Thursday, July 19, 2012

ഭക്ഷണ സുരക്ഷാ-ശുചിത്വ നിലവാരം ആശങ്കാജനകം

തിരുവനന്തപുരം നഗരത്തിലെ ഒരു റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് രോഗബാധയാല്‍ യുവാവ് മരണമടഞ്ഞു. പത്തിലേറെപേര്‍ രോഗബാധിതരായി ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ നൂറുകണക്കിനു ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടയത്തിയ ഭക്ഷണ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരവധി ഹോട്ടലുകള്‍ അടച്ചുപൂട്ടിച്ചു. ഏതാണ്ട് പകുതിയോളം റസ്റ്റോറന്റുകള്‍ക്ക് ഭക്ഷണ സുരക്ഷാ-ശുചിത്വ നിലവാരം മെച്ചപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. റസ്റ്റോറന്റുകളുടെ നിലവാരം കര്‍ക്കശമായി പാലിക്കാന്‍ ഭക്ഷണ സുരക്ഷാ കമ്മിഷണര്‍ ഉത്തരവു നല്‍കുകയും മിന്നല്‍ പരിശോധന സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കേണ്ടിവരുന്ന കേരളീയര്‍ക്കും സംസ്ഥാനത്തിനു പുറത്തുനിന്നെത്തുന്ന സഞ്ചാരികള്‍ക്കും അത്യന്തം ആശങ്ക ഉളവാക്കുന്ന സ്ഥിതിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മുതല്‍ വഴിയോരങ്ങളില്‍ തട്ടുകടകള്‍ നടത്തുന്നവര്‍ വരെ ഈ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും തൊഴിലാളികളും അവയെ നിയമാനുസൃതം നിയന്ത്രിക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥരും ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായ ഉപഭോക്താക്കളും അത്യന്തം ഗൗരവത്തോടെ കാണേണ്ട സ്ഥിതി വിശേഷമാണ് ഈ രംഗത്ത് നിലനില്‍ക്കുന്നത്. തലസ്ഥാന നഗരിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും 20 ദിവസത്തിലേറെ പഴക്കം ചെന്ന ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തുവെന്നും ഒരു യുവാവിന്റെ മരണത്തിനിടയാക്കിയ ഭക്ഷണം വിറ്റഴിച്ച ഹോട്ടല്‍ വര്‍ഷങ്ങളായി നിയമാനുസൃതമായി അല്ല പ്രവര്‍ത്തിച്ചുവരുന്നതെന്നുമുള്ള വസ്തുതകള്‍ അത്യന്തം ഗൗരവതരമാണ്.

കേരളത്തില്‍ ഹോട്ടലുകളില്‍ ലഭ്യമായ ഭക്ഷണ സാധനങ്ങള്‍ സുരക്ഷിതമാണെന്നും അവ ശുചിത്വ  നിലവാരം പുലര്‍ത്തുന്നവയുമാണെന്നും ഉറപ്പുവരുത്താന്‍ കാര്യക്ഷമമായ യാതൊരു സംവിധാനവും നിലവിലില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ അവയൊന്നും പ്രവര്‍ത്തന ക്ഷമമല്ല. അതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ഹോട്ടലുകളെയും ഭക്ഷണ ശാലകളെയും രജിസ്റ്റര്‍ ചെയ്യുന്നതിനും അവയുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കുന്നതിനും ഫലപ്രദമായ സംവിധാനം കൂടിയേതീരു. ഇപ്പോള്‍ നിലവിലുണ്ടെന്നു പറയപ്പെടുന്ന സംവിധാനം മറ്റുപല രംഗങ്ങളിലുമെന്നപോലെ അഴിമതിയുടെയും ക്രമക്കേടുകളുടെയും പ്രഭവ കേന്ദ്രമാണെന്നത് അങ്ങാടിപ്പാട്ടായ അരമന രഹസ്യമാണ്. ഇതിന് മാറ്റം വരണം. തിരുവനന്തപുരത്ത് ഒരു യുവാവിന്റെ മരണകാരണമായ ഹോട്ടല്‍ ഉടമക്കെതിരെ മതിയായ തെളിവുകള്‍പോലുമില്ലാതെ നിയമനടപടി സ്വീകരിച്ചതുകൊണ്ടുമാത്രമായില്ല. അത്തരമൊരു ഹോട്ടല്‍ വര്‍ഷങ്ങളോളം നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ച ഉദ്യോഗസ്ഥ സംവിധാനത്തിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. കടുത്ത ശിക്ഷയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കണം.

ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ സംവിധാനങ്ങള്‍ ഉണ്ടാവണം. ചത്ത കോഴികളേയും മൃഗങ്ങളേയും ഹോട്ടലുകളില്‍ ഉപയോഗിക്കുന്നതായി വ്യാപകമായ പരാതിയുണ്ട്. ഭക്ഷ്യ പദാര്‍ഥങ്ങള്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണ നിരവധി തവണ ഉപയോഗിച്ച് രോഗകാരണമാവുന്നു. ഭക്ഷണശാലകളുടെ അടുക്കളകളും പരിസരവും രോഗാണുക്കളുടെ വിളനിലങ്ങളാണ്. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് തുടരാന്‍ അനുവദിക്കുന്ന സംവിധാനങ്ങള്‍ പുനസംഘടിപ്പിച്ച് കാര്യക്ഷമമാക്കണം. ഹോട്ടല്‍ തൊഴിലാളികള്‍ ആരോഗ്യവാന്മാരും മതിയായ ശുചിത്വമുള്ളവരുമാണെന്ന് ഉറപ്പുവരുത്തണം. ഭക്ഷണത്തിനു രുചിയും മണവും അവയോട് ഉപഭോക്താക്കള്‍ക്ക് അഭിനിവേശവും സൃഷ്ടിക്കാന്‍ പലതരത്തിലുള്ള കൃത്രിമ കൂട്ടുകളും രാസവസ്തുക്കളും ചേര്‍ക്കുന്നത് വ്യാപകമാണ്. അത്തരം അപകടകാരികളായ കൂട്ടുകള്‍ കണ്ടെത്തി അവയ്ക്ക് നിരോധനമേര്‍പ്പെടുത്തണം. ഭക്ഷണവും ഭക്ഷണ രീതികളും ഒരു ജനതയുടെ വ്യക്തിത്വത്തിന്റെയും സംസ്‌ക്കാരത്തിന്റെയും അവിഭാജ്യ ഘടകമാണ്. കേരളവും മലയാളിയും അത്തരം മഹത്തായ ഒരു സംസ്‌ക്കാരത്തിന്റെ ഉടമകളാണ്. ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് അന്യസംസ്‌ക്കാരങ്ങളും ഭക്ഷണ രീതികളും നമുക്ക് ചിറകെട്ടി നിര്‍ത്താനാവില്ല. എന്നാല്‍ നാം സ്വീകരിക്കുന്ന ഭക്ഷണ സംസ്‌ക്കാരം മരണവും രോഗവും വിതയ്ക്കുന്ന വിഷലിപ്ത സംസ്‌ക്കാരമായിക്കൂട. അതുകൊണ്ടുതന്നെ അത്തരം പ്രവണതകളെ കരുതലോടെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും കഴിവുറ്റ സംവിധാനങ്ങള്‍ കൂടിയെതീരു. മരണം സമ്മാനിച്ച ഷവര്‍മയും വിദേശ ഭക്ഷ്യ സംസ്‌ക്കാരത്തിന്റെ പേരില്‍ വിഷം ജനങ്ങള്‍ക്കു വില്‍ക്കുന്ന ഏര്‍പ്പാടുകളും സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും കര്‍ശന നിരീക്ഷണത്തില്‍ കൊണ്ടുവന്നേ മതിയാവൂ.

*
ജനയുഗം മുഖപ്രസംഗം 19 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തിരുവനന്തപുരം നഗരത്തിലെ ഒരു റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് രോഗബാധയാല്‍ യുവാവ് മരണമടഞ്ഞു. പത്തിലേറെപേര്‍ രോഗബാധിതരായി ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ നൂറുകണക്കിനു ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടയത്തിയ ഭക്ഷണ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരവധി ഹോട്ടലുകള്‍ അടച്ചുപൂട്ടിച്ചു. ഏതാണ്ട് പകുതിയോളം റസ്റ്റോറന്റുകള്‍ക്ക് ഭക്ഷണ സുരക്ഷാ-ശുചിത്വ നിലവാരം മെച്ചപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. റസ്റ്റോറന്റുകളുടെ നിലവാരം കര്‍ക്കശമായി പാലിക്കാന്‍ ഭക്ഷണ സുരക്ഷാ കമ്മിഷണര്‍ ഉത്തരവു നല്‍കുകയും മിന്നല്‍ പരിശോധന സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കേണ്ടിവരുന്ന കേരളീയര്‍ക്കും സംസ്ഥാനത്തിനു പുറത്തുനിന്നെത്തുന്ന സഞ്ചാരികള്‍ക്കും അത്യന്തം ആശങ്ക ഉളവാക്കുന്ന സ്ഥിതിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത്.