Sunday, July 8, 2012

പൊന്നും പെഗ്ഗും

കുടിച്ചിട്ട് വന്ന് അയാള്‍ ഒരു ദിവസം എന്റെ മുഖത്ത് ബ്ലേഡുകൊണ്ട് വരഞ്ഞു. കരഞ്ഞപ്പോള്‍ കൊച്ചിന്റെ വയറ്റിലും ബ്ലേഡുകൊണ്ട് മുറിച്ചു. ഇനിയും അയാള്‍ക്കൊപ്പം താമസിച്ചാല്‍ എന്നേം കൊച്ചിനേം കൊല്ലും- മേരി
(പേര് വ്യാജം, വിവാഹമോചനക്കേസ് കുടുംബകോടതിയുടെ പരിഗണനയില്‍)

ഒരുകോപ്പ കള്ളെന്ന മദ്യപാനത്തിന്റെ പുരാതന അളവിനെ ചില്ലുഗ്ലാസിലേക്കും പിന്നെ അടിമത്തത്തിന്റെ ആദ്യരൂപമായ പെഗ്മെഷര്‍ എന്ന അളവുപാത്രത്തിലും അളന്ന് കുടിക്കാന്‍ ശീലിച്ച മലയാളിയുടെ എല്ലാ അടിമത്തങ്ങള്‍ക്കും ചരിത്രത്തോളം പഴക്കമുണ്ട്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം എന്ന വിചിത്രമായ പേരില്‍ അടിമത്തം ലേബലുചെയ്ത കുപ്പിയില്‍നിന്ന് ലിറ്ററുകണക്കിന് കുടിച്ച് വറ്റിക്കുന്ന കേരളം മദ്യത്തിന്റെയും സ്വര്‍ണത്തിന്റെയും അടിമത്തത്തിലാണ്. ഇതുപോലെ മദ്യവില്‍പ്പന മറ്റെവിടെയുമില്ല. ഇതുപോലെ സ്വര്‍ണക്കടകളും വില്‍പ്പനയും മറ്റെവിടെയുമില്ല. ആമാശയത്തിന്റെ ശ്ലേഷ്മപടലങ്ങളിലൂടെ മദ്യം ലഹരിയായി രക്തത്തില്‍ പടരുമ്പോള്‍ സ്വര്‍ണം ആഡംബരത്തിന്റെ മനോവ്യാപാരമാകുന്നു. കേരളത്തിന്റെ കറുത്ത പൊന്ന് തേടിയെത്തിയ പോര്‍ച്ചുഗീസുകാരും പിന്തുടര്‍ച്ചക്കാരും വന്ന കൂറ്റന്‍ കപ്പലിന്റെ സിംഹഭാഗവും നിറച്ച തടിബാരലുകളിലെ വീഞ്ഞ് നുണഞ്ഞും റമ്മിന്റെ രുചിയറിഞ്ഞും സ്വന്തം നാടിനെ ഒറ്റിയപ്പോള്‍ തുടങ്ങിയ അടിമത്തത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് നമ്മള്‍. ജാലിയന്‍വാലാബാഗില്‍ ഇന്ത്യക്കാരെ കൂട്ടക്കൊലചെയ്യാന്‍ നേതൃത്വം നല്‍കിയ കുപ്രസിദ്ധനായ ജനറല്‍ ഡയറിന്റെ പിതാവാണ് ആദ്യമായി ഇന്ത്യയില്‍ വാറ്റുശാല ആരംഭിച്ചത്. 1855ലെ ഈ ദുരന്തം നമ്മുടെ അടിമത്തത്തിന്റെ ഓര്‍മപ്പെടുത്തലാണ്.

സ്വാധീനിക്കാനും കീഴ്പ്പെടുത്താനും മദ്യം നല്ല ആയുധമെന്ന് നമ്മള്‍ തിരിച്ചറിഞ്ഞത് നമുക്ക് ചരിത്രപരമായി സംഭവിച്ച വീഴ്ചകളുടെ അടിസ്ഥാനത്തില്‍ തന്നെയാകണം. സുരപാനമെന്ന ദേവസങ്കല്‍പ്പം സമ്മാനിക്കുന്ന ഗരിമയും പഴച്ചാര്‍ എന്ന ലളിതവല്‍ക്കരണത്തിലൂടെ വീഞ്ഞിന് നല്‍കിയ മഹത്വവും മദ്യപാനത്തെ ഔന്നത്യമാര്‍ന്ന പ്രവൃത്തിയെന്ന നിലയിലേക്ക് ചിന്തകളെ സ്വാധീനിച്ചു. അത് മറ്റൊരു അടിമത്തം. ഒരു സ്വപ്നം, അത് ഇങ്ങനെയായിരുന്നുവെങ്കില്‍.. ലിസ്ബനില്‍നിന്ന് ഇന്ത്യയിലേക്കുള്ള മാര്‍ഗം അന്വേഷിച്ച് പുറപ്പെട്ട പോര്‍ച്ചുഗീസ് സഹൃദയരുടെ സംഘം ഗുഡ്ഹോപ്പ് മുനമ്പ് ചുറ്റിയും കപ്പല്‍വ്യൂഹം കൊടുങ്കാറ്റില്‍പ്പെട്ടും ഒരു വര്‍ഷവും അഞ്ചുമാസവും നീണ്ട അലച്ചിലിനൊടുവില്‍ ഒരു കരയില്‍ അടുത്തു. 1498 മെയ് 20ന് കോഴിക്കോട് കാപ്പാട് കടപ്പുറത്ത് അവര്‍ കാലുകുത്തി. പക്ഷേ യഥാര്‍ഥത്തില്‍ സംഭവിച്ചത് ഇങ്ങനെയായിരുന്നില്ല. സഹൃദയസംഘം ഒരിക്കലും മലബാറിലേക്ക് വന്നില്ല. പകരം കൊന്നും കൊടുത്തും എങ്ങനെയും കുരുമുളകുമായി മടങ്ങാന്‍ ലക്ഷ്യമിട്ടെത്തിയ വാസ്കോഡഗാമയായിരുന്നു ആദ്യം കാപ്പാടെത്തിയത്. ഗാമയ്ക്കു പിന്നാലെ എത്തിയ പറങ്കികളുടെയും മാനസികവ്യാപാരം കച്ചവടത്തിനപ്പുറം കടന്നില്ല. പണക്കൊതിയും ആഡംഭരഭ്രമവും നിമിത്തം വീരപുരുഷന്മാരുടെ രാജ്യം അധഃപതിച്ചെന്ന് പത്മനാഭമേനോനെ ഉദ്ധരിച്ച് സഖാവ് ഇ എം എസ് എഴുതിയതിന്റെ ചരിത്ര പശ്ചാത്തലം ഇതായിരിക്കും.

സാംസ്കാരിക സമ്പന്നതയുള്ള പോര്‍ച്ചുഗീസുകാര്‍ എത്തിയെങ്കില്‍ കേരളത്തിന്റെ സുകുമാരകലകള്‍ക്ക് അവരുടെ നാട്ടിലും പോര്‍ച്ചുഗീസ് കലാരൂപങ്ങള്‍ക്ക് കേരളത്തിലും ലഭിക്കുമായിരുന്ന സ്വാധീനം എത്രവലുതായിരുന്നു. പക്ഷേ, ചുവന്നു പഴുക്കുന്ന എരിവുള്ള കുരുവിനായി രക്തം മാത്രമാണ് മലബാറില്‍ പടര്‍ന്നത്. കുരുമുളകിനുവേണ്ടിയുള്ള സമരം എന്ന് മലബാര്‍ ഗസറ്റിയറിന്റെ ഗ്രന്ഥകാരന്റെ ഭാഷയ്ക്ക് ആര്‍ത്തിമൂത്ത നാട്ടുരാജ്യങ്ങളുടെ തൊഴുത്തില്‍ക്കുത്ത് എന്നും വിശദീകരണം കുറിക്കാം. കേരളം ഇതില്‍ നഷ്ടങ്ങള്‍ക്കൊപ്പം അടിമത്തം നേടി. പരമ്പരാഗത ലഹരി ആസക്തിക്ക് വൈദേശിക ആധിപത്യം പുതിയ മാനങ്ങളും സമ്മാനിച്ചു. സ്വര്‍ണത്തേക്കാള്‍ വിലയുള്ള ഭൂതകാലം കുരുമുളകിനുണ്ടായിരിക്കെയായിരുന്നു കറുത്ത സ്വര്‍ണം എന്ന പേര് വീണത്. പിന്നീട് സ്വര്‍ണത്തിനും കുരുമുളകിനും ഒരേ മൂല്യം എന്നായി. കുരുമുളകും സുഗന്ധവ്യഞ്ജനവും തേടി അറബികള്‍ മുമ്പേ എത്തി. അവരുടെ തുടര്‍സഞ്ചാര പാതയായ കടലിന് അറബികടലെന്ന് പേരുവന്നുവെന്ന നിഗമനവും ഇതിനോട് കൂട്ടിവായിക്കാം. ഏറിയാല്‍ ഒരുമാസത്തെ യാത്രമതിയാകുമായിരുന്നു അറബികള്‍ക്ക് മലബാറിലെത്താനെങ്കില്‍ എട്ട് മാസത്തിലധികം വേണ്ടിയിരുന്നു പറങ്കിനാട്ടില്‍നിന്ന് ഇവിടെയെത്താന്‍. റോമിലെ സമ്പന്നര്‍ക്ക് കുരുമുളക് ആഹാരത്തിന് അനിവാര്യവസ്തുവായി മാറിയിരുന്നു.;പൊന്നോടു വന്തു കറിയോട് പേയറും എന്ന് സംഘകാലകൃതികളില്‍ കുരുമുളകിന്റെ കച്ചവടത്തെക്കുറിച്ച് പറയുന്നുണ്ട്. പൊന്നുംകൊണ്ട് വന്ന് കുരുമുളകും കൊണ്ടുപോയി എന്ന് സാരം. ചെന്തമിഴില്‍ കുരുമുളകിന്റെ പേര് കറിയന്നായിരുന്നു. മാംസം കേടുകൂടാതെയിരിക്കാനും രുചിക്കും ഒപ്പം ദഹനത്തിനും അതിലൂടെ ലാഭമുള്ള കച്ചവടത്തിനും കുരുമുളക് ഇല്ലാതെ പറ്റില്ലെന്ന് വന്ന ഘട്ടത്തിലാവണം പറങ്കിപ്പടയുമായി ഗാമയെ പോര്‍ച്ചുഗല്‍ രാജാവ് യാത്രയാക്കിയിട്ടുണ്ടാവുക. 16-ാം നൂറ്റാണ്ടുമുതല്‍ വൈന്‍ നിര്‍മാണത്തില്‍ ആധിപത്യമുള്ള പോര്‍ച്ചുഗല്‍ ഇംഗ്ലണ്ടുമായി ഉണ്ടാക്കിയ ഉടമ്പടിതന്നെ മദ്യത്തിന് ഉണ്ടായിരുന്ന ആധിപത്യത്തിനും സ്വാധീനത്തിനും ഉദാഹരണമാണ്.

1703ലെ മെഥുവന്‍ ഉടമ്പടിയില്‍ ഇംഗ്ലണ്ടും പോര്‍ച്ചുഗലും തമ്മിലുണ്ടാക്കിയ കരാര്‍ ഇന്ന് വിചിത്രമായി തോന്നാം. പോര്‍ച്ചുഗലിലേക്ക് കമ്പിളിത്തുണികള്‍ ഇറക്കുമതി ചെയ്യുന്നതിനു പകരം നിശ്ചിതവിലയ്ക്കും കുറഞ്ഞ നികുതിയിലും വൈന്‍ ഇറക്കണമെന്നായിരുന്നു കരാര്‍. പറങ്കികള്‍ ഗോവയെ യുദ്ധത്തിലൂടെ നേടി ആസ്ഥാനമാക്കിയതും അവിടെ പടര്‍ന്നുപന്തലിച്ച മദ്യവ്യവസായവും ലഹരി വ്യവസായത്തിന് പോര്‍ച്ചുഗീസുകാര്‍ നല്‍കിയ പ്രാധാന്യത്തിന് മറ്റൊരു ഉദാഹരണമാണ്. പോര്‍ച്ചുഗീസ് സാമാമ്രാജ്യത്തിന് വിത്തിട്ടത് കോഴിക്കോട്ടും അത് തഴച്ചുവളരാന്‍ തുടങ്ങിയത് കൊച്ചിയിലും കൊല്ലത്തും കണ്ണൂരിലുമാണെന്ന് ലജ്ജയോടെ സമ്മതിക്കണമെന്ന് കേരളം- മലയാളികളുടെ മാതൃഭൂമിയില്‍ ഇ എം എസ് വ്യക്തമാക്കിയിട്ടുമുണ്ട്. കണ്ണൂര്‍ രാജാവായ കോലത്തിരിയും ഗാമയുമായുള്ള കൂട്ടുകെട്ടിലൂടെ അടിമത്തത്തിന്റെ ആദ്യ അധ്യായം തുറന്നു. കോലത്തിരിയെ കാണാന്‍ കരയ്ക്കിറങ്ങില്ലെന്ന് ധിക്കാരനിലപാട് പുലര്‍ത്തിയിട്ടും ഗാമയ്ക്ക് മതിയായ കുരുമുളക് നല്‍കിയ കോലത്തിരിക്ക് പ്രത്യുപകാരമായി ഗാമ നല്‍കിയത് പവിഴക്കല്ലുകളും സിന്ദൂരവും രസവും (മെര്‍ക്കുറി) പിത്തള, ചെമ്പ് പാത്രങ്ങള്‍ക്കും പുറമെ വെള്ളികൊണ്ടുള്ള ഒരു വലിയ കൂജയും. സമ്മാനങ്ങളില്‍ കാലിടറിയ കോലത്തിരിക്ക് ഗാമയെ കാണാത വയ്യെന്നായി. പറങ്കിക്കച്ചവടക്കാരന്‍ കരയ്ക്ക് വന്നില്ലെങ്കില്‍ വേണ്ട കടലിലേക്ക് താന്‍ വരാമെന്നായി. കപ്പല്‍ നില്‍ക്കുന്നിടത്തേക്ക് പാലം പണിത് അതില്‍ ഉപശാലയും പണിത് അവിടെവച്ചായിരുന്നു അടിമത്തം അംഗീകരിച്ചുകൊണ്ട് കോലത്തിരി ഗാമയെ കണ്ടുമുട്ടിയത്. ലോഗന്റെ മലബാര്‍ മാന്വല്‍ ഇത് വിശദീകരിക്കുന്നുണ്ട്.

തമ്മിലടിപ്പിച്ചും തന്ത്രത്തിലും വീഞ്ഞില്‍ മയക്കിയും കുരുമുളക് നേടാമെന്ന തന്ത്രത്തിന് തുടര്‍ച്ചയായിരുന്നു 1500ല്‍ കബ്രാലിന്റെ നേതൃത്തത്തിലുള്ള പോര്‍ച്ചുഗീസ് സംഘത്തിന്റെയും ലക്ഷ്യം. സാമൂതിരിയുമായുള്ള ശത്രുതയ്ക്ക് സഹായം തേടി കോലത്തിരി കബ്രാളിനെ കണ്ടു. ഇതിലും അപമാനകരമായത് കൊച്ചി രാജാവായ ഉണ്ണിഗോദവര്‍മയുടെ നിലപാടായിരുന്നു. കൊച്ചിയില്‍ പണ്ടകശാല കെട്ടി ആസ്ഥാനവും സ്ഥാപിച്ചതിനും ക്രമാനുഗതം പോര്‍ച്ചുഗീസ് കച്ചവടം വ്യാപിച്ചതിനും ആധിപത്യത്തിന്റെ ലഹരിയുണ്ടായിരുന്നു. മുന്തിരി വൈനും അടിമകളെയും കുരുമുളകിനുപകരം സ്വീകരിച്ചിരുന്നുവെന്ന സംഘം കൃതികളിലെ പരാമര്‍ശം ലഹരി സൃഷ്ടിച്ച രഹസ്യമായ അടിമത്തത്തിന് തെളിവാകുന്നു. അടിമകളില്‍ മൃഗീയഭൂരിപക്ഷവും സ്ത്രീകളായിരുന്നു.
 
കെട്ടിച്ചുവിട്ടപ്പോള്‍ തന്ന സ്വര്‍ണം മുഴുവന്‍ അയാള്‍ വിറ്റുതുലച്ചു. പിന്നെയും സ്വര്‍ണം ആവശ്യപ്പെട്ട് ഒരിക്കല്‍ എന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ഒരുങ്ങി. ഇനി അയാള്‍ക്കൊപ്പം ജീവിക്കാന്‍ വയ്യ- ആശ
(പേര് വ്യാജം, വിവാഹമോചനക്കേസ് കുടുംബകോടതിയുടെ പരിഗണനയില്‍)

കുരുമുളക് കച്ചവടത്തിലൂടെതന്നെ സാധാരണജനങ്ങള്‍ക്ക് ആവശ്യത്തിലധികം സ്വര്‍ണം കിട്ടിയിരുന്നുവെന്നതും സംഘകാലകൃതികളില്‍ പരാമര്‍ശിക്കുന്നു. കിട്ടിയ സ്വര്‍ണം എന്ത് ചെയ്യുമെന്നറിയാതെ തുളച്ച് കഴുത്തില്‍ കെട്ടിത്തൂക്കി. പ്രാചീനതയുടെ അവശിഷ്ടമായി ലഭിച്ച സ്വര്‍ണത്തകിടുകളില്‍ ദ്വാരം കണ്ടെത്തിയത് ഇതിന് തെളിവാകുന്നു. ഇന്ന് അമ്പരിപ്പിക്കുന്ന ഫാഷനുകളും കോടികളുടെ സ്വര്‍ണശേഖരവുമായി ആഴ്ചയിലാഴ്ചയില്‍ പുത്തന്‍ ഷോറൂമുകള്‍ കേരളത്തിലും പിന്നെ അന്യദേശത്തുമായി പടരുന്നു. മലയാളിയുടെ മഞ്ഞലോഹ ആസക്തിയുടെ ചരിത്രം ആവര്‍ത്തിക്കുകയാണിവിടെ. ആദ്യകാലങ്ങളില്‍ കുരുമുളക് നല്‍കി പകരം വെള്ളിയും പിന്നീട് കണക്കുപറഞ്ഞ് സ്വര്‍ണംതന്നെയും മലയാളികള്‍ വൈദേശീയരില്‍നിന്നു വാങ്ങി.

റോമിലെ പ്രഭുക്കളുടെ മണിമന്ദിരങ്ങളിലെ അമിതമായ കുരുമുളക് ഉപയോഗം കാരണം സ്വര്‍ണത്തിലൂടെ സംഭവിക്കുന്ന സാമ്പത്തികബാധ്യതയില്‍ അവിടത്തെ ചക്രവര്‍ത്തിമാരുടെ വിലാപം റോമാ സാമാജ്യത്തിന്റെ അപചയവും പതനവും എന്ന ഗ്രന്ഥത്തില്‍ റോബര്‍ട്ട് ഗിബ്ബന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യംഗ്യമായി ഇത് വിരല്‍ചൂണ്ടുന്നത് കേരളീയരിലേക്കാണ്. മദ്യത്തിനൊപ്പം സിഗററ്റുപോലുള്ള വസ്തുക്കള്‍ നല്‍കി ആദ്യം നടത്തിയിരുന്ന വഞ്ചനയ്ക്ക് കേരളീയര്‍ ചെയ്ത മധുരപ്രതികാരമായിരിക്കണം കറുത്ത സ്വര്‍ണത്തിനു പകരം മഞ്ഞലോഹം എന്നത്. അറ്റ്ല എന്ന കൊള്ളക്കാരന്‍ റോം കീഴടക്കാന്‍ വന്നപ്പോള്‍ റോമക്കാര്‍ കുരുമുളക് കൊടുത്ത് കൊള്ളയില്‍നിന്ന് രക്ഷപ്പെട്ടുവെന്നും ഗിബ്ബന്‍ പറയുന്നു. കുരുമുളകിന്റെ വലിയ ശേഖരം റോമിലുണ്ടായിരുന്നുവെന്നാണ് ഇത് നല്‍കുന്ന സൂചന. പോര്‍ച്ചുഗീസുകാര്‍ക്കും മുമ്പേ മലബാറില്‍ പ്രത്യേകിച്ച് കോഴിക്കോട്ട് എത്തിയവരില്‍ ഗുജറാത്തികളുണ്ട്. അവരുടെ പലതലമുറ പിന്നിട്ടവരാണ് ഇന്നവിടെയുള്ളത്. കുരുമുളക് ഉള്‍പ്പെടെ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചിരുന്ന സേട്ടുമാര്‍ അരിയും പഞ്ചസാരയും പരുത്തിക്കുമൊപ്പം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സ്വര്‍ണനാണയങ്ങളും വില്‍പ്പന നടത്തിയിരുന്നുവെന്ന് പി ദാമോദരന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

മുംബൈയിലെ ഇംപീരിയല്‍ ബാങ്കില്‍നിന്നും 13 രൂപ ആറണയ്ക്ക് എട്ട് ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചിരുന്നു. മുന്‍കൂര്‍ പണം അയച്ചാല്‍ 50 സ്വര്‍ണനാണയങ്ങള്‍ സിഗററ്റ് ടിന്നിലാക്കി ബാങ്കുകാര്‍ പാഴ്സലായി തപാലില്‍ അയച്ചുകൊടുക്കും. അത് 13 രൂപ 14 അണവച്ച് സ്വര്‍ണപ്പണിക്കാര്‍ക്ക് വില്‍ക്കും. ഒരു നാണയത്തില്‍നിന്ന് ലാഭം എട്ടണ. സ്വര്‍ണം വിറ്റാല്‍ ലാഭക്കണക്കുകള്‍ പെരുകുമെന്ന തിരിച്ചറിവിന്റെ സാക്ഷാല്‍ക്കാരരൂപങ്ങളാണ് നഗരമധ്യത്തില്‍ കൂറ്റന്‍കെട്ടിടങ്ങളായും വീട്ടിലെ ടിവിയില്‍ താരങ്ങളുടെ രൂപത്തിലും വന്ന് നമ്മളെ അസ്വസ്ഥമാക്കുന്നത്. സ്വതേ അടിമകളായ നമ്മള്‍ താരങ്ങളുടെയും അടിമകളാണെന്ന് കട നടത്തുന്ന കച്ചവടക്കാരന് അറിയാം. വിശ്വാസവും നിലവാരവും തമ്മില്‍ പരസ്യങ്ങളിലൂടെ തര്‍ക്കിക്കുമ്പോഴും സ്വര്‍ണക്കടകളിലെല്ലാം ചാലക്കമ്പോളത്തിലേക്കാള്‍ തിരക്കാണ്. സ്വര്‍ണത്തിനോടുള്ള ഭ്രമവും ആസക്തിയും അറിയണമെങ്കില്‍ സാക്ഷാല്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍ പോകണം. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ദൈവത്തെ കാണാന്‍ എന്തൊരു തിരക്കാണ്. യുദ്ധത്തിലെന്നപോലെ ആധിപത്യത്തിന്റെ കാലത്തും ദുരിതം നേരിടേണ്ടിവന്നത് സ്ത്രീകളും കുഞ്ഞുങ്ങളും തന്നെയായിരിക്കണം.

പറങ്കിനേതാവായ വാസകോഡഗാമയുടെ രണ്ടാം വരവില്‍ ഗാമയുടെ ലീത്തോ എസ്മറാള്‍ഡാ എന്ന കപ്പലിന്റെ പാമരം പടിഞ്ഞാറന്‍ കാറ്റില്‍ ചരിഞ്ഞു. അറബി കപ്പല്‍ തകര്‍ത്ത് പാമരം സ്വന്തമാക്കി യാത്ര തുടരാമെന്ന ഗാമയുടെ ചിന്തയ്ക്ക് ഇടയിലേക്കാണ് ഒരു കപ്പല്‍ വന്നത്. സ്ത്രീകളും കുഞ്ഞുങ്ങളും നിറഞ്ഞ യാത്രക്കപ്പല്‍ ആക്രമിക്കപ്പെട്ടു. സഞ്ചാരസാഹിത്യകാരന്‍ ലോപ്സ് എഴുതിയത് ഇങ്ങനെ. അറബി കപ്പലിന്റെ പാര്‍ശ്വ ജനലില്‍ക്കൂടി കുഞ്ഞുങ്ങളെ കൈയിലേന്തിയ സ്ത്രീകള്‍ മുഴുവന്‍ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും നീട്ടി ജീവനുവേണ്ടി യാചിച്ചു- എട്ട് ദിവസം നീണ്ട യുദ്ധത്തിനുശേഷം അറബിക്കപ്പല്‍ പൂര്‍ണമായും തീകൊളുത്തിയശേഷമാണ് ഗാമ യാത്ര പുനരാരംഭിച്ചത്. സ്ത്രീകളെ തട്ടിയെടുത്തും നിര്‍ബന്ധപൂര്‍വം കടല്‍കടത്തി നിര്‍ബന്ധവിവാഹങ്ങള്‍ നടത്തിയും അധിനിവേശകാലത്ത് സമുദായകരുത്തുകൂട്ടാന്‍ പലരും ശ്രമിച്ചിരുന്നു. ഇറക്കുമതിചെയ്ത അടിമസ്ത്രീകളും അനുഭവിച്ചത് ക്രൂരതയാകുമെന്നതിന് സംശയമേയില്ല. അടിമത്തത്തിന്റെ കാലത്തും സമകാലിക ലോകത്തും ദുരിതാനുഭവങ്ങള്‍ സ്ത്രീകള്‍ക്കാണ്. മദ്യത്തിന്റെയും സ്വര്‍ണത്തിന്റെയും അടിമകള്‍ ഇനിയും പെരുകാതിരിക്കാന്‍ തരമില്ല. ഒപ്പം കുടുംബബന്ധങ്ങളുടെ ശൈഥില്യവും.

*
സജീവ് പാഴൂര്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 08 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരുകോപ്പ കള്ളെന്ന മദ്യപാനത്തിന്റെ പുരാതന അളവിനെ ചില്ലുഗ്ലാസിലേക്കും പിന്നെ അടിമത്തത്തിന്റെ ആദ്യരൂപമായ പെഗ്മെഷര്‍ എന്ന അളവുപാത്രത്തിലും അളന്ന് കുടിക്കാന്‍ ശീലിച്ച മലയാളിയുടെ എല്ലാ അടിമത്തങ്ങള്‍ക്കും ചരിത്രത്തോളം പഴക്കമുണ്ട്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം എന്ന വിചിത്രമായ പേരില്‍ അടിമത്തം ലേബലുചെയ്ത കുപ്പിയില്‍നിന്ന് ലിറ്ററുകണക്കിന് കുടിച്ച് വറ്റിക്കുന്ന കേരളം മദ്യത്തിന്റെയും സ്വര്‍ണത്തിന്റെയും അടിമത്തത്തിലാണ്. ഇതുപോലെ മദ്യവില്‍പ്പന മറ്റെവിടെയുമില്ല. ഇതുപോലെ സ്വര്‍ണക്കടകളും വില്‍പ്പനയും മറ്റെവിടെയുമില്ല.