Monday, July 9, 2012

മാറ്റത്തിന്റെ വഴിയില്‍ ജിം യോങ് കിം

ലോകബാങ്കിന്റെ 12-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കൊറിയന്‍ വംശജന്‍ ഡോ. ജിം യോങ് കിം നിരവധി സവിശേഷതകള്‍ അവകാശപ്പെടാവുന്ന വ്യക്തിത്വമാണ്. അമേരിക്കക്കാരനായ റോബര്‍ട്ട് സൊഎലിക്കിന്റെ പിന്‍ഗാമിയായിട്ടാണ് അദ്ദേഹം ലോകബാങ്ക് പ്രസിഡന്റായത്. ലോകബാങ്കിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ഏഷ്യന്‍ വംശജനെന്ന പ്രത്യേകത കിമ്മിനുണ്ട്. സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍നിന്നല്ലാതെ ലോകബാങ്കിന്റെ അമരത്തെത്തുന്ന ആദ്യ വ്യക്തികൂടിയാണ് ജിം യോങ് കിം. ആരോഗ്യമേഖലയിലെ ശ്രദ്ധേയമായ ഇടപെടലുകളിലൂടെയാണ് ഭിഷഗ്വരന്‍കൂടിയായ അദ്ദേഹം ലോകശ്രദ്ധ നേടിയത്. കടുത്ത വെല്ലുവിളികള്‍ നേരിട്ടാണ് അമേരിക്കയുടെ പിന്തുണയോടെ കിം തെരഞ്ഞെടുക്കപ്പെട്ടത്. നൈജീരിയന്‍ ധനമന്ത്രികൂടിയായ ഗോസി ഓഗൊജൊ ഇവേലയായിരുന്നു കിമ്മിന്റെ പ്രധാന എതിര്‍ സ്ഥാനാര്‍ഥി. ദാരിദ്രം തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും തന്റെ മുന്‍ഗണനയെന്ന് സ്ഥാനമേറ്റശേഷം അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

1959ല്‍ ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ജനിച്ച കിം പരമ്പരാഗതമായി അമേരിക്കക്കാര്‍മാത്രം അലങ്കരിച്ചിരുന്ന ലോകബാങ്ക് പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഗുണപരമായ പല മാറ്റങ്ങള്‍ക്കും വഴി തെളിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അഞ്ചാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം അമേരിക്കയിലെത്തിയ കിം ബ്രൗണ്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദവും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് എംഡിയും പിഎച്ച്ഡിയും നേടി. ഡോ. പോള്‍ ഫാര്‍മര്‍, ഒഫേലിയ ദാല്‍, തോമസ് ജെ വൈറ്റ്, ടോഡ് മക്കോര്‍മാക് എന്നിവരോടൊപ്പം കിം 1987ല്‍ ബോസ്റ്റണ്‍ കേന്ദ്രീകരിച്ച് തുടങ്ങിയ "പാര്‍ട്ണേഴ്സ് ഇന്‍ ഹെല്‍ത്ത്" ആരോഗ്യസംഘടന ഹെയ്ത്തിയിലെ ദരിദ്രജനവിഭാഗങ്ങള്‍ക്ക് നല്‍കിയ സേവനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ദാരിദ്ര്യംമൂലം നട്ടംതിരിയുന്ന ഹെയ്ത്തിയിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ക്ക് തുച്ഛമായ ചെലവില്‍ ചികിത്സാസൗകര്യങ്ങള്‍ നല്‍കുന്ന സംഘടനയ്ക്ക് ഇപ്പോള്‍ 12 രാജ്യങ്ങളില്‍ ശാഖകളുണ്ട്.

2003ല്‍ പാര്‍ട്ണേഴ്സ് ഇന്‍ ഹെല്‍ത്ത് വിട്ട കിം ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറലിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യസംഘടനയുടെ എച്ച്ഐവി/ എയ്ഡ്്സ് വിഭാഗത്തിന്റെ മേധാവിയായും സേവനമനുഷ്ഠിച്ചു. വികസ്വര-ദരിദ്ര രാജ്യങ്ങളില്‍ എച്ച്ഐവി തടയാനുള്ള വിവിധ കര്‍മപരിപാടികള്‍ക്ക് അദ്ദേഹം രൂപംകൊടുത്തു. ക്ഷയ രോഗ നിര്‍മാര്‍ജനത്തിനായി ഒട്ടേറെ പദ്ധതികള്‍ക്കും കിം രൂപംകൊടുത്തിട്ടുണ്ട്. ദരിദ്ര-വികസ്വര രാജ്യങ്ങളില്‍ ആവിഷ്കരിക്കുന്ന ആരോഗ്യപദ്ധതികള്‍ ആഗോളതലത്തിലെ ആരോഗ്യമേഖലയില്‍ത്തന്നെ വന്‍ ചലനമുണ്ടാക്കുമെന്ന വിശ്വാസത്തിലാണ് ജിം യോങ് കിം അടിയുറച്ച് വിശ്വസിച്ചിരുന്നത്. 1993-2009 വരെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കിം ആ മേഖലയിലും മികച്ച നേട്ടങ്ങള്‍ കൈവരിച്ചു. ഡാര്‍മൗത്ത് കോളേജിന്റെ 17-ാമത് പ്രസിഡന്റായി 2009ല്‍ കിം തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ച് 23ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് അമ്പത്തിരണ്ടുകാരനായ ജിം യോങ് കിമ്മിനെ ലോകബാങ്ക് പ്രസിഡന്റായി നാമനിര്‍ദേശം ചെയ്തത്. ഏപ്രില്‍ 16ന് ഈ പദവിലേക്ക് അദ്ദേഹം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. ലോക സമ്പദ് വ്യവസ്ഥ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന സാഹചര്യത്തില്‍ ലോകബാങ്കിന്റെ മേധാവിയാകുന്നത് വെല്ലുവിളിയാണെന്ന് സ്ഥാനമേറ്റെടുത്തശേഷം കിം മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഗ്രീസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആവശ്യമായ ഉപദേശങ്ങളും സാങ്കേതിക സഹായങ്ങളും ലോകബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും കിം അറിയിച്ചു. കിമ്മിന്റെ നടപടികളെ ഏറെ പ്രതീക്ഷയോടെയാണ് ലോക സമ്പദ് വ്യവസ്ഥ ഉറ്റുനോക്കുന്നത്.

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 08 ജൂലൈ 2012

No comments: