Wednesday, July 11, 2012

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം എങ്ങോട്ട്?

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം മുമ്പെങ്ങും അഭിമുഖീകരിക്കാത്ത ആശങ്കകളുടെ ചുഴിയിലാണ്. കച്ചവട താല്‍പര്യങ്ങളും വര്‍ഗ്ഗീയതയും ഫണം വിടര്‍ത്തിയാടുകയാണെന്ന ചിന്ത വ്യാപകമായിരിക്കുന്നു. അധികാരം ലഭിച്ചത് നിക്ഷിപ്ത താല്‍പര്യങ്ങള്‍ പ്രായോഗികമാക്കാനുള്ള സുവര്‍ണ്ണ അവസരമായി വിദ്യാഭ്യാസവകുപ്പിനെ നയിക്കുന്നവര്‍ കരുതുന്നുണ്ടാവാം. അവരുടെ സങ്കുചിത ലക്ഷ്യങ്ങള്‍ക്ക് മുന്നില്‍ പിടഞ്ഞു വീഴുന്നത് നാല്‍പതു ലക്ഷത്തോളം കുരുന്നുകളുടെ ഭാവിയും നാളത്തെ സമൂഹത്തില്‍ അവര്‍ ഏറ്റെടുക്കേണ്ട ധാര്‍മ്മിക ബോധവുമാണ്.
ഇന്ന്, വല്ലാത്ത ധാര്‍മ്മികഭ്രംശം ഈ രംഗത്ത് സംഭവിച്ചിരിക്കുന്നു. അതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍, കേരളത്തെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങുകയാണ് വേണ്ടത്. മറ്റൊരുപാട് രാഷ്ട്രീയ കോലാഹലങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അലക്കുകല്ലായി നില്‍ക്കുമ്പോള്‍, വിദ്യാഭ്യാസ മേഖലയില്‍ നടമാടുന്ന ഏകപക്ഷീയ സമീപനങ്ങള്‍ വേണ്ടത്ര ചര്‍ച്ചചെയ്യപ്പെടാതെ പോകുന്നു.

കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കാന്‍ ശ്രമിച്ച പരിഷ്‌കാരങ്ങള്‍, മതമേലധ്യക്ഷന്മാരുടേയും സാമുദായിക സംഘടനകളുടേയും ശക്തമായ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.

പുരോഗമന കാഴ്ചപ്പാടുകള്‍ പുലര്‍ത്തിയ ആളുകളുടെ പിന്തുണ ആ പരിഷ്‌കാരങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കിലും മറുപക്ഷത്തെ അപേക്ഷിച്ച് അത് ദുര്‍ബലമായ ചേരിയായിപ്പോയി. പുരോഗമന പക്ഷത്തിന്റെ കരുത്തുവര്‍ധിപ്പിക്കും വിധം കുടിയാലോചനകള്‍ നടത്തി പല പരിഷ്‌കാരങ്ങളും നടപ്പാക്കിയിരുന്നെങ്കില്‍ കൂടുതല്‍ വിജയിക്കുമായിരുന്നു. എന്നാല്‍, ഭരണമാറ്റം സംഭവിച്ചതോടെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെല്ലാം അസ്തമിച്ചെന്നു മാത്രമല്ല, വകുപ്പിന് നേതൃത്വം നല്‍കുന്നവരുടെ മതത്തിന്റെയും സമുദായത്തിന്റെയും മറപറ്റിയുള്ള താല്‍പര്യ സംരക്ഷണം മാത്രമായി നടപടികള്‍ ചുരുങ്ങിപ്പോവുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ പാഠ്യപദ്ധതി പരിഷ്‌ക്കരണവും പരീക്ഷാപരിഷ്‌ക്കരണവും തെറ്റാണെന്നു വന്നു. അധ്യാപക പരിശീലനങ്ങളും കൂടിയാലോചനകളും പടിക്കു പുറത്തായി. വിദ്യാഭ്യാസ വകുപ്പിന്റെ ദിശാബോധം തന്നെ നഷ്ടപ്പെട്ടു. ഉയര്‍ന്ന ചിന്തയും ദീര്‍ഘവീക്ഷണവും പ്രയോഗിക്കേണ്ടതിനു പകരം താല്‍ക്കാലികമായ അഡ്ജസ്റ്റുമെന്റുകള്‍ മതിയെന്ന അവസ്ഥ വന്നു.

പ്രതിഭാധനനായ ഒരു പൊതുവിദ്യാഭ്യാസ സെക്രട്ടറിയും, ഉദ്ദേശ ശുദ്ധിയോടെ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഡയറക്ടറും ഉണ്ടായിട്ടുപോലും കാര്യങ്ങള്‍ 'കചട'യായി തീരുന്നു.
അവസാനിക്കുന്നില്ല

II

വിദ്യാഭ്യാസ കച്ചവടം കൊഴുക്കുന്നു   


വിദ്യാഭ്യാസ വകുപ്പിന്റെ ചുറ്റും കൂടി നില്‍ക്കുന്നവര്‍ക്ക് പിന്നെയുള്ള ലക്ഷ്യം എങ്ങനെയും കാര്യം കാണുക എന്നതു മാത്രമായിതീരുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എറണാകുളം സര്‍വശിക്ഷാ അഭിയാന്റെ 'പച്ച ബ്ലൗസ്' ഉത്തരവ്. ഇങ്ങനെയൊക്ക ചെയ്താല്‍ മന്ത്രിയുടെ അല്ലെങ്കില്‍ മന്ത്രിയെ നയിക്കുന്ന കക്ഷിയുടെ നല്ലപിള്ളയായി നില്‍ക്കാമെന്നാകും തോന്നല്‍.

പ്രീതിനേടിയും അര്‍ഥം കൊടുത്തും സ്വന്തക്കാരായി കൂടെനിന്നും ഒരുവിഭാഗം വിദ്യാഭ്യാസവകുപ്പില്‍ അനീതിയും കൊള്ളരുതായ്മയും ചെയ്തു കൂട്ടുന്നു. ഹയര്‍സെക്കന്‍ഡറി പോലെയുള്ള വകുപ്പുകളില്‍ ഒരു കാര്യത്തിലും 'വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാതായി തീര്‍ന്നിരിക്കുന്നതു തന്നെ നോക്കുക.

അധ്യാപികമാരെ പച്ചബ്ലൗസ് അണിയിക്കാന്‍ മാത്രം സങ്കുചിതമായി ചിന്തിക്കുന്നയാളല്ല വിദ്യാഭ്യാസമന്ത്രിയെന്ന് അദ്ദേഹത്തെ അറിയാവുന്ന ആര്‍ക്കും മനസ്സിലാകും. എന്നാല്‍ അദ്ദേഹം അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ എടുക്കുന്ന പല നടപടികളും അദ്ദേഹത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറെ നഷ്ടപ്പെടുത്തി. സംസ്ഥാന സ്‌കൂള്‍ കരിക്കുലം കമ്മറ്റി ഇത്ര ഏകപക്ഷീയമായി ഇതിനുമുമ്പ് രൂപീകരിച്ചിട്ടില്ല. തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരനെപ്പോലും ഞെട്ടിച്ചു കളഞ്ഞു, ആ കമ്മറ്റി രൂപീകരണത്തില്‍ കണ്ട സാമുദായിക പ്രീണനം.
വിദ്യാഭ്യാസവകുപ്പുമന്ത്രി പൊതുപരിപാടികളില്‍ നിലവിളക്കു തെളിക്കാന്‍ മടിച്ചപ്പോഴും ഔദ്യോഗിക വസതി 'ഗംഗ'യില്‍ നിന്ന് 'ഗ്രേയ്‌സ്' ആക്കി പരിവര്‍ത്തനം ചെയ്തപ്പോഴും ഒരു മുഖംമൂടി അഴിഞ്ഞുവീഴുന്നത് ജനം തിരിച്ചറിഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ഭൂമിദാനം വിദ്യാഭ്യാസ വകുപ്പിനെ ചൂഴ്ന്നു നില്‍ക്കുന്ന കച്ചവടക്കണ്ണുകളുടെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്. നേതാക്കളുടെ പേരില്‍ ട്രസ്റ്റുകള്‍ രൂപീകരിച്ച് ഏക്കര്‍ കണക്കിന് ഭൂമി വീതിച്ചു നല്‍കാന്‍ തീരുമാനിച്ചതിന് സമാനമാണ്, മലബാര്‍ മേഖലയില്‍ ഏരിയ ഇന്റന്‍സീവ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സ്‌കൂളുകളെ എയ്ഡഡ് മേഖലയിലേക്ക് പറിച്ചു മാറ്റാന്‍ തീരുമാനിക്കുന്നതെന്ന് ആര്‍ക്കാണ് ബോധ്യമാകാത്തത്. 356 സ്‌കൂളുകളും അവിടുത്തെ നിയമനങ്ങളും വന്‍ കൊള്ളയ്ക്കുള്ള അവസരമാണ് തുറന്നിടുന്നത്. ഈ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സേവന-വേതന അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അവ എയ്ഡഡ് മേഖലയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത് വേറെ ലക്ഷ്യത്തോടെയാണ്. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് അവ നിര്‍മ്മിച്ചതെങ്കില്‍, അവ സര്‍ക്കാര്‍ സ്‌കൂളുകളാക്കി നിലനിര്‍ത്താനും അവയുടെ നടത്തിപ്പ് പ്രത്യേക ചട്ടങ്ങള്‍ക്കനുസൃതമാക്കുകയും ചെയ്യുകയായിരുന്നു അഭികാമ്യം. കഴിഞ്ഞസര്‍ക്കാര്‍ പഞ്ചായത്തു സ്‌കൂളുകള്‍ ഏറ്റെടുത്തമാതൃക ഇവിടെയും സ്വീകരിക്കാമായിരുന്നു.

പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും തികഞ്ഞ അരക്ഷിതബോധത്തിലാണ്. കാരണം ഈ വര്‍ഷത്തെ ഏകജാലക പതിനൊന്നാം ക്ലാസ് സ്‌കൂള്‍പ്രവേശനം തന്നെ. പത്താംക്ലാസ് റിസല്‍ട്ട് പ്രഖ്യാപിച്ച് ഒരു മാസത്തിലധികം സമയം കാത്തിരുന്ന്, സി ബി എസ് ഇ സിലബസ്സ്‌കാരെ പൊതുവിദ്യാലയങ്ങളിലേക്ക് കടത്തിവിടാന്‍ സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്തു. അരലക്ഷത്തോളം അണ്‍എയ്ഡഡ് സി ബി എസ് ഇ സിലബസ് വിദ്യാര്‍ഥികളാണ് പൊതുവിദ്യാലയങ്ങളിലേക്ക് കടന്നുകയറിയത്. അവരില്‍ മഹാഭൂരിപക്ഷം പേരും കേവലം സ്‌കൂള്‍ തല പരീക്ഷമാത്രം പാസ്സായി വന്നവരാണ്.

സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷയും പൊതുവിദ്യാലയങ്ങളിലെ പൊതുപരീക്ഷയും സമാനമാകുന്നതെങ്ങനെ? സി ബി എസ് ഇ സ്‌കൂളുകളെക്കുറിച്ചുള്ള ഏറ്റവും പ്രധാന ആക്ഷേപങ്ങളിലൊന്ന്, ആ സ്‌കൂളുകളില്‍ വേണ്ടത്ര യോഗ്യതയുള്ള അധ്യാപകരില്ല എന്നതാണ്. അവര്‍ യഥേഷ്ടം നല്‍കുന്ന മാര്‍ക്കുകള്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിനുള്ള യോഗ്യതയാവുമ്പോള്‍, പൊതുവിദ്യാലയങ്ങളില്‍ നിന്ന് ഉയര്‍ന്ന വിജയം നേടിയവര്‍ അര്‍ഹതയുള്ള സ്‌കൂളോ, വിഷയമോ ലഭിക്കാതെ പിന്തള്ളപ്പെട്ടുപോയി. രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ മാത്രം സി ബി എസ് ഇക്കാരെ പരിഗണിച്ചാണ് കഴിഞ്ഞ സര്‍ക്കാര്‍ ഈ തള്ളിക്കയറ്റം തടഞ്ഞത്. എന്നാല്‍ അതിനുമപ്പുറം പൊതുബോര്‍ഡ്തലപരീക്ഷ പാസ്സായവര്‍ക്കു മാത്രമായി പതിനൊന്നാം ക്ലാസ് പ്രവേശനം പരിമിതപ്പെടുത്താനുള്ള ആര്‍ജ്ജവം ഈ സര്‍ക്കാര്‍ കാണിക്കുമെന്ന് പ്രതീക്ഷിക്കാമോ? മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശനത്തിന് പൊതുവിദ്യാലയങ്ങളിലെ പരീക്ഷാമാര്‍ക്കിന്റെ നിശ്ചിതശതമാനം നിര്‍ബന്ധമായതോടെയാണ് ഈ കടന്നുകയറ്റം വ്യാപകമായത്.

സംസ്ഥാനത്ത് ഒരു നിയന്ത്രണവുമില്ലാതെ അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നു. വിദ്യാഭ്യാസഅവകാശനിയമത്തില്‍, അവയെ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ പ്രയോഗിക്കാതെ, അവരെ എങ്ങനെ സംരക്ഷിക്കാമെന്നാണ് സര്‍ക്കാരിന്റെ ചിന്ത. ഉന്നതവിദ്യാഭ്യാസ രംഗത്തും ഇതുപോലെ വിദ്യാഭ്യാസ കച്ചവടം കൊഴുക്കുകയാണ്.
കാലിക്കറ്റ് സര്‍വകലാശാല തന്നെ മുപ്പതോളം സ്വാശ്രയ കോളേജുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിനൊക്കെയെതിരെ ആകുലപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നുണ്ട്. അത് ഒരു പ്രതിരോധ നിരയായി വളരാന്‍ ഏറെക്കാക്കേണ്ടി വരില്ല.

*
എന്‍ ശ്രീകുമാര്‍ (ലേഖകന്‍ ഏ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റാണ്)

ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം മുമ്പെങ്ങും അഭിമുഖീകരിക്കാത്ത ആശങ്കകളുടെ ചുഴിയിലാണ്. കച്ചവട താല്‍പര്യങ്ങളും വര്‍ഗ്ഗീയതയും ഫണം വിടര്‍ത്തിയാടുകയാണെന്ന ചിന്ത വ്യാപകമായിരിക്കുന്നു. അധികാരം ലഭിച്ചത് നിക്ഷിപ്ത താല്‍പര്യങ്ങള്‍ പ്രായോഗികമാക്കാനുള്ള സുവര്‍ണ്ണ അവസരമായി വിദ്യാഭ്യാസവകുപ്പിനെ നയിക്കുന്നവര്‍ കരുതുന്നുണ്ടാവാം. അവരുടെ സങ്കുചിത ലക്ഷ്യങ്ങള്‍ക്ക് മുന്നില്‍ പിടഞ്ഞു വീഴുന്നത് നാല്‍പതു ലക്ഷത്തോളം കുരുന്നുകളുടെ ഭാവിയും നാളത്തെ സമൂഹത്തില്‍ അവര്‍ ഏറ്റെടുക്കേണ്ട ധാര്‍മ്മിക ബോധവുമാണ്.