Tuesday, July 10, 2012

മാതംഗലീലയില്‍ ഇല്ലാത്തത്

ആറന്മുള, കണങ്കുളങ്ങര, ചെങ്ങന്നൂര്‍, തിരുവല്ല, പുലിയൂര്‍, കായംകുളം എന്നിവ നമ്മുടെ കൊച്ചുകേരള ഭൂപടത്തില്‍ ഈ വര്‍ഷമാദ്യം ചുവപ്പുമഷിയാല്‍ രേഖപ്പെട്ടത് പത്രവായനയെങ്കിലും ശീലമാക്കിയ പൊതുമലയാളിക്ക് ഓര്‍മയുണ്ടാവും. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ കേരളത്തില്‍ ഉത്സവസീസണാണ്. അങ്കച്ചമയ വേഷഭൂഷാദികളോടെ അമ്മദൈവങ്ങളും ഭഗവദ് സ്വരൂപങ്ങളും കൂട്ടത്തില്‍ ചില ആള്‍പ്പിടിയന്‍ ആള്‍ദൈവങ്ങളും മണ്ണിലേക്കിറങ്ങിനടക്കുന്ന സമയം. മേല്‍പ്പറഞ്ഞ സ്ഥലനാമങ്ങള്‍ ജനുവരി-ഫെബ്രുവരി മാസങ്ങളിലെ മാത്രം കണക്കുപ്പെട്ടിയില്‍ നിന്നും ഉദ്ധരിച്ചതാണ്. പിന്നെയും രണ്ടുമാസം ശേഷിക്കുന്നു, കണ്ണില്‍ ചോരയില്ലാത്ത മനുഷ്യമൃഗങ്ങളുടെ പെരുങ്കളിയാട്ടത്തിന്.
പറഞ്ഞുവരുന്നത് നമ്മുടെ നാട്ടിലെ ആനകളെന്ന ജീവിവര്‍ഗത്തെ കുറിച്ചാണ്. ഇപ്പറഞ്ഞ ഭൂപ്രവിശ്യകളിലൊക്കെയും ആനയിടഞ്ഞെന്ന വാര്‍ത്ത മൂന്ന് കോളം വാര്‍ത്തയായി കണ്ണില്‍വന്നുപെട്ട് മാഞ്ഞുപോയി. കൊച്ചുവെളുപ്പാന്‍കാലത്തെ ചുടുചായയ്‌ക്കൊപ്പം ആ ചിന്നം വിളികളും ഒഴിഞ്ഞുപോയി. രണ്ടായിരത്തി ഇരുന്നൂറോളം കരിവീരന്മാര്‍ കേരളത്തില്‍ പണ്ട് ഉത്സവസീസണുകളിലും തടിക്കൂപ്പുകളിലും കാര്യവാഹികളായി പ്രത്യക്ഷപ്പെടുമായിരുന്നെങ്കില്‍ ഇന്നത്, അവസാന കണക്കുപ്രകാരം 628 ആണ്. അതായത് അഖില കേരളാടിസ്ഥാനത്തില്‍ നാട്ടാനകള്‍ ഇത്രമാത്രം! കണക്കുകളിലെ ഈ ഇടിച്ചില്‍ ''കാട്ടാനകള്‍ കാട്ടാനകളായിത്തന്നെ കഴിയുകയാണല്ലോ'' എന്ന ആശ്വാസത്തിനുമല്ല അവസരം തരുന്നത്. കാരണം നമ്മുടെ വനമേഖലയിലും ആന സമ്പത്ത് കുറഞ്ഞുവരികയാണ്. ഐക്യരാഷ്ട്രസഭയുടെ നേച്വര്‍ കണ്‍സര്‍വേഷന്‍ ഇക്കാര്യത്തില്‍ വളരെ മുമ്പുതന്നെ ഇന്ത്യയിലെ പരിസ്ഥിതി സ്‌നേഹികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്.

2003 ല്‍ കേരളത്തില്‍ പുറത്തിറങ്ങിയ നാട്ടാനപരിപാലന നിയമങ്ങളുണ്ട്. വിചിത്രങ്ങളായ ഈ നിയമനിര്‍ദേശങ്ങള്‍ വായിച്ചാല്‍ ഇതുണ്ടാക്കിയ ബുദ്ധികേന്ദ്രത്തിനെ പൂവിട്ട് തൊഴേണ്ടിവരും. ആന സംരക്ഷണത്തിനുതകുന്നത് എന്ന വ്യാജേന ആ സാധുജീവിയെ കൊല്ലാക്കൊല ചെയ്യുന്നതിന് അനുയോജ്യമായ വിധത്തിലാണ് അത് രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. 'നാട്ടാന' നിയമം എന്നുവച്ചാല്‍ നാട്ടിലെ ആഢ്യന്മാരുടെ ആനക്കമ്പത്തിന് കൂട്ടുചേരുക എന്നതാണ് എന്നുവന്നാല്‍ എന്തു ചെയ്യും? ഉത്സവത്തറകളില്‍ നിന്നും തടിക്കൂപ്പുകളിലേക്കും അവിടെ നിന്നും സിനിമാലൊക്കേഷനുകളിലേക്കും ആനകളെ 'ക്രയവിക്രയം' ചെയ്യിക്കുന്നതിനുള്ള അതിവിശേഷ ബുദ്ധി ഈ നിയമം ഒളിച്ച് കടത്തുന്നു! ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ആനകളെ കൊണ്ടുപോകുന്നതിന് നിയമത്തില്‍ എട്ടാം ചട്ടം കാട്ടുന്ന കുടിലത സമര്‍ത്ഥമാണ്.

അതിക്രൂരമാണ്, ആനകളോട് നമ്മള്‍ കാട്ടുന്ന ഈ മൃഗീയത. ഒരു 'മൃഗ'ത്തിന്റെ സ്വഭാവരീതികളൊന്നും കാട്ടാതെ, ആവശ്യത്തിലേറെ ഭക്ഷണവും കഴിച്ച് സ്വസ്ഥതയോടെ വനവിഹാരം നടത്തേണ്ട ഈ ജന്തുശ്രേഷ്ഠരെ 'തട്ടിക്കൊണ്ടു'വന്ന് സാംസ്‌കാരിക മുഖമുദ്രയാക്കുന്ന മലയാളിയുടെ ഈ നാണംകെട്ട ഏര്‍പ്പാട് അവസാനിപ്പിക്കേണ്ട സമയമേറെ കഴിഞ്ഞിരിക്കുന്നു. എരണ്ടക്കെട്ടെന്ന രോഗം നമ്മുടെ നാട്ടിലെ ആനകളെ അകാലമൃത്യുവിനിടയാക്കുന്നുണ്ട്. തെങ്ങോലകളുടെ ഈര്‍ക്കില്‍ വയറ്റിലെത്തുന്നതുവഴി ഉണ്ടാക്കുന്ന രോഗമാണിത്. ആനകള്‍ തെങ്ങോല തിന്നുന്നത്, അതേറെ പ്രിയപ്പെട്ട ഭക്ഷണമായതുകൊണ്ടുമല്ല, കാട്ടിലെവിടെയാണ് തെങ്ങുകളും തെങ്ങോലകളും? പശുവളര്‍ത്തലുകാരന്‍ പുല്ലുപറിക്കാന്‍ മടിച്ച് വൈക്കോലിട്ടുകൊടുത്താല്‍ ആര്‍ത്തിയോടെ പശു തിന്നുന്നത് കണ്ടിട്ടില്ലേ, ഇവിടെയും അതുതന്നെ സംഗതി! ഇഷ്ടമില്ലാഭക്ഷണം കഴിച്ച്, എരണ്ടക്കെട്ട് പിടിപെട്ട്, കൊലകൊല്ലിയെന്ന് വിളിപ്പേര് സമ്പാദിച്ച്, 25 ഡിഗ്രിക്കുമേല്‍ ചൂടുതാങ്ങാനാവാത്ത ദേഹത്തില്‍ 32 ഡിഗ്രി വരെ കൊണ്ടറിഞ്ഞ്, മുഴക്കം കുറഞ്ഞ ചിന്നംവിളികള്‍ നടത്തി ഗതികെട്ട് ചത്തുജീവിക്കുകയാണ് നമ്മുടെ ആഢ്യത്തദാഹത്തിനുമുമ്പില്‍ ഈ ഗജകേസരികള്‍.

ഈ വിഷയം ചൂണ്ടിക്കാട്ടി മുഖത്തെഴുത്തുകാരന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലിട്ട സ്റ്റാറ്റസിന് ഒരു മണിക്കൂറിനുള്ളില്‍ അഞ്ഞൂറിലേറെ 'ലൈക്കു'കളാണ് കിട്ടിയത്. ഈ അഭിപ്രായ സ്വരൂമിപ്പും വെള്ളത്തില്‍ പടം വരച്ചതുപോലാകുമോ?
******
ചലച്ചിത്രസംഘടനയായ ഫെഫ്ക്കക്ക് എന്തോ മാനസിക വൈകൃതമുണ്ട്. കെ പി സി സിക്ക് ഇടയ്ക്കിടക്ക് 'പുന:സംഘടന, പുന:സംഘടന' എന്നൊരു ഉള്‍പ്പുളകം ഉണ്ടാകുന്നതുപോലെ. രണ്ടാഴ്ച ഈ നിലവിളി കാണും. പിന്നെയൊരു ഹൈക്കമാന്‍ഡുതല നിശബ്ദതയില്‍ എല്ലാം കെട്ടടങ്ങും. ഈ പ്രകിയ ഇപ്പോള്‍ ഫെഫ്‌ക്കെയെ ബാധിച്ചിരിക്കുന്നു. ഫെഫ്ക്കയുടെ മുജ്ജന്മശത്രുവായ വിനയന്റെ ചിത്രത്തില്‍ സഹകരിച്ചതിന് കലാസംവിധായകന്‍ സാലു കെ ജോര്‍ജിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. വിലക്കിന്റെ അസ്‌കിത ഉടനെയൊന്നും ഈ ചേട്ടന്മാരെ വിട്ടുപോകുകയുമില്ല.  ഇങ്ങനെ ''എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം''  കലാകാരന്മാരുടെയൊക്കെ മേല്‍ കെട്ടിവയ്ക്കാന്‍ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ട് ഈ സംഘടനകള്‍. എന്നിട്ടെന്തായി; വിലക്കപ്പെട്ടവര്‍ അന്തസായി പിന്നെയും കുറേക്കാലം സിനിമയില്‍ നിന്ന് ഒഴിച്ചുകൂടാത്തവരായി നിലകൊണ്ടു. സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ചതിന് അദൃശ്യവിലക്കേര്‍ക്കപ്പെട്ട തിലകന്റെ പുറകേയാണ് സകലമാന ചലച്ചിത്ര കേമന്മാരും! കഴിവുള്ള കലാകാരന്മാരെ ആര്‍ക്കാണ് വിലക്കാനാവുക!
ഇത്രയും ഓര്‍മ്മിപ്പിച്ചത് വിനയചന്ദ്രന്‍ പി എസ് എന്ന ഫെയ്‌സ്ബുക്ക് സഞ്ചാരിയാണ്. അദ്ദേഹത്തിന് നന്ദി.

ടാഗ്ഗിംങ്:

ഒരിക്കല്‍ അഹമ്മദാബാദില്‍ വച്ച് നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയില്‍ സംസാരിക്കുയായിരുന്ന മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. അദ്ദേഹം പറഞ്ഞു.
''ഖാദി തൊപ്പിക്ക് എല്ലാവരും ബഹുമാനം നല്‍കും. അതെനിക്കുമറിയാം. എന്നാല്‍ അതൊരു രക്ഷാകവചമാക്കരുത്. തൊപ്പിയല്ല. അതിനുതാഴെയുള്ളതാണ് ഉപയോഗിക്കേണ്ടത്.''
കോണ്‍ഗ്രസുകാര്‍ തങ്ങളുടെ തൊപ്പി തലയില്‍ നിന്നെടുത്ത് കാര്യം മനസിലാവാതെയിരുന്നപ്പോള്‍ നെഹ്‌റു ദേഷ്യത്തോടെ പറഞ്ഞു ''തൊപ്പിക്ക് താഴെ തലയാണെന്നും അറിഞ്ഞുകൂടേ?''

*
വി സി അഭിലാഷ് ജനയുഗം 10 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആറന്മുള, കണങ്കുളങ്ങര, ചെങ്ങന്നൂര്‍, തിരുവല്ല, പുലിയൂര്‍, കായംകുളം എന്നിവ നമ്മുടെ കൊച്ചുകേരള ഭൂപടത്തില്‍ ഈ വര്‍ഷമാദ്യം ചുവപ്പുമഷിയാല്‍ രേഖപ്പെട്ടത് പത്രവായനയെങ്കിലും ശീലമാക്കിയ പൊതുമലയാളിക്ക് ഓര്‍മയുണ്ടാവും. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ കേരളത്തില്‍ ഉത്സവസീസണാണ്. അങ്കച്ചമയ വേഷഭൂഷാദികളോടെ അമ്മദൈവങ്ങളും ഭഗവദ് സ്വരൂപങ്ങളും കൂട്ടത്തില്‍ ചില ആള്‍പ്പിടിയന്‍ ആള്‍ദൈവങ്ങളും മണ്ണിലേക്കിറങ്ങിനടക്കുന്ന സമയം. മേല്‍പ്പറഞ്ഞ സ്ഥലനാമങ്ങള്‍ ജനുവരി-ഫെബ്രുവരി മാസങ്ങളിലെ മാത്രം കണക്കുപ്പെട്ടിയില്‍ നിന്നും ഉദ്ധരിച്ചതാണ്. പിന്നെയും രണ്ടുമാസം ശേഷിക്കുന്നു, കണ്ണില്‍ ചോരയില്ലാത്ത മനുഷ്യമൃഗങ്ങളുടെ പെരുങ്കളിയാട്ടത്തിന്.