Thursday, July 19, 2012

ശാസ്ത്രബോധത്തെ തകര്‍ക്കുന്നത് ഭരണഘടനാ ലംഘനം

മുംബെയില്‍ വിലെ പാര്‍ലെയിലെ ഇര്‍ള റോഡിലെ വേളാങ്കണ്ണി മാതാവിന്റെ പള്ളിയില്‍ കുരിശില്‍ തറച്ച യേശുവിന്റെ പ്രതിമയുടെ കാലടിയില്‍നിന്ന് വെള്ളത്തുള്ളികള്‍ ഇറ്റിറ്റ് വീഴുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ മാധ്യമങ്ങളില്‍ വന്ന "ദിവ്യാത്ഭുത" വാര്‍ത്തയായിരുന്നു അത്. വിവരം കാട്ടുതീപോലെ പരന്നു, അല്ലെങ്കില്‍ പരത്തപ്പെട്ടു. ഭക്തജനങ്ങള്‍ ആ പള്ളിയില്‍ ഓടിക്കൂടി. "ദിവ്യാത്ഭുതം" നേരില്‍ കാണാനും വീഴുന്ന വെള്ളത്തുള്ളികള്‍ ഏറ്റുവാങ്ങാനും. അവ രോഗശാന്തി ഉള്‍പ്പെടെ പല അപ്രതീക്ഷിത ഫലങ്ങളും ഉളവാക്കുന്നതായി വ്യാപകമായ പ്രചാരണമുണ്ടായി. പ്രസിദ്ധ യുക്തിവാദിയായ സനല്‍ ഇടമറുക് ആ വേളാങ്കണ്ണി പള്ളിയും "ദിവ്യാത്ഭുതം" സംഭവിച്ചുകൊണ്ടിരിക്കുന്ന യേശുവിന്റെ പ്രതിമയും പരിസരവും സസൂക്ഷ്മം നിരീക്ഷിച്ചു. പ്രതിമ ഇരിക്കുന്ന സ്ഥലത്തിനടുത്തുകൂടി ഒഴുകുന്ന ഓടയിലെ മലിനജലം കുറച്ചു ദിവസമായി ചെളികെട്ടി അടഞ്ഞുകിടക്കുകയായിരുന്നു. ആ വെള്ളമാണ് അതുമായി ബന്ധപ്പെട്ടിരിക്കുന്ന ഉള്ളുപൊള്ളയായ യേശുവിന്റെ പ്രതിമയിലേക്ക് "കാപ്പിലറി ആക്ഷന്‍" വഴി കയറുകയും അതില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന ചെറിയ ദ്വാരത്തിലൂടെ കിനിഞ്ഞിറങ്ങുകയും ചെയ്തത്. ഇതാണ് സനല്‍ ഇടമറുക് സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്തിയ "ദിവ്യാത്ഭുത"ത്തിനുള്ള വിശദീകരണം.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് "ഗണപതി ഭഗവാ"ന്റെ പ്രതിമ പാലുകുടിക്കുന്നതായ "ദിവ്യാത്ഭുത" വാര്‍ത്തകള്‍ പലേടങ്ങളില്‍നിന്നും മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. "കാപ്പിലറി ആക്ഷന്‍" മൂലമുണ്ടാകുന്ന സ്വാഭാവിക പ്രതിഭാസംമൂലമാണത്, ആ പ്രകൃതി പ്രതിഭാസത്തില്‍ ഒരു അത്ഭുതത്തിനും അവകാശമില്ല എന്ന് അക്കാലത്ത് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയതോടെ അത്തരം വാര്‍ത്താ പ്രചാരണത്തിന് അറുതിവന്നു. അത് പിന്നീട് എന്തെങ്കിലും സംഭവ വികാസത്തിന് ഇടയാക്കിയതായി അനുഭവപ്പെട്ടില്ല. എന്നാല്‍, സനല്‍ ഇടമറുക് ഒരു സംഭവം ദിവ്യാത്ഭുതമല്ല, സ്വാഭാവിക പ്രതിഭാസമാണ് എന്ന് ചൂണ്ടിക്കാട്ടിയതിന് ഇപ്പോള്‍ അറസ്റ്റിനെയും കേസിനെയും നേരിടുകയാണ്. മുംബെയില്‍ ആരോ കേസ് കൊടുത്തു. ദല്‍ഹിയില്‍ സ്ഥിരതാമസക്കാരനായ സനല്‍ ഇടമറുക് ഒരു പള്ളിയിലുണ്ടായ പ്രതിഭാസത്തെ തെറ്റായി വ്യാഖ്യാനിച്ച് മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തി എന്നതാണ് കേസ്. ഇതിന്റെ പേരില്‍ അദ്ദേഹത്തെ പിടികൂടി ഹാജരാക്കുന്നതിന് കോടതി ദല്‍ഹി പൊലീസിനോട് നിര്‍ദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹി പൊലീസ് സനലിനെ വീട്ടില്‍ചെന്ന് തിരക്കിയതായി വാര്‍ത്തവന്നു.

ഇവിടെ രണ്ടു പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നു. പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് മാനവരാശിക്ക് ഓരോരോ കാലത്ത് ഓരോ ധാരണയാണ് ഉണ്ടായിരുന്നത്. ആദ്യമൊക്കെ സമൂഹത്തില്‍ പ്രമാണികളായ ചിലര്‍ക്കുണ്ടാകുന്ന തോന്നല്‍-അല്ലെങ്കില്‍ അവരുടെ ഭാവന-ആണ് ശാസ്ത്രമായി കണക്കാക്കപ്പെട്ടിരുന്നത്. പ്രവാചകര്‍, വെളിച്ചപ്പാട് (ഒറാക്ള്‍), സന്യാസിമാര്‍ എന്നീ പദവികളില്‍ അവരോധിക്കപ്പെട്ടിരുന്നവര്‍ പറഞ്ഞതായിരുന്നു വേദവാക്യം, ചോദ്യംചെയ്യപ്പെടാനാവാത്ത ജ്ഞാനം. എന്നാല്‍, യൂറോപ്പിലെ നവോത്ഥാന പ്രസ്ഥാനം ഈ പതിവിനെ തിരുത്തി. മനുഷ്യര്‍ക്ക് ഇന്ദ്രിയങ്ങള്‍വഴി വിശദീകരിക്കാനും സാധൂകരിക്കാനും കഴിയുന്ന വസ്തുതകള്‍ മാത്രമാണ് ശാസ്ത്രം അഥവാ സയന്‍സ് എന്ന നില വന്നു. അതോടെ പല ദിവ്യാത്ഭുതങ്ങളും അത്ഭുതങ്ങള്‍ അല്ലാതായി. ഇതാണ് ഇന്നത്തെ യാഥാര്‍ത്ഥ്യം. എല്ലാ പൗരരിലും ""ശാസ്ത്രബോധം, മാനവികത, അന്വേഷണത്തിനും പരിഷ്കാരത്തിനുമുള്ള മനോഭാവം വളര്‍ത്തണ""മെന്നാണ് ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്നത്. അതിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സനല്‍ ഇടമറുകിനെ മുംബെയിലും അങ്ങനെയൊരു കാര്യം ചെയ്തതിനാണ് ഭരണകൂടം വിചാരണചെയ്യാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ഈ ഭരണഘടനയ്ക്ക് നിരക്കാത്ത പല നിയമങ്ങളും ചട്ടങ്ങളും ബ്രിട്ടീഷ് കോളനിയായി ഇന്ത്യ വര്‍ത്തിച്ചകാലത്ത് നടപ്പാക്കപ്പെട്ടിട്ടുണ്ട്. മതവികാരത്തെ വ്രണപ്പെടുത്തി എന്നാണ് സനല്‍ ഇടമറുകിന്റെ പേരില്‍ എടുത്ത കേസിലെ കുറ്റാരോപണം. മതവിശ്വാസികളോ മതപുരോഹിതരോ പറയുന്നതിനെയും ചെയ്യുന്നതിനെയും വിമര്‍ശിക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കുറ്റാന്വേഷണ നിയമത്തിലെയും വകുപ്പുകള്‍പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമായിരിക്കാം. പക്ഷേ, അവയിലെ അത്തരം വ്യവസ്ഥകള്‍ ഇന്ത്യയുടെ അടിസ്ഥാന നിയമമായ ഭരണഘടനാ വ്യവസ്ഥകള്‍ക്ക് നിരക്കുന്നതല്ല.

സാധാരണഗതിയില്‍ ഭരണഘടനയ്ക്ക് നിരക്കാത്ത ഏത് നിയമവ്യവസ്ഥയും അസാധുവാണ്. പക്ഷേ, പല കാര്യങ്ങളിലും ഈ അടിസ്ഥാന നിയമദര്‍ശനം ഇവിടെ പാലിക്കപ്പെടുന്നില്ല. അവിടെയാണ് ഭരണവര്‍ഗ്ഗങ്ങള്‍ സ്വന്തം അധികാരം നിലനിര്‍ത്തുന്നതിനായി നിയമവ്യവസ്ഥയെ നഗ്നമായി ലംഘിക്കുന്നത് വെളിവാക്കുന്നത്. സനല്‍ ഇടമറുക് വേളാങ്കണ്ണി മാതാവിനെയോ യേശുക്രിസ്തുവിനെയോ അവരെ ആരാധിക്കുന്നതിനെയോ ചോദ്യം ചെയ്തിട്ടില്ല. അവിടെ പ്രകടമായ ഒരു പ്രതിഭാസം എങ്ങനെയുണ്ടായി എന്ന് വിശദീകരിക്കുക മാത്രമാണ് ചെയ്തത്. അതില്‍ ദൈവത്തിന്റെ സാന്നിദ്ധ്യമോ ഇടപെടലോ ഒന്നുമില്ല. സാധാരണ പ്രകൃതി പ്രതിഭാസം മാത്രമാണ് എന്നത്രെ അദ്ദേഹം വിശദീകരിച്ചത്. നാലു നൂറ്റാണ്ടിനുമുമ്പ് ഗലീലിയോ ആകാശഗോളങ്ങള്‍ സഞ്ചരിക്കുന്നത് ഭൗതിക നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നു തെളിയിച്ചതിന് കത്തോലിക്കാ സഭ അദ്ദേഹത്തെ ശിക്ഷിക്കുകയുണ്ടായി. ബ്രൂണൊയെപ്പോലെ അദ്ദേഹത്തെ ചുട്ടുകൊല്ലാതിരുന്നത് അദ്ദേഹത്തെക്കൊണ്ട് തെറ്റുപറയിക്കുന്നതില്‍ ഭാഗികമായി വിജയിച്ചതുകൊണ്ടായിരുന്നു. പക്ഷേ, മതം അംഗീകരിക്കാതിരുന്നിട്ടും ഗലീലിയോയെപ്പോലുള്ള ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങള്‍ മതങ്ങള്‍ പണ്ടുപറഞ്ഞുവെച്ചതിനെയൊക്കെ തിരുത്തി. അതുതന്നെ പരിണാമ സിദ്ധാന്തത്തിലൂടെ ഡാര്‍വിനും ചെയ്തു.

ഈ ശാസ്ത്രജ്ഞന്മാരുടെ സംഭാവനകള്‍ തങ്ങളുടെ വേദ വിജ്ഞാനം യുക്തിസഹമല്ല എന്ന് ചൂണ്ടിക്കാണിക്കുന്നതിനെ തള്ളിപ്പറയാനും അവര്‍ പറയുന്നതല്ല, തങ്ങള്‍ പറയുന്നതാണ് ശരി എന്ന് സ്ഥാപിക്കാനും മതമേധാവികളും മറ്റും ഇക്കാലത്ത് നടത്തുന്ന ശ്രമങ്ങള്‍ സഹതാപാര്‍ഹമാണ്. പക്ഷേ, അവര്‍ അതിനു ശ്രമിക്കുന്നത് സനല്‍ ഇടമറുകിന്റെ കാര്യത്തില്‍ ചെയ്യുന്നതുപോലെ സ്വന്തം വിശദീകരണങ്ങളിലൂടെയോ ഇടയലേഖനങ്ങളിലൂടെയോ മാത്രമല്ല, ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ടു കൂടിയാണ്. അതാണ് സനലിന്റെമേല്‍ പൊലീസ് കേസെടുക്കാനുള്ള നീക്കം നല്‍കുന്ന വ്യക്തമായ സൂചന.

ഇന്ത്യയിലെ ഭരണഘടന ശാസ്ത്രബോധത്തെയും അന്വേഷണപരതയെയും പരിഷ്കാരത്വരയെയും അനുകൂലിക്കുമ്പോള്‍, പൊലീസിനെയും കോടതിയെയും ഉപയോഗിച്ച് സര്‍ക്കാരിനെ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടുവിക്കാനുള്ള നീക്കം സ്വാഗതാര്‍ഹമല്ല, അപലപനീയമാണ്. കാടത്തത്തിന്റെയും അജ്ഞതയുടെയും അഹന്തയുടെയും പ്രതികാരമോഹത്തിന്റെയും കാണ്ഡങ്ങള്‍ താണ്ടിയാണ് മനുഷ്യസമൂഹം ഇന്നത്തെ സ്ഥിതിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പോയകാല മനോഭാവത്തിന്റെ ഈ രൂപങ്ങളെ മതങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍പിക്കാന്‍ സമകാലത്തിന്റെ പ്രതീകമായ ഭരണകൂടത്തെ പ്രയോഗിക്കുന്നത് ഇന്നത്തെ സമൂഹത്തിന്റെ ചിന്താഗതി പ്രതിഫലിപ്പിക്കുന്ന ഭരണഘടനയെ യഥാര്‍ത്ഥത്തില്‍ തകര്‍ക്കലാണ്. ഇത്തരം നീക്കത്തില്‍നിന്ന് ഭരണകൂടം പിന്തിരിയേണ്ടതാണ്.

*
സി പി നാരായണന്‍ ചിന്ത വാരിക 20 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...