Thursday, July 19, 2012

ആരോഗ്യരംഗവും കോര്‍പ്പറേറ്റ് മാഫിയകള്‍ക്ക്

ഇന്ത്യന്‍ ഭരണഘടനയുടെ 38, 39(ഇ) 41, 42 എന്നീ വകുപ്പുകളനുസരിച്ച് രാജ്യത്തെ ഓരോ പൗരന്റെയും ആരോഗ്യപരിരക്ഷ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ബാധ്യതയാണ്. ഭരണഘടനയുടെ ഈ നിര്‍ദ്ദേശകതത്വം ലംഘിക്കണമെങ്കില്‍ ഭരണഘടന അസാധുവാക്കണം.  ഈ പ്രാഥമിക വിവരം പോലുമില്ലാത്തവര്‍ അധികാരത്തില്‍ വരുന്നതുകൊണ്ട് രണ്ടു അപകടങ്ങളുണ്ട്. ഒന്ന് ഇവരുടെ ഭരണം ഭരണഘടനാവിരുദ്ധമായിരിക്കും. രണ്ട് എത് ഭരണഘടനയനുസരിച്ചാണോ ജനങ്ങള്‍ ഭരണാധികാരികളെ വിശ്വാസത്തിലെടുത്തത് ആ ജനവിശ്വാസം അട്ടിമറിക്കപ്പെടും. രണ്ടാമത് പറഞ്ഞ കാര്യം വന്‍തോതിലുള്ള അപകടം ജനജീവിതത്തിനുണ്ടാക്കും.

കേരളത്തില്‍ ആദിവാസികളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനെന്ന വ്യാജേന യു ഡി എഫ് സര്‍ക്കാര്‍ സ്വകാര്യ വന്‍കിട കോര്‍പ്പറേറ്റുകാരെ ചികിത്സാമേഖല കൂടി ഏല്‍പ്പിക്കാന്‍ പോകുന്നു. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി കത്തെഴുതിയിരിക്കുന്നു. കേവലം രണ്ട് ഉദേ്യാഗസ്ഥരുടെ ആഗ്രഹനിഗ്രഹമല്ല ഇതെന്ന് ആര്‍ക്കും മനസ്സിലാകും. ഭരണത്തിലേറിയ നാള്‍ മുതല്‍ യു ഡി എഫ് പ്രകടിപ്പിക്കുന്ന സ്വകാര്യവല്‍ക്കരണമോഹം വിദ്യാഭ്യാസം, ഭൂമിയിടപാടുകള്‍, ഭക്ഷ്യവിതരണം തുടങ്ങി ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളില്‍ പിടിമുറുക്കി അവയെല്ലാം തന്നെ പലവിധ മാഫിയകള്‍ക്ക് പണയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ രണ്ടു മാസമായി കേരളത്തില്‍ പനി മരണം നിത്യവും സംഭവിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യ മേഖലയില്‍ മരുന്നുകമ്പനിക്കാരും സ്വകാര്യ ആശുപത്രിക്കാരും ചേര്‍ന്ന് നടത്തുന്ന വന്‍പിച്ച അഴിമതികളും വിഹിതംപങ്കുവെയ്ക്കലും കൊണ്ട് സാധാരണക്കാരായ ജനങ്ങള്‍ നട്ടംതിരിയുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ സാങ്കേതിക സാമഗ്രികള്‍ മന:പൂര്‍വം കേടുവരുത്തിയും നിരുത്തരവാദപരമായി പല ഡോക്ടര്‍മാരും പ്രവര്‍ത്തിച്ചതുവഴിയും ജീവഹാനിയും അപകടവും സംഭവിച്ച, ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കുന്ന പാവപ്പെട്ട രോഗികളോട്  ഒരാശ്വാസ വാക്കുേപാലും പറയാന്‍ കഴിയാത്ത സര്‍ക്കാര്‍ ആദിവാസികളുടെ ആരോഗ്യപരിരക്ഷക്കായി കോര്‍പ്പറേറ്റുകളെ ചുമതല ഏല്‍പ്പിക്കാന്‍ ഒരുങ്ങുന്നത് മിതമായി പറഞ്ഞാല്‍ കള്ളനെ താക്കോലേല്‍പിക്കുന്നതു പോലുള്ള ഒരേര്‍പ്പാടായിപ്പോയി. ആദിവാസികളുടെ  മറവില്‍ പതുക്കെ പതുക്കെ ആരോഗ്യമേഖലയാകെ സ്വകാര്യ കോര്‍പ്പറേറ്റ് കുത്തകകളെ ഏല്‍പ്പിക്കാമെന്നും അതുവഴി വന്‍ലാഭം കമ്മിഷന്‍ ഇനത്തില്‍ പലവഴി കീശയിലാക്കാമെന്നും യു ഡി എഫ് കണക്കുകൂട്ടിയിട്ടുണ്ട്. കഴിക്കുന്ന അന്നത്തിലും കുടിക്കുന്ന വെള്ളത്തിലും തലചായ്ക്കാനുള്ള കൂരയ്ക്കായുള്ള ഒരു തുണ്ട് ഭൂമിയിലും നാലക്ഷരം പഠിക്കാനുള്ള പാവപ്പെട്ടവന്റെ ആശയിലും മണ്ണുവാരി ഇട്ടുകഴിഞ്ഞു. ഒടുവിലിതാ ആരോഗ്യരംഗത്തും.

കൂണുകള്‍ പോലെ സ്‌പെഷ്യലൈസ്ഡ് ആശുപത്രികള്‍  കെട്ടിപൊക്കാന്‍ വന്‍കിടക്കാരെ വഴിവിട്ട് സഹായിക്കുന്നവര്‍ നിലവിലുള്ള അഞ്ച് മെഡിക്കല്‍ കോളജുകളിലും 1274 ജനറല്‍ ആശുപത്രി  അടക്കമുള്ള ജില്ലാകേന്ദ്രങ്ങളിലെ ആശുപത്രികളിലും 114 കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രങ്ങളിലും 929 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും 5568 സബ്‌സെന്ററുകളിലും ആവശ്യത്തിനുള്ള  സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ശുഷ്‌കാന്തി കാണിച്ചിരുന്നെങ്കില്‍ ആരോഗ്യപരിപാലനം സാധാരണക്കാരന് കിട്ടാക്കനിയാകില്ലായിരുന്നു.

ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശമാണ് ഭരണകൂടം തട്ടിത്തകര്‍ക്കുന്നത്. ആ അര്‍ഥത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലും ഭരണഘടനാലംഘനമാണ് നടത്തുന്നത്. ആരോഗ്യരംഗത്തെ  സ്വകാര്യ മേഖലക്ക് പണയപ്പെടുത്താനുള്ള അധാര്‍മ്മിക ഭരണഘടനാവിരുദ്ധ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയേ പറ്റൂ. അല്ലെങ്കില്‍ രാജ്യത്തെ ഭരണഘടനയോടുപോലും ബഹുമാനമില്ലാത്തവര്‍ ഭരണാധികാരികളായിരിക്കാന്‍ അര്‍ഹരാകില്ല. ജനകീയ കോടതികളില്‍ ഈ ലംഘനത്തിനെതിരെ വിചാരണ ആരംഭിക്കുകതന്നെ ചെയ്യും.

*
ജനയുഗം മുഖപ്രസംഗം 16 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ ഭരണഘടനയുടെ 38, 39(ഇ) 41, 42 എന്നീ വകുപ്പുകളനുസരിച്ച് രാജ്യത്തെ ഓരോ പൗരന്റെയും ആരോഗ്യപരിരക്ഷ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ബാധ്യതയാണ്. ഭരണഘടനയുടെ ഈ നിര്‍ദ്ദേശകതത്വം ലംഘിക്കണമെങ്കില്‍ ഭരണഘടന അസാധുവാക്കണം. ഈ പ്രാഥമിക വിവരം പോലുമില്ലാത്തവര്‍ അധികാരത്തില്‍ വരുന്നതുകൊണ്ട് രണ്ടു അപകടങ്ങളുണ്ട്. ഒന്ന് ഇവരുടെ ഭരണം ഭരണഘടനാവിരുദ്ധമായിരിക്കും. രണ്ട് എത് ഭരണഘടനയനുസരിച്ചാണോ ജനങ്ങള്‍ ഭരണാധികാരികളെ വിശ്വാസത്തിലെടുത്തത് ആ ജനവിശ്വാസം അട്ടിമറിക്കപ്പെടും. രണ്ടാമത് പറഞ്ഞ കാര്യം വന്‍തോതിലുള്ള അപകടം ജനജീവിതത്തിനുണ്ടാക്കും.