Monday, July 9, 2012

മദ്യപാനം ആസക്തി

മദ്യപാനം, മദ്യാസക്തി എന്നിവയൊക്കെ ആധുനികലോകത്തിന്റെ മുഖമുദ്രയായി മാറിയെന്നുവേണം കരുതാന്‍. വിവാഹസല്‍ക്കാരങ്ങള്‍, ജന്മദിനാഘോഷങ്ങള്‍, മതപരമായ പെരുന്നാളുകള്‍, ഉത്സവങ്ങള്‍ തുടങ്ങിയ സാമൂഹിക കൂട്ടായ്മകളില്‍മുതല്‍ മരണാനന്തരചടങ്ങുകള്‍ക്കുവരെ മദ്യസല്‍ക്കാരം സാധാരണമായി മാറിയിരിക്കുന്നു. പലപ്പോഴും "മദ്യം"പൊതുവിഷയമായി മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. മദ്യപാനവും മദ്യാസക്തിയും രണ്ടായി കാണണം. രണ്ടും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍വരമ്പ് വളരെ ലോലമാണെങ്കിലും ഒരുമിച്ച് കൈകാര്യംചെയ്യുന്നത് ശാസ്ത്രീയമല്ല. എന്നാല്‍, മദ്യാസക്തി ശാരീരികപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന ഒരുമാനസികരോഗമാണ്. ഇവിടെയാണ് മദ്യാസക്തിക്ക് ഒരു നിര്‍വചനം അനിവാര്യമായി വരുന്നത്.

മദ്യപിച്ചാല്‍ സ്വന്തം പെരുമാറ്റത്തിലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നയാള്‍ ,മദ്യപിക്കുന്ന സമയം കൃത്യമായി പാലിക്കുകയും അതുനീട്ടിവയ്ക്കാന്‍ കഴിയാതെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നയാള്‍, മദ്യപിക്കാതിരുന്നാല്‍ ശരീരത്തിന് വിറയല്‍ അനുഭവപ്പെടുന്നവര്‍, മദ്യപിക്കാതെ ആളുകളെ അഭിമുഖീകരിക്കാനും കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ ബുദ്ധിമുട്ടുന്നവര്‍ ഇവരൊക്കെയാണ് ഇതില്‍പെടുന്നത്. സാധാരണയായി മദ്യപാനത്തെക്കുറിച്ച് നുണ പറയുന്നതും നിഷേധിക്കുന്നതുമാണ് ഇവരുടെ ശീലം. ഇവര്‍ മദ്യാസക്തിയുള്ളവരല്ലെന്നും മദ്യപാനം ഏതുനിമിഷവും സ്വന്തമായി നിര്‍ത്താന്‍ കഴിയുമെന്നും പലപ്പോഴും ഇതു സ്വയം നിര്‍ത്തിയിട്ടുള്ളതാണെന്നും അവകാശപ്പെടും. മദ്യാസക്തി എന്ന രോഗാവസ്ഥയില്‍പ്പെട്ടവര്‍ക്ക് ഇതു സ്വയം നിര്‍ത്താന്‍ കഴിയാതെ വരും. പെട്ടെന്ന് മദ്യം ലഭിക്കാതാകുന്നതോടെ ശരീരത്തിന്റെ സാധാരണപ്രവര്‍ത്തനങ്ങള്‍ വികലമാകുകയും ദൈനംദിനപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുകയും ചെയ്യും. ഇത്തരം അവസ്ഥയില്‍ ചിലര്‍ക്ക് രാവിലെതന്നെ കൈകാലുകള്‍ വിറയ്ക്കുകയും ചിലര്‍ക്ക് ശരീരം മുഴുവനും വിറയ്ക്കുകയും ചെയ്യുന്നതിനാല്‍ സാധാരണജീവിതം അസാധ്യമാകുന്നു. ഇത്തരക്കാര്‍ എങ്ങനെയെങ്കിലും മദ്യം ലഭ്യമാക്കാന്‍ ശ്രമിക്കുകയും മദ്യപിക്കുകയും ചെയ്യും. മദ്യപിക്കുമ്പോള്‍ ശരീരത്തിനുണ്ടായിരുന്ന വിഷമതകള്‍ പെട്ടെന്ന് മാറി, ശരീരം സാധാരണനിലയിലേക്ക് വരികയും ചെയ്യും. മദ്യപിക്കുമ്പോള്‍ ശാരീരികവിഷമതകള്‍ മാറുന്നതിനാല്‍ അതൊഴിവാക്കി തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നാണ് ഇവരുടെ തെറ്റിദ്ധാരണ.

കള്ളുഷാപ്പുകളും ബാറുകളും തുറക്കുന്നതിനുമുമ്പ് ഇവയ്ക്കുമുന്നില്‍ അതിരാവിലെ ആളുകള്‍ ക്യൂ നില്‍ക്കുന്നതും ഇതുകൊണ്ടാണ്. മദ്യപാനികളെല്ലാം മദ്യാസക്തിക്ക് അടിമകളല്ല. ചില പ്രത്യേകശാരീരിക മാനസിക വ്യതിയാനങ്ങളാണ് മദ്യപാനിയെ മദ്യാസക്തിയുള്ളവനാക്കുന്നത്. രണ്ടിനെയും ഒരു നിര്‍വചനത്തില്‍ ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്നതാണ് പ്രശ്നമുണ്ടാക്കുന്നത്. ചില മതങ്ങള്‍ അവയുടെ ധാര്‍മികതയുടെ ഭാഗമായി മദ്യപാനത്തിനെതിരെയുള്ള കുരിശുയുദ്ധങ്ങള്‍ നടത്തുന്നുണ്ട്. സോമരസംകൊണ്ട് പൂജ നടത്തുന്നവരും വീഞ്ഞ്കൊണ്ട് ദിവ്യബലിയര്‍പ്പിക്കുന്നവരും ലോകത്തിലെ ഏറ്റവും വലിയ തിന്മ മദ്യപാനമാണെന്ന് പ്രചരിപ്പിക്കുകയും കള്ളുഷാപ്പുകള്‍ പിക്കറ്റുചെയ്യുകയും ചെയ്യുന്നതാണ് വിരോധാഭാസം. വന്‍കിടബാറുകള്‍ പലപ്പോഴും ഇത്തരം സമരമുഖങ്ങള്‍ക്ക് വേദിയാകാറില്ല. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയവും വര്‍ഗീയതയും കൃത്യമായി പഠിക്കേണ്ടതാണ്. കള്ളുചെത്തുന്നതും ഷാപ്പുകള്‍ നടത്തുന്നതും ഒരു പ്രത്യേകജാതിക്കാരും ബാറുകളും വന്‍കിട ഹോട്ടലുകളും നടത്തുന്നത് മറ്റൊരു ജാതിക്കാരുമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. വന്‍കിടബാറുടമകളും ഹോട്ടലുടമകളുമാണ് മതസ്ഥാപനങ്ങള്‍ നടത്താനും ദേവാലയങ്ങള്‍ ആരംഭിക്കാനും കൂടുതല്‍ സംഭാവനകള്‍ നല്‍കുന്നതെന്ന് കൂടി തിരിച്ചറിയുമ്പോഴാണ് ഇരട്ടത്താപ്പ് വ്യക്തമാകുന്നത്.

സാമൂഹിക അംഗീകാരമില്ലാതെ ഒരു നിയമവും നടപ്പാക്കാന്‍ കഴിയില്ലെന്ന സത്യം ഭരണാധികാരികള്‍ തിരിച്ചറിയണം. പല രാജ്യങ്ങളും മദ്യപാനവും വ്യഭിചാരവും നിയമംമൂലം നിരോധിക്കുകയും ഫലപ്രദമാകാത്തതിനാല്‍ പിന്‍വലിക്കുകയുംചെയ്തു. മദ്യം നിരോധിക്കുകയും കൈവശം വയ്ക്കുന്നവര്‍ക്ക് കടുത്തശിക്ഷ നല്‍കുകയും ചെയ്യുന്ന വിദേശരാജ്യങ്ങളില്‍ ആവശ്യക്കാര്‍ക്ക് ഇതുകിട്ടാന്‍ ഒരു പ്രയാസവുമില്ലെന്നതും ശ്രദ്ധേയമാണ്. മദ്യാസക്തിയെ സംബന്ധിച്ച് വളരെ രസകരമായ അനുഭവം പങ്കുവയ്ക്കാം. മദ്യാസക്തിക്ക് ചികിത്സ തേടിയെത്തിയ ബിരുദാനന്തരബിരുദധാരിയായ ഒരു യുവാവിന്റെ വ്യത്യസ്തമായ ഒരുഅനുഭവം. ""വിദ്യാഭ്യാസത്തിനുശേഷം പല ജോലികള്‍ക്കും ശ്രമിച്ച് നടക്കാതെ വന്നപ്പോഴാണ് മദ്യം ജീവിതത്തിലേക്ക് കടന്നുവന്നത്. ഒരു ദിവസം ഇന്റര്‍വ്യൂവിന് പോയി മടങ്ങുന്ന വഴി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മദ്യവിരുദ്ധസെമിനാറിന്റെ ബാനര്‍ ശ്രദ്ധയില്‍പ്പെട്ടു. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ താനും സെമിനാറില്‍ പങ്കെടുത്തു. മദ്യം നല്‍കുന്ന ലഹരികളെയും അനുഭൂതികളെയും കുറിച്ച് വിദഗ്ദരായവര്‍ ക്ലാസെടുത്തു.

മദ്യത്തിനെതിരെയുള്ള പലകാര്യങ്ങളും പറഞ്ഞിരുന്നെങ്കിലും മദ്യം ഉണര്‍ത്തുന്ന ആസക്തികളെക്കുറിച്ചും ഉണര്‍വിനെക്കുറിച്ചുമുള്ള വിവരണങ്ങളായിരുന്നുതന്നെ ആകര്‍ഷിച്ചത്. അങ്ങനെയാണ് മദ്യപാനത്തിലേക്ക് താന്‍ എത്തിയത്""എന്നായിരുന്നു യുവാവ് പറഞ്ഞത്. മദ്യഷാപ്പുകള്‍ ലേലം ചെയ്യുകയും മദ്യവിരുദ്ധപ്രചാരണം നടത്തുകയും വ്യാജമദ്യം നിയന്ത്രിക്കുകയും ചെയ്യുന്നത് ഒരുവകുപ്പ് തന്നെയാണെന്നതാണ് വിചിത്രം. മദ്യവര്‍ജനപ്രസ്ഥാനങ്ങള്‍ക്കും ബോധവല്‍ക്കരണത്തിനും സാമ്പത്തികസഹായത്തിനായി വലിയ അബ്കാരികളെയാണ് എക്സൈസ് വകുപ്പ് സമീപിക്കുന്നത്. ഇത്തരം പരിപാടികളിലൂടെ പരോക്ഷമായ വ്യാപാരവര്‍ധനയും ലാഭവും ലഭിക്കുന്നതിനാല്‍ ഇത്തരം പരിപാടികള്‍ക്ക് ഇവര്‍ കൈയയച്ച് സംഭാവന നല്‍കും. എക്സൈസ് വകുപ്പിന്റെ വാര്‍ഷികബജറ്റിനേക്കാള്‍ 10 ഇരട്ടിയിലധികമാണ് ഇത്തരം സംഘങ്ങള്‍ പരസ്യപ്രചാരണത്തിനായി ഉപയോഗിക്കുന്നത്.

ആധുനിക ശാസ്ത്രസാങ്കേതികവിദ്യയുപയോഗിച്ച് മദ്യത്തിനോട് അനുകൂലമായ ഒരു മനോഭാവം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. പ്രത്യേക രാഷ്ട്രീയലാഭങ്ങള്‍ക്കായി മദ്യനയം രൂപപ്പെടുത്തുന്ന രാഷ്ട്രീയഇച്ഛാശക്തിയില്ലാത്ത ഭരണാധികാരികളുടെ ചില നയങ്ങള്‍ മദ്യത്തിനെതിരെയുള്ള ആരോഗ്യകരമായ പ്രതിരോധങ്ങള്‍ക്ക് വിലങ്ങ് തടിയാകാറുണ്ട്. ചാരായനിരോധനം ഇതിനൊരു ഉദാഹരണമാണ്. ചാരായം പരിപൂര്‍ണമായി ഇല്ലാതാക്കാമെന്നോ മദ്യാസക്തി കുറയ്ക്കാമെന്നോ മദ്യപാനം വഴിയുണ്ടാകുന്ന ഗാര്‍ഹികപ്രശ്നങ്ങള്‍ കുറയ്ക്കാമെന്നോ ഉള്ള മൗഢ്യം കൊണ്ടല്ല നിരോധനം നടപ്പാക്കിയത്. താല്‍ക്കാലികമായ തെരഞ്ഞെടുപ്പ് വിജയം മാത്രമായിരുന്നു അതിന്റെ പിന്നിലുള്ളത്. ചാരായനിരോധനത്തിനുശേഷം മയക്കുമരുന്ന് ഉപയോഗം 40 ശതമാനവും കുറ്റകൃത്യങ്ങള്‍ 60 ശതമാനവും വര്‍ധിച്ചു. ചാരായത്തിന് അടിമയായിരുന്നവര്‍ ലഹരിക്കുവേണ്ടി മയക്കുമരുന്നുകളെ ആശ്രയിക്കുകയും കൈകാര്യംചെയ്യാനുള്ള എളുപ്പത്തില്‍ അതൊരു ശീലമാക്കി മാറ്റുകയുമാണുണ്ടായത്. ഇതാണ് മയക്കുമരുന്ന് ഉപയോഗം കൂടാനുള്ള കാരണം.

നിരോധനം വ്യാജച്ചാരായത്തിന്റെ നിര്‍മിതിയും വിപണനവും കൂട്ടി. ഇതു കൈകാര്യം ചെയ്തിരുന്ന അധോലോകസംഘങ്ങളും ക്വട്ടേഷന്‍സംഘങ്ങളും സംഘടിതമായി സമൂഹത്തില്‍ ഇറങ്ങിയപ്പോള്‍ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയാണുണ്ടായത്. വ്യാജമദ്യമാഫിയകളും അവരോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയനേതാക്കളും ഇവരുടെ സംരക്ഷകരായി രംഗത്തിറങ്ങിയപ്പോള്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമായി. മദ്യപാനം യുവാക്കളുടെ സാമൂഹ്യകൂട്ടായ്മയുടെ ഭാഗമായി മാറുകയാണ്. യുവാക്കളുടെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുകയും ബോധമണ്ഡലത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികളില്ല. സമൂഹത്തില്‍ ക്രീയാത്മകമായി ഇടപെടാനും പ്രതികരിക്കാനും കഴിയുന്ന തരത്തിലുള്ള പദ്ധതികളെല്ലാം തകര്‍ത്ത് തരിപ്പണമാക്കി പ്രതികരണശേഷി നഷ്ടപ്പെട്ട കുറെ പാവകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനാലാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നത്. രാഷ്ട്രീയചര്‍ച്ചകള്‍ക്കും ബൗദ്ധികവുമായ ചിന്തകള്‍ക്കുമൊക്കെ കലാലയങ്ങളിലുണ്ടായിരുന്ന സ്ഥാനം പരിപൂര്‍ണമായി മാറുകയോ നിരോധിക്കപ്പെടുകയോ ചെയ്തിരിക്കുന്നു.

ലോകചരിത്രം പരിശോധിച്ചാല്‍ രാഷ്ട്രീയവും സാമൂഹികവുമായ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കിയത് വിദ്യാര്‍ഥികളും യുവാക്കളുമാണ്. രാഷ്ട്രീയ അഴിമതികളെയും സാമ്പത്തിക കുംഭകോണങ്ങളെയും അവര്‍ ചോദ്യംചെയ്തിരുന്നു. പ്രക്ഷുബ്ധമായ യൗവനത്തിന്റെ പ്രതികരണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഭരണാധികാരികള്‍ സ്ഥാനവുമുപേക്ഷിച്ചിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ചിന്തിക്കുന്ന വിദ്യാര്‍ഥികളും യുവാക്കളും വിലങ്ങു തടിയാകുമെന്ന് ചില മതസംഘടനകളും രാഷ്ട്രീയനേതൃത്വവും ചിന്തിച്ചതിനെത്തുടര്‍ന്നാണ് കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചത്. രാഷ്ട്രീയനിരോധനം യുവാക്കളെ ലൈംഗികതയിലേക്കും മയക്കുമരുന്നിലേക്കും മദ്യപാനത്തിലേക്കുമാണ് തിരിച്ചുവിട്ടത്. വളര്‍ന്നുവരുന്ന ഒരു സമൂ ഹത്തിന്റെ സര്‍ഗാത്മകതയെ തളച്ചിടാന്‍ ശ്രമിച്ച വികലമായ രാഷ്ട്രീയബോധമാണ് ഈ പ്രശ്നം സൃഷ്ടിച്ചത്.

സാമൂഹികപ്രശ്നങ്ങളെക്കുറിച്ചും സാമ്പത്തികനയങ്ങളെക്കുറിച്ചും സജീവമായ ചര്‍ച്ച നടന്നിരുന്ന കലാലയങ്ങളില്‍ മയക്കുമരുന്നിനെക്കുറിച്ചും നീലച്ചിത്രങ്ങളെക്കുറിച്ചുമാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മദ്യപാനത്തെക്കുറിച്ച് സമഗ്രമായി പഠിച്ച് പ്രതിവിധി കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. മദ്യപിക്കുന്നവരെല്ലാം മദ്യാസക്തിയുള്ളവരല്ല. ചില പ്രത്യേക മാനസികരോഗങ്ങളുടെ പ്രത്യേക അവസ്ഥയില്‍ മദ്യപാനം വര്‍ധിക്കുകയും മദ്യാസക്തിയായിത്തീരുകയും ചെയ്യുകയാണ് പതിവ്. ഇത്തരം ആളുകളില്‍ മദ്യാസക്തിയേക്കാള്‍ പ്രശ്നം മനോരോഗമാണ്. മദ്യാസക്തിയുടെ കാരണം കണ്ടെത്തുകയും (ഓരോ മനുഷ്യനും വ്യത്യസ്തനായതിനാല്‍ കാരണങ്ങളും വ്യത്യസ്തമായിരിക്കും) മദ്യപാനം മദ്യാസക്തിയായി മാറുന്നത് തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലുള്ള പരിശീലനവും ചികിത്സയും ആസൂത്രണം ചെയ്യുകയാണ് പ്രതിവിധി. മദ്യപാനിയെയല്ല വെറുക്കേണ്ടത്. മദ്യപാനത്തെയാണ്. മദ്യാസക്തി ഒരു രോഗമായി കണ്ട് രോഗിയോട് പുലര്‍ത്തുന്ന സമീപനം അവരോടും പുലര്‍ത്തിയാല്‍ മാത്രമേ ഇവരെ മോചിപ്പിക്കാനാകൂ.

*
ഡോ. കെ എസ് ഡേവിഡ് ദേശാഭിമാനി 08 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മദ്യപാനം, മദ്യാസക്തി എന്നിവയൊക്കെ ആധുനികലോകത്തിന്റെ മുഖമുദ്രയായി മാറിയെന്നുവേണം കരുതാന്‍. വിവാഹസല്‍ക്കാരങ്ങള്‍, ജന്മദിനാഘോഷങ്ങള്‍, മതപരമായ പെരുന്നാളുകള്‍, ഉത്സവങ്ങള്‍ തുടങ്ങിയ സാമൂഹിക കൂട്ടായ്മകളില്‍മുതല്‍ മരണാനന്തരചടങ്ങുകള്‍ക്കുവരെ മദ്യസല്‍ക്കാരം സാധാരണമായി മാറിയിരിക്കുന്നു. പലപ്പോഴും "മദ്യം"പൊതുവിഷയമായി മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. മദ്യപാനവും മദ്യാസക്തിയും രണ്ടായി കാണണം. രണ്ടും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍വരമ്പ് വളരെ ലോലമാണെങ്കിലും ഒരുമിച്ച് കൈകാര്യംചെയ്യുന്നത് ശാസ്ത്രീയമല്ല. എന്നാല്‍, മദ്യാസക്തി ശാരീരികപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന ഒരുമാനസികരോഗമാണ്. ഇവിടെയാണ് മദ്യാസക്തിക്ക് ഒരു നിര്‍വചനം അനിവാര്യമായി വരുന്നത്.