Monday, July 30, 2012

അസം കലാപം തുറന്നുകാട്ടുന്നത് ഭരണ പരാജയം

കഴിഞ്ഞ ഒരാഴ്ചയിലധികമായി അസമില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഏതൊരു ഇന്ത്യക്കാരനെയും അസ്വസ്ഥനാക്കാന്‍ പോന്നതാണ്. അസമിലെ ബോഡോലാന്റ് സ്വയംഭരണ മേഖലയില്‍ പടര്‍ന്നുപിടിച്ച കലാപത്തില്‍ ഇതിനകം 44 പേര്‍ കൊലചെയ്യപ്പെട്ടു. നാന്നൂറില്‍പരം ഗ്രാമങ്ങളിലെ നൂറുകണക്കിനു ഭവനങ്ങളും കച്ചവടസ്ഥാപനങ്ങളും അഗ്നിക്കിരയായി. രണ്ടുലക്ഷത്തില്‍പരം ആളുകള്‍ താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടി. പതിനായിരത്തിലേറെപ്പേര്‍ അയല്‍സംസ്ഥാനമായ പശ്ചിമ ബംഗാളിലേയ്ക്ക് പലായനം ചെയ്തു. കലാപം ഒരാഴ്ച പിന്നിട്ടിട്ടും പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ല. പട്ടണ പ്രദേശങ്ങളില്‍ കലാപം നിയന്ത്രണവിധേയമാണെങ്കിലും ജനങ്ങള്‍ ഭയത്തിന്റെ നിഴലിലാണ്. ഗ്രാമങ്ങളിലെ സ്ഥിതിഗതികളെപ്പറ്റി ഇനിയും ശരിയായ വിവരങ്ങള്‍ ലഭ്യമല്ല. നിരവധി തവണ വംശീയ കലാപങ്ങള്‍ അരങ്ങേറിയ മേഖലയില്‍ അസ്വസ്ഥതകള്‍ പൊടുന്നനെ തല ഉയര്‍ത്തിയതല്ല. ബോഡോ ഗോത്ര ജനവിഭാഗങ്ങളും ബംഗാളി മുസ്‌ലിങ്ങളും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകളായി സംഘര്‍ഷഭരിതമാണ്. നിസാരമായ പ്രശ്‌നങ്ങള്‍പോലും കലാപങ്ങളായി ആളിപ്പടര്‍ന്നേക്കാവുന്ന ഈ മേഖലയില്‍ ഉരുണ്ടുകൂടിയിരുന്ന അസ്വസ്ഥതകളെപ്പറ്റി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളും ഇരു സര്‍ക്കാരുകളുടെയും രഹസ്യാന്വേഷണ സംവിധാനവും അനുഗ്രഹീതമായ അജ്ഞതയിലായിരുന്നുവെന്നാണ് സംഭവഗതികള്‍ വ്യക്തമാക്കുന്നത്. കലാപം കത്തിപ്പടര്‍ന്നിട്ടും ഒരാഴ്ച കഴിയേണ്ടിവന്നു മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്ക്കും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനും അസ്വസ്ഥബാധിത മേഖല സന്ദര്‍ശിക്കാന്‍. പൗരജനങ്ങള്‍ക്ക് സമാധാന ജീവിതവും ജീവിതസുരക്ഷിതത്വവും ഉറപ്പുനല്‍കേണ്ട ഭരണസംവിധാനത്തിന്റെയും ഭരണനേതൃത്വത്തിന്റെയും പരാജയമാണ് അസമിലെ സംഭവങ്ങള്‍ തുറന്നുകാട്ടുന്നത്. രാഷ്ട്രീയാധികാരം ഉറപ്പിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം പിന്തുടര്‍ന്നുവരുന്ന മത-വംശീയ പ്രീണനനയങ്ങളുടെയും  വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും ദുരന്തഫലമാണ് അസം സംഭവവികാസമെന്നതും അസ്വസ്ഥജനകമാണ്.

അസം താഴ്‌വരയിലേയ്ക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ആരംഭത്തില്‍ തുടങ്ങിയതാണ് ബംഗാളി മുസ്‌ലിം കുടിയേറ്റം. ബ്രിട്ടീഷ് കോളനി മേധാവികളുടെ സജീവപിന്തുണയോടെയാണ് കുടിയേറ്റത്തിനു തുടക്കം കുറിച്ചത്. അന്നത്തെ ഉത്തരപൂര്‍വ പ്രവിശ്യയിലെ പരിമിതമായ ജനസംഖ്യയും ഫലഭൂയിഷ്ടമായ ഭൂമിയും ബംഗാളി മുസ്‌ലിംങ്ങളുടെ കഠിനാധ്വാനശീലവും കുടിയേറ്റത്തിന് അനുകൂല അന്തരീക്ഷമൊരുക്കി. കുടിയേറ്റക്കാര്‍ കാര്‍ഷികോല്‍പ്പാദനത്തില്‍ കാഴ്ചവെച്ച മികവ് കൂടുതല്‍ കുടിയേറ്റത്തിനും പ്രോത്സാഹനമായി. ഇന്ത്യാവിഭജനത്തെ തുടര്‍ന്നും ബംഗഌദേശിന്റെ ആവിര്‍ഭാവവും കുടിയേറ്റത്തിന്റെ വേലിയേറ്റം തന്നെ സൃഷ്ടിച്ചു. അത് മേഖലയിലെ ജനസംഖ്യാതുലനാവസ്ഥ തകിടം മറിച്ചു. അതാണ് മേഖലയിലെ വംശീയ സംഘര്‍ഷങ്ങളുടെ മൂലകാരണം. ഭൂമിക്കുവേണ്ടിയുള്ള കലാപങ്ങള്‍ക്ക് മേഖല പലതവണ സാക്ഷ്യംവഹിച്ചു. 1971 വരെയുള്ള മുഴുവന്‍ കുടിയേറ്റക്കാരെയും ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കുന്ന കരാര്‍ നിലവില്‍ വന്നുവെങ്കിലും ഭൂമിയുടെ പേരിലുള്ള പകയും വിദ്വേഷവും ഇനിയും പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നുവെന്നതാണ് കെട്ടടങ്ങാന്‍ മടിക്കുന്ന അസ്വസ്ഥതകളുടെ അന്തര്‍ധാര. ഭൂമിയുടെ മേലുള്ള ജനങ്ങളുടെ ആശ്രയത്വം കുറയ്ക്കുന്നതിനും ജനങ്ങള്‍ക്ക് ബദല്‍ അതിജീവനമാര്‍ഗങ്ങള്‍ ഒരുക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അക്ഷന്തവ്യമായ വീഴ്ചയാണ് വരുത്തിയത്. ജനജീവിതത്തിന്റെയും അതിജീവനത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സുരക്ഷാസേന നല്‍കുന്ന സുരക്ഷിതത്വം താല്‍ക്കാലികം മാത്രമാണെന്ന് ഇപ്പോഴത്തെ സംഭവങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.

അസം അടങ്ങിയ ഇന്ത്യയുടെ ഉത്തര പൂര്‍വ സംസ്ഥാനങ്ങള്‍ ഈ രാജ്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും അവിടുത്തെ ജനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്നും അവരെ ബോധ്യപ്പെടുത്താന്‍ സ്വാതന്ത്ര്യത്തിന്റെ 65 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നമുക്ക് കഴിഞ്ഞിട്ടില്ല. അത്തരം ഒരു രാഷ്ട്രീയ  അവബോധം അവരില്‍ സൃഷ്ടിക്കുന്നതിനുപകരം സൈനിക വിന്യാസത്തിലൂടെയും ജനാധിപത്യത്തിന്റെ അന്തസത്തയ്ക്കു നിരക്കാത്ത ക്രൂരനിയമങ്ങളിലൂടെയും അധികാരം ഉറപ്പിക്കാമെന്ന വ്യാമോഹത്തിലാണ് കേന്ദ്രഭരണാധികാരികള്‍. ആ വിശാലമേഖലയിലെ ജനങ്ങളെ കേവലം വോട്ടുബാങ്കായി മാത്രം കണക്കാക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് ഇപ്പോഴും തുടരുന്നത്. താന്‍ പ്രതിനിധീകരിക്കുന്ന അസം സംസ്ഥാനത്തിന്റെ വൈവിധ്യവും വൈരുദ്ധ്യങ്ങളും തിരിച്ചറിയാന്‍ പോലും പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്ന പ്രതീതിയാണ് സംഭവങ്ങള്‍ വെളിവാക്കുന്നത്. പട്ടാളത്തിന്റെയും അര്‍ധസൈനികവിഭാഗങ്ങളുടെയും പൊലീസിന്റെയും സാന്നിധ്യം ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായേക്കാം. ഒരു ജനാധിപത്യ രാഷ്ട്രത്തിനുള്ളില്‍ ഒരു പ്രദേശത്തെ എക്കാലത്തേക്കും പൊലീസ് സ്റ്റേറ്റായി നിലനിര്‍ത്താനാവില്ല. അസമിലെയും ഉത്തര പൂര്‍വ്വ സംസ്ഥാനങ്ങളിലെയും പ്രശ്‌നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണാനുള്ള അവസരമായി ബോഡോ സ്വയംഭരണ മേഖലയിലെ പ്രശ്‌നങ്ങളെ സമീപിക്കാന്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ പ്രേരകമാവണം. അല്ലാതെയുള്ള താല്‍ക്കാലിക പരിഹാരമാര്‍ഗങ്ങള്‍ ദുരന്ത പരമ്പരകളിലേക്കായിരിക്കും രാജ്യത്തെ നയിക്കുക.

*
ജനയുഗം മുഖപ്രസംഗം 28 ജൂലൈ 2012

No comments: