Friday, July 13, 2012

ജാതിമത ഇടപെടലുകളും വര്‍ഗരാഷ്ട്രീയവും

""കേരളം ആരു ഭരിക്കണമെങ്കിലും എന്‍എസ്എസിന്റെ മനസ്സ് തൊട്ടറിയണം. എന്‍എസ്എസിനെ അംഗീകരിക്കുന്നവരെ എന്‍എസ്എസും അംഗീകരിക്കും. മുന്നാക്കസമുദായ വികസന കോര്‍പറേഷന്‍ രൂപീകരണവും മന്നംജയന്തിദിനം അവധി പ്രഖ്യാപനവും ഇതിന്റെ തെളിവാണ്."" മന്നംജയന്തി ദിനത്തിന് "സര്‍ക്കാര്‍ അവധി" പ്രഖ്യാപിച്ചുകൊണ്ടും മുന്നാക്കസമുദായ വികസന കോര്‍പറേഷന്‍ രൂപീകരണ തീരുമാനമെടുത്തുകൊണ്ടും 2012ലെ പുതുവര്‍ഷ പുലരിയില്‍ നായര്‍സ്വത്വത്തെ പ്രീണിപ്പിച്ച യുഡിഎഫ് സര്‍ക്കാരിന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ നല്‍കിയ "ഗുഡ് സര്‍വീസ് എന്‍ട്രി" യാണ് മേല്‍കൊടുത്ത പ്രസ്താവന. പക്ഷേ ഈ പ്രസ്താവനയുടെ പിന്നിലും ഭീഷണിയുടെ സ്വരം ഒളിഞ്ഞിരിക്കുന്നുണ്ട്.

ഉടന്‍ വന്നു എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറിയുടെ പ്രസ്താവന. ""മന്നംജയന്തിക്ക് നായര്‍ക്കുമാത്രം അവധി നല്‍കുകയാണെങ്കില്‍ ക്രിസ്മസിന് ക്രിസ്ത്യാനികള്‍ക്കും നബിദിനത്തിന് മുസ്ലിങ്ങള്‍ക്കും നാരായണഗുരുജയന്തിക്ക് ഈഴവര്‍ക്കും മാത്രം അവധി നല്‍കിയാല്‍ മതിയല്ലോ"". "ജാതിമത രഹിതര്‍ക്ക് ഇനി അവധി വേണ്ട" എന്ന ആവേശവുമായി യുഡിഎഫ് സര്‍ക്കാര്‍ മിന്നല്‍ വേഗത്തില്‍ വെള്ളാപ്പള്ളി നടേശന്റെ ഈ പ്രസ്താവനയില്‍ നിഴലിച്ച പരിഹാസവും പരിഭവവും തിരിച്ചറിഞ്ഞു. തിരുവനന്തപുരത്ത് കണ്ണായ സ്ഥലത്ത് പത്തുസെന്റ് സ്ഥലം വാങ്ങി മുപ്പത് ലക്ഷംരൂപ പൊതുഖജനാവില്‍നിന്ന് ചെലവിട്ട് വിസ്മൃതിയിലാണ്ടുതുടങ്ങിയ മുന്‍ മുഖ്യമന്ത്രിയും എസ്എന്‍ഡിപി നേതാവുമായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനമെടുത്തു. പുരാണകഥാപാത്രമായ "ബകാസുരന്റെ" ആര്‍ത്തിയെ അനുസ്മരിപ്പിക്കും മട്ടില്‍ ഉടന്‍വന്നു വെള്ളാപ്പള്ളിയുടെ പരിഹാസപ്രസ്താവന. ""പീരങ്കി ചോദിച്ചാല്‍ കളിത്തോക്ക് നല്‍കുന്ന സമീപനമാണ് ഭരണാധികാരികള്‍ ഈഴവസമൂഹത്തോട് കാണിക്കുന്നത്. മുന്നൂറേക്കര്‍ "തങ്ങള്‍മലയ്ക്കും" ഇരുനൂറ്റി എഴുപത് ഏക്കര്‍ "കുരിശുമലയ്ക്കും" കൊടുത്തപ്പോള്‍ ഇരുപത്തിഅഞ്ച് ഏക്കര്‍ തരിശായ "മുരുകന്‍മല" ഈഴവര്‍ക്ക് തന്നു. ഇത് പടക്കംപൊട്ടിച്ച് പറഞ്ഞ് നടക്കുകയാണ്."" "ജാതിഭീഷണിപ്പെടുത്തലിനെ ജയം കണ്ടെത്താനാവൂ" എന്നു തിരിച്ചറിഞ്ഞപോലെ വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ തെരഞ്ഞെടുപ്പ് വിജയപ്രത്യുപകാരമായി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത് "നാടാര്‍മന്ത്രി"യെയാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ ദൗര്‍ബല്യത്തില്‍നിന്ന് പുനര്‍ജനി നേടിയ ജാതി-മതസംഘടനകള്‍ക്ക്, കേരളത്തിന്റെ മതേതര പൈതൃകത്തെ, അഞ്ചാംമന്ത്രിയായും മന്നംജയന്തി അവധിദിനമായും മുപ്പത് ലക്ഷത്തിന്റെ ആര്‍ ശങ്കര്‍ പ്രതിമയായും ഇങ്ങനെ തീറെഴുതിക്കൊടുക്കുന്ന ഏര്‍പ്പാടിന് "ജാതി-മതസമവാക്യം", "ജാതി-മത സന്തുലിതാവസ്ഥ" എന്നൊക്കെയുള്ള ഓമനപ്പേരുകളാണ് നല്‍കിയിട്ടുള്ളത്. മതേതരപാരമ്പര്യം അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ടിയുടെ ആദര്‍ശ പാപ്പരത്തത്തെയാണ് ഇത് വെളിപ്പെടുത്തുന്നത്. രാധാകൃഷ്ണന്‍നായര്‍ എന്ന് ഇതുവരെ തിരിച്ചറിയപ്പെടാതിരുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ എന്‍എസ്എസ് ആസ്ഥാനമന്ദിരത്തിന്റെ പടി ചവിട്ടാന്‍ അനുവദിക്കുകയില്ല എന്നാണ് ജനറല്‍സെക്രട്ടറി സുകുമാരന്‍നായര്‍ ഭീഷണിപ്പെടുത്തിയത്. തന്നോട് തണ്ടുകാട്ടുന്ന മരുമക്കളെ "വീടിന്റെ പടിചവിട്ടാന്‍ അനുവദിക്കില്ല" എന്ന് ഭീഷണിപ്പെടുത്തിയിരുന്ന പഴയ മാടമ്പി നായര്‍ കാരണവരുടെ ഭാവമാണ് സുകുമാരന്‍നായരുടെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പാവം! കേരളത്തിന്റെ ആഭ്യന്തരമന്ത്രി എന്‍എസ്എസ് ജനറല്‍സെക്രട്ടറിയുടെ മുന്നില്‍ നിശ്ശബ്ദനായിപ്പോയി. സ്വജാതിയുടെ ഏകപക്ഷീയ നയപ്രഖ്യാപനങ്ങളിലൂടെ ഇന്ത്യന്‍ഭരണഘടനയുടെ മതേതര അസ്തിത്വത്തെ തന്നെ ചോദ്യംചെയ്യാന്‍ മടിക്കാത്തവരായി മാറിത്തുടങ്ങിയിരിക്കുന്നു കേരളത്തിലെ സമുദായനേതാക്കള്‍. ഈയിടെ പുറത്തിറങ്ങിയ "നായര്‍പ്പഴമ" എന്ന പുതിയ പുസ്തകം "നായരുടെ നയപ്രഖ്യാപനരേഖ" എന്ന വിശേഷണം അര്‍ഹിക്കുന്നത് തന്നെയാണ്. അതിന്റെ ആമുഖ പ്രസ്താവനയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്തയെ തന്നെയാണ് ചോദ്യം ചെയ്തിട്ടുള്ളത്. പ്രസ്താവന ഇങ്ങനെയാണ് ആരംഭിക്കുന്നത്. ""ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ മതേതരത്വം, ജനാധിപത്യം, സാമൂഹ്യസമത്വം തുടങ്ങിയ ആശയങ്ങള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്നും അതിനുപകരം മതം, സമുദായം, വംശം എന്നിവയുടെ പാരമ്പര്യ മൂല്യങ്ങള്‍ രാഷ്ട്രീയ-ഭരണരംഗങ്ങളില്‍ സജീവപരിഗണന നേടിയിരിക്കുന്നു എന്നും ഭാവിയില്‍ അവയുടെ പങ്കാളിത്തം കൂടുതല്‍ വര്‍ധിക്കുമെന്നുമുള്ള ചില രാഷ്ട്രീയദര്‍ശനങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കാം ചില സമുദായങ്ങളുടെ സ്വത്വങ്ങളെ കണ്ടെത്താനുള്ള പഠനങ്ങള്‍ അടുത്തകാലത്ത് സജീവമായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നായര്‍സമുദായത്തിന്റെ പഴമയിലേക്കും ഇന്നത്തെ അവസ്ഥയിലേക്കും ഒന്നു തിരിഞ്ഞുനോക്കാന്‍ ശ്രമം നടത്തുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു.

"" ("നായര്‍പ്പഴമ" : കെ മാധവന്‍നായര്‍, കറന്റ് ബുക്സ്-2011, പേജ്: 17)

ഇന്ത്യന്‍ ഭരണഘടന തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയെക്കുറിച്ച് പരാമര്‍ശിക്കുന്ന പാര്‍ട്ട് XV ലെ ആര്‍ട്ടിക്കിള്‍ 325ല്‍ ഇങ്ങനെ നിഷ്കര്‍ഷിക്കുന്നു. "There shall be one general electoral roll for every territorial constituency for election to either House of Parliament or to the House or either House of the Legislature of a State and no person shall be ineligible for inclusion in any such roll or claim to be included in any special electoral roll for any such constituency on grounds only of religion, race, caste, sex or any of them."" മതം, വര്‍ഗം, ജാതി, ലിംഗം എന്നിവയുടെ പേരില്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടാനോ ഇവയെ പ്രത്യേക അവകാശമായി വിശേഷാല്‍ തെരഞ്ഞെടുപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്താനോ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ല. "വിശേഷാല്‍ തെരഞ്ഞെടുപ്പ് പട്ടിക പാടില്ല" എന്ന ഭരണഘടനാപരാമര്‍ശം ഇവിടെ ഏറെ പ്രസക്തമാകുന്നു. "ജാതി-മതസ്വത്വങ്ങളില്‍" മാത്രം ഊന്നിയുള്ള അനര്‍ഹങ്ങളായ അവകാശവാദങ്ങള്‍ ജനാധിപത്യസംവിധാനത്തിലേക്കുള്ള പ്രവേശനകവാടമായ വോട്ടര്‍പട്ടികയില്‍ പോലും കടന്നുകൂടാന്‍ പാടില്ല എന്നതാണ് ആര്‍ട്ടിക്കിള്‍ 325ന്റെ സ്പിരിറ്റ്. ഭരണഘടനയുടെ ഈ പരാമര്‍ശം അവിടെനില്‍ക്കട്ടെ. അതിന്റെ ഉള്ളടക്കത്തെയാകെത്തന്നെ "നായര്‍പ്പഴമ" തിരസ്കരിക്കാനാഗ്രഹിക്കുന്നു.

നിരവധി ദൗര്‍ബല്യങ്ങളുണ്ടെങ്കിലും ലോകം മുഴുവന്‍ പൊതുവെ ആദരിക്കുന്ന ഒരു ഭരണഘടനയും ഭരണസംവിധാനവുമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. അതുകൊണ്ട് "മഹത്തായ ജനാധിപത്യഭരണക്രമം" എന്ന് നാം സ്വയം അഭിമാനിക്കുകയും മറ്റു ലോകരാഷ്ട്രങ്ങളൊക്കെ ഏറെക്കുറെ അത് അംഗീകരിച്ചുപോരുകയും ചെയ്യുന്നു. സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം ഭരണഘടനാനിര്‍വചനമനുസരിച്ച് Sovereign Democratic Republic (പരമാധികാര ജനാധിപത്യ റിപ്പബ്ലിക്), മാത്രമായിരുന്ന ഇന്ത്യ 1976ലെ നാല്‍പത്തിരണ്ടാം ഭേദഗതിയോടെ Sovereign Socialist Secular Democratic Republic (പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്) ആയി ഊര്‍ജസ്വലമായ ജനാധിപത്യസമീപനം വികസിപ്പിച്ചെടുക്കുകയും ചെയ്തു. മഹത്തരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ സവിശേഷതകള്‍ പ്രായോഗികരംഗത്ത് ദുര്‍ബലമാകുമ്പോള്‍ അതിനെക്കുറിച്ച് ഉത്കണ്ഠപ്പെടുകയും തിരുത്തല്‍ശക്തിയായി മാറുകയും ചെയ്യേണ്ടതിനു പകരം പണ്ടെങ്ങോ കേരളം വലിച്ചെറിഞ്ഞു കഴിഞ്ഞ നായര്‍പ്പഴമയെ ഉദാത്തമെന്ന് വിശേഷിപ്പിച്ച് തിരികെക്കൊണ്ടുവരും എന്ന് പ്രത്യാശിക്കുകയാണ് "നായര്‍പ്പഴമക്കാരന്‍" ചെയ്യുന്നത്. മത-ജാതിസ്വത്വത്തിന്റെ അനര്‍ഹങ്ങളായ അവകാശവാദങ്ങളെ നിഷേധിക്കുന്നതോടൊപ്പം ദളിത്-പിന്നാക്ക വിഭാഗത്തിന്റെ ദുഃസ്ഥിതി കണ്ടറിഞ്ഞ് അവരെ കൈപിടിച്ചുകയറ്റാനുള്ള പരിരക്ഷാ വ്യവസ്ഥകളും ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ IV -46, X -244, XV -330 മുതല്‍ 342 വരെ, XXII-ാം അധ്യായത്തിലെ 5-ാം പട്ടിക എന്നിവയിലെല്ലാം ഇത് സുവ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യങ്ങളില്‍ ഈ പ്രത്യേക അവകാശങ്ങള്‍ അവഗണിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്താല്‍ അവിടെ ഇടപെടേണ്ടത് നീതിക്കുവേണ്ടി നിലകൊള്ളുന്ന മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്.
നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയകക്ഷികള്‍ക്ക് ഇടപെടാന്‍ ഭരണഘടനാ ദത്തമായ സവിശേഷ അധികാരങ്ങള്‍ തന്നെയുണ്ട്. ദൗര്‍ഭാഗ്യകരമെന്നുപറയട്ടെ മതമുദ്ര മാത്രം പേറുന്ന സംഘടനകള്‍ "മതേതരരാഷ്ട്രീയകക്ഷികള്‍" എന്ന പേരില്‍ ഈ അധികാരത്തെ ദുരുപയോഗപ്പെടുത്തുന്നു എന്നത് കേരളരാഷ്ട്രീയത്തിലും പ്രസക്തമാണ്. മത-ജാതി വിഭാഗീയ ഇടപെടലുകള്‍ ഉണ്ടാവുന്നത്, പൊതുമാനവികമൂല്യങ്ങള്‍ക്ക് നിരക്കാത്തവയും സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുന്നവയുമായിത്തീരും എന്ന് സമീപകാല അനുഭവങ്ങള്‍ നമ്മെ ഏറെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മുസ്ലിം മന്ത്രി, നായര്‍ മന്ത്രി, ക്രിസ്ത്യന്‍ വിഭാഗത്തിലെ വിവിധ താവഴികള്‍ക്കൊക്കെ പ്രത്യേക മന്ത്രി, ഈഴവ മന്ത്രി, നാടാര്‍ മന്ത്രി..... എന്നിങ്ങനെ പോയാല്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ സവശേഷതയായി നാം കൊണ്ടാടുന്ന മതേതര സംസ്കാരത്തിന്റെ ഗതിയെന്താവും? മന്ത്രിമാര്‍ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പൊതുവികസനത്തിനുവേണ്ടി നിയോഗിക്കപ്പെടുന്ന ജനപ്രതിനിധികളാണ്. കേരളത്തില്‍ മന്ത്രിയായി നിയോഗിക്കപ്പെടുന്ന ആരുംതന്നെ നായരുടെയോ നാടാരുടെയോ മുസ്ലിമിന്റെയോ ക്രിസ്ത്യാനിയുടെയോ ഈഴവന്റെയോ മാത്രം താല്‍പര്യം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെടേണ്ടവരല്ല. ഇവര്‍ ""ഭീതിയോ പ്രീതിയോ പക്ഷപാതമോ വിദ്വേഷമോ കൂടാതെ എല്ലാത്തരത്തിലുള്ള ജനങ്ങള്‍ക്കും നീതിചെയ്യുമെന്ന്"" (Do right t o all manner of people in accordance with the constitution and the law without fear or favor affection or ill will) പ്രതിജ്ഞചെയ്ത് സ്ഥാനം ഏറ്റെടുക്കുന്നവരാണ്. (ഭരണഘടനയുടെ മൂന്നാം പട്ടികയില്‍ അഞ്ചാം ഭാഗത്ത് സംസ്ഥാനമന്ത്രിമാരുടെ പ്രതിജ്ഞ എന്ന ഭാഗം കാണുക.) തങ്ങളുടെ സമുദായത്തിന് മന്ത്രി വേണം എന്ന് വാദിക്കുന്ന സമുദായ നേതാക്കള്‍ കേരളത്തിന്റെ മതേതരത്വത്തില്‍ ഊന്നിയുള്ള പൊതുവളര്‍ച്ചയേക്കാള്‍ തങ്ങളുടെ സമുദായത്തിന്റെ അധികാരസ്ഥാപനത്തില്‍ ഊന്നിയുള്ള വളര്‍ച്ച മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇത് മതേതര സമൂഹത്തില്‍ ഒട്ടും ആശാസ്യമായ പ്രവണതയല്ല. സമുദായ പ്രാതിനിധ്യവുമായി സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിക്ക് താന്‍ ചെയ്ത സത്യപ്രതിജ്ഞയോട് നീതിപുലര്‍ത്താന്‍ കഴിയില്ല. സ്വസമുദായത്തോട് പക്ഷപാതിത്വ സമീപനം സ്വീകരിക്കാന്‍ അയാള്‍ നിര്‍ബന്ധിതനായിത്തീരുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. നമ്പൂതിരി മന്ത്രി, എഴുത്തച്ഛന്‍മന്ത്രി, വാര്യര്‍ മന്ത്രി, മാരാര്‍ മന്ത്രി, വിശ്വകര്‍മ മന്ത്രി തുടങ്ങിയ അവകാശ വാദങ്ങള്‍ ഉയര്‍ന്നുവരാവുന്ന രീതിയില്‍ കേരളത്തിലെ ജാതി-മത വിഭാഗീയത പൂര്‍വാധികം ശക്തിപ്രാപിച്ചുവരികതന്നെയാണ്. ഇത് കേരളത്തിന്റെ നവോത്ഥാന സംസ്കൃതിക്ക് നേരിട്ടുകൊണ്ടിരിക്കുന്ന അപചയത്തെയാണ് സൂചിപ്പിക്കുന്നത്.
ഇതിനെക്കാളേറെ ഭീഷണമായൊരു നീക്കം അണിയറയില്‍ രൂപപ്പെട്ടുവരുന്നതിന്റെ മുന്നറിയിപ്പും പ്രമുഖനായ ഒരു ജാതിസംഘടനാ നേതാവിന്റെ നാവില്‍നിന്ന് കേള്‍ക്കാനിടയായി. തൃശൂര്‍ ജില്ലയില്‍ ഹിന്ദു പാര്‍ലമെന്റിന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറയുന്നു: ""ലീഗ് അഞ്ചാംമന്ത്രിസ്ഥാനം പിടിച്ചുവാങ്ങിയത് ഹിന്ദുവികാരത്തെ ഉണര്‍ത്തി. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എന്‍എസ്എസും എസ്എന്‍ഡിപിയും എല്ലാക്കാലവും കീരിയും പാമ്പും ആയിരിക്കില്ല. പ്രളയം വന്നാല്‍ ഇരുവിഭാഗവും ഒരു പാളയത്തില്‍ നില്‍ക്കും."" "ജാതിവ്യവസ്ഥിതിയും കേരളചരിത്രവും" എന്ന ശ്രദ്ധേയ ഗ്രന്ഥത്തിന്റെ രചയിതാവായ പി കെ ബാലകൃഷ്ണന്‍ ഒരിക്കല്‍ പറയുകയുണ്ടായി "ജാതിബോധം ഉള്‍വലിഞ്ഞ് ഏതാണ്ട് ലൈംഗികതപോലെയാണ് പലമനസ്സുകളിലും നിലനില്‍ക്കുന്നത്" എന്ന്. നമ്മുടെനാട്ടില്‍ വളരെക്കാലം പരസ്യമായി നിലനിന്ന ജാതിവ്യവസ്ഥിതി, ബാലകൃഷ്ണന്‍ പരാമര്‍ശിച്ചതുപോലെ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടലുകള്‍ കൊണ്ട് ഉള്‍വലിഞ്ഞുതന്നെ നില്‍ക്കുകയായിരുന്നു. സ്വാഭാവികമരണം സംഭവിച്ചുകഴിഞ്ഞിട്ടും അതിന്റെ സ്മരണകള്‍ ചിലരുടെ ഇഷ്ടാനിഷ്ടങ്ങളില്‍ പ്രതിഫലിച്ചുകണ്ടേക്കാം. ജാതിചിന്തയുടെ "പോര്‍ണോഗ്രാഫിക്" ചിത്രങ്ങള്‍ കുറേനാളുകളായിട്ട് കേരളത്തിലെ കമ്പോളവല്‍കൃത സംസ്കാരത്തില്‍ ഒളിഞ്ഞും മറഞ്ഞുമാണ് വില്‍ക്കപ്പെട്ടിരുന്നത്. അശ്ലീല പുസ്തകങ്ങളുടെ പരസ്യ വായനപോലെ സമുദായ-ജാതി നേതാക്കള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ അമര്‍ന്നൊതുങ്ങിയിരുന്ന ജാതി-മത വിഭാഗീയ ചിന്തകളെ മൃഗീയ ആസക്തിയായി വളര്‍ത്തിക്കഴിഞ്ഞിരിക്കുകയാണിപ്പോള്‍. "ജാതിസ്വത്വബോധം" സ്വകാര്യത വിട്ട് സ്വീകാര്യത നേടുന്നതും മൃദുലത കൈവിട്ട് മൃഗീയതയായി വളരുന്നതും അങ്ങേയറ്റം അപകടകരമാണെന്ന് പറയേണ്ടതില്ലല്ലോ. വിവിധ ജാതി-മത വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന മതേതര രാഷ്ട്രീയ പാര്‍ടികളുടെ നിലപാടാണ് ഈ പ്രശ്നത്തില്‍ ഏറെ നിര്‍ണായകമായിത്തീരുന്നത്.

തികച്ചും വ്യക്തിപരവും അത്യന്തം പ്രതിലോമകരവുമായ സ്വനിലപാടുകളുടെ ന്യായീകരണത്തിനായി, ബോധപൂര്‍വം കപട ഇടതുപക്ഷമുഖംമൂടി അണിഞ്ഞുപോരുന്ന കെ വേണു "സാമുദായിക രാഷ്ട്രീയവും മതേതര രാഷ്ട്രീയവും" എന്ന തന്റെ ലേഖനത്തില്‍ ഇങ്ങനെ എഴുതുന്നു. ""പിന്നാക്കവിഭാഗങ്ങളിലെ ചെറുവിഭാഗത്തോടൊപ്പം ക്രിസ്ത്യന്‍-നായര്‍ സമുദായങ്ങളാണ് കോണ്‍ഗ്രസ്സിന്റെ മുഖ്യ സാമൂഹികാടിസ്ഥാനം എന്നതുകൊണ്ടും അവര്‍ക്ക് കൂടുതല്‍ വിലപേശല്‍ ശക്തിയുള്ളതുകൊണ്ടും കോണ്‍ഗ്രസ്സ് മുന്നണിക്ക് സാമുദായികരാഷ്ട്രീയം കൂടുതല്‍ തുറന്നരീതിയില്‍ കൈകാര്യം ചെയ്യേണ്ടിവരുന്നു. ജനാധിപത്യ പാര്‍ട്ടികള്‍ സാമുദായിക ശക്തികളെ തുറന്ന് അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നതുകൊണ്ട് ഇത്തരം ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ക്ക് പ്രശ്നങ്ങള്‍ ഇല്ലതാനും."" (മാതൃഭൂമി ദിനപത്രം 2012 മെയ് 5, 6 ) മത-സാമുദായിക വികാരങ്ങളെ സ്വാഭാവികലൈംഗികതപോലെ അമര്‍ത്തിവച്ച് താലോലിച്ചുപോരുന്ന ശരാശരി മലയാളിക്ക്, തികച്ചും നിര്‍ദോഷകരമാണ് ഈ പ്രതികരണമെന്ന് തോന്നിയേക്കാം. ഇതേ ലേഖനത്തില്‍ത്തന്നെ ഈ വിഷയത്തിന്റെ എതിര്‍ദിശയിലുള്ള ഗുണപരതയെ എത്ര ദുഷ്ടലാക്കോടെയാണ് വേണു സമീപിക്കുന്നത് എന്ന് നോക്കുക. ""ദളിത് പിന്നാക്ക വിഭാഗങ്ങളാണല്ലോ ഇടതുപക്ഷത്തിന്റെ മുഖ്യ സാമൂഹിക അടിസ്ഥാനം. ദളിത് സമുദായത്തിന് തനതായ ഒരു സാമുദായിക അസ്തിത്വമോ നേതൃത്വമോ വളര്‍ന്നുവരാതെ നോക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ പൂര്‍ണ വിജയം നേടി. ഇപ്പോഴും ഈ അവസ്ഥ തുടരുന്നു."" ഈ പ്രസ്താവന ഇടതുപക്ഷ കക്ഷികള്‍ക്ക് അദ്ദേഹം നല്‍കുന്ന ഒരു സമ്മതിയായിട്ടല്ല നിഷേധമായിട്ടാണ് ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് എന്നോര്‍ക്കണം. കോണ്‍ഗ്രസ് രാഷ്ട്രീയം "ജാതി-മത സമവാക്യ" അടിസ്ഥാനത്തില്‍ നേതൃപദവി നിശ്ചയിക്കുന്നതില്‍ കാട്ടുന്ന പ്രീണനമോ കീഴടങ്ങലോ പ്രായേണ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ കാണാറില്ല. പ്രാപ്തിയും ആത്മാര്‍ഥതയും അര്‍പ്പണമനോഭാവവും മതേതരത്വ കാഴ്ചപ്പാടും വിലയിരുത്തി നേതൃത്വത്തെ നിശ്ചയിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടികളുടെ നിലപാടിനെ കണ്ണടച്ച് ഇരുട്ടാക്കുന്നിടത്തോളം വേണുവിന്റെ ബൗദ്ധിക നിലവാരം തരംതാണുപോയല്ലോ എന്ന് പരിതപിക്കാനേ നിര്‍വാഹമുള്ളൂ. വേണു പറഞ്ഞുവച്ചതില്‍ അദ്ദേഹത്തിന്റെ ലേഖനലക്ഷ്യപ്രാപ്തിക്ക് വിരുദ്ധമായ ഒരുവാസ്തവം അറിയാതെ കടന്നുകൂടിയിട്ടുണ്ട്. സാമ്പത്തിക-സാമൂഹ്യസമത്വം എന്ന നിലപാടിനുപരിയായി സാമുദായിക അസ്തിത്വത്തിന് മുന്‍തൂക്കം നല്‍കുക എന്ന കാര്യം കമ്യൂണിസ്റ്റ് പാര്‍ടികള്‍ മുഖവിലയ്ക്കെടുക്കാറില്ല. എടുക്കാന്‍ പാടില്ല എന്നതുതന്നെയാണ് ആ പാര്‍ടികളുടെ നയപരമായ നിലപാട്. വേണുവിന്റെ മഞ്ഞക്കണ്ണട ഒരുപക്ഷേ കമ്യൂണിസ്റ്റ് നേതൃനിരയിലെ ദളിതനെ കമ്യൂണിസ്റ്റായി മാത്രം കാണുന്നതുകൊണ്ട് അവിടെ ദളിതനെ കാണാതെ അദ്ദേഹം പരഭ്രമിച്ചുപോയിട്ടുണ്ടാവാം.

വേണു തുടരുന്നു. ""കമ്യൂണിസ്റ്റുകാര്‍ രംഗത്ത് വരുന്നതിന് മുമ്പ് തന്നെ എസ്എന്‍ഡിപിയുടെ സംഘടനയും നേതൃത്വവും രൂപംകൊണ്ടുകഴിഞ്ഞിരുന്നതിനാല്‍ പിന്നാക്കക്കാരുടെ നേതൃത്വത്തെ ഇല്ലായ്മ ചെയ്യാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ആയില്ല. പക്ഷേ വര്‍ഗരാഷ്ട്രീയം ഉപയോഗിച്ച് അധ്വാനിക്കുന്ന വര്‍ഗത്തില്‍പ്പെട്ട പിന്നാക്കഭൂരിപക്ഷത്തെ നേടിയെടുക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞതോടെ പിന്നാക്ക നേതൃത്വം ദുര്‍ബലമായി. ഏറെക്കാലത്തേക്ക് എസ്എന്‍ഡിപി വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മേല്‍നോട്ടം വഹിക്കുന്ന സംഘടനയായി ഒതുങ്ങേണ്ടിവന്നു."" വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ പോലുള്ള ആചാരാനുഷ്ഠാനങ്ങള്‍ക്കും അപ്പുറം ഏറ്റെടുക്കാന്‍ മറ്റു പൊതു സാമൂഹ്യ-സാമ്പത്തിക ദൗത്യങ്ങളൊന്നും സ്ഥാപകനായ ശ്രീനാരായണഗുരുവിന്റെ ജാതിവിരുദ്ധ നിലപാടിനെപ്പോലും ധിക്കരിച്ചുകളഞ്ഞ ആ സംഘടനയ്ക്ക് ഇല്ലാതെപോയി എന്നതാണ് സത്യം. നിലവിലുണ്ടായിരുന്ന സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങളെ "ഈഴവപ്രശ്നം" എന്നതിനുപരി പൊതുപ്രശ്നങ്ങളുടെ ഭാഗമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ഇവിടെവച്ചാണ് വേണുവിന്റെ "സ്വത്വരാഷ്ട്രീയ" സഞ്ചിയിലെ കരിമ്പൂച്ച പുറത്തുചാടുന്നത്.

ക്രിസ്ത്യന്‍-ഇസ്ലാം മതസംഘടിതശക്തികള്‍, കോണ്‍ഗ്രസ് രാഷ്ട്രീയനയങ്ങളില്‍ ഇത്തിരിയെങ്കിലും അവശേഷിക്കുന്ന മതേതര കാഴ്ചപ്പാടുകളെ ശ്വാസംമുട്ടിക്കുകയാണ്. അതുപോലെ ഈഴവ സമുദായവും പ്രത്യേകശക്തി സംഭരിച്ച് ബഹുജനരാഷ്ട്രീയം കൈകാര്യം ചെയ്തുപോരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കീഴടക്കി സ്വത്വരാഷ്ട്രീയഭരണം സാധ്യമാക്കേണ്ടിയിരുന്നു എന്ന വേണുവിന്റെ ആഗ്രഹപ്രകടനം കേരളം എന്നും അഭിമാനമായി നെഞ്ചേറ്റുന്ന നവോത്ഥാന സംസ്കൃതിക്ക് തന്നെ എതിരായ കാഴ്ചപ്പാടാണ്. തന്റെ ലേഖനത്തിന്റെ അവസാനഭാഗത്ത് വേണു വലിയൊരു പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. അതിങ്ങനെയാണ്: ""കേരളത്തിലെ പൊതുസമൂഹം മതേതര-ജനാധിപത്യ ശൈലി ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കൂടുതല്‍ പക്വത കാട്ടിപ്പോന്നിട്ടുണ്ട്. ഇത്തരം ഒരു പൊതുസമൂഹത്തിന്റെ നിലനില്‍പ്പും വളര്‍ച്ചയ്ക്കുമുള്ള സാധ്യതകളുമാണ് ജനാധിപത്യ മതേതര ശക്തികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം."" കേരളത്തിലെ പൊതുസമൂഹം മതേതര ജനാധിപത്യ ശൈലി ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കൂടുതല്‍ പക്വത കാട്ടുന്നതിന്റെ അടിസ്ഥാന കാരണം തന്നെ, വേണു കുറ്റവിചാരണ നടത്തുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ തത്വാധിഷ്ഠിത നിലപാടുകൊണ്ടാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? സ്വത്വരാഷ്ട്രീയവും വര്‍ഗരാഷ്ട്രീയവും മതേതര കേരളം ഇന്ന് ഗൗരവപൂര്‍വം ചര്‍ച്ചചെയ്യേണ്ട ഒരു വിഷയമാണിതെങ്കിലും മലയാളി ഇക്കാര്യത്തോടു കാട്ടുന്ന നിസ്സംഗത തെല്ലും ആശാസ്യമല്ല. ആനന്ദ് നിരീക്ഷിച്ചതുപോലെ "സ്വയം നിര്‍മിതമായൊരു ലോകത്ത് കുടുങ്ങിക്കിടക്കാവുന്ന ഒരു പ്രവണത നമുക്കെല്ലാവര്‍ക്കുമുണ്ട്." ഈ പ്രവണതയെ കൗശലപൂര്‍വം ഉപയോഗപ്പെടുത്തുക എന്ന കുതന്ത്രമാണ് ജാതി-മതവികാരങ്ങളുടെ ചിന്താരാഹിത്യത്തെ പ്രീണിപ്പിച്ചുകൊണ്ട് കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ നിരന്തരം നടത്തിപ്പോരുന്നത്. വര്‍ഗരാഷ്ട്രീയം പരിചയാക്കിക്കൊണ്ട് ഇതിനെ പ്രതിരോധിക്കുന്ന ഇടതുപക്ഷ നേതൃത്വത്തിന് പലഭാഗത്തുനിന്നുമുള്ള കടന്നാക്രമണങ്ങളെയാണ് ഒരേസമയത്തുതന്നെ നേരിടേണ്ടിവരുന്നത്. ആശയരംഗത്ത് കമ്യൂണിസ്റ്റ് പാര്‍ടി നേരിടുന്ന കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ തെളിവാണ് മഹാനായ അംബേദ്കറുടെ പേരുപയോഗപ്പെടുത്തിക്കൊണ്ട് സ്വത്വരാഷ്ട്രീയത്തെ ന്യായീകരിച്ച് കെ വേണു ഉന്നയിക്കുന്ന വികല വീക്ഷണങ്ങള്‍.

അദ്ദേഹം പറയുന്നു:""ജാതിവിവേചനത്തിന്റെ സാമൂഹ്യഘടനയില്‍നിന്ന് മോചനംനേടണമെങ്കില്‍ മര്‍ദിതജാതിസമൂഹങ്ങള്‍ തങ്ങള്‍ക്ക് അര്‍ഹമായ അധികാരപങ്കാളിത്തം കൈക്കലാക്കണമെന്ന ഡോ. അംബേദ്കറിന്റെ നിലപാടിനെ പാടെ അവഗണിച്ചുകൊണ്ടും തമസ്കരിച്ചുകൊണ്ടും ദളിത് പിന്നാക്ക വിഭാഗങ്ങളിലെ അധ്വാനിക്കുന്ന വര്‍ഗത്തെ കൂലി കൂടുതലും തൊഴിലവകാശവും ലക്ഷ്യമാക്കിയുള്ള സാമ്പത്തിക സമരങ്ങളില്‍ തളച്ചിടുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്യുന്നത്."" ചരിത്രത്തെ പാടെനിഷേധിക്കുന്ന വികലവീക്ഷണമാണിത്. കൂലി കൂടുതലിനും തൊഴിലവകാശങ്ങള്‍ക്കുംവേണ്ടി വീറോടെ പടപൊരുതി മുന്നേറിയ ദളിത് പിന്നാക്ക വിഭാഗങ്ങളിലെ നിരവധി പ്രതിഭാശാലികള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഇപ്പോഴത്തെ നേതൃനിരയില്‍തന്നെയുണ്ട് എന്ന യാഥാര്‍ഥ്യത്തെ വേണുവാണ് തമസ്കരിക്കുന്നത്. മതേതര മാനവികതയില്‍ ഊന്നിയുള്ള ദളിതന്റെ വളര്‍ച്ചയെ "തളച്ചിടലായി" ദുര്‍വ്യാഖ്യാനം ചെയ്യുന്ന വേണു ആര്‍ക്കുവേണ്ടിയാണ് ഈ അപഥസഞ്ചാരം നടത്തുന്നത്?

സ്വത്വരാഷ്ട്രീയത്തിന്റെ പേരിലുള്ള ഈ അപഥസഞ്ചാരത്തെ വിശകലനം ചെയ്തുകൊണ്ട് "പൊതുസമൂഹവും ശാസ്ത്രവും" എന്ന തന്റെ ലേഖനത്തില്‍ ഈ അടുത്തകാലത്തുണ്ടായ കാര്‍ട്ടൂണ്‍ വിവാദത്തെ വിലയിരുത്തുന്ന വേളയില്‍ ആനന്ദ് നടത്തുന്ന നിരീക്ഷണം സമകാലീന കേരളത്തിന്റെ ദുരവസ്ഥയെക്കൂടി പ്രതീകവല്‍ക്കരിക്കുന്നുണ്ട്. ആനന്ദ് ഇങ്ങനെ എഴുതുന്നു. ""അംബേദ്കറുമായോ അദ്ദേഹത്തെ ബിംബവല്‍ക്കരിക്കുന്ന ദളിതരുമായോ ഒരു ബന്ധവുമില്ലാത്ത കാര്‍ട്ടൂണ്‍. അതു മനസ്സിലാക്കാന്‍ കഴിയാതെപോയ ദളിതരുടെ കുത്തകാവകാശം ഏറ്റെടുത്തിരിക്കുന്ന സംഘടനകള്‍. ഇല്ലാത്ത തെറ്റിന് നിലത്തുവീണ് മാപ്പപേക്ഷിക്കുന്ന സര്‍ക്കാര്‍. ഇല്ലാത്ത അപരാധികളെത്തേടി വേട്ടയ്ക്കിറങ്ങിയിരിക്കുന്ന മന്ത്രിമാര്‍."" സ്വത്വരാഷ്ട്രീയത്തിന്റെ അധോമണ്ഡലത്തിലൂടെയുള്ള ഈ അപഥസഞ്ചാരം കേരളത്തിലെ ഉന്നത കമ്യൂണിസ്റ്റ് നേതാക്കളെപ്പോലും ജാതിമുദ്രചാര്‍ത്തി അവതരിപ്പിക്കുന്ന തരത്തിലേക്ക് തരംതാണു തുടങ്ങിയിരിക്കുന്നു. എസ്എന്‍ഡിപി കരുനാഗപ്പള്ളി യൂണിയന്റെ ഈഴവ മഹാസംഗമത്തില്‍ അധ്യക്ഷപ്രസംഗം നടത്തിക്കൊണ്ട് അതിന്റെ സംസ്ഥാന സെക്രട്ടറി പറയുന്നു: ""പിണറായി ശക്തനും വിഎസ് അനുയായികളുള്ള നേതാവുമാണ്. ഇവര്‍ പരസ്പരം അംഗീകരിക്കണം. ഈഴവര്‍ക്ക് ഞണ്ടിന്റെ സ്വഭാവമാണെന്നാണ് പണ്ടേ പറയാറ്. ഇവര്‍ രണ്ട് ഞണ്ടുകളായി നില്‍ക്കുകയാണ്."" ( മാതൃഭൂമി ദിനപത്രം 2012 ജൂണ്‍ 4 )

ഇതേ പത്രത്തില്‍ ഇതേ പേജില്‍ ഇതേ ദിവസം തന്നെ വന്ന രണ്ട് വലിയ തലക്കെട്ടുവാര്‍ത്തകള്‍ കൂടി ഉദ്ധരിക്കുന്നത് പ്രസക്തമാണെന്ന് തോന്നുന്നു. 1. "പണിക്കര്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം", 2. "പൂജാരിമാരോടുള്ള അവഗണന അവസാനിപ്പിക്കണം - യോഗക്ഷേമസഭ". ഈ തലക്കെട്ടുകളുടെ ജാത്യതിപ്രസരസൃഷ്ടി ബോധപൂര്‍വംതന്നെയാണെന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ? ജാതീയമായി ചേരിതിരിഞ്ഞുനിന്ന് അവകാശവാദങ്ങള്‍ ഉന്നയിക്കുക എന്നത് സമീപകാലത്ത് കേരളത്തില്‍ ഉയര്‍ന്നുവരുന്ന ദുഷ്പ്രവണതയാണ്. ഈ അവകാശവാദങ്ങളില്‍ പലതിനും യാതൊരു തരത്തിലുമുള്ള പൊതുപ്രാധാന്യവുമില്ല എന്നതാണ് ഏറെ വിചിത്രം.

ചുരുക്കംചില കുത്തകമാധ്യമങ്ങളാണ് ഇതിന്റെ പ്രചരണചുമതല ഏറ്റെടുത്തിരിക്കുന്നത്. അവര്‍ക്ക് ചില ഗൂഢലക്ഷ്യങ്ങളുണ്ടാവാം. എന്നാല്‍ കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളെയാണ് ഇത്തരം ജാതിസങ്കുചിത വികാരപ്രചരണങ്ങളിലൂടെ ഇവര്‍ മുറിവേല്‍പ്പിക്കുന്നത്. പൊതുസമൂഹത്തില്‍ പ്രസക്തമായ സാമ്പത്തിക-സാമൂഹിക ഡിമാന്റുകളാണ് ഇങ്ങനെ "മത്തങ്ങാ തലക്കെട്ട്" നേടുന്നതെങ്കില്‍ അതു മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അപ്രകാരമുള്ള പൊതു ഡിമാന്റുകളൊന്നും ജാതി സംഘടനകളുടെ അജന്‍ഡയില്‍ കാണാറേയില്ല. പൊതുസമൂഹത്തിന് ആകെ ബാധകമായ ജനാധിപത്യ ഭരണാധികാരം തങ്ങള്‍ക്ക് വീതംവച്ച് നല്‍കണം എന്ന വാദമാണ് ഇത്തരം സംഘടനകള്‍ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ജാതീയമായ അസമത്വങ്ങള്‍ കേരളത്തില്‍ ഇല്ലാതെയായിട്ട് കാലം കുറേയായി. സാമ്പത്തിക അസമത്വം എല്ലാ ജാതി-മത വിഭാഗങ്ങളിലും ഉള്‍പ്പെട്ടവര്‍ക്ക് ഒരുപോലെ ബാധകവുമാണ്. ഏതെങ്കിലും തരത്തില്‍ ജാതീയമായ സാമൂഹ്യ-സാമ്പത്തിക അസമത്വം പ്രത്യേകമായി ഉയര്‍ന്നുവരുന്നുണ്ടെങ്കില്‍ തന്നെ ചേരിതിരിഞ്ഞുനില്‍ക്കാതെ പൊതു ഡിമാന്റിന്റെ ഭാഗമായി അത് ഉയര്‍ത്തിക്കൊണ്ടുവരികയും നേടിയെടുക്കാന്‍ കഴിയുകയും ചെയ്യുന്ന തരത്തില്‍ മതേതര ജനാധിപത്യ സംവിധാനത്തിന് ഊന്നലുള്ള പൊതു രാഷ്ട്രീയ മണ്ഡലം കേരളത്തില്‍ വളര്‍ന്നു വികസിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയായിട്ടും പൊടിതട്ടിയെടുത്ത ജാതിക്കൂട്ടായ്മകള്‍ ജാതിപ്പേര് പറഞ്ഞ് മന്ത്രിസ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ സമ്മര്‍ദവും ഭീഷണിയും ഉയര്‍ത്തുമ്പോള്‍, അതിനെ ശക്തമായി ചെറുത്തുതോല്‍പ്പിക്കേണ്ടത് കേരളത്തിലെ മുഖ്യധാരയിലുള്ള മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കടമയാണ്. എന്നാല്‍ കേരളത്തിലെ മുഖ്യ രാഷ്ട്രീയകക്ഷികളില്‍ ഒന്നായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിലപാട് തികച്ചും അപകടകരമാണ്.

രാഷ്ട്രീയ നേതൃസ്ഥാനങ്ങള്‍ ക്രിസ്ത്യന്‍-നായര്‍-ഈഴവ-മുസ്ലിം പ്രാതിനിധ്യരീതിയില്‍ തന്നെവേണം എന്ന സമീപനമാണ് അവരുടേത്. ഇത് പലപ്പോഴും പടലപ്പിണക്കങ്ങള്‍ക്ക് തന്നെ കാരണമായിത്തീരുന്നുമുണ്ട്. "ജാതി-മത സമവാക്യം" എന്ന അവരുടെ രാഷ്ട്രീയസമ്മതനിലപാട് മതേതരത്വം എന്ന വിശാലവീക്ഷണത്തിന് തന്നെ എതിരാണ്. ഈ നിലപാടിനെയാണ് വേണു "ജനാധിപത്യ പാര്‍ടികള്‍ സാമുദായിക ശക്തികളെ തുറന്ന് അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നതുകൊണ്ട് ഇത്തരം ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ക്ക് പ്രശ്നമില്ല" എന്നു പറഞ്ഞ് ന്യായീകരിക്കുന്നത്. ആഗോളസാമ്രാജ്യത്വം വളരെ ആസൂത്രിതമായി രൂപപ്പെടുത്തിയ "ഭിന്നിപ്പിച്ച് മേധാവിത്വം നേടല്‍" എന്ന നിഗൂഢ അജന്‍ഡയുടെ ഭാഗമാണ് "സ്വത്വരാഷ്ട്രീയവാദം" എന്ന തിരിച്ചറിവില്ലാത്ത ആളാണ് വേണു എന്ന് ഈ ലേഖകന്‍ കരുതുന്നില്ല.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അദ്ദേഹം വച്ചുപുലര്‍ത്തുന്ന അസഹിഷ്ണുത മാത്രമാണ് "സ്വത്വരാഷ്ട്രീയ"പക്ഷം ചേര്‍ന്നു നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതെന്ന് തോന്നുന്നു. യാതൊരു കമ്യൂണിസ്റ്റ് ബന്ധമോ ഇടതുപക്ഷ നാട്യമോ ഇല്ലാത്ത ഡോ. എം വി വിഷ്ണുനമ്പൂതിരി (ഫോക്ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍) കേരളത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയുടെ "സ്വത്വരാഷ്ട്രീയ ഗ്രഹണസമീപനത്തെ" തിരിച്ചറിഞ്ഞ് നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമാണ്. ""സ്വത്വബോധം ജാതിബോധമായി വളര്‍ന്നത് തെറ്റായ അവബോധം കൊണ്ടാണ്. "തിണ" സങ്കല്‍പമുണ്ടായത് പ്രാദേശികതയുടെ പേരിലാണ്; ജാതിയുടെ പേരിലല്ല..... ഇപ്പോള്‍ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള എല്ലാ തലങ്ങളിലും ജാതി തന്നെയാണ് പരിഗണിക്കപ്പെടുന്നത്. ഇത് ദുരവസ്ഥയാണ്. സംസ്കാരം എന്നത് വലിയ തടാകമാണെങ്കില്‍ അതില്‍ വന്നുചേരുന്ന പല നീരൊഴുക്കുകള്‍ പോലെയാണ് സ്വത്വബോധ സംസ്കാരം"" (ഒരു ഫോക്ലോര്‍ പണ്ഡിതന്റെ ജീവിതവും കാലവും-ഡോ. വിഷ്ണുനമ്പൂതിരിയുമായി നടത്തിയ അഭിമുഖം-ദേശാഭിമാനിവാരിക 2012 മെയ് 27). ഡോ. വിഷ്ണുനമ്പൂതിരിയുടെ ഈ "സ്വത്വബോധ" കാഴ്ചപ്പാട് കൃത്യതയുള്ളതാണ്. ഇതായിരുന്നു കേരളത്തിന്റെ നവോത്ഥാന കാഴ്ചപ്പാടും. എന്നാല്‍ വിവേകാനന്ദന്‍ പണ്ട് വിലയിരുത്തിയ "ഭ്രാന്താലയ"ത്തിലെ അന്തേവാസികളെപ്പോലെ കേരളത്തിലെ ചില സമുദായനേതാക്കന്മാര്‍ പറയാനും പെരുമാറാനും തുടങ്ങിയിരിക്കുന്നു. ഇവരെ ന്യായീകരിച്ചും ബിഎസ്പി യെപ്പോലെ ഉത്തരേന്ത്യയില്‍ ശക്തിപ്രാപിച്ച സങ്കുചിത ദളിത് രാഷ്ട്രീയപാര്‍ടികളെ പരോക്ഷമായി മഹത്വവല്‍ക്കരിച്ചും ഈ സമീപനം കേരളത്തിലെ ദളിത് സമൂഹം വേണ്ടത്ര ഉള്‍ക്കൊള്ളുന്നില്ല എന്ന് പരിതപിച്ചും ഇതിനെല്ലാം കാരണം കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ വര്‍ഗരാഷ്ട്രീയമാണെന്ന് കുറ്റപ്പെടുത്തിയും വേണു എഴുതിയ ലേഖനം പ്രശസ്ത ബ്രിട്ടീഷ് ചിന്തകനും നിരൂപകനുമായ അലന്‍കിര്‍ബിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കപട ആധുനികത ആണ്.

അമൂര്‍ത്ത-അപൂര്‍ണ ആശയങ്ങളും വാര്‍ത്തകളും ചുരുങ്ങിയ വാക്യങ്ങളില്‍ അവതരിപ്പിച്ച് ടി വി ചര്‍ച്ചകളിലെ ഇടപെടലുകളിലൂടെ "ഒരു പുതിയ പാഠമായി" രൂപപ്പെടുത്തുന്നതിനെയാണ് അലന്‍കിര്‍ബി "കപട ആധുനികത" എന്ന് വിശേഷിപ്പിക്കുന്നത്. സാമുവല്‍ പി ഹണ്ടിങ്ടണ്‍ എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ ബുദ്ധിയില്‍ ഉരുത്തിരിഞ്ഞ ഒരു ആശയമാണ് സ്വത്വരാഷ്ട്രീയത്തെ ഉണര്‍ത്തിയതെന്ന് ചുരുക്കിക്കാണുന്ന ചില ശുദ്ധാത്മാക്കളുണ്ട്. വളരെ നിഗൂഢവും പൊതു സമൂഹബോധത്തെ നിരാകരിക്കുന്നതുമായ വലിയൊരു സാമ്രാജ്യത്വ അജന്‍ഡ തന്നെ ഇതിനു പിന്നിലുണ്ട്. "വിവരമില്ലാത്ത ബഹുജനങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്ന ചെറിയൊരു ബുദ്ധിജീവി ഗ്രൂപ്പിനെ"യാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്. "ഒരു ശതമാനം പേരുടെ ആധിപത്യത്തിന്‍ കീഴില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും" എന്ന വാള്‍സ്ട്രീറ്റ് പ്രതിഷേധത്തെ ഈ സമീപനത്തിന്റെ കൂടി നിഷേധമായി നാം കൂട്ടിവായിക്കേണ്ടതുണ്ട്.

"മാര്‍ക്സില്‍ നിന്ന് ഒരടി മുന്നോട്ട്" എന്നവകാശപ്പെട്ടുകൊണ്ട് ഏണസ്റ്റോ ലക്ലാവുവും ഷാന്റല്‍ മൊഫെയും ചേര്‍ന്ന് അവതരിപ്പിച്ച "സ്വത്വരാഷ്ട്രീയ സിദ്ധാന്തം" യഥാര്‍ഥത്തില്‍ മാര്‍ക്സിസത്തെ വികസിപ്പിക്കുകയല്ല നിരാകരിക്കുകയാണ് ചെയ്യുന്നത്. അള്‍ത്തൂസറും ഗ്രാംഷിയും മറ്റും മാര്‍ക്സിസത്തെ വികസിപ്പിക്കാന്‍ സ്വീകരിച്ച നിലപാടുമായി ഏണസ്റ്റോ ലക്ലാവുവിന്റെയും ഷാന്റല്‍ മൊഫെയുടെയും നിലപാടുകളെ താരതമ്യം ചെയ്യുന്നതുതന്നെ അസംബന്ധമാണ്. മനുഷ്യന്റെ പൊതു കൂട്ടായ്മകളെ സ്വത്വരാഷ്ട്രീയം അംഗീകരിക്കുന്നില്ല. വിഭജിത കൂട്ടായ്മകളായി ചുരുങ്ങുകയും അതില്‍ നിന്നു തന്നെ വീണ്ടും ചുരുങ്ങി വസ്തുനിഷ്ഠ യാഥാര്‍ഥ്യത്തില്‍ നിന്ന് ആത്മനിഷ്ഠ യാഥാര്‍ഥ്യത്തിന്റെ സങ്കുചിത സീമയ്ക്കുള്ളിലേക്ക് പരിമിതപ്പെടുകയും ചെയ്യുക എന്നതാണ് സ്വത്വരാഷ്ട്രീയത്തിന്റെ അമൂര്‍ത്തമായ മാര്‍ക്സിയന്‍ വിരുദ്ധത. അടിച്ചമര്‍ത്തലിന്റെ അനുഭവം ഉള്ളവര്‍ക്ക് മാത്രമേ ആത്മാര്‍ഥതയോടെ ഒത്തുകൂടാനും പ്രതികരിക്കാനും കഴിയുകയുള്ളൂ എന്ന സ്വത്വരാഷ്ട്രീയവാദികളുടെ നിലപാട് എത്ര ബാലിശമാണെന്നതിന് ഒന്നാംതരം തെളിവുകള്‍ കേരളത്തിന്റെ നവോത്ഥാന സംസ്കൃതിയുടെ ചരിത്രത്താളുകളില്‍ നിന്ന് എത്രയെങ്കിലും നമുക്ക് വായിച്ചെടുക്കാന്‍ കഴിയും. ക്ഷേത്രപരിസരത്ത് വഴിനടക്കാന്‍ അനുവാദമില്ലായിരുന്ന "അവര്‍ണ സ്വത്വബോധം" മാത്രം സംഘടിച്ചിട്ടല്ലല്ലോ ഗുരുവായൂര്‍ സത്യാഗ്രഹം വിജയംകണ്ടത്. അവര്‍ണ സ്വത്വബോധം മാത്രം ഉണര്‍ന്നെണീറ്റല്ലല്ലോ വൈക്കം സത്യാഗ്രഹത്തിന് വഴിമരുന്നിട്ടത്. ഇവിടെയൊക്കെ നേതൃപരമായ പങ്കുവഹിക്കുന്നതില്‍ സവര്‍ണാവര്‍ണ പക്ഷപാതം കാണാനുണ്ടായിരുന്നില്ല. സവര്‍ണാവര്‍ണ പക്ഷത്തിന് യാതൊരു പ്രസക്തിയുമില്ലാത്ത പുതിയ കാലഘട്ടത്തില്‍ ദളിതുകളുടെയും പിന്നാക്കക്കാരുടെയും പേരുപറഞ്ഞ് സ്വത്വരാഷ്ട്രീയം വളര്‍ത്താന്‍ ശ്രമിക്കുന്നതിന് പിന്നില്‍ കേരളത്തിലെ "ചെറിയൊരുവിഭാഗം ബുദ്ധിജീവി ഗ്രൂപ്പിന്റെ" ദുഷ്ടലാക്ക് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് നിസ്സംശയം പറയാം.

വേണുവിന്റെ ലേഖനം ആ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മറുവശത്ത് പിന്നാക്ക സമുദായ വികസന കോര്‍പറേഷന് ബദലായി മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ രൂപീകരിച്ച്, എന്നും ബഹുദൂരം മുന്നില്‍ തന്നെ നില്‍ക്കണമെന്ന് വാശിയുള്ള "സമദൂര" സിദ്ധാന്തക്കാരും ശക്തിപ്പെടുന്നു. പുതിയൊരു വര്‍ണാശ്രമ സൃഷ്ടിയുടെ കേളികൊട്ട് ഉയരുകയാണോ? "നായര്‍ഗുരുസ്ഥാനം" നിഷേധിച്ച ചട്ടമ്പിസ്വാമിയും എസ്എന്‍ഡിപി യോഗം "ഈഴവസംഘ"മായി അധഃപതിച്ചതില്‍ ദുഃഖിച്ച് രാജിവച്ചൊഴിഞ്ഞ നാരായണഗുരുവും സ്വത്വരാഷ്ട്രീയത്തിന്റെ ആചാര്യന്മാരായി വാഴ്ത്തപ്പെടുന്നതിന്റെ പുനരുത്ഥാനമണിയൊച്ചകള്‍ കേരളത്തില്‍ കേട്ടുതുടങ്ങിയിരിക്കുന്നു. വളച്ചൊടിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്യുക എന്നത് ചരിത്രത്തെ എന്നും ചൂഴ്ന്നുനില്‍ക്കുന്ന ദുരവസ്ഥ തന്നെയാണ്. ഈ പശ്ചാത്തലത്തിലാണ് സിപിഐ എമ്മിന്റെ 20-ാം പാര്‍ടികോണ്‍ഗ്രസ് അംഗീകരിച്ച എട്ടിന പരിപാടിയിലെ ഒരു മുഖ്യ ഇനമായ "സ്വത്വരാഷ്ട്രീയത്തിനെതിരെ വര്‍ഗരാഷ്ട്രീയം" എന്ന പ്രമേയം ഏറെ പ്രസക്തമാകുന്നത്. ഉത്തരാധുനികത ഉയര്‍ത്തിപ്പിടിക്കുന്ന സ്വത്വരാഷ്ട്രീയം അപകടകരമാണെന്നും അത് വര്‍ഗരാഷ്ട്രീയത്തിനെതിരാണെന്നും പാര്‍ടിപരിപാടി പറയുന്നു. സാമ്പത്തിക ചൂഷണത്തോടൊപ്പം ജാതി, വംശം, ലിംഗം എന്നിവയുടെ പേരില്‍ നടത്തുന്ന അടിച്ചമര്‍ത്തലുകളെ തുല്യ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട് എന്ന് അത് ഓര്‍മപ്പെടുത്തുന്നു.

അങ്ങനെ കാണാത്തപക്ഷം ഒരു വിഭാഗം സ്വത്വരാഷ്ട്രീയത്തിന്റെ ഇരകളായിത്തീരുമെന്ന് പരിപാടി മുന്നറിയിപ്പ് നല്‍കുന്നു. വര്‍ഗ ഐക്യത്തെ ശിഥിലമാക്കാനുള്ള സ്വത്വരാഷ്ട്രീയ നീക്കങ്ങളെ ചെറുക്കാനും സാമ്പത്തിക-സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെ ഒരേ ശക്തിയില്‍ പൊരുതാനും പാര്‍ടി പരിപാടി ആഹ്വാനം ചെയ്യുന്നു. അക്ഷരാര്‍ഥത്തില്‍ തന്നെ ഈ പരിപാടി അംഗീകരിച്ച് നടപ്പാക്കാന്‍ മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഓരോ മലയാളിക്കും ബാധ്യതയുണ്ട്. കാരണം ഒരു നൂറ്റാണ്ട് മുമ്പ് "ഭ്രാന്താലയ"മായിരുന്ന കേരളത്തിന്റെ പഴയ ജീര്‍ണ മുഖത്തെ സ്വത്വരാഷ്ട്രീയത്തിന്റെ പുതിയ മുഖംമൂടി അണിയിച്ച് പുനരവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഏറെ തീവ്രതയോടെ നടന്നുവരികയാണ്. കുറേപ്പേര്‍ അറിഞ്ഞോ അറിയാതെയോ അതിന്റെ ഇരികളായിത്തീരുന്നുണ്ട്. വേട്ടക്കാര്‍ പ്രീണിപ്പിക്കലിന്റെ മന്ദഹാസവുമായി അവരോടൊപ്പം കൂടിയിരിക്കുകയാണ്. തിരിച്ചറിവിന്റെ സ്വത്വാവബോധത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ സ്വത്വരാഷ്ട്രീയത്തിന്റെ കടന്നാക്രമണത്തിനെതിരെ വര്‍ഗരാഷ്ട്രീയത്തിന്റെ ഉരുക്കുകവചം അണിയാന്‍ ഇനി ഒട്ടും അമാന്തിച്ചുകൂടാ.

*
എ കെ പീതാംബരന്‍ ദേശാഭിമാനി വാരിക 15 ജൂലൈ 2012

No comments: