Monday, December 19, 2011

അദൃശ്യത്തിനെതിരെ ദൃശ്യം ഡിജിറ്റല്‍ കാലത്തെ മാനവികത

എണ്‍പതുകളില്‍, കമ്പ്യൂട്ടറുകളും കമ്പ്യൂട്ടര്‍വത്ക്കരണവും വ്യാപകമായിത്തുടങ്ങിയ കാലം. നീതിബോധമില്ലാത്ത കമ്പ്യൂട്ടര്‍വത്ക്കരണത്തെ ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ വിമര്‍ശനാത്മകമായിട്ടാണ് സമീപിച്ചത്. അക്കാലത്തുയര്‍ന്നുകേട്ട പ്രധാന മുദ്രാവാക്യങ്ങളിലൊന്നിപ്രകാരമായിരുന്നു: പണിയെത്തിക്കൂ കൈകളിലാദ്യം, പിന്നീടാകാം കമ്പ്യൂട്ടര്‍. അതായത്, തൊഴില്‍ മേഖലയില്‍ നിന്ന് തൊഴിലാളികളെ കമ്പ്യൂട്ടര്‍ വ്യാപകമായി പുറന്തള്ളുമെന്ന ഭീതിയായിരുന്നു ആ സമരത്തിന്റെ പശ്ചാത്തലം. പിന്നീട് പല മാറ്റങ്ങളും സംഭവിച്ചു. കമ്പ്യൂട്ടര്‍ പേന പോലെ എല്ലാവര്‍ക്കും അത്യാവശ്യമായ ഒരു ഉപകരണമായി പരക്കെ സ്വീകരിക്കപ്പെട്ടു. അപ്പോള്‍, ഇടതുപക്ഷം യാഥാസ്ഥിതികരാണെന്നും കാലത്തിന്റെ മാറ്റങ്ങളോട് പുറന്തിരിഞ്ഞു നില്‍ക്കുന്നവരാണെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നുവന്നു. ആ വിമര്‍ശനത്തിന്റെ ശരിതെറ്റുകള്‍ പരിശോധിക്കാനോ അതിനെ ന്യായീകരിക്കാനോ പ്രതിരോധിക്കാനോ ഈ ലേഖനത്തിലൂടെ മുതിരുന്നില്ല; അതല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യവും. ഇടതുപക്ഷം ഉയര്‍ത്തിയ മുദ്രാവാക്യം, കമ്പ്യൂട്ടര്‍വത്ക്കരിച്ച; കുറെക്കൂടി കൃത്യമായി വ്യവഹരിച്ചാല്‍ ഡിജിറ്റലനന്തര സിനിമയുടെ പശ്ചാത്തലത്തില്‍ ഒന്നു പരിശോധിച്ചു നോക്കുക. ഇന്ത്യന്‍ സിനിമയില്‍ നിര്‍ബന്ധമുള്ള ഗാന-നൃത്ത രംഗങ്ങളില്‍ നായകനും നായികയും പാടാനും ആടാനും തുടങ്ങിക്കഴിഞ്ഞാല്‍ അവര്‍ക്കു പുറകിലും ചുറ്റിലുമായി നിറയെ പുരുഷ-സ്ത്രീ എക്സ്ട്രകള്‍ ആടിപ്പാടുന്നത് പതിവാണ്. ഡിജിറ്റല്‍ കാലഘട്ടം വന്നതോടെ ഈ എക്സ്ട്രകള്‍ക്ക് പകരം നായകന്റെയും നായികയുടെയും നിരവധി ഡിജിറ്റല്‍ പതിപ്പുകളാണ് നൃത്തം ചെയ്യുന്നത്. അതായത്, മനുഷ്യരുടെ തൊഴില്‍ കമ്പ്യൂട്ടര്‍ നഷ്ടപ്പെടുത്തുമെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ! അഥവാ ലെവ് മനോവിച്ച് പറയുന്നതു പോലെ സിനിമ കമ്പ്യൂട്ടറിന്റെ ഒരു അടിമയായി പരിണമിച്ചിരിക്കുന്നു. മറ്റൊരു രീതിയില്‍ വിശദീകരിച്ചാല്‍, സിനിമ എന്ന നാളിതുവരെ മനുഷ്യരുടെയും പ്രകൃതിയുടെയും ആഖ്യാനമായിരുന്ന ഒരു വ്യവഹാരവ്യവസ്ഥ ഇനി അപ്രകാരമായിരിക്കില്ല. അത്, ഡിജിറ്റല്‍ നിര്‍മിതികളും ഇടപെടലുകളും പൂര്‍ത്തീകരണങ്ങളും പാഠങ്ങളുമായി മുഴുവന്‍ മാറിമറിഞ്ഞിരിക്കുന്നു.

ലോകത്തിലും സമൂഹത്തിലും നമ്മളും ഉള്‍പ്പെട്ടിരിക്കുന്നു എന്ന തോന്നലിലൂടെ കടന്നുപോകാന്‍ പ്രേരിപ്പിക്കുന്നതു കൊണ്ടാണ് മാധ്യമം അഥവാ മാധ്യമങ്ങള്‍ മനുഷ്യര്‍ക്ക് പ്രിയങ്കരങ്ങളായ കൂട്ടാളികളായി നിലനില്‍ക്കുന്നതും കൂടെ യാത്രയാകുന്നതും. ദൃശ്യ-ശബ്ദ-ലിഖിത- സൂചനകളിലൂടെ പ്രവര്‍ത്തിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിരവധിയായ മാധ്യമങ്ങളുടെ അഭൂതപൂര്‍വവും അത്യത്ഭുതകരവുമായ സംയോജന(കണ്‍വെര്‍ജന്‍സ്)മാണ് പുതിയ കാലഘട്ടത്തിന്റെ ഏറ്റവും പ്രകടമായ സവിശേഷത. നാടകം, ചിത്രകല, ആനിമേഷന്‍, വീഡിയോ, ഫിലിം എന്നീ മാധ്യമങ്ങള്‍ എല്ലാം സംയോജിപ്പിച്ചുകൊണ്ടാണ് ഡിജിറ്റല്‍ സിനിമ അഥവാ ഡിജിറ്റല്‍ കാലത്തെ സിനിമ രൂപപ്പെടുന്നത്. സിനിമക്കു മുന്‍പും പിന്‍പുമുള്ള പ്രധാന മാധ്യമങ്ങളായ പത്രവും റേഡിയോവും സാഹിത്യവും ടേപ്പ് റിക്കാര്‍ഡറും ടെലിവിഷനും ഇന്റര്‍നെറ്റും വീഡിയോ ഗെയിമുകളും മൊബൈലും എല്ലാം കൂടിക്കുഴയുന്ന സാഹചര്യവും സംജാതമായിട്ടുണ്ട്. കണ്‍വെര്‍ജന്‍സിന്റെ കാലഘട്ടത്തില്‍; വ്യക്തികള്‍ക്കുള്ള സാങ്കേതികവിദ്യാലഭ്യത വന്‍ തോതില്‍ വര്‍ദ്ധിക്കുകയും സാങ്കേതികവിദ്യയും സാങ്കേതികമാധ്യമ സംവിധാനങ്ങളും അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സാമൂഹ്യ സംഘടനാ സംവിധാനങ്ങള്‍ കൂടുതല്‍ കൂടുതല്‍ സ്വാധീനപരവും പ്രബലവുമായിത്തീരുകയും ചെയ്യും. അതോടൊപ്പം, ഭരണകൂടത്തിന്റെ(ങ്ങളുടെ) മര്‍ദനവ്യവസ്ഥയും കോര്‍പ്പറേറ്റുകളുടെ ലോകക്രമവും അതിവേഗത്തില്‍ സാധൂകരിക്കപ്പെടുകയും ചെയ്യും. വിഷമകരവും സങ്കീര്‍ണവുമായ ഈ ഡിജിറ്റല്‍ സാഹചര്യത്തില്‍, മാനവികമൂല്യങ്ങള്‍ കേടു കൂടാതെയും കൂടുതല്‍ സ്വാതന്ത്ര്യപൂര്‍ണമായും എപ്രകാരം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും പറ്റും എന്നതു തന്നെയാണ് ജനാധിപത്യവാദികളായ വിമര്‍ശകരുടെ ഉത്ക്കണ്ഠ.

മാധ്യമങ്ങളുടെ അധീശത്വം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരിക്കെ, അതിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവും ഘടനാപരവും പ്രാതിനിധ്യപരവുമായ മാനങ്ങള്‍ നിരന്തരമായ വിശകലനങ്ങള്‍ക്കും വിമര്‍ശനപ്രക്രിയകള്‍ക്കും വിധേയമാക്കിക്കൊണ്ടിരിക്കേണ്ടതുണ്ട്. കൂടുതല്‍ ചിന്താശീലപരവും ജനാധിപത്യപരവും പരീക്ഷണാത്മകവും സര്‍ഗാത്മകവുമായ മാധ്യമവ്യവഹാരങ്ങളും ദര്‍ശനവും ആണ് മുന്‍കാലത്തെന്നതു പോലെ ഡിജിറ്റല്‍ കാലത്തും നമ്മുടെ ലക്ഷ്യബോധത്തെ നിര്‍ണയിക്കേണ്ടത്.

പഴമയെ കൊട്ടിഘോഷിക്കുന്ന സ്വഭാവക്കാരായ നൊസ്റാല്‍ജിക് കവികള്‍ക്കും പ്രൊഫഷനല്‍ സാംസ്ക്കാരിക പ്രഭാഷകര്‍ക്കും മാധ്യമവിമര്‍ശനപ്പട്ടം എല്‍പ്പിച്ചുകൊടുത്തതിന്റെ അപകടവും വേദനയും നാം വേണ്ടത്ര അനുഭവിച്ചു കഴിഞ്ഞു. സിനിമ പ്രചാരത്തിലായ കാലത്ത്, അവര്‍ വായന മരിക്കുന്നു എന്നാര്‍ത്തു നിലവിളിച്ചു. റേഡിയോ കേള്‍ക്കുന്നവരെ ചൂണ്ടി അവര്‍ പറഞ്ഞു - കേള്‍ക്കുകയല്ല, വായിക്കുകയാണ് വേണ്ടത്; അപ്പോള്‍ മാത്രമേ ആഴത്തിലുള്ള അനുഭവങ്ങളിലേക്കും ഭാവനകളിലേക്കും നിങ്ങള്‍ക്ക് ഊളിയിടാന്‍ സാധിക്കൂ! ടെലിവിഷന്‍ വ്യാപകമായതോടെ, അവര്‍ സിനിമാ സംരക്ഷണപ്രസ്ഥാനവുമായി ഇറങ്ങിത്തിരിച്ചു. കാണുകയാണെങ്കില്‍, സിനിമ തിയറ്ററില്‍ പോയി കാണണം. സിനിമ ഉറച്ച നോട്ടത്തെയും(ഗെയ്സ്), ടെലിവിഷന്‍ പാഞ്ഞുള്ള ഒറ്റനോട്ടത്തെയും(ഗ്ളാന്‍സ്) ആണ് അഭിമുഖീകരിക്കുന്നത് എന്നതിനാല്‍ രണ്ടും നിലനിന്നുകൊള്ളും എന്ന് ഭാവിയിലേക്ക് നോക്കിക്കാണാന്‍ ഈ ഭീതിപരത്തല്‍ ആത്മാക്കള്‍ക്ക് സാധ്യമായില്ല. ഇന്റര്‍നെറ്റ് തരംഗങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഇക്കൂട്ടര്‍ അതിനെതിരെ ടെലിവിഷനിലൂടെയടക്കം രംഗത്തു വന്നു. ഇന്റര്‍നെറ്റിന് മലയാളികളുടെ സംഭാവന എന്താണെന്നു ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി ഗ്രഹണ സിദ്ധാന്തം എന്നായിരിക്കും. ചുമരിന് സമാന്തരമായി സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ മോണിറ്ററിന് മുന്‍വശത്തിരിക്കുന്ന കുട്ടിയുടെ പുറകില്‍ രക്ഷിതാവ് എല്ലായ്പോഴും നിലയുറപ്പിച്ചുകൊള്ളണമെന്നാണ് ഗ്രഹണ സിദ്ധാന്തം ശഠിക്കുന്നത്. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരുന്നതുപോലെയായിരിക്കണം; മോണിറ്റര്‍, കുട്ടി, രക്ഷിതാവ് എന്നിവര്‍ നിലയുറപ്പിക്കേണ്ടത്. ഇന്റര്‍നെറ്റ് മുഴുവനും കുട്ടികളെ നശിപ്പിക്കുന്ന അശ്ളീലമാണെന്ന് പരത്തിയെഴുതുന്ന എത്ര മാത്രം ലേഖനങ്ങളാണ് ദിനപത്രങ്ങളുടെ വിദ്യാഭ്യാസ പുള്ളൌട്ടുകളിലും വനിതാ മാസികകളിലും ടെലിവിഷനിലുമായി നാം വായിച്ചും കണ്ടും ബോധം കെട്ടിട്ടുള്ളത്! ഇന്റര്‍നെറ്റിനു പുറകെ മൊബൈല്‍ ഫോണ്‍ എല്ലാവരുടെയും പ്രിയപ്പെട്ട ഉപകരണവും സുഹൃത്തുമായി മാറിയപ്പോള്‍, അതാ വരുന്നു പുതിയ ഭീഷണികള്‍. ഒരു ഭാഗത്ത്, മൊബൈല്‍ ഫോണ്‍ ചെവി മുതല്‍ തലച്ചോറും ഹൃദയവും വരെ നശിപ്പിക്കുമെന്ന 'ആരോഗ്യവിദഗ്ദ്ധരു'ടെ സചിത്ര വ്യാഖ്യാനങ്ങള്‍ ഇ മെയിലിലൂടെ പരക്കുന്നു. മറുഭാഗത്ത്, കൌമാരക്കാരെയും വീട്ടമ്മമാരെയും മൊബൈല്‍ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുമെന്ന സദാചാര ഗീര്‍വാണങ്ങളും. ആകെ തുലഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ!

ഡിജിറ്റല്‍ മാധ്യമങ്ങളും ഡിജിറ്റല്‍ സിനിമയും സിനിമയിലെ ഡിജിറ്റല്‍ ഇടപെടലുകളും, മനുഷ്യ സമൂഹത്തെ നന്മയിലേക്കോ തിന്മയിലേക്കോ ചുമ്മാതങ്ങ് നയിക്കുമെന്ന കേവലവും ലളിതവത്കൃതവുമായ വാദങ്ങളുടെ പുറകെ നാം പോകേണ്ടതില്ലെന്നു തന്നെയാണ് ഈ 'ഭീകരമായ' മുന്നനുഭവങ്ങള്‍ തെളിയിക്കുന്നത്. ഡിജിറ്റല്‍ വിപ്ളവത്തെ നേര്‍ക്കു നേര്‍ അഭിമുഖീകരിക്കുകയും ദൃശ്യസങ്കല്‍പനത്തിനും സൈദ്ധാന്തീകരണത്തിനും വിധേയമാക്കി കൂടുതല്‍ സുവ്യക്തമാക്കുകയും ചെയ്യുന്ന തരത്തിലുള്ള സൌന്ദര്യാത്മകവും സാങ്കേതികവും പ്രത്യയശാസ്ത്രപരവുമായ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കുമായിരിക്കണം നാം മുതിരേണ്ടത് എന്നര്‍ത്ഥം. യാഥാര്‍ത്ഥ്യം/ഭാവന, കാലം/സ്ഥലം, പുരുഷന്‍/സ്ത്രീ, സ്വന്തം/അന്യം, ശരീരം/ആത്മാവ്, അനലോഗ്/ഡിജിറ്റല്‍, കല/കച്ചവടം, എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ സംബന്ധിച്ച ജ്ഞാനമീമാംസാപരമായ വ്യാഖ്യാനങ്ങളെയും നിര്‍ണയനങ്ങളെയും ഡിജിറ്റല്‍ കാലഘട്ടം അപനിര്‍മാണം ചെയ്യുകയും പുനക്രോഡീകരിക്കുകയും പുനരാവിഷ്ക്കരിക്കുകയും ചെയ്യുന്നുണ്ട്. രൂപം, ഉപയോഗ്യത, ആവിഷ്ക്കാരം, സൌന്ദര്യം എന്നീ കലാ-മാധ്യമ പ്രക്രിയയുടെ ചലനനിയമങ്ങളെയെല്ലാം ഡിജിറ്റല്‍ മാധ്യമം പുനക്രമീകരിക്കുന്നുണ്ട്. അല്‍ത്തൂസറിന്റെ പ്രത്യയശാസ്ത്ര മര്‍ദന-ഭരണകൂട ഉപകരണം(ഐഡിയോളജിക്കല്‍ സ്റേറ്റ് അപ്പാരറ്റസ്) എന്ന പ്രയോഗത്തെ കുറച്ചു കൂടി പരിഷ്ക്കരിച്ച് പ്രത്യയശാസ്ത്ര കോര്‍പ്പറേറ്റ് ഉപകരണം (ഐഡിയോളജിക്കല്‍ കോര്‍പ്പറേറ്റ് അപ്പാരറ്റസ്) എന്നാണ് കണ്‍വെര്‍ജന്‍സിനു ശേഷമുള്ള നവമാധ്യമങ്ങളെ വിശേഷിപ്പിക്കാന്‍ അന്ന എവറെറ്റ് സ്വീകരിക്കുന്ന പ്രതിനിധാനം. മാധ്യമങ്ങളുടെ അധികാര സ്വഭാവവും മര്‍ദനപരതയും കൃത്യമായി ബോധ്യപ്പെടുമ്പോള്‍ തന്നെ അവയുടെ വിമോചനസാധ്യതകളെയും നാം അതേ അളവില്‍ തിരിച്ചറിയണം. എല്ലാ കലകളിലും വെച്ച് സിനിമയാണ് ഏറ്റവും മഹത്തരം എന്ന ലെനിന്റെ പ്രഘോഷണവും, 1932ല്‍ ബെര്‍ത്രോള്‍ഡ് ബ്രെഹ്റ്റ് എഴുതിയ 'ആശയ വിനിമയത്തിനുള്ള ഒരുപകരണം എന്ന നിലക്ക് റേഡിയോ' (ദ റേഡിയോ ആസ് ആന്‍ അപ്പാരറ്റസ് ഓഫ് കമ്യൂണിക്കേഷന്‍ ) എന്ന മാനിഫെസ്റോയുമായിരിക്കണം ഇക്കാര്യത്തില്‍ നമുക്ക് മാതൃക. ഒരു മാധ്യമത്തില്‍ നിന്ന് അടുത്തതിലേക്ക് എന്ന വണ്ണമുള്ള ചരിത്രപരമായ നൈരന്തര്യം; മുതലാളിത്തത്തിനെന്നതു പോലെ ജനാധിപത്യവത്ക്കരണത്തിനും അനിവാര്യമാണെന്ന് നാം തിരിച്ചറിഞ്ഞേ മതിയാകൂ.

രസതന്ത്ര-ജൈവയുദ്ധങ്ങള്‍ക്കും മനുഷ്യ ജെനോം മാപ്പിംഗിനും യൂണിവേഴ്സല്‍ ഐഡിക്കും വേണ്ടിയാണ് സാമ്രാജ്യത്വം ഡിജിറ്റല്‍ ഗവേഷണങ്ങളെ വഴി തിരിച്ചു വിടുന്നതെങ്കില്‍, മുത്തലിക്കിനെതിരായ പിങ്ക് ജഡ്ഡി പ്രചരണം മുതല്‍ മുല്ലപ്പൂ വിപ്ളവവും വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കലും വരെയുള്ള പുതിയ ജനാധിപത്യ-സ്വാതന്ത്ര്യ സമരങ്ങള്‍ക്കാണ് ജനാധിപത്യ വാദികള്‍ ഡിജിറ്റല്‍ കാലഘട്ടത്തെ ഉപയുക്തമാക്കുന്നത്. മൈക്കിള്‍ മൂര്‍ മുതല്‍ ആനന്ദ് പട്വര്‍ദ്ധനും രാകേശ് ശര്‍മയും വരെയുള്ളവരുടെ ജനാധിപത്യത്തിലും സ്വാതന്ത്ര്യബോധത്തിലുമൂന്നിയ ഡോക്കുമെന്ററികളും ഡിജിറ്റല്‍ സാധ്യതകളുടെ ഗുണപരതയെ ഉയര്‍ത്തിക്കാണിക്കുന്നു. യന്ത്രങ്ങള്‍ മനുഷ്യരെ അപ്രസക്തരാക്കുമെന്ന കേവല ഭീതിയെ, അദൃശ്യവത്ക്കരണത്തിനെതിരെ ദൃശ്യവത്ക്കരണം എന്ന മുദ്രാവാക്യം കൊണ്ടാണ് ഡിജിറ്റല്‍ സമരഭടന്മാര്‍ നേരിടുന്നത്.

കോര്‍പ്പറേറ്റുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിക്കപ്പെടുന്ന സൂപ്പര്‍ താരങ്ങളുടെ വിലകൂടിയ സമയവും അവരെ ചിത്രീകരണസ്ഥലത്തെത്തിക്കുന്നതിനുള്ള പാടും മറ്റും കണക്കിലെടുക്കുമ്പോള്‍ അവര്‍ക്ക് നിശ്ചിത പ്രതിഫലം കൊടുത്തതിനു ശേഷം, അവരുടെ ഡിജിറ്റല്‍ ക്ളോണുകള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ ചിത്രീകരിക്കുകയാണ് ലാഭകരം എന്ന് പരസ്യനിര്‍മാതാക്കള്‍ കണ്ടെത്തിക്കഴിഞ്ഞു. മനുഷ്യ ശരീരവും യന്ത്രവും തമ്മിലുള്ള ഒരു സംലയനത്തിന്റെ സാംസ്ക്കാരികമാനങ്ങള്‍ ഭീതിയുണര്‍ത്തുന്നതാണ്. മാട്രിക്സും അവതാറും മുതല്‍ എന്തിരനും രാ.വണ്ണും സൃഷ്ടിച്ച വിനോദതരംഗങ്ങളില്‍ ഈ സംലയനം മുഖ്യ ഘടകമായിരുന്നു. ഉത്തര മാനുഷിക (പോസ്റ് ഹ്യൂമന്‍) സാഹചര്യം എന്ന് പോലും ഈ കാലത്തെ നിര്‍വചിക്കേണ്ടിവന്നേക്കും.

ഡിജിറ്റല്‍ കാലഘട്ടത്തില്‍ മനുഷ്യശരീരത്തിന്റെ പവിത്രത നഷ്ടമായേക്കും എന്ന ഭീതി പോലെത്തന്നെയാണ്, കല എന്ന സങ്കല്‍പനത്തിന് ഈ അതിസാങ്കേതിക പരിസരത്തില്‍ നിലനില്‍പുണ്ടോ എന്ന സംശയവും. 1960കളില്‍ തന്നെ ഉത്തര രൂപവാദം (പോസ്റ് ഫോര്‍മലിസം) പോലുള്ള അന്വേഷണങ്ങള്‍ കലയുടെ അസ്തിത്വത്തെ സംശയാസ്പദമാക്കി. സൌന്ദര്യവാദത്തിന്റെയും ആധുനികതയുടെയും ധാര്‍മിക ന്യായങ്ങളെ ഘടനാനന്തരവാദവും ഉത്തരാധുനികതയും അപ്രസക്തമാക്കി. കലയുടെയും സൌന്ദര്യത്തിന്റെയും അപ്രമാദിത്വത്തെയും സാര്‍വകാലിക-സാര്‍വജനീന നാട്യങ്ങളെയും അട്ടിമറിക്കാന്‍ ഈ വാദങ്ങള്‍ സഹായകമായി എങ്കിലും അവ പുതിയ യാഥാസ്ഥിതികത്വങ്ങളും മഹാഖ്യാനങ്ങളും ആയി പരിണമിക്കുന്നില്ലേ എന്ന സംശയവും അസ്ഥാനത്തല്ല. അക്കാദമികവും സാംസ്ക്കാരികമാത്രവുമായ വിചാരങ്ങള്‍ക്കും പരിശോധനകള്‍ക്കും ഗവേഷണങ്ങള്‍ക്കും മാത്രമായി സൌന്ദര്യത്തെ പരിമിതപ്പെടുത്താനാവില്ലെന്നും, വാണിജ്യവത്ക്കരിക്കപ്പെട്ട ജനപ്രിയതയെ വന്‍ തോതിലും കൂടുതല്‍ ലാഭകരമായ വിധത്തിലും കൈവശപ്പെടുത്തുകയും മുതലെടുക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വ്യാവസായികതയിലേക്ക് സംസ്ക്കാരം പരിണമിച്ചിരിക്കുന്നുവെന്നതുമാണ് യാഥാര്‍ത്ഥ്യം. ഡിജിറ്റല്‍ മാധ്യമത്തിലെ കലാപരത, വര്‍ത്തമാനകാല സംസ്ക്കാരത്തെ അടിസ്ഥാനപരമായി തന്നെ പരിഗണിക്കാതെ വിലയിരുത്താനാവില്ലെന്നാണ് പറഞ്ഞു വരുന്നത്. ഡിജിറ്റല്‍ കാലഘട്ടത്തിലെ ശൈലി എന്നത് സാംസ്ക്കാരിക മൂലധനത്തിന്റെ രൂപവും ഭാവവുമാണ്. കലാ-മാധ്യമ-ഡിസൈന്‍ സ്കൂളുകളില്‍ നിന്ന് പുറത്തു വരുന്ന ഭാവനാ സമ്പന്നരും പ്രതിഭാധനരുമായ ചെറുപ്പക്കാര്‍ കലാപരീക്ഷണങ്ങള്‍ക്കു വേണ്ടി മാത്രം ജീവിതം മാറ്റി വെക്കേണ്ടതില്ലാത്തവിധത്തില്‍ അവരെ കോര്‍പ്പറേറ്റ് വ്യവസായം പിടികൂടിക്കൊണ്ടിരിക്കുകയാണ്. കമ്പ്യൂട്ടര്‍ നിര്‍മിത ഇമേജുകളും ആനിമേഷനും ചലനഗ്രാഫിക്സും സൃഷ്ടിച്ചെടുക്കാനായി വ്യാവസായിക-വാണിജ്യ ലോകം അവരെ ഒഴിവില്ലാത്ത തരത്തില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. കലയും കച്ചവടവുമെന്നതു പോലെ, കലയും ശാസ്ത്രവും തമ്മിലുള്ള പിളര്‍പ്പും അദൃശ്യമാവുന്ന സാഹചര്യമാണ് ഡിജിറ്റല്‍ യുഗത്തില്‍ സംജാതമായിരിക്കുന്നത്. നവോത്ഥാന കാലഘട്ടത്തിലെ മഹാപ്രതിഭ ലിയോനാര്‍ദോ ഡാവിഞ്ചി, ഒരേ സമയം ഒരു ശാസ്ത്രജ്ഞനും കലാകാരനും സാങ്കേതികവിദഗ്ദ്ധനുമായിരുന്നു. ഡിജിറ്റല്‍ കാലത്തെ കലാകാരനും കലാകാരിയും ഇതേ വിധത്തിലുള്ള ബഹുമുഖ പ്രതിഭകളായിരുന്നേ മതിയാകൂ. മാത്രമല്ല, പുതിയ കാലത്തെ ആസ്വാദകരും ഇത്തരത്തില്‍ ബഹുമുഖത്തിലുള്ള രൂപഭാവങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരാകണം. വിചാര-വിശകലന മാതൃകാപരിസരം മുഴുവനായി മാറിത്തീര്‍ത്തിന്നിരിക്കുന്നുവെന്ന് സാരം.

സംസ്ക്കാരവും പ്രാദേശികതയും വംശീയതയും എപ്രകാരമാണ് ഡിജിറ്റല്‍/മനുഷ്യേതര സന്ദര്‍ഭത്തില്‍ പ്രതിനിധാനം ചെയ്യപ്പെടുക എന്ന ഉത്ക്കണ്ഠ ഇതിനൊക്കെ ശേഷവും സജീവമായി നിലനില്‍ക്കുന്നു. സംഗീതത്തിന്റെ കാര്യമെടുക്കുക. ശുദ്ധമായ വായ് പാട്ടും പശ്ചാത്തലത്തിലുള്ളതും സ്വതന്ത്രവുമായ ഉപകരണ സംഗീതവും അപ്രസക്തവും അനാവശ്യവുമാകുന്ന വിധത്തില്‍ എന്തും ഏതു വിധേനയും മിക്സ് ചെയ്യുകയും പുനരാവിഷ്ക്കരിക്കുകയും പുനക്രമീകരിക്കുകയും ചെയ്യാന്‍ സാധ്യമായ അനന്ത സാധ്യതകളാണ് ഡിജിറ്റല്‍ യുഗം തുറന്നിട്ടിരിക്കുന്നത്. ഓരോ സമുദായത്തിന്റെയും വംശത്തിന്റെയും പ്രദേശത്തിന്റെയും പാട്ടുകളെ മറ്റുള്ളവരെക്കൊണ്ടു കൂടി പാടിക്കുകയും കേള്‍പ്പിക്കുകയും ചെയ്ത ലോകമാനവികതയുടെയും ജനപ്രിയതയുടെയും ഒന്നാം ഘട്ടം കടന്ന് ഡിജിറ്റല്‍ സംഗീത യുഗം, പുതിയ ജനപ്രിയതയെയും അതുവഴി പുതിയ മനുഷ്യകുലത്തെയും സൃഷ്ടിക്കാന്‍ മാത്രം ശക്തമായി പരിണമിച്ചിരിക്കുന്നു. അതുവഴി, ദൃശ്യകല എന്ന അര്‍ത്ഥത്തില്‍ സാമാന്യമായി സങ്കല്‍പ്പിക്കപ്പെടുകയും നിര്‍വഹിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്തു പോന്നിരുന്ന സിനിമ അടക്കമുള്ള ആധുനിക മാധ്യമങ്ങളെ ശബ്ദത്തിന്റെ അടിസ്ഥാനത്തില്‍ പരിചരിക്കപ്പെടേണ്ട സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

എഴുത്തുകാരന്‍ അഥവാ കലാ സ്രഷ്ടാവ് എന്ന അതിരൂപത്തെ ഡിജിറ്റല്‍ കാലഘട്ടം കരിച്ചു കളയുന്നു. പലര്‍ ചേര്‍ന്ന് രൂപപ്പെടുത്തുന്ന ശില്‍പമായി മാത്രമേ ഡിജിറ്റല്‍ കലക്ക് രൂപപ്പെടാനാവുകയുള്ളൂ. തീര്‍ന്നില്ല, ആസ്വാദകര്‍ക്ക് പ്രതിപ്രവര്‍ത്തനത്തിനുള്ള (ഇന്ററാക്റ്റീവ്) സാധ്യതകള്‍ കൂടി ലഭ്യമാവുന്ന തരത്തിലാണ് പുതിയ കാലത്തെ ഡിജിറ്റല്‍ കല വിഭാവനം ചെയ്യപ്പെടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍; അടഞ്ഞ കലാരൂപങ്ങള്‍ക്കു പകരം, തുറന്ന കലാ പാഠങ്ങളായിരിക്കും ഡിജിറ്റല്‍ കാലത്തുണ്ടാകുക. സ്രഷ്ടാക്കള്‍ നിശ്ചയിച്ചിരിക്കുന്ന അനുപാതങ്ങള്‍(പരാമീറ്ററുകള്‍) അനുവാചകര്‍ മാറ്റിമറിക്കുമ്പോള്‍ വാകുലപ്പെടേണ്ടതില്ലെന്നു സാരം. എല്ലാ പുതിയ സാങ്കേതിക വിസ്ഫോടനങ്ങളും മാറ്റം ഉണ്ടാക്കുമെന്ന വിശ്വാസം ശരി വെക്കുന്ന തരത്തില്‍ തന്നെയാണ് ഡിജിറ്റല്‍ കാലഘട്ടവും കാര്യങ്ങളെ മാറ്റി മറിച്ചിരിക്കുന്നത്. എന്നാല്‍, ഭൂതകാലവുമായി മുഴുവന്‍ അര്‍ത്ഥത്തില്‍ വിടുതല്‍ പ്രാപിച്ച ഒരവസ്ഥയായി ഈ പരിണാമാനന്തര കാലത്തെ നിരൂപിക്കേണ്ടതുമില്ല. വീണ്ടും ബ്രെഹ്റ്റ് പറഞ്ഞതിലേക്ക് തിരിച്ചു വരാം. മുതലാളിത്ത കോര്‍പ്പറേഷനുകള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്ന സാങ്കേതിക വിസ്മയങ്ങളില്‍ കണ്ണഞ്ചിപ്പോകാതെ, അതേ സാങ്കേതികപ്പുതുമയെ ഗുണകരവും പുരോഗമനപരവുമായ സാമൂഹ്യ മാറ്റത്തിനായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
ചലച്ചിത്ര വിമര്‍ശനത്തിന്റെ വിചാരപരിസരത്തെയും ഡിജിറ്റല്‍ കാലഘട്ടം മാറ്റിത്തീര്‍ത്തുകൊണ്ടിരിക്കുകയാണ്. സൌന്ദര്യം, ഇതിവൃത്തം, പ്രത്യയശാസ്ത്രം, പ്രതിനിധാനം എന്നീ ഘടകങ്ങളാണ് ചലച്ചിത്ര വിമര്‍ശനം സാമാന്യമായി അന്വേഷിച്ചു പോന്നിരുന്നത്. സങ്കീര്‍ണത, സന്ദിഗ്ദ്ധത, സാന്ദ്രത, വിവരങ്ങളുടെ ആധിക്യം എന്നിങ്ങനെയുള്ള വിഷയങ്ങളെ മനസ്സിലാക്കാനും വിശകലനം ചെയ്യാനും ഏതായാലും പഴയ രീതികള്‍ മതിയാവില്ല. അക്കാദമികളിലെയും സര്‍വകലാശാലകളിലെയും പുസ്തകങ്ങളിലെയും ചലച്ചിത്ര വിമര്‍ശന സിദ്ധാന്തങ്ങള്‍ പലതും അസ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. വരേണ്യത/ജനകീയത, ജനപ്രിയത/ജനകീയത എന്നിങ്ങനെയുള്ള രണ്ടു ദ്വന്ദ്വങ്ങളുടെയെങ്കിലും അടിസ്ഥാനങ്ങളെ ഡിജിറ്റല്‍ കാലം മാറ്റിത്തീര്‍ത്തു കഴിഞ്ഞു. പ്രതിനിധാനം, ആഹ്ളാദം, ഉപഭോഗം എന്നീ അവസ്ഥകളില്‍ ഒതുങ്ങിയിരുന്ന സാമാന്യജനങ്ങളിലാരും ഏതു സമയവും സ്രഷ്ടാവായിത്തീരുന്ന ഘട്ടമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ബഹുജനമാധ്യമ(മാസ് മീഡിയ) ങ്ങളുടെ ഉത്പാദന-വിതരണ-ആസ്വാദന പ്രക്രിയകളും തകിടം മറിഞ്ഞുകൊണ്ടിരിക്കുകയാണ്. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വിടവുകള്‍ മുന്‍കാലത്തെന്നതു പോലെ ഇപ്പോഴുമുണ്ട്.

സിനിമ എന്ന സാങ്കേതിക രൂപം കണ്ടു പിടിക്കുന്നതിനും എത്രയോ മുമ്പു തന്നെ, യാഥാര്‍ത്ഥ്യത്തിന്റെ സമ്പൂര്‍ണമായ പ്രതിനിധാനം രൂപപ്പെടുത്താന്‍ മനുഷ്യര്‍ ആഗ്രഹിച്ചിരുന്നു. നിശ്ശബ്ദ സിനിമ വളര്‍ന്ന് ശബ്ദവും വര്‍ണവും ത്രിമാനവും മറ്റും ഉള്‍ച്ചേര്‍ത്ത് ഇപ്പോഴെത്തി നില്‍ക്കുന്ന അവസ്ഥ പരിപൂര്‍ണതയിലെത്തിയെന്ന് നമുക്ക് തോന്നുമെങ്കിലും ഇനിയും അതിന്റെ പരിണാമങ്ങള്‍ ഏതു വിധത്തിലായിരിക്കും എന്നു പ്രവചിക്ക വയ്യ. ആന്ദ്രേ ബാസിന്‍ പറയുന്നതു പോലെ, സിനിമ ഇനിയും കണ്ടു പിടിക്കപ്പെടേണ്ടിയിരിക്കുന്നു. ഡിജിറ്റല്‍ മാധ്യമങ്ങളുടെ സാങ്കേതിക മുന്നേറ്റം, പരിപൂര്‍ണ സിനിമ എന്ന ലക്ഷ്യത്തിലേക്ക് ദൂരം കുറച്ചു എന്ന് കരുതാവുന്നതാണ്. കലാകാരന്റെ ഇടപെടലും കാലത്തിന്റെ അസാധ്യമായ തിരിച്ചു പോക്കും ബാധ്യതയാവാത്ത വിധത്തില്‍, ലോകത്തെ അതിന്റെ തന്നെ ഇമേജായി പുനര്‍ നിര്‍മിക്കാന്‍ മനുഷ്യര്‍ ആഗ്രഹിക്കുന്നതാണ് സമഗ്ര സിനിമ എന്നാണ് ബാസിന്‍ നിര്‍വചിക്കുന്നത്. മുഴുവന്‍ ലോകത്തെയും ഇന്റര്‍നെറ്റിലൂടെ തൊട്ടും കണ്ടും കേട്ടും അറിയാനാകുകയും, അനലോഗ് ഇമേജ് നിര്‍മിതിയുടെ കാലതാമസങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ ഉപഗ്രഹങ്ങളിലൂടെയും കേബിളുകളിലൂടെയും വയര്‍ലെസ്സായും അപ്പപ്പോള്‍ ലോകം നമുക്കു മുമ്പിലും നമുക്കിടയിലും സ്ഥിതി ചെയ്യുകയും ചലിക്കുകയും ചെയ്യുന്നതു തന്നെയല്ലേ പരിപൂര്‍ണത? റുഡോള്‍ഫ് ആര്‍ണ്ഹീം 1933ല്‍ തന്നെ മുന്നറിയിപ്പു തന്നതു പോലെ; ഈ പരിപൂര്‍ണ സിനിമക്കൊപ്പം, നിശ്ശബ്ദ/ശബ്ദ/വര്‍ണ സിനിമകള്‍ക്കു കൂടി നില്‍ക്കാന്‍ അവസരം കൊടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ ദുരന്താത്മകമായിത്തീര്‍ന്നേക്കും. മനുഷ്യരുടെ നഗ്ന നേത്രങ്ങള്‍ക്ക് അസാധ്യമായ തരത്തിലുള്ള ഒരു കാഴ്ചയും ദര്‍ശനവുമാണ് സിനിമ എന്ന കലാരൂപം രൂപപ്പെടുത്തിയെടുത്തത്. ആ അമാനുഷിക ദര്‍ശനവും കൂടി ചേരുമ്പോഴാണ് ആധുനിക കാലത്തെ മാനവികത കൂടുതല്‍ വികസിതമാവുന്നത്. ഡിജിറ്റല്‍ കാലത്തും അത് അപ്രകാരം തന്നെയായിരിക്കും.

*
ജി പി രാമചന്ദ്രന്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മാധ്യമങ്ങളുടെ അധീശത്വം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരിക്കെ, അതിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവും ഘടനാപരവും പ്രാതിനിധ്യപരവുമായ മാനങ്ങള്‍ നിരന്തരമായ വിശകലനങ്ങള്‍ക്കും വിമര്‍ശനപ്രക്രിയകള്‍ക്കും വിധേയമാക്കിക്കൊണ്ടിരിക്കേണ്ടതുണ്ട്. കൂടുതല്‍ ചിന്താശീലപരവും ജനാധിപത്യപരവും പരീക്ഷണാത്മകവും സര്‍ഗാത്മകവുമായ മാധ്യമവ്യവഹാരങ്ങളും ദര്‍ശനവും ആണ് മുന്‍കാലത്തെന്നതു പോലെ ഡിജിറ്റല്‍ കാലത്തും നമ്മുടെ ലക്ഷ്യബോധത്തെ നിര്‍ണയിക്കേണ്ടത്.

Unknown said...

വളരെ നല്ല ലേഖനം