്കി. ഇത് രണ്ടുതരത്തിലുള്ള പങ്കാണ് സമൂഹത്തില്‍ നിറവേറ്റിയത്. ഒന്ന്, ജനങ്ങളുടെ ആശയങ്ങളെ ന്യൂനപക്ഷ വിരുദ്ധമായ മനോഭാവത്തില്‍ വളര്‍ത്തുക, വര്‍ഗീയാക്രമങ്ങളെ സൃഷ്ടിക്കുന്ന അവസ്ഥ ഒരുക്കുക എന്നത് മറ്റൊന്ന്. വര്‍ഗീയ കലാപങ്ങളുടെ സന്ദര്‍ഭത്തില്‍ മാധ്യമങ്ങള്‍ക്ക് അടിസ്ഥാനമില്ലാത്ത കെട്ടുകഥകളെ നിയന്ത്രിക്കാനാവും. കലാപവേളയില്‍, എരിതീയില്‍ എണ്ണയൊഴിക്കുന്നതില്‍ നിന്നു മാറി, അത്തരം വാര്‍ത്തകളെ നിയന്ത്രിച്ചുകൊണ്ട് നല്ല വാര്‍ത്തകളെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഗുജറാത്തിലും മുംബൈയിലും മറ്റും പ്രകോപനമുണ്ടാക്കുന്ന വാര്‍ത്തകളിലൂടെ കലാപത്തെ തീവ്രമാക്കുകയായിരുന്നു പല മാധ്യമങ്ങളും ചെയ്തത്.
 
ചോ: സ്വാതന്ത്ര്യാനന്തരമുള്ള ആദ്യദശകങ്ങളില്‍ നമ്മുടെ സിനിമാ വ്യവസായ മണ്ഡലത്തില്‍ ഇടതുപക്ഷാശയങ്ങള്‍ക്ക് വ്യക്തമായ മേല്‍ക്കൈയുണ്ടായിരുന്നു. അതല്ലെങ്കില്‍ അത്തരം ആശയങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സിനിമാപ്രവര്‍ത്തകരുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ദീപാ മേഹ്ത്തയെപ്പോലൊരാള്‍ക്ക് സ്വതന്ത്രമായി സിനിമയെടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതിനെ എങ്ങനെയാണ് നാം നോക്കിക്കാണുക.


ഉ: ഇന്ത്യന്‍ സംസ്കാരത്തിന്റെ ഏറ്റവും ഹൃദ്യമായ അവസ്ഥ 1940കളിലും അന്‍പതുകളിലും അറുപതുകളിലുമുള്ള സിനിമകളിലാണ് കാണാന്‍ കഴിയുകയെന്ന് ഞാന്‍ കരുതുന്നു. കഥയും സംഭാഷണവുമെല്ലാം പാവപ്പെട്ട ജനങ്ങളുടേതായിരുന്നു. കൂടുതലും പോക്കറ്റടിക്കാരനും, കൃഷിക്കാരനും, റിക്ഷാക്കാരനുമൊക്കെയായിരുന്നു അക്കാലത്തെ നായകര്‍. മാറിവരുന്ന സംസ്കാരം ഒരുപക്ഷെ ഈ മേഖലയിലെ ഇടപെടലുകളെപ്പോലും അനുവദിക്കുന്ന തരത്തിലല്ല. ഈ മേഖല ഇപ്പോള്‍ ഭരണവര്‍ഗത്തിന്റെയും മധ്യവര്‍ഗത്തിന്റെയും കൈകളിലാണ് അവരുടെ ചിന്തകള്‍ക്ക് ആഴമില്ലെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഒരു ഭാഗത്ത് അവര്‍ വളരെയേറെ ജനപ്രിയരാണ്. മറുഭാഗത്ത് പുരോഗമന ചിന്താഗതിക്കാരുടെ അസാന്നിദ്ധ്യവും ഈ മേഖലയിലുണ്ട്. എന്നു തന്നെയുമല്ല ഇടതുപക്ഷരീതിയിലുള്ള ഒരു പുനഃപരിശോധനാ ഹരജി ഈ മേഖലയില്‍ ഇനിയും വൈകിയിരിക്കുന്നു. എന്നാല്‍ ഒട്ടേറെ ഇടതുപക്ഷചിന്താഗതിക്കാര്‍ ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദീപാമേഹ്ത്തയെയും നന്ദിതാദാസിനേയും പോലുള്ളവര്‍ ഒരിടതുപക്ഷ സിനിമാധാര തുടരാന്‍ ശ്രമിക്കുന്നുണ്ട്. വലതുപക്ഷത്തുനിന്നും നേരിട്ടുള്ള തുറന്ന ആക്രമണമാണ് ദീപാമേഹ്ത്തയുടെ നേര്‍ക്കുണ്ടായത്. സ്ഥലം, സംസ്കാരം, സംഘടന എന്നിവയിലേക്ക് അരിച്ചിറങ്ങുന്നതാണ് വലതുപക്ഷത്തിന്റെ ഒരു രീതി. അതല്ലെങ്കില്‍ ആക്രമിക്കുകയാണ് മറ്റൊരു വഴി. ഒരാളെ ആക്രമിക്കുമ്പോള്‍ ആ രീതിയില്‍ ചിന്തിക്കാനിടയുള്ള അഞ്ചുപേരെകൂടി ഭീഷണിയിലൂടെ നിശ്ശബ്ദമാക്കാന്‍ കഴിഞ്ഞേക്കും. ശിവാജിയെക്കുറിച്ച് പുരോഗമന സിനിമയെടുക്കുന്നൊരാള്‍ക്ക് അത് റിലീസ് ചെയ്യാന്‍ പ്രശ്നമുണ്ടാകുമെന്നും മറ്റ് ഒട്ടേറെ പ്രശ്നങ്ങളുണ്ടാകുമെന്നും വരുമ്പോള്‍ എന്തിന് അനാവശ്യകാര്യങ്ങളില്‍ തലയിടണമെന്ന് ഒരാള്‍ ചിന്തിച്ചുപോകാം.

ചോ: ഓഷോ രജനീഷിനെപ്പോലെ, ജിദ്ദുകൃഷ്ണമൂര്‍ത്തിയെപ്പോലെയുള്ള ആത്മീയ ബുദ്ധിജീവികള്‍ ഒരേ സമയം പല മതങ്ങളുമായും സംവാദാത്മകമായ ബന്ധം വികസിപ്പിച്ചെടുത്തിരുന്നു. എന്നാല്‍ രവിശങ്കറിനെപ്പോലെ, സത്യസായിബാബയെപ്പോലുള്ള ആള്‍ദൈവങ്ങള്‍ വലതുപക്ഷ മതവര്‍ഗീയതയ്ക്ക് നിലമൊരുക്കുകയാണോ ചെയ്യുന്നത്?

ഉ: നിങ്ങള്‍ കൃത്യമായും നമ്മുടെ വര്‍ത്തമാനകാലത്തിലാണ് നില്‍ക്കുന്നത്. ആര്‍എസ്എസ് അതിനിടയില്‍ നില്‍ക്കുന്നു. ആള്‍ദൈവങ്ങള്‍ ഏറ്റവും അടിയില്‍ വേരുകളാഴ്ത്തിയും നില്‍ക്കുന്നു. ആത്മീയ പരിവേഷങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ആള്‍ ദൈവങ്ങള്‍ മനുസ്മൃതിയുടെ ആധുനിക രൂപത്തെപ്പറ്റിയാണ് പറയുന്നത്. അവരതിന് ആത്മീയ പരിവേഷം നല്‍കുന്നു. ജനങ്ങളുടെ ജീവിതത്തിലെ അനിശ്ചിതത്വം നിമിത്തം അവര്‍ ആള്‍ദൈവങ്ങളുടെ കെണിയില്‍ വീഴുന്നു. അവര്‍ തങ്ങളുടെ പണം നല്‍കുകമാത്രമല്ല ആള്‍ദൈവങ്ങളുടെ ആശയങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യുന്നു. ഇത് പൂര്‍ണമായും വലതുപക്ഷ ആശയങ്ങള്‍ക്കും വലതുപക്ഷ രാഷ്ട്രീയത്തിനും വേണ്ടിയുള്ള ഒരു ഫൗണ്ടേഷനാണ്. എന്നാല്‍ ആര്‍എസ്എസിന് നിലമൊരുക്കുന്നത് ഇവരാണെന്ന് നമുക്ക് പറയാനാവില്ല. എങ്കിലും ആള്‍ദൈവങ്ങളും ആര്‍എസ്എസും കൈകോര്‍ത്തു പിടിച്ചാണ് മുന്നേറുന്നത്. അവരുടെ മൂല്യങ്ങളും സമാനമാണ്. അവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. അവകാശ സങ്കല്‍പങ്ങളില്‍ വിശ്വസിക്കുന്നില്ല. അവ്യക്തമായ ആത്മീയാശയങ്ങളെപ്പറ്റി വളരെ മനോഹരമായ ഭാഷയില്‍ സംസാരിക്കും. അവര്‍ വളരെ ഊര്‍ജസ്വലരും സമര്‍ഥരുമാണ്. അപ്രസക്തമായ കാര്യങ്ങള്‍ വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കും. വന്‍തോതിലുള്ള ധനസമാഹരണത്തിനും ലൈംഗിക ചൂഷണത്തിനും അവര്‍ക്ക് സാധിക്കും. അവരില്‍ പലരും നല്ല ബുദ്ധിയുള്ള സാമര്‍ഥ്യക്കാരാണ്. മറ്റുള്ളവരെ ഹിപ്നോട്ടൈസ് ചെയ്യാന്‍ കഴിവുള്ളവരാണ്. എന്നാല്‍ സാമൂഹ്യ ജീവിതത്തില്‍ അവരുടെ പങ്ക് തികച്ചും സമൂഹത്തിനെതിരായിട്ടുള്ളതാണ്. വളരെ അപകടകരമായ വിഭാഗത്തില്‍പ്പെട്ട പുരോഹിത സമൂഹമാണവര്‍.

ചോ: നമ്മുടെ സാംസ്കാരിക പൊതുമണ്ഡലം ഇടതുപക്ഷാഭിമുഖ്യമുള്ളതായിരുന്നു. അതിപ്പോള്‍ വലതു പക്ഷാഭിമുഖ്യത്തിലേക്കും മതവര്‍ഗീയതയിലേക്കും മാറി വരികയാണ്. ഈ മാറ്റം ഇടതുപക്ഷത്തിന്റെ അപചയം കൊണ്ടുണ്ടായതാണോ അതല്ല വലതുപക്ഷമതവര്‍ഗീയതയുടെ ഏതെങ്കിലും തരത്തിലുള്ള ശേഷികൊണ്ടുണ്ടായതാണോ? ആഗോളവല്‍ക്കരണം പോലുള്ള മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ?

ഉ: സത്യസന്ധമായി പറഞ്ഞാല്‍ ഇതെല്ലാം ഒരുപോലെ പ്രധാനമായ കാരണങ്ങളാണ്. ലോകത്തിന്റെ ഘടനയില്‍ വന്ന മാറ്റം പരമപ്രധാനമാണ്. സോവിയറ്റ് യൂനിയന്റെ പതനമാണ് ഈ ഘടനാമാറ്റത്തിലെ മുഖ്യഘടകം. അതോടെ ആഗോളീകരണ പ്രക്രിയ ഏകമുഖമായിത്തീര്‍ന്നു. ഘടനാ തലത്തിലെ ഈ മാറ്റത്തോടൊപ്പം ആര്‍എസ്എസിന്റെ ആഴത്തിലുള്ള ഇടപെടലുകള്‍, ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഉപരിപ്ലവമായ ഇടപെലുകള്‍ ഇതെല്ലാം ഈ മാറ്റത്തിനു കാരണമാണ്. ആര്‍എസ്എസ് അതിന്റെ കാര്‍ഡ് നന്നായി കളിച്ചു. അതേസമയം ഇടതുപക്ഷം പ്രശ്നത്തിന്റെ പുറമെ മാത്രമേ സ്പര്‍ശിച്ചുള്ളൂ. എന്നാല്‍ ഇതിനപ്പുറമുള്ള വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളുമുണ്ട്. 1950-കള്‍ മുതല്‍ 1980കള്‍ വരെ വ്യവസായവല്‍ക്കരണം അതിശക്തമായിത്തീര്‍ന്ന കാലയളവില്‍ ഇന്ത്യയിലെ മധ്യവര്‍ഗം നിലവിലുള്ള അവസ്ഥ തുടരാന്‍ ആഗ്രഹിച്ചു. അവര്‍ അതിനുവേണ്ടി വലതുപക്ഷ ആശയങ്ങളെയും വര്‍ഗീയതയെയും പിന്തുടര്‍ന്നു. എന്നാല്‍ മറുവശത്ത് അടിസ്ഥാനവര്‍ഗത്തിന്റെ പ്രതീക്ഷകളെ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഇടതുപക്ഷത്തിനായില്ല. സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയ മണ്ഡലങ്ങളില്‍ വിശേഷിച്ചും.

ചോ: വസ്തുതകള്‍ ഇങ്ങനെയെല്ലാമായിരിക്കുമ്പോഴും ഇന്ത്യയില്‍ വലതുപക്ഷ മതവര്‍ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷമല്ലാതെ വേറെയാരാണുള്ളത്?

ഉ: വലതുപക്ഷ മതവര്‍ഗീയതയെ യുക്തിപരമായി ചെറുക്കാന്‍ കഴിയുന്ന ഒരു പ്രധാന പ്രസ്ഥാനം ഇടതുപക്ഷം തന്നെയാണ്. എന്നാല്‍ മുമ്പ് ചെയ്തിരുന്നതു പോലെ മതവര്‍ഗീയതയെ സാംസ്കാരികമായി ചെറുക്കുന്ന പദ്ധതികള്‍ ഇന്ന് ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നില്ല. ന്യൂനപക്ഷത്തിന് സംവരണം നല്‍കുന്നതിനെ അനുകൂലിക്കുന്നുവെന്ന ഒരു പ്രസ്താവന ഈ അടുത്ത കാലത്തായി കാണുകയുണ്ടായി. അതിലേക്ക് ഞാന്‍ കൂടുതലായി വരുന്നില്ല. ന്യൂനപക്ഷത്തിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെയും ഏറ്റെടുക്കാന്‍ ഇടതിന് കഴിയണം. ന്യൂനപക്ഷത്തിനാവശ്യമായ നിയമപരമായ പ്രതിരോധത്തിന്റെ നേതൃത്വമേറ്റെടുക്കാന്‍ കഴിയണം. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട്, രംഗനാഥ്മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിവ നടപ്പിലാക്കാനുള്ള വ്യാപകമായ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ കഴിയണം. ഇക്കാര്യത്തില്‍ ഇടതുപക്ഷം അവസരവാദികളല്ല. ഇടതുപക്ഷം അടിസ്ഥാനപരമായി മതനിരപേക്ഷമാണ്. ഇക്കാര്യത്തില്‍ മതനിരപേക്ഷമായിരുന്നാല്‍ മാത്രം മതിയാവുകയില്ല. കേവലമായ പ്രതികരണത്തിനപ്പുറം ഈ അവസ്ഥയില്‍ ഇടപെടാനും അതിനെ നിയന്ത്രിക്കാനും അവര്‍ക്ക് കഴിയണം. അവരവരുടെ വഴികളില്‍ ഗാന്ധിയും നെഹ്റുവുമെല്ലാം ഇത്തരത്തില്‍ ഇടപെടുകയും ചില നിയന്ത്രണങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ ഇടപെടല്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ ഇടതുപക്ഷത്തിന് പരാജയമുണ്ടായിട്ടുണ്ട്. ജനാധിപത്യത്തിനെതിരായ ആക്രമണങ്ങളുണ്ടാകുമ്പോള്‍ അതിനെ ചെറുത്ത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ബാധ്യതകൂടി ഇടതുപക്ഷത്തിനുണ്ട്. ന്യൂനപക്ഷത്തിന് സുരക്ഷിതത്വബോധം ഉണ്ടാകുന്നതുവരെ, തങ്ങളും തുല്യരായി പരിഗണിക്കപ്പെടുന്നുവെന്ന ഉത്തമബോധ്യം അവര്‍ക്കു കൈവരുന്നതുവരെ ജനാധിപത്യം പൂര്‍ണമാവുകയില്ല. ഇതെല്ലാം സാധ്യമാകാത്തിടത്തോളം ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തവും പൂര്‍ണമായിട്ടില്ല.

ചോ: ഇടതുപക്ഷത്തിന് ഇക്കാര്യത്തില്‍ പരിമിതികളില്ലേ?

ഉ: എന്തു പരിമിതി? അവര്‍ ഒരു പ്രത്യേക രീതിയില്‍ ചിന്തിക്കുകയും പ്രത്യേക ലൈനില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അവര്‍ രാഷ്ട്രീയ സമരം നടത്തുന്നു. കൃഷിക്കാരുടെ അവകാശങ്ങള്‍ക്കുവണ്ടി പോരാടുന്നു.ദുര്‍ബലരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നു. വളരെ നല്ലത്. എന്നാല്‍ ഇതോടൊപ്പം ന്യൂനപക്ഷത്തിന്റെ പ്രശ്നങ്ങള്‍ കൂടി ഏറ്റെടുത്താലെന്താണ്? പ്രശ്നം നിങ്ങള്‍ അതേപ്പറ്റി എത്രമാത്രം ബോധവാന്മാരാണ് എന്നുള്ളതാണ്. അതോടൊപ്പം ജനപ്രിയസംസ്കാരത്തിന്റെ പ്രശ്നങ്ങളും ഏറ്റെടുക്കേണ്ടതാണ്. ഇതൊന്നും പരിമിതിയല്ല. ഒപ്പം ബോധവല്‍ക്കരണ പ്രചാരണങ്ങള്‍ നടത്തേണ്ടതുണ്ട്. എന്താണ് സമൂഹം ന്യൂനപക്ഷത്തെക്കുറിച്ച് ചിന്തിക്കുന്നത്? ന്യൂനപക്ഷത്തെപ്പറ്റി പ്രചരിക്കുന്ന കാര്യങ്ങളില്‍ എത്രമാത്രം വസ്തുതയുണ്ടെന്ന് ഇടതുപക്ഷത്തിലെ കാഡര്‍മാര്‍ പോലും ശരിക്കും ബോധവാന്മാരാണോ? ഈ കാഡര്‍മാര്‍മാരെ ഇത്തരം കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ എന്തു ശ്രമമാണെടുത്തിട്ടുളളത്. ഇവര്‍ മതനിരപേക്ഷ മനോഭാവമുള്ളവരാണ്, ന്യൂനപക്ഷങ്ങളെക്കുറിച്ചും നന്നായറിയാവുന്നവരാണ്. അതിലുമേറെ, മനസ്സിലാക്കുന്ന കാര്യങ്ങള്‍ ബഹുജനങ്ങളുമായി പങ്കുവച്ച് അവരെക്കൂടി ബോധവല്‍ക്കരിക്കാന്‍ ശേഷിയുള്ളവരുമാണ്. ഇതു സംഭവിക്കാത്തിടത്തോളം ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമാവുകയില്ല.

*
രാം പുനിയാനി/രൂപേഷ് ഭരതന്‍ ദേശാഭിമാനി വാരിക 15 ജൂലൈ 2012

No comments: