Thursday, July 26, 2012

നിലയ്ക്കാത്ത പോരാട്ടം

എസ്എഫ്ഐയുടെ 31-ാം സംസ്ഥാന സമ്മേളനം വ്യാഴാഴ്ചമുതല്‍ പാലക്കാട്ട് ചേരുകയാണ്. 32 മാസത്തെ തീക്ഷ്ണമായ സമര സംഘടനാ പ്രവര്‍ത്തനങ്ങളുടെ ആവേശവുമായാണ് പാലക്കാട് പട്ടണത്തില്‍ വിദ്യാര്‍ഥികള്‍ ഒത്തുചേരുന്നത്. സംഘടനയുടെ ഒന്നാം സംസ്ഥാന സമ്മേളനം ചേര്‍ന്ന ഈ മണ്ണില്‍, 31-ാം സമ്മേളനം ചേരുമ്പോള്‍, കേരളീയ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ആഴമേറിയ വിലയിരുത്തലുകള്‍ക്കാവും സാക്ഷ്യംവഹിക്കുക. സ്കൂള്‍തലംമുതല്‍ ഉന്നതവിദ്യാഭ്യാസരംഗംവരെ നവലിബറല്‍ സാമ്പത്തികനയങ്ങളുടെ ദുരിതംപേറുമ്പോള്‍, അതിനെതിരായ പോരാട്ടങ്ങള്‍ക്ക് സമ്മേളനം പ്രചോദനമാകുമെന്ന് തീര്‍ച്ച. 13,00,710 അംഗങ്ങളെ പ്രതിനിധാനംചെയ്ത് 516 പേരാണ് സമ്മേളനത്തിനെത്തുന്നത്.

2009 നവംബര്‍ 17 മുതല്‍ 20 വരെ കോഴിക്കോട്ട് ചേര്‍ന്ന 30-ാം സംസ്ഥാന സമ്മേളനം കൈക്കൊണ്ട തീരുമാനങ്ങളെ ഒരളവുവരെ നടപ്പില്‍ വരുത്താന്‍ എസ്എഫ്ഐക്ക് കഴിഞ്ഞു. ആഗോളവല്‍ക്കരണത്തിനെതിരായ ജനകീയ ബദലുകളിലൂടെ പൊതുവിദ്യാഭ്യാസത്തിന് ശക്തിപകര്‍ന്ന നാളുകളായിരുന്നു ഇടതുമുന്നണി കേരളത്തിന് സമ്മാനിച്ചത്. 2006-11 കാലയളവില്‍ കേരളത്തില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളെ അഭിനന്ദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍പോലും നിര്‍ബന്ധിതമായി. 2011 മെയില്‍ യുഡിഎഫ് ഭരണമേറ്റെടുത്തത് ജാതി-മത ശക്തികളുടെ പിന്തുണയോടെയാണ്. തുടര്‍ന്ന് സര്‍വകലാശാലകളുടെ ഭരണസമിതി പിടിച്ചെടുക്കാന്‍ ജനാധിപത്യക്കശാപ്പ് നടത്തി. മുസ്ലിംലീഗിന്റെ പ്രാദേശിക നേതാക്കള്‍ക്കും വാണിജ്യതല്‍പ്പരരായ ഒരുകൂട്ടമാളുകള്‍ക്കും കയറിയിറങ്ങാന്‍ പാകത്തില്‍, സര്‍വകലാശാലാ ജനാധിപത്യത്തെ അട്ടിമറിച്ചു. ദേശീയതലത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാഭ്യാസ വിചക്ഷണര്‍ അലങ്കരിച്ച വൈസ് ചാന്‍സലര്‍ പീഠങ്ങളില്‍ ലീഗ് നേതാവായ സ്കൂള്‍മാനേജരെ നിയമിക്കാനുള്ള ശ്രമംപോലുമുണ്ടായി. ശക്തമായ വിദ്യാര്‍ഥി- ബഹുജനരോഷം ഉയര്‍ന്നില്ലായിരുന്നെങ്കില്‍ ഇത് തടയാന്‍ കഴിയില്ലായിരുന്നു.

2011 ജൂണ്‍- ജൂലൈ മാസങ്ങളില്‍ യുഡിഎഫ് സര്‍ക്കാരിന്റെ സ്വാശ്രയ കച്ചവടനയത്തിനെതിരെ അതിശക്തമായ സമരമാണ് എസ്എഫ്ഐ ഏറ്റെടുത്തത്. സര്‍ക്കാരിന് അവകാശപ്പെട്ട മെഡിക്കല്‍ പിജി സീറ്റുകള്‍ മാനേജ്മെന്റുകള്‍ക്ക് ദാനംചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് കടുത്ത അനീതിയായിരുന്നു. എംബിബിഎസ് പ്രവേശനത്തിലും കൊള്ളലാഭം കൊയ്യാനായിരുന്നു മാനേജുമെന്റ് നീക്കം. എന്നാല്‍, മെഡിക്കല്‍ പിജി വിഷയത്തിലും എംബിബിഎസ് പ്രവേശനത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു എസ്എഫ്ഐയുടേത്. ഒടുവില്‍ പ്രതിപക്ഷവുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത് എസ്എഫ്ഐ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. അതിശക്തമായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത നൂറോളം വിദ്യാര്‍ഥികളെ ജയിലിലടയ്ക്കുകയും നിരവധി വിദ്യാര്‍ഥികളെ പൊലീസ് ഭീകരമായി മര്‍ദിക്കുകയും ചെയ്തു. വിദ്യാഭ്യാസക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍നയത്തിനെതിരെ അതിശക്തമായ പ്രചാരണ പരിപാടികള്‍ തുടര്‍ന്നും എസ്എഫ്ഐ ഏറ്റെടുത്തു. കലിക്കറ്റ് സര്‍വകലാശാലയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായിരുന്ന നിര്‍മല്‍ മാധവിന് അനര്‍ഹമായും മെറിറ്റ് അട്ടിമറിച്ചും സെമസ്റ്റര്‍ ഇളവു നല്‍കിയും കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രവേശനം നല്‍കിയത് ഇക്കാലയളവിലായിരുന്നു. ഇതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ശക്തമായ പ്രതിഷേധമാണുണ്ടായത്. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ സമാധാനപരമായ സമരം സംഘടിപ്പിച്ചുവരികയായിരുന്നു. എന്നാല്‍, ഒരു ഘട്ടത്തില്‍ ഭീകരമായ മര്‍ദനമുറകള്‍ അഴിച്ചുവിട്ടാണ് സര്‍ക്കാര്‍ സമരത്തെ നേരിട്ടത്. വിദ്യാര്‍ഥികളെ വെടിവച്ചുകൊല്ലാനുള്ള ശ്രമംപോലുമുണ്ടായി. പോലീസ്വേട്ടയില്‍ തകര്‍ന്ന ശരീരവുമായി തടവറകളിലും ആശുപത്രികളിലും എത്തപ്പെട്ടവര്‍ അനവധിയാണ്. ഒടുവില്‍ സര്‍ക്കാരിന് അനര്‍ഹമായ പ്രവേശന നടപടികളില്‍നിന്ന് പിന്തിരിയേണ്ടിവന്നു. എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായിരുന്ന അനീഷ് രാജനെ 2012 മാര്‍ച്ച് 18ന് യൂത്ത് കോണ്‍ഗ്രസ് അക്രമി സംഘം കൊലപ്പെടുത്തി. കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാനത്തെങ്ങും സംഘടിപ്പിച്ച സമരത്തെ ഭീകരമായി അടിച്ചമര്‍ത്താനും പൊലീസ് ശ്രമിച്ചു. പെണ്‍കുട്ടികള്‍ അതിക്രൂരമായി ചവിട്ടിമെതിക്കപ്പെടുകയും സ്കൂള്‍കുട്ടികളടക്കമുള്ളവര്‍ ക്രൂരമായി ആക്രമിക്കപ്പെടുകയുംചെയ്തു. സംസ്ഥാന നേതാക്കള്‍മുതല്‍ യൂണിറ്റ് പ്രവര്‍ത്തകര്‍വരെ ദിവസങ്ങളോളം ജയിലിലായി. ഒടുവില്‍ അനീഷ് രാജന്റെ കൊലപാതകത്തെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും പൊലീസ് വേട്ടയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്നും പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഇന്ന് കേരളത്തില്‍ ചിലരിലെങ്കിലും ഉടലെടുത്തിരിക്കുന്ന മനുഷ്യവിരുദ്ധ ചിന്താഗതിയാണ് സദാചാരപൊലീസിങ്ങിലേക്ക് നയിക്കുന്നത്. അന്തസ്സോടെയും മാന്യമായും ജീവിക്കാനുള്ള അവകാശത്തെയാണ് ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയവാദികളുടെ പിന്തുണയോടെ ചില ഗൂഢശക്തികള്‍ ഇല്ലാതാക്കുന്നത്. ക്യാമ്പസിലും സമൂഹത്തിലും ഇത്തരം ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നു. ഇതിനെതിരായ ചെറുത്തുനില്‍പ്പുകള്‍ സംഘടിപ്പിക്കാന്‍ വിദ്യാര്‍ഥിപ്രസ്ഥാനം ശ്രമിക്കുകയാണ്. അനീതികളെ ചോദ്യംചെയ്യുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ കായികമായി നേരിടാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ ത്യാഗനിര്‍ഭരമായ കനല്‍വഴികളിലൂടെയാണ് എസ്എഫ്ഐ മുന്നേറുന്നത്.

സഹജീവികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനും സാമൂഹ്യനീതിക്കുമായി പോരാടുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിനെതിരെ നട്ടാല്‍കുരുക്കാത്ത നുണകള്‍ പ്രചരിപ്പിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ചേരുന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനം ആര് ഉദ്ഘാടനം ചെയ്യണം, ആരൊക്കെ അഭിവാദ്യംചെയ്യണം, അജന്‍ഡ എന്തായിരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍വരെ നിശ്ചയിക്കുക തങ്ങളാണെന്ന ധാര്‍ഷ്ട്യമാണ് പല മാധ്യമങ്ങള്‍ക്കും. ഇതൊക്കെ തീരുമാനിക്കാന്‍ ആരുടെയും സഹായം ഞങ്ങള്‍ക്കാവശ്യമില്ല. കാരണം, ഞങ്ങള്‍ സ്വജീവിതവും സ്വപ്നങ്ങളുമെല്ലാം നാടിനു സമര്‍പ്പിക്കാന്‍ സന്നദ്ധരായി ക്യാമ്പസുകളില്‍ ജീവിക്കുന്നവരാണ്. പാലക്കാട്ട് ചേരുന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനം, കേരളീയവിദ്യാഭ്യാസത്തെയും അതിന്റെ ജനകീയമുഖത്തെയും സംരക്ഷിക്കാനുള്ള തീരുമാനങ്ങളാകും കൈക്കൊള്ളുക. സമരധീരതയുടെ സത്യവാങ്മൂലമായി സമ്മേളനം മാറുകതന്നെചെയ്യും.

*
പി ബിജു (എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എസ്എഫ്ഐയുടെ 31-ാം സംസ്ഥാന സമ്മേളനം വ്യാഴാഴ്ചമുതല്‍ പാലക്കാട്ട് ചേരുകയാണ്. 32 മാസത്തെ തീക്ഷ്ണമായ സമര സംഘടനാ പ്രവര്‍ത്തനങ്ങളുടെ ആവേശവുമായാണ് പാലക്കാട് പട്ടണത്തില്‍ വിദ്യാര്‍ഥികള്‍ ഒത്തുചേരുന്നത്. സംഘടനയുടെ ഒന്നാം സംസ്ഥാന സമ്മേളനം ചേര്‍ന്ന ഈ മണ്ണില്‍, 31-ാം സമ്മേളനം ചേരുമ്പോള്‍, കേരളീയ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ആഴമേറിയ വിലയിരുത്തലുകള്‍ക്കാവും സാക്ഷ്യംവഹിക്കുക. സ്കൂള്‍തലംമുതല്‍ ഉന്നതവിദ്യാഭ്യാസരംഗംവരെ നവലിബറല്‍ സാമ്പത്തികനയങ്ങളുടെ ദുരിതംപേറുമ്പോള്‍, അതിനെതിരായ പോരാട്ടങ്ങള്‍ക്ക് സമ്മേളനം പ്രചോദനമാകുമെന്ന് തീര്‍ച്ച. 13,00,710 അംഗങ്ങളെ പ്രതിനിധാനംചെയ്ത് 516 പേരാണ് സമ്മേളനത്തിനെത്തുന്നത്.