Wednesday, July 18, 2012

ഒറിജിനല്‍ ഇല്ലാത്ത പകര്‍പ്പ്: റ്റി.പി.വധക്കേസിന്റെ രൂപപരിണാമങ്ങള്‍ രണ്ടാം ഭാഗം

ഒന്നാം ഭാഗം: ചന്ദ്രശേഖരന്‍ വധക്കേസിന്റെ രൂപപരിണാമങ്ങള്‍

ലോകമാധ്യമ വ്യവഹാരഭാഷയ്ക്ക് ഴാങ് ബോദ്രിലാര്‍ഡ് നല്‍കിയ സംഭാവനയാണ് "ഒറിജിനല്‍ ഇല്ലാത്ത പകര്‍പ്പ്" എന്ന പരികല്‍പ്പന. ഒറിജിനല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് സംഭവത്തെയും പകര്‍പ്പ് എന്നത് സംഭവത്തെക്കുറിച്ചുണ്ടാകുന്ന വാര്‍ത്തയെയുമാണ്. ഇല്ലാത്ത ഒന്നിനെക്കുറിച്ച് വാര്‍ത്തയുണ്ടാകില്ല എന്ന പഴയ ധാരണയെ അട്ടിമറിച്ചുകൊണ്ട് സംഭവമില്ലാതെ അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ മാത്രമുണ്ടാകുന്ന പ്രവണത ആധുനിക മാധ്യമങ്ങളില്‍ ശക്തിപ്പെട്ടപ്പോഴാണ് പകര്‍പ്പിന്റെ പരമശക്തി (omnipotence of simulacra) എന്ന പരികല്‍പ്പന പ്രചാരം നേടിയത്. ന്യൂയോര്‍ക്ക് ടൈംസില്‍ ജയ്സണ്‍ ബ്ലെയര്‍ എന്ന റിപ്പോര്‍ട്ടര്‍ നാലുവര്‍ഷം തുടര്‍ച്ചയായി വിസ്ഫോടകമായ "എക്സ്ക്ലൂസീവ്" വാര്‍ത്തകള്‍കൊണ്ട് ശ്രദ്ധേയനായി. ഒന്നിനുപുറകെ ഒന്ന് എന്നവണ്ണം ദൂരവ്യാപക ചലനങ്ങളുളവാക്കുന്ന വാര്‍ത്താസ്ഫോടന പരമ്പര. ഒടുവില്‍ "ഒറിജിനല്‍ ഇല്ലാത്ത പകര്‍പ്പുകള്‍"- വ്യാജ റിപ്പോര്‍ട്ടുകളാണ് അവ എന്നുവന്നു. വാര്‍ത്തകളല്ലാതെ അവയ്ക്ക് ആസ്പദമായ സംഭവങ്ങള്‍ ലേഖകന്റെ മനസ്സിലല്ലാതെ ഭൂമിയില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഒടുവില്‍ ന്യൂയോര്‍ക്ക് ടൈംസ് ജയ്സണ്‍ ബ്ലെയറുടെ വാര്‍ത്തകളൊക്കെ വ്യാജമായിരുന്നുവെന്ന് ഒന്നാംപേജില്‍ത്തന്നെ ഏറ്റുപറഞ്ഞ് വായനക്കാരോട് മാപ്പുചോദിച്ചു.

ഒറിജിനല്‍ ഇല്ലാത്ത പകര്‍പ്പുകള്‍ക്ക് ഉദാഹരണം തേടി ന്യൂയോര്‍ക്ക് ടൈംസിന്റെ ഫയലുകള്‍ പരതേണ്ടതില്ല മലയാളികള്‍. നമ്മുടെ വലതുപക്ഷ മുഖ്യധാരാമാധ്യമങ്ങളുടെ കഴിഞ്ഞ കുറെക്കാലത്തെ ഫയലുകള്‍മാത്രം നോക്കിയാല്‍ മതി. ലാവ്ലിന്‍ വിവാദകാലഘട്ടം ഇതിന്റെ പെരുമഴക്കാലമായിരുന്നു. ലാവ്ലിന്‍ കരാറുമായി ബന്ധപ്പെട്ട സുപ്രധാനമായ ഫയല്‍ സെക്രട്ടറിയറ്റില്‍നിന്ന് എ കെ ജി സെന്ററില്‍ കൊണ്ടുപോയി തീവച്ച് നശിപ്പിച്ചുവെന്ന് വാര്‍ത്തവന്നു. വൈദ്യുതിവകുപ്പിന്റെ ഫയലില്‍ ലാവ്ലിന്‍ കരാറിനെ എതിര്‍ത്ത വകുപ്പുസെക്രട്ടറിയുടെ തല പരിശോധിക്കണമെന്ന് മന്ത്രി എഴുതിയെന്ന് വാര്‍ത്ത വന്നു. അങ്ങനെ വാര്‍ത്താപരമ്പരകള്‍. ഒടുവില്‍ എ കെ ജി സെന്ററില്‍ കത്തിച്ചതായി ഈ പത്രങ്ങള്‍ പറഞ്ഞ ഫയല്‍ സെക്രട്ടറിയറ്റിലെ അലമാരയില്‍നിന്നുതന്നെ കണ്ടുകിട്ടി. പത്രങ്ങള്‍ പറഞ്ഞ പരാമര്‍ശം ലാവ്ലിനുമായി ബന്ധപ്പെട്ട ഒരു ഫയലിലും ഇല്ലെന്നുതെളിഞ്ഞു.(വായിച്ച് മറക്കേണ്ടവയല്ല പത്രവാര്‍ത്തകള്‍) ഇതാണ് ഒറിജിനല്‍ ഇല്ലാത്ത പകര്‍പ്പിന്റെ മാധ്യമരംഗത്തെ കളി.

ഇതിന്റെ മഹോത്സവമാണ് ടി പി ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് വലതുപക്ഷമാധ്യമങ്ങളില്‍ നിത്യേന നടക്കുന്നത്. ജൂണ്‍ അഞ്ചിന് മലയാള മനോരമ കൊടുത്ത ഒരു വാര്‍ത്തയുടെ തലക്കെട്ട് "ടി.പി കേസ് പ്രതികള്‍ എത്തിയപ്പോഴാണ് ജയരാജന്റെ സന്ദര്‍ശനം വര്‍ധിച്ചത്" എന്നതായിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കാണാന്‍ സിപിഐ എം ജില്ലാസെക്രട്ടറി അടിക്കടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തുന്നുവെന്നതാണ് വാര്‍ത്ത. എന്നാല്‍, ആ ഘട്ടത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ഒരാള്‍പോലും സെന്‍ട്രല്‍ ജയിലിലുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അറസ്റ്റിലായവരൊക്കെ വടകര സബ്ജയിലിലോ പൊലീസ് ക്യാമ്പിലോ ആയിരുന്നു ആ ദിവസങ്ങളിലൊക്കെ. ഒറിജിനല്‍ ഇല്ലാത്ത ഒന്നാംതരം പകര്‍പ്പ്!

ജൂണ്‍ 29ന് പി മോഹനനെ അറസ്റ്റുചെയ്തതിന്റെ പിറ്റേന്ന് മാതൃഭൂമി പത്രം ഇറങ്ങിയത് "പി മോഹനന്‍ കുറ്റം സമ്മതിച്ചു" എന്ന വാര്‍ത്തയുമായാണ്. പാര്‍ടി കോണ്‍ഗ്രസ് ഘട്ടത്തില്‍ വധത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നും പാര്‍ടി ജില്ലാകമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നുവെന്നുമൊക്കെ മോഹനന്‍ സമ്മതിച്ചതായി മാതൃഭൂമി വായനക്കാരെ അറിയിച്ചു. എന്നാല്‍, അതേ മാതൃഭൂമി ജൂലൈ 16ന് എഴുതിയത് പി മോഹനില്‍നിന്ന് ഒരു വിവരവും ചോദ്യംചെയ്യലില്‍ കിട്ടിയിരുന്നില്ല എന്നും കാരായി രാജനില്‍നിന്ന് വിവരങ്ങള്‍ കിട്ടിയെന്നുമാണ്. പി മോഹനില്‍നിന്ന് അന്വേഷകസംഘത്തിന് ഒരു വിവരവും കിട്ടിയില്ല എന്ന് ഇപ്പോള്‍ പറയുന്ന മാതൃഭൂമി ജൂണ്‍ 30ന് പി മോഹനന്‍ എല്ലാം സമ്മതിച്ചുവെന്ന് എങ്ങനെ എഴുതി? മോഹനന്‍ കുറ്റം സമ്മതിച്ചതായി മാതൃഭൂമി പറഞ്ഞ ദിവസം മനോരമ എഴുതിയതാകട്ടെ, മോഹനന്‍ ചിരിക്കുന്നു; അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നാണ്. പി മോഹനില്‍നിന്ന് കിട്ടാത്തത് കാരായി രാജനില്‍നിന്ന് കിട്ടിയെന്ന് മാതൃഭൂമി പറയുമ്പോള്‍ കാരായി രാജനില്‍നിന്ന് കിട്ടിയതെന്താണെന്ന് ശരിക്കുമറിയണമെങ്കില്‍ വടകര ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനു മുമ്പാകെ അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലം വായിച്ചുനോക്കണം. "ചന്ദ്രശേഖരന്‍ വധത്തില്‍ ഒരു ബന്ധവുമില്ല; കുറ്റസമ്മതമൊഴി നല്‍കുകയോ ആര്‍ക്കെങ്കിലും എതിരെ മൊഴി നല്‍കുകയോ ചെയ്തിട്ടില്ല"- ഇതാണ് സത്യവാങ്മൂലത്തിലുള്ളത്. ഇതാണോ കുറ്റസമ്മതം? ഇതാണോ തെളിവുനല്‍കല്‍? താന്‍ കുറ്റസമ്മതം നടത്തിയതായും കേസില്‍നിന്ന് രക്ഷപ്പെടാന്‍ യാചിച്ചതായുമുള്ള മാധ്യമവാര്‍ത്തകള്‍ ദുഷ്ടലാക്കോടെയുള്ളതാണെന്നും കേസിനെ സ്വാധീനിക്കാന്‍ പടച്ചുണ്ടാക്കിയവയാണെന്നുംകൂടി കാരായി രാജന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.
പി മോഹനാകട്ടെ, ജാമ്യാപേക്ഷയില്‍ കോടതിയില്‍ പറഞ്ഞത് കേസില്‍ തന്നെ പ്രതിയാക്കിയ പ്രത്യേക പൊലീസ് സംഘത്തിന്റെ നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ്. എം ദാസന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ ഓഫീസിനു മുന്നിലൂടെയാണ് പി മോഹനന്‍ കോഴിക്കോട്ടേക്ക് യാത്രയായത്. സിനിമാ സ്റ്റൈലില്‍ പൊലീസ് കൊയിലാണ്ടിയില്‍വച്ച് അദ്ദേഹത്തെ പിടിക്കുമ്പോള്‍, പൊലീസ് മുന്‍കൂട്ടി അറിയിച്ചുവരുത്തിയ ടിവി ക്യാമറാസംഘങ്ങള്‍ അവിടെയുണ്ടായിരുന്നു. മോഹനന്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിലേക്ക് ചെന്ന നിമിഷം ഇന്ത്യാവിഷനില്‍ സ്ക്രോള്‍ വന്നു. ""മോഹനന്‍ മാഷ് കുറ്റം സമ്മതിച്ചു"" എന്ന്. കാരായി രാജന്‍ കുറ്റം സമ്മതിച്ചു എന്നത് ചില പത്രങ്ങള്‍ ലീഡാക്കി. ഇവരില്‍ ആരും കുറ്റം സമ്മതിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. പക്ഷേ, വാര്‍ത്ത ഒറിജിനല്‍ ഇല്ലാത്ത പകര്‍പ്പുതന്നെയായി നില്‍ക്കുന്നു.

കുറ്റം സമ്മതിക്കാത്തവരായി പൊലീസ് ചോദ്യംചെയ്ത 80 പേരില്‍ ആരുമില്ല മാധ്യമങ്ങളുടെ അഭിപ്രായത്തില്‍. പക്ഷേ, പൊലീസുപോലും കൊലപാതകസംഘത്തില്‍ അഞ്ചാറുപേര്‍മാത്രം ഉള്ളതായാണ് പറയുന്നത്! അറസ്റ്റിലായവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലെത്തുമ്പോഴോ അവരെ എംഎല്‍എമാരുടെ സംഘം കാണുമ്പോഴോ അവര്‍ വക്കീലുമായി സംസാരിക്കുമ്പോഴോ കോടതിയില്‍ സത്യവാങ്മൂലം നല്‍കുമ്പോഴോ ഒക്കെയാണ് മാധ്യമങ്ങളില്‍ വന്ന അസത്യത്തിന്റെ മുഖം തകര്‍ന്നുവീഴുന്നത്. അത്തരം ഘട്ടങ്ങളില്‍ വെളിവാകുന്ന ഒരു സത്യവും ഒരു വലതുപക്ഷമാധ്യമവും പ്രസിദ്ധീകരിക്കുന്നുമില്ല!

വളയത്തെ കല്യാണവീട്ടില്‍ ഗൂഢാലോചന നടന്നുവെന്നെഴുതി. അതല്ല, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഗൂഢാലോചനയെന്ന് പിന്നീട് മാറി. സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിലായിരുന്നു ഗൂഢാലോചന എന്ന് പിന്നെയും കഥ മാറി. ഇല്ലാത്ത ഗൂഢാലോചനയെക്കുറിച്ചു പറയുമ്പോള്‍ സ്ഥലം സൗകര്യംപോലെ മാറ്റിമാറ്റി പറയാമല്ലോ! കൊലപാതകത്തിന്റെ ആസൂത്രകരുടെ പേരുകളും ഓരോ ഘട്ടത്തില്‍ ഓരോന്നായി മാറുന്നതാണു വലതുപക്ഷമാധ്യമങ്ങളില്‍ കണ്ടത്. ആദ്യം ടി കെ രജീഷ് ആയിരുന്നു. പിന്നീട് റഫീഖ് ആയി. തുടര്‍ന്ന് കൊടി സുനിയാണ് മുഖ്യ ആസൂത്രകന്‍ എന്നുമായി. അപ്പോള്‍ ഉത്തരവാദിത്തം സിപിഐ എമ്മില്‍ ചാരാന്‍ കഴിയുന്നില്ല എന്നു വന്നു. അതോടെ മുഖ്യ ആസൂത്രകനെന്ന വിശേഷണം തലശേരി ഏരിയകമ്മിറ്റി അംഗം പി പി രാമകൃഷ്ണനിലായി; പിന്നീടൊരു ഘട്ടത്തില്‍ പാനൂര്‍ ഏരിയകമ്മിറ്റി അംഗം പി കെ കുഞ്ഞനന്തനിലായി. അതും കഴിഞ്ഞ് പേരില്ലാത്ത ""ഒരു പ്രമുഖ നേതാവ്"" ആണ് ആസൂത്രകന്‍ എന്നുമായി. തരംപോലെ കഥാപാത്രങ്ങള്‍ മാധ്യമ യക്ഷിക്കഥകളില്‍ മാറിയും തിരിഞ്ഞും വന്നു.

ക്രൗര്യത്തിന്റെ മൂര്‍ത്തിമത്ഭാവമായി ആദ്യഘട്ടത്തില്‍ ചിത്രീകരിക്കപ്പെട്ട റഫീഖിന് സിപിഐ എം ബന്ധമില്ല എന്നു വന്നതോടെ, അദ്ദേഹം മാധ്യമങ്ങളില്‍ കരുണാവാനായി ചിത്രീകരിക്കപ്പെട്ടുതുടങ്ങി. റഫീഖിന്റെ ബ്രേസ്ലെറ്റ് ഇന്നോവാ കാറില്‍നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്ന വേളയില്‍ റഫീഖിനെ ഭീകരവര്‍ണങ്ങളില്‍ അവതരിപ്പിച്ച മനോരമ അയാള്‍ക്ക് സിപിഐ എം ബന്ധമല്ല ഉള്ളതെന്ന് വന്നമാത്രയില്‍ സ്നേഹവാത്സല്യങ്ങളുടെ ഭാഷയിലാക്കി വിവരണം. ""കുറ്റിത്താടിയും കണ്ണീരുമായി റഫീഖ് എത്തി. ഭക്ഷണംപോലും കഴിച്ചിട്ടുണ്ടായിരുന്നില്ല. പൊലീസിന് റഫീഖ് നിരപരാധിയാണെന്നു തെളിഞ്ഞിട്ടുണ്ട്""- ഈ വിധത്തിലായി മനോരമയുടെ ഭാഷ. അതേസമയം, പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേഷനില്‍ ചെന്നപ്പോള്‍ കസ്റ്റഡിയിലെടുക്കപ്പെട്ട പൊതുപ്രവര്‍ത്തകന്‍ സി എച്ച് അശോകനെ വര്‍ണിക്കാന്‍ ഇതേ പത്രങ്ങള്‍ കടുംചായങ്ങള്‍ തേടി. സി എച്ച് അശോകന്‍ കുറ്റസമ്മതം നടത്തി എന്നു പ്രഖ്യാപിക്കാനും മാധ്യമങ്ങള്‍ക്ക് മടിയുണ്ടായില്ല. താന്‍ കുറ്റസമ്മതം നടത്തിയെന്ന വാര്‍ത്ത അസത്യമാണെന്ന് അശോകന്‍ സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയെ അറിയിച്ചപ്പോള്‍ ഈ മുഖ്യധാരാ മാധ്യമങ്ങളൊന്നും അത് അറിഞ്ഞ ഭാവംപോലും പ്രകടിപ്പിച്ചതുമില്ല.

ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടു എന്ന് അറിഞ്ഞയുടന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരുവിധ അന്വേഷണത്തിനും കാത്തുനില്‍ക്കാതെ സിപിഐ എമ്മിനുമേല്‍ അതിന്റെ ഉത്തരവാദിത്തം വച്ചുകെട്ടാന്‍ ശ്രമിക്കുന്നത് കേരളം കണ്ടു. ആ യുഡിഎഫ് രാഷ്ട്രീയ നിലപാടിന് വിശ്വാസ്യതയുണ്ടാക്കിക്കൊടുക്കാനുള്ള അന്തരീക്ഷം രൂപപ്പെടുത്തല്‍ വലതുപക്ഷമാധ്യമങ്ങളുടെ ദൗത്യമായി. അതാണ് തുടര്‍ച്ചയായി ഇന്നു കേരളത്തില്‍ കാണുന്നത്. മുന്‍വിധിയില്ലാത്ത അന്വേഷണത്തിലൂടെ കൊലപാതകം നടത്തിയവരെ കണ്ടെത്തുക എന്നതിനു പകരം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞത് ശരിയാണെന്നു വരുത്തിത്തീര്‍ക്കുക എന്നതായി ഭൗതികതലത്തില്‍ പൊലീസിന്റെയും മാനസികതലത്തില്‍ വലതുപക്ഷമാധ്യമങ്ങളുടെയും ജോലി. പാര്‍ടിക്ക് ഇതില്‍ പങ്കില്ലെന്ന് സിപിഐ എം പറയുമ്പോള്‍ പാര്‍ടിക്ക് പങ്കുണ്ട് എന്നു വരുത്തിത്തീര്‍ക്കുക എന്നത് വെല്ലുവിളിയോടെ ഏറ്റെടുക്കുകയാണ് പൊലീസ്.

ഇതിന്റെ ഒന്നാംനമ്പര്‍ ദൃഷ്ടാന്തമാണ് സി എച്ച് അശോകന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. അതില്‍ പൊലീസ് പറയുന്നത് ഒഞ്ചിയം- പാനൂര്‍ ഏരിയകമ്മിറ്റികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ട് എന്നാണ്. ഏരിയകമ്മിറ്റികള്‍ എന്നു പറയുമ്പോള്‍ കമ്മിറ്റികളിലെ മുഴുവന്‍ അംഗങ്ങളും പെടും. ഒരു ഏരിയകമ്മിറ്റിയില്‍ 17 അംഗങ്ങളുണ്ട് എന്നിരിക്കെ രണ്ടിലുമായി 34 അംഗങ്ങള്‍. ഇവര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്നു പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങള്‍ അത് വിശ്വസിക്കുമോ? വിശ്വസിക്കുമോ ഇല്ലയോ എന്നതല്ല, മറിച്ച് സിപിഐ എമ്മിന് പങ്കുണ്ട് എന്നു വരുത്തിത്തീര്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം.

ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ രണ്ടുവട്ടം വിളിച്ച് ചോദ്യംചെയ്തതും അദ്ദേഹത്തിനെതിരെ എന്തെങ്കിലും മൊഴിയോ തെളിവോ ഉണ്ടായിട്ടല്ല. പാര്‍ടി നേതൃത്വത്തിന് പങ്കുണ്ട് എന്ന സംശയം ജനമനസ്സുകളില്‍ സൃഷ്ടിക്കുക. കൃത്യമായി ഒരു തെളിവുമില്ലാതിരുന്നിട്ടും ഏരിയകമ്മിറ്റി അംഗങ്ങളെയും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളെയും ഒക്കെ ചോദ്യംചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്താല്‍ സിപിഐ എമ്മിന് പങ്കുണ്ട് എന്ന സംശയത്തിന്റെ പുകമറ ജനമനസ്സുകളില്‍ സൃഷ്ടിക്കാം. ആ പുകമറ സൃഷ്ടിക്കലാണ് യുഡിഎഫ് സര്‍ക്കാരിന്റെ അജന്‍ഡയിലെ ഇപ്പോഴത്തെ ആദ്യ ഇനം. അതിന് വിശ്വാസ്യതയുണ്ടാക്കിക്കൊടുക്കുക എന്ന ദൗത്യം സര്‍ക്കാരും കോണ്‍ഗ്രസും വലതുപക്ഷമാധ്യമങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നു. അവര്‍ "ഒറിജിനല്‍ ഇല്ലാത്ത പകര്‍പ്പുകള്‍" കൊണ്ട് ആ വഴിക്ക് തങ്ങളാലാകുംപോലെ ശ്രമിക്കുകയും ചെയ്യുന്നു.

വലതുപക്ഷമാധ്യമങ്ങള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന "ഒറിജിനല്‍ ഇല്ലാത്ത പകര്‍പ്പുകള്‍" സൃഷ്ടിക്കുന്ന ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയ കാലാവസ്ഥയില്‍ പത്രവാര്‍ത്തകളെയും ടിവി കാഴ്ചകളെയും നിര്‍ദ്ധാരണംചെയ്ത് എങ്ങനെ വായനക്കാരനും പ്രേക്ഷകനും സത്യം കണ്ടെത്താനാകും? അതിനുതക്കവിധത്തിലുള്ള ഒരു വാര്‍ത്ത- കാഴ്ചാ ഭാവുകത്വം നമ്മുടെ വായനസമൂഹത്തിലും ദൃശ്യസംസ്കാരത്തിലും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. (അവസാനിക്കുന്നില്ല)

*
പ്രഭാവര്‍മ ദേശാഭിമാനി 18 ജൂലൈ 2012

മൂന്നാം ഭാഗം ഇരയെ പ്രതിയാക്കുന്ന വിദ്യ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോകമാധ്യമ വ്യവഹാരഭാഷയ്ക്ക് ഴാങ് ബോദ്രിലാര്‍ഡ് നല്‍കിയ സംഭാവനയാണ് "ഒറിജിനല്‍ ഇല്ലാത്ത പകര്‍പ്പ്" എന്ന പരികല്‍പ്പന. ഒറിജിനല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് സംഭവത്തെയും പകര്‍പ്പ് എന്നത് സംഭവത്തെക്കുറിച്ചുണ്ടാകുന്ന വാര്‍ത്തയെയുമാണ്. ഇല്ലാത്ത ഒന്നിനെക്കുറിച്ച് വാര്‍ത്തയുണ്ടാകില്ല എന്ന പഴയ ധാരണയെ അട്ടിമറിച്ചുകൊണ്ട് സംഭവമില്ലാതെ അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ മാത്രമുണ്ടാകുന്ന പ്രവണത ആധുനിക മാധ്യമങ്ങളില്‍ ശക്തിപ്പെട്ടപ്പോഴാണ് പകര്‍പ്പിന്റെ പരമശക്തി (omnipotence of simulacra) എന്ന പരികല്‍പ്പന പ്രചാരം നേടിയത്. ന്യൂയോര്‍ക്ക് ടൈംസില്‍ ജയ്സണ്‍ ബ്ലെയര്‍ എന്ന റിപ്പോര്‍ട്ടര്‍ നാലുവര്‍ഷം തുടര്‍ച്ചയായി വിസ്ഫോടകമായ "എക്സ്ക്ലൂസീവ്" വാര്‍ത്തകള്‍കൊണ്ട് ശ്രദ്ധേയനായി. ഒന്നിനുപുറകെ ഒന്ന് എന്നവണ്ണം ദൂരവ്യാപക ചലനങ്ങളുളവാക്കുന്ന വാര്‍ത്താസ്ഫോടന പരമ്പര. ഒടുവില്‍ "ഒറിജിനല്‍ ഇല്ലാത്ത പകര്‍പ്പുകള്‍"- വ്യാജ റിപ്പോര്‍ട്ടുകളാണ് അവ എന്നുവന്നു. വാര്‍ത്തകളല്ലാതെ അവയ്ക്ക് ആസ്പദമായ സംഭവങ്ങള്‍ ലേഖകന്റെ മനസ്സിലല്ലാതെ ഭൂമിയില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഒടുവില്‍ ന്യൂയോര്‍ക്ക് ടൈംസ് ജയ്സണ്‍ ബ്ലെയറുടെ വാര്‍ത്തകളൊക്കെ വ്യാജമായിരുന്നുവെന്ന് ഒന്നാംപേജില്‍ത്തന്നെ ഏറ്റുപറഞ്ഞ് വായനക്കാരോട് മാപ്പുചോദിച്ചു.