Sunday, July 8, 2012

ദുരന്തങ്ങള്‍ തുടര്‍ക്കഥ; പ്രതിമാസം 20 പേര്‍ മരിക്കുന്നു

ഇന്ത്യയില്‍ എവിടെയെങ്കിലും ഒരു മലയാളിക്ക് സംഭവിക്കുന്ന ദുരന്തം നമ്മുടെ മാധ്യമങ്ങള്‍ക്ക് വലിയൊരു വാര്‍ത്തയായിരിക്കും. പക്ഷേ കേരളത്തിന്റെ തൊഴിലിടങ്ങളില്‍ ഒരു അന്യസംസ്ഥാനത്തൊഴിലാളി അപകടത്തില്‍പെട്ട് മരിച്ചാല്‍പോലും അതൊരു വാര്‍ത്തയാവുന്നില്ല. അങ്ങനെയൊരു സംഭവം നടന്നതായിപോലും നമ്മുടെ മാധ്യമങ്ങള്‍ കരുതുന്നില്ല. അന്യസംസ്ഥാനത്തൊഴിലാളികളുടെ ദുരൂഹമരണങ്ങള്‍ ഇന്ന് ഒരു തുടര്‍ക്കഥയായിത്തീര്‍ന്നു. കെട്ടിടനിര്‍മാണത്തിനിടയില്‍ മുകളില്‍നിന്ന് ഒരു കുടിയേറ്റത്തൊഴിലാളി വീണാല്‍ അയാള്‍ക്ക് അല്‍പം വെള്ളംകുടിച്ച് മരിക്കാനുള്ള സാഹചര്യംപോലും നമ്മുടെ നിര്‍മാണമേഖലകളില്‍ ഇല്ല. അന്യസംസ്ഥാനത്തൊഴിലാളികളുടെ ദുരൂഹമരണങ്ങളെക്കുറിച്ച് ചോദിക്കാന്‍ ആരുടെ നാവും പൊങ്ങാറില്ല. ഒരു ജനാധിപത്യരാജ്യത്ത് നടക്കുന്ന ഈ ക്രൂരതയോട് പ്രതികരിക്കാന്‍പോലും ആരും മുന്നോട്ടുവരുന്നുമില്ല.

ഇവര്‍ ദുരന്തങ്ങള്‍ക്കിരയായവര്‍

2011 ഡിസംബര്‍ 26നാണ് കണ്ണൂര്‍ ഇരിട്ടിയില്‍ 17കാരിയായ ബംഗാള്‍ യുവതി ക്രൂരമായ ബലാല്‍സംഗത്തിനിരയായത്. യുവതിക്കൊപ്പമുണ്ടായിരുന്ന സഹോദരീഭര്‍ത്താവിനെയും ബന്ധുവിനെയും കൈയും കാലും കെട്ടിയിട്ടശേഷമാണ് ഇരിട്ടി സ്വദേശികളായ നാല് യുവാക്കള്‍ ക്രൂരമായി യുവതിയെ മാനഭംഗപ്പെടുത്തി വിവസ്ത്രയാക്കി വഴിയില്‍ ഉപേക്ഷിച്ചത്.
കര്‍ണാടകയിലെ വീരാജ്‌പേട്ടയ്ക്കടുത്ത് പെരുമ്പാടിയില്‍നിന്ന് ഇരിട്ടി ഭാഗത്തേക്ക് മടങ്ങാനായി ബസ് കാത്തുനിന്ന യുവതിയെയും ബന്ധുക്കളെയും നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനംനല്‍കിയാണ് യുവാക്കള്‍ ലോറിയില്‍ കയറ്റിക്കൊണ്ടുവന്ന് ഈ ഹീനകൃത്യത്തിന് ഇരയാക്കിയത്. എന്നാല്‍ പെണ്‍വാണിഭത്തിനെതിരെ ആഞ്ഞടിക്കുന്ന ഒരു സ്ത്രീസംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും ഈ ദാരുണസംഭവത്തില്‍ പ്രതികരിക്കാന്‍പോലും മുന്നോട്ടുവന്നില്ല....

2012 ജൂണ്‍ 20നാണ് ഒറീസ സ്വദേശിയായ മധു നായിക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്‌സ കിട്ടാതെ മരിച്ചത്. നിര്‍മാണമേഖലയിലെ തൊഴിലാളിയായിരുന്ന ഇയാള്‍ ശരീരമാസകലം മുറിവുമായി ആശുപത്രിയിലെത്തിയെങ്കിലും കൂടെ ആരുമില്ലായിരുന്നുവെന്ന കാരണത്താലാണ് മധു നായികിന് ആശുപത്രിയില്‍ വിദഗ്ധ ചികിത്‌സ നിഷേധിച്ചത്. ഒടുവില്‍ ആശുപത്രി വരാന്തയില്‍ കിടന്ന് അയാള്‍ മരിക്കുകയായിരുന്നു. മൃതദേഹം അനാഥമായി ആശുപത്രിമോര്‍ച്ചറിയില്‍ അഞ്ച് ദിവസം കിടന്നു. സംഭവം പുറത്തായതിനെതുടര്‍ന്ന് കൊച്ചിയിലെ ചില സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നത്. എന്നാല്‍ ഇതൊന്നുമറിയാതെ മധുനായികിന്റെ മകന്‍ രാജേഷ് നായിക് നഗരത്തിലെ ഒരു ബാര്‍ഹോട്ടലില്‍ ക്ലീനിംഗ്‌ജോലി ചെയ്യുകയായിരുന്നു. വീട്ടിലെ പട്ടിണിമാറ്റാന്‍ നാടുവിട്ടിറങ്ങിയ പിതാവിന്റെ ചേതനയറ്റ ശരീരവുമായാണ് ആ ബാലന്‍ നാട്ടിലേക്ക് തിരിച്ചത്. താഴെയുള്ള ആറ് സഹോദരങ്ങളുടെ ഏക അത്താണിയുമായിരുന്നു ആ ബാലന്‍. 

2011 സെപ്തംബര്‍ ആറിനാണ് ഒറീസ സ്വദേശിയായ സിട്ടു ചെങ്ങന്നൂരിലെ പണിസ്ഥലത്ത് കാറിടിച്ച് മരിച്ചത്. ഗുരുതരപരിക്കുകളോടെ സിട്ടുവിനെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍കോളജില്‍ എത്തിച്ചെങ്കിലും യഥാസമയത്ത് 'സര്‍ക്കാര്‍വക' സൗജന്യ ചികിത്‌സ കിട്ടാതായതോടെ സിട്ടുവും ജീവിതത്തോട് വിടചൊല്ലി. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ ആശുപത്രിയില്‍ ബഹളംവച്ചതിനെതുടര്‍ന്ന് ജില്ലാകലക്ടര്‍ സിട്ടുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍നിന്നും നഷ്ടപരിഹാരതുക നല്‍കാമെന്ന് വാഗ്ദാനംചെയ്തു.

നാട്ടില്‍നിന്നെത്തിയ സിട്ടുവിന്റെ മാതാവ് 25000 രൂപ സര്‍ക്കാരിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും 5000 രൂപ ആ വൃദ്ധമാതാവിന്റെ കയ്യില്‍കൊടുത്ത് അധികൃതര്‍ അതിവിദഗ്ധമായി തലയൂരി. കുടുംബത്തിന്റെ പട്ടിണിമാറ്റാന്‍ നാടുവിട്ട ഏക മകന്റെ മൃതദേഹവുമായി ആ വൃദ്ധമാതാവ് തീവണ്ടി കയറുമ്പോള്‍  കേരളം നിസ്സംഗതയോടെ ആ കാഴ്ച നോക്കിനിന്നു....

അന്യസംസ്ഥാന ഗ്രാമങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും നാട്ടില്‍ തൊഴിലില്ലാത്തതിനാലും വീടുകളിലെ ദാരിദ്ര്യവും മൂലമാണ് കേരളത്തിലേക്ക് തീവണ്ടി കയറുന്നത്. കുടുംബത്തിന്റെ ഒരുനേരത്തെ വിശപ്പുമാറ്റാനാണ് അവര്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി കേരളത്തില്‍ അഭയംതേടുന്നത്. കൊല്‍ക്കത്തയില്‍നിന്നും 2360 കി.മീറ്റര്‍ യാത്രചെയ്താണ് അവര്‍ കൊച്ചിയിലെത്തുന്നത്. ആസാമില്‍നിന്നാകട്ടെ 3500 കി. മീറ്റര്‍ യാത്രചെയ്തുമാണ് അവര്‍ തൊഴില്‍തേടി ഇവിടെയെത്തുന്നത്. അങ്ങനെ കിലോമീറ്ററുകള്‍ താണ്ടിയാണ് ഈ ദരിദ്രര്‍ കേരളത്തിലെത്തുന്നത്.

കേരളത്തില്‍ ഏതാണ്ട് 13 ലക്ഷത്തിലധികം അന്യസംസ്ഥാനത്തൊഴിലാളികള്‍ പണിയെടുക്കുന്നതായിട്ടാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതാകട്ടെ കേരളത്തില്‍ 10 ലക്ഷം തൊഴിലാളികളുണ്ടെന്നാണ്. ഇതിനിടെ കേരളത്തില്‍ പ്രതിമാസം 20 പേര്‍വീതം അന്യസംസ്ഥാനത്തൊഴിലാളികള്‍ മരിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. പക്ഷേ, സര്‍ക്കാര്‍ രേഖകളിലും കണക്കിലുംപെടാതെ മരിക്കുന്നവര്‍  ഇതിന്റെ ഇരട്ടിയിലധികം വരുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. 2011-ല്‍ 131 ഉത്തരേന്ത്യന്‍ തൊഴിലാളികളാണ് മരിച്ചത്. 2012 ഫെബ്രുവരിവരെ 31 പേര്‍ മരിച്ചു. തിരുവനന്തപുരം നഗരസഭയില്‍ 2011-ല്‍ 211 പേരാണ് വിവിധയിടങ്ങളിലായി മരിച്ചത്. ഇതില്‍ 43 പേര്‍ അപകടങ്ങളിലാണ് മരിച്ചത്. പശ്ചിമബംഗാള്‍ (12), ആസാം (5), ഉത്തര്‍പ്രദേശ് (4), തമിഴ്‌നാട് (673) എന്നിങ്ങനെയാണ് ഈ മരണങ്ങളുടെ കണക്ക് സര്‍ക്കാര്‍രേഖയില്‍ വ്യക്തമാക്കുന്നത്. 2011-ല്‍ കോഴിക്കോട് 175 പേര്‍ മരിച്ചു. ഇതില്‍ 59 പേരും ഉത്തരേന്ത്യന്‍ യുവാക്കളായിരുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ പണിയെടുക്കുന്ന എറണാകുളത്തെ പെരുമ്പാവൂരില്‍ 2011-ല്‍ 14 അന്യസംസ്ഥാനത്തൊഴിലാളികള്‍ മരിച്ചതായാണ് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇവിടെ അതിലധികംപേര്‍ മരിച്ചതായും സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരസഭകള്‍  പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി, എറണാകുളം ജില്ലയിലെ വെങ്ങോല, രായമംഗലം, അശമന്നൂര്‍, വാഴക്കുളം എന്നീ പഞ്ചായത്തുകളിലെ മരണവിവരങ്ങളിലനിന്നാണ് സംസ്ഥാനത്ത് പ്രതിമാസം 20 അന്യസംസ്ഥാനത്തൊഴിലാളികള്‍ മരിക്കുന്നതായി സര്‍ക്കാര്‍രേഖകള്‍ സൂചിപ്പിക്കുന്നത്.

രക്ഷകര്‍ നിരവധി; പക്ഷേ പ്രശ്‌നങ്ങള്‍ ഒഴിയുന്നില്ല   


സര്‍ക്കാരിന്റെ വക 'ക്ഷേമപ്രവര്‍ത്തനങ്ങള്‍' 

അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക്കിട്ടാകനിയായതോടെയാണ് ചില സന്നദ്ധസംഘടനകളും വ്യക്തികളും അവരുടെ സാന്ത്വനത്തിനായി എത്തിതുടങ്ങിയത്. ആ മനുഷ്യസ്‌നേഹികള്‍ പകര്‍ന്ന ഇത്തിരി വെളിച്ചമാണ് പലപ്പോഴും അന്യസംസ്ഥാനത്തൊഴിലാളികളെ ഒരു പരിധിവരെയെങ്കിലും ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിച്ചത്. പക്ഷേ, ഈ കാരുണ്യവര്‍ഷത്തിനിടയിലും മനുഷ്യാവകാശത്തിന്റെ മുഖംമൂടിയണിഞ്ഞ ചില നരഭോജികള്‍ തൊഴിലാളികള്‍ക്കിടയില്‍ ചുറ്റിക്കറങ്ങുകയാണ്.

കഴിഞ്ഞ ജൂണ്‍ 20ന് കൊച്ചിയില്‍ മരിച്ച ഒറീസ സ്വദേശിയുടെ മൃതദേഹം ബന്ധുക്കളില്‍നിന്ന്  തട്ടിയെടുക്കാന്‍ ചില ആളുകള്‍ നടത്തിയ ശ്രമം പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്യസംസ്ഥാനത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍കോളജുകള്‍ക്ക് ലക്ഷക്കണക്കിന് രൂപയ്ക്ക് വില്‍ക്കുന്ന മൃതദേഹമാഫിയയും തൊഴിലാളികള്‍ക്കുചുറ്റും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒട്ടേറെ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ അന്യസംസ്ഥാനത്തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തുന്ന എല്ലാ നീക്കങ്ങളെയും മനുഷ്യാവകാശലംഘനമെന്നും ജനാധിപത്യവിരുദ്ധമെന്നും മുദ്രകുത്തുന്ന  കപടമനുഷ്യാവകാശപ്രവര്‍ത്തകര്‍ സംസ്ഥാനത്തെ കുടിയേറ്റത്തൊഴിലാളികള്‍ക്കിടയില്‍ പിടിമുറുക്കിയിട്ടുണ്ട്. അതോടെ അവിടങ്ങളില്‍നിന്നുയരുന്ന ഒരു വാര്‍ത്തയും ഇപ്പോള്‍ ആശാവഹമല്ല.

കേരളത്തിലെത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികളില്‍ ഏതാണ്ട് 90 ശതമാനംപേരും ദളിത് ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരാണ്. കുറച്ച് ന്യൂനപക്ഷവിഭാഗം, ദളിത് ക്രൈസ്തവരും തൊഴില്‍മേഖലകളിലേക്ക് എത്തുന്നുണ്ട്. തൊഴിലാളികളില്‍ കൂടുതല്‍പേരും ദളിത്, ആദിവാസി സമൂഹമായതിനാല്‍ മനുഷ്യാവകാശത്തിന്റെയും സാമൂഹ്യനീതിയുടെയും പേരുപറഞ്ഞ് ചില തീവ്രമുസ്ലീംസംഘടനകളും ഇവരുടെ രക്ഷകരായി രംഗത്തെത്തിയിട്ടുള്ളതും ആശാവഹമല്ല. അവരെ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടാനാണ് ഇത്തരം സംഘടനകള്‍ ശ്രമിക്കുന്നതെന്ന് ആരോപണം ശക്തമാണ്.

അന്യസംസ്ഥാനത്തൊഴിലാളികളുടെ ഏകോപനത്തിനും കണക്കെടുപ്പിനും സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ജനാധിപത്യവിരുദ്ധമെന്ന് മുദ്രകുത്താനാണ് ഇത്തരം സംഘടനകള്‍ക്ക് കൂടുതലും താല്‍പര്യം. തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായുള്ള പൊലീസ് രജിസ്‌ട്രേഷന്‍ ജനാധിപത്യവിരുദ്ധമെന്നാണ് മനുഷ്യാവകാശസംഘടനയായ ജനകീയ മനുഷ്യാവകാശപ്രസ്ഥാനം ആരോപിക്കുന്നത്.

ഇന്ത്യയിലെവിടെയും സഞ്ചരിക്കാനും തൊഴിലെടുക്കാനും ജീവിക്കാനും ദേശ-ഭാഷ-ലിംഗ-ജാതി-മതവ്യത്യാസങ്ങളില്ലാതെ തുല്യരായി പരിഗണിക്കപ്പെടാനുമുള്ള ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശലംഘനമാണ് ഇപ്പോള്‍ പൊലീസ് നടത്തുന്ന രജിസ്‌ട്രേഷന്‍ നടപടിയെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. യഥാര്‍ഥത്തില്‍ പൊലീസ് രജിസ്‌ട്രേഷന്‍ നടപടി ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട വിഷയമാണ്. അതീവഗൗരവത്തോടെ മാത്രമേ പൊലീസ് രജിസ്‌ട്രേഷനെ നമുക്ക് നോക്കിക്കാണാനാവൂ. പക്ഷേ, ഈ നടപടിയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ തയ്യാറാവുന്നില്ല. പത്രസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടാനും, പത്രക്കുറിപ്പ് എഴുതാനുമാണ് ഇത്തരം സംഘടനകള്‍ക്ക് താല്‍പര്യം. പ്രമുഖ സാമൂഹ്യ-പൗരാവകാശപ്രവര്‍ത്തകരായ ബി ആര്‍ പി ഭാസ്‌ക്കര്‍, കെ ജി ശങ്കരപിള്ള, മീനാ കന്തസാമി, ജെ ദേവിക, ഡോ. പി ഗീത, മൈത്രി പ്രസാദ് ഏലിയാമ്മ എന്നിവരും പൊലീസ് റജിസ്‌ട്രേഷനെ ശക്തമായി എതിര്‍ക്കുമ്പോഴും ബദല്‍സംവിധാനങ്ങളൊന്നും ഇവര്‍നിര്‍ദേശിക്കുന്നില്ല.

സംസ്ഥാന തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ തൊഴിലുടമകളുടെ സാന്നിധ്യത്തില്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് തൊഴില്‍ കാര്‍ഡ്  (ഐഡന്റിറ്റി കാര്‍ഡ്) നല്‍കണമെന്നും വിവിധ സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പൊലീസ് രജിസ്‌ട്രേഷനെക്കാളും തൊഴില്‍കാര്‍ഡ് തൊഴില്‍വകുപ്പില്‍നിന്നും അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നതാണ് അവര്‍ക്ക് കൃത്യമായൊരു ഐഡന്റിറ്റിയും തൊഴിലുറപ്പും നല്‍കാനാവുന്നതെന്ന് വര്‍ഷങ്ങളായി ഇന്ത്യയിലെ കുടിയേറ്റത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫാ. മാര്‍ട്ടിന്‍ പുതുശ്ശേരി ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെത്തുന്ന തൊഴിലാളികള്‍ക്ക് പലപ്പോഴും തൊഴിലുടമകള്‍ മുഴുവന്‍ കൂലികളും നല്‍കാറില്ല. ഉടമകളെക്കുറിച്ച് കൃത്യമായ വിവരവും തൊഴിലാളികള്‍ക്ക് ലഭിക്കാറില്ല. പലസ്ഥലങ്ങളില്‍ മാറിമാറി ജോലിചെയ്യേണ്ടിവരുമ്പോള്‍ തൊഴിലാളികള്‍ക്ക് ഉടമയുമായി ബന്ധപ്പെടാനുള്ള മാര്‍ഗവും നഷ്ടമാകും. ഇത്തരം സാഹചര്യങ്ങളില്‍ തൊഴില്‍കാര്‍ഡ് ഉള്ളത് ഇവര്‍ക്ക് ഗുണകരമാണെന്നും മാര്‍ട്ടിന്‍ പുതുശ്ശേരി പറഞ്ഞു.

ഇതിനിടെ അന്യസംസ്ഥാനത്തൊഴിലാളികളുടെ നിര്‍ണായകമായ ചില സംഭവങ്ങളില്‍നിന്ന് പലപ്പോഴും മനുഷ്യാവകാശപ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കാറുമുണ്ട്. മരണം, തൊഴിലിടങ്ങളിലുണ്ടാകുന്ന അപകടം, ഗുരുതരമായ രോഗം എന്നിങ്ങനെയുള്ള തൊഴിലാളികള്‍ ഏറെ ദുരിതമനുഭവിക്കുന്ന സന്ദര്‍ഭങ്ങളിലൊക്കെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇവരെ സഹായിക്കാനെത്താറില്ലെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍വേണ്ട നടപടികളില്‍ പങ്കാളികളാവുകയോ, മരിച്ചവരുടെ ബന്ധുക്കളെ സാന്ത്വനിപ്പിക്കാനോ പലപ്പോഴും മനുഷ്യാവകാശപ്രവര്‍ത്തകര്‍ മടികാണിക്കുകയാണ്.
കോടികള്‍ വിദേശഫണ്ട് പറ്റുന്ന ചില എന്‍ജിഒകള്‍ സംഘടിപ്പിക്കുന്ന 'സാമൂഹ്യനീതി' പരിപാടികളില്‍ പഞ്ചനക്ഷത്രഹോട്ടലുകളില്‍ അന്യസംസ്ഥാനത്തൊഴിലാളികളെക്കുറിക്കുന്ന സഭാ അധികാരികള്‍ തങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് മാന്യമായ കൂലിയോ തൊഴില്‍സുരക്ഷയോ നല്‍കാന്‍ വിമുഖതകാട്ടുന്നതായും ആക്ഷേപമുണ്ട്.

ഇങ്ങനെ അന്യസംസ്ഥാനത്തൊഴിലാളികളുടെ ക്ഷേമത്തിനായി നിരവധി ആളുകള്‍ ഓടിക്കൂടുന്നുണ്ടെങ്കിലും 'തൊഴിലാളികളുടെ വഞ്ചി ഇപ്പോഴും തിരുനക്കരതന്നെ'.

*
ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയില്‍ എവിടെയെങ്കിലും ഒരു മലയാളിക്ക് സംഭവിക്കുന്ന ദുരന്തം നമ്മുടെ മാധ്യമങ്ങള്‍ക്ക് വലിയൊരു വാര്‍ത്തയായിരിക്കും. പക്ഷേ കേരളത്തിന്റെ തൊഴിലിടങ്ങളില്‍ ഒരു അന്യസംസ്ഥാനത്തൊഴിലാളി അപകടത്തില്‍പെട്ട് മരിച്ചാല്‍പോലും അതൊരു വാര്‍ത്തയാവുന്നില്ല. അങ്ങനെയൊരു സംഭവം നടന്നതായിപോലും നമ്മുടെ മാധ്യമങ്ങള്‍ കരുതുന്നില്ല. അന്യസംസ്ഥാനത്തൊഴിലാളികളുടെ ദുരൂഹമരണങ്ങള്‍ ഇന്ന് ഒരു തുടര്‍ക്കഥയായിത്തീര്‍ന്നു. കെട്ടിടനിര്‍മാണത്തിനിടയില്‍ മുകളില്‍നിന്ന് ഒരു കുടിയേറ്റത്തൊഴിലാളി വീണാല്‍ അയാള്‍ക്ക് അല്‍പം വെള്ളംകുടിച്ച് മരിക്കാനുള്ള സാഹചര്യംപോലും നമ്മുടെ നിര്‍മാണമേഖലകളില്‍ ഇല്ല. അന്യസംസ്ഥാനത്തൊഴിലാളികളുടെ ദുരൂഹമരണങ്ങളെക്കുറിച്ച് ചോദിക്കാന്‍ ആരുടെ നാവും പൊങ്ങാറില്ല. ഒരു ജനാധിപത്യരാജ്യത്ത് നടക്കുന്ന ഈ ക്രൂരതയോട് പ്രതികരിക്കാന്‍പോലും ആരും മുന്നോട്ടുവരുന്നുമില്ല.