Saturday, July 28, 2012

സേവനാവകാശ നിയമത്തിന്റെ ഭാവി

സംസ്ഥാനസര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സുഗമമായും സുതാര്യമായും ലഭ്യമാക്കുന്നതിന് സഹായകമാകേണ്ടതാണ് സേവനാവകാശനിയമം. 2012 ജൂലൈ 25നു നിയമസഭ കേരളസംസ്ഥാന സേവനാവകാശബില്‍ പാസാക്കി. അതോടെ സര്‍ക്കാര്‍ സര്‍വീസിലെ നിശ്ചയിച്ചിരിക്കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ ലഭ്യമാക്കണമെന്ന ഒരു നിയമമുള്ള സംസ്ഥാനമായി കേരളം മാറുകയാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ സേവനാവകാശനിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതോടെയാണ് ഇത് ചര്‍ച്ചാവിഷയമായത്.

ഇപ്പോള്‍ നിയമസഭയില്‍ പാസാക്കിയ ബില്‍ ജനങ്ങള്‍ക്ക് ലഭ്യമാകേണ്ടുന്ന സേവനങ്ങള്‍ വ്യക്തമായി ഉറപ്പുവരുത്തുന്നില്ല. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യസേവനങ്ങള്‍ ലഭ്യമാക്കുന്നത് ഉറപ്പുവരുത്തുന്ന നിയമമാണ് പാസാക്കേണ്ടിയിരുന്നത്. ഇതിനാവശ്യമായ വ്യവസ്ഥകള്‍ ഇപ്പോള്‍ പാസാക്കിയ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയില്‍ വിയോജനക്കുറിപ്പ് എഴുതിയ എല്‍ഡിഎഫ് അംഗങ്ങള്‍ ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2005ല്‍ വിവരാവകാശനിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതോടെയാണ് സംസ്ഥാനങ്ങളില്‍ വിവരാവകാശ കമീഷന്‍ നിലവില്‍ വന്നത്. ഇത് ജനങ്ങള്‍ക്ക് വിവരങ്ങളറിയാനുള്ള അവസരം ലഭ്യമാക്കി. ഭരണരംഗത്തെ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള ചുവടുവയ്പായി അതു മാറി. ഇത്തരത്തില്‍ ഗുണപ്രദമാകുന്ന സേവനാവകാശനിയമവും വേണമെന്ന അഭിപ്രായമുയര്‍ന്നപ്പോള്‍ പല സംസ്ഥാനങ്ങളും ഇത്തരം നിയമനിര്‍മാണത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങി.

ഇന്ത്യയിലെ പത്ത് സംസ്ഥാനത്ത് ഇതിനകം നിയമനിര്‍മാണം നടപ്പാക്കി കഴിഞ്ഞു. അവിടങ്ങളിലെ അനുഭവങ്ങളും പരിമിതികളും പഠിക്കാനോ, നിയമം നടപ്പാക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ സിവില്‍സര്‍വീസില്‍ നടത്താനോ തയ്യാറാകാതെയാണ് ഇപ്പോള്‍ ഈ ബില്‍ പാസാക്കിയത്. 1957ല്‍ ഇ എം എസ് ചെയര്‍മാനായ ഭരണപരിഷ്കാരകമ്മിറ്റിയും 1965ല്‍ എന്‍ കെ വെള്ളോടി ചെയര്‍മാനായ ഭരണപരിഷ്കാരകമ്മിറ്റിയും 1967ല്‍ ആര്‍ ശങ്കരനാരായണന്‍തമ്പി ചെയര്‍മാനായ റൂള്‍സ് റിവിഷന്‍ കമ്മിറ്റിയും 1997ല്‍ ഇ കെ നായനാര്‍ ചെയര്‍മാനായ ഭരണപരിഷ്കാരകമ്മിറ്റിയും സിവില്‍സര്‍വീസിനെ ജനോപകാരപ്രദവും കാര്യക്ഷമവുമാക്കുന്നതിനുള്ള പഠനറിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. ആ റിപ്പോര്‍ട്ടുകള്‍ ഗൗരവത്തോടെ ചര്‍ച്ചചെയ്തു നടപ്പാക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അവശ്യമായ മാറ്റംവരുത്താത്ത ചട്ടങ്ങളും പരിഷ്കരിക്കാത്ത സെക്രട്ടറിയറ്റ് മാനുവലും നിലവിലിരിക്കുമ്പോള്‍ ഇപ്പോഴുണ്ടാക്കിയ നിയമംകൊണ്ട് അടിസ്ഥാനപരമായ ഒരുമാറ്റവും വരുത്താന്‍ സാധിക്കില്ല.

ഇന്ത്യയില്‍ സിവില്‍സര്‍വീസ് ആരംഭിക്കുന്നത് 1722ലാണ്. തിരുവിതാംകൂറില്‍ 1729ല്‍ ആരംഭിച്ചു. റവന്യൂ, ധനം, പട്ടാളം, നീതിന്യായം എന്നീ വകുപ്പുകളാണ് ഉണ്ടായിരുന്നത്. ബ്രിട്ടീഷുകാരെയും രാജാക്കന്മാരെയും സേവിക്കുക എന്നതായിരുന്നു ആ സിവില്‍സര്‍വീസിന്റെ മുഖ്യലക്ഷ്യം. കേരളസംസ്ഥാന രൂപീകരണത്തിനു ശേഷം ഇടതുപക്ഷം അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് സിവില്‍സര്‍വീസ് ജനങ്ങള്‍ക്ക് വേണ്ടിയെന്ന ചിന്ത ശക്തിപ്രാപിച്ചത്. ജനക്ഷേമത്തിനു വേണ്ടി കൂടുതല്‍ വകുപ്പ് ഉണ്ടാക്കിയതും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചതും ഇടതുപക്ഷ ഭരണകാലഘട്ടങ്ങളിലാണ്. ഇപ്പോള്‍ 103 വകുപ്പിലായി അധ്യാപകരും പൊലീസുകാരും മറ്റ് ഫോഴ്സുകളും ഉള്‍പ്പെടെ 5,33,000 ജീവനക്കാരുള്ള വിപുലമായ ശൃംഖലയായി സിവില്‍സര്‍വീസ് മാറി. ഇവരില്‍ നിന്ന് ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനുള്ള വ്യവസ്ഥയൊരുക്കുമ്പോള്‍ ജനങ്ങളും ജീവനക്കാരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന അടിസ്ഥാനപ്രശ്നത്തെ തീര്‍ച്ചയായും അഭിമുഖീകരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവരുടെ ആവശ്യങ്ങള്‍, പരാതികള്‍ തുടങ്ങിയവ പരിഹരിക്കാനും ഭരണത്തില്‍ സുതാര്യത വരുത്താനും അത്തരം കാര്യങ്ങളില്‍ ജീവനക്കാര്‍ക്ക് ഉത്തരവാദിത്തം ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നതോടൊപ്പം ജനങ്ങള്‍ക്ക് കൃത്യതയുള്ള ഉത്തരം നല്‍കാന്‍ സാധിക്കുമ്പോഴാണ് ഭരണവും ജനങ്ങളും തമ്മില്‍ അടുക്കുന്നത്.

പൗരന്മാരും സേവനദാതാക്കളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സേവനാവകാശനിയമം ഉതകണം. എന്നാല്‍, ഇപ്പോള്‍ പാസാക്കിയ 12 വകുപ്പുള്ള ബില്‍ പ്രചാരണത്തിനു വേണ്ടി തട്ടിക്കൂട്ടിയ, വേണ്ടത്ര ചര്‍ച്ച നടത്താതെ തയ്യാറാക്കിയ ഒരു നിയമമാണ്. ഉദ്യോഗസ്ഥര്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഈ ബില്ലില്‍ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ നിയമം പാലിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ അവരുടെ പേരില്‍ നടപടിയെടുക്കണം. എന്നാല്‍, ഈ ബില്ലില്‍ അത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വീസ്ചട്ടങ്ങളിലെ വ്യവസ്ഥപ്രകാരം അച്ചടക്കനടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ മാത്രമേ സാധിക്കൂ. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെപ്പറ്റിയുള്ള പരാതികള്‍ രണ്ട് അപ്പീല്‍ അതോറിറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കാനുള്ള വ്യവസ്ഥയുണ്ടെങ്കിലും അപ്പീല്‍അധികാരികളും ഉദ്യോഗസ്ഥരാണ്; അവര്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥനെ സഹായിക്കുന്നവരാണെങ്കില്‍ ഈ സംവിധാനം തീര്‍ത്തും പ്രഹസനമാകും. അപ്പീല്‍ അധികാരികളായ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടാകുമ്പോള്‍ വകുപ്പുകള്‍ക്ക് പുറത്തുള്ള ഒരാള്‍ക്ക് പരിശോധിക്കാനുള്ള വ്യവസ്ഥയും ബില്ലില്‍ ഇല്ല. മറ്റു പല സംസ്ഥാനത്തും ഇത്തരത്തിലുള്ള പരിശോധന നടത്താന്‍ നിയമപ്രകാരം തന്നെ സേവനാവകാശ കമീഷന്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തിന്റെ ബില്ലില്‍ അത്തരത്തിലുള്ള സംവിധാനമൊന്നും തന്നെയില്ല. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഓഫീസുകളും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരുടെയും മന്ത്രിമാരുടെയും എതിര്‍പ്പ് കാരണം അത്തരമൊരു വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റു ചില സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഈ വ്യവസ്ഥ ബില്ലില്‍ ചേര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാതിരുന്നത് ഈ ബില്ലിന്റെ അന്തസ്സത്ത തന്നെ ചോര്‍ത്തിക്കളഞ്ഞു. ജന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, വാസസ്ഥല സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ്, വീടുകള്‍ക്കും കടകള്‍ക്കുമുള്ള വൈദ്യുതികണക്ഷന്‍, ജലവിതരണ കണക്ഷന്‍, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്, പൊലീസ് സ്റ്റേഷനിലെ എഫ്ഐആറിന്റെ പൂര്‍ണവിവരം, തൊഴില്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ സേവനാവകാശനിയമത്തിന്‍കീഴില്‍ ഓരോ വകുപ്പും വിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക് നിശ്ചിത സമയത്തിനകം നല്‍കാനാണ് ബില്ലില്‍ പറയുന്നത്. അതില്‍ പരാജയപ്പെട്ടാല്‍ ഉദ്യോഗസ്ഥനെതിരായി ഒന്നാം അപ്പീല്‍അധികാരിക്ക് 500 രൂപ മുതല്‍ 5000 രൂപ വരെ പിഴ ചുമത്താം. തുടര്‍ന്നും പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ രണ്ടാം അപ്പീല്‍ അധികാരിയെ സമീപിക്കാം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്റെമേല്‍ ദിനംപ്രതി 250 രൂപ പിഴ ഈടാക്കാനും പരമാവധി 5000 രൂപ വരെ പിഴ ഈടാക്കാനും രണ്ടാം അപ്പീല്‍അധികാരിക്ക് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് നിയമം കൊണ്ടുവന്നിട്ടുള്ള പല സംസ്ഥാനത്തെയും അനുഭവം വ്യക്തമാക്കുന്നത് അവിടങ്ങളില്‍ നിയമത്തിന് വേണ്ടത്ര ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ്. അത്തരം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൂടി വേണമായിരുന്നു കേരളത്തില്‍ നിയമം പാസാക്കേണ്ടത്. അതിനുവേണ്ടി ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കുവിടണമെന്ന കെ സുരേഷ്കുറുപ്പിന്റെ ഭേദഗതി വോട്ടിനിട്ട് തള്ളിയാണ് ധൃതിപിടിച്ച് ബില്‍ പാസാക്കിയത്.

ഇപ്പോള്‍ പാസാക്കിയ നിയമം നടപ്പില്‍വരുത്തണമെങ്കില്‍ തന്നെ ഇതിനുള്ള സംവിധാനം ബന്ധപ്പെട്ട ഓഫീസുകളിലുണ്ടാക്കണം. ചില വകുപ്പുകളിലും ഓഫീസുകളിലും ആവശ്യമുള്ളതിന്റെ പകുതി ജീവനക്കാര്‍ പോലുമില്ല. ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന വില്ലേജോഫീസ്, പഞ്ചായത്തോഫീസ്, മെഡിക്കല്‍ കോളേജുകളുള്‍പ്പെടെയുള്ള ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ ജീവനക്കാര്‍ ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, കോടതികള്‍, പൊലീസ് മിനിസ്റ്റീരിയല്‍ വിഭാഗം തുടങ്ങിയ വിവിധ ഓഫീസിലും ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ജോലിഭാരം വളരെ കുറവുള്ള ഓഫീസുകളുമുണ്ട്. ഇത്തരം ഘടകങ്ങളും കണക്കിലെടുക്കണം. ആവശ്യമായ ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടത്തണം. അതിന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളെ കൂടി വിശ്വാസത്തിലെടുക്കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. എന്നാല്‍, മാത്രമേ സേവനാവകാശനിയമം കൊണ്ട് ഇപ്പോള്‍ ഉദ്ദേശിക്കുന്ന ഫലമെങ്കിലും ലഭ്യമാകുകയുള്ളൂ. നിലവില്‍ ഭരണതലത്തിലുള്ള തട്ടുകളുടെ എണ്ണം കുറയ്ക്കണം. അധികാരം താഴെത്തട്ടിലേക്ക് കൂടുതല്‍ കൈമാറണം. സെക്രട്ടറിയറ്റിലടക്കം ഭരണഭാഷ പൂര്‍ണമായി മലയാളമാക്കാനും തയ്യാറാകണം. അഞ്ചുവര്‍ഷത്തെ പ്രാബല്യമുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന റവന്യൂകാര്‍ഡ് സമ്പ്രദായം നിലവില്‍വരുത്തണം.

ഓഫീസുകളുടെ ഹാജര്‍നില കര്‍ശനമാക്കുകയും ചട്ടങ്ങളും നടപടിക്രമങ്ങളും ലഘൂകരിക്കുകയും ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടപ്പാക്കുകയും ചെയ്താല്‍ മാത്രമേ സേവനാവകാശനിയമം ഫലപ്രദമാകുകയുള്ളൂ. അല്ലെങ്കില്‍, ജീവനക്കാര്‍ക്കുമേല്‍ പിഴ ഈടാക്കുന്നതിനുള്ള ഒരു നിയമം മാത്രമായി ഇത് ഒതുങ്ങും. ബന്ധപ്പെട്ട ഓഫീസില്‍ ആവശ്യമുള്ള ജീവനക്കാരെയും മറ്റു സംവിധാനങ്ങളും ഉണ്ടാക്കാതെ നിയമം നടപ്പാക്കിയാല്‍ എല്ലാ വീഴ്ചയുടെയും ഉത്തരവാദിത്തം ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതി ഉണ്ടാകും. പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിക്കുകയും ജീവനക്കാരുടെ ജോലിസ്ഥിരതയ്ക്കുമേല്‍ ഭീഷണി ഉയരുകയും ചെയ്യുമ്പോള്‍ ഇത്തരമൊരു നിയമം ഏതുവിധത്തിലായിരിക്കും പ്രാവര്‍ത്തികമാക്കുക എന്ന ആശങ്കയാണ് ഉയരുന്നത്. മുഖ്യമന്ത്രി മുതല്‍ താഴേക്കിടയിലുള്ള ഉദ്യോഗസ്ഥന്‍ വരെ ജനങ്ങള്‍ക്ക് മികച്ച സേവനം സമയബന്ധിതമായി നല്‍കാന്‍ ബാധ്യതപ്പെട്ടവരായി മാറ്റുന്ന ശക്തമായ നിയമം കൊണ്ടുവരുന്നതിന് പകരം തലയില്ലാത്ത പ്രതിമ പോലുള്ള ഒന്നുമാത്രമാണ് ഇപ്പോള്‍ പാസാക്കിയിട്ടുള്ള സേവനാവകാശബില്‍.

*
കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി 28 ജൂലൈ 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സംസ്ഥാനസര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സുഗമമായും സുതാര്യമായും ലഭ്യമാക്കുന്നതിന് സഹായകമാകേണ്ടതാണ് സേവനാവകാശനിയമം. 2012 ജൂലൈ 25നു നിയമസഭ കേരളസംസ്ഥാന സേവനാവകാശബില്‍ പാസാക്കി. അതോടെ സര്‍ക്കാര്‍ സര്‍വീസിലെ നിശ്ചയിച്ചിരിക്കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ ലഭ്യമാക്കണമെന്ന ഒരു നിയമമുള്ള സംസ്ഥാനമായി കേരളം മാറുകയാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ സേവനാവകാശനിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതോടെയാണ് ഇത് ചര്‍ച്ചാവിഷയമായത്.

Unknown said...

enthukond ith LDF bharikkumbol kondu vannilla? ini dialogu adichit enth karyam?