Saturday, July 14, 2012

സ്പിരിറ്റ്: സദാചാരപ്പോലീസ്


Chastity is the most unnatural of all the sexual perversions. ~Aldous Huxley

സംഘര്‍ഷഭരിതമാവേണ്ടിയിരുന്നതാണെങ്കിലും അങ്ങിനെയായിത്തീരാന്‍ സാധിക്കാതെ പോയ അനവധി അഭിമുഖീകരണങ്ങളുടെ നനഞ്ഞ കൌതുകം കൊണ്ട് രൂപീകരിക്കപ്പെട്ടതാണ് സ്പിരിറ്റ് എന്ന സിനിമയിലൂടെ രഞ്ജിത് ഉദ്ദേശിക്കുന്ന വിമലീകരണം. മദ്യാസക്തിയും മദ്യവിമുക്തിയും; മദ്യത്തിന്‍റെ ആദര്‍ശവത്ക്കരണവും മദ്യവിരുദ്ധ പ്രഘോഷണങ്ങളും; താരപദവിയുടെ ആരോഹണവും അവരോഹണവും; അക്രമാസക്തമായ സവര്‍ണത്തെമ്മാടിത്ത സിനിമകളും നവതരംഗത്തിലെ ലാളിത്യപ്രതീതികളും; കുടുംബത്തിനുള്ളിലെ മനുഷ്യാവകാശലംഘനങ്ങളും പുതിയ നിയമങ്ങളും തിരിച്ചറിവുകളും; ആണ്‍ മേധാവിത്തവും പെണ്‍വിധേയത്വവും; സിനിമയും ടെലിവിഷന്‍ ഭീഷണികളും; സിനിമയിലെ പ്രതിസന്ധികളും ടെലിവിഷന്‍ സാധ്യതകളും; ധനികരുടെ പോളിഷിട്ട മര്യാദകളും ദരിദ്രരുടെ തുറന്നടികളും; രാഷ്ട്രീയത്തിലെ മാലിന്യങ്ങളെക്കുറിച്ചുള്ള തുറന്ന പരാമര്‍ശവും നന്ദി പറച്ചിലുകളിലൂടെയും അതിഥി പ്രത്യക്ഷങ്ങളിലൂടെയും പശ്ചാത്തലങ്ങളിലെ ഫ്ളക്സുകളിലെ സമീകരണങ്ങളിലൂടെയും ഉള്ള പുറം ചൊറിയലും; എന്നിങ്ങനെ വിരുദ്ധവും അല്ലാത്തതുമായ നിരവധി ദ്വന്ദ്വങ്ങളുടെ തള്ളിക്കയറ്റങ്ങള്‍ക്കു ശേഷവും പുതിയ തിരിച്ചറിവുകളൊന്നും പക്ഷെ പരിചയപ്പെടാനാകുന്നില്ല.


പ്രാഞ്ചിയേട്ടനില്‍ രഞ്ജിത് തുടങ്ങിവെച്ചതും നിര്‍ത്താതെ തുടരുന്നതുമായ, കേരളത്തിനകത്തെ പ്രാദേശിക ഭാഷാഭേദങ്ങളുടെ ആഘോഷം/പരിഹാസം, വംശീയ വെറികളിലേക്കുള്ള വാതിലുകള്‍ തുറന്നു വെച്ചിരിക്കുന്നു. കൃത്യമായ സ്ഥലനിശ്ചയങ്ങള്‍ നിലനിര്‍ത്താത്തതിലെ അനവധാനതയാകട്ടെ അപഹാസ്യവുമാണ്. നന്ദു അവതരിപ്പിക്കുന്ന പ്ളംബര്‍ മണി എന്ന കഥാപാത്രം തിരുവനന്തപുരത്തുകാരനാണെന്ന് സംസാരശൈലിയിലൂടെ വെളിപ്പെടുത്തുന്നതിനു പുറമെ, പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ തുറന്നു പറഞ്ഞ് സ്ഥിരീകരിക്കുന്നുമുണ്ട്. അതായത്, കഥ ചിത്രീകരിക്കുന്നത്, തിരുവനന്തപുരത്തിനും വടക്കുള്ള ഏതോ നഗരത്തിലാണ്. റൂബി ബാറിന്‍റെ ബോര്‍ഡടക്കം പലപ്പോഴും എറണാകുളം, കൊച്ചി എന്നു വായിക്കാനാകുന്നുമുണ്ട്. എന്നാല്‍, ഷോ ദ സ്പിരിറ്റ് എന്ന തന്‍റെ ടെലിവിഷന്‍ ഷോയുടെ പുതിയ രൂപാന്തരപ്രാപ്തിക്കായി രഘുനന്ദനന്‍ (മോഹന്‍ലാല്‍) തന്‍റെ ഛായാഗ്രാഹകനെ പുതിയ ഹാന്റിക്യാമുമായി വിടുമ്പോള്‍ അയാള്‍ ചിത്രീകരണം ആരംഭിക്കുന്നത് തിരുവനന്തപുരത്തെ ശാസ്തമംഗലത്തുള്ള ബീവറേജസ് ഔട്ട്ലെറ്റിന്‍റെ മുമ്പില്‍ നിന്നാണ്. യുട്യൂബിലുള്ള ചിത്രത്തിന്‍റെ പ്രൊമോയില്‍ ഈ ഔട്ട്ലെറ്റും അതിന്‍റെ ബോര്‍ഡും കാണാം. മുഴുക്കുടിയനും ബീവറേജസിലെ ക്യൂവിലെത്തുന്നവരില്‍ നിന്ന് ഇരന്ന് മദ്യം വാങ്ങുന്നവനുമായ തിലകന്‍റെ കഥാപാത്രം ഛായാഗ്രാഹകനെ മര്‍ദിക്കുന്നതും ഈ സ്ഥലത്തു വെച്ചാണ്. എന്നാലതിനു മുമ്പുള്ള ഒരു സീനില്‍, പ്ളംബര്‍ മണി/നന്ദുവിന്‍റെ പക്കല്‍ നിന്ന് മദ്യപിക്കാനായി സ്വല്‍പം കാശ് അയാള്‍ യാചിക്കുന്നതും ഇതേ ഔട്ട്ലെറ്റിനു മുമ്പില്‍ വെച്ചു തന്ന. അതായത്; കാലത്ത് ഭണ്ഡാരക്കാണിക്കയും ബ്ളേഡ് പിരിവുകാരന്‍റെ ഇടിയും കഴിഞ്ഞ് മണി തന്‍റെ എം എയ്റ്റി മോപ്പഡില്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറപ്പിച്ച് അവിടെ നിന്ന് ക്വാര്‍ടറോ ഹാഫോ വാങ്ങി മടിയില്‍ തിരുകുകയും തിലകനെ അവഗണിക്കുകയും ചെയ്തതിനു ശേഷം നേരെ കൊച്ചിയിലേക്കു തന്ന തിരിച്ചുവന്ന് പൊതുകക്കൂസുകളില്‍ നിന്ന് വെള്ളം കൂട്ടി മദ്യം അടിക്കുകയും കിട്ടുന്ന പണികളൊക്കെ ചെയ്യുകയും ചെയ്തതിനു ശേഷം വൈകീട്ട് വീട്ടിലെത്തി ഭാര്യയെ സംശയിക്കുകയും തല്ലിയൊതുക്കുകയും ചെയ്യുകയാണെന്നു സാരം.

2012 ജൂണ്‍ 14ന്‍റെ ചിത്രഭൂമി സിനിമാവാരിക, നവതരംഗം@2012 എന്ന ഫോക്കസോടുകൂടിയാണിറങ്ങിയിരിക്കുന്നത്. സ്പിരിറ്റിന്‍റെ മുഖ്യ പ്രചോദനങ്ങളായ രഞ്ജിത്തും മോഹന്‍ലാലും പരസ്പരം ആശ്ളേഷിച്ചു നില്‍ക്കുന്ന മുഖപടവും (പുറം കവറില്‍ ലൈംഗികബന്ധത്തിന് ദീര്‍ഘസമയം കിട്ടുന്നതിനുള്ള ഒരു ആയുര്‍വേദ മരുന്നിന്‍റെ പരസ്യത്തില്‍ പുരുഷനും സ്ത്രീയും ബന്ധത്തിനു തയ്യാറായി നില്‍ക്കുന്ന പടവും) ആയിട്ടാണ് വാരിക ഇറങ്ങിയിരിക്കുന്നത്. പതിമൂന്നാം പേജിലെ ഫോക്കസ് സ്റോറിയില്‍ ഇപ്രകാരം വിവരിക്കപ്പെട്ടിരിക്കുന്നു. ‘സിനിമയും ജീവിതവും പകുത്തു നല്‍കാന്‍ കഴിയാത്ത സിനിമകളിലേക്ക് മലയാള സിനിമ മടങ്ങി വരികയാണ്. അഥവാ ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ മാത്രമാണ് സിനിമക്ക് വിഷയമാകുന്നത്. സമൂഹത്തിലെ ചെറുചലനങ്ങള്‍ പോലും അത്തരം സിനിമകളില്‍ കാണാം. അതിനാല്‍ സിനിമയില്‍ താരങ്ങളാണോ കഥയാണോ താരം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലാതാവുന്നു. കഥാപാത്രവും കഥയുമാണ് താരങ്ങളെന്ന് അര്‍ഥശങ്കക്കിടയില്ലാത്തവണ്ണം തെളിയിക്കുകയാണ് ഇത്തരത്തിലുള്ള സമീപകാല ചിത്രങ്ങള്‍. ഇതേ തുടര്‍ന്ന് മലയാളത്തിലെ വില കൂടിയ താരങ്ങള്‍ വരെ പ്രതിഛായയുടെ ഭാരമില്ലാതെ കഥാപാത്രങ്ങളിലേക്ക് ഇറങ്ങിവരുന്നു. ഈ കാഴ്ച ശുഭസൂചനയാണ്. അതിന് തുടക്കമിട്ടത് സംവിധായകന്‍ രഞ്ജിത്താണ്. അദ്ദേഹം കയ്യൊപ്പ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുതിയ ഒരു പാതയൊരുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ തലമുറകള്‍ക്കും വ്യത്യസ്തമായ പ്രമേയങ്ങള്‍ ഉള്‍ചേര്‍ന്ന സിനിമകള്‍ ആലോചിക്കാനും സാക്ഷാത്ക്കരിക്കാനും ഊര്‍ജ്ജം ലഭിച്ചുവെന്നും പറയാം. അതോടെ സമകാലികസിനിമാലോകം വീരനായക കേന്ദ്രീകൃത സിനിമയില്‍ നിന്ന് കുതറിമാറാനുള്ള ശ്രമവും പിന്നീട് നടത്തി’(ടി എസ് പ്രതീഷ്). രഞ്ജിത് തുടങ്ങിവെച്ച് തലയില്‍ കൈവെച്ച് അനുഗ്രഹിച്ച് പുറത്തിറക്കി വിട്ടിരിക്കുന്ന ആഷിക് അബുവും രാജീവ് പിള്ളയും കൂട്ടരും കാട്ടിക്കൂട്ടുന്ന അബദ്ധപഞ്ചാംഗങ്ങള്‍ നവതരംഗമെന്ന പേരില്‍ ആശ്ളേഷിക്കുന്ന മാധ്യമങ്ങളും ഫേസ്ബുക്ക് ഗുണ്ടകളും രാഷ്ട്രീയണ്ടസാമൂഹ്യണ്ടസാഹിത്യ നേതാക്കളും വിജയിക്കട്ടെ.

കാര്യങ്ങളിപ്പോള്‍ വ്യക്തമായില്ല. ആറാംതമ്പുരാനും നരസിംഹവും അടക്കമുള്ള അതിഭീകരമായ ഹിറ്റുകളില്‍ നിറഞ്ഞാടിയ, നിരന്തരവിജയത്തിന്‍റെയും സവര്‍ണ ഹിന്ദുണ്ടനാടുവാഴി പരിവേഷത്തിന്‍റെയും ചായക്കൂട്ടുകള്‍ കൊണ്ട് മോടികൂട്ടിയ മോഹന്‍ലാലിന്‍റെ ശരീരം ഒരു തെരുവുഗുണ്ടയുടെ ആദര്‍ശവത്ക്കരണമായിരുന്നുവെന്ന് അന്ന് തുറന്നു പറഞ്ഞവര്‍ ഒറ്റപ്പെടുത്തപ്പെട്ടു. മുണ്ട് മാടിക്കുത്തി അടിവസ്ത്രം മാത്രം പ്രദര്‍ശിപ്പിച്ച്, ചായം കോരിയൊഴിച്ച ഷര്‍ട്ടുമിട്ട്, മീശ പിരിച്ച്, കണ്ണു ചുവപ്പിച്ച്, ഷര്‍ട്ടിന്‍റെ കൈ തെറുത്തുകയറ്റി മോഹന്‍ലാല്‍ കണ്ണില്‍ കണ്ടതൊക്കെ തച്ചു തകര്‍ക്കുകയും പോടാ മോനേ ദിനേശാ എന്ന് അട്ടഹസിക്കുകയും ചെയ്യുമ്പോള്‍ കേരളം അത് നെഞ്ചറ്റി സ്വീകരിച്ചു. ഈ പാപങ്ങളൊക്കെ കഴുകിക്കളയാന്‍ രഞ്ജിത്തിനും മോഹന്‍ലാലിനും ഇനിയെത്ര സ്പിരിറ്റുകളുടെ ശോകനാശിനിപ്പുഴകളും പാപനാശിനിക്കടവുകളും മുങ്ങിക്കുളിക്കേണ്ടിവരും? ആക്രമണോത്സുകതയുടെ ഈ ആദര്‍ശവത്ക്കരണങ്ങള്‍ക്കു ശേഷം, കൊല്ലപ്പെടുന്നവരുടെ അമ്മമാരെക്കുറിച്ച് വിലപിച്ച് മോഹന്‍ലാല്‍ തന്‍റെ ബ്ളോഗില്‍ വശം കെട്ടു. വൈകീട്ടെന്താ പരിപാടി എന്ന വിദേശ മദ്യപ്പരസ്യത്തില്‍ നിറഞ്ഞാടിയതിനു ശേഷം, ഇപ്പോള്‍ മദ്യവിരുദ്ധ സോദ്ദേശ സിനിമയിലൂടെ എഴുന്നള്ളുന്ന ഈ കൊമ്പനാനയുടെ ഫ്ളെക്സുകള്‍ നാട്ടിന്‍പുറങ്ങളില്‍ നിറയട്ടെ! (ആനക്കൊമ്പ് വീട്ടിലിരിക്കും).

വേറെയും തമാശയുണ്ട്. ജ്വല്ലറിപ്പരസ്യത്തിന്‍റെ ബ്രാന്‍ഡ് അംബാസഡറായ മോഹന്‍ലാല്‍ ഒപ്പം അഭിനയിക്കുന്ന ഹേമമാലിനിയുടെ മാറത്തേക്കു നോക്കി, കലക്കീട്ടുണ്ട് എന്നു പറയുന്നതും വ്യാപകമായി സ്വീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. സ്പിരിറ്റില്‍, മയക്കുമരുന്നിന് അടിപ്പെട്ടതായി പിന്നീട് വ്യാഖ്യാനിക്കപ്പെടുന്ന ഒരു പതിനഞ്ചു വയസ്സുകാരന്‍ ഷോപ്പിംഗ് മാളില്‍ വെച്ച് അഭിമുഖമായി നടന്നു വരുന്ന സ്ത്രീകളുടെ മാറത്ത് കടന്നു പിടിക്കുന്നത് വിശദമാക്കുന്നുണ്ട്. ഇവനെ ഐ പി എസുകാരിയായ സുപ്രിയാ രാഘവന്‍(ലെന), പൊലീസ് മിടുക്കോടെ പിടി കൂടുകയും അടിച്ച് ശരിപ്പെടുത്തുകയും ചെയ്യുന്നു. നല്ലതു തന്ന. വിദ്യാലയങ്ങള്‍ക്ക് സമീപത്ത് മയക്കു മരുന്നുകളും പുകയില ഉത്പന്നങ്ങളും വില്‍ക്കാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിയമത്തിന്‍റെ പ്രചാരണത്തിനായി ഈ ക്ളിപ്പിംഗ് വ്യാപകമായി പ്രദര്‍ശിപ്പിക്കാം. നല്ല മസാലയുമുണ്ടല്ലാ.

ബലാത്സംഗ വിരുദ്ധ സിനിമയായി കൊണ്ടാടപ്പെട്ട 22 ഫീമെയില്‍ കോട്ടയത്തില്‍, ബലാത്സംഗം ആണ്‍വേട്ടക്കാര്‍ക്ക് ആവേശവും ആസക്തിയുമുണ്ടാക്കുന്ന വിധത്തില്‍ ചിത്രീകരിച്ച് വിശദമാക്കിയതു പോലെയാണ് സ്പിരിറ്റ് എന്ന മദ്യവിരുദ്ധ, സ്ത്രീപീഡനവിരുദ്ധ സിനിമയില്‍ പൊതുസ്ഥലങ്ങളിലെ സ്ത്രീ പീഡനം വ്യക്തമായി പ്രദര്‍ശിപ്പിച്ച് മുതലും ലാഭവും വാരിക്കൂട്ടുന്നത്. മേജര്‍ രവിയുടെ അസഹനീയമായ രാജ്യഭ്രാന്ത സിനിമകളില്‍ പട്ടാളക്കാരനും ഭീകരവാദിയും സ്ത്രീകളെ ആക്രമിക്കുന്നതും ഇതേ വീറോടെയാണ് ചിത്രീകരിക്കപ്പെടുന്നതെന്നതും ഓര്‍ക്കാവുന്നതാണ്. തീര്‍ന്നില്ല, സ്പിരിറ്റ് എന്ന ഈ ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്തിനു വേണ്ടി ഛായാഗ്രാഹകനായ വേണു ഐ എസ് സി, കനിഹയുടെ ‘തുള്ളിത്തുളുമ്പുന്ന’ നിറമാറിടം ക്യാമറ കൊണ്ട് കടന്നു പിടിക്കുന്നതിലെ സൂക്ഷ്മതയും ജാഗ്രതയും ആണ്‍നോട്ടവും, ചെമ്മീന്‍ മുതല്‍ക്കുള്ള മലയാള സിനിമ ആവര്‍ത്തിക്കുന്നതു തന്ന എന്നതിനാല്‍ പുതുമയൊന്നും ആരും കാണില്ല. ഗൊദാര്‍ദ് പറഞ്ഞതു പോലെ, ലോക സിനിമയുടെ ചരിത്രമെന്നത് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ പടമെടുക്കുന്നതിന്‍റെ ചരിത്രമാണല്ലാ. നേര്‍ക്കുനേര്‍ ആണുങ്ങളായി വന്ന് സംസാരിക്കെടാ എന്ന് ന്യൂസ് അവറുകളില്‍ സാംസ്ക്കാരികവിശാരദന്മാരും മറ്റും വീമ്പിളക്കുന്നത് ഇതേ ഇരുപത്തൊന്നാം നൂറ്റാണ്ടിലാണല്ലാ! മദ്യപാനം അവസാനിപ്പിച്ചതിനു ശേഷം, മുന്‍ഭാര്യയായ മീരയെ ആശ്ളേഷിക്കുന്ന രഘുവിനെ തള്ളിമാറ്റി അവള്‍ പറയുന്നതിങ്ങനെ: മദ്യപാനം നിര്‍ത്തുന്ന ഈ കാലത്തേക്ക് എന്നക്കൂടി ബാക്കി വെക്കേണ്ടതായിരുന്നു. അതായത്, ആണിന്‍റെ ഉടമസ്ഥതയില്‍ ബാക്കി വെക്കാവുന്ന ഒരു കൈമാറ്റച്ചരക്ക് മാത്രമാണ് സ്ത്രീ ശരീരം എന്ന് സ്ത്രീ കഥാപാത്രത്തെക്കൊണ്ടു തന്ന പറയിപ്പിച്ചിരിക്കുന്നു രഞ്ജിത്. പുരുഷവിജയങ്ങള്‍ തുടരട്ടെ!

നരസിംഹത്തിലെ നായകന്‍ അന്ത്യരംഗത്തില്‍ കാമുകിയെ സ്വീകരിച്ചുകൊണ്ട് പറയുന്നത് ഇപ്രകാരമാണ്: ‘എന്‍റെ വീട്ടില്‍ താമസിച്ച് എനിക്ക് വെച്ചുവിളമ്പാനും എന്‍റെ മക്കളെ പെറ്റുപോറ്റാനും രാത്രിയില്‍ എന്‍റെ സ്നേഹ-കാമങ്ങള്‍ക്ക് കീഴ്പ്പെടാനും ഇത്തിരി കള്ളടിച്ചുവന്ന് ഞാന്‍ വെച്ചു തരുന്ന വീക്കുകള്‍ സസന്തോഷത്തോടെ ഏറ്റുവാങ്ങാനും പിന്ന ഞാന്‍ വടിയായി തെക്കേലെ മാവ് വെട്ടി എന്ന കത്തിക്കുമ്പോള്‍ വാവിട്ടു നിലവിളിക്കാനും എനിക്കൊരു പെണ്ണിനെ ആവശ്യമുണ്ട്, കേറെടി!’ പ്രേമഭാവനകളെ ആക്രാമകമായ പുരുഷാധിപത്യ മൂല്യങ്ങളുടെ ‘യാഥാര്‍ത്ഥ്യ’ബോധത്തിന് അടിവളമാക്കിയ മുതലാളിത്ത-നാടുവാഴിത്ത തന്ത്രമായിരുന്നു അന്ന് വിജയം കണ്ടത്.

കാലം മാറി. താരനായകന്‍റെ  വിവാഹവും ഗ്രൂപ്പ് ഫോട്ടോയുമായി ശുഭാന്ത്യപ്പെടുന്ന രീതിയില്‍ നിന്ന് തമിഴ് സിനിമ വരെ ബഹുദൂരം മാറി സഞ്ചരിച്ചു. സഹികെടാതെയായിരിക്കണം, പല സിനിമാശാലകളും പ്രദര്‍ശനം വേണ്ടന്നു വെച്ച് കല്യാണമണ്ഡപങ്ങളാക്കിയത്. വിവാഹം എന്ന റിയാലിറ്റി ഷോയുള്ളപ്പോള്‍ എന്തിന് അറുപതും എഴുപതും വയസ്സുള്ള മൂത്തു നരച്ച കിളവ-നായകന്‍റെ പ്രേമശൃംഗാരങ്ങള്‍? അതെ, കാലം മാറി. മോഹന്‍ലാല്‍ ഇപ്പോള്‍ നിരന്തരം വിവാഹത്തില്‍ നിന്ന് പിന്തിരിഞ്ഞ് നടക്കുകയാണ്. വിവാഹമോചനം ചെയ്ത മോഹന്‍ലാലാണ് ഇപ്പോഴത്തെ താരം. ഉണ്ണികൃഷ്ണന്‍ ബി സംവിധാനം ചെയ്തിറക്കിയ, കോര്‍പ്പറേറ്റുകളായ യുടിവിയുടെ ആദ്യ മലയാള സംരംഭമായ ഗ്രാന്റ് മാസ്ററിലെ നായകനായ ചന്ദ്രശേഖര്‍(മോഹന്‍ലാലിന്‍റെ മധ്യവയസ്ക കഥാപാത്രം), കുറ്റങ്ങളെ മുന്‍കൂട്ടി കണ്ടത്തി മരവിപ്പിക്കുന്ന സെല്ലായ മെട്രോ ക്രൈം സ്റോപ്പിംഗ് സെല്ലിന്‍റെ തലവനാണ്. കുടുംബശൈഥില്യമാണ് സമൂഹത്തില്‍ കുറ്റവാളികള്‍ കൂടാനുള്ള കാരണം എന്ന സൂത്രവാക്യമാണ് അടിസ്ഥാനം.

തന്‍റെ ജോലിയില്‍ ആത്മാര്‍ത്ഥത കാണിക്കാതെ, മേശപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന ചെസ് ബോര്‍ഡില്‍ രണ്ടു വശത്തെയും കരുക്കള്‍ നീക്കി, സ്വയം കളിക്കുന്ന പണി മാത്രം ചെയ്തുകൊണ്ടിരിക്കുന്നതിലേക്ക് അയാളെ നയിച്ചത് ഭാര്യയുടെ വഞ്ചനയും തുടര്‍ന്നുണ്ടായ കുടുംബത്തിന്‍റെ പിളരലുമാണ്. ഗ്രാന്റ് മാസ്ററില്‍ മോഹന്‍ലാലും നായികയായ പ്രിയാമണിയുമായുള്ള പുനസ്സമാഗമം ചിത്രമവസാനിക്കുന്നതിനു മുമ്പു തന്ന സംഭവിച്ചുവെങ്കിലും, സ്പിരിറ്റില്‍ അക്കാര്യം നടക്കാന്‍ അടുത്ത ജന്മം വരെ കാത്തിരിക്കേണ്ടി വരും. കുടുംബവ്യവസ്ഥയെ ഉദാത്തീകരിക്കുന്ന മുഖ്യധാരാ സിനിമയുടെ അസംബന്ധ നാടകങ്ങള്‍ക്കു ശേഷവും; വ്യഭിചാരത്തെ ആദര്‍ശവത്ക്കരിക്കുന്നതിലൂടെ സ്ത്രീ ശരീരത്തെ ലൈംഗികച്ചരക്കു മാത്രമാക്കി പരിമിതപ്പെടുത്തുന്ന രംഗങ്ങള്‍ മലയാള സിനിമയും രഞ്ജിത്തും ആവര്‍ത്തിക്കുന്നതും കണ്ടിരിക്കേണ്ടതാണ്. ആറാം തമ്പുരാനില്‍, വില കൂടിയ ഒരു കമ്പിളിപ്പുതപ്പ് കൊടുത്തയക്കട്ടെ എന്ന, സായികുമാറിന്‍റെ ചോദ്യം കേട്ട മോഹന്‍ലാല്‍; പൊണ്ടാട്ടി ഊര്ക്ക് പോയാച്ച്(ഭാര്യ നാട്ടിലേക്ക് പോയി) എന്ന സന്തോഷത്തോടെ മറ്റൊരു പീസ്(സ്ത്രീ ശരീരത്തിന്‍റെ ആണ്‍ മലയാള-മാറ്റപ്പേര്) സംഘടിപ്പിക്കുന്ന എണ്‍പതുകാരനായ ക്യാപ്റ്റന് (മധുവിന്‍റെ വയസ്സാംകാല വികൃതവേഷം) ആറിരട്ടി വില കൊടുത്തിട്ടാണെങ്കിലും മദ്യവും കോണ്‍ഡവും സംഘടിപ്പിച്ചുകൊടുക്കുന്നു. അതിനെ സാഹിത്യചതുരമാക്കുന്നതിങ്ങനെ: രണ്ടു ചര്‍മങ്ങള്‍ക്കിടയില്‍ മറ്റൊരു ചര്‍മത്തിന്‍റെ പ്രതിരോധം തീര്‍ക്കുന്നു. മദ്യവിരുദ്ധത്തിനും മയക്കുമരുന്നു വിരുദ്ധത്തിനും പുറമെ എയിഡ്സ് വിരുദ്ധത്തിനും ഉതകുന്ന സോദ്ദേശ സിനിമ എന്ന നിലക്ക് ഈ വര്‍ഷത്തെ ദേശീയോദ്ഗ്രഥനപുരസ്ക്കാരത്തിന് ഈ ചിത്രം ഇതോടെ ശുപാര്‍ശ ചെയ്തിരിക്കുന്നു.

പ്ളംബര്‍ മണിയിലൂടെ തിരുവനന്തപുരം ഭാഷയും തിരുവനന്തപുരത്തുകാരനായ തൊഴിലാളിയും; കവിയും ഗാനരചയിതാവുമായ സമീര്‍(സിദ്ധാര്‍ത്ഥ് ഭരതന്‍) അമിത മദ്യപാനത്തെ തുടര്‍ന്ന് ചോര ഛര്‍ദിച്ച് മരണപ്പെട്ടത് വിലപിച്ചാഘോഷിക്കാന്‍ രഘുവിന്‍റെ വീട്ടിലെത്തുന്ന സാംസ്ക്കാരിക നായകന്മാരിലൊരാളുടെ (വി കെ ശ്രീരാമന്‍റെയായിരിക്കണം) ഡ്രൈവര്‍, ഓര്‍ഡിനറിയിലെ ബിജു മേനോനെ അനുകരിച്ച് കിഴക്കന്‍ പാലക്കാടന്‍ ഭാഷയില്‍ സംസാരിക്കുന്നത്; എന്നീ അപരപ്രതിനിധാനങ്ങള്‍ക്കു ശേഷം, അച്ചായന്‍ എന്ന സാമുദായികവും പ്രാദേശികവും ലിംഗപരവുമായ വിളിപ്പേര് വ്യാഖ്യാനിക്കപ്പെടുന്ന ദൃശ്യവും സംഭാഷണവും അത്യന്തം അപലപനീയമായ വിധത്തില്‍ വിശദമാക്കപ്പെട്ടിരിക്കുന്നു. അച്ചായന്‍ എന്നാല്‍ മധ്യതിരുവിതാംകൂറിലെ കൃസ്ത്യാനി മാത്രമല്ലന്നും, കമിഴ്ന്നു കിടന്നാല്‍ കാപ്പണം കൊണ്ട് നിവരുന്ന നായരും മാപ്പിളയും കാക്കയും എല്ലാമാണെന്നുമുള്ള വ്യാഖ്യാനസമയത്ത് മോഹന്‍ലാല്‍ എന്ന താരം/ബുദ്ധിജീവി/കഥാപാത്രം അയാള്‍ കഥയെഴുതുകയാണ് എന്ന ശ്രീനിവാസന്‍/കമല്‍ ചിത്രത്തിലെ അശ്ളീലനായകനോട് താദാത്മ്യപ്പെടുന്നു.
ഗാര്‍ഹിക പീഡനത്തെ വര്‍ഗവിഭജിതമായിട്ടാണ് വരേണ്യത ആഖ്യാനം ചെയ്യുന്നത് എന്നതിന്‍റെ തെളിവും ഈ ചിത്രത്തിലുണ്ട്. തൊഴിലാളിയായ പ്ളംബര്‍ മണി, ഭാര്യയെയും കുട്ടിയെയും പീഡിപ്പിക്കുമ്പോള്‍; അയാളെ കസ്റഡിയിലെടുത്ത് പൊലയാടി മോനേ എന്ന് വിളിച്ച് കരണത്തടിക്കുകയും, പുനരധിവാസ കേന്ദ്രത്തിലയച്ച് മറ്റൊരര്‍ത്ഥത്തില്‍ പീഡിപ്പിക്കുകയും ചെയ്യുന്ന പോലീസ് (അഥവാ സംവിധായകന്‍), ധനികനും ബുദ്ധിജീവിയുമായ രഘുനന്ദനനെ സമാനമായ കുറ്റങ്ങള്‍ക്ക് പിടിക്കുമ്പോള്‍ മാന്യമായ ഭാഷയില്‍ ഉപദേശം കൊടുത്ത് വിട്ടയക്കുന്നു.

മദ്യാസക്തിയില്‍ നിന്ന് വിമുക്തി നേടുന്നതിനായി പുനരധിവാസ കേന്ദ്രത്തിലടക്കപ്പെട്ട എന്‍റെ ഒരു സുഹൃത്ത് പറഞ്ഞത്, അവിടെയുണ്ടാകുന്ന ഭീകരമായ ഒറ്റപ്പെടലിനിടയില്‍ രൂപപ്പെടുന്ന സൌഹൃദങ്ങളിലൂടെ ലഹരി സമാഹരിക്കുന്നതിനായി പുതിയ ഫോര്‍മുലകള്‍ കൈമാറ്റം ചെയ്യപ്പെടാറുണ്ടന്നാണ്. കെമിസ്റു കൂടിയായ എന്‍റെ സുഹൃത്തിന് ഈ അറിവുകള്‍ തികച്ചും സഹായകമായിത്തീര്‍ന്നു. മദ്യശാല അടക്കുമ്പോള്‍, ഭാര്യയും സുഹൃത്തുക്കളും നിര്‍ബന്ധമായി പിന്തുടരുമ്പോഴും വളയുമ്പോഴും ഇയാള്‍ പല ഇംഗ്ളീഷ് മരുന്നുകള്‍ മിക്സ് ചെയ്ത് കൂടുതല്‍ പണം ചെലവിടാതെയും ഊതുന്ന മണമില്ലാതെയും ലഹരിക്ക് കീഴ്പ്പെടുന്നു. സ്പിരിറ്റ് പോലുള്ള ഭീകരമായ പുനരധിവാസ സിനിമകള്‍ കാണുമ്പോള്‍, നാലാമിടം ഡോട്ട് കോമില്‍ അന്നമ്മക്കുട്ടി എഴുതിയ നിരീക്ഷണം തന്നയാണ് ഉചിതം. അതിപ്രകാരമാണ്: പല റൌഡികളും പെട്ടെന്നാരു ദിവസം ദൈവവിളി കിട്ടി നന്നാവാറുണ്ട്. പിന്ന നാട്ടുകാര്‍ക്കാണ് ശല്യം. ഇന്നലെ വരെ കള്ളവാറ്റും കള്ളക്കമ്മട്ടവുമായി നടന്നവന്‍ കാണുന്നവരെയൊക്കെ ഉപദേശിക്കാന്‍ തുടങ്ങും. തനിക്കുണ്ടായ ദൈവവിളിയെക്കുറിച്ചും താന്‍ ഇപ്പോള്‍ അനുഭവിക്കുന്ന സൌഖ്യത്തെക്കുറിച്ചും കവലകളില്‍ മൈക്കു കെട്ടി പ്രസംഗിക്കും. ഇവന്‍ നന്നാവേണ്ടിയിരുന്നില്ല. ഇപ്പോഴത്തെ ഉപദേശ ഉപദ്രവത്തെക്കാള്‍ ഭേദം പഴയ ഗുണ്ടാപ്പണി തന്നയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞുതുടങ്ങും.

*
 ജി പി രാമചന്ദ്രന്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സംഘര്‍ഷഭരിതമാവേണ്ടിയിരുന്നതാണെങ്കിലും അങ്ങിനെയായിത്തീരാന്‍ സാധിക്കാതെ പോയ അനവധി അഭിമുഖീകരണങ്ങളുടെ നനഞ്ഞ കൌതുകം കൊണ്ട് രൂപീകരിക്കപ്പെട്ടതാണ് സ്പിരിറ്റ് എന്ന സിനിമയിലൂടെ രഞ്ജിത് ഉദ്ദേശിക്കുന്ന വിമലീകരണം. മദ്യാസക്തിയും മദ്യവിമുക്തിയും; മദ്യത്തിന്‍റെ ആദര്‍ശവത്ക്കരണവും മദ്യവിരുദ്ധ പ്രഘോഷണങ്ങളും; താരപദവിയുടെ ആരോഹണവും അവരോഹണവും; അക്രമാസക്തമായ സവര്‍ണത്തെമ്മാടിത്ത സിനിമകളും നവതരംഗത്തിലെ ലാളിത്യപ്രതീതികളും; കുടുംബത്തിനുള്ളിലെ മനുഷ്യാവകാശലംഘനങ്ങളും പുതിയ നിയമങ്ങളും തിരിച്ചറിവുകളും; ആണ്‍ മേധാവിത്തവും പെണ്‍വിധേയത്വവും; സിനിമയും ടെലിവിഷന്‍ ഭീഷണികളും; സിനിമയിലെ പ്രതിസന്ധികളും ടെലിവിഷന്‍ സാധ്യതകളും; ധനികരുടെ പോളിഷിട്ട മര്യാദകളും ദരിദ്രരുടെ തുറന്നടികളും; രാഷ്ട്രീയത്തിലെ മാലിന്യങ്ങളെക്കുറിച്ചുള്ള തുറന്ന പരാമര്‍ശവും നന്ദി പറച്ചിലുകളിലൂടെയും അതിഥി പ്രത്യക്ഷങ്ങളിലൂടെയും പശ്ചാത്തലങ്ങളിലെ ഫ്ളക്സുകളിലെ സമീകരണങ്ങളിലൂടെയും ഉള്ള പുറം ചൊറിയലും; എന്നിങ്ങനെ വിരുദ്ധവും അല്ലാത്തതുമായ നിരവധി ദ്വന്ദ്വങ്ങളുടെ തള്ളിക്കയറ്റങ്ങള്‍ക്കു ശേഷവും പുതിയ തിരിച്ചറിവുകളൊന്നും പക്ഷെ പരിചയപ്പെടാനാകുന്നില്ല.

JKW said...

കാര്യങ്ങളിപ്പോള്‍ വ്യക്തമായില്ല. ആറാംതമ്പുരാനും നരസിംഹവും അടക്കമുള്ള അതിഭീകരമായ ഹിറ്റുകളില്‍ നിറഞ്ഞാടിയ, നിരന്തരവിജയത്തിന്‍റെയും സവര്‍ണ ഹിന്ദുണ്ടനാടുവാഴി പരിവേഷത്തിന്‍റെയും ചായക്കൂട്ടുകള്‍ കൊണ്ട് മോടികൂട്ടിയ മോഹന്‍ലാലിന്‍റെ ശരീരം ഒരു തെരുവുഗുണ്ടയുടെ ആദര്‍ശവത്ക്കരണമായിരുന്നുവെന്ന് അന്ന് തുറന്നു പറഞ്ഞവര്‍ ഒറ്റപ്പെടുത്തപ്പെട്ടു. മുണ്ട് മാടിക്കുത്തി അടിവസ്ത്രം മാത്രം പ്രദര്‍ശിപ്പിച്ച്, ചായം കോരിയൊഴിച്ച ഷര്‍ട്ടുമിട്ട്, മീശ പിരിച്ച്, കണ്ണു ചുവപ്പിച്ച്, ഷര്‍ട്ടിന്‍റെ കൈ തെറുത്തുകയറ്റി മോഹന്‍ലാല്‍ കണ്ണില്‍ കണ്ടതൊക്കെ തച്ചു തകര്‍ക്കുകയും പോടാ മോനേ ദിനേശാ എന്ന് അട്ടഹസിക്കുകയും ചെയ്യുമ്പോള്‍ കേരളം അത് നെഞ്ചറ്റി സ്വീകരിച്ചു. ഈ പാപങ്ങളൊക്കെ കഴുകിക്കളയാന്‍ രഞ്ജിത്തിനും മോഹന്‍ലാലിനും ഇനിയെത്ര സ്പിരിറ്റുകളുടെ ശോകനാശിനിപ്പുഴകളും പാപനാശിനിക്കടവുകളും മുങ്ങിക്കുളിക്കേണ്ടിവരും? ആക്രമണോത്സുകതയുടെ ഈ ആദര്‍ശവത്ക്കരണങ്ങള്‍ക്കു ശേഷം, കൊല്ലപ്പെടുന്നവരുടെ അമ്മമാരെക്കുറിച്ച് വിലപിച്ച് മോഹന്‍ലാല്‍ തന്‍റെ ബ്ളോഗില്‍ വശം കെട്ടു. വൈകീട്ടെന്താ പരിപാടി എന്ന വിദേശ മദ്യപ്പരസ്യത്തില്‍ നിറഞ്ഞാടിയതിനു ശേഷം, ഇപ്പോള്‍ മദ്യവിരുദ്ധ സോദ്ദേശ സിനിമയിലൂടെ എഴുന്നള്ളുന്ന ഈ കൊമ്പനാനയുടെ ഫ്ളെക്സുകള്‍ നാട്ടിന്‍പുറങ്ങളില്‍ നിറയട്ടെ! (ആനക്കൊമ്പ് വീട്ടിലിരിക്കും).
വേറെയും തമാശയുണ്ട്. ജ്വല്ലറിപ്പരസ്യത്തിന്‍റെ ബ്രാന്‍ഡ് അംബാസഡറായ മോഹന്‍ലാല്‍ ഒപ്പം അഭിനയിക്കുന്ന ഹേമമാലിനിയുടെ മാറത്തേക്കു നോക്കി, കലക്കീട്ടുണ്ട് എന്നു പറയുന്നതും വ്യാപകമായി സ്വീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. സ്പിരിറ്റില്‍, മയക്കുമരുന്നിന് അടിപ്പെട്ടതായി പിന്നീട് വ്യാഖ്യാനിക്കപ്പെടുന്ന ഒരു പതിനഞ്ചു വയസ്സുകാരന്‍ ഷോപ്പിംഗ് മാളില്‍ വെച്ച് അഭിമുഖമായി നടന്നു വരുന്ന സ്ത്രീകളുടെ മാറത്ത് കടന്നു പിടിക്കുന്നത് വിശദമാക്കുന്നുണ്ട്. ഇവനെ ഐ പി എസുകാരിയായ സുപ്രിയാ രാഘവന്‍(ലെന), പൊലീസ് മിടുക്കോടെ പിടി കൂടുകയും അടിച്ച് ശരിപ്പെടുത്തുകയും ചെയ്യുന്നു. നല്ലതു തന്ന. വിദ്യാലയങ്ങള്‍ക്ക് സമീപത്ത് മയക്കു മരുന്നുകളും പുകയില ഉത്പന്നങ്ങളും വില്‍ക്കാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിയമത്തിന്‍റെ പ്രചാരണത്തിനായി ഈ ക്ളിപ്പിംഗ് വ്യാപകമായി പ്രദര്‍ശിപ്പിക്കാം. നല്ല മസാലയുമുണ്ടല്ലാ.സ്ത്രീപീഡനവിരുദ്ധ സിനിമയില്‍ പൊതുസ്ഥലങ്ങളിലെ സ്ത്രീ പീഡനം വ്യക്തമായി പ്രദര്‍ശിപ്പിച്ച് മുതലും ലാഭവും വാരിക്കൂട്ടുന്നത്. മേജര്‍ രവിയുടെ അസഹനീയമായ രാജ്യഭ്രാന്ത സിനിമകളില്‍ പട്ടാളക്കാരനും ഭീകരവാദിയും സ്ത്രീകളെ ആക്രമിക്കുന്നതും ഇതേ വീറോടെയാണ് ചിത്രീകരിക്കപ്പെടുന്നതെന്നതും ഓര്‍ക്കാവുന്നതാണ്.