Thursday, July 19, 2012

മാധ്യമങ്ങളിലെ കണ്ണൂര്‍

കണ്ണൂരില്‍ എന്താണ് നടക്കുന്നത് എന്ന ചോദ്യം സമീപനാളുകളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നു. കുറെ പാര്‍ടി ഗ്രാമങ്ങള്‍, അവിടെ പാര്‍ട്ടിക്കാരുടെ നിയമം, കുറ്റവാളികളെ പാര്‍പ്പിക്കാന്‍ രഹസ്യ സങ്കേതങ്ങള്‍, കൊലപാതകം നടത്താന്‍ പരിശീലനം നേടിയ സംഘങ്ങള്‍ -ഇങ്ങനെ ഭയപ്പെടുത്തുന്ന അന്തരീക്ഷം അവിടെ നിലനില്‍ക്കുന്നു എന്ന് കണ്ണൂരിന് പുറത്തുള്ള വലിയ വിഭാഗം ശുദ്ധാത്മാക്കള്‍ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാന്‍ പാകത്തിലുള്ള കഥകള്‍ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കപ്പെടുന്നു. ഒരു പ്രമുഖ ദിനപത്രം, കണ്ണൂര്‍ ;അറിവും വികസനവും കടന്നുചെല്ലാത്ത ഒറ്റപ്പെട്ട തുരുത്തായാണ് വിശേഷിപ്പിച്ചത്. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ നാട്. അതില്‍ എന്നും ഒരുഭഭാഗത്ത് കമ്യൂണിസ്റ്റുകാര്‍. എതിരാളികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമില്ല. കമ്യൂണിസ്റ്റുകാര്‍ കണ്ണൂരിന്റെ ചലനം നിയന്ത്രിക്കുന്നു. അതിനെ എതിര്‍ക്കുന്നവര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. കമ്യൂണിസ്റ്റ് പാര്‍ടിക്ക് ബദലുണ്ടായാലേ, പ്രതിശക്തി വളര്‍ന്നുവന്നാലേ കണ്ണൂരിനെ രക്ഷിച്ചെടുക്കാനാവൂ എന്നാണ് മാധ്യമങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന വിലാപം. ഈ വിലാപത്തിന്റെ മറപറ്റിയാണ് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലയുടെ, വിശേഷിച്ച് തലശേരി താലൂക്കില്‍ വേരോട്ടമുണ്ടാക്കാന്‍ അരനൂറ്റാണ്ടോളമായി ശ്രമിക്കുന്നത്. ആര്‍എസ്എസ്സിന് അതില്‍ വിജയിക്കാനാവാതിരുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉത്തര മലബാറിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും സൃഷ്ടിച്ച അപ്രതിരോധ്യമായ സ്വാധീനം ഒന്നുകൊണ്ടാണ്.

നവോത്ഥാന പ്രസ്ഥാനത്തിന്റെ കൊടിയാണ്, സാമ്രാജ്യത്വത്തിനും ജന്മി-നാടുവാഴി വാഴ്ചയുടെ കിരാതമായ അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടത്തില്‍ കമ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിപ്പിടിച്ചത്. ആ തുടര്‍ച്ചയാണ്, അനീതിയോട് സന്ധിചെയ്യാത്ത പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും പാരമ്പര്യമാണ് തലശേരിയില്‍ വര്‍ഗീയ കലാപത്തിന് തീകൊളുത്തിയപ്പോള്‍ ആര്‍എസ്എസ്സിന് അഭിമുഖീകരിക്കേണ്ടിവന്നത്. അന്ന്, ജീവന്‍കൊടുത്തും മതസൗഹാര്‍ദവും സമാധാനവും സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി സ്വമേധയാ രംഗത്തിറങ്ങിയ സിപിഐ എം പ്രവര്‍ത്തകരുടെ ധീരത സമാനതയില്ലാത്തതാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ അതീവ സാമര്‍ഥ്യത്തോടെ മറച്ചുവച്ച് കണ്ണൂരിന്റെ പേരില്‍ സിപിഐ എമ്മിനെ വേട്ടയാടാനാണ് എക്കാലവും മാധ്യമങ്ങള്‍ ശ്രമിച്ചത്.

കണ്ണൂരില്‍ സിപിഐ എം എന്ന പ്രസ്ഥാനം ആര്‍ജിച്ച വിശ്വാസ്യതയും അംഗീകാരവും അസൂയാവഹംതന്നെ എന്നതില്‍ തര്‍ക്കമില്ല. ചില മേഖലകളില്‍ ജനങ്ങളില്‍ മഹാഭൂരിപക്ഷം ജനങ്ങളും പാര്‍ടിയില്‍ അണിനിരന്നിരിക്കുന്നു. അത്തരം പ്രദേശങ്ങളില്‍ സാമൂഹിക ജീവിതത്തിന്റെ ഒരുതലത്തിലും പാര്‍ടി ഒഴിച്ചുനിര്‍ത്തപ്പെടുന്നില്ല. കേരളത്തില്‍ ഏറ്റവുമധികം സഹകരണ സ്ഥാപനങ്ങളുള്ള ഗ്രാമം പിണറായിയാണ്. ഏറ്റവുമേറെ വായനശാലകളും ഗ്രന്ഥാലയങ്ങളുമുള്ളത് കതിരൂരിലാണ്. ഒരു സഹകരണ സ്ഥാപനവും കക്ഷിതിരിച്ച് ഇടപാടുനടത്തുന്നില്ല. ഒരു വായനശാലയിലും കൊടിയുടെ നിറംനോക്കി പ്രവേശനം നിയന്ത്രിക്കുന്നില്ല. പാര്‍ടിയും ജനങ്ങളും തമ്മില്‍ വേര്‍തിരിവില്ലാത്ത അവസ്ഥയെ, കമ്യൂണിസ്റ്റുകാരെപ്പോലെ ജനങ്ങളുമായി ഇടപഴകിക്കൊണ്ടും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുമല്ല എതിരാളികള്‍ നേരിട്ടത്. കായികമായ ആക്രമണത്തിന്റെ പാതയാണ് ആര്‍എസ്എസ് സ്വീകരിച്ചതെങ്കില്‍, കോണ്‍ഗ്രസ് അതിന് പ്രചാരണത്തിന്റെ സാധ്യതകള്‍കൂടി ഉപയോഗിച്ചു. പാര്‍ടി ഗ്രാമമെന്ന വിളിപ്പേരിട്ടും അത്തരം സ്ഥലങ്ങളില്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് കിട്ടുന്ന വോട്ട് കള്ളവോട്ടാണെന്ന് പ്രചരിപ്പിച്ചും മാര്‍ക്സിസ്റ്റ് കേന്ദ്രങ്ങളില്‍ ജനാധിപത്യം ധ്വംസിക്കപ്പെടുന്നുവെന്ന ചിത്രം വരച്ചിടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. അതിന്റെ ആനുകൂല്യത്തിലാണ്, ""രണ്ടും ഞങ്ങള്‍ നിഷേധിച്ചില്ലല്ലോ (നാല്‍പ്പാടി വാസു വധവും സേവറി ഹോട്ടല്‍ ആക്രമണവും). സേവറി സംഭവത്തില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പാളിച്ചകള്‍ സമ്മതിച്ചിട്ടുണ്ട്. നാല്‍പ്പാടി വാസു മരിക്കാനിടയായതിലും ഞാന്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എന്റെ ഗണ്‍മാനാണ് വെടിവച്ചത് എന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്"" എന്ന് പരസ്യമായി പറയാന്‍ കെ സുധാകരന്‍ എന്ന കോണ്‍ഗ്രസ് നേതാവിന് അവസരം സൃഷ്ടിച്ചുകൊടുത്തത്.

നാല്‍പ്പാടി വാസു കൊല്ലപ്പെട്ടത് ഏതെങ്കിലും സംഘട്ടനത്തിലല്ല. സുധാകരന്റെ അക്രമ വിരുദ്ധജാഥ കടന്നുപോകുന്ന വഴിയിലെ ഒരു ചായക്കടയിലിരുന്നു എന്നതുമാത്രമാണ് വാസുവിന്റെ അപരാധം. ആരോ ഒരാള്‍ ജാഥയ്ക്കുനേരെ കൈയാംഗ്യം കാട്ടി എന്ന് തോന്നിയപ്പോള്‍ വിധിച്ചത് വധശിക്ഷയാണ്. അന്നും കേസ് വന്നു. സുധാകരന്റെ കുറ്റം കണ്ടുപിടിക്കാന്‍ മൊബൈല്‍ഫോണ്‍ ടവര്‍ തേടിപ്പോകേണ്ടിയിരുന്നില്ല. പക്ഷെ, പൊലീസ് ആ പേര് വെട്ടി മാറ്റി. ഞാന്‍ ഒരുത്തനെ കൊന്നിട്ടിട്ടുണ്ട് എന്ന് പ്രഖ്യാപിച്ച പ്രതി പിന്നെയും കൊലപാതക രാഷ്ട്രീയം തുടര്‍ന്നു. ആര്‍എസ്എസ്സില്‍നിന്ന് കണ്ണൂരിലെ മാര്‍ക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ കൊടി കെ സുധാകരനാണ് ഏറ്റുവാങ്ങിയത്. അടിയന്തരാവസ്ഥയുടെ തേര്‍വാഴ്ചയ്ക്കുശേഷം ഒറ്റപ്പെട്ടുപോയ കോണ്‍ഗ്രസിന്റെ വീര്യം തോക്കുകൊണ്ടും ബോംബുകൊണ്ടും വീണ്ടെടുക്കുകയെന്ന ദൗത്യമാണ് സുധാകരന്‍ ഏറ്റെടുത്തത്. കേരളശബ്ദം ലേഖകന്‍ സുധാകരനോട് ചോദിച്ചു: "ഇത്രയേറെ പ്രതികരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍മാത്രം ബോംബുകള്‍ പ്രാദേശിക തലത്തില്‍ ഉണ്ടെന്നോ?" ഉത്തരം ഇങ്ങനെയായിരുന്നു:

"ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലുണ്ടായിരിക്കുന്ന രാഷ്ട്രീയ സ്ഥിതിഗതിയില്‍ സുരക്ഷിതബോധം നഷ്ടപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മരക്ഷയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരും ആഹ്വാനം ചെയ്യാതെ നടത്തുന്നുണ്ട്." ബോംബുണ്ടാക്കാനും പ്രയോഗിക്കാനും മാത്രമല്ല, അതിന് ന്യായീകരണം നിരത്താനും സുധാകരന്‍ തയാറായിരുന്നു എന്നാണിതിനര്‍ഥം. സുധാകരന്റെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങള്‍ സൗകര്യപൂര്‍വം മറച്ചുവച്ച മാധ്യമങ്ങള്‍ അവിടെയെല്ലാം മാര്‍ക്സിസ്റ്റ് അക്രമത്തിന്റെ കഥകള്‍ പ്രചരിപ്പിക്കാന്‍ കൈമെയ് മറന്ന് കഥകളെഴുതി. സംഘടിതവും ഏകപക്ഷീയവും നിരന്തരവുമായ പ്രചാരണത്തിലൂടെ നിസ്സാരമല്ലാത്ത വിശ്വാസ്യത ജനിപ്പിക്കാന്‍ കഴിയും. അത്തരം വിശ്വാസങ്ങള്‍ തകരുന്നത്, മറിച്ചുള്ള അനുഭവങ്ങളിലൂടെയാണ്. പ്രശാന്ത് ബാബു എന്ന ചെറുപ്പക്കാരന്‍ ഒരുനാള്‍ കേരളത്തിനുമുന്നില്‍ പ്രത്യക്ഷപ്പെട്ടത് അങ്ങനെ ഒരനുഭവം പകര്‍ന്നു നല്‍കാനാണ്. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവും ജനപ്രതിനിധിയുമായിരുന്നു പ്രശാന്ത് ബാബു. 1993ല്‍, കണ്ണൂര്‍ രാഷ്ട്രീയം സംഘര്‍ഷഭരിതമായ നാളുകളില്‍ ഇന്ത്യ ടുഡേയുടെ അന്നത്തെ കേരള ലേഖകന്‍ ജേക്കബ് ജോര്‍ജ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിരുന്നു. ഏകപക്ഷീയമായ മാര്‍ക്സിസ്റ്റ് ആക്രമണമാണോ കണ്ണൂരിലേത് എന്നന്വേഷിക്കാനുള്ള യാത്രയില്‍ അദ്ദേഹം കുറെ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ടു. പ്രശാന്ത് ബാബുവായിരുന്നു അന്ന് അദ്ദേഹത്തിന് വഴികാട്ടിയായി നിയോഗിക്കപ്പെട്ടത്. ഇന്ന്, ആ മുഖം ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ജേക്കബ് ജോര്‍ജ് തിരിച്ചറിഞ്ഞു. തന്നോട് സംസാരിക്കാനെത്തിയ കോണ്‍ഗ്രസുകാരന്റെ അരയില്‍നിന്നും തോക്ക് താഴെ വീണത് ഇന്നും ഉള്‍ക്കിടിലമുണ്ടാക്കുന്നുവെന്ന് ജേക്കബ് ജോര്‍ജ് പറയുമ്പോള്‍, കണ്ണൂരിന്റെ അക്രമരാഷ്ട്രീയ മുഖം എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നതിന്റെ വ്യക്തമായ സൂചന അതിലുണ്ട്.

കോണ്‍ഗ്രസ് നിര്‍മിച്ച ബോംബുകള്‍ ജേക്കബ് ജോര്‍ജിനെ നേരില്‍ കാണിക്കാന്‍ സുധാകരന്‍ നിയോഗിച്ചവരില്‍ പ്രധാനിയായിരുന്നു അന്ന് പ്രശാന്ത് ബാബു. ഏറെ ദൂരം സഞ്ചരിച്ച് രഹസ്യകേന്ദ്രത്തിലെത്തണമെന്ന ധാരണയില്‍ ജേക്കബ് ജോര്‍ജ് പ്രത്യേക വാഹനം ഏര്‍പ്പാടുചെയ്തിരുന്നു. പ്രശാന്ത് പറഞ്ഞു -"വേണ്ട, നടന്നുപോകാവുന്നതേയുള്ളൂ." കണ്ണൂര്‍ നഗരമധ്യത്തിലെ ഡിസിസി ഓഫീസ് വരെയേ പോകേണ്ടിവന്നുള്ളൂ. അവിടെ സൂക്ഷിച്ച പലതരം ബോംബുകള്‍, ആയുധങ്ങള്‍. അവ നിരത്തിവച്ച് ചിത്രീകരണം. ആ റിപ്പോര്‍ട്ടും ചിത്രങ്ങളും അച്ചടിച്ചുവന്നപ്പോള്‍ അത് സുധാകരന്റെ പ്രഹരശേഷിയാണെന്ന് വാഴ്ത്തി മലയാള മനോരമ. സുധാകരന്റെ ഏറവുമടുത്ത അനുയായികളായിരുന്ന പലരും ഇന്ന് കൂടെയില്ല. ഡിസിസിയുടെ വാഹനത്തിന്റെ ഡ്രൈവര്‍, ഓഫീസ് സെക്രട്ടറി, യൂത്ത്കോണ്‍ഗ്രസ് നേതാവ്, കണ്ണൂര്‍ നഗരസഭാ കൗണ്‍സിലര്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച അതീവ വിശ്വസ്തരിലൊരാളായിരുന്നു എം പ്രശാന്ത്ബാബു. നാല്‍പ്പാടി വാസു വധിക്കപ്പെട്ടതിന്റെ സാക്ഷി. സേവറി ഹോട്ടല്‍ ആക്രമണക്കേസിലെ പ്രതി. കേരളത്തെ ഞെട്ടിച്ച മറ്റു പല കൊലപാതകക്കേസുകളുടെയും കൂറ്റന്‍ അഴിമതികളുടെയും രഹസ്യങ്ങള്‍ മനസ്സില്‍ സുക്ഷിക്കുന്നയാള്‍. പ്രശാന്ത് ബാബു ചിലത് തുറന്നു പറഞ്ഞപ്പോള്‍, ഡിസിസി ഓഫീസില്‍ ചായ വാങ്ങിക്കൊണ്ടുവരുന്നവന്റെ ജല്‍പനങ്ങളായാണ് സുധാകരന്‍ അതിനെ നിസ്സാരവല്‍ക്കരിച്ചത്. പൊലീസാകട്ടെ, പ്രശാന്ത് ബാബു പിന്നീട് ആരോടും ഒന്നും പറയാതിരിക്കാന്‍ ചുറ്റും വലവിരിക്കുകയാണ് ആദ്യം ചെയ്തത്. ഇന്ന് രണ്ട് പൊലീസുകാര്‍ ഇടത്തും വലത്തും നില്‍ക്കുന്നു-അതിന്റെ പേര് സംരക്ഷണമെന്ന്. പ്രത്യേക അന്വേഷണ സംഘം വരുന്നതിനുമുമ്പുതന്നെ പൊലീസ് പ്രശാന്ത് ബാബുവിനെ വരിഞ്ഞു. ബാങ്ക് അക്കൗണ്ടുമുതല്‍ പലചരക്കുകടയിലെ പറ്റുവരവുകണക്കുവരെ പരിശോധിച്ചു. വിളിച്ചു വരുത്തി, എന്തെല്ലാം ഇനി പറയുമെന്നും എന്തൊക്കെ പറയില്ല എന്നും ഉറപ്പുവരുത്തി. സുധാകരനെ സംരക്ഷിക്കേണ്ടത് പൊലീസിന്റെ ബാധ്യതയായിരിക്കുന്നു.

സിപിഐ എമ്മിനെതിരായ സംഘടിത രാഷ്ട്രീയ ആക്രമണത്തിന്റെ ശവക്കുഴി തോണ്ടുന്ന രഹസ്യങ്ങളാകും സുധാകരന്റെ പിന്നാമ്പുറങ്ങളില്‍നിന്ന് പുറത്തുവരിക എന്ന ബോധ്യം മാധ്യമങ്ങള്‍ക്കുമുണ്ട്. പ്രശാന്ത് ബാബുവിെന്‍റ വെളിപ്പെടുത്തലില്‍ തുടരന്വേഷണം അനിവാര്യമാകുന്ന വിവിധ കേസുകളുണ്ട്. അതില്‍ മുഖ്യം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടന്നത് കെ സുധാകരന്റെ എടക്കാട് നടാലിലെ വീട്ടില്‍ വച്ചായിരുന്നു എന്നതാണ്. ഗൂഢാലോചനയില്‍ തലശേരി കോടതിയിലെ സിഎംപിക്കാരനായ പ്രമുഖ അഭിഭാഷകന്‍, തൃപ്രയാറിലെ ക്വട്ടേഷന്‍ സംഘത്തെയാണ് ആദ്യം കൊലനടത്താന്‍ ഏല്‍പിച്ചത് എന്നീ കാര്യങ്ങള്‍ അര്‍ഥശങ്കയില്ലാതെയാണ് പ്രശാന്ത് ബാബു പറഞ്ഞത്. അഡ്വ. ടി പി ഹരീന്ദ്രന്‍, കാപ്പാടന്‍ രമേശന്‍, ബാബുക്ക മനോജ്, ജിമ്മി ജോര്‍ജ്, തൃപ്രയാര്‍ ത്രിമൂര്‍ത്തിയെന്ന ക്വട്ടേഷന്‍ സംഘം എന്നിങ്ങനെയുള്ള പേരുകള്‍ പുറത്തുവന്നു. ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ ഉള്‍പ്പെട്ട രാജീവനെക്കുറിച്ച് പ്രശാന്ത് ആവര്‍ത്തിച്ചു പറയുന്നുണ്ട്. കെ സുധാകരന്റെ ഏറ്റവും പ്രിയപ്പെട്ട ഉപദേശകനായ രാജീവന്‍ മാതൃഭൂമി പത്രത്തിന്റെ മംഗലാപുരം ലേഖകനാണ്. വാടകക്കൊലയാളികളായ പേട്ട ദിനേശനും വിക്രംചാലില്‍ ശശിയും രംഗത്തുവരുന്നത് രാജീവനിലൂടെയാണ് എന്ന് പ്രശാന്ത് ബാബു പറഞ്ഞിരിക്കുന്നു. നേരത്തെതന്നെ ഇതിന്റെ വിവരങ്ങള്‍ പുറത്തുവന്നതുമാണ്.

ഇ പി ജയരാജന്‍ വധശ്രമക്കേസ് മാത്രമല്ല കണ്ണൂര്‍ ജില്ലയില്‍ രണ്ടുപതിറ്റാണ്ടായി നടക്കുന്ന അക്രമങ്ങളുടെയും അഴിമതിയുടെയും ഭീകരമായ ചിത്രമാണ് അന്വേഷകര്‍ക്കുമുന്നില്‍ നിവരാനുള്ളത്. പ്രശാന്ത് ബാബുവിന്റെ വാക്കുകള്‍ക്ക് പകരം കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന് സുധാകരന്റെ കൊള്ളരുതായ്മകളെ എതിര്‍ത്ത പി രാമകൃഷ്ണന്റെ വാക്കുകള്‍ അന്വേഷണവിധേയമാക്കിയാലും സുധാകരന്‍ എന്ന ബിംബവും അതിലുടെ മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്റെ ചീട്ടുകൊട്ടാരവും തകര്‍ന്നടിയും. ഇത്തരം സംഭവങ്ങളോട് ബോധപൂര്‍വം മുഖംതിരിച്ചു നില്‍ക്കുന്ന മാധ്യമങ്ങള്‍ കണ്ണൂരിനെ സിപിഐ എം അക്രമത്തിന്റെ വിളനിലമായാണ് ചിത്രീകരിക്കുന്നത്. വന്നുവന്ന് കണ്ണൂരിലെ ജനങ്ങളുടെ ആത്മാഭിമാനത്തെപ്പോലും ചോദ്യംചെയ്യുന്ന നിലയിലേക്ക് മാധ്യമ പ്രചാരണം വളര്‍ന്നുകഴിഞ്ഞു. ഐക്യവും സ്നേഹവും സഹകരണവും ഒത്തൊരുമയും നിറഞ്ഞുനില്‍ക്കുന്ന ഒരു നാടിനെ അക്രമത്തിന്റെയും അതിക്രമത്തിന്റെയും മണ്ണായി ചിത്രീകരിക്കുന്ന സാമൂഹ്യദ്രോഹമാണ് ഒരു പറ്റം മാധ്യമങ്ങള്‍ നടത്തുന്നത്. മാധ്യമങ്ങള്‍ വരച്ചുകാട്ടുന്ന വികൃതചിത്രങ്ങള്‍ക്ക് മറച്ചുവയ്ക്കാന്‍ പറ്റാത്ത ഹൃദയസ്നേഹമുള്ള മനസ്സാണ് കണ്ണൂരിന്റേത് എന്ന് കാലം തെളിയിക്കുക തന്നെ ചെയ്യുമെന്നേ പറയാനുള്ളൂ.

*
പി എം മനോജ് ദേശാഭിമാനി 22 ജൂലൈ 2012

3 comments:

വര്‍ക്കേഴ്സ് ഫോറം said...

കണ്ണൂരില്‍ എന്താണ് നടക്കുന്നത് എന്ന ചോദ്യം സമീപനാളുകളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നു. കുറെ പാര്‍ടി ഗ്രാമങ്ങള്‍, അവിടെ പാര്‍ട്ടിക്കാരുടെ നിയമം, കുറ്റവാളികളെ പാര്‍പ്പിക്കാന്‍ രഹസ്യ സങ്കേതങ്ങള്‍, കൊലപാതകം നടത്താന്‍ പരിശീലനം നേടിയ സംഘങ്ങള്‍ -ഇങ്ങനെ ഭയപ്പെടുത്തുന്ന അന്തരീക്ഷം അവിടെ നിലനില്‍ക്കുന്നു എന്ന് കണ്ണൂരിന് പുറത്തുള്ള വലിയ വിഭാഗം ശുദ്ധാത്മാക്കള്‍ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാന്‍ പാകത്തിലുള്ള കഥകള്‍ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കപ്പെടുന്നു. ഒരു പ്രമുഖ ദിനപത്രം, കണ്ണൂര്‍ ;അറിവും വികസനവും കടന്നുചെല്ലാത്ത ഒറ്റപ്പെട്ട തുരുത്തായാണ് വിശേഷിപ്പിച്ചത്. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ നാട്. അതില്‍ എന്നും ഒരുഭഭാഗത്ത് കമ്യൂണിസ്റ്റുകാര്‍. എതിരാളികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമില്ല. കമ്യൂണിസ്റ്റുകാര്‍ കണ്ണൂരിന്റെ ചലനം നിയന്ത്രിക്കുന്നു. അതിനെ എതിര്‍ക്കുന്നവര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. കമ്യൂണിസ്റ്റ് പാര്‍ടിക്ക് ബദലുണ്ടായാലേ, പ്രതിശക്തി വളര്‍ന്നുവന്നാലേ കണ്ണൂരിനെ രക്ഷിച്ചെടുക്കാനാവൂ എന്നാണ് മാധ്യമങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന വിലാപം. ഈ വിലാപത്തിന്റെ മറപറ്റിയാണ് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലയുടെ, വിശേഷിച്ച് തലശേരി താലൂക്കില്‍ വേരോട്ടമുണ്ടാക്കാന്‍ അരനൂറ്റാണ്ടോളമായി ശ്രമിക്കുന്നത്. ആര്‍എസ്എസ്സിന് അതില്‍ വിജയിക്കാനാവാതിരുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉത്തര മലബാറിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും സൃഷ്ടിച്ച അപ്രതിരോധ്യമായ സ്വാധീനം ഒന്നുകൊണ്ടാണ്.

dragon said...

വന്നുവന്ന് കണ്ണൂരിലെ ജനങ്ങളുടെ ആത്മാഭിമാനത്തെപ്പോലും ചോദ്യംചെയ്യുന്ന നിലയിലേക്ക് മാധ്യമ പ്രചാരണം വളര്‍ന്നുകഴിഞ്ഞു. ഐക്യവും സ്നേഹവും സഹകരണവും ഒത്തൊരുമയും നിറഞ്ഞുനില്‍ക്കുന്ന ഒരു നാടിനെ അക്രമത്തിന്റെയും അതിക്രമത്തിന്റെയും മണ്ണായി ചിത്രീകരിക്കുന്ന സാമൂഹ്യദ്രോഹമാണ് ഒരു പറ്റം മാധ്യമങ്ങള്‍ നടത്തുന്നത്. മാധ്യമങ്ങള്‍ വരച്ചുകാട്ടുന്ന വികൃതചിത്രങ്ങള്‍ക്ക് മറച്ചുവയ്ക്കാന്‍ പറ്റാത്ത ഹൃദയസ്നേഹമുള്ള മനസ്സാണ് കണ്ണൂരിന്റേത് എന്ന് കാലം തെളിയിക്കുക തന്നെ ചെയ്യുമെന്നേ പറയാനുള്ളൂ.

മണിഷാരത്ത്‌ said...

കണ്ണൂരിന്റെ ചരിത്രത്തിലെ ജനകീയ സമരങ്ങളും ജനമുന്നേറ്റങ്ങളും കണ്ണൂരിലെ ജനങ്ങളുടെ ഉയര്‍ന്ന സാമൂഹ്യബോധവും ഏറെ പഠനം അര്‍ഹിക്കുന്നതുതന്നെയാണ്‌.ജന്മിത്വത്തിനെതിരെ ധീരം പോരാടി രക്തസാക്ഷിറ്റ്വം വരിച്ച ധീര ദേശാഭിമാനികളുടെ നാടാണത്‌.സ്വാതന്ത്ര്യസമരം പോലും ശക്തവും തീഷ്ണവുമായി വളര്‍ന്നുവന്നത്‌ മലബാറിലായിരുന്നു.ഇവിടത്തെ കഥകളിലും മിത്തുകളില്‍ പോലും ഒരു പുരോഗമന കാഴ്ചപ്പാടാണുള്ളതെന്ന് സൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ക്ക്‌ കാണാം.കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം വളര്‍ന്നത്‌ ഏറെ ത്യാഗങ്ങളും പീഡനങ്ങളും അടിച്ചമര്‍ത്തലുകളും നേരിട്ടാണ്‌.ചരിത്രകാരന്മാര്‍ ബോധപൂരവ്വം കണ്ണൂരിന്റെ ചരിത്രത്തെ കണ്ടില്ലന്നു നടിക്കുകയാണ്‌.വര്‍ത്തമാന സംഭവങ്ങളെ ചരിത്രത്തില്‍ നിന്നും അടര്‍ത്തിയെടുത്ത്‌ പ്രചരിപ്പിക്കുന്നത്‌ ശക്തമായ അടിവേരുകളുള്ള കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനു വേണ്ടിയാണെന്ന് വ്യക്തമാണ്‌.കണ്ണൂരിന്റ മണ്ണിലും വെള്ളത്തിലും വായുവിലും മനുഷ്യരിലും മിത്തുകളിലും കഥകളിലും വിശ്വാസങ്ങളിലും ആരാധനയിലും എല്ലാം ഒരു പുരോഗമനത കാണുന്നുണ്ട്‌.ഇത്‌ തകര്‍ത്താല്‍ പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് കണ്ടെത്തിയിരിക്കുന്നു.ഇതറിഞ്ഞ്‌ പ്രസ്ഥാനം മുന്നോട്ട്‌ വരേണ്ടിയിരിക്കുന്നു