Tuesday, July 31, 2012

തീന്‍മേശ ഭരിക്കാന്‍ ഇതാ പുതിയ നിയമം

ഭക്ഷ്യസുരക്ഷ, ഗുണനിലവാര നിയമം (Food safety and Standards Act 2006) ഇന്ത്യയില്‍ നിലവില്‍വന്നിട്ട് ഒരുവര്‍ഷം പിന്നിടുന്നു. 2011 ആഗസ്ത് അഞ്ചിനാണ് നിയമം പ്രാബല്യത്തിലായത്. ഭക്ഷണസാധനങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയുംചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഈ നിയമപ്രകാരം രജിസ്ട്രേഷനുള്ള സമയം 2012 ആഗസ്ത് അഞ്ചിന് അവസാനിക്കും. (ഈ സമയപരിധി ആറുമാസത്തേക്കു കൂടി നീട്ടി  ജൂലൈ 27 നു ഉത്തരവായിട്ടുണ്ട്) ഇതോടെ നിയമം പൂര്‍ണരൂപത്തില്‍ നടപ്പാകും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഇതുവരെ പല നിയമങ്ങളാണ് ഉണ്ടായിരുന്നത്. ഇവയ്ക്കെല്ലാം പകരമാണ് ഈ നിയമം. ഭക്ഷ്യവസ്തുക്കള്‍ക്ക് ശാസ്ത്രീയമായി നിലവാരം നിര്‍ണയിക്കാനുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ട്.

ഉല്‍പ്പാദന, സംഭരണ, വിതരണ രംഗങ്ങളിലും കര്‍ശന നിബന്ധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉല്‍പ്പാദനംമുതല്‍ ഉപഭോക്താവിന്റെ കൈയില്‍ ഉല്‍പ്പന്നം എത്തുന്നതുവരെയുള്ള കാര്യങ്ങളില്‍ ബാധകമായ വ്യവസ്ഥകളും നിയന്ത്രണങ്ങളും നിയമത്തിലും അനുബന്ധ ചട്ടങ്ങളിലുമായുണ്ട്. ഭക്ഷ്യസാധനങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയുംചെയ്യുന്ന എല്ലാസ്ഥാപനങ്ങളുടെയും രജിസ്ട്രേഷന്‍ ഉറപ്പുവരുത്തുകയാണ് നിയമത്തിന്റെ ആദ്യലക്ഷ്യം. രാജ്യത്താകെ അഞ്ചരക്കോടിപേര്‍ ഈ രംഗത്തുണ്ടെന്നാണ് കണക്ക്. ഭക്ഷ്യവ്യാപാരികള്‍ക്കും ഭക്ഷ്യ ഉല്‍പ്പാദകര്‍ക്കും വിതരണക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധിതമാകും. ഇതിനുള്ള സമയപരിധിയാണ് ആഗസ്ത് അഞ്ചിന് അവസാനിക്കുന്നത്. ലൈസന്‍സോ രജിസ്ട്രേഷനോ നേടാതെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതെവരും. നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും രജിസ്ട്രേഷന്‍ ചുമതലയുള്ള ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. രജിസ്ട്രേഷനുള്ള അപേക്ഷ പൂരിപ്പിച്ച് ഇവര്‍ക്കാണ് നല്‍കേണ്ടത്. http://foodsafety.kerala.gov.in  എന്ന വെബ്സൈറ്റില്‍ നിന്ന് മലയാളത്തിലുള്ള അപേക്ഷാഫോറം ലഭിക്കും (http://foodsafety.kerala.gov.in/docs/pdf/malayalamform-16-07-2012.pdf)

വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സും രജിസ്ട്രേഷനും നിര്‍ബന്ധിതമാവുന്നത്. വാര്‍ഷിക വിറ്റുവരവ് 12 ലക്ഷത്തിനു മുകളിലാണെങ്കില്‍ ലൈസന്‍സ് വേണം. 2000 രൂപയാണ് ലൈസന്‍സ് ഫീസ്. ചെറുകിടക്കാര്‍ക്ക് രജിസ്ട്രേഷന്‍ മതി. രജിസ്ട്രേഷന്‍ ഫീസ് 100 രൂപ. ലൈസന്‍സില്ലാതെ സ്ഥാപനങ്ങള്‍ നടത്തുന്നത് ആറുമാസംവരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. രജിസ്ട്രേഷന്‍ ഇല്ലാത്ത ചെറുകിടകച്ചവടക്കാര്‍ ഒരുലക്ഷം രൂപ പിഴ നല്‍കേണ്ടിവരും. രജിസ്ട്രേഷന്‍ പുര്‍ത്തിയാകുമ്പോള്‍ രാജ്യമെമ്പാടുമായി 14 അക്കമുള്ള ഏകീകൃത രജിസ്ടേഷന്‍നമ്പര്‍ ഉണ്ടാകും. ഇപ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന ലൈസന്‍സിലാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇനി ഈ ലൈസന്‍സ് പോരാ. ഹോട്ടലുകള്‍, ബേക്കറികള്‍, പലചരക്കുകടകള്‍, പാല്‍, മുട്ട, മാംസം തുടങ്ങിയവ വില്‍ക്കുന്നവര്‍, ശീതള പാനീയങ്ങളും മറ്റും നിര്‍മിക്കുന്നവര്‍, തട്ടുകടകള്‍, മറ്റ് ചെറുകിട തെരുവുകച്ചവടക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം രജിസ്ട്രേഷന്‍ വേണം. സൈക്കിളില്‍ പാല്‍ കൊണ്ടുനടക്കുന്നവര്‍പോലും രജിസ്റ്റര്‍ചെയ്തിരിക്കണം. ലൈസന്‍സിന്റെ പകര്‍പ്പും ഭക്ഷ്യസുരക്ഷാ കമീഷണറുടെ ടോള്‍ഫ്രീ നമ്പറും എല്ലാ സഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. ജൂണ്‍വരെ കേരളത്തില്‍ ലൈസന്‍സ് നേടിയ സ്ഥാപനങ്ങളുടെ എണ്ണം 8964 ആണ്. 21,049 ചെറുകിടസ്ഥാപനങ്ങള്‍ രജിസ്റ്റര്‍ചെയ്തിട്ടുമുണ്ട്. നിയമമനുസരിച്ച് നിശ്ചയിക്കപ്പെടുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷണം വില്‍ക്കുന്നവര്‍ക്ക് പിഴയും തടവും നല്‍കുന്ന വ്യവസ്ഥകള്‍ നിയമത്തിലുണ്ട്.

കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 10 ലക്ഷം രൂപവരെ പിഴയും ജീവപര്യന്തം തടവുംവരെയാണ് ശിക്ഷ. ഇത്തരം കേസുകള്‍ കൈകാര്യംചെയ്യാന്‍ സംസ്ഥാന ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേറ്റിങ് ഓഫീസറും അപ്പീലുകള്‍ കേള്‍ക്കാന്‍ ജില്ലാ ജഡ്ജിയുടെ റാങ്കില്‍പ്പെട്ട ഫുഡ് സേഫ്റ്റി അപ്പലറ്റ് ട്രിബ്യൂണലും ഉണ്ടാകും. കേസുകള്‍ കൈകാര്യംചെയ്യാന്‍ പ്രത്യേക കോടതികളും പ്രത്യേകം പ്രോസിക്യൂട്ടര്‍മാരും നിലവില്‍വരും. നിയമ നടപടികള്‍ സ്വീകരിക്കുംമുമ്പ് സ്ഥാപനങ്ങള്‍ക്ക് മതിയായ സമയം നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഉപഭോക്താക്കള്‍ക്കുതന്നെ ഭക്ഷണ സാമ്പിള്‍ എടുത്ത് ലാബില്‍ പരിശോധിച്ചശേഷം പരാതി നല്‍കാനാകും. ഡല്‍ഹി ആസ്ഥാനമായുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI )ക്കാണ് ഈ നിയമം രാജ്യത്താകെ നടപ്പാക്കാനുള്ള ചുമതല. അതോറിറ്റിക്ക് ചെയര്‍മാനുണ്ട്. കെ ചന്ദ്രമൗലിയാണ് ഇപ്പോള്‍ ഈ തസ്തികയില്‍. സംസ്ഥാനങ്ങളില്‍ ഫുഡ് സേഫ്റ്റി കമീഷണര്‍മാരാണ് മുഖ്യ ചുമതലക്കാര്‍. കേരളത്തില്‍ ബിജു പ്രഭാകറാണ് ഈ ചുമതലയില്‍.

ഇതു കൂടി വായിക്കുക:  എണ്ണയും വെള്ളവും വിളമ്പുകാരും നിയമപരിധിയില്‍

നിയമപ്രകാരം ഹോട്ടലുകള്‍ പാലിക്കേണ്ട 30 ശുചിത്വ നിബന്ധനകള്‍ സംബന്ധിച്ച് സംസ്ഥാന ഫുഡ് സേഫ്റ്റി കമീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ ഇവിടെ വായിക്കാം.

അടച്ചുപൂട്ടിയ ഹോട്ടലുകള്‍ തുറക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ഈ സര്‍ക്കുലറില്‍ വായിക്കാം.

ഇല്ലാതായത് ഈ നിയമങ്ങള്‍

ഭക്ഷ്യസുരക്ഷ, ഗുണനിലവാര നിയമം നിലവില്‍വന്നതോടെ നിലവിലുള്ള ഏഴ് നിയമങ്ങളാണ് ഇല്ലാതായത്. 1954ല്‍ രൂപപ്പെട്ട മായംചേര്‍ക്കല്‍ നിരോധനിയമ മാണ് (Prevention of Food Adulteration Act, 1954) ഇതില്‍ ഏറ്റവും പ്രധാനം.

പഴവര്‍ഗ ഉല്‍പ്പന്ന ഉത്തരവ് (Fruit Products Order, 1955), മാംസ ഭക്ഷ്യോല്‍പ്പന്ന ഉത്തരവ് ( Meat Food Products Order, 1973), സസ്യ എണ്ണ ഉല്‍പ്പന്ന (നിയന്ത്രണ) ഉത്തരവ് (Vegetable Oil Products (Control) Order, 1947) ഭക്ഷ്യ എണ്ണ പാക്കേജിങ് (നിയന്ത്രണ) ഉത്തരവ് (Edible Oils Packaging (Regulation) Order 1988), ലായകം ഉപയോഗിച്ചു വേര്‍തിരിക്കുന്ന എണ്ണയും ഉപോല്‍പ്പന്നങ്ങളും സംബന്ധിച്ച നിയമം (Solvent Extracted Oil, De-oiled Meal and Edible Flour (Control) Order, 1967), പാലും പാലുല്‍പ്പന്നങ്ങളും സംബന്ധിച്ച ഉത്തരവ് ( Milk and Milk Products Order, 1992) എന്നിവയാണ് ഇല്ലാതായ മറ്റു നിയമങ്ങള്‍.

*
അഡ്വ. കെ ആര്‍ ദീപ ദേശാഭിമാനി
email:advocatekrdeepa@gmail.com

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭക്ഷ്യസുരക്ഷ, ഗുണനിലവാര നിയമം (Food safety and Standards Act 2006) ഇന്ത്യയില്‍ നിലവില്‍വന്നിട്ട് ഒരുവര്‍ഷം പിന്നിടുന്നു. 2011 ആഗസ്ത് അഞ്ചിനാണ് നിയമം പ്രാബല്യത്തിലായത്. ഭക്ഷണസാധനങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയുംചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഈ നിയമപ്രകാരം രജിസ്ട്രേഷനുള്ള സമയം 2012 ആഗസ്ത് അഞ്ചിന് അവസാനിക്കും. (ഈ സമയപരിധി ആറുമാസത്തേക്കു കൂടി നീട്ടി ജൂലൈ 27 നു ഉത്തരവായിട്ടുണ്ട്) ഇതോടെ നിയമം പൂര്‍ണരൂപത്തില്‍ നടപ്പാകും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഇതുവരെ പല നിയമങ്ങളാണ് ഉണ്ടായിരുന്നത്. ഇവയ്ക്കെല്ലാം പകരമാണ് ഈ നിയമം. ഭക്ഷ്യവസ്തുക്കള്‍ക്ക് ശാസ്ത്രീയമായി നിലവാരം നിര്‍ണയിക്കാനുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ട്.