Monday, December 12, 2011

റഷ്യ: ജനഹിതവും ജനരോഷവും

വീണ്ടും റഷ്യ ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ഒരു പക്ഷേ ഒരു രണ്ടാം ശീതയുദ്ധത്തിലേക്കു നയിച്ചേക്കാവുന്ന റഷ്യയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയും അത് അമേരിക്കന്‍ ഐക്യനാടുകളില്‍ സൃഷ്ടിക്കുന്ന ആശങ്കകളും കഴിഞ്ഞമാസം 28-ാം തിയ്യതി ഈ കോളം ചര്‍ച്ചചെയ്തിരുന്നു. പക്ഷേ ഈയാഴ്ച റഷ്യ നമ്മുടെ മുന്നിലേക്കു കടന്നുവരുന്നത് മറ്റൊരു കാരണംകൊണ്ടാണ്.

പോയവാരം റഷ്യന്‍ പാര്‍ലമെന്റൊയ ഡ്യൂമയിലേക്കു നടന്ന തിരഞ്ഞെടുപ്പുഫലം വന്നു. തികച്ചും നടകീയമായ ഒരു ജനവിധി. റഷ്യന്‍ രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായ പ്രധാനമന്ത്രി വ്‌ളാഡ്മിര്‍ പുടിന്റെ യുനൈറ്റഡ് റഷ്യ എന്ന സെന്‍ട്രിസ്റ്റ് പാര്‍ട്ടിയ്ക്ക് കിട്ടിയത് 50% വോട്ടാണ്. അതായത് മുമ്പത്തേക്കാളും 64% വോട്ടുകുറഞ്ഞു. 450 അംഗ സഭയില്‍ ഭൂരിപക്ഷം 315 ല്‍ നിന്നും 238 ആയി ചുരുങ്ങി. അതായത് നിര്‍ണ്ണായകമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നഷ്ടമായി. ഭരണഘടന ഭേദഗതിപോലുള്ള നിര്‍ണ്ണായകമായ പ്രശ്‌നങ്ങളില്‍ ഇത് പുട്ടിന് തലവേദനയുണ്ടാക്കുന്ന ഒരവസ്ഥയാണ്. പുടിന്റെ തളര്‍ച്ച ഗുണകരമായി ഭവിച്ചത് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്. 19% വോട്ട് പാര്‍ട്ടി നേടുകയുണ്ടായി. മുമ്പത്തെ തവണ കേവലം 12% മാത്രമായിരുന്നു ജനവിധിയില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ഓഹരി.

ഈ തിരിച്ചടിയില്‍ അമ്പരന്നിരിക്കുമ്പോഴാണ് മറ്റൊരു ഗുരുതരമായ പ്രശ്‌നം പുടിന്‍ നേരിടുന്നത്. അറബ് രാജ്യങ്ങളും വാള്‍സ്ട്രീറ്റും എന്നപോലെ ജനം മോസ്‌ക്കോയില്‍ തെരുവിലിറങ്ങി. പ്രക്ഷോഭകാരികള്‍ പറയുന്നത് തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ കൃത്രിമം നടന്നു എന്നാണ്. ഒപ്പം പുടിനും പ്രസിഡന്റ് മെദ്‌വദേവും അധികാരം പരസ്പരം വെച്ചുമാറുന്നതിനും അവരെതിരാണ്. പുടിന്റെ കീഴില്‍ അഴിമതി പടര്‍ന്നു പിടിച്ചെന്നും, അദ്ദേഹം ഒരു ദേശീയബാധ്യതയാണെന്നും അവര്‍ പറയുന്നു. അവരുടെ പ്രധാന ആവശ്യം ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പു റദ്ദ് ചെയ്ത് ഡ്യൂമയിലേക്ക് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ്.

പ്രക്ഷോഭകാരികളില്‍ യുണൈറ്റഡ് റഷ്യന്‍ പാര്‍ട്ടിയൊഴിച്ചുള്ള മിക്ക രാഷ്ട്രീയകക്ഷികളുമുണ്ട് എന്നാല്‍ പ്രാമുഖ്യം നഗരകേന്ദ്രീകൃതമായ മധ്യവര്‍ഗ്ഗത്തില്‍പ്പെട്ട യുവാക്കള്‍ക്കാണ്. അതുകൊണ്ട് തന്നെ യുവത്വത്തിന്റെ ഒരു പൊട്ടിത്തെറിയായാണ് ഈ പ്രക്ഷോഭം വിലയിരുത്തപ്പെടുന്നത്. ഏതായാലും അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന പുടിന് പാത സുഗമമായരിക്കില്ല എന്നുറപ്പായിക്കഴിഞ്ഞു.

ഇനിയെന്താണ് ഈ പ്രക്ഷോഭത്തിനും തിരിച്ചടിയ്ക്കും നിദാനമെന്നു നോക്കാം. പുട്ടിന്റെ ഭരണപരാജയം എന്നൊന്നു പറയുന്നതില്‍ കാര്യമില്ല. കാരണം 1990 കളില്‍ യെല്‍സിന്‍ എന്ന അമേരിക്കന്‍ ആരാധകന്റെ കീഴില്‍ അഴിമതി അടിമുടി ഗ്രസിച്ച, പട്ടിണി നടമാടുന്ന, മാഫിയകള്‍ ഭരിക്കുന്ന ഒരു രാജ്യമായിത്തീര്‍ന്നിരുന്നു റഷ്യ. ആ അവസ്ഥയില്‍ നിന്നും അടിമുടിമാറ്റി ഇന്നത്തെയവസ്ഥയില്‍ റഷ്യയെ ശുദ്ധീകരിച്ച് ശക്തിപ്പെടുത്തിയത് പുടിനാണ്. അതുകൊണ്ടാണ് ഇപ്പോള്‍ തുടര്‍ച്ചയായി പുടിന്റെ പാര്‍ട്ടി അധികാരത്തിലേറിയത്. മറ്റുപാര്‍ട്ടികള്‍ക്ക് കിട്ടിയതിന്റെ ഇരട്ടി വോട്ടുകളാണ് യുണൈറ്റഡ് റഷ്യന്‍ പാര്‍ട്ടിയ്ക്ക് കിട്ടിയതെന്നോര്‍ക്കുക.

പിന്നെ എവിടെയാണ് പിഴച്ചത്? പ്രധാനമായ അധികാരം തനിക്കും ഇപ്പോഴത്തെ പ്രസിഡന്റ് തന്റെ വലം കൈയ്യുമായ മെദ്‌വദേവിനും ഇടയില്‍ വെച്ചുമാറാന്‍ പുടിന്‍ നടത്തിയ ശ്രമമാണ് നഗരകേന്ദ്രീകൃതമായ യുവാക്കളെ പ്രകോപിപ്പിച്ചത്. ഒപ്പം തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടന്നു. എന്ന ചില പാശ്ചാത്യനിരീക്ഷകരുടെ അഭിപ്രായവും. ഇവിടെ ഒരു കാര്യം കൂടി ചേര്‍ത്തുവായിക്കണം. അത് അമേരിക്കന്‍ സെക്രട്ടറി ഓഫ്‌സ്റ്റേറ്റായ ഹിലാരിക്ലിന്റണ്‍ തിരഞ്ഞെടുപ്പ് കൃത്രിമം എന്ന വാദഗതി ആവര്‍ത്തിച്ചുറപ്പിക്കുവാന്‍ ശ്രമിച്ചതാണ്. ഇതുകൊണ്ടാണ് അമേരിക്കന്‍ ഗൂഢാലോചനയാണ് പ്രക്ഷോഭങ്ങള്‍ക്ക് പിറകിലെന്ന് പുടിന്‍ പറയുന്നത്. അതില്‍ കാര്യമില്ലാതില്ല. കാരണം സോവിയറ്റ് ചാരസംഘടനയായിരുന്ന കെ ജി ബിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പുടിന്‍ റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ തിരിച്ചെത്തുന്നത് അമേരിക്കയ്ക്കു രുചിക്കില്ല.മാത്രമല്ല യുറേഷ്യന്‍ കോണ്‍ഫെഡറേഷനും മിസൈല്‍ പ്രതിരോധ കവചവുമൊക്കെ പടുത്തുയര്‍ത്തി റഷ്യയെ അതിന്റെ സോവിയറ്റ് പ്രതാപത്തിന്റെ ഇന്നലകളിലേക്ക് കൊണ്ടുപോകുവാന്‍ പുടിന്‍ നടത്തുന്ന ആത്മാര്‍ത്ഥവും വിജയകരവുമായ ശ്രമങ്ങള്‍(അമേരിക്കയ്ക്കു വന്‍ഭീഷണിയാണുയര്‍ത്തുന്നത്. പ്രത്യകിച്ച് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ തകരുകയും, റഷ്യന്‍ സമ്പദ്‌വ്യവസ്ഥശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതുകൊണ്ട് തന്നെ യുറേഷ്യന്‍ കോണ്‍ഫെഡറേഷനെതിരെ മേഖലയില്‍ തങ്ങളുടെ സഖ്യമുണ്ടാക്കാനായി താറുടുത്തിറങ്ങിയിരിക്കുന്ന ഹിലാരി സിഐഎയുടെ പഴയ സ്ലീപ്പിംഗ് സെല്ലുകളെ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന ഒരു ഗൂഡ പദ്ധതിയാവാനുളള സാധ്യത ഈ പ്രക്ഷോഭത്തിനുണ്ട്.

ചില പിഴവുകള്‍ പുടിനും പറ്റി എന്നു പറയാതിരിക്കാനാവില്ല. അധികാരം തന്നിലേക്കു മാത്രമായി കേന്ദ്രീകരിക്കുവാനുള്ള ശ്രമം ഇതില്‍ പ്രധാനപ്പെട്ടതാണ്. എന്തൊക്കെ ന്യായീകരണങ്ങളുണ്ടെങ്കില്‍ തന്നെയും ഒരു വികസിത ജനാധിപത്യസമൂഹത്തിന് ഈയവസ്ഥ ഒട്ടും അഭികാമ്യമല്ല. രണ്ടാമത് തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചു എന്ന ആരോപണം ശരിയായിപരിശോധിക്കുവാന്‍ പുടിന്‍ ശ്രമിക്കേണ്ടതായിരുന്നു.

റഷ്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയ്ക്ക് ഈ തിരഞ്ഞെടുപ്പുഫലം ഒരു വന്‍വിജയമാണ് എന്ന വസ്തുത സങ്കീര്‍ണ്ണമായ ഈ പ്രശ്‌നങ്ങള്‍ക്കിടയിലും ഒരു നല്ല വാര്‍ത്തയാണ്. വോട്ടിലുണ്ടായ വര്‍ധനവ് മാത്രമല്ല, ശക്തികേന്ദ്രമായ മോസ്‌ക്കോയില്‍ നിന്നും അതിര്‍ത്തിപ്രദേശങ്ങളായ സൈബീരിയയിലേക്കും മറ്റും പാര്‍ട്ടി വളര്‍ന്നിരിക്കുന്നു.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 12 ഡിസംബര്‍ 2011

No comments: