Tuesday, July 10, 2012

പിഞ്ഞിക്കീറുന്ന കാവിക്കൊടി

ബിജെപിയുടെ ആത്മവീര്യം അനുദിനം ചോര്‍ന്നുപോകുന്ന സംഭവവികാസങ്ങളില്‍ ഒടുവിലത്തേതാണ് കര്‍ണാടകത്തിലെ പ്രതിസന്ധിയും അതേത്തുടര്‍ന്നുണ്ടായ നേതൃമാറ്റവും. വര്‍ഗീയരാഷ്ട്രീയത്തിനേറ്റ തിരിച്ചടികള്‍ക്കുപിന്നാലെ സംഘടനാപരമായും ബിജെപി വലിയ വെല്ലുവിളി നേരിടുകയാണെന്നാണ് കര്‍ണാടക സംഭവങ്ങള്‍ കാണിക്കുന്നത്. ദക്ഷിണേന്ത്യയിലേക്കുള്ള കവാടമായാണ് കര്‍ണാടകത്തിലെ വിജയത്തെ ബിജെപി വിശേഷിപ്പിച്ചത്. ബംഗളൂരുവില്‍ പാറുന്ന കാവിക്കൊടി തെക്കേ ഇന്ത്യയാകെ വെട്ടിപ്പിടിക്കുമെന്ന, അണികളെ ത്രസിപ്പിക്കുന്ന വീരവാദവുമായാണ് അവര്‍ പ്രചാരണം നടത്തിയത്. 2008ല്‍ കര്‍ണാടകത്തില്‍ അധികാരത്തിലേറിയതുമുതല്‍ അഴിമതി ആരോപണങ്ങളും വിവാദങ്ങളും ഒന്നൊഴിയാതെ ബിജെപിയെ അലട്ടിക്കൊണ്ടിരുന്നു. മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കും അഴിമതിക്കേസില്‍ പുറത്തുപോകേണ്ടിവന്നു. നാലുവര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് നിയോഗിക്കേണ്ടിവന്നത് എന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിന് ബദല്‍ എന്ന നിലയിലാണ് ബിജെപി അവരുടെ രാഷ്ട്രീയപ്രചാരണം ആരംഭിച്ചത്. ശ്യാമപ്രസാദ് മുഖര്‍ജി 1951ല്‍ ഭാരതീയ ജനസംഘം രൂപീകരിക്കുമ്പോഴും ജനതാ പാര്‍ടിയില്‍ നിന്ന് വേര്‍പെട്ട് 1980ല്‍ ഭാരതീയ ജനതാ പാര്‍ടി രൂപീകരിക്കുമ്പോഴും സംഘപരിവാര്‍ ആശയങ്ങള്‍ക്കൊപ്പം "കോണ്‍ഗ്രസിന് ബദല്‍" എന്നതായിരുന്നു മുന്നോട്ടുവച്ച രാഷ്ട്രീയം. എന്നാല്‍, വര്‍ഗീയരാഷ്ട്രീയം മാറ്റിനിര്‍ത്തിയാല്‍ മറ്റ് കാര്യങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ തനിപ്പകര്‍പ്പായി ബിജെപി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വര്‍ഗതാല്‍പ്പര്യം, ആഗോളവല്‍ക്കരണനയങ്ങളുടെ നടത്തിപ്പില്‍ ഇരുകക്ഷികളും കാണിച്ച വാശിയില്‍ പ്രകടമായിത്തന്നെ വ്യക്തമായി. കേഡര്‍ സ്വഭാവമുണ്ടെന്ന് പ്രചരിപ്പിച്ചിരുന്ന ബിജെപി അതിവേഗം സംഘടനാപരമായ ശിഥിലീകരണത്തിലേക്ക് നീങ്ങുന്നത് അവര്‍ അധികാരത്തിലെത്തിയ പല സംസ്ഥാനങ്ങളിലും കണ്ടു. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഡല്‍ഹിയിലുമൊക്കെ അവര്‍ അധികാരത്തില്‍നിന്ന് പുറത്തെറിയപ്പെട്ടതില്‍ രാഷ്ട്രീയവും സംഘടനാപരവുമായ ജീര്‍ണത പ്രധാന ഘടകമാണ്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് ബദലായുണ്ടായിരുന്നത് ജനതാദള്‍ (സെക്കുലര്‍) ആയിരുന്നു. ജനതാദള്‍ രാഷ്ട്രീയമായി ശക്തമായിരുന്ന കാലത്ത് ജനങ്ങള്‍ കോണ്‍ഗ്രസില്‍നിന്ന് രക്ഷപ്പെടാന്‍ ആ വഴി ഉപയോഗിച്ചു. ജനതാദളിന്റെ ശൈഥില്യം ബിജെപി പ്രയോജനപ്പെടുത്തി.

ബിജെപി അധികാരത്തിലെത്തിയപ്പോള്‍ കര്‍ണാടകത്തില്‍ ഒരു മാറ്റം ജനങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ, ഒരു ഭാഗത്ത് വര്‍ഗീയ ആക്രമണം ശക്തിപ്പെടുന്നതും മറുഭാഗത്ത് അഴിമതി കാട്ടുതീപോലെ പരക്കുന്നതുമാണ് കാണാനായത്. റെഡ്ഡി സഹോദരന്മാര്‍ നടത്തിയ വന്‍അഴിമതിക്കും കൊള്ളയ്ക്കും യെദ്യൂരപ്പ കുടപിടിച്ചു. മുഖ്യമന്ത്രിതന്നെ അഴിമതിസംഘത്തലവനായി. മന്ത്രിമാരില്‍ പകുതിയും അഴിമതിക്കേസുകളില്‍ പെട്ടു. അഴിമതിയുടെപേരില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം വന്നു. എന്നിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങിയ യെദ്യൂരപ്പയെ പുറത്താക്കാന്‍ ബിജെപി നേതൃത്വം നന്നേ ബുദ്ധിമുട്ടി. അധികാരത്തില്‍നിന്ന് ഒഴിഞ്ഞിട്ടും അഴിമതിരാജാക്കന്മാരുടെ പിന്തുണയുള്ള യെദ്യൂരപ്പയുടെ സ്വാധീനം കര്‍ണാടക ബിജെപിയില്‍ നിലനിന്നു. വര്‍ഗീയതയ്ക്കൊപ്പം ജാതീയതയും കര്‍ണാടക ബിജെപി നേതാക്കള്‍ അനുസ്യൂതം ഉപയോഗിച്ചു. ലിംഗായത്തുകാരുടെ സ്വാധീനശക്തിയുടെ പേരുപറഞ്ഞ് യെദ്യൂരപ്പ വീണ്ടും വിജയം നേടിയിരിക്കയാണ്. അതാണ് ലിംഗായത്തുകാരനല്ലാത്ത സദാനന്ദ ഗൗഡയെ പടിയിറക്കാന്‍ ഉപയോഗിച്ചത്. അഴിമതിയും വര്‍ഗീയതയുമില്ലെങ്കില്‍ ബിജെപി ഇല്ല എന്ന അവസ്ഥ. യെദ്യൂരപ്പയ്ക്ക് പാര്‍ടിയെ ഭീഷണിപ്പെടുത്താനും വരുതിയില്‍ നിര്‍ത്താനും തന്റെ ഇംഗിതത്തിനുസരിച്ച് വേഷംകെട്ടിക്കാനും കഴിഞ്ഞിരിക്കുന്നു.

ഇന്ത്യയില്‍ ബിജെപി നേരിടുന്ന പ്രതിസന്ധിയുടെ ചെറുരൂപമാണ് കര്‍ണാടകത്തിലേത്. ഗുജറാത്തില്‍ നരേന്ദ്രമോഡി, മധ്യപ്രദേശില്‍ ശിവരാജ്സിങ് ചൗഹാന്‍, ഹിമാചല്‍പ്രദേശില്‍ പ്രേംകുമാര്‍ ധുമല്‍, ഛത്തീസ്ഗഢില്‍ രമണ്‍സിങ്, ജാര്‍ഖണ്ഡില്‍ അര്‍ജുന്‍ മുണ്ട, ഗോവയില്‍ മനോഹര്‍ പരീക്കര്‍ എന്നിവരാണ് ഇപ്പോള്‍ ബിജെപി മുഖ്യമന്ത്രിമാര്‍. നരേന്ദ്രമോഡിയുടെ "ഗുജറാത്ത് മോഡലി"നെയാണ് ദേശീയതലത്തില്‍ തിരിച്ചുവരവിനുവേണ്ടി ബിജെപി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത്. സാമ്പത്തികനയങ്ങളുടെ കാര്യത്തിലും അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസുമായി ഒരു വ്യത്യാസവുമില്ലാത്ത ബിജെപിയുടെ സ്വത്വം അതിന്റെ വര്‍ഗീയരാഷ്ട്രീയമാണ്. അതുതന്നെ വീണ്ടും ഉയര്‍ത്തിക്കാട്ടാമെന്ന് അവര്‍ കരുതുന്നു. അതാണ് മോഡിയെ മുന്നില്‍നിര്‍ത്തി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് അവര്‍ കണക്കുകൂട്ടിയത്.

ഇതിനെതിരെ എന്‍ഡിഎയില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു. മോഡിയെ മുന്നില്‍നിര്‍ത്തിയാല്‍ എന്‍ഡിഎ ഉണ്ടാകില്ലെന്ന് ജെഡിയു നേതാവ് ശരത്യാദവ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ബിജെപി ഇന്ന് നടുക്കടലില്‍ പങ്കായം നഷ്ടപ്പെട്ട നൗകയാണ്. കോണ്‍ഗ്രസിന് ബദലാകാന്‍ കഴിയുന്ന മതനിരപേക്ഷശക്തികളാണ് രാജ്യത്ത് ഉയര്‍ന്നുവരേണ്ടത് എന്നതാണ് കര്‍ണാടകം നല്‍കുന്ന പാഠം. ശ്രീരാമസേനയുടെയും സദാചാര പൊലീസിന്റെയും ആക്രമണവും കൊടികുത്തിവാണ അഴിമതിയുമാണ് ബിജെപി ഭരണത്തിന്റെ വ്യത്യസ്തതയെന്ന് തിരിച്ചറിയാന്‍ വേണ്ടതിലധികം കര്‍ണാടകത്തില്‍ സംഭവിച്ചുകഴിഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ മതനിരപേക്ഷവും അഴിമതിവിരുദ്ധവും ജനതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതുമായ രാഷ്ട്രീയസംവിധാനത്തെ വളര്‍ത്തിയെടുക്കേണ്ടതിന്റെ അനിവാര്യതയാണ് കര്‍ണാടകസംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 10 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബിജെപിയുടെ ആത്മവീര്യം അനുദിനം ചോര്‍ന്നുപോകുന്ന സംഭവവികാസങ്ങളില്‍ ഒടുവിലത്തേതാണ് കര്‍ണാടകത്തിലെ പ്രതിസന്ധിയും അതേത്തുടര്‍ന്നുണ്ടായ നേതൃമാറ്റവും. വര്‍ഗീയരാഷ്ട്രീയത്തിനേറ്റ തിരിച്ചടികള്‍ക്കുപിന്നാലെ സംഘടനാപരമായും ബിജെപി വലിയ വെല്ലുവിളി നേരിടുകയാണെന്നാണ് കര്‍ണാടക സംഭവങ്ങള്‍ കാണിക്കുന്നത്. ദക്ഷിണേന്ത്യയിലേക്കുള്ള കവാടമായാണ് കര്‍ണാടകത്തിലെ വിജയത്തെ ബിജെപി വിശേഷിപ്പിച്ചത്. ബംഗളൂരുവില്‍ പാറുന്ന കാവിക്കൊടി തെക്കേ ഇന്ത്യയാകെ വെട്ടിപ്പിടിക്കുമെന്ന, അണികളെ ത്രസിപ്പിക്കുന്ന വീരവാദവുമായാണ് അവര്‍ പ്രചാരണം നടത്തിയത്. 2008ല്‍ കര്‍ണാടകത്തില്‍ അധികാരത്തിലേറിയതുമുതല്‍ അഴിമതി ആരോപണങ്ങളും വിവാദങ്ങളും ഒന്നൊഴിയാതെ ബിജെപിയെ അലട്ടിക്കൊണ്ടിരുന്നു. മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കും അഴിമതിക്കേസില്‍ പുറത്തുപോകേണ്ടിവന്നു. നാലുവര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് നിയോഗിക്കേണ്ടിവന്നത് എന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു