Monday, July 30, 2012

കാര്‍ഷിക സര്‍വകലാശാലയിലെ അട്ടിമറി അഴിമതിയുടെ സ്വര്‍ണഖനി തേടി

''കേരളം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കു വലിച്ചെറിഞ്ഞ നാടുവാഴിത്തത്തില്‍ ജന്മിമാര്‍ കുടിയാന്മാരോടെന്നപോലത്തെ സമീപനമാണ് യു ഡി എഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ സര്‍വകലാശാലകളോട് അനുവര്‍ത്തിച്ചുവരുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അരങ്ങേറിയ പൊറാട്ടുനാടകം അതിന്റെ അവസാനത്തെ ഉദാഹരണമാണ്. സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തെയും വ്യവസ്ഥകളെയും ചവിട്ടിമെതിച്ചുകൊണ്ടാണ് സര്‍വകലാശാലയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം തല്‍സ്ഥാനത്തുനിന്നു പുറത്താക്കിയത്. കഴിഞ്ഞ യു ഡി എഫ് ഭരണക്കാലത്ത് നിലനിന്നിരുന്ന താല്‍ക്കാലിക ചുമതലയെന്ന ഉത്തരവാദിത്വരഹിതമായ ഭരണസംവിധാനം കാര്‍ഷിക സര്‍വകലാശാലയില്‍ തിരികെ കൊണ്ടുവരാനുള്ള യു ഡി എഫിന്റെ കുത്സിതശ്രമങ്ങളുടെ ഭാഗമായി മാത്രമേ ഈ സംഭവത്തെ നോക്കിക്കാണാനാവൂ. നിയമപരമായി യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ആരോടും കണക്കുപറയേണ്ടാത്ത ഭരണസംവിധാനം തിരികെ കൊണ്ടുവന്ന് കാര്‍ഷിക സര്‍വകലാശാലയെ ധൂര്‍ത്തിന്റെയും കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും വിളഭൂമിയാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സര്‍വകലാശാലയുടെ സുപ്രധാനമായ ഗവേഷണ വിഭാഗം, വിജ്ഞാനവ്യാപനം, ഫാക്കല്‍റ്റി ഡീന്‍മാര്‍ എന്നീ തസ്തികകളടക്കം സുപ്രധാന ഭരണനിര്‍വഹണ ചുമതലകളില്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ താല്‍ക്കാലികമായി നിയമിച്ച് യഥേഷ്ടം അഴിമതിയും ധൂര്‍ത്തും അവ്യവസ്ഥയും സ്ഥാപനവല്‍ക്കരിക്കുക എന്നതാണ് എക്കാലത്തും യു ഡി എഫ് ഭരണകാലത്ത് അവര്‍ പിന്തുടര്‍ന്നിരുന്ന തന്ത്രം. അതിനൊരു മാറ്റം വരുത്തുന്നതില്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് കഴിഞ്ഞ ഭരണസമിതി ശ്രമിച്ചതും വലിയൊരളവുവരെ വിജയിച്ചതും. അതിന്റെ ഭാഗമാണ് ഉന്നത സര്‍വകലാശാല തസ്തികകളില്‍ നിയമാനുസൃതം സുതാര്യവും പരാതികള്‍ കൂടാതെയും നടത്തിയ നിയമനങ്ങള്‍. അതിനെതിരെ ഉയര്‍ന്നുവന്ന ഏക പരാതി ഹൈക്കോടതി നിരാകരിക്കുകയും പരാതിക്കാരനോട് ചാന്‍സലര്‍കൂടിയായ ഗവര്‍ണറെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഗവര്‍ണര്‍ പരാതി ഭരണസമിതിയുടെ പരിഗണനയ്ക്ക് തിരിച്ചയച്ചു. അത് ഭരണസമിതി പരിശോധിക്കും മുമ്പാണ് ജനറല്‍ കൗണ്‍സില്‍ അജണ്ടയിലുള്‍പ്പെടുത്തി കഴിഞ്ഞ ദിവസത്തെ നാടകങ്ങള്‍ക്ക് വഴിതെളിച്ചത്.''

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനം നടന്നതെന്നാണ് പരാതി. നിയമാനുസൃതം അപേക്ഷകള്‍ ക്ഷണിച്ച് വൈസ്ചാന്‍സ്‌ലര്‍ അധ്യക്ഷനും രാജ്യത്തെ മറ്റ് രണ്ടു കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍മാര്‍ അംഗങ്ങളുമായ സമിതി കൂടിക്കാഴ്ച നടത്തി റാങ്ക്‌ലിസ്റ്റ് തയ്യാറാക്കി ഭരണസമിതി അംഗീകരിച്ചാണ് ഒന്നര വര്‍ഷം മുമ്പ്  നിയമനം നടന്നത്. മേല്‍പ്പറഞ്ഞ നിയമനം ലഭിക്കാതെപോയ ഒരാളുടെ പരാതി ഒഴികെ മറ്റൊരു വിവാദവും ഇതു സംബന്ധിച്ച് ഉണ്ടായിരുന്നില്ല. നിയമനപ്രക്രിയയില്‍ ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും അന്നത്തെ കാര്‍ഷികോല്‍പ്പാദന കമ്മിഷണറും അംഗമായ ഭരണസമിതിയാണ് നേതൃത്വം നല്‍കിയത്. ഹൈക്കോടതിയും ഗവര്‍ണറും നിരാകരിച്ച പരാതി യു ഡി എഫിന് ഒരു പിടിവള്ളിയായി മാറുകയായിരുന്നു. അനര്‍ഹമായ അധികാര പദവികള്‍ക്കും അഴിമതിക്കും ധൂര്‍ത്തിനും അവസരം പാര്‍ത്തിരുന്ന നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഇവിടെ കൈകോര്‍ത്തു. ഇത് കേരള കാര്‍ഷിക സര്‍വകലാശാലയെ സംബന്ധിച്ചും സംസ്ഥാനത്തെ സര്‍വകലാശാലകളുടെ സ്വയംഭരണ അവകാശങ്ങള്‍ക്ക് പൊതുവിലും അപമാനകരമായ കറുത്ത അധ്യായമാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ യു ഡി എഫ് ഭരണകാലത്തെന്നപോലെ വീണ്ടും കാര്‍ഷിക സര്‍വകലാശാലയെ നാഥനില്ലാ കളരിയാക്കി 'വെടക്കാക്കി തനിക്കാക്കുക' എന്ന തന്ത്രമാണ് യു ഡി എഫ് അവലംബിക്കുന്നത്. വര്‍ഷങ്ങളായി അര്‍ഹമായ പ്രമോഷന്‍ ലഭിക്കാത്ത നൂറുകണക്കിനു അധ്യാപകര്‍ക്ക് നിയമാനുസൃതം അര്‍ഹതയുടെ അടിസ്ഥാനത്തില്‍ അതു നല്‍കാനും ഒഴിഞ്ഞുകിടന്ന അനേകം അധ്യാപക തസ്തികകളില്‍ നിയമനം നടത്താനും സാമ്പത്തികമായി തകര്‍ന്നിരുന്ന സര്‍വകലാശാലയ്ക്ക് വലിയൊരളവ് ഭദ്രത ഉറപ്പുവരുത്താനും ജീവനക്കാരുടെയും തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനും ആ ഭരണസമിതി നേതൃത്വം നല്‍കി. കാലാനുസൃതമായി അക്കാദമിക് രംഗത്തെ വൈവിധ്യവല്‍ക്കരിക്കാനും പുത്തന്‍ തലമുറ കോഴ്‌സുകള്‍ ആരംഭിക്കാനും തുടര്‍ച്ചയായി അക്കാദമിക് രംഗത്ത് രാജ്യത്തെ ഏറ്റവും മികച്ച കാര്‍ഷിക സര്‍വകലാശാലയായി സ്ഥാപനത്തെ മാറ്റാനും അന്ന് കഴിഞ്ഞു. ആ നേട്ടങ്ങളെയും പരിശ്രമങ്ങളുടെ തുടര്‍ച്ചയേയും അട്ടിമറിക്കാനാണ് പുതിയ ഭരണ സമിതിയും യു ഡി എഫ് ഗവണ്‍മെന്റും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസരംഗമടക്കം വിദ്യാഭ്യാസത്തോടുള്ള യു ഡി എഫ് സര്‍ക്കാരിന്റെയും ഘടകകക്ഷികളുടേയും കാഴ്ചപ്പാടും സമീപനവും അക്കാദമിക് വിരുദ്ധവും ജനവിരുദ്ധവും പ്രതിലോമകരവുമാണെന്നതിന് ഏറെ വിശദീകരണം ആവശ്യമില്ല. ഈ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്തെ കച്ചവടമാക്കി മാറ്റുക മാത്രമല്ല അഴിമതിക്കാരുടേയും പൊതുമുതല്‍ കൊള്ളയടിക്കുന്നവരുടേയും സാമൂഹ്യ പുരോഗതിയെ തടയുന്ന നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെയും താവളമാക്കി അധപ്പതിപ്പിക്കുകയാണ്. കോഴിക്കോട് സര്‍വകലാശാലയില്‍ അരങ്ങേറിയ ഇഷ്ടദാന പരമ്പരകളും അനേകം കോടികളുടെ കെട്ടിടനിര്‍മാണ കരാര്‍ സ്വന്തക്കാര്‍ക്കായി നിയമവിരുദ്ധമായി കൈമാറാന്‍ വെറ്ററിനറി സര്‍വകലാശാലയില്‍ നടന്ന കുത്സിത ശ്രമങ്ങളും സമീപകാല സംഭവവികാസങ്ങളാണ്. യു ഡി എഫിലെ ഘടകകക്ഷികളോരോന്നും അഴിമതിയുടെ സ്വര്‍ണഖനികള്‍ നേടിയുള്ള പരക്കംപാച്ചിലിലാണ്. മുസ്‌ലിംലീഗിന് അവയിലൊന്ന് കോഴിക്കോട് സര്‍വകലാശാലയാണെങ്കില്‍ സോഷ്യലിസ്റ്റ് ജനതയ്ക്ക് അത് വെറ്ററിനറി. കാര്‍ഷിക സര്‍വകലാശാലകളാണ്. കേരളത്തിലെ പൊതുസമൂഹം ഇത് തിരിച്ചറിയുന്നു. കേരളത്തിലെ കര്‍ഷകരും കാര്‍ഷികരംഗത്തെ അക്കാദമിക് സമൂഹവും ഈ വസ്തുതകള്‍  യാഥാര്‍ഥ്യബോധത്തോടെ തിരിച്ചറിഞ്ഞ് പ്രതികരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. വിദ്യാഭ്യാസരംഗം നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി തകര്‍ക്കാന്‍ യു ഡി എഫ് നടത്തുന്ന അട്ടിമറികള്‍ കേരളത്തിലെ പ്രബുദ്ധ ജനസമൂഹം എതിര്‍ത്തു പരാജയപ്പെടുത്തുകതന്നെ ചെയ്യും.

*
ജനയുഗം മുഖപ്രസംഗം 30 ജൂലൈ 2012

No comments: