Friday, December 16, 2011

കേന്ദ്രം ഭരിക്കുന്ന മിര്‍ജാഫര്‍മാര്‍

യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ പരാജയം ഇനിയും മൂടിവയ്ക്കാനാകാത്ത സ്ഥിതിയായിട്ടുണ്ട്. വര്‍ഷങ്ങളായി വിലക്കയറ്റം ഒമ്പത് ശതമാനത്തിലേറെയാണ്. പടിഞ്ഞാറന്‍ സാമ്രാജ്യത്വചേരിക്ക് ബദലായി ഉയര്‍ന്നുവരുന്ന ശക്തിയായാണ് ബ്രിക്സിനെ- ബ്രസീല്‍ , റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക- കണക്കാക്കുന്നത്. ഈ പഞ്ചമഹാശക്തികളില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി വിലക്കയറ്റം തുടര്‍ച്ചയായി ഒമ്പത് ശതമാനത്തിലേറെയായി നിലനില്‍ക്കുന്ന ഏകരാജ്യം ഇന്ത്യയാണ്. ജനങ്ങള്‍ക്കിടയില്‍ കറങ്ങുന്ന പണത്തിന്റെ അളവ് ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി വന്‍തോതില്‍ കൂട്ടിയിരുന്നു. ഇതാണ് വിലക്കയറ്റത്തിനു കാരണമെന്ന ധാരണയില്‍ ബാങ്ക് പലിശ കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കിടയ്ക്ക് 4.25 ശതമാനത്തില്‍നിന്ന് ഒമ്പത് ശതമാനമായി പടിപടിയായി ഉയര്‍ത്തിയിരിക്കുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ബാങ്കുകളുമായി ബന്ധപ്പെട്ട എസ്എല്‍ആര്‍ (അവ വാങ്ങേണ്ട സര്‍ക്കാര്‍ ബോണ്ടുകളുടെ തുക) 24ല്‍നിന്ന് 25 ശതമാനമായി ഉയര്‍ത്തി. ക്യാഷ് റിസര്‍വ് അനുപാതം അഞ്ചില്‍നിന്ന് ഒമ്പത് ശതമാനമാക്കി ഉയര്‍ത്തി. ഇതൊക്കെ ചെയ്തിട്ടും പണപ്പെരുപ്പം/വിലക്കയറ്റം അനിയന്ത്രിതമായി തുടരുന്നു.

ഡോളറിന് ഏതാണ്ട് 45 രൂപ കൈമാറ്റ നിരക്കായിരുന്നത് ഇപ്പോള്‍ 53.67 രൂപയായി ഉയര്‍ന്നുനില്‍ക്കുന്നു. ഏതാനും മാസങ്ങള്‍ക്കിടയിലാണ് 16 ശതമാനത്തോളം വ്യത്യാസമുണ്ടാക്കിയിരിക്കുന്നത്. ഇതു തടയാനായി സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ പക്കലുള്ള വിദേശനാണ്യത്തില്‍ 3,000 കോടി ഡോളറിലേറെ ചെലവഴിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇങ്ങനെയൊരു വീഴ്ച രൂപയുടെ വിലയില്‍ ഉണ്ടായിട്ടില്ല. ഇക്കാരണങ്ങളാല്‍ സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി പിടിച്ചാല്‍ കിട്ടാത്ത നിലയിലായിരിക്കുന്നു. ഈ വര്‍ഷത്തെ ബജറ്റില്‍ ധനക്കമ്മിയും റവന്യൂക്കമ്മിയും നിശ്ചയിച്ചിരുന്ന പരിധിയിലും ഏറെ കൂടുതലായിരിക്കും മാര്‍ച്ച് അവസാനമാകുമ്പോഴേക്കുമെന്ന് പകുതി വര്‍ഷം പിന്നിട്ടപ്പോഴേക്കും വ്യക്തമായി. ആ പ്രതികൂലസ്ഥിതി ഇപ്പോഴും തുടരുകയാണ്. ഈ ധനവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ (ജൂലായ്- സെപ്തംബര്‍) സാമ്പത്തികവളര്‍ച്ചനിരക്ക് 6.9 ശതമാനമായി ഇടിഞ്ഞു. അടുത്തകാലത്തൊന്നും നിരക്ക് ഇത്രയും കുറഞ്ഞിട്ടില്ല. യൂറോപ്പിന്റെയും അമേരിക്കയുടെയും സാമ്പത്തികപ്രതിസന്ധിയാണ് ഇതിന്റെ ഒരുകാരണം. പ്രധാനമന്ത്രിയും ധനമന്ത്രിയും നേരത്തെ പറഞ്ഞുകൊണ്ടിരുന്നത് വികസിത മുതലാളിത്തരാജ്യങ്ങളിലെ സാമ്പത്തികത്തളര്‍ച്ച മറ്റ് പല വികസ്വര രാജ്യങ്ങളെയുംപോലെ ഇന്ത്യയെ ബാധിക്കില്ല എന്നായിരുന്നു. എന്നാല്‍ , ഇപ്പോള്‍ സ്ഥിതി അതല്ലെന്ന് രൂപയുടെ തുടര്‍ച്ചയായ വിലയിടിവും മറ്റും സ്പഷ്ടമാക്കുന്നു. ചൈന ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളുടെയും നാണയങ്ങളെ രൂക്ഷമായ വിലയിടിവ് ബാധിച്ചിട്ടില്ല.

രൂപയുടെ വിലയിടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വിദേശമുതലാളിമാര്‍ ഇവിടത്തെ ഓഹരിക്കമ്പോളത്തില്‍ വന്‍തോതില്‍ പണം നിക്ഷേപിക്കുന്നതാണ്. അതുകൊണ്ട് സമ്പദ്വ്യവസ്ഥയ്ക്കോ രാജ്യത്തിന് പൊതുവിലോ ഒരു ഗുണവുമില്ല. ഇവിടെ പുതുതായി ഒറ്റ ജോലിപോലും സൃഷ്ടിക്കുന്നില്ല, ആരുടെയും വരുമാനം വര്‍ധിപ്പിക്കുന്നില്ല. മുതല്‍ ഇറക്കിയവര്‍ ലാഭം ഏറ്റവും കൂടുതല്‍ ലഭിക്കുന്ന വേളയില്‍ വാങ്ങിയ ഓഹരികള്‍ വിറ്റ് സ്ഥലം വിടുന്നു. കൂട്ടത്തോടെ ഓഹരികള്‍ വില്‍ക്കപ്പെടുമ്പോള്‍ വിലകള്‍ തകര്‍ന്ന് ഓഹരി വാങ്ങിയ ഇന്ത്യക്കാര്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ വിദേശകുത്തകകള്‍ക്ക് ഇത്തരത്തില്‍ ചൂഷണം ചെയ്തു മുടിക്കാന്‍ തുറന്നിട്ടുകൊടുക്കരുത് എന്ന് സിപിഐ എമ്മും മറ്റ് ഇടതുപക്ഷപാര്‍ടികളും ആഗോളവല്‍ക്കരണത്തിന്റെ ആരംഭകാലംമുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. വിദേശകുത്തകകള്‍ക്ക് ഇന്ത്യയുടേയോ പൗരന്മാരുടെയോ നിലനില്‍പ്പും പുരോഗതിയും പ്രശ്നമേയല്ല. സ്വന്തം ലാഭം വര്‍ധിപ്പിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. കൃഷിക്കാരടക്കം പരമ്പരാഗത ജീവിതമാര്‍ഗങ്ങളെ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഏതാണ്ട് 100 കോടിയോളം ജനങ്ങളുടെ ജീവിതത്തെ താറുമാറാക്കുന്ന നയമാണ് യുപിഎ സര്‍ക്കാര്‍ പിന്തുടരുന്നത്.

കൃഷിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകള്‍ സമ്പന്നവിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് ബാങ്കുകളും മറ്റും വഴി സര്‍ക്കാര്‍ നല്‍കിവരുന്നത് എന്ന് പലരും ഇതിനകം ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദരിദ്ര- പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളെ സഹായിക്കുന്നതിന് സര്‍ക്കാരിന്റെ പക്കല്‍ പണമില്ല എന്ന് തീര്‍ത്തുപറയുന്ന ധനമന്ത്രിയും പ്രധാനമന്ത്രിയുമാണ് വിദേശ- നാടന്‍കുത്തകകള്‍ ഉള്‍പ്പെടെയുള്ള സമ്പന്നര്‍ക്കായി ഈ വര്‍ഷം മാത്രം 4.6 ലക്ഷം കോടി രൂപയുടെ നികുതി ഇളവ് അനുവദിച്ചത്. ഇവിടത്തെ കൃഷിക്കാരെയും വ്യാപാരികളെയും കൂട്ടത്തോടെ തൊഴിലില്ലാത്തവരാക്കി മാറ്റുന്നതാണ് ചില്ലറ വ്യാപാരരംഗത്ത് വിദേശകുത്തകകളെ പ്രവേശിപ്പിക്കുന്ന നടപടി. നാട്ടില്‍ സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരുന്നിട്ടും, തൊഴിലിനായി കാത്തുനില്‍ക്കുന്നവര്‍ കോടിക്കണക്കിനുണ്ടായിട്ടും, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അവസാനംവരെ ഒറ്റയാള്‍ പട്ടാളംപോലെ പോരാടിയത് ചില്ലറ വ്യാപാരരംഗം വിദേശകുത്തകകള്‍ക്ക് തുറന്നു കൊടുക്കാനായിരുന്നു.

ഇന്ത്യയുടെ ചില്ലറ വ്യാപാര മേഖലയില്‍ 12-14 ലക്ഷം കോടി രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. നാല് കോടിയിലധികം പേരാണ് ചില്ലറവ്യാപാര മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നത്. അവരുടെഭഭാവിയെ ആകെ വിരലിലെണ്ണാവുന്ന വിദേശകുത്തകകള്‍ക്കായി തുലച്ചുകളയാന്‍ ഡോ. മന്‍മോഹന്‍ സിങ്ങിന് ഒരു മടിയുമില്ല. അതായത്, യുപിഎ നയിക്കുന്ന ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരിന് ഒരു മടിയുമില്ല. രാജ്യത്തോടോ ജനങ്ങളോടോ കൂറില്ലാത്ത, സാമ്രാജ്യത്വകുത്തകകളുടെ ആഗ്രഹം നിറവേറ്റുന്നതിനു മുന്‍ഗണന നല്‍കുന്ന ഭരണാധികാരികളാണ് നമുക്കുള്ളത്. കൃഷിക്കാരും തൊഴിലാളികളും ചില്ലറവ്യാപാരികളും മറ്റ് അധ്വാനിക്കുന്നവരുമൊക്കെ അത്യധ്വാനം ചെയ്തുണ്ടാക്കുന്ന സമ്പത്ത് ഇവിടത്തെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും അസമത്വവും അകറ്റുന്നതിനുപയോഗിക്കുന്നതിലല്ല സാമ്രാജ്യത്വവിധേയരായ ഈ അധികാരികള്‍ക്ക് താല്‍പ്പര്യം. അവരുടെ തെറ്റായ നയം മൂലമാണ് ഇന്ത്യയുടെ വളര്‍ച്ചനിരക്ക് ഇടിയുന്നത്; ഇവിടെ കാര്‍ഷിക അഭിവൃദ്ധി ഇല്ലാത്തത്; ദാരിദ്ര്യവും പട്ടിണിയും നിരക്ഷരതയും തൊഴിലില്ലായ്മയും രോഗാതുരതയും കുറവില്ലാതെ നിലനില്‍ക്കുന്നത്. അതേ സര്‍ക്കാരാണ് വീണ്ടും ഒരു പ്രതിസന്ധി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ജനങ്ങളില്‍ ഊന്നിയുള്ള അവരുടെ ക്ഷേമവും ഉന്നമനവും രാജ്യത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയും ലാക്കാക്കിയുള്ള സാമ്പത്തിക- വികസനനയങ്ങള്‍ നടപ്പാക്കപ്പെടണം. സാമ്രാജ്യത്വശക്തികളുടെ ഉയര്‍ച്ചയും സ്ഥിരതയും നിലനില്‍പ്പും ലാക്കാക്കി പ്രവര്‍ത്തിക്കുന്ന മിര്‍ജാഫര്‍മാര്‍ രാജ്യം ഭരിക്കുന്ന കാലത്തോളം ഇവിടെ ജനങ്ങള്‍ക്ക് കണ്ണീരും പട്ടിണിയും മറ്റു ജീവിതദുരിതങ്ങളും മാത്രമാണ് ഭരണത്തിന്റെ നേട്ടങ്ങളായി ലഭിക്കുക.

*
സി പി നാരായണന്‍ ദേശാഭിമാനി 16 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ പരാജയം ഇനിയും മൂടിവയ്ക്കാനാകാത്ത സ്ഥിതിയായിട്ടുണ്ട്. വര്‍ഷങ്ങളായി വിലക്കയറ്റം ഒമ്പത് ശതമാനത്തിലേറെയാണ്. പടിഞ്ഞാറന്‍ സാമ്രാജ്യത്വചേരിക്ക് ബദലായി ഉയര്‍ന്നുവരുന്ന ശക്തിയായാണ് ബ്രിക്സിനെ- ബ്രസീല്‍ , റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക- കണക്കാക്കുന്നത്. ഈ പഞ്ചമഹാശക്തികളില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി വിലക്കയറ്റം തുടര്‍ച്ചയായി ഒമ്പത് ശതമാനത്തിലേറെയായി നിലനില്‍ക്കുന്ന ഏകരാജ്യം ഇന്ത്യയാണ്. ജനങ്ങള്‍ക്കിടയില്‍ കറങ്ങുന്ന പണത്തിന്റെ അളവ് ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി വന്‍തോതില്‍ കൂട്ടിയിരുന്നു. ഇതാണ് വിലക്കയറ്റത്തിനു കാരണമെന്ന ധാരണയില്‍ ബാങ്ക് പലിശ കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കിടയ്ക്ക് 4.25 ശതമാനത്തില്‍നിന്ന് ഒമ്പത് ശതമാനമായി പടിപടിയായി ഉയര്‍ത്തിയിരിക്കുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ബാങ്കുകളുമായി ബന്ധപ്പെട്ട എസ്എല്‍ആര്‍ (അവ വാങ്ങേണ്ട സര്‍ക്കാര്‍ ബോണ്ടുകളുടെ തുക) 24ല്‍നിന്ന് 25 ശതമാനമായി ഉയര്‍ത്തി. ക്യാഷ് റിസര്‍വ് അനുപാതം അഞ്ചില്‍നിന്ന് ഒമ്പത് ശതമാനമാക്കി ഉയര്‍ത്തി. ഇതൊക്കെ ചെയ്തിട്ടും പണപ്പെരുപ്പം/വിലക്കയറ്റം അനിയന്ത്രിതമായി തുടരുന്നു.