Saturday, July 21, 2012

സുപ്രിംകോടതി വിധിയും ഭോപ്പാല്‍ദുരന്ത ബാധിതരും

മനുഷ്യരില്‍ അനധികൃതമരുന്ന് പരീക്ഷണം പാടില്ലെന്ന് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചു. മനുഷ്യരെ ഗിനിപ്പന്നികളെപ്പോലെ ഉപയോഗിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

വിധിയെ സ്വാഗതം ചെയ്യുമ്പോഴും ഹൃദയമുള്ളവരെ നടുക്കുന്ന മറ്റുചില പിന്നാമ്പുറ കഥകളാണ് ഈ വിധി വഴി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്‍ഡോര്‍ ആസ്ഥാനമായ സന്നദ്ധ സംഘടന നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് സുപ്രിം കോടതി ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ഭോപ്പാല്‍ വാതക ദുരന്തത്തില്‍പെട്ടവരില്‍ മരുന്നു പരീക്ഷണം നടത്തുന്ന നിഷ്ഠൂരമായ പരാതിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജിക്കാധാരം.

1984 ഡിസംബര്‍ 3 നാണ് ഭോപ്പാല്‍ ദുരന്തമുണ്ടായത്. യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ എന്ന കീടനാശിനി ഫാക്ടറിയില്‍ നിന്നും പുറത്തുവിട്ട 32 ടണ്‍ വിഷവാതകം ശ്വസിച്ച് കാല്‍ലക്ഷത്തോളം പേര്‍ മരണമടയുകയായിരുന്നു. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ അത്യപൂര്‍വമായി സംഭവിച്ച ഈ വ്യാവസായിക ദുരന്തം നടന്നിട്ട് 28 വര്‍ഷം ആകാന്‍ പോകുന്നു. ദുരന്തത്തില്‍ മരണമടഞ്ഞവരോടും ദുരന്തം പേറി ഇപ്പോഴും ജീവിക്കുന്നവരോടും അവരുടെ കുടുംബാംഗങ്ങളോടും അങ്ങേയറ്റത്തെ നീതികേടാണ് കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ കാട്ടിയത്. ദുരന്തത്തിനുത്തരവാദിയായ കമ്പനിയെ ഡൗ കെമിക്കല്‍സ് എന്ന ബഹുരാഷ്ട്രമരുന്നു നിര്‍മാണകമ്പനി ഏറ്റെടുത്തതോടെ കമ്പനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍പോലും കഴിയാത്തവിധം രാജ്യത്തെ നിയമസംവിധാനങ്ങളെയും നീതി നിര്‍വഹണപാലകരേയും വിലയ്‌ക്കെടുത്ത് അവര്‍ കുടുക്കിയിട്ടു. ഒടുവില്‍ 2010 ജൂണില്‍ ഇതിനുത്തരവാദികളെന്ന് പറഞ്ഞു കമ്പനിയുടെ ഏഴ് മുന്‍ ജീവനക്കാര്‍ക്ക് 2 വര്‍ഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും ഇന്ന് ഈ വിധി പ്രസ്താവിച്ച സുപ്രിം കോടതി തന്നെ വിധിച്ച് കേസ് അവസാനിപ്പിച്ചു.
ദുരന്തബാധിതരെ അവഹേളിക്കുന്ന ഈ വൈകിവന്ന വിധിക്കെതിരെ ഭോപ്പാലിലെ ജനങ്ങള്‍ രോഷാകുലരായി രംഗത്തുവന്നു. സംഭവത്തിലെ പ്രധാനപ്രതിയായ കാര്‍ബൈഡ് സി ഇ ഒ വാറന്‍ ആന്‍ഡേഴ്‌സണെ പിടികിട്ടാപുള്ളിയായി  സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അമേരിക്കയിലെ തന്റെ ജന്മനാട്ടില്‍ സുഖലോലുപനായി ഇയാള്‍ ഇപ്പോഴും താമസിക്കുകയാണ്.
യൂണിയന്‍ കാര്‍ബൈഡ് ദുരന്തത്തിന് ഈ അമേരിക്കന്‍ കമ്പനി ഉത്തരവാദിയല്ലെന്നും ആ കമ്പനിയെ ഏറ്റെടുത്ത ഡൗ കെമിക്കല്‍സിന് ഈ ദുരന്തത്തിന് ഉത്തരം നല്‍കേണ്ട കാര്യമില്ലെന്നും ഇതു സംബന്ധിച്ച് ഒരു കേസുമായും അമേരിക്കന്‍ കോടതിയെ സമീപിക്കാന്‍ ഇന്ത്യയ്ക്കവകാശമില്ലെന്നും അസന്നിഗ്ധമായി അമേരിക്ക പ്രഖ്യാപിച്ചതോടെ ഇന്ത്യ വെട്ടിലായി. ഒടുവില്‍ 1989 ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി കോടതിക്ക് പുറത്ത് നടത്തിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് 470 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ പരിഹാരതുകയായി കമ്പനി നല്‍കണമെന്ന് തീരുമാനിച്ചു.

ദുരന്തം വിതച്ച പാരിസ്ഥിതിക നഷ്ടം, ജൈവനഷ്ടം, കുടിവെള്ളംപോലും വിഷമയമാക്കപ്പെട്ട അവസ്ഥ എന്തിന് മനുഷ്യ കുലത്തിന്റെ തന്നെ നിലനില്‍പിനേറ്റ ക്ഷതം അവ യുഗങ്ങള്‍ കഴിഞ്ഞാല്‍പോലും പരിഹരിക്കപ്പെടില്ലെന്നിരിക്കെ ദുരന്തത്തിനിരയായവര്‍ ആവശ്യപ്പെട്ട 3 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ 15 ശതമാനം മാത്രം ഭിക്ഷപോലെ വാങ്ങാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യര്‍ അവരിലാണ് ഇന്നീ പരീക്ഷണം നടന്നിരിക്കുന്നത്. നഷ്ടപരിഹാരതുക തന്നെ അര്‍ഹരായവര്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കിട്ടിയിട്ടില്ല. വിഷവാതകമേറ്റുണ്ടായ ശാരീരിക മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സിക്കുന്നു എന്ന വ്യാജേനയായിരുന്നു ഇത്രനാളും അവിടെ പരീക്ഷണം നടത്തിയിരുന്നത്.

ഇതുമായി രണ്ടുകാര്യങ്ങള്‍ കൂട്ടിവായിക്കേണ്ടതുണ്ട്. യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത ബഹുരാഷ്ട്ര കമ്പനിയായ ഡൗ കെമിക്കല്‍സാണ് മരുന്നുല്‍പ്പാദന രംഗത്തെ കുത്തക നിര്‍മാണ കമ്പനികള്‍. ഇവര്‍ തന്നെയാണ് വിയറ്റ്‌നാം യുദ്ധത്തിലടക്കം അമേരിക്ക ഉപയോഗിച്ച ഏജന്റ് ഓറഞ്ച് അടക്കമുള്ള രാസായുധങ്ങളും നിര്‍മിക്കുന്നത്. കാര്‍ബൈഡ് ദുരന്തബാധിതരോട് നീതികാട്ടിയില്ലാ എന്ന് മാത്രമല്ല അവരെ തന്നെ തങ്ങളുടെ അനധികൃത മരുന്നുകള്‍ക്കുള്ള പരീക്ഷണ വസ്തുവായി ഉപയോഗിച്ചു എന്നത് മനഃസാക്ഷിയുള്ള ആരേയും നടുക്കുന്ന കാര്യമാണ്.
നാസി ഭരണകാലത്ത് മലേറിയ പിടിപെട്ട 400 യുദ്ധത്തടവുകാരുടെമേല്‍ നാസി ഡോക്ടര്‍മാരും കുത്തക മരുന്നു നിര്‍മാണ കമ്പനികളും ഗിനിപ്പന്നികളാക്കി പരീക്ഷണം നടത്തിയ ക്രൂരതയ്ക്കുശേഷം ഇന്നിപ്പോള്‍ ഗിനിപ്പന്നികളായി ഭോപ്പാലിലെ വിഷവാതകദുരന്തം പേറുന്നവര്‍ ഇരയാക്കപ്പെട്ടിരിക്കുന്നു. ഇതിനകം ഇതുമൂലം 2000 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി സുപ്രിംകോടതി തന്നെ ചൂണ്ടിക്കാണിക്കുകയുണ്ടായി.

മനഃസാക്ഷിയില്ലാത്ത ഇന്ത്യന്‍ ഭരണകൂടം നാസി ഭരണത്തെപ്പോലും ലജ്ജിപ്പിക്കുന്ന നടപടിയാണ് ഭോപ്പാലില്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ മനുഷ്യാവകാശ ലംഘനത്തിനുത്തരവാദികളായവരെ വെറുതെ വിടരുത്. ഭോപ്പാലിലെ ഇരകളാക്കപ്പെടുന്ന മനുഷ്യര്‍ക്കൊപ്പം ഈ പോരാട്ടത്തില്‍ എല്ലാ മനുഷ്യ സ്‌നേഹികളും അണിചേരണം.

*
ജനയുഗം മുഖപ്രസംഗം 17 ജൂലൈ 2012

No comments: