Tuesday, July 31, 2012

അസമില്‍ വേണ്ടത് രാഷ്ട്രീയപരിഹാരം

ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നൂറു കോടി രൂപ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അസം സന്ദര്‍ശനത്തോടെ തങ്ങളുടെ ഉത്തരവാദിത്തം തീര്‍ന്നു എന്ന മട്ടില്‍ പിന്‍വാങ്ങിനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആപല്‍ക്കരമാണ് ഈ നിഷ്ക്രിയത്വം. രാഷ്ട്രീയമായ പ്രശ്നപരിഹാരത്തിനുള്ള മുന്‍കൈയാണ് അസമില്‍ വേണ്ടത്. എന്നാലിത് കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ മനസ്സിലാക്കുന്ന മട്ടില്ല. ഒരേ കക്ഷിയാണ് ഇരുദിക്കിലും അധികാരത്തിലുള്ളതെങ്കിലും പരസ്പരം കുറ്റപ്പെടുത്തുന്നത് ശത്രുപക്ഷത്തെയെന്നവണ്ണമാണ്. ഇതിനെല്ലാമിടയില്‍ അസം കത്തിക്കാളുകയാണ്.

രാഷ്ട്രീയ നിഷ്ക്രിയത്വം അതില്‍ എണ്ണ ഒഴിക്കുകയുമാണ്. അമ്പത് ജീവന്‍ ഒടുങ്ങിക്കഴിഞ്ഞു. നാലു ലക്ഷത്തോളം പേര്‍ ജീവനുംകൊണ്ടു പലായനംചെയ്തു. 270 ദുരിതാശ്വാസക്യാമ്പുകളിലായി കുടിവെള്ളംപോലും കിട്ടാതെ രണ്ടുലക്ഷത്തോളം പേര്‍ നരകയാതനയനുഭവിക്കുന്നു. ജനം പരസ്പരം ചേരിതിരിഞ്ഞ് ശത്രുരാജ്യങ്ങളിലെ സൈന്യങ്ങളെന്നവിധം ഏറ്റുമുട്ടുന്നു. കൊക്രജാറില്‍ ആരംഭിച്ച കലാപം ചിരാഗ്, ധൂബ്രി, ബൊംഗയ്ഗോണ്‍ ജില്ലകളിലേക്ക് പടരുന്നു. ബോഡോ ഗോത്രവര്‍ഗവിഭാഗങ്ങളെയും മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളെയും പരസ്പരം അതിര്‍ത്തി നിശ്ചയിച്ച് വേലികെട്ടി തിരിക്കുന്നു. പട്ടാളം റോന്തുചുറ്റുന്നു. സൈനിക നടപടിയും സാമ്പത്തിക നടപടിയും കൊണ്ട് എല്ലാം തീരും എന്ന മൂഢവിശ്വാസത്തിലാണ് രാഷ്ട്രീയാനുഭവ പരിജ്ഞാനമില്ലാത്ത ഡോ. മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും. അസമില്‍ വംശീയവും വര്‍ഗീയവുമായ കലാപത്തിന്റെ തീപ്പൊരികള്‍ ഇന്നലെ ആദ്യമായി തെളിഞ്ഞതല്ല.

കലാപം ഏതുനിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന അന്തരീക്ഷവും അതിനുള്ള സാഹചര്യങ്ങളും പതിറ്റാണ്ടുകളായി അവിടെ നിലനില്‍ക്കുന്നു. എന്നാല്‍, ഇത് മനസ്സിലാക്കി പ്രശ്നത്തിന് രാഷ്ട്രീയമായി ശാശ്വതപരിഹാരം കാണാനുള്ള ഒരു നീക്കവും കേന്ദ്രത്തിലെ മന്‍മോഹന്‍സിങ് സര്‍ക്കാരോ സംസ്ഥാനത്തെ തരുണ്‍ ഗൊഗോയ് സര്‍ക്കാരോ കൈക്കൊണ്ടില്ല. പ്രശ്നമുണ്ടായശേഷവും രാഷ്ട്രീയപരിഹാരത്തിനുള്ള ഒരു നീക്കവുമില്ല. ഉല്‍ക്കണ്ഠപ്പെടുത്തുന്ന അവസ്ഥയാണിത്. ഗോത്രവര്‍ഗവിഭാഗങ്ങള്‍ക്ക് ഇവിടെ നീതി നിഷേധിക്കപ്പെട്ട ചരിത്രമുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തേ ആരംഭിച്ചതാണത്. തോട്ടം ഉടമകള്‍ക്ക് തേയിലകൃഷിചെയ്യാന്‍ ബ്രഹ്മപുത്രയുടെ വടക്കന്‍ തീരങ്ങളില്‍നിന്ന് ഗോത്രവിഭാഗങ്ങളെ ബ്രിട്ടീഷുകാര്‍ കാട്ടിലേക്ക് ആട്ടിപ്പായിച്ചു. അങ്ങനെ ഗോത്രവിഭാഗങ്ങള്‍ക്ക് തങ്ങളുടെ ഭൂമി നിഷേധിക്കപ്പെട്ടു. ബ്രിട്ടീഷുകാര്‍ പോയശേഷം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ വിഭാഗങ്ങളുടെ ന്യായമായ ഒരു അവകാശവും അംഗീകരിച്ചുകൊടുത്തില്ല. ഈ പ്രശ്നം ഒരു ഭാഗത്ത്. മറുവശത്താകട്ടെ, ഒരു പ്രശ്നവും പരിഹരിക്കാതിരിക്കുമ്പോഴും ബോഡോ ലിബറേഷന്‍ ടൈഗേഴ്സിന്റെ രാഷ്ട്രീയപാര്‍ടിയായ ബോഡോ പീപ്പിള്‍സ് ഫ്രണ്ടുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി ഭരണം നടത്തുന്നു. ഇതുമൂലം ബോഡോ വിഭാഗങ്ങളുടെ ആക്രമണം തുടര്‍ച്ചയായി നേരിടുന്ന മുസ്ലിം ന്യൂനപക്ഷത്തിന്റെ ഭാഗത്ത് ഭരണസംവിധാനത്തോടുള്ള അവിശ്വാസം വര്‍ധിച്ചുവന്നു.

ബംഗ്ലാദേശില്‍നിന്ന് എത്തി ഇന്ത്യന്‍ പൗരന്മാരായ ലക്ഷക്കണക്കിനാളുകള്‍ക്ക് ഇന്ത്യ കൊടുത്ത ഒരു വാഗ്ദാനവും നിറവേറ്റപ്പെട്ടില്ല. ദുസ്സഹസാഹചര്യങ്ങളില്‍ വലയുന്ന ആ വിഭാഗത്തിന്റെ ദൈന്യാവസ്ഥ മറുവശത്ത്. ഇങ്ങനെനോക്കിയാല്‍ ചരിത്രപരമായ കാരണങ്ങളുള്ള അസ്വസ്ഥതയാണ് അസമില്‍ നീറിനില്‍ക്കുന്നത് എന്ന് കാണാം. ഇതിന് രാഷ്ട്രീയ പരിഹാരമാണാവശ്യം. ആ വഴിക്കു നീങ്ങാതെ ദുരിതാശ്വാസത്തുക പ്രഖ്യാപിച്ച് പ്രശ്നം അവസാനിപ്പിക്കാനാകില്ല. അസമില്‍ വംശീയ സ്പര്‍ധ ആളിപ്പടര്‍ത്തിയത് അസമിലെ കോണ്‍ഗ്രസിന്റെ കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്നത് ഓര്‍മിക്കണം. 1978ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 78ല്‍ 23 സീറ്റുകള്‍ നേടിയ സിപിഐ എം - സിപിഐ കക്ഷികള്‍ വൈകാതെ അവിടെ അധികാരത്തില്‍ വരുമെന്ന പ്രതീതിയുണ്ടായി. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താന്‍ "അസമിനെ ബംഗാളികള്‍ ഭരിക്കും" എന്ന മുദ്രാവാക്യമുയര്‍ത്തിയും വംശീയ വിഷത്തിന്റെ തീ പടര്‍ത്തിയുമാണ് കോണ്‍ഗ്രസ് നേരിട്ടത്. അന്നുണ്ടായ വംശീയതയുടെ കനല്‍ പിന്നീട് അണഞ്ഞില്ല. എണ്‍പതുകളില്‍ പൊടുന്നനെ അസം രാഷ്ട്രീയത്തില്‍ പൊട്ടിമുളച്ചതും പിന്നീട് ഭീകരത പടര്‍ത്തിയതുമായ ഓള്‍ അസം പ്രക്ഷോഭശക്തികള്‍ ഈ ദുഷ്പ്രചാരണത്തിന്റെ സൃഷ്ടികളായിരുന്നു. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ പറ്റിയെങ്കിലും കോണ്‍ഗ്രസ് ആ പ്രക്രിയയിലൂടെ അസമിനെ നയിച്ചത് വര്‍ഗീയതയുടെയും വംശീയതയുടെയും ഒടുങ്ങാത്ത കാട്ടുതീയിലേക്കാണ്. ബോഡോകള്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമുയര്‍ത്തി ബോഡോ ലിബറേഷന്‍ ടൈഗേഴ്സിന്റെ നേതൃത്വത്തില്‍ ഭീകരാക്രമണങ്ങള്‍ പടര്‍ന്നപ്പോള്‍ ഒത്തുതീര്‍പ്പ് എന്ന നിലയ്ക്ക് ബോഡോ ടെറിട്ടോറിയല്‍ കൗണ്‍സില്‍ രൂപീകരിച്ചു. ആ കൗണ്‍സിലിന്റെ അധികാരപരിധിയില്‍ വന്നവയിലേറെയും ആകട്ടെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങള്‍. ഇരുകൂട്ടര്‍ക്കും മൈത്രിയില്‍ കഴിയാനുള്ള സാഹചര്യമല്ല, മറിച്ച് ഇരുകൂട്ടരെയും പരസ്പരം സ്പര്‍ധയിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഇതും പ്രശ്നം വഷളാക്കി.

വംശീയ-വര്‍ഗീയ കലാപത്തിനുള്ള അരങ്ങൊരുക്കലായി അത്. ഈ ചരിത്രപശ്ചാത്തലത്തില്‍നിന്ന് അസംപ്രശ്നത്തെ അടര്‍ത്തിമാറ്റി ക്രമസമാധാനപ്രശ്നമോ, സാമ്പത്തിക പ്രശ്നമോ ആയിക്കണ്ട് പരിഹരിക്കാമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്. പ്രധാനമന്ത്രിയാകട്ടെ, ഈ വിഡ്ഢിത്തത്തിന്റെ ഇത്തിരിവട്ടത്തിനപ്പുറത്തേക്കു കണ്ണയക്കുന്നുമില്ല. അതുകൊണ്ടുതന്നെ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം അപ്രാപ്യമാകുന്നു. ""പ്രശ്നം വളരെ സങ്കീര്‍ണമാണ്. സമാധാനം സ്ഥാപിതമായശേഷം ഞങ്ങള്‍ പ്രശ്നം അപഗ്രഥിക്കും"" എന്നാണ് അസമില്‍ ചെന്ന പ്രധാനമന്ത്രി പറഞ്ഞത്. ഇത്രകാലം ഈ പ്രശ്നം അപഗ്രഥിക്കണമെന്ന് തോന്നിയില്ല. ഇപ്പോള്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടിയെങ്കിലും അപഗ്രഥിക്കാമെന്നു തോന്നുന്നുമില്ല. രാഷ്ട്രീയ പക്വതയില്ലായ്മയുടെ വിളംബരമാണ് പ്രധാനമന്ത്രിയുടെ വാക്കുകളിലുള്ളത്.

*
ദേശാഭിമാനി മുഖപ്രസംഗം 31 ജൂലൈ 2012

1 comment:

nigil d said...

നുഴഞ്ഞും വലിഞ്ഞും കയറുന്നു ബംഗാളികള്‍ ഇന്ത്യക്ക് ഭീഷണിയാണ്. എന്നാല്‍ വോട്ട് ലക്ഷ്യമിട്ട് ചിലര്‍ അതിനു സഹായകരമായ നില്പാട് എടുക്കാന്‍ മുന്നോട്ട് വന്നേക്കാം. വിഭജനകാലത്ത് ഭാഗം വാങ്ങി വിശുദ്ധരജ്യമായി പോയവരാണ് പിന്നെ എന്തിനു ഹിന്ദുക്കള്‍ ഉള്ള ഇന്ത്യയിലെക്ക് വരണം?

ഇന്ത്യയില്‍ നുഴഞ്ഞു കയറുന്ന ബംഗ്ലാദേശികളെ ആദ്യം പുറത്താക്കുക. അവര്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും നല്‍കാതിരിക്കുക. ഇന്ന്

അഭയാര്‍ഥികളാകുന്ന ഇവര്‍ നാളെയുടെ ഭീകര്‍ന്മാരാകാം. പാക്കിസ്ഥാനും ബംഗ്ലാദേശും പകുത്തു നല്‍കിയത് പിന്നെയും ഇവിടെക്ക് വലിഞ്ഞു കയറി വരാനല്ല. ശല്യങ്ങളെ പുറത്താക്കി ഇന്ത്യയെ ശുദ്ധീകരിക്കുവാന്‍ കോണ്‍ഗ്രസ്സിനാകില്ല. അതിനു മോഡി തന്നെ പ്രധാനമന്ത്രി ആകണം.

ആസ്സാമിലെ ഇന്ത്യന്‍ ജനതയ്ക്കാണ് പിന്തുണ വേണ്ടത്.നുഴഞ്ഞു കയറ്റക്കാരെ അതിന്റെ രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ ഇന്ത്യാ ഗവണ്മെന്റ്

തയ്യാറാകണം. നുഴഞ്ഞു കയറിയവരെ അതിഥികളാക്കി സല്‍ക്കരിച്ചാല്‍ അത് ഇന്ത്യക്ക് തന്നെ ഭീഷണിയാണ്. നാളെ ഇവര്‍

ഭീകരപ്രവര്‍ത്ത്ം നടത്തിയാല്‍ അതിനെതിരെ നടപടിയെടുക്കുവാന്‍ ബുദ്ധിമുട്ടാകും. സൈന്യത്തെ ഉപയോഗിച്ച് പുറത്താക്കണം. നാളെ ഇവര്‍ ഭീര്‍കന്മാരായി മാറുവാന്‍ സധ്യത തള്ളിക്കളയാന്‍ ആകില്ല.