Sunday, July 8, 2012

ടിംബക്തു

ഒരു കിണറില്‍നിന്നാണ് ടിംബക്തുവിന്റെ ചരിത്രം പിറക്കുന്നത്. പൊതുവില്‍ ലോകത്തിന് അജ്ഞാതമായ പുരാതന മാലി നാഗരികതയുടെ വിശേഷങ്ങള്‍ ഏറെ ചര്‍ച്ചയാകുന്നത് ഇവയ്ക്കുനേരെയുണ്ടായ "ഭീകരാക്രമണ"ത്തിനുശേഷം. ആഫ്രിക്കയിലെ പുരാതന ഇസ്ലാമിക സംസ്കാരത്തിന്റെ പ്രഭവകേന്ദ്രംതന്നെയാണ് ആധുനിക ഇസ്ലാമിക തീവ്രവാദികള്‍ തകര്‍ത്തതെന്നത് വിരോധാഭാസം. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സഹാറ മരുഭൂമിയുടെ ഓരംചേര്‍ന്നാണ് ടിംബക്തു "മരണത്തോട് മല്ലിടുന്നത്". പതിനൊന്നാം നൂറ്റാണ്ടില്‍ ത്വാരെഗ് വംശജന്‍ ഇമഷാഗനാണ് ടിംബക്തുവിന്റെ സ്ഥാപകന്‍. മഴക്കാലത്ത് മൃഗങ്ങളെ തീറ്റാന്‍ ത്വാരെഗ് വംശജര്‍ മരുഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞിരുന്നു. അല്‍പ്പം പച്ചപ്പുതേടിയുള്ള ഈ യാത്ര മാസങ്ങള്‍ നീളും. വേനല്‍ക്കാലമാകുന്നതോടെ നൈജര്‍ നദിക്കരയിലേക്ക് ത്വാരെഗുകള്‍ മടങ്ങിയെത്തും. ഇവിടെ സമൃദ്ധമായിരുന്ന "ബര്‍ഗു" എന്ന പുല്ലായിരുന്നു മൃഗങ്ങള്‍ക്ക് ആഹാരം. അതേസമയം, നദിക്കരയിലെ താമസം ത്വാരെഗുകള്‍ക്ക് പല ബുദ്ധിമുട്ടും സൃഷ്ടിച്ചു. മലിനജലവും കൊതുകുകളും പകര്‍ച്ചവ്യാധി പരത്തി. ഇതോടെ നദിയില്‍നിന്ന് മൈലുകള്‍ അകലെ മറ്റൊരിടത്തേക്ക് ത്വാരെഗുകള്‍ താവളം മാറ്റി. പുതിയ താവളത്തില്‍ അവര്‍ ഒരു കിണര്‍ കുഴിച്ചു.

മരുഭൂമിയില്‍ മഴയെത്തുമ്പോള്‍ തങ്ങളുടെ സാധനസാമഗ്രികള്‍ ടിന്‍ അബതത് എന്ന വൃദ്ധയെ ഏല്‍പ്പിച്ച് ത്വാരെഗുകള്‍ വീണ്ടും യാത്ര പോയി. കനത്ത മഴയില്‍നിന്നും മൃഗങ്ങളില്‍നിന്നും രക്ഷതേടി കിണറ്റിനുള്ളിലായിരുന്നു വൃദ്ധ കഴിഞ്ഞിരുന്നത്. "ടിന്‍ അബതത്" എന്ന പേരാണ് കാലക്രമത്തില്‍ "ടിംബക്തു" ആയതെന്ന് ചരിത്രകാരന്മാര്‍. ഭൂമിശാസ്ത്രപരമായ സവിഷേശതയാല്‍ സോങ്ഹായ്, വന്‍ഗാര, ഫുലാനി, ത്വാരെഗ്, അറബുകള്‍ തുടങ്ങിയവരുടെ സംഗമകേന്ദ്രമായി മാറി ടിംബക്തു. പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഫ്രിക്കയുടെ പടിഞ്ഞാറും വടക്കുംനിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുകയും കൈമാറുകയുംചെയ്യുന്ന വ്യാപാരകേന്ദ്രവും തുറമുഖവുമായി ഇവിടം. ടിംബക്തുവിന്റെ സമൃദ്ധി കറുത്തവംശജരായ പണ്ഡിതരെയും വ്യാപാരികളെയുമെന്നപോലെ അറബികളെയും ആകര്‍ഷിച്ചു. ഉപ്പ്, സ്വര്‍ണം എന്നിവയ്ക്കൊപ്പം പുസ്തകങ്ങളും ടിംബക്തുവിലെ പ്രധാന വിഭവമായിരുന്നെന്ന് ചരിത്രരേഖകള്‍ പറയുന്നു. തെഗാസ മേഖലയിലെ ഉപ്പ് ഖനി ത്വാരെഗ് വംശജനായ മെസുഫ പിടിച്ചെടുത്തു. തുടര്‍ന്ന് ഒട്ടകപ്പുറത്ത് വന്‍തോതില്‍ ഉപ്പ് ടിംബക്തുവിലേക്ക് എത്താന്‍തുടങ്ങി. തെഗാസ ഖനികള്‍ ടിംബക്തുവില്‍നിന്ന് 1850 കിലോമീറ്റര്‍ അകലെയാണ്. ആറുമാസത്തോളമെടുത്തിരുന്നു അവിടേക്കുള്ള ഒരു യാത്രയ്ക്ക്. ഈ യാത്രകള്‍ പതിവാക്കിയ ആഫ്രിക്കന്‍ വ്യാപാരികളും ത്വാരെഗുകളുമാണ് തിംബക്തുവില്‍ ആദ്യമായി സ്ഥിരതാമസം തുടങ്ങിയത്.

ഡിജെന്നെയില്‍നിന്നുള്ള ശില്‍പ്പികളും വടക്കന്‍ ആഫ്രിക്കയിലെ മുസ്ലിം ശില്‍പ്പികളുമാണ് ടിംബക്തുവിലെ ആദ്യകാല നിര്‍മാണങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്. വ്യാപാരവും വിജ്ഞാനവുമായിരുന്നു അവരുടെ ഔന്നത്യം. ആഫ്രിക്കന്‍ വന്‍കരയില്‍ വിജ്ഞാനത്തിന്റെയും വായനയുടെയും വിത്ത് വിതറിയത് ടിംബക്തുവില്‍നിന്നാണെന്ന് ചരിത്രകാരന്മാര്‍ സമര്‍ഥിക്കുന്നു. പുസ്തകങ്ങള്‍ക്ക് ടിംബക്തുവിന്റെ പുരാതന ചന്തയില്‍ വന്‍ ഡിമാന്റായിരുന്നു. മറ്റ് ഏത് ബിസിനസിനേക്കാളും ലാഭം പുസ്തകവ്യാപാരത്തിലൂടെ ലഭിച്ചിരുന്നെന്ന് പതിനാറാം നൂറ്റാണ്ടിന്റെ ചരിത്രകാരന്‍ ലിയോ ആഫ്രിക്കാനസ് എഴുതിയിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടോടെ ടിംബക്തു ഇസ്ലാമിക പഠനത്തിന്റെ പ്രധാന കേന്ദ്രമായി. മൂന്ന് സര്‍വകലാശാലയും 180 ഖുറാന്‍ സ്കൂളും ഇവിടെ ഉണ്ടായിരുന്നു. സാന്‍കോര്‍, ജിന്‍ഗാരായ് ബെര്‍, സിദി യഹ്യ എന്നിവയായിരുന്നു സര്‍വകലാശാലകള്‍. ആഫ്രിക്കയുടെ സുവര്‍ണകാലമെന്നാണ് ഈ കാലഘട്ടം അറിയപ്പെട്ടത്. പുസ്തകങ്ങള്‍ ടിംബക്തുവില്‍മാത്രം എഴുതിയവയായിരുന്നില്ല. മറ്റിടങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുകയും ഇവിടെ പകര്‍പ്പെടുക്കുകയുംചെയ്തു. സര്‍വകലാശാലകളിലും സ്വകാര്യ ലൈബ്രറികളിലും വിസ്മയിപ്പിക്കുന്ന പുസ്തകശേഖരമായിരുന്നു.

ടിംബക്തുവിന്റെ വന്‍ സാമ്പത്തിക വളര്‍ച്ച മാലിയിലെ ചക്രവര്‍ത്തി മന്‍സ മൂസയെ ആകര്‍ഷിച്ചു. കന്‍ കാന്‍ മൂസ എന്നറിയപ്പെട്ട ഇദ്ദേഹം 1325ല്‍ ടിംബക്തു പിടിച്ചെടുത്തു. ടിംബക്തുവിന്റെ ഇസ്ലാമിക പൈതൃകത്തില്‍ മൂസ അത്ഭുതപ്പെട്ടെന്ന് ചരിത്രം. അബു ഇസ് ഹഖ് ഇസ് സഹേലി എന്ന ഈജിപ്ഷ്യന്‍ ശില്‍പ്പിയെ മൂസ ഇവിടേക്ക് കൊണ്ടുവന്നു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുള്ള മോസ്ക് നിര്‍മിക്കാനായി 200 കിലോഗ്രം സ്വര്‍ണമാണ് അദ്ദേഹത്തിന് പ്രതിഫലമായി നല്‍കിയത്. ടിംബക്തുവില്‍ ഒരു രാജകൊട്ടാരവും ഡിജെന്നെയിലും ഗാവോയിയിലും മോസ്കുകളും മൂസയുടെ കാലത്ത് നിര്‍മിച്ചു. ഗാവോയിലെ മോസ്കിന്റെ അടിസ്ഥാനംമാത്രമാണ് ഇന്ന് ശേഷിക്കുന്നത്. മറ്റു സ്മാരകങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വെളിവാക്കുന്നതാണ് ഈ നാശം. 1339ല്‍ മോസി രാജവംശം ടിംബക്തുവിനെ കീഴ്പ്പെടുത്തി. 1434ല്‍ അകില്‍ അകമാള്‍വാളിന്റെ നേതൃത്വത്തില്‍ ത്വാരെഗുകളുടെ അധിനിവേശം വീണ്ടും. സൊകോട്ടോ ചക്രവര്‍ത്തിയായിരുന്ന സോനി അലി ബെര്‍ 1464ല്‍ ടിംബക്തുവിനെ സ്വന്തം അധീനതയിലാക്കി. സൈനികഭരണവും കൃഷിയും ജലസേചനവും മറ്റും നടപ്പാക്കിയത് ഇക്കാലത്താണ്.

1591ല്‍ മൊറോക്കോ സൈന്യം ആക്രമിക്കുന്നതോടെയാണ് ടിംബക്തുവിന്റെ നാശം തുടങ്ങുന്നത്. നഗരത്തിന്റെ സ്വത്തെല്ലാം കൊള്ളയടിച്ച സൈന്യം ഗ്രന്ഥാലയങ്ങള്‍ക്ക് തീയിട്ടു. പണ്ഡിതന്മാരെ വധിച്ചു. 1893ല്‍ പടിഞ്ഞാറന്‍ ആഫ്രിക്ക ഫ്രാന്‍സ് കോളനിവല്‍ക്കരിക്കുന്ന സമയത്ത് ടിംബക്തു ഫ്രഞ്ച് ഭരണത്തിന്‍കീഴിലായി. 1960ല്‍ മാലി സ്വതന്ത്രമാകുന്നതുവരെ ഈ കോളനിഭരണം തുടര്‍ന്നു. ടിംബക്തുവിലെ പല ചരിത്രരേഖകളം ഇന്ന് ഫ്രഞ്ച് മ്യൂസിയങ്ങളില്‍ കാണാം. ടിംബക്തുവിനെ യുനെസ്കോ നാശോന്മുഖ പൈതൃകസ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നാലുദിവസം പിന്നിട്ടപ്പോഴാണ് ചരിത്രത്തിന്റെ സ്മൃതികുടീരങ്ങള്‍ തകര്‍ത്തത്. അല്‍ ഖായ്ദശൃംഖലയില്‍പ്പെട്ട അന്‍സാര്‍ ദിന്‍ ആയിരുന്നു ആക്രമണത്തിന് പിന്നിലും മുന്നിലും. സീദി മഹ്മൂദിന്റെയും മറ്റു രണ്ടുപേരുടെയും സ്മൃതികുടീരങ്ങള്‍ തകര്‍ത്ത ഭീകരര്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ തകര്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാമിയാനിലെ ബുദ്ധപ്രതിമകള്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍കാര്‍ തകര്‍ത്തത് ലോകമെങ്ങും പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനുശേഷം ചരിത്രത്തിനും പൈതൃകത്തിനും നേരെയുള്ള ഏറ്റവും വലിയ ആക്രമണമാണ് ടിംബക്തുവിലുണ്ടായത്.

*
വിജേഷ് ചൂടല്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 08 ജൂലൈ 2012

No comments: