Wednesday, July 11, 2012

‘അടിപൊളി‘ പാട്ടിനു അവാ‍ര്‍ഡ് കൊടുത്തുകൂടേ?

ഒരവാര്‍ഡ് വിവാദം 

പുതിയ പാട്ടുകളെ എന്റെ തലമുറയില്‍പ്പെട്ട സംഗീതക്കാര്‍ക്ക് ഇഷ്ടമല്ല എന്നൊരു ധാരണ പൊതുവെയുണ്ട്. ഞങ്ങളെല്ലാം വെറും പാരമ്പര്യവാദികളാണ്. മിണ്ടിയാല്‍ ദേവരാജന്‍ മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍, ബാബുരാജ് എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കും എന്നൊരു പരാതി ഞങ്ങളെക്കുറിച്ചെല്ലാമുണ്ട്. പുതിയ പ്രവണതകളെയും പരിഷ്കാരങ്ങളെയുമെല്ലാം ഉള്‍ക്കൊള്ളാന്‍ വിമുഖത കാണിക്കുന്നു എന്ന് ചുരുക്കം. അടിപൊളി എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ സംഗീതത്തെ അടച്ചാക്ഷേപിക്കുകയാണ് സ്ഥിരം പരിപാടി എന്ന് ഞങ്ങളുടെ മേല്‍ ആരോപണമുന്നയിക്കുന്നു. എന്താണ് പഴയതും പുതിയതും തമ്മിലുള്ള വ്യത്യാസം. പഴയ കാലത്ത് അടിപൊളി എന്നു പറഞ്ഞില്ലെങ്കിലും ചടുലമായ പാട്ടുകള്‍ ഉണ്ടായിരുന്നില്ലേ! പിന്നെ എവിടെയാണ് ഈ വ്യത്യാസം എന്ന് എന്നെപ്പോലുള്ളവര്‍ ചിന്തിച്ചുപോയാല്‍ തെറ്റാവില്ല.

പഴയ പാട്ടുകളില്‍ ആട്ടത്തിനുള്ള, അതായത് സദസ്സിന് ആടാനുള്ള അവസരം കുറവായിരുന്നു എന്നതുകൊണ്ടാണോ? ഹിന്ദി സിനിമയില്‍ ആര്‍ ഡി ബര്‍മന്റെ എത്രയോ പാട്ടുകള്‍ ഉണ്ട്. ആശാ ബോസ്ലെയുടെ പാട്ടിനൊത്ത് നൃത്തം ചവുട്ടിയ ഒരു നടി തന്നെയുണ്ടായിരുന്നു-ഹെലന്‍. ദക്ഷിണേന്ത്യയിലാണെങ്കില്‍ എല്‍ ആര്‍ ഈശ്വരിയാണ് ഇത്തരം പാട്ടുകള്‍ പാടിയിരുന്നത്. പക്ഷേ ഇതൊക്കെ ക്ലബ്ബുകളിലാണെങ്കില്‍ ഇന്നത് സാമൂഹ്യവല്‍ക്കരിച്ചിരിക്കുന്നു. ക്ലബ്ബുകളിലെ അരാജകത്വം നിയമംമൂലം നിയന്ത്രിക്കുമ്പോള്‍ അത് ക്ലബ്ബുകളില്‍നിന്നും നമ്മുടെ ഭരണകര്‍ത്താക്കള്‍ പോലുമറിയാതെ പൊതുവേദിയിലെത്തിയിരിക്കുന്നു. പണ്ടത്തെ ഒരു കഥാപാത്രത്തിന്റെ കള്ളുകുടിരംഗം ചിത്രീകരിക്കുവാന്‍ ചില പാട്ടുകള്‍ കുടിയന്മാരെക്കൊണ്ട് സിനിമയില്‍ പാടിച്ചിരുന്നു. പക്ഷേ അതില്‍പ്പോലും ആ കുടിയനായ കഥാപാത്രത്തിന്റെ ജീവിതാവസ്ഥകള്‍ ഉണ്ടായിരുന്നു. ""ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു സ്വര്‍ഗത്തില്‍ ഞാനൊരു മുറിയെടുത്തു വിധിയും ഞാനും ഒരു കൂടു ചീട്ടുമായ് വിളയാടാനിരിക്കുന്നു വിളയാടാനിരിക്കുന്നു"" എന്നാണ് മദ്യക്കുപ്പിയും പിടിച്ച് ആ മദ്യപന്‍ പാടിയത്. ഇന്ന് അത് പൊതുവേദിയിലേക്ക് കൊണ്ടുവന്ന് സാമൂഹ്യവല്‍ക്കരിച്ചിരിക്കുന്നു.

സദസ്യര്‍ക്ക് മുഴുവന്‍ ആടാന്‍ സൗകര്യമുള്ള പാട്ടുകള്‍ വേദിയില്‍ ഗായികയും ഗായകനും മതിമറന്നു പാടുന്നു. ഇതിന്റെ ശരിതെറ്റിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല. അവനവന്റെ സ്വകാര്യ ദുഃഖത്തിന്റെ താല്‍ക്കാലിക പരിഹാസം എന്നത് മാറി സമൂഹത്തിന്റെ പൊതു ആഹ്ലാദമായി മാറി മദ്യം. മെഹ്ബൂബിന്റെ ധാരാളം പാട്ടുകള്‍ ഉണ്ട് മലയാളത്തില്‍. പക്ഷേ നമ്മള്‍ അതൊക്കെ തമാശപ്പാട്ടുകളായിട്ടാണ് കണ്ടത്. കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം, പണ്ടുപണ്ടു പണ്ടു നിന്നെ കണ്ട നാളയ്യാ, മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല, കേളെടി നിന്നെ ഞാന്‍ കെട്ടുന്നകാലത്ത്"" - പലതിലും വേഷമിട്ടത് ബഹദൂറും എസ് പി പിള്ളയുമൊക്കെ. എന്നിട്ടും, അവയൊക്കെ അവശേഷിച്ചു. അതിന്റെ അര്‍ഥം ഈ "ഫാസ്റ്റ് നമ്പറി"ലും ഒരു മെലഡി ഉണ്ടായിരുന്നു എന്നാണ്. ഉപകരണ സംഗീത പ്രയോഗങ്ങളിലെ പാശ്ചാത്യ സമ്പ്രദായം ഒഴിവാക്കിയാല്‍ നിലനില്‍ക്കുന്ന പാട്ടുകളിലെല്ലാം ഈ പ്രത്യേകത കാണാം. നമ്മുടെ നാടന്‍ സംഗീതധാരയുടെ ഊക്കും അതിന്റെ അടിസ്ഥാനമാണ്. നേരത്തെ അത് സിനിമയിലെ ചിത്രീകരണമാണ് ലക്ഷ്യമിട്ടതെങ്കില്‍ ഇന്ന് ഗാനമേള സദസ്സുകളെയാണ് എന്നതാണ് കാതലായ വ്യത്യാസം. ഇളയരാജയുടെതായാലും എ ആര്‍ റഹ്മാന്റേതായാലും എല്ലാം ഇതു കാണാം. കമ്പോസര്‍ എന്ന ഇലക്ട്രോണിക് ഉപകരണത്തിന്റെ വരവോടെയാണ് താളങ്ങളിലെ വൈവിധ്യം ഉണ്ടായത്. നേരത്തെ നിരവധി ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടിടത്ത് ഇന്ന് ഈ ഉപകരണത്തില്‍ നേരത്തെ ഇതൊക്കെ ഒരുക്കിവയ്ക്കാം എന്നത് പാട്ടുകള്‍ക്ക് വന്ന മാറ്റത്തിന്റെ അടിസ്ഥാന കാരണങ്ങളില്‍ ഒന്നാണ്. താളമാണ് ശരീരഭാഷയെ നിയന്ത്രിക്കുന്നത് എന്നതുകൊണ്ട് ഇത്തരം പാട്ടുകളില്‍ ആദ്യം വികസിപ്പിച്ചെടുക്കുന്നത് താളമാണ്. താളപ്രസ്താരങ്ങള്‍ക്കിടയില്‍ വാക്കുകളെ നിറയ്ക്കുന്ന ഒരു ജോലി മാത്രമേ എഴുത്തുകാരനുള്ളൂ. ഈ ഉപകരണം നമ്മുടെ ഈണങ്ങളുടെ അടിസ്ഥാനസ്വഭാവം മാറ്റിയെടുത്തു എന്ന് പറയുമ്പോഴും മെലഡികളില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നും സമ്മതിക്കേണ്ടി വരും. ചിത്രത്തിന്റെ പുറത്തേക്ക് വ്യാപിപ്പിക്കുകയാണ് ഇത്തരം പാട്ടുകളുണ്ടാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. സിനിമയിലും ടി വി ഷോകളിലും ഒന്നില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന നൃത്തരംഗങ്ങളായി മാറുന്നു ഇത്തരം പാട്ടുകള്‍. പണ്ട് തമാശയായി പാടിയ പാട്ടുകള്‍ക്ക് ചില അര്‍ഥതലങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അത് വെറും ശബ്ദഘോഷങ്ങള്‍ മാത്രം. ""ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ"" എന്നെഴുതിയതിന് ഗാനരചയിതാവിനെ വ്യാകരണക്കാരന്‍ പിടികൂടിയതും ഈയവസരത്തില്‍ ഓര്‍ക്കുക. "വാദ്യഘോഷാദികള്‍" എന്ന പ്രയോഗമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

ഇനി മറ്റൊരു കാര്യം. പാട്ടുകളെല്ലാം ഭാവഗാനങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന രീതിയിലുള്ളതായിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കേണ്ടതുണ്ടോ? ചില ഗായകരെ തന്നെ നാം "ഭാവഗായകര്‍" എന്നാണ് വിളിക്കുന്നത്. ഭാവം എന്നാല്‍ ചടുലത കുറഞ്ഞ് അല്ലെങ്കില്‍ ശോകഛായയുള്ളത് എന്ന് മാത്രമേ അര്‍ഥമുള്ളൂ. ഭക്തിഭാവമുള്ള നമ്മുടെ സംഗീതകൃതികളില്‍ തന്നെ എത്രയോ കൃതികള്‍ ചടുലതാളത്തിലുള്ളതാണ്. അത്തരം കൃതികളില്‍ സ്ഫുരിക്കുന്നത് ഭക്തിയുടെ തന്നെ മറ്റൊരു ഭാവമായിരിക്കാം. നമ്മള്‍ സാധാരണ കേട്ടു ശീലിച്ച കാലപ്രമാണത്തില്‍നിന്നും എത്രയോ കുറച്ചാണ് എം ഡി രാമനാഥന്‍ എല്ലാ കൃതികളും പാടിക്കൊണ്ടിരുന്നത്. അതുകൊണ്ട് അതുമാത്രം ഭാവാത്മകതയുള്ളതും ബാക്കിയെല്ലാം ഭാവമില്ലാത്തതുമാണെന്ന് പറയാന്‍ കഴിയുമോ?

അങ്ങനെയൊരു അന്വേഷണത്തിന്റെ സന്ദര്‍ഭം എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. 2008 ലാണെന്നാണ് എന്റെ ഓര്‍മ. കര്‍ണാടക സിനിമാ സംവിധായകന്‍ ഗിരീഷ് കാസറവള്ളി ചെയര്‍മാനായിരുന്ന ഫിലിം ജൂറി കമ്മിറ്റിയില്‍ ഞാനും അംഗമായിരുന്നു. ചെയര്‍മാനും എനിക്കും പുറമെ സണ്ണി ജോസഫ്, പ്രിയനന്ദനന്‍, റോഷന്‍ ആന്‍ഡ്രൂസ്, ഒ വി ഉഷ, ബി എം സുഹറ എന്നിവരും അംഗമായിരുന്നു. ചലച്ചിത്ര അക്കാദമി സെക്രട്ടറി ഡോ. ശ്രീകുമാര്‍ മെമ്പര്‍ സെക്രട്ടറിയും. 28 സിനിമകള്‍ ഞങ്ങളുടെ മുന്നില്‍ പരിഗണനയായി വന്നു. അടൂരിന്റെ ""ഒരു പെണ്ണും രണ്ടാണും"" എന്ന സിനിമ ഏറ്റവും നല്ല സിനിമയായി തെരഞ്ഞെടുത്ത വര്‍ഷം. സംഗീത വിഭാഗത്തിന്റെ കാര്യത്തില്‍ എന്റെ അഭിപ്രായങ്ങള്‍ എല്ലാവരും പരിഗണിച്ചിരുന്നു. നല്ല ഗാനരചയിതാവായി ഒ എന്‍ വി (ഗുല്‍മോഹര്‍), നല്ല സംഗീത സംവിധായകനായി എം ജയചന്ദ്രന്‍, ഗായകനായി ശങ്കര്‍ മഹാദേവന്‍, ഗായികയായി മഞ്ജരി എന്നിവരെ തെരഞ്ഞെടുത്തു. ഏകകണ്ഠമായിരുന്ന തീരുമാനങ്ങളെല്ലാം. ജയചന്ദ്രനും മഞ്ജരിക്കും ശങ്കര്‍ മഹാദേവനും അവാര്‍ഡുകള്‍ കിട്ടിയ ഗാനം തന്റേതായിട്ടും തനിക്ക് അവാര്‍ഡ് തന്നില്ലല്ലോ എന്ന് സൗഹൃദത്തിന്റെ ഭാഷയില്‍ ഗിരീഷ് പുത്തഞ്ചേരി എന്നോടുപരിഭവിക്കുകയുണ്ടായി. ഒ എന്‍ വി സാര്‍ എത്രയോ വര്‍ഷങ്ങളായി മാറി നില്‍ക്കുകയായിരുന്നു ഈ മത്സരങ്ങളിലൊന്നും പങ്കെടുക്കാതെ എന്ന കാര്യം ഗിരീഷ് ഓര്‍ത്തില്ലല്ലോ എന്ന് ഞാന്‍ തിരിച്ചുപറഞ്ഞു. ഒ എന്‍ വിയോടു മത്സരിച്ചു ജയിക്കുമ്പോഴല്ലേ അതിന്റെയൊരു സുഖം. തോല്‍വിയില്‍ നാം ഒരിക്കലും വിഷമിക്കേണ്ടതുമില്ല. നമ്മുടെ ഗുരുവല്ലേ എന്ന് പറഞ്ഞപ്പോള്‍ അതുതന്നെയാണ് ഞാന്‍ വിവാദങ്ങള്‍ക്കൊന്നും പോകാതിരുന്നത് എന്ന് ഗിരീഷ് പറഞ്ഞു.

അവാര്‍ഡ് പ്രഖ്യാപനം വന്നതിന്റെ പിന്നാലെ കുറെ വിവാദങ്ങളുമുണ്ടാവുക പതിവാണല്ലോ. പൊതുവെ വിവാദങ്ങള്‍ കുറഞ്ഞ ഒരവാര്‍ഡ് നിര്‍ണയമായിരുന്നു ആ വര്‍ഷത്തേത്. നല്ല നടനായി ലാല്‍, നടി പ്രിയങ്ക. ഇതൊന്നും മാധ്യമങ്ങളുടെ പ്രവചനങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത കാര്യങ്ങളായിരുന്നു. ടി വി ചന്ദ്രന്‍ അടൂരിന് നേരെ ചില പടക്കങ്ങള്‍ എറിഞ്ഞുനോക്കിയെങ്കിലും അതൊന്നും വലിയ ശബ്ദങ്ങള്‍ ഉണ്ടാക്കിയില്ല. സംഗീത വിഭാഗത്തില്‍ ചില അടക്കംപറച്ചിലുകളുണ്ടായി. അത് ശങ്കര്‍ മഹാദേവനു അവാര്‍ഡ് കൊടുത്തതിലായിരുന്നു. എന്നോട് അതേക്കുറിച്ച് നേരിട്ട് സംസാരിച്ചവരോടെല്ലാം ഞാന്‍ പറഞ്ഞത് അങ്ങനെയൊരു പാട്ടുകാരനെ ടി വിയില്‍ ഇടയ്ക്ക് കണ്ടതല്ലാതെ എനിക്ക് ഫോണില്‍ക്കൂടിയുള്ള പരിചയം പോലുമില്ല എന്നാണ്. നമ്മുടെ വ്യവസ്ഥാപിതമായ ചില രീതികളെ ആ അവാര്‍ഡ് പൊളിച്ചു എന്നതാണ് അതിലെ പ്രശ്നം. ""അമ്മമഴക്കാറിന് കണ്‍നിറഞ്ഞു"" എന്ന യേശുദാസിന്റെ ഗാനം അതിമനോഹരമാണ്. എന്നിട്ടും എന്തിന് ശങ്കര്‍ മഹാദേവന്റെ ഒരു അടിപൊളി പാട്ടിന് അവാര്‍ഡ് കൊടുത്തു എന്നതാണ് പ്രശ്നം. എം ജി ശ്രീകുമാര്‍ പാടിയ ""ചാന്തുപൊട്ടും ചങ്കേലസ്സും"" എന്ന പദ്യം ചൊല്ലലിന് അവാര്‍ഡ് കൊടുത്തിട്ടുണ്ടല്ലോ, അപ്പോള്‍ ആരും പ്രതികരിച്ചില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചു. എന്തിനാണ് ഒരു തമിഴന് കൊടുത്തത്? മലയാളിക്കു കൊടുത്താല്‍ പോരെ? എന്ന ചോദ്യവും എന്നെ വേദനിപ്പിച്ചു.എന്തിനാണ് ഒരു തമിഴനെ വിളിച്ച് എം ജയചന്ദ്രന്‍ പാടിച്ചത്? മലയാളിയെ പാടിച്ചാല്‍ പോരായിരുന്നോ? ഈ മറുപടി എന്തുകൊണ്ടാണ് അവാര്‍ഡ് നല്‍കിയത് എന്ന ചോദ്യത്തിന് എന്റെ ഉത്തരം കൂടിയാണ്. ഏതു തരത്തിലുള്ള പാട്ടായാലും ആ പാട്ടിനോട് നീതി കാണിച്ചിട്ടുണ്ടോ എന്നല്ലേ ഒരു മത്സരത്തില്‍നിന്ന് നാം പഠിക്കേണ്ട തത്വം? ആ അര്‍ഥത്തില്‍ ആ പാട്ട് ശങ്കര്‍ മഹാദേവന്‍ വളരെ നന്നായി പാടിയിട്ടുണ്ട്. ഈ ഗാനം ജൂറിയുടെ ബധിര കര്‍ണത്തിലാണോ പതിച്ചത് എന്ന് ഒരു പത്രം എഴുതി. അവര്‍ വേറൊരു പാട്ടിന് വേണ്ടി വാദിക്കുകയും ചെയ്തു. കല്യാണി മേനോന്‍ എന്ന പഴയ ഗായിക ലാപ്ടോപ് എന്ന സിനിമയില്‍ പാടിയ പാട്ടായിരുന്നു അത്. ആ പാട്ട് ജൂറിയുടെ മുന്നില്‍ വന്ന സിനിമയുടെ പ്രിന്റില്‍നിന്ന് മുറിച്ചുമാറ്റപ്പെട്ടിരുന്നു എന്ന വിവരം ചോദിച്ചാലല്ലേ എനിക്ക് പറയാന്‍ കഴിയൂ. എല്ലാം ഏകപക്ഷീയമായി ഒരു ജനാധിപത്യവുമില്ലാതെ തട്ടിവിടുകയല്ലേ. വായിക്കുന്നവരുടെ മുന്നില്‍ നമ്മുടെ വിശദീകരണയോഗങ്ങള്‍ നടത്താന്‍ കഴിയുമോ? നമ്മള്‍ കൊടുക്കുന്ന കുറിപ്പ് പ്രസിദ്ധീകരിക്കുകയുമില്ല. ഇതൊക്കെയാണ് പുതിയ മാധ്യമരീതികള്‍. മെലഡിയായ പാട്ടിനേ അവാര്‍ഡ് കൊടുക്കാന്‍ പാടുള്ളൂ എന്ന കാഴ്ചപ്പാട് നമുക്കിടയില്‍ ബലപ്പെട്ടു പോയിരിക്കുന്നു. വേഗത കൂടിയ പാട്ടുകള്‍ പാടുന്നവര്‍ക്ക് ജീവിതത്തില്‍ അവാര്‍ഡുകള്‍ കിട്ടുകയില്ല എന്ന് അവര്‍ മനസ്സിലാകുന്നത് നന്ന്. മെഹബൂബ് ജീവിച്ചിരുന്നെങ്കില്‍ നേരത്തെ ഉദ്ധരിച്ച തമാശപ്പാട്ടുകളുടെ പേരിലൊന്നും അദ്ദേഹത്തിന് അവാര്‍ഡ് കൊടുക്കാന്‍ നമുക്ക് കഴിയുമായിരുന്നില്ല. അഭിനേതാക്കള്‍ക്കും ഈ പ്രശ്നമുണ്ട്. എത്ര നന്നായി അഭിനയിച്ചാലും വില്ലനായതുകൊണ്ട് സായ് കുമാറിനോ വിജയരാഘവനോ അവാര്‍ഡ് ലഭിക്കില്ല. അത് ശരിയാണോ എന്നത് എന്നെ അലട്ടിയ ഒരു ചോദ്യമായിരുന്നു.

ലോകം വളരെ സ്പീഡിലാണ് പോകുന്നത് എന്നത് സ്പീഡ് പാട്ടുകളെ ന്യായീകരിക്കാന്‍ ഓരോരുത്തര്‍ പറയുന്ന ന്യായമാണ്. ആര്‍ക്കും സമയമില്ലത്രെ; അതുകൊണ്ട് പാട്ടുകളെല്ലാം സ്പീഡിലാക്കി പാടുന്നു എന്നാണ് പറയുന്നത് കേട്ടാല്‍ തോന്നുക. പക്ഷേ അതേ ആളുകള്‍ തന്നെ ആ സ്പീഡ് പാട്ടുകള്‍ക്ക് അവാര്‍ഡ് കൊടുത്തുകൂടാ എന്ന് പറയുന്നതിന്റെ അര്‍ഥമെന്താണ്? "കല്യാണക്കച്ചേരി" എന്ന ഗാനത്തിന് ഒരുപാട് സവിശേഷതകള്‍ ഉള്ളതായി തോന്നിയിട്ടുണ്ട്. ആ പാട്ടിന്റെ സംവിധാനം തന്നെ ഒന്ന്. രാഗാധിഷ്ഠിതമായി തന്നെ അങ്ങനെയൊരുതരം പാട്ടുണ്ടാക്കുക പ്രയാസം. ബിലഹരിയുടെ മട്ടില്‍ ഒരു അടിപൊളിപ്പാട്ടുണ്ടാക്കുക. പാട്ടിന്റെ പശ്ചാത്തലസംഗീതത്തില്‍ ബിലഹരിയിലെ ""രാരവേണുഗോപാബാല രാജിത സദ്ഗുണ ജയശീല"" എന്ന സ്വരജതിയുടെ ഈണം ഉപയോഗിക്കുക. വളരെ നല്ല അന്വേഷണമാണിതൊക്കെ. ആ ഗാനം ആലപിക്കപ്പെടേണ്ടതിന്റെ നൂറു ശതമാനവും ഭംഗിയായി ആ ഗായകന്‍ ആലപിച്ചിരിക്കുന്നു. ഒരുപക്ഷേ മലയാളികളായ ഇവിടത്തെ പാട്ടുകാര്‍ക്ക് കഴിയില്ല എന്ന തോന്നല്‍ കൊണ്ടായിരിക്കും ജയചന്ദ്രന്‍ ആ പാട്ട് തമിഴനെക്കൊണ്ട് പാടിച്ചത് എന്നും വിചാരിക്കാം.

ശങ്കര്‍ മഹാദേവന്‍ എന്ന നല്ല പാട്ടുകാരന് ഒരു മെലഡി പാടാന്‍ അവസരം കിട്ടിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഒരവാര്‍ഡ് കിട്ടാന്‍ യോഗ്യതയില്ലാത്ത ആളായിത്തീരും അദ്ദേഹം എന്നത് കഷ്ടമല്ലേ. മെലഡി എന്ന പേരുപറഞ്ഞ് നിര്‍വികാരതയെ വികാരമാക്കിയ ധാരാളം ഗായകര്‍ നമുക്കുണ്ട്. എന്റെ യോഗ്യതയെ ആരും ചോദ്യം ചെയ്തില്ലെങ്കിലും, അഭിപ്രായങ്ങളോടു വിയോജിപ്പ് പ്രകടിപ്പിച്ചവരോട് സന്തോഷമാണ് തോന്നിയത്. നമ്മുടെ ചിന്തയില്‍ ഇടക്കിടക്ക് ഇങ്ങനെ ചില സ്ഫോടനങ്ങള്‍ ഉണ്ടാവുന്നത് നല്ലതല്ലേ. എന്തായാലും സാംസ്കാരിക മന്ത്രിയോ അദ്ദേഹത്തിന്റെ പാര്‍ടിയോ പറഞ്ഞിട്ടാണങ്ങനെ ചെയ്തതെന്ന് ആരും പറഞ്ഞില്ലല്ലോ. ചില മെലഡികള്‍ പാടി എന്നത് കൊണ്ടുമാത്രം, പാട്ടുകാരന്റേതായ ഒരു സംഭാവനയും ചെയ്യാന്‍ പ്രാപ്തിയില്ലാത്ത പാട്ടുകാരും ഇവിടെ രക്ഷപ്പെട്ടു പോയിട്ടുണ്ട്. ആഘോഷിക്കപ്പെട്ട ചില പാട്ടുകള്‍തന്നെ ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കുന്നതില്‍ എന്താണ് തെറ്റ്?

കനകക്കിനാവിന്‍ കരിമ്പിന്‍തോട്ടം

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ടുഡെ മലയാളത്തിലെ ഏറ്റവും നല്ല പത്ത് സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പ്രമുഖരായ പലരോടും ആവശ്യപ്പെട്ടു. ഭൂരിപക്ഷം പേരും ഒരു സിനിമയുടെ കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു-പി എന്‍ മേനോന്‍ സംവിധാനം ചെയ്ത "ഓളവും തീരവും." എന്റെ പ്രീഡിഗ്രി പഠനകാലം. മടപ്പള്ളി കോളേജിലെ സുഹൃത്തുക്കളായ എം എം സോമശേഖരന്‍, വി കെ പ്രഭാകരന്‍, അക്ബര്‍ കക്കട്ടില്‍, പി ഹുസൈന്‍ തുടങ്ങിയവരെല്ലാം പല വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാറുണ്ട്. അന്നത്തെ അപക്വമായ അഭിപ്രായങ്ങളൊക്കെ പിന്നീട് രസമായി തോന്നിയിട്ടുണ്ട്. സിനിമയും ഞങ്ങളുടെ വിഷയം തന്നെ. ഞാനൊഴിച്ച് ബാക്കിയുള്ളവരെല്ലാം എഴുത്തുകാരും രാഷ്ട്രീയക്കാരുമൊക്കെയായി. സംഗീതരംഗത്ത് ഞാന്‍ മാത്രമേ ആ സംഘത്തിലുണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ സിനിമാചര്‍ച്ചകളില്‍ പ്രധാന ഇടംനേടിയ സിനിമയായിരുന്നു ഓളവും തീരവും. മലയാളത്തിലെ എക്കാലത്തെയും സിനിമകളിലൊന്നായി ഓളവും തീരവുമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രവചിച്ചിരുന്നു.

ഇന്ത്യ ടുഡെയുടെ സര്‍വെ വായിച്ചപ്പോഴാണ് ഞങ്ങള്‍ മോശക്കാരായിരുന്നില്ല എന്ന് മനസ്സിലായത്. എം ടിയുടെ തിരക്കഥയെന്നാല്‍ സിനിമയുടെ പരമാവധി എന്നായിരുന്നു അന്നത്തെ ധാരണ. ഇന്നും എം ടിക്ക് ആ സ്ഥാനമുണ്ട്. എല്ലാ കാര്യങ്ങളും അദ്ദേഹം എഴുതിവച്ചിരിക്കും. അവിടെ ക്യാമറ വച്ചാല്‍ മതിയെന്ന ധാരണ. നിഴലും വെളിച്ചവും ഉപയോഗിച്ചുള്ള അന്നത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ ഓളവും തീരവും ഒരു അഭ്രകാവ്യം തന്നെയായിരുന്നു. എല്ലാം മികച്ചത്. ഏറ്റവും നല്ല സിനിമ, ഏറ്റവും നല്ല സംവിധായകന്‍, ഏറ്റവും നല്ല തിരക്കഥ-ഇത്രയും അവാര്‍ഡുകളും ആ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഇന്നത്തെ ചിത്രങ്ങളോട് മത്സരിച്ചാല്‍ ഈ മൂന്ന് അവാര്‍ഡുകള്‍ക്ക് പുറമെ ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് കൂടി അവാര്‍ഡ് ലഭിച്ചേനെ. പി ഭാസ്കരന്‍ മാസ്റ്ററുടെ പാട്ടുകളിലെ ചില പ്രയോഗങ്ങള്‍ പില്‍ക്കാലത്ത് ചില പരിപാടികളുടെ തന്നെ തലക്കെട്ടുകളായിട്ടുണ്ട്. പാട്ടിന്റെ പാലാഴി, മഞ്ഞണിപ്പൂനിലാവ്, എല്ലാരും ചൊല്ല്ണ്, നാഴിയുരിപ്പാല്, നാദബ്രഹ്മത്തിന്‍ തുടങ്ങിയവ ഉദാഹരണം. പരിപാടികളുടെ ശീര്‍ഷകമായിട്ടില്ലെങ്കിലും വളരെ ആകര്‍ഷിച്ച ഒരു പ്രയോഗമായിരുന്നു "മധുരക്കിനാവിന്റെ കരിമ്പിന്‍തോട്ടം". എന്റെ മനസ്സില്‍ തറച്ചുനിന്ന ഈ വരികളെ വിശദീകരിക്കാനോ വ്യാഖ്യാനിക്കാനോ പര്യാപ്തമായ ഭാഷ എന്റെ കൈയിലില്ല. മധുരക്കിനാവിന്റെ കരിമ്പിന്‍തോട്ടം, കനകക്കിനാവിന്റെ കരിമ്പിന്‍തോട്ടം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന വികാരം എന്താണെന്ന് വിശദീകരിക്കാനാകില്ല. ആ പാട്ട് എന്നെ ആകര്‍ഷിച്ചതിന്റെ ഏറ്റവും വലിയ ഘടകം ഇതുതന്നെ. ഭാ

ഷയും സാഹിത്യവുമൊന്നും പാട്ടുകള്‍ക്ക് ആവശ്യമില്ല എന്നൊരു വാദഗതി ചിലര്‍ ഇപ്പോള്‍ ഉന്നയിക്കുന്നുണ്ട്. അര്‍ഥശൂന്യമായ പദങ്ങള്‍ ഉപയോഗിച്ചാലും സാരമില്ല പാട്ടുകള്‍ ഹിറ്റായാല്‍ മതിയെന്നും പാട്ടുകളെ സാഹിത്യത്തിന്റെ കോണിലൂടെ കാണേണ്ടതില്ലെന്നും ഇവര്‍ വാദിക്കുന്നു. അങ്ങനെ ഭാഷയെ ശ്രദ്ധിച്ച സംഗീതസംവിധായകര്‍ സംഗീതത്തില്‍ പരാജയമായിരുന്നു എന്നും ഇവര്‍ വാദിക്കുന്നു. സംഗീതമാണ് പരമപ്രധാനമെന്നും അതിലെ വ്യാകരണങ്ങള്‍ ശരിയായാല്‍ മതിയെന്നും പറയുന്നു. നമ്മുടെ ചാനലുകളിലെ റിയാലിറ്റി ഷോകളിലും ഇതുതന്നെ കേള്‍ക്കുന്നു. സംഗീതത്തിലെ തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ ഒതുങ്ങുന്നു എല്ലാം. സംഗീതത്തിന്റെ തന്നെ സാംസ്കാരിക പരിസരങ്ങളെക്കുറിച്ച് ഉരിയാടുന്നില്ല നമ്മുടെ വിധികര്‍ത്താക്കള്‍. ചരിത്രമോ ഭാഷയോ സംസ്കൃതിയോ ഒന്നും അവര്‍ക്ക് വിഷയമേ അല്ല.

ഒരു റിയാലിറ്റി ഷോയില്‍ ഒരു കുട്ടി, ""എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍ എന്‍ പ്രിയനരികില്‍ വരില്ലയെങ്കില്‍"" എന്ന ഒ എന്‍ വി എഴുതിയ പാട്ടുപാടി. വിധികര്‍ത്താക്കള്‍ എന്തുപറയുന്നു എന്നറിയാനായി അതിനിടയ്ക്കുള്ള എല്ലാ പരസ്യങ്ങളും കണ്ടു. വിധികര്‍ത്താക്കള്‍ മൂന്നുപേരും "കേദാര്‍" എന്ന രാഗത്തെക്കുറിച്ചും അതിെന്‍ ഭാവത്തെക്കുറിച്ചും പറയുകയും പാടുകയും ചെയ്തു. എനിക്കങ്ങ് തൃപ്തിയായില്ല. ഞാനാണ് വിധികര്‍ത്താവെങ്കില്‍ ചോദിക്കുമായിരുന്ന ചോദ്യം അവര്‍ ചോദിച്ചില്ല എന്നതാണ് ഈ തൃപ്തിക്കുറവിന് കാരണം. ഞാനാണെങ്കില്‍ കുട്ടിയോട് ഈ ഗാനം ഏത് സിനിമയിലേതാണ് എന്ന് ചോദിക്കും. അതൊരു വലിയ ചോദ്യമല്ല. എന്നാല്‍ അതിന്റെ ഉത്തരമായി കുട്ടി "കരുണ" എന്ന് പറയുമ്പോള്‍ ആ ഷോയ്ക്കു തന്നെ ഗുണപരമായി സംഭവിക്കുന്ന മാറ്റമാണ് എന്റെ മനസ്സിലുള്ളത്. കരുണ കുമാരനാശാന്റേതാണെന്ന് പറയും. ഉപഗുപ്തനെ കാത്തിരിക്കുന്ന വാസവദത്തയുടേതാണ് ഭാവം, രാഗത്തിന്റേതല്ല എന്ന് പറയും. വാസവദത്തയുടെ മാനസികഭാവമാണ് പാട്ടിന്റെ ഭാവം, അല്ലാതെ രാഗത്തിന്റേതല്ല. ഏത് സിനിമയിലേതാണ് എന്ന ഒറ്റച്ചോദ്യം കൊണ്ട് ഇതൊക്കെ കഴിഞ്ഞേക്കും. പകരം നൂറുകണക്കിന് കുട്ടികളില്‍നിന്നും ശ്രുതിയും താളവും ഒക്കെ ഉള്ളവരെ തെരഞ്ഞെടുത്ത് പാടിക്കുമ്പോള്‍ അതൊന്നും അവര്‍ക്കില്ല എന്ന് പറയുന്നതിനോട് എങ്ങനെ യോജിക്കാന്‍ കഴിയും? അതൊക്കെ പരിശോധിക്കപ്പെടണം. എന്നാല്‍ പാട്ടിനോട് അനുബന്ധമായ കാര്യങ്ങളിലേക്കും കൂടി കുട്ടികളെ നയിച്ചാല്‍ എന്താണ് തെറ്റ്?

സംഗീതത്തിന്റെ രാഗങ്ങളെക്കുറിച്ചും അതിന്റെ വ്യാകരണത്തെക്കുറിച്ചും മാത്രം സംസാരിക്കുന്നത്-അതും എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നത്-എത്രത്തോളം ശരിയാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഭാഷ ഒരു പ്രശ്നമല്ലാത്ത അവസ്ഥയിലേക്ക് നാം മാറിക്കഴിഞ്ഞിരിക്കുന്നു. ലോകമാതൃഭാഷാദിനത്തില്‍ തെരുവുപ്രചാരണജാഥ നയിക്കുന്ന ഭാഷാസ്നേഹികള്‍ ഇതൊക്കെ ശ്രദ്ധിക്കുന്നത് നന്ന്. മലയാളം നന്നായി ഉച്ചരിക്കുന്നതുപോലും പരിഷ്കാരത്തിന് ചേര്‍ന്നതല്ല എന്ന വിശ്വാസം ഒരു ഭാഗത്ത് പ്രചരിപ്പിക്കപ്പെടുമ്പോള്‍ മറുഭാഗത്ത് ലോകമലയാളത്തിന് ക്ലാസിക്കല്‍ പദവി ലഭിച്ചിട്ടെന്തുകാര്യം? ഗാനരചന, സംഗീതം എന്നത് മാറി സംഗീതം, ഗാനരചന എന്നായി. എഴുത്തുകാര്‍ രണ്ടാമതായി എന്നതാണ് കാര്യം. ഇത് തെറ്റോ ശരിയോ എന്നതല്ല പ്രശ്നം; മധുരക്കിനാവിന്റെ കരിമ്പിന്‍തോട്ടങ്ങള്‍ നമുക്ക് നഷ്ടപ്പെടുന്നില്ലേ എന്നതാണ്. യേശുദാസും മച്ചാട്ട് വാസന്തിയും ചേര്‍ന്ന് പാടിയ "മണിമാരന്‍ തന്നത്" എന്ന ഗാനം ഓളവും തീരവും എന്ന ചിത്രത്തിന്റെ ടൈറ്റില്‍ സോങ്ങായിട്ടാണ് വരുന്നത് എന്നാണെന്റെ ഓര്‍മ. മറ്റുപാട്ടുകളും മനോഹരം തന്നെ

. "ഇടയ്ക്കൊന്ന് ചിരിച്ചും", "കവിളിലുള്ള മാരിവില്ലിന് കണ്ടമാനം തുടുതുടുപ്പ്" എന്നീ ഗാനങ്ങള്‍ക്ക് പുറമെ "ഒയ്യേ എനിക്കൊണ്ട്" എന്ന കെസ്സുപാട്ടും ഉപയോഗിച്ചിട്ടുണ്ട്. എല്ലാ ഗാനങ്ങളും രചനയിലും സംഗീതത്തിലും മത്സരിക്കുന്നു. ആകപ്പാടെ ഒരുത്സവം തന്നെ. നബീസയുടെയും ബാപ്പൂട്ടിയുടെയും പ്രണയദുരന്തം ""ഇടയ്ക്കൊന്നും ചരിച്ചും ഇടയ്ക്കൊന്നു കരഞ്ഞും ഇടവപ്പാതിയോടിയെത്തി"" എന്ന ഗാനം കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിനെ ഇന്നും നൊമ്പരപ്പെടുത്തും. "മണിമാരന്‍ തന്നത്" എന്ന ഗാനം മച്ചാട്ട് വാസന്തി ആലപിച്ചിരിക്കുന്നത് ഒരു ഗായികയായിട്ടല്ല അഭിനേത്രിയായിട്ടാണ്. യേശുദാസിന്റെ കല്യാണത്തലേന്നാണ് ഈ പാട്ടിന്റെ ശബ്ദലേഖനം നടന്നതെന്ന് വാസന്തി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ഏറെ പരിഭ്രമമായിരുന്നു. പിറ്റെദിവസം കല്യാണമല്ലേ. റെക്കോഡിങ് സമയത്ത് എന്തോ പറഞ്ഞ് വാസന്തി ഉറക്കെ ചിരിച്ചു. ഈ ചിരി ബാബുരാജിന്റെ ശ്രദ്ധയില്‍പ്പെട്ടു. ആ ചിരി എങ്ങനെ പാട്ടില്‍ ഉള്‍ക്കൊള്ളിക്കാം എന്നായി അദ്ദേഹത്തിന്റെ ആലോചന. പാട്ടിന്റെ അനുപല്ലവിയില്‍ ഒരു സ്ഥലത്ത് അതുപോലെ ചിരിക്കാന്‍ വാസന്തിയോട് ബാബുക്ക ആവശ്യപ്പെട്ടു. തന്റെ മണവാട്ടിയെ ഓര്‍ത്തുകൊണ്ടായിരിക്കും യേശുദാസ് ഇങ്ങനെ പാടിയത്, ""നീയെന്റെ ഖല്‍ബില്‍ വന്നു ചിരിച്ചുനില്‍ക്കും"

" ഈ സിനിമയെക്കുറിച്ചും പാട്ടിനെക്കുറിച്ചും പറയാന്‍ എന്റെ മനസ്സില്‍ ഒരുപാടുണ്ട്. വാക്കുകള്‍ക്കപ്പുറത്ത് എന്തോ... വാക്കുകളായി പുറത്തുവരുന്നതിന് മുമ്പുതന്നെ അത് പോരാ എന്ന് മനസ്സുപറയുന്നു. ഞാന്‍ നിസ്സഹായനായിപ്പോകുന്നു ഈ പാട്ടിന് മുന്നില്‍. തുടരും മണിമാരന്‍ തന്നത് പണമല്ല, പൊന്നല്ല മധുരക്കിനാവിന്റെ കരിമ്പിന്‍തോട്ടം കണ്ണുനീര്‍ തേവിതേവി കരളിതില്‍ വിളയിച്ച കനകക്കിനാവിന്റെ കരിമ്പിന്‍തോട്ടം പൂവണിക്കുന്നുകള്‍ പീലിനിവര്‍ത്തും പുഴയുടെ ഓളത്തിന്‍ വിരിമാറില്‍ ചേലൊത്ത പൂനിലാവില്‍ ചങ്ങാടം തുഴയുമ്പോള്‍ നീയെന്റെ ഖല്‍ബില്‍ വന്നു ചിരിച്ചുനില്‍ക്കും (മണി....) നാടും നഗരവും കടന്നുപോകാം നാഴൂരി മണ്ണുവാങ്ങി നമുക്കുപാര്‍ക്കാം പുള്ളിക്കുയിലിന്റെ കൂടുപോലുള്ളൊരു പുല്ലാനിപ്പുര കെട്ടി നമുക്കിരിക്കാം (മണി....) ചിത്രം: ഓളവും തീരവും (1970) രചന: പി ഭാസ്കരന്‍ സംഗീതം: ബാബുരാജ് പാടിയത്: യേശുദാസ്, മച്ചാട്ട് വാസന്തി.

*
വി ടി മുരളി ദേശാഭിമാനി വാരിക 08-15 ജൂലൈ 2012

* പോസ്റ്റിന്റെ തലക്കെട്ട് വര്‍ക്കേഴ്സ് ഫോറത്തിന്റേത്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സംഗീത വിഭാഗത്തില്‍ ചില അടക്കംപറച്ചിലുകളുണ്ടായി. അത് ശങ്കര്‍ മഹാദേവനു അവാര്‍ഡ് കൊടുത്തതിലായിരുന്നു. എന്നോട് അതേക്കുറിച്ച് നേരിട്ട് സംസാരിച്ചവരോടെല്ലാം ഞാന്‍ പറഞ്ഞത് അങ്ങനെയൊരു പാട്ടുകാരനെ ടി വിയില്‍ ഇടയ്ക്ക് കണ്ടതല്ലാതെ എനിക്ക് ഫോണില്‍ക്കൂടിയുള്ള പരിചയം പോലുമില്ല എന്നാണ്. നമ്മുടെ വ്യവസ്ഥാപിതമായ ചില രീതികളെ ആ അവാര്‍ഡ് പൊളിച്ചു എന്നതാണ് അതിലെ പ്രശ്നം. ""അമ്മമഴക്കാറിന് കണ്‍നിറഞ്ഞു"" എന്ന യേശുദാസിന്റെ ഗാനം അതിമനോഹരമാണ്. എന്നിട്ടും എന്തിന് ശങ്കര്‍ മഹാദേവന്റെ ഒരു അടിപൊളി പാട്ടിന് അവാര്‍ഡ് കൊടുത്തു എന്നതാണ് പ്രശ്നം. എം ജി ശ്രീകുമാര്‍ പാടിയ ""ചാന്തുപൊട്ടും ചങ്കേലസ്സും"" എന്ന പദ്യം ചൊല്ലലിന് അവാര്‍ഡ് കൊടുത്തിട്ടുണ്ടല്ലോ, അപ്പോള്‍ ആരും പ്രതികരിച്ചില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചു. എന്തിനാണ് ഒരു തമിഴന് കൊടുത്തത്? മലയാളിക്കു കൊടുത്താല്‍ പോരെ? എന്ന ചോദ്യവും എന്നെ വേദനിപ്പിച്ചു.എന്തിനാണ് ഒരു തമിഴനെ വിളിച്ച് എം ജയചന്ദ്രന്‍ പാടിച്ചത്? മലയാളിയെ പാടിച്ചാല്‍ പോരായിരുന്നോ? ഈ മറുപടി എന്തുകൊണ്ടാണ് അവാര്‍ഡ് നല്‍കിയത് എന്ന ചോദ്യത്തിന് എന്റെ ഉത്തരം കൂടിയാണ്. ഏതു തരത്തിലുള്ള പാട്ടായാലും ആ പാട്ടിനോട് നീതി കാണിച്ചിട്ടുണ്ടോ എന്നല്ലേ ഒരു മത്സരത്തില്‍നിന്ന് നാം പഠിക്കേണ്ട തത്വം? ആ അര്‍ഥത്തില്‍ ആ പാട്ട് ശങ്കര്‍ മഹാദേവന്‍ വളരെ നന്നായി പാടിയിട്ടുണ്ട്. ഈ ഗാനം ജൂറിയുടെ ബധിര കര്‍ണത്തിലാണോ പതിച്ചത് എന്ന് ഒരു പത്രം എഴുതി. അവര്‍ വേറൊരു പാട്ടിന് വേണ്ടി വാദിക്കുകയും ചെയ്തു. കല്യാണി മേനോന്‍ എന്ന പഴയ ഗായിക ലാപ്ടോപ് എന്ന സിനിമയില്‍ പാടിയ പാട്ടായിരുന്നു അത്. ആ പാട്ട് ജൂറിയുടെ മുന്നില്‍ വന്ന സിനിമയുടെ പ്രിന്റില്‍നിന്ന് മുറിച്ചുമാറ്റപ്പെട്ടിരുന്നു എന്ന വിവരം ചോദിച്ചാലല്ലേ എനിക്ക് പറയാന്‍ കഴിയൂ. എല്ലാം ഏകപക്ഷീയമായി ഒരു ജനാധിപത്യവുമില്ലാതെ തട്ടിവിടുകയല്ലേ. വായിക്കുന്നവരുടെ മുന്നില്‍ നമ്മുടെ വിശദീകരണയോഗങ്ങള്‍ നടത്താന്‍ കഴിയുമോ? നമ്മള്‍ കൊടുക്കുന്ന കുറിപ്പ് പ്രസിദ്ധീകരിക്കുകയുമില്ല. ഇതൊക്കെയാണ് പുതിയ മാധ്യമരീതികള്‍. മെലഡിയായ പാട്ടിനേ അവാര്‍ഡ് കൊടുക്കാന്‍ പാടുള്ളൂ എന്ന കാഴ്ചപ്പാട് നമുക്കിടയില്‍ ബലപ്പെട്ടു പോയിരിക്കുന്നു.