Monday, July 16, 2012

സ്വാശ്രയ കോളേജുകളും നിലവാരത്തകര്‍ച്ചയും

"ഇതൊക്കെ ഞങ്ങള്‍ പണ്ടേ പറഞ്ഞതല്ലേ?" എന്ന് ചോദിക്കുന്നവരെ ആര്‍ക്കും ഇഷ്ടമല്ല. അതുകൊണ്ടുമാത്രം ആ ചോദ്യം ഉയര്‍ത്തുന്നില്ല! പക്ഷേ "പന്നി പെറ്റുപെരുകുംപോലെ" കോളേജുകളുടെ എണ്ണം കൂടിയാല്‍ പഠനിലവാരം കുറയും എന്നറിയാന്‍ അത്ര വലിയ ദീര്‍ഘദൃഷ്ടിയൊന്നും വേണ്ട. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജു സീറ്റുകള്‍ 1990 ല്‍ 3,000 ആയിരുന്നത് 2000 ല്‍ 9,000 ആയും 2012 ല്‍ 45,000 ആയും വര്‍ദ്ധിച്ചു. ഇന്ത്യയൊട്ടാകെ നോക്കിയാല്‍ ഇതേ കാലയളവില്‍ 68,600 ല്‍ നിന്ന് 10,50,000 ലേക്കായിരുന്നു കുതിച്ചു ചാട്ടം. ഈ വര്‍ധനവിന്റെ പാതിയിലേറെയും തെക്കന്‍ സംസ്ഥാനങ്ങളിലായിരുന്നു എന്നതും പ്രധാനമാണ്. ഒരു ആസൂത്രണവും നിയന്ത്രണവും ഇല്ലാതെ സംഭവിച്ച ഈ വിസ്ഫോടനത്തിന്റെ അനിവാര്യ ദുഷ് ഫലങ്ങളാണ് നാം ഇന്നു കാണുന്നത്. ഇത്രയും നാള്‍ ഇതൊന്നും കണ്ടില്ലെന്നു നടിച്ച് ഇരുന്നിട്ട് ഇപ്പോള്‍ "നിലവാരം പോയേ!" എന്ന് നിലവിളിക്കുന്നതില്‍ ഒരു കാപട്യവും ഉണ്ട്.

കുഴപ്പത്തിന്റെ കാരണം എന്തൊക്കെയാണ്

ഒരു "നല്ല" വിദ്യാഭ്യാസ സ്ഥാപനം കെട്ടിപ്പടുക്കാന്‍ വേണ്ടത്? മികച്ച അധ്യാപകര്‍, മികച്ച വിദ്യാര്‍ഥികള്‍, ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍, സ്വച്ഛമായ അക്കാദമിക പ്രവര്‍ത്തനത്തിനുള്ള അന്തരീക്ഷം. കാശുണ്ടെങ്കില്‍ സ്ഥലം വാങ്ങാം; കെട്ടിടം പണിയാം; യന്ത്രസാമഗ്രികളും ഒരുക്കാം. പക്ഷേ യോഗ്യതയും അനുഭവ സമ്പത്തുമുള്ള അധ്യാപകരെ ഉടനടി സൃഷ്ടിച്ചെടുക്കാനുള്ള അത്ഭുതവിദ്യകളൊന്നുമില്ല. അതിന് ക്രമാനുഗതമായ, ആസൂത്രിത വളര്‍ച്ചയേ ആകാവൂ. അതാണു സ്വതന്ത്ര ഇന്ത്യയില്‍ 1990 വരെ ഉണ്ടായിരുന്നത്. അറുപതുകളില്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് കുതിച്ചുചാട്ടം പ്ലാന്‍ ചെയ്തപ്പോള്‍ ആദ്യം ചെയ്തത് ടെക്നിക്കല്‍ ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം എന്നൊരു പദ്ധതി നടപ്പാക്കുകയാണ്. അത് പ്രകാരം ബിടെക് പാസ്സാകുന്ന മിടുക്കരെ ആകര്‍ഷിച്ചു ശമ്പളത്തോടുകൂടി എംടെക് ചെയ്യാന്‍ ഐ ഐടി കളിലേക്ക് അയച്ചു. പാസ്സായിക്കഴിഞ്ഞാല്‍ മൂന്നുകൊല്ലം അധ്യാപകരായി പ്രവര്‍ത്തിച്ചുകൊള്ളാം എന്ന് ബോണ്ടും എഴുതിവാങ്ങി. അങ്ങനെയാണ് പുതുതായി തുടങ്ങിയ ആര്‍ഇ സികളിലേക്കും സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലേക്കും ആവശ്യമുള്ള അധ്യാപകരുടെ ലഭ്യത ഉറപ്പാക്കിയത്.

പക്ഷേ ഈ പുതിയ കാലത്ത് ആസൂത്രണം എന്നതൊരു മോശം വാക്കായിരിക്കുകയാണല്ലോ. "അതൊക്കെ വിപണിക്ക് വിട്ടാല്‍ മതി" എന്നതായി പ്രമാണം. അതിന്റെ അനിവാര്യ ഫലമാണ് ഇപ്പോള്‍ കാണുന്നത്. പുതുതലമുറയില്‍പ്പെട്ട മിക്ക കോളേജുകളിലും പേരിന് കുറച്ച്, റിട്ടയര്‍ ചെയ്ത പ്രൊഫസ്സര്‍മാര്‍ ഉണ്ടാകും, പ്രിന്‍സിപ്പല്‍ ആയും എച്ച്ഓഡി ആയും. പിന്നെ ബാക്കിയുള്ളവരെല്ലാം അധ്യാപന പരിചയം കുറവുള്ള തുടക്കക്കാരായിരിക്കും. പല കോളേജുകളിലും എഐസിടിഇ നിശ്ചയിച്ച ശമ്പളമൊന്നും കൊടുക്കാത്തതുകൊണ്ട് അവരും കൂടെക്കൂടെ മാറിക്കൊണ്ടിരിക്കും. ഏതൊരു കോളേജിലെയും അധ്യാപനത്തിന്റെ നട്ടെല്ല് ഉന്നത ബിരുദമുള്ള, പരിചയസമ്പന്നരായ, മധ്യനിരക്കാരായിരിക്കും. നമ്മുടെ മിക്ക സ്വാശ്രയ കോളേജുകളിലും അങ്ങനെയൊരു കൂട്ടരെ കാണില്ല. പല കോളേജുകളിലും ദിവസക്കൂലിക്കാരും താത്കാലിക കരാര്‍ അധ്യാപകരുമാണ് ക്ലാസ് എടുക്കുന്നത്. ഇവരൊക്കെ കടലാസില്‍ എഐസിടിഇ വേതനം വാങ്ങുന്ന സ്ഥിര അധ്യാപകര്‍ ആയിരിക്കും എന്നുള്ളതുകൊണ്ട് മാനേജുമെന്റിനെതിരെ നടപടി എടുക്കാനും വിഷമമാണ്.

തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ മുന്‍ അധ്യക്ഷനും ഐഐടി കാണ്‍പൂര്‍ ഭരണസമിതി ചെയര്‍മാനും ആയ പ്രൊഫ. അനന്തകൃഷ്ണന്‍ പറയുന്നു: ""എണ്‍പതുകളിലും തൊണ്ണൂറുകളിലും സ്വാശ്രയ കോളേജുകള്‍ തുടങ്ങാന്‍ മുന്നോട്ടു വന്ന മിക്കവര്‍ക്കും വിദ്യാഭ്യാസത്തെപ്പറ്റി വലിയ പിടിപാടൊന്നും ഉണ്ടായിരുന്നില്ല. മുന്‍രാഷ്ട്രീയക്കാരുടെയും രാഷ്ട്രീയബന്ധവും പൂത്തപണവുമുള്ള പ്രൊമോട്ടര്‍മാരുടെയും സംഘങ്ങള്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ എന്ന പേരില്‍ ബിസിനസ് സംരംഭങ്ങള്‍ നടത്തിത്തുടങ്ങി. അതുകൊണ്ടുതന്നെ എഐസിടിഇയ്ക്ക് ഇവയെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അതിഭയങ്കരമായ രാഷ്ട്രീയ സമ്മര്‍ദമാണ് അവരുടെ മേല്‍ വന്നുകൊണ്ടിരുന്നത്"".

പച്ചയായ കച്ചവടവും അഴിമതിയുമാണ് സ്വാശ്രയ കോളേജുകളുടെ പേരില്‍ അരങ്ങേറിക്കൊണ്ടിരുന്നത്. നിവൃത്തിയില്ലാതെ വന്നപ്പോഴാണ് അവയെ നിയന്ത്രിക്കാനായി നിയമങ്ങള്‍ കൊണ്ടുവരാന്‍ ചില സംസ്ഥാനങ്ങള്‍ ശ്രമിച്ചത്. അപ്പോള്‍ മാനേജുമെന്റുകള്‍ കോടതിയില്‍ പോയി. ശേഷം ചരിത്രം.

കോടതികളുടെ പങ്ക്

തിരിച്ചും മറിച്ചും വന്ന കോടതിവിധികള്‍ സൃഷ്ടിച്ച കണ്‍ഫ്യൂഷന്‍ ഇനിയും കലങ്ങിത്തെളിഞ്ഞിട്ടില്ല. 1993ല്‍ വന്ന ഉണ്ണികൃഷ്ണന്‍ വിധി ആദ്യമായി കുട്ടികളെ പിഴിഞ്ഞുണ്ടാക്കുന്ന കാശുകൊണ്ട് കോളേജു നടത്താമെന്ന ആശയത്തിന് ഭരണഘടനാപരമായ അംഗീകാരം നല്‍കി. പക്ഷേ, സാമൂഹ്യനീതിയെപ്പറ്റി ആശങ്കയുണ്ടായിരുന്ന ആ ബെഞ്ച് സ്വാശ്രയകോളേജുകളിലെ പാതി സീറ്റ്, മെറിറ്റുള്ള കുട്ടികളെ സര്‍ക്കാര്‍ കോളേജിലെ നിരക്കില്‍ ഫീസ് വാങ്ങി പഠിപ്പിക്കാനായി മാറ്റിവയ്ക്കണം എന്ന് നിഷ്കര്‍ഷിച്ചു. ബാക്കി സീറ്റില്‍ ഉയര്‍ന്ന ഫീസ് വാങ്ങാം, പക്ഷേ അവിടെയും മെറിറ്റ് അനുസരിച്ച് മാത്രമേ പ്രവേശനം പാടുള്ളൂ. ചുരുക്കത്തില്‍ "തരികിട" ഒന്നും നടക്കില്ല. ആ വിധിക്കെതിരെ മാനേജുമെന്റുകള്‍ അപ്പീല്‍ കൊടുത്തു. അങ്ങനെയാണ് 2002ലെ ടി എം എ പൈ വിധിയും തുടര്‍ന്നുള്ള വിധികളും ഉണ്ടാകുന്നത്.

അവയുടെ ആകത്തുക നോക്കിയാല്‍ സ്വകാര്യ സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥി പ്രവേശനത്തിനും ഫീസ് നിര്‍ണയത്തിനും ഉള്ള പൂര്‍ണ അധികാരം മാനേജുമെന്റുകള്‍ക്കാണ് . പക്ഷേ ഒന്നുണ്ട് : "കച്ചവടം ആകാം, കരിഞ്ചന്ത പാടില്ല!" സാമൂഹ്യനീതിയെപ്പറ്റിയുള്ള ഉത്കണ്ഠ ഈ വിധിന്യായങ്ങളിലൊന്നും കാണ്മാനില്ല. പക്ഷേ ഗുണമേന്മയെപ്പറ്റിയുള്ള ആകാംക്ഷ അതിലെല്ലാമുണ്ട്. എല്ലാ സീറ്റിലേക്കും പ്രവേശനം നല്‍കാനുള്ള അധികാരം മാനേജുമെന്റിനാണ്; പക്ഷേ മെറിറ്റ് നോക്കി മാത്രമേ തിരഞ്ഞെടുപ്പ് നടത്താവൂ. ഫീസും ന്യായമായ ചെലവിനുസരിച്ചേ ഈടാക്കാവൂ. ഇതെല്ലാം ഉറപ്പാക്കാന്‍ ഉന്നതാധികാര സമിതികളേയും ഏര്‍പ്പെടുത്തി. പക്ഷേ ഇതൊക്കെ ഉണ്ടായിട്ടും പല സംസ്ഥാനങ്ങളും മാനേജുമെന്‍റുകളുമായി വിലപേശി കുറഞ്ഞ ഫീസു പിരിക്കുന്ന കുറച്ച് "സര്‍ക്കാര്‍ ക്വാട്ട സീറ്റുകള്‍" തരപ്പെടുത്താനാണ് ശ്രമിച്ചത്. ഈ വിലപേശലിന്റെ മറുഭാഗം, ബാക്കി സീറ്റില്‍ അവരാവശ്യപ്പെട്ട ഫീസില്‍, സ്വേച്ഛ പോലെ, പ്രവേശനം നടത്താനുള്ള അവകാശം മാനേജുമെന്റിന് അടിയറ വയ്ക്കലായിരുന്നു. അതോടെ സാമൂഹ്യനീതിയുമില്ല, ന്യായവിലക്കച്ചവടവുമില്ല എന്ന അവസ്ഥയായി.

സര്‍ക്കാരിന്റെ അനാസ്ഥ

കച്ചവടവത്കരണത്തിന്റെ അപകടങ്ങള്‍ നിയന്ത്രിക്കാനായി സംസ്ഥാന സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തില്ല. ചോദിക്കുന്നവര്‍ക്കെല്ലാം കോളേജ് അനുവദിക്കും എന്ന ആന്റണി സര്‍ക്കാരിന്റെ ആദ്യതീരുമാനത്തോടെ തന്നെ കേരളത്തില്‍ കുഴപ്പങ്ങള്‍ തുടങ്ങി. കേരള വിദ്യാഭ്യാസ രംഗം എക്കാലവും അടക്കിവാണ മതസംഘടനകള്‍ മുന്നണിയില്‍ തന്നെ ഉണ്ടായിരുന്നു. കച്ചവടം കൊഴുത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി ഒരു പരിചയവുമില്ലാത്ത പലരും വെറും ലാഭമോഹത്തോടെ രംഗത്തുവന്നു. അബ്കാരികളും റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരും ഗള്‍ഫ് പണക്കാരും തട്ടിക്കൂട്ടിയ കൂട്ട് സംഘങ്ങളും എല്ലാമായി സ്വാശ്രയ കോളേജുകളുടെ ഒരു പ്രളയം തന്നെയുണ്ടായി. ഇപ്പോള്‍ എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം 142; സീറ്റുകള്‍ 45,000. ഇത്തവണ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയവരുടെ എണ്ണം 1,06,071. അതില്‍ അയോഗ്യരാക്കപ്പെട്ടവര്‍ 28,561. ബാക്കിയുള്ളവര്‍ 77,510. അവരില്‍ സ്വാശ്രയകോളേജിലെ കനത്ത ഫീസും ഡിപ്പോസിറ്റും താങ്ങാന്‍ കഴിവുള്ളവര്‍ എത്ര കാണും? കഷ്ടിച്ച് 25,000 സീറ്റ് മാത്രം ഉണ്ടായിരുന്ന കാലത്തുപോലും ആയിരക്കണക്കിനു സീറ്റുകള്‍ ഒഴിഞ്ഞു കിടന്നു. സീറ്റ് നിറഞ്ഞില്ലെങ്കില്‍ വരുമാനം കുറയും. ലാഭം പോയിട്ട് നിത്യനിദാനച്ചെലവ് പോലും നടക്കില്ല. എങ്ങനെയെങ്കിലും സീറ്റ് നിറയ്ക്കാനുള്ള വെപ്രാളത്തില്‍ നിന്നാണ് ഗുണ നിലവാര പ്രശ്നങ്ങള്‍ തുടങ്ങുന്നത്.

മെറിറ്റ് ലിസ്റ്റില്‍ നിന്ന് റാങ്ക് നോക്കാതെയും മിനിമം മാര്‍ക്ക് ഇല്ലാത്തവരെയും എന്‍ ആര്‍ ഐ ക്വാട്ടയുടെ പേരില്‍ തോന്നിയപോലെയുമാണ് അവര്‍ വിദ്യാര്‍ഥി പ്രവേശനം നടത്തുന്നത്. മികച്ച റിസള്‍ട്ട് കാണിക്കുന്ന കോളേജുകളില്‍ എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ആദ്യത്തെ പതിനായിരത്തിനടുത്തു റാങ്കുള്ള കുട്ടികള്‍ പ്രവേശനം നേടുമ്പോള്‍, വാലറ്റത്തുവരുന്ന കോളേജുകളില്‍ 50,000 വും 60,000 വും റാങ്ക് കിട്ടിയ കുട്ടികളാണ് പ്രവേശനം നേടുന്നത്. എന്‍ട്രന്‍സ് പരീക്ഷ എഴുതുക പോലും ചെയ്യാതെ, അല്ലെങ്കില്‍ അതില്‍ അയോഗ്യരാക്കപ്പെട്ടതിനു ശേഷം, എന്‍ ആര്‍ ഐ ക്വാട്ടയില്‍ പ്രവേശനം നേടുന്നവരും ഉണ്ട്. ഇതിന് പുറമേ, പ്ലസ് ടൂ പരീക്ഷയില്‍ നിശ്ചയമായും വേണ്ട 50 % മാര്‍ക്ക് കണക്കിന് ഇല്ലാത്തവരും പിന്‍ വാതിലുകളിലൂടെ കടന്നുകൂടുന്നു എന്ന് പറയപ്പെടുന്നു. ഒന്നും രണ്ടും സെമസ്റ്റര്‍ കഴിഞ്ഞ് ഈ കുട്ടികള്‍ പരീക്ഷയ്ക്കായി മാര്‍ക്ക് ലിസ്റ്റുകള്‍ യൂണിവേഴ്സിറ്റികളില്‍ സമര്‍പ്പിക്കുമ്പോള്‍ മാത്രമേ ഇത് പരിശോധിക്കപ്പെടുന്നുള്ളൂ. കള്ളത്തരങ്ങള്‍ കയ്യോടെ പിടിക്കപ്പെട്ടിട്ടുപോലും ഒരു കോളേജിനും ഇതുവരെ കടുത്ത ശിക്ഷ നല്‍കിയിട്ടില്ല. അങ്ങനെ ഗുണമേന്മയുടെ നെടുംതൂണുകളായ മികച്ച അധ്യാപകരുമില്ല, മികച്ച വിദ്യാര്‍ത്ഥികളുമില്ല! പിന്നെങ്ങനെയാണ് മികച്ച നിലവാരം കൈവരിക്കുക?

ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ പല പുതു തലമുറ കോളേജുകളും മെച്ചമാണെങ്കിലും അതില്‍ പോലും മികവു പുലര്‍ത്താന്‍ കഴിയാത്ത മാനേജുമെന്റുകളും ഉണ്ട്. മികച്ച വിദ്യാര്‍ഥികളെയോ കോഴ കൊടുക്കാന്‍ കഴിവുള്ളവരെയോ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്ന് ബോധ്യമായിക്കഴിഞ്ഞാല്‍ പിന്നെ മാനേജുമെന്റുകളുടെ ശ്രദ്ധ ചെലവു ചുരുക്കി ലാഭമുണ്ടാക്കുക എന്നതിലായിരിക്കും. വേണ്ടത്ര അധ്യാപകരെ നിയമിക്കാതിരിക്കുക, ഉള്ളവര്‍ക്ക് തന്നെ നിശ്ചിത ശമ്പളം കൊടുക്കാതിരിക്കുക, കഴിയുന്നത്ര താത്കാലികക്കാരെക്കൊണ്ട് തട്ടിക്കൂട്ടിപ്പോകുക, അത്യാവശ്യമുള്ള ഉപകരണങ്ങളും സാമഗ്രികളും വാങ്ങാതിരിക്കുക, കെട്ടിടം കാലാകാലങ്ങളില്‍ മെയിന്റനന്‍സ് ചെയ്യാതിരിക്കുക എന്നതൊക്കെയാണ് അവരുടെ തന്ത്രങ്ങള്‍. ഇതെല്ലാം പഠിത്തത്തിന്റെ ഗുണമേന്മയെ ബാധിക്കും എന്നു പറയേണ്ടതില്ലല്ലോ?

വിപണി നിയമം

ഇതെല്ലാം തന്നെ കച്ചവടാടിസ്ഥാനത്തില്‍ കോളേജു നടത്തുന്നതിന്റെ അനിവാര്യ ദുരന്തങ്ങളാണ്. എന്നിട്ടും കച്ചവട വിദ്യാഭ്യാസത്തെ തള്ളിപ്പറയാന്‍ സര്‍ക്കാരോ കോടതികളോ തയാറാകുന്നില്ല എന്നതിലാണ് വൈരുധ്യം. ചില നല്ല സ്വകാര്യ കോളേജുകള്‍ ഉണ്ടല്ലോ. അപ്പോള്‍ ഇത് സ്വകര്യവത്കരണത്തിന്റെ കുഴപ്പമല്ല. കുഴപ്പക്കാരായ ചില മാനേജുമെന്റുകളുടെ പ്രശ്നമാണ് എന്നാണ് വാദം. ഈ വാദം സാധുവല്ല. എന്തെന്നാല്‍ ലാഭം മോഹിക്കാത്ത ഐഎച്ച്ആര്‍ഡിയും കേപ്പും നടത്തുന്ന ചില കോളേജുകളും "മോശം" വിഭാഗത്തില്‍ പെടും. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ 21 എണ്ണം തീരെ മോശമായിരിക്കുമ്പോള്‍ 34 എണ്ണം സാമാന്യം തൃപ്തികരം എന്നേ പറയാവൂ. മികച്ചത് എന്നു പറയാവുന്നവ 26 മാത്രം. ഇതില്‍ നിന്ന് തെളിയുന്നത് കുട്ടികളില്‍ നിന്ന് പിഴിഞ്ഞെടുക്കുന്ന പണം കൊണ്ട് മാത്രം മികച്ച വിദ്യാലയങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്നാണ്. അല്ലെങ്കില്‍ അമിതമായ പിരിവ് വേണ്ടിവരും. അത് "ബ്രാന്‍ഡ് ഇമേജ്" ഉള്ള ചില സ്ഥാപനങ്ങള്‍ക്കു മാത്രമേ സാധിക്കൂ. അതും കച്ചവടത്തിന്റെ ഒരു തന്ത്രം ആണല്ലോ. ചുരുക്കത്തില്‍, വിപണി നിയമം അനുസരിച്ച് "ഡിമാന്‍റ്" നോക്കി ആരംഭിച്ച വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങള്‍ വിപണി നിയമം അനുസരിച്ചു തന്നെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ അത്ഭുതത്തിനവകാശമൊന്നുമില്ല. വിപണി നിയമം അനുസരിച്ചുതന്നെ ഇവയില്‍ മത്സരക്ഷമത ഉള്ളവ അതിജീവിക്കുകയും അല്ലാത്തവ അടച്ചുപൂട്ടുകയുമാണ് വേണ്ടത്. അചിരേണ അത് സംഭവിക്കും എന്നതില്‍ സംശയമൊന്നുമില്ല.

പക്ഷേ ഇവിടെ നമ്മള്‍ ചരക്കു കച്ചവടത്തിന്റെയോ ഹോട്ടല്‍ നടത്തിപ്പിന്റെയോ കാര്യമല്ലല്ലോ ചര്‍ച്ച ചെയ്യുന്നത്. അടച്ചുപൂട്ടലിന് പ്രാരംഭമായി, അല്ലെങ്കില്‍ അടച്ചുപൂട്ടാന്‍ വിസമ്മതിച്ചുകൊണ്ട്, ഇവ ഏറെക്കാലം നില നില്‍ക്കും. അതില്‍ ബലികൊടുക്കപ്പെടുന്നത് ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി ആയിരിക്കും. അതുകൊണ്ടാണ് ഇത് സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമായ ഒരു പ്രശ്നമായി മാറുന്നത്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ഗുണമേന്മ ഇല്ലാത്ത സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് അടച്ചുപൂട്ടണം എന്ന് കോടതി പറയുമ്പോള്‍, വിദ്യാലയങ്ങള്‍ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ പോലെ ബിസിനസ് സ്ഥാപനങ്ങളല്ല എന്നും അത് പൊതു നിയന്ത്രണത്തില്‍ നടത്തപ്പെടേണ്ട ഒരു സേവനം ആണെന്നും പരോക്ഷമായി സമ്മതിക്കുകയാണ് കോടതി ചെയ്യുന്നത്. ഈ തത്വം സമൂഹം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഈ തെറ്റ് ഇനിയും ആവര്‍ത്തിക്കും.

എന്തു ചെയ്യാന്‍ കഴിയും?

പക്ഷേ കോടതി പറഞ്ഞതുപോലെ ഒരു സുപ്രഭാതത്തില്‍ "മോശം" കോളേജുകളൊക്കെ അടച്ചുപൂട്ടാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. അവിടെ പഠിക്കുന്ന കുട്ടികളെ മറ്റു കോളേജുകളില്‍ ചേര്‍ക്കുക എന്നത് പ്രായോഗികമല്ല. പക്ഷേ ചില കാര്യങ്ങള്‍ ചെയ്യാം.

1 ഈ കോടതിവിധിയുടെ വെളിച്ചത്തില്‍, ഈ വര്‍ഷം പുതിയ കോളേജുകള്‍ തുടങ്ങാന്‍ കൊടുത്ത അനുമതി പിന്‍വലിക്കുക. നിഷ്കര്‍ഷമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഭാവിയില്‍ പുതിയ കോളേജുകള്‍ അനുവദിക്കൂ എന്ന് തീരുമാനിക്കുക.

2 കോടതി നടത്തിച്ച പഠനത്തില്‍ ഏറ്റവും മോശം എന്ന് തെളിഞ്ഞ 21 കോളേജുകളില്‍, ബന്ധപ്പെട്ട സര്‍വകലാശാലകളെക്കൊണ്ട് അടിയന്തിരമായി പരിശോധന നടത്തിച്ച് ഈ വര്‍ഷം വിദ്യാര്‍ഥി പ്രവേശനം അനുവദിക്കണമോ എന്ന് തീരുമാനിപ്പിക്കുക.

3 വിദ്യാര്‍ഥി പ്രവേശനത്തില്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക. അവ പരിഷ്കരിക്കേണ്ടതുണ്ടോ എന്ന് (ഉദാഹരണമായി, പ്ലസ് ടൂ വില്‍ നിര്‍ണയിച്ചിട്ടുള്ള കുറഞ്ഞ മാര്‍ക്ക് 50 % ല്‍ നിന്ന് 60 % ആയി ഉയര്‍ത്തണമോ എന്ന്) ഒരു വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കുക.

4 അധ്യാപകരുടെ എണ്ണത്തിലും യോഗ്യതയിലും മാനദണ്ഡങ്ങള്‍ പാലിക്കാത്ത കോളേജുകളില്‍ അടുത്ത വര്‍ഷം വിദ്യാര്‍ഥി പ്രവേശനം അനുവദിക്കില്ല എന്ന് ഇപ്പോള്‍ തന്നെ മുന്നറിയിപ്പ് കൊടുക്കുക.

5 എല്ലാ കോളേജുകളും തങ്ങളുടെ വിജയശതമാനം അവരുടെ വെബ് സൈറ്റില്‍ ഇടണം എന്ന് നിര്‍ബന്ധിക്കുക. ഈ വിവരം എന്‍ട്രന്‍സ് കമ്മീഷണറുടെ സൈറ്റിലും ഇടണം.

6 കണക്കില്‍ വൈദഗ്ധ്യമോ വാസനയോ ഇല്ലാത്ത കുട്ടികളെ എഞ്ചിനീയറിങ്ങിനു പോകാതെ അവര്‍ക്ക് താത്പര്യവും ശേഷിയും ഉള്ള മറ്റു മേഖലകളിലേക്ക് തിരിച്ചുവിടാനായി കൗണ്‍സലിംഗ് നടത്തുക. സമൂഹത്തിന് ആവശ്യമുള്ള മറ്റു മേഖലകളില്‍ ആകര്‍ഷകമായ കോഴ്സുകള്‍ തുടങ്ങുക.

7 സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഇപ്പോള്‍ നിലവിലിരിക്കുന്ന ഓള്‍ പ്രൊമോഷന്‍ സമ്പ്രദായം അവസാനിപ്പിക്കുക. ഒന്നാം വര്‍ഷത്തെ പേപ്പറുകള്‍ എല്ലാം പാസ്സായതിനു ശേഷം മാത്രമേ മൂന്നാം വര്‍ഷത്തേക്ക് പ്രൊമോഷന്‍ കൊടുക്കാവൂ എന്ന ചട്ടം കര്‍ശനമായി പാലിക്കുക. മൂന്ന് ചാന്‍സ് കൊണ്ട് ഒന്നാം വര്‍ഷം പാസ്സാകാന്‍ കഴിയാത്ത കുട്ടികള്‍ക്ക് മറ്റെന്തെങ്കിലും കോഴ്സ് പഠിക്കാനായി നിര്‍ബന്ധിത ടി സി കൊടുക്കുന്ന പഴയ സമ്പ്രദായം പുന:സ്ഥാപിക്കുക. കോഴ്സ് ഇടയ്ക്ക് വച്ച് അവസാനിപ്പിച്ചു പോകുന്ന വിദ്യാര്‍ഥികളില്‍ നിന്ന് നാലുവര്‍ഷത്തെ ഫീസ് ഈടാക്കുന്ന സ്വാശ്രയ കോളേജുകളുടെ സമ്പ്രദായം നിരോധിക്കുക. ഒരു കോഴ്സില്‍ ചേര്‍ന്ന ശേഷം "അത് നമുക്ക് പറ്റില്ല" എന്ന് ബോധ്യമായാല്‍ ധൈര്യമായി അതുവിട്ടു പോകുന്നതാണ് ഭേദം എന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്താന്‍ കൗണ്‍സലിംഗ് നടത്തുക. ചെറു പ്രായത്തില്‍ ഒരു വര്‍ഷം പാഴാക്കുന്നത് ജീവിതം മുഴുവന്‍ പാഴാക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്!

*
ആര്‍ വി ജി മേനോന്‍ ചിന്ത വാരിക 13 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"ഇതൊക്കെ ഞങ്ങള്‍ പണ്ടേ പറഞ്ഞതല്ലേ?" എന്ന് ചോദിക്കുന്നവരെ ആര്‍ക്കും ഇഷ്ടമല്ല. അതുകൊണ്ടുമാത്രം ആ ചോദ്യം ഉയര്‍ത്തുന്നില്ല! പക്ഷേ "പന്നി പെറ്റുപെരുകുംപോലെ" കോളേജുകളുടെ എണ്ണം കൂടിയാല്‍ പഠനിലവാരം കുറയും എന്നറിയാന്‍ അത്ര വലിയ ദീര്‍ഘദൃഷ്ടിയൊന്നും വേണ്ട. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജു സീറ്റുകള്‍ 1990 ല്‍ 3,000 ആയിരുന്നത് 2000 ല്‍ 9,000 ആയും 2012 ല്‍ 45,000 ആയും വര്‍ദ്ധിച്ചു. ഇന്ത്യയൊട്ടാകെ നോക്കിയാല്‍ ഇതേ കാലയളവില്‍ 68,600 ല്‍ നിന്ന് 10,50,000 ലേക്കായിരുന്നു കുതിച്ചു ചാട്ടം. ഈ വര്‍ധനവിന്റെ പാതിയിലേറെയും തെക്കന്‍ സംസ്ഥാനങ്ങളിലായിരുന്നു എന്നതും പ്രധാനമാണ്. ഒരു ആസൂത്രണവും നിയന്ത്രണവും ഇല്ലാതെ സംഭവിച്ച ഈ വിസ്ഫോടനത്തിന്റെ അനിവാര്യ ദുഷ് ഫലങ്ങളാണ് നാം ഇന്നു കാണുന്നത്. ഇത്രയും നാള്‍ ഇതൊന്നും കണ്ടില്ലെന്നു നടിച്ച് ഇരുന്നിട്ട് ഇപ്പോള്‍ "നിലവാരം പോയേ!" എന്ന് നിലവിളിക്കുന്നതില്‍ ഒരു കാപട്യവും ഉണ്ട്.