Friday, July 20, 2012

ചേരുംപടി ചുട്ടെടുക്കുന്ന വാര്‍ത്ത

ക്ലൈമാക്സ് നിശ്ചയിച്ചതിനുശേഷം സംഭവങ്ങള്‍ സൃഷ്ടിക്കുന്ന രീതി കഥാരചനയില്‍ അനുവദനീയമാണ്. നിശ്ചയിക്കപ്പെട്ട ക്ലൈമാക്സിലേക്ക് സംഭവങ്ങളെ അനുയോജ്യമാംവിധം സംയോജിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചേരുംപടി ചുട്ടെടുക്കുന്ന രീതി മാധ്യമപ്രവര്‍ത്തനത്തില്‍ അനുവദനീയമല്ല. പക്ഷേ ജോസഫ് പുലിറ്റ്സറുമായി ഏറ്റുമുട്ടിയ വില്യം റാന്‍ഡോള്‍ഫ് ഹേഴ്സ്റ്റ് മുതല്‍ റൂപര്‍ട്ട് മര്‍ഡോക് വരെ ഈ രീതി അനുവര്‍ത്തിക്കുന്നവരാണ്. ഇര്‍വിങ് വാലസ് മുതല്‍ ജോഷിയും രണ്‍ജി പണിക്കരും വരെ കഥയിലൂടെയും സിനിമയിലൂടെയും വിചിത്രമായ ഈ മാധ്യമപ്രവര്‍ത്തനത്തെ നമുക്ക് പരിചയപ്പെടുത്തിത്തന്നിട്ടുണ്ട്.

കഥയേക്കാള്‍ വിചിത്രമാണ് യാഥാര്‍ഥ്യം എന്ന മട്ടിലാണ് ഒഞ്ചിയം കൊലപാതകത്തിനുശേഷം നാം കണ്ടുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തനം. നിശ്ചയിക്കപ്പെട്ട അജന്‍ഡയുടെ പൂര്‍ത്തീകരണത്തിനു അനുപേക്ഷണീയമായ പദാവലി രൂപപ്പെടുത്തിക്കൊണ്ടാണ് അനഭിലഷണീയമായ മാധ്യമപ്രവര്‍ത്തനം മുന്നേറുന്നത്. പാര്‍ടി ഗ്രാമം, പാര്‍ടി കോടതി, ജയരാജന്മാര്‍ തുടങ്ങി പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നു തോന്നിയേക്കാവുന്ന പദസൃഷ്ടിയിലൂടെ കഥയുടെ വിശ്വസനീയമായ പശ്ചാത്തലം രൂപപ്പെടുന്നു. ചന്ദ്രശേഖരന്റെ വധവാര്‍ത്തയ്ക്കൊപ്പം കണ്ണൂര്‍ സംഘം, ചൊക്ലി മോഡല്‍ എന്നീ സൂചനകള്‍ വന്നപ്പോള്‍ അവയുടെ അര്‍ഥം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍ സഹായകമായ പദസൃഷ്ടി നേരത്തെ നടന്നു കഴിഞ്ഞിരുന്നു. ചന്ദ്രശേഖരനെ ഒഞ്ചിയത്തെ രക്തനക്ഷത്രം എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് മാതൃഭൂമി കഥകള്‍ മെനഞ്ഞുതുടങ്ങിയത്. പത്രപ്രവര്‍ത്തനചരിത്രത്തില്‍ പഠനാര്‍ഹമായ അധ്യായം രചിച്ചുകൊണ്ട് കഥകള്‍ നിര്‍ബാധം തുടരുന്നു. അറിയുന്നതിനുള്ള ജനങ്ങളുടെ അവകാശത്തെ അടിസ്ഥാനമാക്കിയാണ് അറിയിക്കുന്നതിനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കു ലഭിക്കുന്നത്. കാര്യങ്ങള്‍ ശരിയായ രീതിയില്‍ അറിയുന്നതിനുള്ള അവകാശമാണ് ഭരണഘടന ജനങ്ങള്‍ക്കു നല്‍കിയിട്ടുള്ളത്.

വില്‍പനയ്ക്കുള്ള ഉല്‍പന്നം മാത്രമാണ് പത്രം എന്ന മൂലധനതത്വം അംഗീകരിച്ചാല്‍ വായനക്കാര്‍ക്ക് ഉപഭോക്താവിന്റെ പദവിയെങ്കിലും നല്‍കേണ്ടിവരും. ന്യൂനതയില്ലാത്ത ഉല്‍പന്നം ഉപഭോക്താവിന്റെ അവകാശമാണ്. ഈ അവകാശത്തെ അടിസ്ഥാനമാക്കിയാണ് ജനങ്ങള്‍ മാധ്യമങ്ങളെ വിമര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്. സഹിഷ്ണുതയോടെയല്ല മാധ്യമങ്ങള്‍ ഈ പ്രവര്‍ത്തനത്തെ കാണുന്നത്. ചില്ലറയിലിരുന്ന് കല്ലെറിയുന്നവര്‍ സൂക്ഷിക്കണം. ബ്രേക്കിങ് ന്യൂസ് എന്ന പേരില്‍ വാര്‍ത്തയെ വളച്ചൊടിക്കുന്നവരും സ്റ്റോറി എന്ന പേരില്‍ വാര്‍ത്തയെ സങ്കല്‍പമാക്കുന്നവരും ചോദ്യം ചെയ്യപ്പെടാന്‍ അര്‍ഹതപ്പെട്ടവരാണ്. തിരുത്തേണ്ടത് സ്വയം തിരുത്തുന്നില്ലെങ്കില്‍ പുറമേ നിന്നുള്ള ഇടപെടല്‍ ഉണ്ടാകും. മാധ്യമങ്ങളുടെ സ്വതന്ത്രമായ നിലനില്‍പ്പിന് അത്തരം ഇടപെടല്‍ സഹായകമല്ല. വിശ്വാസ്യതയുടെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ നിലനില്‍ക്കുന്നത്. വിശ്വാസ്യതയെന്ന അസ്തിവാരം ഇളകിയാല്‍ പ്രചാരത്തില്‍ ഒന്നാമതായാലും നിലനില്‍ക്കാന്‍ കഴിയില്ലെന്നതിനു മികച്ച ഉദാഹരണമാണ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദ വേള്‍ഡ്. അധാര്‍മികമായ പ്രവൃത്തികളുടെ പേരില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സദാചാര സമിതിയുടെ വിചാരണയ്ക്കു വിധേയനായപ്പോള്‍ റൂപര്‍ട്ടിന്റെ മകന്‍ ജെയിംസ് മര്‍ഡോക് നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുകയെന്നതാണ് തങ്ങളുടെ അടിയന്തരമായ അജന്‍ഡയെന്ന് അദ്ദേഹത്തിനു പറയേണ്ടി വന്നു. നഷ്ടപ്പെടുന്ന ചാരിത്ര്യം പോലെയാണ് നഷ്ടപ്പെടുന്ന വിശ്വാസ്യത. വീണ്ടെടുക്കാം; പക്ഷേ അതത്ര അനായാസമാവില്ല.

അനഭിമതമായ ഒരു രാഷ്ട്രീയ പാര്‍ടിക്കെതിരെയുള്ള രാഷ്ട്രീയമായ ആക്രമണമല്ല കേരളത്തിലെ മാധ്യമങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്. അങ്ങനെയായിരുന്നുവെങ്കില്‍ അത് അവഗണിക്കാമായിരുന്നു. മാധ്യമങ്ങളുടെ ഇടപെടലിനെ ആശ്രയിച്ചല്ലല്ലോ സിപിഐ എമ്മിന്റെ വിജയവും പരാജയവും ആവര്‍ത്തിക്കപ്പെടുന്നത്. മാര്‍ക്സിയന്‍ കമ്യൂണിസത്തിന്റെ ആവിര്‍ഭാവത്തോടെ ആരംഭിച്ച ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കേരളത്തില്‍ കാണപ്പെടുന്ന പ്രതിഭാസം. മൂലധനത്തിന്റെ ആധിപത്യത്തെ പ്രതിരോധിക്കുന്ന ഇടതുപക്ഷത്തിനെതിരെ വ്യാപക ആക്രമണം ലോകത്തെവിടെയും നടക്കുന്നുണ്ട്. മാധ്യമങ്ങളാണ് അതിനു നേതൃത്വം നല്‍കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും ആക്രമണം നടക്കുന്നു. ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കാനാണ് അവരുടെ ശ്രമം. ശക്തമായുണ്ടാകുന്ന പ്രത്യാക്രമണത്തില്‍ തകരുന്നത് മാധ്യമങ്ങളുടെ വീണ്ടെടുക്കാന്‍ കഴിയാത്ത വിശ്വാസ്യതയാണ്. കോര്‍പറേറ്റ്വല്‍ക്കരിക്കപ്പെട്ട മാധ്യമങ്ങള്‍ എപ്രകാരമാണ് മൂലധനത്തിന്റെ കൂലിപ്പട്ടാളമാകുന്നതെന്ന് നമ്മള്‍ കണ്ടു. കോര്‍പറേറ്റ് ഇടനിലക്കാരിയായ നീരാ റാഡിയയുടെ നിര്‍ദേശങ്ങള്‍ക്കൊത്ത് ആടിയ ബര്‍ഖ ദത്തും വീര്‍ സാംഗ്വിയും മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖം വികൃതമാക്കി. പെയ്ഡ് ന്യൂസ് എന്ന അശ്ലീലത്തിലൂടെ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന ആക്ഷേപത്തിനു അര്‍ഥമുണ്ടായി. ചെറുതും വലുതുമായ അപഭ്രംശങ്ങളുടെ നിരന്തരമായ ആവര്‍ത്തനം മാധ്യമങ്ങള്‍ക്കു ഭൂഷണമാകുന്നില്ല. അപായകരമായ ആശയങ്ങള്‍ രഹസ്യമായി സംവദിക്കുന്ന ട്രോജന്‍ കുതിരയായി മാധ്യമങ്ങള്‍ മാറി. ജനാധിപത്യത്തില്‍ ജനങ്ങളുടെ സുഹൃത്തും സഹായിയുമായി വര്‍ത്തിക്കേണ്ട മാധ്യമങ്ങള്‍ അവരുടെ മുഖാവരണമിട്ട ശത്രുക്കളായി. ജനാധിപത്യസമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കൊടിയ വഞ്ചന തിരിച്ചറിയപ്പെടാതെ പോകുന്നുവെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. അധികാരത്തിന്റെ ഇടനാഴികളില്‍ ഇടനിലക്കാരാകേണ്ടവരാണോ മാധ്യമപ്രവര്‍ത്തകര്‍? മൂലധനത്തിന്റെ സംരക്ഷണച്ചുമതല മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടതുണ്ടോ? സ്വന്തം മൂലധനത്തിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള വ്യഗ്രത ന്യായീകരിക്കത്തക്കതാണ്. അതില്‍ നിലനില്‍പ്പിന്റെ പ്രശ്നമുണ്ട്. അധികാരവും മൂലധനവും തമ്മിലുള്ള വേഴ്ചയില്‍ ശയ്യയൊരുക്കുന്ന ജോലി മാധ്യമങ്ങള്‍ ഏറ്റെടുക്കരുത്. നാഥാന്‍ പ്രവാചകനെപ്പോലെ വിരല്‍ചൂണ്ടി കുറ്റപ്പെടുത്തുന്ന ചുമതലയാണ് മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ടത്. അവകാശങ്ങളുടെ വാഗ്ദത്തഭൂമിയിലേക്ക് മോശയെപ്പോലെ ജനങ്ങളെ നയിക്കുന്ന ചുമതലയാണ് മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ടത്. അതിനപ്പുറം അധികാരത്തിന്റെയും ആധിപത്യത്തിന്റെയും ശക്തികള്‍ക്ക് വിടുപണി ചെയ്യുന്നവര്‍ ജനരോഷത്തിന്റെ ചെങ്കടലില്‍ മുങ്ങിപ്പോകും. അത്തരം ഒരു വിധിയില്‍ നശിച്ചുപോകേണ്ടവരല്ല നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍.

അവിഹിതമായ നേട്ടത്തിനുവേണ്ടി രാഷ്ട്രീയസ്വാധീനം പ്രയോജനപ്പെടുത്തിയ ഒരു സന്ദര്‍ഭമെങ്കിലും ചൂണ്ടിക്കാണിക്കാമോയെന്ന് റൂപര്‍ട്ട് മര്‍ഡോക് ഒരിക്കല്‍ രോഷത്തോടെ ചോദിച്ചു. വാനിറ്റി ഫെയറിനുവേണ്ടി അഭിമുഖം നടത്തിയ വില്യം ഷാക്രോസിനോടായിരുന്നു ചോദ്യം. ഷാക്രോസ് അതിനോട് യോജിക്കുകയാണുണ്ടായത്. മര്‍ഡോക്കിന്റെ ജീവിതംതന്നെ അവിഹിതമായ നേട്ടങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്ന് ആര്‍ക്കാണറിയാത്തത്? അത്ര ലാഭത്തിലല്ലാതിരുന്ന ലണ്ടനിലെ ടെലിഗ്രാഫ് പത്രം ഏറ്റെടുത്തത് എന്തിനെന്ന ചോദ്യത്തിന് ബീവര്‍ബ്രൂക്ക് നല്‍കിയ മറുപടിയില്‍ സത്യസന്ധതയുണ്ടായിരുന്നു. അധികാരം എന്നായിരുന്നു ബീവര്‍ബ്രൂക്കിന്റെ ഉത്തരം. അധികാരമെന്നാല്‍ രാഷ്ട്രീയാധികാരം തന്നെ. കാര്യങ്ങള്‍ അത്രത്തോളമെത്തിയാല്‍ പിന്നെ ധര്‍മവും സദാചാരവുമില്ല. ഇടതുപക്ഷത്തിനെതിരെ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് ധര്‍മയുദ്ധമല്ല. എന്തും എഴുതുമെന്ന ധാര്‍ഷ്ട്യത്തിനൊപ്പം എഴുതിയത് എഴുതിയെന്ന പീലാത്തോസിന്റെ മനോഭാവം കൂടിയാകുമ്പോള്‍ മാധ്യമപ്രവര്‍ത്തനം സത്യത്തില്‍നിന്ന് ഏറെ അകന്നുപോകുന്നു. പ്രത്യേകമായ ഉദ്ദേശ്യത്തോടെയോ അല്ലാതെയോ മാധ്യമങ്ങള്‍ ഒരു കാര്യം ആദ്യമേ പറയുന്നു. അതങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ ഉത്തരവാദികളെ കണ്ടെത്താനായി പിന്നത്തെ ശ്രമം. തെറ്റ് ബോധ്യമായാല്‍ തിരുത്തുന്നതിനുള്ള വിനയമാണ് മാധ്യമങ്ങളില്‍നിന്ന് വായനക്കാര്‍ പ്രതീക്ഷിക്കുന്നത്.

സുര്‍ജിത് സിങ്ങിനെ വിട്ടയക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചപ്പോള്‍ സരബ്ജിത്തിനെ വിടുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തത് മാധ്യമങ്ങളുടെ തെറ്റ്. അത് ചൂണ്ടിക്കാണിച്ചപ്പോള്‍ തിരുത്തുന്നതിനു പകരം പാകിസ്ഥാനില്‍ എന്താണ് സംഭവിക്കുന്നത് എന്നായി ചോദ്യം. നൂറു കോടി രൂപ മൂല്യമിട്ട ഒരു തെറ്റിന്റെ ഭാരത്തില്‍നിന്ന് "ടൈംസ് നൗ" ഇനിയും മോചിതമായിട്ടില്ലെന്ന് ഓര്‍ക്കുന്നത് നന്ന്. ക്രൈം റിപ്പോര്‍ട്ടിങ്ങിനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ എല്ലാവരും ഷെര്‍ലക് ഹോംസാകരുത്. അങ്ങനെ ആകാന്‍ കഴിയാത്തവര്‍ പൊലീസിന്റെ കേട്ടെഴുത്തുകാരാകുന്നു. ഇതാണ് കേരളത്തിലെ എംബഡ്ഡഡ് ജേര്‍ണലിസം.

അഫ്ഗാനിസ്ഥാനില്‍ പട്ടാളക്കാരോട് ഒട്ടിനിന്ന് നടത്തിയ മാധ്യമപ്രവര്‍ത്തനമായിരുന്നു എംബഡ്ഡഡ് എന്നു വിശേഷിപ്പിക്കപ്പെട്ടത്. പൊലീസില്‍നിന്ന് വിവരം അറിയുന്നതിനുള്ള അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. മാധ്യമങ്ങളിലൂടെ ജനങ്ങളെ പലതും അറിയിക്കുന്നതിനുള്ള അവകാശം പൊലീസിനുണ്ട്. അതോടൊപ്പം ന്യായമായിത്തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ഉറപ്പു വരുത്തുന്നതിനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികള്‍ നിര്‍ദോഷികളാണെന്ന നിയമതത്വം മാധ്യമങ്ങളിലെ കഥയെഴുത്തുകാര്‍ മറക്കരുത്. കുറ്റം തെളിയിക്കപ്പെട്ടാലും അവര്‍ക്കൊപ്പം നില്‍ക്കുന്നതിന് മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. മൂലധനത്തിന്റെയും സ്ഥാപിതതാത്പര്യങ്ങളുടെയും സംരക്ഷകരല്ല മാധ്യമങ്ങള്‍. അവര്‍ മനുഷ്യാവകാശങ്ങളുടെ സംരക്ഷകരാകണം.

*
സെബാസ്റ്റ്യന്‍ പോള്‍ ദേശാഭിമാനി വാരിക 22 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ക്ലൈമാക്സ് നിശ്ചയിച്ചതിനുശേഷം സംഭവങ്ങള്‍ സൃഷ്ടിക്കുന്ന രീതി കഥാരചനയില്‍ അനുവദനീയമാണ്. നിശ്ചയിക്കപ്പെട്ട ക്ലൈമാക്സിലേക്ക് സംഭവങ്ങളെ അനുയോജ്യമാംവിധം സംയോജിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചേരുംപടി ചുട്ടെടുക്കുന്ന രീതി മാധ്യമപ്രവര്‍ത്തനത്തില്‍ അനുവദനീയമല്ല. പക്ഷേ ജോസഫ് പുലിറ്റ്സറുമായി ഏറ്റുമുട്ടിയ വില്യം റാന്‍ഡോള്‍ഫ് ഹേഴ്സ്റ്റ് മുതല്‍ റൂപര്‍ട്ട് മര്‍ഡോക് വരെ ഈ രീതി അനുവര്‍ത്തിക്കുന്നവരാണ്. ഇര്‍വിങ് വാലസ് മുതല്‍ ജോഷിയും രണ്‍ജി പണിക്കരും വരെ കഥയിലൂടെയും സിനിമയിലൂടെയും വിചിത്രമായ ഈ മാധ്യമപ്രവര്‍ത്തനത്തെ നമുക്ക് പരിചയപ്പെടുത്തിത്തന്നിട്ടുണ്ട്.