Thursday, July 19, 2012

സ്വന്തം ജനതയെ ഒറ്റുകൊടുക്കുന്നവര്‍

അധികാരം മനുഷ്യത്വരഹിതമാകുന്നതിന്റെ പുത്തന്‍ ദൃഷ്ടാന്തമാണ് പൗരജനങ്ങളെ മരുന്നുപരീക്ഷണത്തിനുള്ള ഗിനിപ്പന്നികളെപ്പോലെ കൈകാര്യംചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെയും മധ്യപ്രദേശ് സര്‍ക്കാരിന്റെയും നിലപാട്. സ്വന്തം രാജ്യത്തെ ജനങ്ങളില്‍ പരീക്ഷിക്കാന്‍ ഭയക്കുന്നതും പ്രത്യാഘാതങ്ങള്‍ ഏതുവിധത്തിലാകുമെന്നു വ്യക്തമല്ലാത്തതുമായ മരുന്നുകള്‍ ഇന്ത്യയില്‍ കൊണ്ടുവന്ന് പല ബഹുരാഷ്ട്ര കമ്പനികളും പരീക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

വികസിത രാജ്യങ്ങളിലുണ്ടാകുന്നതിന്റെ പകുതിപോലും ചെലവില്ലാത്ത തരത്തില്‍ ബഹുരാഷ്ട്ര മരുന്നു കോര്‍പറേഷനുകള്‍ക്ക് ഇവിടെ മരുന്നുപരീക്ഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരും മധ്യപ്രദേശ് സര്‍ക്കാരുമാണ് അവസരമുണ്ടാക്കിക്കൊടുത്തത്. വെറുതെ അവസരമുണ്ടാക്കിക്കൊടുക്കുക മാത്രമല്ല, പരീക്ഷണം പ്രയോഗത്തില്‍ വരുത്താന്‍ വേണ്ടത്ര മനുഷ്യരെ ലഭ്യമാക്കിക്കൊടുക്കുകകൂടി ചെയ്യുന്നു. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളായ ആദിവാസി- ദളിത് ജനങ്ങളെയാണ് സര്‍ക്കാര്‍ ദല്ലാളിന്റെ റോളില്‍നിന്ന് പരീക്ഷണത്തിനായി കോര്‍പറേറ്റുകള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുന്നത്. അധികാരം എത്രമേല്‍ മനുഷ്യത്വരഹിതമാംവിധം ദുഷിക്കാമെന്നതിന് ഇതില്‍ക്കവിഞ്ഞ തെളിവുവേണ്ട. ക്രൂരവും മനുഷ്യത്വത്തിനു നിരക്കാത്തതുമായ കുറ്റകൃത്യത്തിന് പ്രോസിക്യൂട്ട് ചെയ്യപ്പെടേണ്ടതുണ്ട് ദല്ലാള്‍മാരായി അധഃപതിച്ച ബന്ധപ്പെട്ട ഭരണാധികാരികള്‍. അനധികൃത മരുന്നുപരീക്ഷണം പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് ഇപ്പോള്‍ വന്നത് ഇതുസംബന്ധിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും മധ്യപ്രദേശ് സര്‍ക്കാരിനും നോട്ടീസയച്ചപ്പോഴാണ്. ജനകീയ ആരോഗ്യ പ്രവര്‍ത്തകര്‍ നേരത്തെതന്നെ ഇക്കാര്യം പറയുന്നുണ്ടെങ്കിലും ഒരു പ്രധാന വാര്‍ത്താചാനല്‍ ഇത് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കോടതിയുടെ ഇടപെടലോടെ മാത്രമേ ശ്രമം ഗൗരവപൂര്‍ണമാണെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞുള്ളൂ. ജീവരക്ഷയ്ക്കാവശ്യമായ അടിയന്തരമായ അവയവദാനംപോലും പ്രായേണ അസാധ്യമാക്കുന്ന തരത്തിലുള്ള കര്‍ശന നിയമവ്യവസ്ഥകളുള്ള രാജ്യമാണ് ഇന്ത്യ. ഔഷധപരീക്ഷണത്തിന്റെ കാര്യത്തിലും നിയമവ്യവസ്ഥ കര്‍ശനംതന്നെ. എന്നാല്‍, നിയമവ്യവസ്ഥയുടെ കാര്‍ക്കശ്യമത്രയും ബഹുരാഷ്ട്രസ്ഥാപനങ്ങളുടെ അനധികൃത ഔഷധപരീക്ഷണത്തിനായുള്ള താല്‍പ്പര്യങ്ങള്‍ക്കുമുമ്പില്‍ മഞ്ഞുപോലെ അലിഞ്ഞുപോകുന്ന കാഴ്ചയാണ് ഇന്ത്യയില്‍ കണ്ടത്. ഒരു നിയമവും ഇവര്‍ക്കു ബാധകമാകുന്നില്ല. ഒരു മാനദണ്ഡവും ഇവര്‍ക്ക് പാലിക്കേണ്ടിവരുന്നില്ല.

പട്ടിണിപ്പാവങ്ങളായ ആദിവാസി-ദളിത് വിഭാഗങ്ങളെ അവര്‍ അറിയുകപോലും ചെയ്യാതെ മരുന്നുപരീക്ഷണത്തിനുള്ള ഗിനിപ്പന്നികളായി കൈകാര്യം ചെയ്യുന്നുവെന്നത് മനഃസാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്ന കാര്യമാണ്. വികസിത രാജ്യങ്ങളിലെ മനുഷ്യര്‍ക്ക് മരുന്നുപരീക്ഷണത്തിന് നിന്നുകൊടുക്കാന്‍ മനസ്സില്ല. അഥവാ ആരെയെങ്കിലും കിട്ടണമെങ്കില്‍ അതിഭീമമായ തുക കൊടുക്കണം. മരുന്ന് പിഴച്ചുപോയാല്‍ എന്തെങ്കിലും പാര്‍ശ്വഫലമുണ്ടായാല്‍പ്പോലും അതേക്കാള്‍ വലിയ തുക നഷ്ടപരിഹാരം കൊടുക്കണം. ഇതൊക്കെ ഒഴിവാക്കാനാണ് ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ ഇന്ത്യയിലേക്കു വരുന്നത്. അവരെ ചുവപ്പുപരവതാനി വിരിച്ച് സ്വീകരിക്കാനും അവര്‍ക്കു മുന്നിലേക്ക് നിരാധാരരും നിരാശ്രയരുമായ പട്ടിണിപ്പാവങ്ങളെ ആട്ടിന്‍പറ്റങ്ങളെപ്പോലെ നയിച്ചുകൊടുക്കാനും നിര്‍ലജ്ജം തയ്യാറാകുന്ന സര്‍ക്കാരാണിവിടെയുള്ളത്. ലജ്ജകൊണ്ട് ഇന്ത്യ ശിരസ്സുതാഴ്ത്തേണ്ടതാണ് അപമാനകരമായ ഈ അറിവിനുമുന്നില്‍. പൂര്‍ണമായി അറിയിച്ചിട്ടും സമ്മതം നേടിയിട്ടും മാത്രമേ മരുന്നുപരീക്ഷിക്കാവൂ എന്നുണ്ട്. നിരക്ഷരരായ ഈ പാവങ്ങള്‍ കാര്യമേതുമറിയാതെ തുച്ഛമായ തുക കൈപ്പറ്റി സമ്മതപത്രം ഒപ്പിട്ടുകൊടുക്കുന്നു. ചിലയിടങ്ങളില്‍ സമ്മതപത്രംപോലുമില്ലാതെ മരുന്നുപരീക്ഷണം നടത്തുന്നു. അവന്റിസ്, നൊവാര്‍ടീസ്, ഫ്ളാക്സോസ്മിത്ക്ലീന്‍, എലിലില്ലി, ഫൈസര്‍ തുടങ്ങി നിരവധി വിദേശ കമ്പനികള്‍ തങ്ങളുടെ ഔഷധപരീക്ഷണത്തിന്റെ അരങ്ങാക്കി ഇന്ത്യയെ മാറ്റിയിട്ടുണ്ട് എന്ന് ഡോ. ബി ഇക്ബാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ""ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ 2005ല്‍ ലോക വ്യാപാര സംഘടനയുടെ നിബന്ധന പ്രകാരം മാറ്റം വരുത്തിയതോടെ മുന്‍കാലങ്ങളിലെപ്പോലെ വിദേശത്ത് പേറ്റന്റ് ചെയ്യപ്പെടുന്ന മരുന്നുകള്‍ ഇതര രീതികളുപയോഗിച്ച് ഇന്ത്യന്‍ കമ്പനികള്‍ക്ക് നിര്‍മിക്കാന്‍ കഴിയില്ലെന്നും പല ഇന്ത്യന്‍ കമ്പനികളും വിദേശകമ്പനികള്‍ക്കുവേണ്ടി പുറംകരാര്‍ ഗവേഷണവും ഔഷധ പരീക്ഷണവും നടത്താനുള്ള ഏജന്‍സികളായി മാറിക്കൊണ്ടിരിക്കുകയാണെ""ന്നും ഇക്ബാല്‍ പറയുന്നുണ്ട്.

ആഗോളവല്‍ക്കരണനയങ്ങളുടെ തിക്തഫലങ്ങള്‍ ഇപ്പോള്‍ ആരോഗ്യരംഗങ്ങളില്‍പ്പോലും ഉളവാക്കുന്ന ദൂരവ്യാപക ഫലങ്ങളെ സംബന്ധിച്ച് ജനങ്ങളുടെ കണ്ണ് തുറപ്പിക്കാന്‍ പോരുന്നതാണ് ഈ നിരീക്ഷണം. ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ആക്ട് എന്ന ബൗദ്ധിക സ്വത്തവകാശനിയമവും ഇന്ത്യന്‍ പേറ്റന്റ് നിയമവും ഒക്കെ ലോകവ്യാപാര സംഘടന കല്‍പ്പിച്ച തീയതിക്കും വളരെമുമ്പേ ദാസ്യമനോഭാവത്തോടുകൂടി ഭേദഗതിപ്പെടുത്തിക്കൊടുത്ത് പടിഞ്ഞാറിനുമുമ്പില്‍ ഓച്ഛാനിച്ചുനിന്ന ഭരണമാണിവിടത്തേത്. എല്ലാ രംഗത്തും എല്ലാ ഇന്ത്യന്‍ താല്‍പ്പര്യങ്ങളെയും ഹനിക്കുന്ന കുത്തൊഴുക്കിന്റെ കവാടം തുറന്നുവയ്ക്കലായി അത്. ആ നയങ്ങള്‍ക്ക് പുതിയ മരുന്നുപരീക്ഷണ സാഹചര്യവുമായുള്ള ബന്ധം ഇപ്പോള്‍ വിലയിരുത്തി അപഗ്രഥിക്കേണ്ടതാണ്.

മരുന്നുപരീക്ഷണത്തിന്റെ ഫലമായി ഇന്ത്യയില്‍ നൂറുകണക്കിനാളുകള്‍ മരിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. 2010ല്‍ അവസാനിച്ച മൂന്നുവര്‍ഷ ഘട്ടത്തില്‍ ആയിരത്തിമുന്നൂറില്‍പ്പരം പേര്‍ മരിച്ചുവത്രേ. എന്‍ഡോസള്‍ഫാന്‍ കാര്യത്തില്‍മുതല്‍ മരുന്നുപരീക്ഷണ കാര്യത്തില്‍വരെ സ്വന്തം ജനങ്ങളെ ഒറ്റുകൊടുത്ത് സാമ്രാജ്യത്വ ഏജന്‍സികളെ പ്രീണിപ്പിക്കാന്‍ ദാസ്യപ്പണി ചെയ്യുകയാണ് കേന്ദ്രഭരണം. ഈ കിരാത നയനിലപാടുകള്‍ അവസാനിപ്പിച്ചേ പറ്റൂ.

*
ദേശാഭിമാനി  മുഖപ്രസംഗം 19 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അധികാരം മനുഷ്യത്വരഹിതമാകുന്നതിന്റെ പുത്തന്‍ ദൃഷ്ടാന്തമാണ് പൗരജനങ്ങളെ മരുന്നുപരീക്ഷണത്തിനുള്ള ഗിനിപ്പന്നികളെപ്പോലെ കൈകാര്യംചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെയും മധ്യപ്രദേശ് സര്‍ക്കാരിന്റെയും നിലപാട്. സ്വന്തം രാജ്യത്തെ ജനങ്ങളില്‍ പരീക്ഷിക്കാന്‍ ഭയക്കുന്നതും പ്രത്യാഘാതങ്ങള്‍ ഏതുവിധത്തിലാകുമെന്നു വ്യക്തമല്ലാത്തതുമായ മരുന്നുകള്‍ ഇന്ത്യയില്‍ കൊണ്ടുവന്ന് പല ബഹുരാഷ്ട്ര കമ്പനികളും പരീക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.