Saturday, December 17, 2011

തിരക്കഥയുടെ കഥ

ആദ്യഭാ‍ഗങ്ങള്‍

സിനിമാ പ്രതിസന്ധി എന്ന പേരില്‍ ഇന്ന് മലയാള സിനിമാ രംഗത്ത് നടക്കുന്ന ചര്‍ച്ചകളില്‍ മികച്ച തിരക്കഥകളുടെ അഭാവത്തെ ചൊല്ലിയുള്ള ആശങ്കകളും പ്രകടിപ്പിക്കപ്പെട്ട് കണ്ടു. നല്ല സിനിമക്ക് നല്ല തിരക്കഥ വേണമെന്നതില്‍ സംശയമില്ല. മേന്മയുള്ള തിരക്കഥയില്‍ നിന്നാണ് മികച്ച ഒരു സിനിമയുടെ തുടക്കം. എന്റെ സിനിമകളില്‍ ഇരകളും കോലങ്ങളും മാത്രമാണ് മറ്റുള്ളവരുമായി സഹകരിക്കാതെ സ്വതന്ത്രമായി എഴുതിയിട്ടുള്ള തിരക്കഥകള്‍ . അല്ലാത്തവ മറ്റു തിരക്കഥാകൃത്തുക്കളുമായി ചേര്‍ന്ന് എഴുതുകയോ എന്റെതായ ഇടപെടലുകള്‍ നടത്തുകയോ ചെയ്തിട്ടുള്ളതാണ്. ഈ തിരക്കഥകളെല്ലാം മികച്ചതെന്ന് വിലയിരുത്തപ്പെട്ടു. ആറ് സിനിമകള്‍ക്ക് സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയതോടൊപ്പം തിരക്കഥക്കും പുരസ്കാരം ലഭിച്ചു. സിനിമയിലെത്തും മുമ്പ് ഒരു ചെറുകഥ പോലും എഴുതിയിട്ടില്ലാത്തയാള്‍ തിരക്കഥാ രചനയില്‍ കാണിച്ച മികവ് പലരെയും അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ കഥപറയലിന് ജന്മസിദ്ധമായ ഒരു കഴിവ് എനിക്കുണ്ടെന്ന് കരുതുന്നു. ഒരു പക്ഷേ സിനിമാ സംവിധായകനായില്ലെങ്കില്‍ എഴുത്താകുമായിരുന്നു എന്റെ വഴി.

സിനിമയെ ഗൗരവമായി സമീപിച്ച് തുടങ്ങിയ കാലത്തു തന്നെ സംവിധായക്നറെ ജോലി സിനിമയുടെ രചനയില്‍ തുടങ്ങുന്നുവെന്ന് മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ തിരക്കഥ സംവിധായകന്‍ തന്നെയെഴുതണമെന്ന കാര്യത്തില്‍ തുടക്കം മുതല്‍ ഞാന്‍ നിര്‍ബന്ധം പുലര്‍ത്തി. തിരക്കഥയെ കുറിച്ച് ഏറ്റവും കൂടുതല്‍ ചിന്തിക്കേണ്ടതും അതിനെ അടിസ്ഥാനമാക്കി സിനിമക്ക് സംഭാവന നല്‍കേണ്ടതും സംവിധായകനാണ് എന്നതു തന്നെ കാരണം. തിരക്കഥാ രചനക്ക് ഇറങ്ങിപ്പുറപ്പെടും മുമ്പ് സിനിമാ സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ വായിച്ച് പഠിച്ചിരുന്നു. അതില്‍ ലോകോത്തരമെന്ന് വിശേഷിപ്പിക്കപ്പെട്ട തിരക്കഥകളുമുണ്ടായിരുന്നു. കഥയൊന്നും എഴുതിയിട്ടില്ലെങ്കില്‍ പോലും കഥകളും രചനാ സംബന്ധിയായവയും പരക്കെ വായിച്ചിരുന്നു. അങ്ങനെ വായിച്ച തിരക്കഥകളില്‍ പ്രധാനപ്പെട്ടവ ഏറെയുണ്ട്.

1953ല്‍ ഇറങ്ങിയ ജോര്‍ജസ് അര്‍നോഡിന്റെ ഫ്രഞ്ച് ത്രില്ലറായ "വേജസ് ഓഫ് ഫിയര്‍" ആവര്‍ത്തിച്ചുവായിച്ചിട്ടുള്ള സിനിമാ തിരക്കഥകളില്‍ ഒന്നാണ്. അതുപോലെ ഫെല്ലിനിയുടെയും കുറസോവയുടെയും തിരക്കഥകള്‍ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ഇതില്‍ ഫെല്ലിനിയുടെ തിരക്കഥകള്‍ അന്നും ഇന്നും ആവേശം കൊള്ളിക്കുന്നു. അസാമാന്യമാണ് അദ്ദേഹത്തിന്റെ രചന. ഓരോ സിനിമാ സന്ദര്‍ഭത്തിലും ജീവിച്ചുകൊണ്ട് തന്നെയാണ് അദ്ദേഹം എഴുതിയതെന്ന് ആ തിരക്കഥകള്‍ നമ്മെ ബോധ്യപ്പെടുത്തും. നല്ല തിരക്കഥയില്‍ എല്ലാം മികച്ച ദൃശ്യാനുഭവങ്ങളായി മാറും. കടല്‍ , മനുഷ്യര്‍ , അവരുടെ പെരുമാറ്റം എല്ലാം സിനിമാ ഭാഷയില്‍ സന്നിവേശിപ്പിക്കപ്പെട്ടിട്ടുണ്ടാകും. ഫെല്ലിനി എഴുതിയ "ലാ ഡോള്‍സ വിറ്റ"യില്‍ സാധാരണ മനുഷ്യരുടെ തെരുവിലെ ജീവിതത്തെ അദ്ദേഹം തിരക്കഥയില്‍ വരച്ചിരിക്കുന്നത് അസാമാന്യമായ വൈഭവത്തോടെയാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം വസ്ത്രം എന്നത് പ്രധാന കാര്യമൊന്നുമല്ലെന്ന് അദ്ദേഹം പറയുന്നു. ആ ചിന്ത തന്നെ അസാമാന്യമാണ്. ആ കൃതികളെല്ലാം എന്നെക്കൊണ്ട് ചിന്തിപ്പിക്കുകയും ഒരുപാട് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളൊരു പശ്ചാത്തലത്തില്‍ നിന്നാണ് തിരക്കഥാ രചനയിലേക്ക് ഞാന്‍ എത്തുന്നത്. പില്‍ക്കാലത്ത് സിനിമാ സംരംഭങ്ങളില്‍ ഞാന്‍ ചിന്തിച്ചതും അതേ രീതിയിലാണെന്നത് എന്റെ പ്രത്യേകതയായി കരുതുന്നു.

നമുക്ക് ചുറ്റും വിഷയങ്ങള്‍ ഒരുപാടുണ്ട്. അതില്‍ നിന്ന് കഥയുണ്ടാക്കല്‍ മാത്രമല്ല, അത് വ്യത്യസ്തമായി പറയാനും ആവിഷ്കരിക്കാനുമുള്ള കഴിവ് സിനിമാക്കാരന് വേണം. ഇങ്ങനെയൊക്കെയാണെങ്കിലും നല്ല തിരക്കഥ എങ്ങനെയായിരിക്കണമെന്ന് പറഞ്ഞറിയിക്കാന്‍ എനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ ഞാന്‍ ചെയ്തതെല്ലാം മികച്ചതാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ തിരക്കഥ എഴുതുന്നതില്‍ ഞാനൊരു എക്സ്പര്‍ട്ടാണെന്ന് അല്‍പ്പം അഹങ്കാരത്തോടെ തന്നെ സ്വയം വിലയിരുത്തുന്നു. എന്തായാലും തിരക്കഥാ രചന എളുപ്പമുള്ള പണിയല്ലെന്ന് പറയാം. നാം ചെയ്യാന്‍ പോകുന്ന സിനിമയുടെ ബ്ലൂപ്രിന്‍റാണ് തിരക്കഥയില്‍ സൃഷ്ടിക്കുന്നത്. അതിന് കഴിയണമെങ്കില്‍ എന്താണ് സിനിമയെന്നും അതിന്റെ ഭാഷയെന്നും അറിഞ്ഞിരിക്കണം. എന്താണ് സിനിമയിലൂടെ പറയേണ്ടതെന്ന ധാരണ വേണം. നല്ല സിനിമകള്‍ കാണുകയും പഠിക്കുകയും വേണം. ഞാന്‍ സ്വതന്ത്രമായി എഴുതിയിട്ടുള്ളതല്ലെങ്കിലും എന്റെ സിനിമയില്‍ ഉപയോഗിച്ച മറ്റുള്ളവരുടെ തിരക്കഥയില്‍ ക്രിയാത്മകമായി ഇടപെടാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം ഇടപെടലുകള്‍ എല്ലാവരും സഹിച്ചിരുന്ന കാലമായിരുന്നു അത്. സിനിമയുടെ മേന്മയെ കരുതിയായിരുന്നു ഇടപെടലുകള്‍ എന്നതാവാം സഹനത്തിന് പ്രേരിപ്പിച്ചത്. സംവിധായകനെന്ന നിലയില്‍ മറ്റുള്ളവരുടെ ഇടപെടലിനെ ഞാനും സഹിഷ്ണുതയോടെ കണ്ടിരുന്നു. 1978ല്‍ ഇറങ്ങിയ മണ്ണ് എന്ന സിനിമയുടെ തിരക്കഥ എഴുതിയത് ഡോ. പവിത്രനാണ്. പക്ഷേ ആ തിരക്കഥ അതേ രൂപത്തില്‍ ഞാന്‍ ഉപയോഗിച്ചില്ല. സിനിമയില്‍ നാടകത്തിന്റെ ചില അംശങ്ങളുണ്ട്. നാടകം എങ്ങനെ സിനിമയില്‍ വരണമെന്ന് എനിക്കറിയാം. അപ്പോള്‍ എന്റേതായ ഇടപെടല്‍ ആ ചിത്രത്തിന്റെ രചനയില്‍ ഉണ്ടായത് സ്വാഭാവികം.

ഞാനെഴുതിയ തിരക്കഥകളില്‍ ഏറ്റവും മികച്ചതെന്ന് കരുതുന്നത് യവനികയും ആദാമിന്റെ വാരിയെല്ലുമാണ്. ഇരകളും പ്രധാനപ്പെട്ടതാണ്. യവനികയുടെ സംഭാഷണം എസ് എല്‍ പുരം സദാനന്ദനും വാരിയെല്ലിന്റേത് കള്ളിക്കാട് രാമചന്ദ്രനുമാണ് എഴുതിയത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി തിരക്കഥാ രചന പഠിച്ചയാളാണ് കള്ളിക്കാട്. എസ് എല്‍ പുരവും മികച്ച രചയിതാവ്. യവനികയുടെ തിരക്കഥയില്‍ നിന്നുകൊണ്ട് നന്നായി കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആദ്യം സംഭാഷണമെഴുതാന്‍ ഏല്‍പ്പിച്ചത് കെ ടി മുഹമ്മദിനെയായിരുന്നു. കെ ടിയുടെ എഴുത്ത് എന്തുകൊണ്ടോ എനിക്ക് ബോധിച്ചില്ല. അദ്ദേഹം മികച്ച എഴുത്തുകാരനല്ലാത്തതുകൊണ്ടല്ല അത്. എന്തുകൊണ്ടോ അദ്ദേഹത്തിന് യവനികയില്‍ കാര്യമായ സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല എന്നു മാത്രം. എന്റെ എഴുത്തിന് പ്രത്യേക രീതിയൊന്നുമില്ല. എവിടെയിരുന്നും എപ്പോഴും എഴുതാന്‍ കഴിഞ്ഞിട്ടുണ്ട്. വീടായാലും സിനിമാ സെറ്റായാലും എഴുത്തിന് ഭംഗമുണ്ടാകാറില്ല. ഷൂട്ടിങ്ങിനിടയില്‍ പോലും എഴുതി ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്നു. ആദാമിന്റെ വാരിയെല്ലിന്റെ തിരക്കഥ അങ്ങനെ പൂര്‍ണമായതാണ്. എഴുത്തുകാര്‍ പറഞ്ഞതും എഴുതിയതും ചെറിയ കുറിപ്പായി കൂടെ കരുതും. അതില്‍ നിന്ന് ഷൂട്ടിങ്ങിനിയിലും തിരക്കഥ വികസിപ്പിക്കുന്നതിന് പ്രയാസമുണ്ടായിട്ടില്ല. ഇരകള്‍ ഒരു പ്രത്യേക ചുറ്റുപാടില്‍ എഴുതി അവസാനിപ്പിച്ച തിരക്കഥയാണ്. സീന്‍ ഒന്ന് എന്നെഴുതി ആരംഭിച്ച എഴുത്ത് അവസാനത്തെ സീന്‍ വരെ തുടര്‍ച്ചയായി ഒറ്റയടിക്ക് തീര്‍ന്നുവെന്ന് പറയാം. അതു പോലെ എഴുതിയ വേറൊന്നില്ല. 1985 ലെ വേനല്‍ക്കാലത്ത് ഈ സിനിമയുടെ നിര്‍മാതാവ് കൂടിയായ നടന്‍ സുകുമാരെന്‍റ ഊട്ടിയിലെ വീട്ടിലിരുന്നായിരുന്നു എഴുത്ത്. ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ച സംഭവവും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും എന്നിലുണര്‍ത്തിയ ചിന്തകളായിരുന്നു ഇരകളുടെ വിത്ത് പാകിയത്. മദ്രാസ് വാസക്കാലത്താണ് ഇന്ദിരഗാന്ധി കൊല്ലപ്പെട്ടത്. ടെലിവിഷനില്‍ അവരുടെ മരണാന്തര ചടങ്ങുകള്‍ ആവര്‍ത്തിച്ച് കാഴ്ചയായതും സിക്ക് കൂട്ടക്കൊല പോലുള്ളവ അരങ്ങേറിയതും എന്റെ മനസിനെ ഉലച്ചു. ആ സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്തം ആര്‍ക്കാണെന്ന ചിന്തയോടൊപ്പം സമൂഹത്തിലുണ്ടാകുന്ന ഹിംസാത്മകാന്തരീക്ഷവും മാനുഷിക മൂല്യങ്ങളുടെ ച്യുതിയും മറ്റൊരു തലത്തിലേക്ക് വികസിച്ചു. അവിടെ നിന്നാണ് ഇരകളില്‍ പറയുന്ന പാലക്കുന്നേല്‍ മാത്തുക്കുട്ടി മുതലാളിയും അയാളുടെ മകന്‍ ബേബിയും പിറവിയെടുത്തത്. അടിമുടി രാഷ്ട്രീയ സിനിമയാണ് ഇരകള്‍ . അതെത്രത്തോളം അത്തരത്തില്‍ വിലയിരുത്തപ്പെട്ടു എന്ന് പറയാനാവില്ല. അന്നത്തെ രാഷ്ട്രീയാവസ്ഥയെ ഒരു കുടുംബത്തിെന്‍റ കഥയിലേക്ക് ആവാഹിക്കുകയായിരുന്നു ഇരകള്‍ . അടിയന്തരാവസ്ഥക്ക് സാക്ഷിയാകേണ്ടിവന്ന തലമുറയുടെ പ്രതിനിധിയാണ് ഞാന്‍ . സഞ്ജയ്ഗാന്ധിയുടെ ചെയ്തികള്‍ അദ്ദേഹത്തിന് വില്ലന്‍ പരിവേഷം നല്‍കിയിട്ടുണ്ടായിരുന്നു. സഞ്ജയ് ഗാന്ധിയുടെ മനോവിഭ്രമത്തിെന്‍റ അംശം ഇരകളിലെ ബേബിയുടെ വയലന്‍സില്‍ കാണാം. ഹിംസാത്മകമായ ഒരു കാലത്തെയാണ് ഇരകളിലൂടെ അവതരിപ്പിച്ചതും വിചാരണ ചെയ്യാന്‍ ശ്രമിച്ചതും. ഞങ്ങളുടെ തലമുറയുടെയെല്ലാം യൗവനകാലത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതീക്ഷകള്‍ നശിച്ച, മൂല്യ ത്തകര്‍ച്ച ബാധിച്ച ഒരു യുവത്വത്തെയും ഇരകളില്‍ കാണാം. കോലങ്ങളുടെ തിരക്കഥയെ കുറിച്ചും പ്രത്യേകം പറയണമെന്ന് തോന്നുന്നു.

1980ലാണ് കോലങ്ങള്‍ ഇറങ്ങിയത്. പി ജെ ആന്റണി ഒരു ഗ്രാമത്തിന്റെ കഥ എന്ന പേരില്‍ നോവലായും നാല് പെണ്ണുങ്ങളും കുറെ നാട്ടുകാരും എന്ന പേരില്‍ നാടകവുമാക്കിയിട്ടുള്ള കഥയാണ് കോലങ്ങള്‍ എന്ന പേരില്‍ സിനിമയായത്. കഥ മാത്രമാണ് ഞാന്‍ വായിച്ചിട്ടുള്ളത്. നാടകം കാണാനോ വായിക്കാനോ കഴിഞ്ഞിരുന്നില്ല. നിര്‍മാതാവ് ഡി ഫിലിപ്പും സംഘവും കഥ സിനിമയാക്കാന്‍ പി ജെ ആന്റണിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ഞാന്‍ നേരെ എഴുത്തിലേക്ക് കടക്കുകയായിരുന്നു. തിരക്കഥാ രചനയും ചിത്രീകരണവും ഉള്‍പ്പെടെ വളരെ ഈസിയായി ചെയ്ത സിനിമയായിരുന്നു അത്. പി ജെ ആന്റണിയുടെ കഥയിലെ സംഭാഷണങ്ങള്‍ അതേപടി സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹം ഒരുക്കിയ നിറക്കൂട്ടുകള്‍ കൂടുതല്‍ പൊലിമയോടെ തീക്ഷ്ണമായി സിനിമയില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞു. എനിക്ക് പരിചയമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവുമാണ് ഒരു ഗ്രാമത്തിന്റെ കഥയില്‍ ഉണ്ടായിരുന്നത് എന്നതാവാം കാരണം. പി ജെ ആന്റണിയുമായി ഒരുവട്ടമെങ്കിലും ചര്‍ച്ച ചെയ്യാതെയാണ് കോലങ്ങളുടെ തിരക്കഥ എഴുതിയതെന്ന കാര്യം പലരെയും പിന്നീട് അമ്പരപ്പിച്ചു.

മറ്റൊരു സംവിധായകന് വേണ്ടി ഞാന്‍ തിരക്കഥയെഴുതിയിട്ടില്ല. അതിന് കാരണം സിനിമാകാരനെന്ന നിലക്കുള്ള ചില ശാഠ്യങ്ങളാകാം. എനിക്ക് സിനിമ ചെയ്യാന്‍ വേണ്ടി ഞാന്‍ കഥ തെരഞ്ഞെടുക്കുന്നതും അത് എനിക്ക് ബോധ്യപ്പെടുന്ന രീതിയില്‍ മാറ്റിത്തീര്‍ക്കുന്നതും മറ്റൊരാള്‍ക്ക് വേണ്ടി സ്വാതന്ത്രത്തോടെ ചെയ്യാന്‍ കഴിയില്ല. എന്റെ സിനിമയുടെ കഥ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് മാത്രമാണ്. അക്കാര്യത്തില്‍ സംവിധായകനെന്ന നിലയില്‍ ഒരാളുടെയും ഇടപെടല്‍ ഞാന്‍ സഹിച്ചിരുന്നില്ല. അങ്ങനെ ഞാന്‍ കണ്ടെത്തുന്ന കഥ നിര്‍മാതാവിനോട് പറയും അദ്ദേഹം അംഗീകരിച്ചാല്‍ തിരക്കഥയെഴുതും. നിര്‍മാതാവിന് ബോധ്യപ്പെടും വരെ. അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ എന്തും ചെയ്യും എന്നു വേണമെങ്കിലും പറയാം. അതുപോലെ ഒരേ എഴുത്തുകാരെ സ്ഥിരമായി ഉപയോഗിക്കുന്ന ശീലമില്ലായിരുന്നു. ഓരോ എഴുത്തിനും ഏറ്റവും അനുയോജ്യരായവരെ പ്രയോജനപ്പെടുത്തുന്നതാണ് രീതി. ഒരേ പോലെയുള്ള സിനിമകള്‍ എടുക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. അത് എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ കാണാം.

ഒരു പ്രമേയം ഏറ്റവും നന്നായി എഴുതാന്‍ പറ്റിയ ആളെയാണ് ആ ജോലി ഏല്‍പ്പിച്ചിട്ടുള്ളത്. പുതിയ പുതിയ എഴുത്തുകാരെ പരീക്ഷിച്ചുകൊണ്ടിരുന്നു. ഓണപ്പുടവ എന്ന കഥ എഴുതിതന്നത് അടുത്തിടെ അന്തരിച്ച കാക്കനാടനാണ്. മറ്റൊരാള്‍ എന്നോട് പറഞ്ഞ കഥയെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ എഴുതാമെന്ന് അദ്ദേഹമേറ്റു. നന്നായി ചെയ്യുകയും ചെയ്തു. പഞ്ചവടിപ്പാലത്തിന്റെ കഥ വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെതാണ്. തിരക്കഥയാകട്ടെ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റേതും. യവനികയിലും ഫ്ളാഷ്ബാക്കിലും നാടക പശ്ചാത്തലമുളള എസ് എല്‍ പുരത്തെയാണ് ഏല്‍പ്പിച്ചത്. മലയാളത്തില്‍ എഴുത്തിലെ ക്രാഫ്റ്റ്സ്മാന്‍ഷിപ്പിെന്‍റ കാര്യത്തില്‍ എംടിയാണ് മികച്ച തിരക്കഥാകാരന്‍ . നോവലിലായാലും തിരക്കഥയിലായാലും അദ്ദേഹം പുലര്‍ത്തിയിരുന്ന മികവിനോട് ആരാധന തോന്നിയിട്ടുണ്ട്. അക്കാര്യത്തില്‍ എം ടിക്ക് പകരക്കാരില്ലായിരുന്നു. എന്നാല്‍ മുന്‍ കാലത്തെ രചനകളുടെ സൗന്ദര്യവും ഉറപ്പും അദ്ദേഹത്തിെന്‍റ പില്‍ക്കാല രചനകളില്‍ കാണാനായിട്ടില്ലെന്നും പറയേണ്ടിവരും.

എം ടിയുടെ ഒരുപാട് തിരക്കഥകള്‍ സിനിമയാക്കിയിട്ടുള്ള സംവിധായകനാണ് ഐ വി ശശി. അദ്ദേഹം സിനിമയാക്കുമ്പോള്‍ എം ടിയുടെ തിരക്കഥ വ്യത്യസ്തമായി മാറും. മറ്റുള്ള സംവിധായകര്‍ എം ടിയെ സ്വീകരിച്ചിരുന്നത് പോലെയല്ല ഐ വി ശശി സ്വീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെതായ കോണ്‍ട്രിബ്യൂഷന്‍ സിനിമയില്‍ ഉണ്ടാകും. പ്രിയദര്‍ശന്റെ തിരക്കഥയിലും ആ ക്രാഫ്റ്റ് ഉണ്ട്. ശ്രീനിവാസനും തിരക്കഥ എഴുത്തില്‍ വിജയിച്ചയാളാണ്. അദ്ദേഹത്തെ ആദ്യം തിരക്കഥയെഴുതാന്‍ പ്രേരിപ്പിച്ചതും എഴുതിച്ചതും ഞാനാണ്. മേള എന്ന ചിത്രം ചെയ്യുമ്പോള്‍ കഥാപാത്രങ്ങളെ, മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരെ പരിചയപ്പെടുത്തിയത് ശ്രീനിവാസനാണ്. ശ്രീനിവാസന് എഴുതാന്‍ കഴിയുമെന്ന് തോന്നിയപ്പോള്‍ ചിലതൊക്കെ അദ്ദേഹത്തെ കൊണ്ട് എഴുതിച്ചു. അതും വളരെ നിര്‍ബന്ധിച്ച്. എഴുതാന്‍ പറഞ്ഞാല്‍ മടിപറയുമായിരുന്നു. ആ ശ്രീനിവാസനെ പിന്നീട് വളരെ തിരക്കുള്ള തിരക്കഥാകൃത്തായാണ് കാണുന്നത്. വളരെ ജനപ്രിയനായ പരാജയപ്പെടാത്ത തിരക്കഥാകൃത്തായി അദ്ദേഹം മാറി. എന്നാല്‍ ക്രാഫ്റ്റിന്റെ കാര്യത്തില്‍ പൂര്‍ണത നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിന് ശ്രമിക്കാത്തതാകാം കാരണം.

*
കെ ജി ജോര്‍ജ് / തയ്യാറാക്കിയത് എം എസ് അശോകന്‍

ദേശാഭിമാനി വാരിക 17 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സിനിമാ പ്രതിസന്ധി എന്ന പേരില്‍ ഇന്ന് മലയാള സിനിമാ രംഗത്ത് നടക്കുന്ന ചര്‍ച്ചകളില്‍ മികച്ച തിരക്കഥകളുടെ അഭാവത്തെ ചൊല്ലിയുള്ള ആശങ്കകളും പ്രകടിപ്പിക്കപ്പെട്ട് കണ്ടു. നല്ല സിനിമക്ക് നല്ല തിരക്കഥ വേണമെന്നതില്‍ സംശയമില്ല. മേന്മയുള്ള തിരക്കഥയില്‍ നിന്നാണ് മികച്ച ഒരു സിനിമയുടെ തുടക്കം. എന്റെ സിനിമകളില്‍ ഇരകളും കോലങ്ങളും മാത്രമാണ് മറ്റുള്ളവരുമായി സഹകരിക്കാതെ സ്വതന്ത്രമായി എഴുതിയിട്ടുള്ള തിരക്കഥകള്‍ . അല്ലാത്തവ മറ്റു തിരക്കഥാകൃത്തുക്കളുമായി ചേര്‍ന്ന് എഴുതുകയോ എന്റെതായ ഇടപെടലുകള്‍ നടത്തുകയോ ചെയ്തിട്ടുള്ളതാണ്. ഈ തിരക്കഥകളെല്ലാം മികച്ചതെന്ന് വിലയിരുത്തപ്പെട്ടു. ആറ് സിനിമകള്‍ക്ക് സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയതോടൊപ്പം തിരക്കഥക്കും പുരസ്കാരം ലഭിച്ചു. സിനിമയിലെത്തും മുമ്പ് ഒരു ചെറുകഥ പോലും എഴുതിയിട്ടില്ലാത്തയാള്‍ തിരക്കഥാ രചനയില്‍ കാണിച്ച മികവ് പലരെയും അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ കഥപറയലിന് ജന്മസിദ്ധമായ ഒരു കഴിവ് എനിക്കുണ്ടെന്ന് കരുതുന്നു. ഒരു പക്ഷേ സിനിമാ സംവിധായകനായില്ലെങ്കില്‍ എഴുത്താകുമായിരുന്നു എന്റെ വഴി.