Tuesday, July 10, 2012

സമരമുഖത്തെ ദീപാങ്കര്‍ദാ

ദീപാങ്കര്‍ദാ എന്നും ഒരു അധ്യാപകന്റെ സാമീപ്യമാണ് മനസ്സിലുണര്‍ത്തുക. ഉരുവിട്ട് പഠിപ്പിക്കുന്ന അധ്യാപകന്‍ അതായിരുന്നു ദീപാങ്കര്‍ മുഖര്‍ജിയെന്ന ട്രേഡ്യൂണിയന്‍ നേതാവ്. 2003 മുതല്‍ സിഐടിയുവിന്റെ ജനറല്‍ സെക്രട്ടറി. ഒരു ട്രേഡ്യൂണിയന്‍ നേതാവ് എന്നും ആദ്യം അധ്യാപകനായിരിക്കണമെന്ന് സിഐടിയുവിന്റെ മുന്‍ ജനറല്‍ സെക്രട്ടറി ചിത്തബ്രത മജൂംദാര്‍ ആവര്‍ത്തിച്ച് പറയുമായിരുന്നു. പ്രമുഖ കമ്യൂണിസ്റ്റ് പാര്‍ടി നേതാവും എഐടിയുസിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന എ ബി ബര്‍ദനും ഇക്കാര്യം പല യോഗങ്ങളിലും ആവര്‍ത്തിക്കാറുണ്ട്. തൊഴിലാളികളെ അവര്‍ പണിയെടുക്കുന്ന വ്യവസായത്തെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും ആദ്യം ബോധവാന്മാരാക്കിയാല്‍ മാത്രമേ പ്രക്ഷോഭകാരികളാക്കാന്‍ കഴിയൂ എന്നാണ് ഇവരുടെ അഭിപ്രായം. ഇത് അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കിയ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു ദീപാങ്കര്‍ മുഖര്‍ജി. അതുകൊണ്ടു തന്നെയാണ് ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ദീപാങ്കറുമായി അടുത്തബന്ധം സ്ഥാപിച്ചതും. ഞങ്ങളെപ്പോലുള്ളവര്‍ക്ക് പല സംശയങ്ങള്‍ക്കുമുള്ള ഉത്തരം ദീപാങ്കര്‍ദായില്‍നിന്ന് ലഭിക്കുമായിരുന്നു. അഴിമതി കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്കും അദ്ദേഹം "സോഴ്സാ"യിരുന്നു.

1994ല്‍ പശ്ചിമബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ദീപാങ്കര്‍ മുഖര്‍ജി എന്ന നേതാവിനെക്കുറിച്ച് അറിയുന്നത് തന്നെ. ഇ ബാലാനന്ദന്‍ രണ്ടാമതും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വേളയിലാണ് ദീപാങ്കറും രാജ്യസഭയിലെത്തുന്നത്. നേതാവെന്ന നിലയില്‍ ബാലാനന്ദനാണ് കൂടുതല്‍ വിഷയങ്ങളില്‍ സംസാരിക്കാറെങ്കിലും പിന്‍ബഞ്ചിലിരുന്നിരുന്ന നിലോത്പല്‍ ബസുവും ദീപാങ്കറുമായിരുന്നു സിപിഐ എമ്മിന്റെ പ്രധാന പ്രാസംഗികര്‍. ബാലാനന്ദനും നിലോത്പലും ഇംഗ്ലീഷിലാണെങ്കില്‍ ദീപാങ്കര്‍ ഇംഗ്ലീഷിലെന്ന പോലെ തന്നെ ഹിന്ദിയും അനായാസം കൈകാര്യം ചെയ്യുമായിരുന്നു. പശ്ചിമബംഗാളില്‍ നിന്നുള്ള മറ്റ് എംപിമാരില്‍ നിന്ന് വ്യത്യസ്തമായി ദീപാങ്കറിന്റെ ഹിന്ദിയിലുള്ള പ്രാവീണ്യം എന്നെ അത്ഭുതപ്പെടുത്തി. പിന്നീടാണ് അതിനുപിന്നിലുള്ള കാരണം മനസ്സിലായത്. കൊല്‍ക്കത്തയിലാണ് ജനിച്ചതെങ്കിലും ദീപാങ്കര്‍ വളര്‍ന്നത് ഉത്തര്‍പ്രദേശിലായിരുന്നു. നരേന്ദ്രനാഥ് മുഖര്‍ജിയെന്ന റെയില്‍വേ ജീവനക്കാരന്റെ മകനായി

1943ല്‍ ജനിച്ച ദീപാങ്കര്‍ പശ്ചിമ യുപിയിലെ മഥുരയിലാണ് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഉത്തര്‍പ്രദേശിലെ ഏറ്റവും നല്ല ഹിന്ദിഭാഷ സംസാരിക്കുന്ന മേഖലയാണിതെന്ന് പ്രസിദ്ധം. തുടര്‍ന്ന് ബനാറസിലെ ഹിന്ദു സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ ദീപാങ്കര്‍ ആദ്യം ജോലിചെയ്തത് ഭോപാലിലെ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിലായിരുന്നു. തുടര്‍ന്ന് അദ്ദേഹം രാസവള മേഖലയിലേക്ക് മാറി. ദീപാങ്കറിന് ഏറ്റവും ഇഷ്ടപ്പെട്ട മേഖലയും ഇതുതന്നെയായിരുന്നു. ആദ്യം ആന്ധ്രപ്രദേശിലെ രാമഗുണ്ടം ഹിന്ദുസ്ഥാന്‍ ഫെര്‍ടിലൈസറിലും പിന്നീട് ഹാല്‍ദിയ പെട്രോ കെമിക്കല്‍സിലും ജോലി നോക്കി. ഹാല്‍ദിയയില്‍ അഡീഷനല്‍ ചീഫ് എന്‍ജിനിയറായിരിക്കേയാണ് 1991 രാജിവച്ച് സിഐടിയുവിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനാകുന്നത്. ഹിന്ദി മേഖലയിലെ പഠനവും ജോലിയുമാണ് രാഷ്ട്രഭാഷയില്‍ അതുല്യമായ കഴിവ് അദ്ദേഹത്തിന് നല്‍കിയത്. പാര്‍ലമെന്റില്‍ മാത്രമല്ല ഇംഗ്ലീഷ്-ഹിന്ദി ടെലിവിഷന്‍ ചാനലുകളിലെ പ്രധാന "ഡിബേറ്ററായും" അദ്ദേഹം മാറി. വിവിധ വ്യവസായങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും തൊഴിലാളിവര്‍ഗ ബോധവും ഈ സംവാദങ്ങളെ ശ്രദ്ധേയമാക്കുകയും ചെയ്തു. വസ്തുതകള്‍ വളച്ചുകെട്ടില്ലാതെ പറയാന്‍ ഇത് അദ്ദേഹത്തിന് കരുത്ത് നല്‍കി. സ്വതഃസിദ്ധമായ നര്‍മവും കൂടിയാകുമ്പോള്‍ അതിന് മൂര്‍ച്ച വര്‍ധിക്കുകയും ചെയ്തു.

പെട്രോളിയം, രാസവളം, സ്പെക്ട്രം തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള അവഗാഹമായ അറിവ് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ വകുപ്പ് മന്ത്രിമാര്‍ ചോദ്യോത്തരവേളയില്‍ ഏറ്റവും ഭയപ്പെട്ടിരുന്നതും ദീപാങ്കറിന്റെ ചോദ്യങ്ങളെയായിരുന്നു. "യേസ്" ഓര്‍ "നോ" എന്ന് ഉത്തരം പറയാന്‍ പലപ്പോഴും മന്ത്രിമാരോട് ദീപാങ്കര്‍ ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ ഒരിക്കലും നേരിട്ട് ഉത്തരം പറയാന്‍ പ്രണബ് മുഖര്‍ജി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍പോലും തയ്യാറായിരുന്നില്ല. പലരും അദ്ദേഹത്തെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ അതികായനായി വിശേഷിപ്പിക്കുന്നതും ഇതുകൊണ്ടാണ്.

മാറി മാറിവന്ന കേന്ദ്ര സര്‍ക്കാരുകളുടെ സ്വകാര്യവത്ക്കരണ നയത്തിനെതിരായ ജനവികാരത്തെ വര്‍ഗസമരവുമായി കൂട്ടിയിണക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ട്രേഡ് യൂണിയന്‍ നേതാവ് കൂടിയായിരുന്നു ദീപാങ്കര്‍ മുഖര്‍ജി. സാമ്പത്തിക സ്വാശ്രയത്വവും പൊതുമേഖലയുടെ സംരക്ഷണവും അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങളായിരുന്നു. സ്വകാര്യവത്ക്കരണം എന്നത് പൊതുധനം കൊള്ളയടിക്കാനുള്ള കോര്‍പറേറ്റ് തന്ത്രമാണെന്നും അതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്നും വിളിച്ച് പറയാനും അത് തെളിയിക്കാനും ദീപാങ്കര്‍ തയ്യാറായി. ബാല്‍ക്കോ, ഇസ്പാത്ത്, നാല്‍കോ, വിമാനത്താവളങ്ങള്‍ എന്നിവയുടെ സ്വകാര്യവത്ക്കരണത്തിനെതിരെ രാജ്യസഭയില്‍ ദീപാങ്കര്‍ നടത്തിയ പോരാട്ടം എന്നെന്നും ഓര്‍മിക്കപ്പെടും. അതുപോലെ തന്നെ മഹാരാഷ്ട്രയിലെ എന്‍റോണ്‍ പദ്ധതിയുടെ ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവരുന്നതിലും അദ്ദേഹം നല്ല പങ്കുതന്നെ വഹിച്ചു. ഉയര്‍ന്ന നിരക്കിലുള്ള വൈദ്യുതി സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിനെക്കൊണ്ട് വാങ്ങിപ്പിച്ച് കോടികളുടെ പൊതു ധനമാണ് അമേരിക്കന്‍ ഊര്‍ജ രാക്ഷസന്‍ കൊള്ളയടിക്കുന്നതെന്ന് വസ്തുതകള്‍ നിരത്തി ദീപാങ്കര്‍ വാദിക്കുകയുണ്ടായി. രാസവള മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചിട്ട് അധിക വില നല്‍കി അത് ഇറക്കുമതിചെയ്യുന്നതിലെ പൊള്ളത്തരവും ഒന്നിലധികം തവണ പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ അദ്ദേഹം തയ്യാറായി.

സെന്റോര്‍ ഹോട്ടല്‍ സ്വകാര്യവത്ക്കരണത്തിനെതിരെയും അദ്ദേഹമാണ് പാര്‍ലമെന്റില്‍ ആദ്യമായി ശബ്ദമുയര്‍ത്തിയത്. ട്രാന്‍സ്പോര്‍ട്-ടൂറിസം മന്ത്രാലയത്തിന്റെ ചെയര്‍മാനായിരുന്ന വേളയിലാണ് ഈ ഹോട്ടല്‍ വില്‍പ്പനയില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയത്. ചുളുവിലയ്ക്കാണ് മുംബൈയിലെ ഹോട്ടല്‍ വില്‍പ്പന നടന്നതെന്നാണ് പാര്‍ലമെന്ററി സമിതി കണ്ടെത്തിയത്.

എന്നാല്‍ ദീപാങ്കര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് പെട്രോളിയത്തിന്റെയും പ്രകൃതി വാതകത്തിന്റെയും വിലനിര്‍ണയത്തിലെ ചതിക്കുഴികള്‍ പുറത്തുകൊണ്ടു വരുന്നതിലായിരുന്നു. പെട്രോളിന് ഈടാക്കുന്ന വിലയുടെ പകുതിയിലധികവും സര്‍ക്കാര്‍ ഈടാക്കുന്ന നികുതികളാണെന്ന് 2005 ലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ദീപാങ്കര്‍ സ്ഥാപിച്ചു. "അണ്ടര്‍ റിക്കവറിയുടെ" പൊള്ളത്തരവും അദ്ദേഹം ഈ റിപ്പോര്‍ട്ടില്‍ വെളിച്ചത്ത് കൊണ്ടു വന്നു. ഇതുസംബന്ധിച്ച് അദ്ദേഹം എഴുതി തയ്യാറാക്കിയ ലഘുലേഖ വന്‍ പ്രചാരം നേടിയതും ഇതുകൊണ്ടു തന്നെ. കൃഷ്ണ ഗോദാവരീ തീരത്തുനിന്നും ഉല്‍പ്പാദിപ്പിക്കുന്ന വാതകത്തിന്റെ വിലനിര്‍ണയത്തില്‍ റിലയന്‍സ് കമ്പനി നടത്തിയ കള്ളക്കളികളും അതിന് പിന്തുണ നല്‍കിയ കേന്ദ്ര സര്‍ക്കാരിനെയും ദീപാങ്കര്‍ തുറന്നുകാട്ടി. പിന്നീട് ഈ വിഷയം സംബന്ധിച്ച് വന്ന സിഎജി റിപ്പോര്‍ട്ടില്‍ ദീപാങ്കര്‍ നേരത്തേ തന്നെ മുന്നോട്ടു വച്ച പല കാര്യങ്ങളും ഉള്‍പ്പെട്ടിരുന്നുവെന്നതില്‍ നിന്നു തന്നെ അദ്ദേഹത്തിന്റെ നിരീക്ഷണം ഏത്രമാത്രം പ്രസക്തമായിരുന്നുവെന്ന് തെളിയുന്നു.

ഗുഡ്ഗാവില മാരുതി കാര്‍ യൂണിറ്റിലെ സമരം നയിക്കുന്നതിലും അദ്ദേഹം മുന്‍നിന്ന് പ്രവര്‍ത്തിച്ചു. ഒന്നുരണ്ടു തവണ അദ്ദേഹത്തോടൊപ്പം ഈ സമരകേന്ദ്രം ഞാനും സന്ദര്‍ശിച്ചിരുന്നു. സാധാരണ തൊഴിലാളികളുമായി നേരിട്ട് സംവദിച്ച ദീപാങ്കര്‍ പെട്ടെന്ന് തന്നെ അവരിലൊരാളായി മാറുന്ന കാഴ്ചയാണ് നേരില്‍ കണ്ടത്. ചോദ്യം-ഉത്തരം എന്ന ശൈലിയിലുള്ള പ്രസംഗമായിരുന്നു അദ്ദേഹത്തിന്റേത്. ആവേശത്തിരയുണര്‍ത്തി കൈയടി വാങ്ങാനുള്ളതല്ല മറിച്ച് തൊഴിലാളികളെ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനാണ് അദ്ദേഹം തന്റെ പ്രസംഗത്തിലും ഊന്നിയത്. വ്യവസായത്തിന്റെ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവ് ഈ തൊഴിലാളികളുമായി അടുത്ത സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.

സംഘടിത തൊഴിലാളികളെയെന്ന പോലെ തന്നെ അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാ മാസവും രണ്ടും മൂന്നും ഉത്തരേന്ത്യന്‍ യാത്രകള്‍ ഇതിനായി മാത്രം അദ്ദേഹം നടത്തുമായിരുന്നു. പ്രത്യേകിച്ചും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും. ആഗ്രക്കടുത്ത ഫിറോസാബാദില്‍ വളനിര്‍മാണത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ ദീപാങ്കര്‍ വഹിച്ച പങ്ക് എന്നും ഓര്‍മിക്കപ്പെടും. രാജ്യത്തെ ഏറ്റവും വലിയ വളനിര്‍മാണ കേന്ദ്രമായ ഇവിടം സിഐടിയു പ്രധാന ട്രേഡ്യൂണിയനായി ഇന്ന് വളര്‍ന്നതിന് പിന്നില്‍ ദീപാങ്കറുടെ അത്യധ്വാനം ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥിക്ക് ഇവിടെ ആയിരക്കണക്കിന് വോട്ടുകളാണ് ലഭിച്ചത്.

ന്യൂഡല്‍ഹിയിലെ റാഫിമാര്‍ഗിലുള്ള വിഠല്‍ഭായ് പട്ടേല്‍ ഹൗസിലെ 323-ാം നമ്പര്‍ വസതിയിലായിരുന്നു അദ്ദേഹം താമസിച്ചത്. താമസിക്കുന്നതിനായി അതില്‍ ഒരു മാറ്റവും വരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അവിവാഹിതനായതിനാല്‍ തനിച്ചായിരുന്നു താമസം. ഫയലുകളുടെയും പുസ്തകങ്ങളുടെയും കൂമ്പാരത്തിനിടയില്‍ വൃത്തിയും വെടിപ്പുമൊന്നുമില്ലാത്ത ആ മുറിയില്‍ അദ്ദേഹം വര്‍ഷങ്ങളോളം താമസിച്ചു. ഉത്തരേന്ത്യയില്‍നിന്നും ബംഗാളില്‍ നിന്നുമുള്ള സഖാക്കളായിരുന്നു എപ്പോഴും കൂട്ട്. കൂടെയുള്ള സഖാക്കളുടെ സുഖവും സൗകര്യങ്ങളും എന്നും അദ്ദേഹത്തെ അലട്ടിയിരുന്നു. ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന് മാത്രമല്ല ഇന്ത്യയിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് തന്നെ കനത്ത നഷ്ടമാണ് ദീപാങ്കറുടെ മരണം. ഒപ്പം നവ ഉദാരവത്ക്കരണ നയത്തിനെതിരെ പോരാടുന്നവര്‍ക്ക് ഒരു പോരാളിയെയും നഷ്ടമായി.

*
വി ബി പരമേശ്വരന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ദീപാങ്കര്‍ദാ എന്നും ഒരു അധ്യാപകന്റെ സാമീപ്യമാണ് മനസ്സിലുണര്‍ത്തുക. ഉരുവിട്ട് പഠിപ്പിക്കുന്ന അധ്യാപകന്‍ അതായിരുന്നു ദീപാങ്കര്‍ മുഖര്‍ജിയെന്ന ട്രേഡ്യൂണിയന്‍ നേതാവ്. 2003 മുതല്‍ സിഐടിയുവിന്റെ ജനറല്‍ സെക്രട്ടറി. ഒരു ട്രേഡ്യൂണിയന്‍ നേതാവ് എന്നും ആദ്യം അധ്യാപകനായിരിക്കണമെന്ന് സിഐടിയുവിന്റെ മുന്‍ ജനറല്‍ സെക്രട്ടറി ചിത്തബ്രത മജൂംദാര്‍ ആവര്‍ത്തിച്ച് പറയുമായിരുന്നു. പ്രമുഖ കമ്യൂണിസ്റ്റ് പാര്‍ടി നേതാവും എഐടിയുസിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന എ ബി ബര്‍ദനും ഇക്കാര്യം പല യോഗങ്ങളിലും ആവര്‍ത്തിക്കാറുണ്ട്. തൊഴിലാളികളെ അവര്‍ പണിയെടുക്കുന്ന വ്യവസായത്തെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും ആദ്യം ബോധവാന്മാരാക്കിയാല്‍ മാത്രമേ പ്രക്ഷോഭകാരികളാക്കാന്‍ കഴിയൂ എന്നാണ് ഇവരുടെ അഭിപ്രായം. ഇത് അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കിയ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു ദീപാങ്കര്‍ മുഖര്‍ജി. അതുകൊണ്ടു തന്നെയാണ് ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ദീപാങ്കറുമായി അടുത്തബന്ധം സ്ഥാപിച്ചതും. ഞങ്ങളെപ്പോലുള്ളവര്‍ക്ക് പല സംശയങ്ങള്‍ക്കുമുള്ള ഉത്തരം ദീപാങ്കര്‍ദായില്‍നിന്ന് ലഭിക്കുമായിരുന്നു. അഴിമതി കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്കും അദ്ദേഹം "സോഴ്സാ"യിരുന്നു.