Thursday, July 12, 2012

കമ്യൂണിസ്റ്റ് "ഭൂതോച്ചാടന"വും സാമുദായിക രാഷ്ട്രീയവും

കഴിഞ്ഞ രണ്ടു മാസങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ടികള്‍ക്കും മാധ്യമങ്ങള്‍ക്കും തിരക്കോടുതിരക്കായിരുന്നു. സിപിഐ എമ്മില്‍ നിന്ന് പുറത്തുപോയ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ കൊലപാതകം; സിപിഐ എമ്മില്‍ നിന്നുതന്നെ പുറത്തുപോയ മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിന്നു ജയിച്ചത്. ഇവ രണ്ടും വന്‍ വാര്‍ത്തകള്‍ മാത്രമല്ല, വാര്‍ത്താ കോലാഹലങ്ങള്‍തന്നെ സൃഷ്ടിച്ചു. സിപിഐ എമ്മിനെ മുഖ്യവില്ലനായി ചിത്രീകരിച്ചുകൊണ്ട് മാധ്യമങ്ങള്‍ ആസൂത്രിതവും സംഘടിതവുമായി നടത്തിയ കരുനീക്കങ്ങളും അതിന്റെ ഫലമായുണ്ടായ തുടര്‍ക്കഥകളും ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ സംഭ്രമിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്തു. ഈ സംഘടിതാക്രമണം മറ്റു ഫലങ്ങളുമുളവാക്കി.

സിപിഐ എം കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നടത്തിപ്പോന്ന കൊലപാതകങ്ങളുടെ ""ചുരുള""ഴിയാന്‍ തുടങ്ങി. സര്‍ക്കാര്‍ തുടരെത്തുടരെ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടുകൊണ്ടിരുന്നു. ഏതുകൊലപാതകത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത് എന്നുപോലും തിരിച്ചറിയാനാകാതെ പ്രേക്ഷകരെ പരിഭ്രമിപ്പിക്കാന്‍ ചാനലുകള്‍ക്ക് കഴിഞ്ഞു. ഏതു കൊലയായാലും നടത്തിയതാര് എന്നതിനെപ്പറ്റി ഒരു സംശയത്തിനും ഇട നല്‍കാതെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പൊലീസ് അന്വേഷണത്തിലോ കോടതിയിലോ അന്തിമമായി തെളിയാത്ത കാര്യങ്ങള്‍പോലും പ്രേക്ഷകരുടെ മനസ്സില്‍ ഇളക്കാനാകാത്ത വസ്തുതകളായി സ്ഥാനംപിടിച്ചു. കേരളത്തിലെ ക്രൈം തില്ലര്‍ സംവിധായകനായ ഷാജി കൈലാസിനുപോലും നമ്മുടെ സാധാരണ ക്രൈം റിപ്പോര്‍ട്ടറുടെ അടുക്കല്‍ പോയി ട്യൂഷനെടുക്കേണ്ട സ്ഥിതിയാണിപ്പോള്‍.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കെതിരെയും സര്‍വോപരി സിപിഐ എമ്മിനെതിരെയും വളര്‍ത്തിക്കൊണ്ടുവന്ന സംഘടിതവും ആസൂത്രിതവുമായ ആക്രമണങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തിയ ഘട്ടമാണിപ്പോള്‍ നാം കാണുന്നത്. സിപിഐ എമ്മി ലെ വിഭാഗീയത, എസ്എന്‍സി ലാവ്ലിന്‍ കേസ് തുടങ്ങിയവയില്‍ നിന്ന് ആരംഭിച്ച ഈ ആക്രമണം തന്ത്രപൂര്‍വം കമ്യൂണിസ്റ്റുകാരെ മുഴുവന്‍ തള്ളിപ്പറയാതെയാണ് തുടങ്ങിയത്. കമ്യൂണിസ്റ്റുകാര്‍ മുഴുവന്‍ മോശക്കാരല്ല, ചില നേതാക്കന്മാര്‍ മാത്രമാണ് മോശം എന്ന നിലയിലുള്ള ഈ ആക്രമണത്തിന്റെ സ്വരം വലതു കമ്യൂണിസ്റ്റ് അനുഭാവികളെയും സംഭ്രമിപ്പിക്കുകയും "അവര്‍ പറയുന്നതില്‍ കാര്യമുണ്ട്" എന്ന നിലപാടിലെത്തിക്കുകയും ചെയ്തു. വലതുപക്ഷത്തിനും മാധ്യമങ്ങള്‍ക്കും കിട്ടിയ ശക്തമായ പിടിവള്ളിയായിരുന്നു അത്. ചില മുന്‍ ഇടതുപക്ഷ ബുദ്ധിജീവികളും ""നവസാമൂഹ്യ പ്രസ്ഥാ""ങ്ങളുടെ വക്താക്കളും സിപിഐ എമ്മിനെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ ആരംഭിച്ചതോടെ ഈ പിടിവള്ളി ശക്തമായ ഒരു പ്ലാറ്റ്ഫോമായി. ഈ ആക്രമണത്തിെന്‍റ ലക്ഷ്യം കമ്യൂണിസത്തിന്റെ നാശമല്ല, അവരെ പുറമെ നിന്നു തിരുത്തുകയും നേര്‍വഴിക്കു നയിക്കുകയുമാണ് എന്നു പറയാനും പലരും മറന്നില്ല. ഞങ്ങളാണ് യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ എന്നും കപട കമ്യൂണിസ്റ്റുകളെ തുറന്നു കാണിക്കുകയാണ് ലക്ഷ്യം എന്നും പലരും ആവേശത്തോടെ പറഞ്ഞു.

ഇത്തരം ആക്രോശങ്ങള്‍ക്കെല്ലാം മാധ്യമങ്ങള്‍ വേദികളൊരുക്കുകയും അങ്ങനെ സ്വന്തം കരുനീക്കങ്ങളെ ഒരു യുദ്ധസന്നാഹമാക്കി മാറ്റുകയും ചെയ്തു. എസ്എന്‍സി ലാവ്ലിനും സിപിഐ എമ്മിലെ വിഭാഗീയതയും പോലുള്ള പഴയ ആയുധങ്ങള്‍ക്ക് തുരുമ്പു പിടിച്ചുതുടങ്ങിയപ്പോഴാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തിലൂടെ പുതിയ ആയുധം വീണുകിട്ടിയത്. അതോടെ കമ്യൂണിസ്റ്റുകാര്‍ എന്ന പൈശാചിക ശക്തികള്‍ക്കെതിരായ അങ്കപ്പുറപ്പാട് ആരംഭിക്കുകയും ചെയ്തു. പഴയതുപോലെ, യഥാര്‍ഥ കമ്യൂണിസ്റ്റുകാരോട് സഹതപിച്ച് അവരെ നക്കിക്കൊല്ലാനല്ല, എല്ലാ കമ്യൂണിസ്റ്റുകാരും സാത്താന്റെ സന്തതികളാണ് എന്നു പ്രഖ്യാപിച്ച് അവരെ ഉച്ചാടനം ചെയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരം നാടകങ്ങള്‍ ആദ്യമായല്ല അരങ്ങേറുന്നത്. 1920 കളില്‍ മുസോളിനിയുടെ കരിങ്കുപ്പായക്കാര്‍ മാറ്റിയോട്ടി എന്ന സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ മറവില്‍ ഇറ്റലിയിലെ കമ്യൂണിസ്റ്റു പാര്‍ടിയുടെ എല്ലാ ഓഫീസുകളും ആക്രമിക്കുകയും പ്രസ്ഥാനത്തെ നാമാവശേഷമാക്കുകയും ചെയ്തു. ഗ്രാംഷി, ബോര്‍ഡി തുടങ്ങിയവരെല്ലാം അറസ്റ്റു ചെയ്യപ്പെടുകയും തോഗ്ലി ചാറ്റിക്ക് ഇറ്റലി വിട്ടോടിപ്പോകേണ്ടി വരുകയും ചെയ്തു.

1934ല്‍ ജര്‍മ്മന്‍ പാര്‍ലമെന്റ് മന്ദിരമായ റൈഹ്സ്റ്റഗിന് തീവെച്ചുവെന്നാരോപിച്ച് ഹിറ്റ്ലര്‍ ജര്‍മ്മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ തകര്‍ത്തുകളഞ്ഞു. നാസികളുടെതന്നെ ചാവേര്‍സംഘമാണ് പാര്‍ലമെന്റ് മന്ദിരത്തിന് തീവെച്ചത് എന്നു പിന്നീട് തെളിഞ്ഞുവെങ്കിലും കമ്യൂണിസ്റ്റ് വേട്ട പൂര്‍ണമായി നടന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഗ്രീസില്‍ കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ വിപ്ലവശ്രമം അമേരിക്കതന്നെ ഇടപെട്ട് തകര്‍ക്കുകയും കമ്യൂണിസ്റ്റ് പാര്‍ടി ഇല്ലാതാവുകയും ചെയ്തു. കമ്യൂണിസ്റ്റുകാര്‍ അടങ്ങുന്ന വിപ്ലവകാരികളെ സായുധസമരത്തിലൂടെ കൊന്നൊടുക്കിയിട്ടാണ് സ്പെയിനില്‍ ഫാസിസം അധികാരത്തില്‍ വരുന്നത്. അമേരിക്കയില്‍ മക്കാര്‍ത്തിയന്‍ യുഗത്തില്‍ കമ്യൂണിസ്റ്റുകാര്‍ എന്നു സംശയിച്ചവരെ മുഴുവന്‍ വേട്ടയാടി. പ്രശസ്ത ചലച്ചിത്ര നടനായ ചാര്‍ലി ചാപ്ലിന് അമേരിക്ക വിട്ട് ഇംഗ്ലണ്ടില്‍ പോയി താമസിക്കേണ്ടിവന്നു. "കോമ്മി" എന്നും "റെഡ്" എന്നുമുള്ള വാക്കുകള്‍ തെറിപദങ്ങളായി മാറി.

1956ല്‍ ക്രൂഷ്ചെവ് അവതരിപ്പിച്ച സ്റ്റാലിന്റെ അമിതാധികാര പ്രവണതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനുശേഷം കമ്യൂണിസ്റ്റുകാര്‍ കൊലയാളികളുടെ പര്യായമായി. ഇതും കമ്യൂണിസ്റ്റ് വേട്ടയ്ക്കുള്ള ന്യായീകരണമായി. ഇന്തോനേഷ്യയില്‍ ജനറല്‍ സുഹാര്‍ത്തോ അവിടെ ശക്തമായ കമ്യൂണിസ്റ്റ് പാര്‍ടിയെ കൂട്ടക്കൊലക്കിരയാക്കി. കേരളത്തിലും വിമോചനസമരകാലത്ത് കൊലയാളി കമ്യൂണിസ്റ്റുകാര്‍ എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടിരുന്നു. അങ്കമാലി കല്ലറയും ഫ്ളോറിയുടെ കൊലപാതകവും അന്ന് ഇതിന്റെ തെളിവുകളായിരുന്നു. വിമോചനസമരത്തിന്റെ അമ്പതാം വാര്‍ഷികം കേരളത്തിലെ പള്ളിവികാരികള്‍ ആചരിച്ചത് അങ്കമാലിയിലെ കല്ലറയില്‍ പോയി പ്രാര്‍ഥന നടത്തിയിട്ടാണെന്നത് ആകസ്മികമല്ല. ഫ്ളോറിയുടെ കൊലപാതകം പുനരന്വേഷണം നടത്താനും ഇന്നത്തെ സര്‍ക്കാര്‍ ഉത്തരവിട്ടേക്കാം. 1937ല്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപിക്കപ്പെട്ടതിനുശേഷമുള്ള എല്ലാ കൊലപാതകങ്ങളും അക്രമങ്ങളും നിയമലംഘനങ്ങളും (ധര്‍ണയും ഹര്‍ത്താലും പ്രകടനവും സമരങ്ങളുമെല്ലാം നിയമലംഘനമാണല്ലോ) വിചാരണ ചെയ്യാന്‍ ന്യൂറംബര്‍ഗ് മാതൃകയില്‍ വിചാരക്കോടതിയും മതനിയമങ്ങള്‍ പാലിക്കാത്തതിന് ഒരു ഇന്‍ക്വിസിഷന്‍ കോടതിയും വേണമെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചേക്കാം. ഇതിനാവശ്യമായ എല്ലാ വിവരങ്ങളും ""ഹോട്ട് ഐറ്റംസ്"" ആയി എത്തിച്ചുകൊടുക്കാന്‍ ഉപജാപകസംഘങ്ങളെയും അതേവേഗത്തില്‍ വാചാലമായി അവതരിപ്പിക്കാന്‍ കഴിവുള്ള റിപ്പോര്‍ട്ടര്‍മാരെയും സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നതുകൊണ്ട് വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും പഞ്ഞമുണ്ടാവുകയില്ല.

നൂറ്റിഅമ്പതു വര്‍ഷത്തിലേറെക്കാലമായി കമ്യൂണിസ്റ്റു രാഷ്ട്രീയ പ്രവര്‍ത്തകരും അന്വേഷകരും നടത്തിയിട്ടുള്ള എല്ലാ സൈദ്ധാന്തികശ്രമങ്ങളും വിപ്ലവപാതകളും ശുദ്ധ അസംബന്ധമായിരുന്നുവെന്നും മാര്‍ക്സിസം താത്വികമായി തന്നെ ജനാധിപത്യ വിരുദ്ധമാണെന്നും അതിന്റെ അടിസ്ഥാന മുഖമുദ്ര സര്‍വാധിപത്യവും സ്റ്റാലിനിസ്റ്റ് ഭീകരതയുമാണെന്നും ആണയിട്ടു പറയാന്‍ തയ്യാറുള്ള പൗരസമൂഹബുദ്ധിജീവികള്‍ നിറഞ്ഞാടുന്ന സാഹചര്യങ്ങളില്‍ പുതിയ തലമുറയെ മാര്‍ക്സിസവുമായി എന്തെങ്കിലും ബന്ധമുള്ള പ്രവര്‍ത്തന രൂപങ്ങളില്‍നിന്ന് അകറ്റി നിര്‍ത്താന്‍ പ്രയാസമുണ്ടാവുകയില്ല. ശേഷിക്കുന്നത് കേരളത്തിലെ വേറൊരു വഴിയില്ലാതെ കടന്നുവരുന്ന പാവപ്പെട്ടവരായതുകൊണ്ട് അവരെ ക്വട്ടേഷന്‍ സംഘങ്ങളായി മുദ്രയടിച്ച് ഒതുക്കാനും പ്രയാസമില്ല. ഇതെല്ലാം ചേരുമ്പോള്‍ കമ്യൂണിസ്റ്റ് ഭൂതത്തിന്റെ ഉച്ചാടനം പൂര്‍ണമാകും. പണ്ട് ദക്ഷിണേന്ത്യയില്‍ പലയിടങ്ങളിലും ബ്രാഹ്മണര്‍ ബൗദ്ധ-ജൈനമതങ്ങളെ ഒരുക്കിയത് ഇതുപോലെയായിരുന്നുവെന്നു കേട്ടിട്ടുണ്ട്.

ഇവിടെ സൂചിപ്പിച്ച ""മോഹനസുന്ദരസ്വപ്നം"" സാക്ഷാല്‍ക്കരിക്കാനുള്ള തീവ്രശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇനി മുതല്‍ അരങ്ങേറുന്ന തിരക്കഥയിലെ എപ്പിസോഡുകളും കണ്ടെത്താന്‍ പ്രയാസമുണ്ടാവുകയില്ല. കമ്യൂണിസ്റ്റുകാരിലാരു ചെയ്യുന്ന കുറ്റങ്ങള്‍ക്കും പഴി കമ്യൂണിസ്റ്റ് പാര്‍ടിക്കായിരിക്കും. ആ കുറ്റങ്ങളെ മുന്‍നിര്‍ത്തി നടപടിയെടുത്താല്‍ നടപടിയെടുത്തതിന്റെ പഴിയും പാര്‍ടിക്കുതന്നെയായിരിക്കും. സമകാലീന രാഷ്ട്രീയത്തില്‍ പാര്‍ടി എന്തു നിലപാടെടുത്താലും വിമര്‍ശിക്കപ്പെടും, നിലപാട് എടുത്തില്ലെങ്കില്‍ അതിനും വിമര്‍ശിക്കപ്പെടും. ഉദാഹരണത്തിന്, പ്രണബ് മുഖര്‍ജിയെ പ്രസിഡന്റ് സ്ഥാനത്തിന് പിന്തുണച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ വിമര്‍ശിക്കാം. പിന്തുണച്ചില്ലെങ്കില്‍ ബിജെപിയെ പരോക്ഷമായി പിന്തുണക്കുകയല്ലേ ചെയ്തത് എന്നും വിമര്‍ശിക്കാം. ""തല എനിക്ക്, വാല്‍ തനിക്കില്ല"" എന്നും ""ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം"" എന്നുമൊക്കെയുള്ള ചൊല്ലുകള്‍ ഇവിടെയെല്ലാം അന്വര്‍ഥമാണ്. ഇത്തരത്തിലുള്ള ഒരു വിമര്‍ശനവും മറ്റൊരു രാഷ്ട്രീയ പാര്‍ടിക്കും ബാധകമാവുകയില്ല എന്നതും ചിലയാളുകള്‍ എന്തുചെയ്താലും ഒന്നും പറയുകയില്ല എന്നതും ശ്രദ്ധേയമാണ്. ഇത്തരത്തിലുള്ള അഴിയാക്കുരുക്കുകളില്‍ പെടുത്തി കമ്യൂണിസത്തെ തകര്‍ക്കുക വലതുപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും മാത്രമല്ല ഒരു വിഭാഗം ""സാംസ്കാരിക"" നായകന്മാരുടെയും പരസ്യമായ ലക്ഷ്യമാണ്. ഇതിന്റെ സൂചനയാണ് ഒരു ആനുകാലികം തുടങ്ങിവച്ച ""മാര്‍ക്സിസം, ഹിംസ, ജനാധിപത്യം"" എന്ന ചര്‍ച്ച. മാര്‍ക്സിസവും ഹിംസയും തമ്മിലുള്ള താത്വികമായ ബന്ധം സ്ഥാപിച്ചെടുത്താല്‍ പിന്നെ സ്റ്റാലിനിസ്റ്റ് ഭീകരതയിലേക്കും ലെനിനിസ്റ്റ് സര്‍വാധിപത്യത്തിലേക്കും ""കൊലയാളി"" കമ്യൂണിസത്തിലേക്കും പോകാന്‍ പ്രയാസമുണ്ടാവുകയില്ല. ഇതൊക്കെത്തന്നെയാണോ മാര്‍ക്സിന്റെയും ലെനിന്റെയും മറ്റു നിരവധി വിപ്ലവകാരികളുടെയും യഥാര്‍ഥ നിലപാടുകള്‍ എന്ന ചോദ്യം പോലും അവശേഷിക്കുകയില്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണത്തിനുള്ള പ്രാഥമിക സാധ്യതകള്‍പോലും അതോടെ ഇല്ലാതാകും.

എന്തിനാണ് ഈ ആക്രമണം നടത്തുന്നത്? നവലിബറലിസത്തിനുള്ള യഥാര്‍ഥ വെല്ലുവിളി അതിന്റെ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവുമാണ് ഇപ്പോള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അതിനെതിരായ പ്രക്ഷോഭങ്ങള്‍ ലോകമാസകലം വളര്‍ന്നു വരികയുമാണ്. ഈ പ്രക്ഷോഭങ്ങളില്‍ കമ്യൂണിസ്റ്റുകളും പൗരസമൂഹ പ്രസ്ഥാനങ്ങളും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പൗരസമൂഹക്കാര്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ ഇപ്പോള്‍ ശ്രമിക്കാറില്ല. നവലിബറല്‍ പ്രതിസന്ധി കേരളത്തെയും ബാധിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ കേരളത്തിന്റെ ജനാധിപത്യ നേട്ടങ്ങളെ സംരക്ഷിക്കുകയും നവലിബറല്‍ പ്രതിസന്ധിയെ നേരിടുകയും ചെയ്യുന്ന വിപുലമായ പ്രസ്ഥാനങ്ങള്‍ ഇവിടെ ആവശ്യമാണ്. ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയും അതിനെ മറികടക്കാനുള്ള പോംവഴി പശ്ചാത്തല സൗകര്യങ്ങളുടെ വികസനമാണെന്ന് കേന്ദ്രഗവണ്‍മെന്റ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ മോണോറെയിലും മെട്രോയും ബുള്ളറ്റ് ട്രെയിനും കണ്ണൂര്‍ വിമാനത്താവളവും വരുമെന്ന പ്രഖ്യാപനം ഇതിന്റെ ഭാഗമാണ്. ഇവ തന്നെയാണോ വേണ്ടത് എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. പൗരസമൂഹപ്രസ്ഥാനങ്ങളും ഇപ്പോള്‍ നിശബ്ദമാണ്. ഈ നിശബ്ദത നവലിബറലിസത്തിനുള്ള അംഗീകാരമായി മാറുകയാണെങ്കില്‍ അതിന്റെ നേട്ടം ആര്‍ക്കാകുമെന്ന് പറയേണ്ടതില്ല.

കമ്യൂണിസത്തിനെതിരായ ആക്രമണം നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാനുള്ള പുകമറ മാത്രമല്ല. കേരള സമൂഹത്തെയും ജനാധിപത്യ സംസ്കാരത്തെയും ആഴത്തില്‍ ബാധിക്കുന്ന മറ്റൊരു മാറ്റം ഇപ്പോള്‍ തന്നെ ദൃശ്യമാണ്. നമ്മുടെ ബുദ്ധിജീവികള്‍ കരുതുന്നതുപോലെ പൗരസമൂഹ പ്രസ്ഥാനങ്ങള്‍ വളരുകയല്ല, തളരുകയാണ് ചെയ്യുന്നത്. ഇന്നത്തെ കേരള രാഷ്ട്രീയവും സമൂഹവും നിര്‍ണയിക്കുന്നത് കമ്യൂണിസ്റ്റുകാരോ ""ലിബറല്‍"" ജനാധിപത്യശക്തികളോ അല്ല, സാമുദായിക ശക്തികളാണ്. പൗരസമൂഹതലത്തില്‍ അവര്‍ നേരത്തെതന്നെ സ്വാധീനം സ്ഥാപിച്ചുകഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സാമൂഹ്യ-സേവന-ജീവകാരുണ്യ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, തുടങ്ങി പണമിടപാടു സ്ഥാപനങ്ങളും വ്യവസായങ്ങളും സ്വര്‍ണക്കച്ചവടവും വരെ അവരുടെ നിയന്ത്രണത്തിലാണ്. കുടുംബശ്രീ മാതൃകയിലുള്ള സ്വയം സഹായസംഘങ്ങള്‍ ആരംഭിക്കുന്നതും എല്ലാവിധ കേന്ദ്രഗവണ്‍മെന്റ് ധനസഹായത്തോടെയുള്ള പദ്ധതികള്‍ നിര്‍വഹിക്കുന്നതും അവര്‍തന്നെയാണ്. സാധാരണ ജനങ്ങളുടെ ജനം, വിവാഹം, മരണം, വസ്തു വില്‍ക്കല്‍-വാങ്ങല്‍ തുടങ്ങിയവയില്‍ പോലും അവര്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ഇന്നത്തെ പൗരസമൂഹബുദ്ധിജീവികള്‍ക്ക് വേദികളൊരുക്കുന്നതും കാണികളെയും കേള്‍വിക്കാരെയും നല്‍കുന്നതും അവര്‍ തന്നെയാണ്. സ്വത്വ രാഷ്ട്രീയത്തിന്റെ രൂപത്തില്‍ ആശയതലത്തിലും അവര്‍ തന്നെയാണ് സ്വാധീനം ചെലുത്തുന്നത്. ഈ സ്വാധീനത്തിന്റെ വിവിധ തലങ്ങള്‍ നാം ഇതിനകം കണ്ടതാണ്.

കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് "മതമില്ലാത്ത ജീവന്‍" എന്നപാഠത്തെയും വസ്ത്രധാരണത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തെയും സംബന്ധിച്ച വിവാദം, മദ്രസാപഠനത്തിന്റെ സമയം മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ വിവാദം, പാഠപുസ്തകത്തില്‍നിന്ന് മുഹമ്മദും ദൈവവും തമ്മിലുള്ള സംഭാഷണം മുന്‍നിര്‍ത്തി ഒരു അധ്യാപകന്റെ കൈവെട്ടിയ സംഭവം തുടങ്ങി സാമുദായികശക്തികള്‍ ഉയര്‍ത്തിയ നിരവധി പ്രശ്നങ്ങള്‍ വിദ്യാഭ്യാസരംഗത്ത്തന്നെ ഉണ്ടായിട്ടുണ്ട്. സ്വാശ്രയകോളേജുകളെ തന്നിഷ്ടം പോലെ നടത്താനുള്ള അവകാശത്തിനുവേണ്ടി വാദിച്ചതും സാമുദായിക ശക്തികള്‍ തന്നെയാണ്. സ്വാശ്രയ കോളേജുകളുടെ മേല്‍ സാമൂഹ്യനിയന്ത്രണം കൊണ്ടുവരാനുള്ള നിയമമുണ്ടായപ്പോള്‍ വീണ്ടുമൊരു വിമോചനസമരം നടത്തി കേരളമാകെ സ്തംഭിപ്പിക്കാനുള്ള ശ്രമം നടന്നു. ഇന്നത്തെ കമ്യൂണിസ്റ്റ് വേട്ടയുടെ നാന്ദികുറിച്ചത് അവിടെനിന്നാണ്. കമ്യൂണിസ്റ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന മാധ്യമങ്ങളെല്ലാം ഏതെങ്കിലും സാമുദായിക ശക്തിയുമായോ പ്രകടമായ കമ്യൂണിസ്റ്റ്വിരുദ്ധ പാരമ്പര്യമുള്ള ശക്തികളുമായോ ബന്ധമുള്ളവയാണെന്നത് ആകസ്മികമല്ല.

സാമുദായികശക്തികളുടെ രാഷ്ട്രീയാധിപത്യം വ്യക്തമായത് ഇന്നത്തെ യുഡിഎഫ് ഭരണകാലത്താണ്. സാമുദായിക ശക്തികള്‍ക്ക് എല്ലാം അടിയറ വയ്ക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ നിലവിലുള്ളത്. ഒരുകാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന സെക്കുലര്‍ ജനാധിപത്യ നിലപാടു പോലുമില്ലാത്ത നേതൃത്വവും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മാനേജ്മെന്റ് ട്രെയിനികള്‍ എന്നുവിളിക്കാവുന്ന യുവതലമുറയുമുള്ളപ്പോള്‍ സാമുദായിക ശക്തികള്‍ക്ക് ഭരണകക്ഷിയില്‍നിന്ന് ഒന്നും ഭയപ്പെടാനില്ല. ചന്ദ്രശേഖരന്‍ വധത്തിന്റെ കോലാഹലത്തിനിടക്കുതന്നെയാണ് സര്‍ക്കാര്‍ സ്വാശ്രയ പ്രൊഫഷണല്‍ മാനേജ്മെന്റുകള്‍ക്ക് അടിയറവു പറഞ്ഞ് സര്‍ക്കാര്‍ ക്വാട്ടയിലെയും മാനേജ്മെന്റുകളിലേയും ഫീസ് ഏകീകരിച്ചത്. അവര്‍ക്ക് തലങ്ങും വിലങ്ങും സിബിഎസ്ഇ സ്കൂളുകള്‍ തുടങ്ങാന്‍ എന്‍ഒസി നല്‍കുന്നത്, സിബിഎസ്ഇ സ്കൂളുകളിലെ സ്കൂള്‍ പരീക്ഷകളെ എസ്എസ്എല്‍സിയുമായി തുലനം ചെയ്ത് ഹയര്‍സെക്കന്‍ഡറിയില്‍ പ്രവേശനം നല്‍കുന്നത്.

ഇത്തരത്തിലുള്ള എല്ലാ ഉപകാരങ്ങളും ചെയ്യുകയും എല്‍ഡിഎഫ് സര്‍ക്കാരിനെപ്പോലെ സെക്കുലര്‍ ജനാധിപത്യവും സാമൂഹ്യ നിയന്ത്രണവും പോലെയുള്ള ഉപദ്രവങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാരിന് പ്രത്യുപകാരം ചെയ്യേണ്ടതല്ലേ? അതുകൊണ്ട് പള്ളികള്‍ക്കും വസ്തുവകകള്‍ക്കും വേണ്ടി തമ്മിലടിക്കുന്ന യാക്കോബായ സഭയും ഓര്‍ത്തഡോക്സ് സഭയും ചേര്‍ന്ന് പിറവത്ത് യുഡിഎഫിനെ ജയിപ്പിച്ചു. അതിന് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമെല്ലാം ഹിന്ദുധര്‍മത്തിനുവേണ്ടി ആക്രോശിക്കുന്ന എന്‍എസ്എസ്, എസ്എന്‍ഡിപി നേതാക്കള്‍ സഹായിക്കുകയും ചെയ്തു. വിചിത്രമായ ഈ ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം സെക്കുലറിസത്തിനുമേല്‍ സാമുദായികതയുടെ വിജയമായിരുന്നു. നെയ്യാറ്റിന്‍കരയില്‍ നാടാന്മാര്‍ക്ക് ഒരു മന്ത്രി എന്ന ഒരു പുതുക്കൂറ്റ് നാടാര്‍ സംഘടനയുടെ ആവശ്യം ഫലപ്രദമായി മുതലെടുത്ത് എല്‍ഡിഎഫ് ആയിരുന്നപ്പോള്‍ മന്ത്രിയാകാന്‍ സാധ്യതയില്ലാതിരുന്ന ശെല്‍വരാജ് ജയം സംഘടിപ്പിച്ചു. അവിടെ ശക്തമായ നായര്‍ ""ഹിന്ദു"" വോട്ട് ബിജെപി സ്ഥാനാര്‍ഥിക്കും ലഭിച്ചു. ചുരുക്കത്തില്‍ രണ്ട് തെരഞ്ഞെടുപ്പുകളിലും സാമുദായികത വിജയിച്ചു. നാടാര്‍ മന്ത്രി ഉണ്ടാകുമോ എന്നത് കണ്ടറിയണം.

എന്തായാലും മന്ത്രിമാരെയും കോര്‍പറേഷന്‍ ചെയര്‍മാന്മാരെയുമെല്ലാം രാഷ്ട്രീയാടിസ്ഥാനത്തിലല്ലാതെ സാമുദായികാടിസ്ഥാനത്തില്‍ പങ്കുവയ്ക്കുന്നത് കീഴ്വഴക്കമായി മാറിയത് ഇപ്പോഴാണ്. ഇനിയങ്ങോട്ട് ജി സുകുമാരന്‍നായരും വെള്ളാപ്പള്ളി നടേശനും ക്രിസ്ത്യന്‍ ബിഷപ്പുമാരും മുസ്ലിം സമുദായ സംഘടനകളും ഇവരെല്ലാം സ്പോണ്‍സര്‍ ചെയ്യുന്ന നിരവധി പൗരസമൂഹ സംഘടനകളും കേരളത്തിലെ അധികാരരൂപങ്ങളാണ്. ഇവരുടെ ചവിട്ടടിയില്‍ പെട്ടുഴലുന്ന ദളിതരും ആദിവാസികളും സ്ത്രീകളും തീരദേശ വാസികളുമെല്ലാം സ്വന്തം ""പൗരസമൂഹ"" സംഘടനകളുണ്ടാക്കാനും ശ്രമിക്കുകയാണ്. ഇവര്‍ക്ക് പൗരസമൂഹബുദ്ധിജീവികളുടെ ശക്തമായ പിന്തുണയും കിട്ടുന്നുണ്ട്. ഇന്ന് കേരളത്തിലും ഇന്ത്യയിലും നടക്കേണ്ടത് വര്‍ഗസമരങ്ങളല്ലെന്നും വര്‍ഗസമരങ്ങള്‍ കാലഹരണപ്പെട്ടു കഴിഞ്ഞു എന്നുപറയുമ്പോഴും പ്രധാനശത്രുക്കള്‍ ""ഭരണകൂട ഭീകരത""യും സവര്‍ണ മേധാവിത്വവും അഭ്യന്തര കൊളോണിയലിസവും ബ്രാഹ്മണാധിപത്യവും മൃദുഹിന്ദുത്വവും മറ്റുമാണെന്നു വാദിക്കുമ്പോഴും ഇത്തരം ബുദ്ധിജീവികള്‍ ചെയ്യുന്നത് സ്വത്വരാഷ്ട്രീയത്തിന് എല്ലാവിധ നീതീകരണവും നല്‍കുകയാണ്.

ഈ നീതീകരണത്തിന് വളരെ സമര്‍ഥമായ ഒരു ദ്വന്ദ്വ സ്വഭാവമുണ്ട്. ഒരുവശത്ത് ധനികനും ദരിദ്രനും തമ്മിലും ചൂഷകരും ചൂഷിതരും തമ്മിലും മേലാളരും കീഴാളരും തമ്മിലുള്ള അന്തരത്തെയും വൈരുധ്യത്തെയും നിരന്തരമായി അനുഭവിക്കുകയും അതിനെ മറികടക്കാനുള്ള വഴികളാരായുകയും ചെയ്യുന്ന സാധാരണക്കാര്‍ക്ക് പ്രത്യയശാസ്ത്രപരമായ ഒരു പുതിയ വഴി പറഞ്ഞുകൊടുക്കുന്നു. മേല്‍പറഞ്ഞ ശത്രുക്കള്‍ക്ക് മാത്രമല്ല മൂലധനാധിപത്യത്തിനെയും എതിര്‍ത്തുനില്‍ക്കാന്‍ കഴിയുന്ന ഏകശക്തി സ്വത്വമാണെന്ന് അവരെ ബോധ്യപ്പെടുത്തുന്നു. ഈ സ്വത്വം സാമുദായികതയാണെന്ന് ബോധ്യപ്പെടുത്തുന്നതോടെ അടിയാളരുടെ മാത്രമല്ല മേലാളരുടെയും സാമുദായികതയ്ക്കും നീതീകരണം ലഭിക്കുന്നു. മൂലധനാധിപത്യവും സാമുദായികമാകാം എന്നും അതോടെ വന്നുചേരുന്നു. അതോടെ ജനങ്ങളുടെ അനുഭവങ്ങളുടെ ഭാഗമായ സമൂഹവൈരുധ്യങ്ങള്‍ നിരാകരിക്കപ്പെടുകയും കൃത്രിമമായ വേറൊരുതരം വൈരുധ്യങ്ങള്‍ രൂപപ്പെടുകയും ചെയ്യുകയാണ്. മുതലാളിയും തൊഴിലാളിയും ഒരുപോലെ സാമുദായിക സ്വത്വങ്ങളെ പ്രയോജനപ്പെടുത്തുന്ന സംഘര്‍ഷ രൂപങ്ങള്‍ സ്വാഭാവികമായി ഒരു സമുദായത്തിലെ തൊഴിലാളിയും അന്യസമുദായത്തിലെ മുതലാളിയും തമ്മിലുള്ള സംഘര്‍ഷമായി മാറും. അതായത് സ്വത്വസംഘര്‍ഷങ്ങള്‍ സമൂഹത്തിന്റെ അടിസ്ഥാനപരമായി മാറുന്നു.

അധികാരഘടനയെക്കുറിച്ചുള്ള താത്വികവാദങ്ങള്‍ ഇത്തരം സംഘര്‍ഷങ്ങള്‍ക്കുള്ള പിന്‍ബലവും നല്‍കും. പൗരസമൂഹപോരാട്ടങ്ങള്‍ എത്തിച്ചേരുന്ന അവസ്ഥയാണ് സൂചിപ്പിച്ചത്. മതവും ജാതിയും സ്വത്വവുമെല്ലാം പൗരസമൂഹത്തിന്റെ "ബഹുത്വ"ങ്ങളും ബഹുത്വരാഷ്ട്രീയം ഭാവിയെ മോഹനമാക്കുന്നതുമാണല്ലോ. ഇതെങ്ങനെയാണ് ജനാധിപത്യക്രമമാകുക? ഇവിടെ പൗരന്മാരോ ജനങ്ങളോ ഇല്ല, സ്വത്വങ്ങള്‍ മാത്രമേ ഉള്ളു. മനുഷ്യബന്ധങ്ങള്‍ ഇല്ല സ്വത്വങ്ങളുടെ ബഹുത്വമേ ഉള്ളു. പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളുമെല്ലാം സ്വത്വാധിഷ്ഠിതമായിരിക്കും. സ്വത്വങ്ങള്‍ക്ക് തെരഞ്ഞെടുപ്പിന് നില്‍ക്കാം. എല്ലാ സ്വത്വങ്ങള്‍ക്കും റിസര്‍വേഷന്‍ വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബ്യൂറോക്രസിയിലും പങ്കുപറ്റാം.

ഭൂരിപക്ഷ-ന്യൂനപക്ഷ സ്ഥാപനങ്ങള്‍ നടത്താം. വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാം. ഗുജറാത്തില്‍ സംഭവിച്ചതുപോലെ വെവ്വേറെ സമുദായങ്ങള്‍ക്ക് വെവ്വേറെ ഫ്ളാറ്റ് സമുച്ചയവും കോളനികളും ഹോട്ടലുകളും സ്കൂളുകളുമൊക്കെ ആകാം. സാമൂഹ്യമായി പുറന്തള്ളപ്പെടുന്ന കീഴാള വിഭാഗങ്ങളെ ഉള്‍ക്കൊള്ളാനുള്ള പ്രത്യേക പദ്ധതികളും ആകാം. സ്ത്രീപുരുഷന്മാര്‍ക്ക് വെവ്വേറെ താമസിക്കാം. ഉഭയ ലൈംഗികത ഒഴിവാക്കാന്‍ ഗേ കമ്മ്യൂണുകളും ലെസ്ബിയന്‍ കമ്മ്യൂണുകളും വിയമം വഴികൊണ്ടുവരാം. കുട്ടികള്‍ വേണമെങ്കില്‍ സെമന്‍ ബാങ്കുകളെയൊ ഓവറി ബാങ്കുകളെയോ സമീപിക്കാം. സാമുദായികത നിലനിര്‍ത്താന്‍ സ്വന്തം സമുദായ സെമനെത്തന്നെ തെരഞ്ഞെടുക്കാം. യുജനിക്സ് പോലുള്ള "സെലക്ടീവ്" ഭോഗമാതൃകകളും സ്വീകരിക്കാം. പക്ഷേ, ഇതൊക്കെ എങ്ങനെയാണ് പൗരസമൂഹരൂപങ്ങളും ജനാധിപത്യവുമാകുക? മാര്‍ക്സിസവും ലിബറല്‍ ജനാധിപത്യവും കടകവിരുദ്ധമായിരിക്കാം. പക്ഷേ സ്വത്വരാഷ്ട്രീയം എങ്ങനെയാണ് ജനാധിപത്യമാകുക? മേല്‍പറഞ്ഞ വിധത്തിലുള്ള "ധീരനൂതനലോകം" ആരുടെയും ലക്ഷ്യമല്ലെന്നു വേണമെങ്കില്‍ വാദിക്കാം.

സമുദായ നീതിയും സമുദായങ്ങളുടെ ന്യായമായ അവകാശങ്ങളുടെ സംരക്ഷണവും ആരും എതിര്‍ക്കുന്നില്ല. അത്തരത്തിലുള്ള സാമുദായികാവശ്യങ്ങളെ എല്ലാവരും അംഗീകരിക്കുന്ന പൊതു സാമൂഹ്യമാനദണ്ഡങ്ങള്‍ക്കുള്ളില്‍ കൊണ്ടുവരണമെന്നും സമുദായങ്ങളില്‍ പെടാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും സമുദായത്തെ അംഗീകരിച്ചുകൊണ്ടുതന്നെ നിത്യജീവിതത്തില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യവും വിവാഹം പോലുള്ള ഘടകങ്ങളില്‍ പങ്കാളികളെ സ്വയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കണമെന്നു മാത്രമേ ആവശ്യപ്പെടുന്നുള്ളു. ഇവയെല്ലാം ഇന്നു നാമംഗീകരിക്കുന്ന സെക്കുലര്‍ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണ്. ഇതിനുവേണ്ടി വാദിക്കുന്നത് ഇപ്പോള്‍ കൊലയാളികളും ഗുണ്ടകളുമൊക്കെയായ കമ്യൂണിസ്റ്റുകാരുമാണ്. ഏതാനും വര്‍ഷംമുമ്പ് ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ച കമ്യൂണിസ്റ്റുകാര്‍ക്കെതിരെ സാമുദായികശക്തികള്‍ തുടര്‍ച്ചയായി ആക്രമിച്ചു കൊണ്ടിരുന്നപ്പോള്‍ വലതുപക്ഷ ശക്തികളോ മാധ്യമങ്ങളോ പൗരസമൂഹക്കാരോ കമ്യൂണിസ്റ്റ് നിലപാടിനെ അംഗീകരിച്ചില്ല. പകരം സ്വാശ്രയലോബിക്ക് കീഴടങ്ങുകയാണെന്നാണ് വാദിച്ചത്.

ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരും മൗലവിമാരും പരസ്യമായി സാമുദായിക വിഷംചീറ്റുമ്പോഴും അവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഇവരെയാരെയും കണ്ടില്ല. അന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ മതമേധാവികളോട് ചെയ്യുന്ന വിട്ടുവീഴ്ചയായിരുന്നു ചര്‍ച്ചാവിഷയം. ചില മതവിഭാഗങ്ങളും സംഘടനകളും അവരുടേതായ കാരണങ്ങള്‍കൊണ്ട് ഇടതുപക്ഷത്തെ പിന്തുണച്ചപ്പോള്‍ കേരളത്തിലെ മുഴുവന്‍ മതസാമുദായികശക്തികളെയും പോറ്റി വളര്‍ത്തുന്നത് ഇടതുപക്ഷമാണ് എന്നായിത്തീര്‍ന്നു പ്രചാരവേല. കമ്യൂണിസ്റ്റ് ഭൂതത്തെ ഉച്ചാടനം ചെയ്യുന്ന ഇന്നത്തെ മോഹനസുന്ദര കാലഘട്ടത്തില്‍ സാമുദായികശക്തികള്‍ കേരളത്തിലെ കോണ്‍ഗ്രസ് മുന്നണിയെ മുഴുവന്‍ കൈയടക്കി നിയന്ത്രിക്കുമ്പോള്‍ ആര്‍ക്കും മിണ്ടാട്ടമില്ല. ക്രിസ്ത്യന്‍ ബിഷപ്പുമാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കെതിരെ എന്‍എസ്എസ് മേധാവി ശുദ്ധഹിന്ദുത്വവാദിയുടെ ഭാഷയില്‍ സംസാരിക്കുമ്പോഴും അതേ ഭാഷ എസ്എന്‍ഡിപി മേധാവി അനുകരിക്കുമ്പോഴും ഒരു ചെറുചോദ്യം ചോദിക്കാന്‍ പോലും ആരെയും കാണുന്നില്ല. ഭൂരിപക്ഷ സാമുദായികത വേറൊരു രൂപത്തില്‍ അവതരിക്കുകയാണ് എന്നുപറയാന്‍ പോലും ആരുമില്ല. കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥ കമ്യൂണിസ്റ്റ് വേട്ടയുടെതാണ്. അതിന്റെ നേട്ടങ്ങള്‍ കൊയ്യാന്‍ പോകുന്നത് ലിബറല്‍ അല്ലെങ്കില്‍ റാഡിക്കല്‍ ജനാധിപത്യവാദികളോ പൗരസമൂഹ പ്രസ്ഥാനങ്ങളോ അല്ല; സ്വത്വരാഷ്ട്രീയമാണ്. സ്വത്വരാഷ്ട്രീയം കേവലമായ സാമുദായികതയും അതു സൃഷ്ടിക്കുന്ന വിലപേശലുകളും തര്‍ക്കങ്ങളും പിണക്കങ്ങളും മാത്രമല്ല. അതിനേക്കാള്‍ ആഴത്തിലുള്ള പ്രവണതയാണത്.

ചില ബുദ്ധിജീവികള്‍ ആശ്വസിക്കുന്നതുപോലെ, ഇന്നത്തെ സാമുദായികതയ്ക്ക് മൂലധനാധിപത്യത്തോട് ഒരെതിര്‍പ്പുമില്ലെന്ന് മാത്രമല്ല, മൂലധനാധിപത്യത്തെ ഒരു ശത്രുവായി കണക്കാക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നുമില്ല. നിരവധി സ്വത്വസംഘടനകള്‍ നവലിബറലിസത്തെ അനുകൂലിക്കുന്നവരും അവരില്‍നിന്ന് ഫണ്ട് കൈപ്പറ്റാന്‍ ഒരു മടിയുമില്ലാത്തവരുമാണ്. സ്വത്വരാഷ്ട്രീയം സൃഷ്ടിക്കുന്ന അതിര്‍വരമ്പുകള്‍ നവലിബറലിസത്തിനെതിരായ ഏതു ബഹുജന പ്രസ്ഥാനത്തെയും തകര്‍ക്കുന്ന ശക്തമായ ഉപാധിയായി മാറുകയും ചെയ്യും. സ്വന്തം സമുദായത്തെ നേരിട്ടു ബാധിക്കുന്ന വിധത്തിലുള്ള മൂലധന സമാഹരണ രൂപങ്ങളെ സ്വത്വരാഷ്ട്രീയ ശക്തികള്‍ എതിര്‍ത്തെന്നു വരാം. പശ്ചാത്തല സൗകര്യവികസനത്തിനുള്ള ചില വന്‍പദ്ധതികള്‍ക്കെതിരായ ചില മുസ്ലിം സംഘടനകളുടെ നിലപാടും കാര്‍ഷികരംഗത്ത് വിദേശ കുത്തകകളുടെ കടന്നുകയറ്റത്തിനെതിരായ ചില ക്രിസ്ത്യന്‍ സംഘടനകളുടെ നിലപാടും ഉദാഹരണമാണ്. അവയൊന്നും മൂലധനാധിപത്യത്തിനെതിരായ നയാധിഷ്ഠിതമായ കാഴ്ചപ്പാടായി കാണാന്‍ പറ്റില്ല. അതിനുപകരം "ഭരണകൂട ഭീകരത", "സാംസ്കാരിക അധിനിവേശം" മുതലായ പുതിയ ശത്രുനിര്‍ണയം നടത്തുന്നതിലായിരിക്കും അവര്‍ക്കും താല്‍പര്യം. വര്‍ഗസമരം അവരെ സംബന്ധിച്ചിടത്തോളം കാലഹരണപ്പെട്ടുകഴിഞ്ഞ ആശയമാണല്ലോ. വര്‍ഗസമരം കണ്‍മുമ്പില്‍ നടന്നാലും അതു കാണേണ്ട ബാധ്യതയില്‍ നിന്നും അവര്‍ ഒഴിവാകും.

സ്വത്വരാഷ്ട്രീയത്തിനുസൃതമായ കാഴ്ചപ്പാടിന്റെ വിജയവും അവിടെത്തന്നെയാണ്. കമ്യൂണിസ്റ്റ് ഭൂതത്തിന്റെ ഉച്ചാടനത്തിനുശേഷം നവലിബറല്‍ സാമ്പത്തിക ക്രമത്തിന്റെ അനിശ്ചിതാവസ്ഥയെയും സ്വത്വരാഷ്ട്രീയത്തെയും പേറേണ്ട അവസ്ഥയാണ് കേരളജനതക്കുണ്ടാവുക. ലിബറല്‍ സെക്കുലര്‍ ജനാധിപത്യക്രമത്തെയും പൗരാവകാശങ്ങളെയും സംരക്ഷിക്കാന്‍ എപ്പോഴും തയാറായിട്ടുള്ളത് കൊലയാളികളെന്നും ഭീകരരെന്നും ഏറ്റവുമവസാനമായി ക്വട്ടേഷന്‍ സംഘങ്ങളെന്നും മുദ്രയടിക്കപ്പെട്ട കമ്യൂണിസ്റ്റുകാരാണെന്നതാണ് വസ്തുത. വഴിയോരങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചപ്പോഴും സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നിരോധിക്കുകയും കോളേജ്യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്തപ്പോഴും ഒരു സര്‍വകലാശാല ക്യാമ്പസില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളുംനിരോധിച്ചപ്പോഴും നിരവധി പൊതുസ്ഥാപനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിപോലും പിരിച്ചുവിട്ട് സര്‍ക്കാര്‍ പ്രതിനിധികളെ കയറ്റിയപ്പോഴും അവക്കെതിരെ പ്രതികരിക്കാന്‍ മുന്നില്‍ നിന്നതും കമ്യൂണിസ്റ്റുകാരാണ്. ഒരു ലിബറല്‍ ജനാധിപത്യ ബുദ്ധിജീവിയെയും അവിടെയെങ്ങും കണ്ടിട്ടില്ല. കോഴിക്കോട്ടെ ഒരു ഗ്രാമത്തില്‍ സാമുദായിക സദാചാര പൊലീസ് ഒരു ചെറുപ്പക്കാരനെ നിഷ്കരുണം വെട്ടിക്കൊന്നപ്പോള്‍ അവിടെയും ഇത്തരം ബുദ്ധിജീവികളുടെ ശബ്ദം ഉയര്‍ന്നുകേട്ടില്ല.

വഴിയോര പ്രകടനങ്ങള്‍ നിരോധിച്ചപ്പോള്‍, നിരോധനത്തിന്റെ ജനാധിപത്യ വിരുദ്ധ സ്വഭാവമല്ല ചോദ്യം ചെയ്യപ്പെട്ടത്, അതിനെ എതിര്‍ത്ത ഒരു കമ്യൂണിസ്റ്റുകാരന്റെ പദപ്രയോഗമാണ്. കമ്യൂണിസ്റ്റുകാര്‍ നീചഭാഷ പ്രയോഗിക്കുന്നവരാണ് എന്നു വരുത്താനുള്ള ബോധപൂര്‍വമായ ശ്രമവും ആ ഘട്ടത്തില്‍ നടക്കുകയുണ്ടായി. പല നേതാക്കളുടെയും ഭാഷാപ്രയോഗങ്ങള്‍ ചര്‍ച്ചയില്‍ വന്നു. അപ്പോഴും അവര്‍ പ്രതികരിച്ച വസ്തുതകളുടെ സാംഗത്യമോ യാഥാര്‍ഥ്യമോ ചര്‍ച്ച ചെയ്യാന്‍ ആരും മെനക്കെട്ടില്ല. ഭൂതങ്ങളും നീചരും ജനാധിപത്യ സംരക്ഷകരായാല്‍, പിന്നെ ആ ജനാധിപത്യം നമുക്കെന്തിന്?അപ്പോള്‍ കോടതികളുടെയും ബ്യൂറോക്രസിയുടെയും മതാധ്യക്ഷന്മാരുടെയും കൂടെയല്ലേ നില്‍ക്കേണ്ടത്? ചുരുങ്ങിയത് അവര്‍ ""നൈതികത""യുടെ വക്താക്കളും ന്യൂനപക്ഷ സ്വത്വങ്ങളുമല്ലേ? നിലപാടു തന്നെയാണ് എല്ലാ അവകാശസമരങ്ങളെ സംബന്ധിച്ചും വലതുപക്ഷവും മാധ്യമങ്ങളും ബുദ്ധിജീവികളും കാണിക്കുന്നത്.

കമ്യൂണിസ്റ്റ് നേതൃത്വത്തിലല്ലാതിരുന്നിട്ടും ആശുപത്രികളിലെ നേഴ്സുമാരുടെ സമരത്തോട് ഇക്കൂട്ടര്‍ കാണിച്ച അവഗണന ഉദാഹരണമാണ്. കേരള ജനത ഉണര്‍ന്നു ചിന്തിക്കേണ്ട സമയമാണിത്. റാഡിക്കല്‍ ജനാധിപത്യവാദികളും പൗരസമൂഹക്കാരുടെയും താത്വിക വായാടിത്തവും സാമുദായികശക്തികളുടെ ആധിപത്യവുമെന്ന യാഥാര്‍ഥ്യവുമാണോ നമ്മുടെ ഭാവി തീരുമാനിക്കേണ്ടത് എന്ന ചര്‍ച്ച ആരംഭിക്കണം . നവലിബറല്‍ മൂലധനത്തിന്റെ രാഷ്ട്രീയ സാമ്പത്തികനയങ്ങള്‍ കേരളത്തില്‍ വേരൂന്നുകയാണെന്നത് അവിതര്‍ക്കമാണ്. അവയുടെ ദോഷഫലങ്ങള്‍ കേരളത്തിലേക്കു വന്നുതുടങ്ങിയിരിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിരോധ പ്രസ്ഥാനങ്ങളുമായി മുന്നേറേണ്ട കാലഘട്ടത്തിലാണ് ഭൂതോച്ചാടന തുടര്‍ യജ്ഞങ്ങള്‍ അരങ്ങേറുന്നത്. ഇതുകൊണ്ട് നേട്ടമുണ്ടാക്കുന്നവരെല്ലാം ഇന്ന് മൂലധനാധിപത്യത്തിന്റെ പിണിയാളുകളായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളം വളര്‍ത്തിക്കൊണ്ടുവന്ന ജനാധിപത്യ പോരാട്ടങ്ങളുടെ സത്ത തിരിച്ചുപിടിക്കുകയല്ലേ വേണ്ടത്?

കമ്യൂണിസവും സോഷ്യലിസവും പോലുള്ള ആശയങ്ങളെല്ലാം കേരളത്തില്‍ വേരൂന്നിയത് ഈ പോരാട്ടങ്ങളിലൂടെയാണ്. ആ പാരമ്പര്യം സാമുദായിക ശക്തികള്‍ക്കും ചില ഉപജാപക സംഘങ്ങള്‍ക്കും തീറെഴുതിക്കൊടുക്കേണ്ടതല്ല എന്ന ബോധം വളര്‍ന്നുവരണം. പ്രതിരോധത്തിന്റെ പുതിയ നാമ്പുകളും രീതികളും ഉണ്ടാകണം. വാല്‍ക്കഷ്ണം: ഇതെഴുതിത്തീര്‍ന്നതിനുശേഷമാണ് മുസ്ലിം മാനേജ്മെന്റുകള്‍ നടത്തുന്ന 35 ഏരിയ ഇന്റന്‍സീവ് അണ്‍എയിഡഡ് സ്കൂളുകള്‍ ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച വിവാദം നിയമസഭയില്‍ ഉയര്‍ന്നത്. മുസ്ലിംലീഗിന്റെ ഭീഷണിക്ക് യുഡിഎഫ് കീഴടങ്ങുമെന്ന അവസ്ഥയാണിപ്പോള്‍. അതിനെതിരെ "ഹിന്ദു" സമുദായ സംഘടനകള്‍ രംഗത്തുവന്നുകഴിഞ്ഞു. സമുദായവല്‍ക്കരണത്തിന് വേറെ തെളിവുകള്‍ വേണോ?

*
കെ എന്‍ ഗണേശ് ദേശാഭിമാനി 15 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കമ്യൂണിസത്തിനെതിരായ ആക്രമണം നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാനുള്ള പുകമറ മാത്രമല്ല. കേരള സമൂഹത്തെയും ജനാധിപത്യ സംസ്കാരത്തെയും ആഴത്തില്‍ ബാധിക്കുന്ന മറ്റൊരു മാറ്റം ഇപ്പോള്‍ തന്നെ ദൃശ്യമാണ്. നമ്മുടെ ബുദ്ധിജീവികള്‍ കരുതുന്നതുപോലെ പൗരസമൂഹ പ്രസ്ഥാനങ്ങള്‍ വളരുകയല്ല, തളരുകയാണ് ചെയ്യുന്നത്. ഇന്നത്തെ കേരള രാഷ്ട്രീയവും സമൂഹവും നിര്‍ണയിക്കുന്നത് കമ്യൂണിസ്റ്റുകാരോ ""ലിബറല്‍"" ജനാധിപത്യശക്തികളോ അല്ല, സാമുദായിക ശക്തികളാണ്. പൗരസമൂഹതലത്തില്‍ അവര്‍ നേരത്തെതന്നെ സ്വാധീനം സ്ഥാപിച്ചുകഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സാമൂഹ്യ-സേവന-ജീവകാരുണ്യ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, തുടങ്ങി പണമിടപാടു സ്ഥാപനങ്ങളും വ്യവസായങ്ങളും സ്വര്‍ണക്കച്ചവടവും വരെ അവരുടെ നിയന്ത്രണത്തിലാണ്. കുടുംബശ്രീ മാതൃകയിലുള്ള സ്വയം സഹായസംഘങ്ങള്‍ ആരംഭിക്കുന്നതും എല്ലാവിധ കേന്ദ്രഗവണ്‍മെന്റ് ധനസഹായത്തോടെയുള്ള പദ്ധതികള്‍ നിര്‍വഹിക്കുന്നതും അവര്‍തന്നെയാണ്. സാധാരണ ജനങ്ങളുടെ ജനം, വിവാഹം, മരണം, വസ്തു വില്‍ക്കല്‍-വാങ്ങല്‍ തുടങ്ങിയവയില്‍ പോലും അവര്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ഇന്നത്തെ പൗരസമൂഹബുദ്ധിജീവികള്‍ക്ക് വേദികളൊരുക്കുന്നതും കാണികളെയും കേള്‍വിക്കാരെയും നല്‍കുന്നതും അവര്‍ തന്നെയാണ്. സ്വത്വ രാഷ്ട്രീയത്തിന്റെ രൂപത്തില്‍ ആശയതലത്തിലും അവര്‍ തന്നെയാണ് സ്വാധീനം ചെലുത്തുന്നത്. ഈ സ്വാധീനത്തിന്റെ വിവിധ തലങ്ങള്‍ നാം ഇതിനകം കണ്ടതാണ്.