Wednesday, July 4, 2012

പാപികളുടെ കല്ലേറ്

അധ്യാപകന്റെ കൈവെട്ടിയ കേസിനെത്തുടര്‍ന്ന് പൊതുസമൂഹത്തില്‍നിന്ന് വല്ലാതെ ഒറ്റപ്പെടുകയും തുറന്നുകാട്ടപ്പെടുകയും ചെയ്ത എന്‍ഡിഎഫിനുപോലും തലപൊക്കാന്‍ പഴുതുകിട്ടിയതിപ്പോഴാണ്. "ആരാണ് ഭീകരര്‍" എന്ന തലക്കെട്ടില്‍ കേരളമാകെ ഒരു പോസ്റ്റര്‍ അവര്‍ പ്രചരിപ്പിക്കുന്നു. ഫസല്‍, ഷുക്കൂര്‍, ചന്ദ്രശേഖരന്‍ എന്നിവരുടെ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ നാലാമത്തെ കള്ളി വെറുതെയിട്ടിരിക്കുന്നു. മാര്‍ക്സിസ്റ്റുകാര്‍ ഇനിയും കൊല്ലുമെന്നും അതാരാണെന്ന് നോക്കിയിരുന്നു കൊള്ളാന്‍ ആഹ്വാനംചെയ്യുന്നതുമാണ് അതിന്റെ യുക്തി. അത് പൂരിപ്പിക്കാന്‍ ഇടംപോരാതെ വന്നിരിക്കുന്നു. അവസാനമുണ്ടായത് മലപ്പുറം ജില്ലയിലെ കുനിയില്‍ ഇരട്ടക്കൊലപാതകമാണ്. ചീമേനിയില്‍ അഞ്ചുപേരെ ചുട്ടുകൊന്ന കോണ്‍ഗ്രസിനോളം വളര്‍ന്നില്ലെങ്കിലും ലീഗ് തങ്ങളുടെ കഴിവിനൊത്ത് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇരട്ടക്കൊലപാതകമായത്. സ്വാഭാവികമായും മാധ്യമങ്ങള്‍ക്ക് രോഷം ഇരട്ടിക്കേണ്ടതാണ്. ഒഞ്ചിയത്തെ ഒരാളുടെ കൊലപാതകംതന്നെ സഹിക്കാഞ്ഞ് ഇത്രയേറെ പ്രചാരണം നടത്തി. എല്ലാ കൊലപാതകങ്ങള്‍ക്കെതിരെയും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതായി നടിക്കുമ്പോഴാണ് ഇരട്ടക്കൊലപാതകവുമായി മുസ്ലിംലീഗ് വരുന്നത്. ഒഞ്ചിയത്തുനിന്ന് ചാനല്‍സംഘവും മാധ്യമപ്പടയും മലപ്പുറത്തേക്ക് കുതിക്കുമെന്ന് കരുതിയ നിക്ഷ്പക്ഷവാദികള്‍ക്ക് തെറ്റി. മലപ്പുറത്തെ മാധ്യമനീതി വേറെയാണ്. റജീനയെന്ന സ്ത്രീ എം കെ മുനീര്‍ അധ്യക്ഷനായ ഇന്ത്യാവിഷന്‍ ചാനലില്‍ നടത്തിയ വെളിപ്പെടുത്തലിനുശേഷം വിമാനത്തില്‍ വന്നിറങ്ങിയ കുഞ്ഞാലിക്കുട്ടിയുടെ മുഖം പകര്‍ത്താന്‍ പോയ ചാനല്‍സംഘത്തിന് ലീഗ് നല്‍കിയ സമ്മാനം അണ്ണാറക്കണ്ണന്റെ പുറത്തെ വരകള്‍പോലെ മായാതെ കിടപ്പാണ്. അതുകൊണ്ട് പാണക്കാട്ടേക്ക് പോകുമ്പോള്‍ എല്ലാ മാധ്യമങ്ങള്‍ക്കും നല്ല കരുതലുണ്ട്.

അരീക്കോട്, കൂനിയില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പേരില്ല. ഉണ്ടെങ്കില്‍ത്തന്നെ അതാര്‍ക്കും അറിയില്ല. അവര്‍ കൊലക്കേസ് പ്രതികളായിരുന്നെന്നു മാത്രമാണ് പ്രചാരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന മാധ്യമങ്ങള്‍ അറിയിച്ചത്. അവരുടെ വീട്ടില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട വിധവകള്‍ കരഞ്ഞിട്ടുണ്ടാകുമോ ആവോ? ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ള ജില്ലയായ മലപ്പുറം ജില്ലയിലെ മന്ത്രിമാരില്‍ ആരെങ്കിലും ഒരാള്‍ അവരെ ആശ്വസിപ്പിച്ചിട്ടുണ്ടാകുമോ? ചന്ദ്രശേഖരന്റെ വീട്ടില്‍ പോകാത്ത മാര്‍ക്സിസ്റ്റുകാരെല്ലാം മനുഷ്യത്വമില്ലാത്തവരാണെന്ന് വീരേന്ദ്രനും കുഞ്ഞനന്തന്‍നായരും ചാനലില്‍ പറയുന്നത് തത്സമയം കേട്ടതാണ്. ഇരട്ടക്കൊലപാതകം നടന്ന വീട്ടിലേക്കും ആര്‍എംപിക്കാരും ജനതാദളുകാരും പോയില്ല. ഇരട്ട കൊലപാതകത്തിന് വിധേയരായ സഹോദരന്മാരുടെ കുടുംബം കോണ്‍ഗ്രസ് പാരമ്പര്യമുള്ള വീടായിട്ടുകൂടി കോണ്‍ഗ്രസ് നേതാക്കളാരും ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ല. ചന്ദ്രശേഖരന്റെ വീട്ടില്‍ പോകാത്തവരെയൊക്കെ മനുഷ്യത്വമില്ലാത്തവരെന്ന് വര്‍ഗീകരിച്ച മാധ്യമ സംഘം ഇരട്ടക്കൊലപാതകം നടന്നിടത്ത് തിരിഞ്ഞുനോക്കാത്തവരെപ്പറ്റി എന്തെഴുതി? ഇവിടെയാണ് പുതിയ മാധ്യമനയം വെളിപ്പെടുന്നത്. എല്ലാ കൊലയും കൊലപാതകമല്ല, മാര്‍ക്സിസ്റ്റുകാര്‍ കൊല്ലപ്പെട്ടുവെന്നത് സാധാരണപോലെ നടക്കേണ്ട ഒരുകാര്യംമാത്രം. അതില്‍ വാര്‍ത്തയില്ല. പി മോഹനന്റെ അറസ്റ്റ് വല്ലാതെ വൈകിയെന്നാണ് ചന്ദ്രശേഖരന്റെ വിധവയുടെ പരാതി. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുന്നു. ആരാണ് പ്രതികളെ കണ്ടെത്തുന്നത്. പൊലീസോ ആര്‍എംപി നേതാക്കളോ?

ഏതൊരു ഫോണ്‍കോളും കൊലക്കേസിലെ പ്രതിക്കൂട്ടിലേക്കുള്ള വാതിലാകാമെന്നാണ് കോഴിക്കോട്ടെ പൊലീസിന്റെ ന്യായം. തീവ്രവാദ സ്വഭാവമുള്ള ദേശവിരുദ്ധകേസുകളില്‍മാത്രം അത് തെളിവായി പരിഗണിക്കും. കാരണം, ഇത്തരം കേസുകളില്‍ പ്രതിക്കാണ് താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യത. ഒഞ്ചിയംകേസില്‍ പൊലീസ് നടത്തുന്ന കോപ്രായങ്ങള്‍, തെളിവ് നിയമത്തെ കീഴ്മേല്‍ മറിച്ചാണ്. എന്നാല്‍, മലപ്പുറത്ത് എത്തുമ്പോള്‍ ക്രിമിനല്‍നടപടി നിയമം വേറെയാണ്. ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍, എംഎല്‍എയെ സംഭവത്തിനുമുമ്പും പിമ്പും വിളിച്ചിരുന്നു. അത് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുന്നതിനെപ്പറ്റി പറയാനാണെന്ന് എംഎല്‍എ ന്യായം പറഞ്ഞപ്പോള്‍, പൊലീസ് അതേപടി വിശ്വസിച്ചു. ഒരേ പന്തിയില്‍ രണ്ടു വിളമ്പ്, മാധ്യമങ്ങള്‍ക്കു മാത്രമല്ല, പൊലീസിനും ഇതുതന്നെ രീതിയെന്നുവന്നാല്‍ ചെറുക്കാതിരിക്കുന്നതെങ്ങനെ. പി മോഹനനെ കോടതിയില്‍ ഹാജരാക്കുന്ന ഘട്ടത്തില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടക്കുമ്പോള്‍ ഫ്ളാഷ് ന്യൂസ് കോടതിക്കുനേരെ കല്ലേറ് എന്നായിരുന്നു. ആഭ്യന്തരമന്ത്രി ഉടന്‍ പ്രതികരിച്ചു. പ്രതിയെ ഹാജരാക്കുമ്പോള്‍ കോടതിയെ കല്ലെറിയുന്നവര്‍, ശിക്ഷ വിധിക്കുന്ന ദിവസം ജഡ്ജിയെ എന്തുചെയ്യുമെന്നാണ് ചോദ്യം. വടകരയില്‍ കോടതിയെ ലക്ഷ്യമാക്കി കല്ലേറ് നടന്നിട്ടില്ല. പുറത്തുണ്ടായ സംഭവങ്ങള്‍ കോടതിക്കറിയില്ല. മാധ്യമങ്ങളും ആഭ്യന്തരമന്ത്രിയും ആടിനെ പട്ടിയാക്കുന്നതിന് മറ്റൊരു ഉദാഹരണംകൂടിയാണിത്. നൂറുവാര അകലത്തില്‍ മിനിട്ടുകള്‍ക്കകം രണ്ടു സഹോദരങ്ങള്‍ കൊല്ലപ്പെടുന്നതിനു പിന്നില്‍ നല്ല ഗൂഢാലോചനയുണ്ടാകണം. ഇവരെ വകവരുത്തുമെന്ന് പ്രഖ്യാപിച്ചവര്‍ ഭരണത്തിലിരിക്കുമ്പോള്‍ അത് ഒതുക്കിത്തീര്‍ക്കുമെന്നു കരുതാന്‍ എല്ലാ ന്യായവുമുണ്ട്. അതിനാല്‍, മാധ്യമ ജാഗ്രത ഏറെ വേണ്ടത് ഇരട്ടക്കൊലപാതകക്കേസിലാണ്. അതിലെ മുഖ്യ പ്രതി ഖത്തറിലേക്ക് കടന്നു. അയാളെ വിമനത്താവളത്തിലെത്തിച്ചതാരൊക്കെയാണ്?ടിക്കറ്റ് ഏര്‍പ്പാടാക്കി കൊടുത്തവരെത്ര പേരുണ്ട്? ഒളിയിടം നല്‍കിയവര്‍ ആരൊക്കെയാണ്?

ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ സഞ്ചാരവഴികളിലോ ഒളിയിടങ്ങളിലോ പൊലീസ് സഞ്ചരിക്കുന്നില്ല. ഭരണകൂടം കുറ്റവാളികളെ പരിരക്ഷിക്കുന്നുവെന്ന് ഉറപ്പുള്ള ഒരു കേസില്‍ മാധ്യമങ്ങള്‍ ഭരണകൂടത്തോടൊപ്പം നില്‍ക്കുന്നു. ലീഗിനു മുന്നില്‍ ഉമ്മന്‍ചാണ്ടി കാട്ടുന്ന ദാസ്യം മനസ്സിലാക്കാം. ഇരട്ടക്കൊലക്കേസിലെ മാധ്യമ ദാസ്യമാണ് ലജ്ജാകരമാകുന്നത്. ഭരണകൂടം ഇങ്ങനെ കൂട്ടക്കൊല ചെയ്യുമ്പോള്‍ അതിനും ന്യായങ്ങള്‍ എഴുതപ്പെടുന്നു. മതകലഹങ്ങളില്‍ കൂട്ടക്കൊലചെയ്തപ്പോള്‍ അത് വിശുദ്ധമായ കൊലപാതകങ്ങളായിരുന്നു. കുറ്റവാളിയെ രാഷ്ട്രം തൂക്കിലേറ്റുമ്പോള്‍ അത് നീതിക്കുവേണ്ടിയുള്ള കൊലയാണ്. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സിഖുകാര്‍ അനുഭവിച്ചത് രാഷ്ട്രത്തിനുവേണ്ടിയുള്ള കൊലയാണ്. ഗുജറാത്തിലെ മുസ്ലിം ജനസമൂഹം അനുഭവിച്ചത് ദേശീയതയ്ക്കുവേണ്ടിയുള്ള കൂട്ടക്കൊലയാണ്. ഈ ഘട്ടങ്ങളിലെല്ലാം തങ്ങളുടെ ഭാഗംപിടിച്ച് ന്യായം ചമയ്ക്കുകയും ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്ത ഭിന്നഭാവങ്ങള്‍ നമ്മുടെ ഓര്‍മകളിലുണ്ട്. ഏതോ ശൂന്യതയില്‍നിന്ന് വന്നവരെപ്പോലെ ഒഞ്ചിയത്തുനിന്നും കൊലപാതകങ്ങളുടെ ചരിത്രം ആരംഭിക്കുന്നതായി നടിക്കുന്നവരുടെ പൊയ്മുഖങ്ങള്‍ ഇവിടെ തുറന്നുകാട്ടപ്പെടുകയാണ്. ആദ്യത്തെയും അവസാനത്തെയും കൊലപാതകത്തെപ്പറ്റി മൗനം പാലിക്കുന്നവരുടെ നീതിബോധം അപമാനകരമാണ്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.

*
അഡ്വ. കെ അനില്‍കുമാര്‍ ദേശാഭിമാനി 04 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അധ്യാപകന്റെ കൈവെട്ടിയ കേസിനെത്തുടര്‍ന്ന് പൊതുസമൂഹത്തില്‍നിന്ന് വല്ലാതെ ഒറ്റപ്പെടുകയും തുറന്നുകാട്ടപ്പെടുകയും ചെയ്ത എന്‍ഡിഎഫിനുപോലും തലപൊക്കാന്‍ പഴുതുകിട്ടിയതിപ്പോഴാണ്. "ആരാണ് ഭീകരര്‍" എന്ന തലക്കെട്ടില്‍ കേരളമാകെ ഒരു പോസ്റ്റര്‍ അവര്‍ പ്രചരിപ്പിക്കുന്നു. ഫസല്‍, ഷുക്കൂര്‍, ചന്ദ്രശേഖരന്‍ എന്നിവരുടെ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ നാലാമത്തെ കള്ളി വെറുതെയിട്ടിരിക്കുന്നു. മാര്‍ക്സിസ്റ്റുകാര്‍ ഇനിയും കൊല്ലുമെന്നും അതാരാണെന്ന് നോക്കിയിരുന്നു കൊള്ളാന്‍ ആഹ്വാനംചെയ്യുന്നതുമാണ് അതിന്റെ യുക്തി. അത് പൂരിപ്പിക്കാന്‍ ഇടംപോരാതെ വന്നിരിക്കുന്നു. അവസാനമുണ്ടായത് മലപ്പുറം ജില്ലയിലെ കുനിയില്‍ ഇരട്ടക്കൊലപാതകമാണ്. ചീമേനിയില്‍ അഞ്ചുപേരെ ചുട്ടുകൊന്ന കോണ്‍ഗ്രസിനോളം വളര്‍ന്നില്ലെങ്കിലും ലീഗ് തങ്ങളുടെ കഴിവിനൊത്ത് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇരട്ടക്കൊലപാതകമായത്