Monday, December 5, 2011

ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥ: പുതിയ വെല്ലുവിളികളും അവസരങ്ങളും

ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയുടെ ഒരു നിശ്ചിത കാലയളവിലുള്ള പ്രവര്‍ത്തനപുരോഗതിയും പ്രവണതകളും ആധികാരികമായി പ്രതിപാദിക്കുന്ന ഒരു റിസര്‍വ് ബാങ്ക് പ്രസിദ്ധീകരണമുണ്ട്. ''ബാങ്കിംഗിന്റെ പ്രവണതയും പുരോഗതിയും'' എന്ന പേരാണ് ഈ പ്രസിദ്ധീകരണത്തിനുള്ളത്. ഈ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണ് 2011 നവംബര്‍ 14 ന് പുറത്തുവന്നിരിക്കുന്നത്. 2010 ജൂലൈ ഒന്ന് മുതല്‍ 2011 ജൂണ്‍ 30 വരെയുള്ള കാലയളവാണ് ഈ പ്രസിദ്ധീകരണത്തിന്റെ പ്രതിപാദ്യം.

ആനുകാലിക സ്ഥിതിവിവരക്കണക്കുകള്‍ക്കായി ബാങ്കിംഗ് വിഷയത്തില്‍ താല്‍പര്യമുള്ളവര്‍ക്കെല്ലാം ആശ്രയിക്കാവുന്ന ഏറ്റവും നല്ലൊരു രേഖയാണിത്. ഒരു നിശ്ചിത കാലയളവിലെ ബാങ്കിംഗ്‌മേഖലയിലെ പ്രവണതകള്‍ക്കും പുരോഗതിക്കും പുറമെ ഈ മേഖലയുമായി ബന്ധപ്പെട്ട മറ്റു നിരവധി വിഷയങ്ങളും ഈ രേഖയുടെ ഭാഗമാണ്. ബാങ്കിംഗ്‌മേഖലയുടെ ഭാവി സാധ്യതകളും വിഭാവനം ചെയ്യുന്ന പ്രതിബന്ധങ്ങളും വിശദമായ ചര്‍ച്ചക്കു വിധേയമാക്കപ്പെടുന്ന ഒരു പ്രസിദ്ധീകരണംകൂടിയാണിത്.

ആഗോള ധനകാര്യപ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിനെതുടര്‍ന്ന് വിവിധ മുതലാളിത്തരാജ്യങ്ങള്‍ക്കു നേരിേടണ്ടിവന്ന പ്രശ്‌നങ്ങള്‍ ഫലപ്രദമായി തരണംചെയ്യുന്നതില്‍ ഇന്ത്യയിലെ ബാങ്കുകള്‍, വിശിഷ്യാ, പൊതുമേഖലാ ബാങ്കുകള്‍ പ്രശംസനീയമായ വിജയമാണ് കൈവരിച്ചത്. ഇതിനുശേഷവും ഈ റെക്കോര്‍ഡ് തുടര്‍ന്നും നിലനിര്‍ത്താന്‍ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് കഴിഞ്ഞു. 2010-11 ലെ കണക്കുകള്‍ ഈ നിഗമനം ശരിവെയ്ക്കുന്നുമുണ്ട്. വേണ്ടത്ര കരുതല്‍ മൂലധനശേഖരം, ലിക്വിഡിറ്റി, ലാഭത്തോത് ആസ്തികളുടെ ഉയര്‍ന്ന ഗുണമേന്‍മ തുടങ്ങിയവ ഇതിന് ദൃഷ്ടാന്തങ്ങളായെടുക്കാം.

ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ശക്തിപകരുന്ന മുഖ്യഘടകം, പരമ്പരാഗതവും ആധുനികവുമായ ബിസിനസ് മാര്‍ഗങ്ങളിലൂടെ വികസിക്കാനുള്ള അവസരങ്ങള്‍ ലഭ്യമാകുന്നു എന്നതാണ്. സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് ഇതിനുള്ള ഉറവിടം. അതേസമയം ഉയര്‍ന്ന പലിശനിരക്കുകള്‍ സൃഷ്ടിക്കുന്ന പ്രതികൂല കാലാവസ്ഥ ഇതിനൊരു പ്രതിബന്ധമായി വര്‍ത്തിക്കുന്നുമുണ്ട്. വിശിഷ്യാ അടിക്കടി ഉയര്‍ന്നുവരുന്ന പലിശനിരക്കുകള്‍ പണപ്പെരുപ്പത്തിന് പ്രതിരോധമായി അനുഭവപ്പെടുന്നില്ലെങ്കിലും റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സത്വര വളര്‍ച്ചയെ ഈ പ്രതിഭാസം പ്രതികൂലമായി ബാധിക്കുകയുമാണ്. ഹ്രസ്വകാലത്തേക്കു മാത്രമാണെങ്കിലും ഈ സാഹചര്യം ബാങ്കുകളുടെ നഷ്ടസാധ്യതകള്‍ വര്‍ധിക്കാനും കളമൊരുക്കുന്നുണ്ട്. മാത്രമല്ല ബേസല്‍ കകക എന്ന മാനദണ്ഡമനുസരിച്ച് ഇവയ്ക്ക് അധികമൂലധനമൊരുക്കാനും ലിക്വിഡിറ്റി ഉയര്‍ത്താനും ബാധ്യത ഏറ്റെടുക്കേണ്ടതായും വരുന്നു. മറ്റൊരു വെല്ലുവിളി ഉയര്‍ത്തുന്നത് ധനകാര്യ ഉള്‍ക്കൊള്ളല്‍ പ്രായോഗികമാക്കുന്നതിന് അനുയോജ്യമായ ബിസിനസ് മോഡലുകള്‍ ഏറ്റെടുക്കേണ്ടിവരുന്നു എന്നതുമാണ്. ഇതിനെല്ലാം ഉപരിയായി ഇന്ത്യന്‍ ബാങ്കുകള്‍ക്ക് സാര്‍വദേശീയ ധനകാര്യ നിലവാരങ്ങളിലെത്താന്‍ പര്യാപ്തമായ മൂന്നുപാധികള്‍ ഒരുക്കേണ്ട ബാധ്യതയും വന്നുചേരുന്നു. ഇതിലേയ്ക്കായി മതിയായ ആന്തര ഘടനാസൗകര്യങ്ങള്‍ സജ്ജമാക്കേണ്ടതുണ്ട്. ആധുനിക സാങ്കേതികവിദ്യാ പരിശീലനം നേടിയ മനുഷ്യവിഭവങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.

ബാങ്കിംഗ്‌മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധമായ പഠനങ്ങള്‍ വെളിവാക്കുന്നത് വിവിധ ബാങ്കിംഗ് സ്ഥാപനങ്ങള്‍ തമ്മില്‍ അതിശക്തമായ പരസ്പര ബന്ധങ്ങളുണ്ടെന്നതാണ്. ആര്‍ ബി ഐ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോഗിച്ച് നടത്തിവരുന്ന പഠനങ്ങളിലൂടെയാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നതും. തന്‍മൂലം ഒന്നോ അതിലേറെയോ ബാങ്കുകള്‍ തകര്‍ച്ച നേരിടേണ്ടിവരുന്ന സാഹചര്യത്തില്‍ ബാങ്കിംഗ് വ്യവസ്ഥ മൊത്തത്തില്‍ പ്രതിസന്ധിയിലകപ്പെടാന്‍ ഇടയുണ്ട്. അതേസമയം, ബാങ്കിംഗ് സംവിധാനത്തിനുമേല്‍ ആര്‍ ബി ഐയുടെ നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്നതിനാല്‍, ബാങ്കിംഗ് സ്ഥാപനങ്ങളുടെ കൂട്ട തകര്‍ച്ചാസാധ്യതകള്‍ പരമാവധി പരിമിതപ്പെടുത്താനും കഴിയുന്നുണ്ട്. എന്നാല്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍, ഇത്തരം നിയന്ത്രണസംവിധാനങ്ങള്‍ പാളിപ്പോകാനും വഴിയുണ്ട്.

ഏതായാലും വിവിധ ബാങ്കിംഗ്, ധനകാര്യസ്ഥാപനങ്ങളുടെ ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിലേയ്ക്ക് ഇവയെ എല്ലാം കോര്‍ത്തിണക്കി ഒരു ഹോള്‍ഡിംഗ് കമ്പനിക്കു കീഴില്‍ കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് പഠനഗ്രൂപ്പ് തയ്യാറാക്കിയ നിര്‍ദേശം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. ഇതിലൂടെ നിയമപരമായൊരു ഏകോപനവും ഫലപ്രദമായ നിയന്ത്രണവും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞേക്കാം. ഇതിനുപുറമെ നഷ്ടസാധ്യതകള്‍ കുറക്കാനോ, ഫലപ്രദമായി കൈകാര്യം ചെയ്യാനോ സഹായകമായ ഏതാനും ചില നവീന മാര്‍ഗങ്ങളും ബാങ്കിംഗ്‌മേഖലയില്‍ പ്രയോഗിച്ചുവരുന്നുമുണ്ട്. ഇതില്‍ മുഖ്യമായത്, 2011 ഒക്‌ടോബറില്‍ പ്രയോഗത്തിലായ ''ക്രെഡിറ്റ് ഡിഫോള്‍ട്ട് സ്വാപ്‌സ്'' (സി ഡി എസ്) എന്ന സംവിധാനം. അതായത് ഏതെങ്കിലും ഒരു ബാങ്കോ ധനകാര്യ വായ്പാ സ്ഥാപനമോ, തിരിച്ചടവു വീഴ്ചാപ്രതിസന്ധി നേരിടാനിടയുള്ള ഘട്ടത്തിലെത്തുമ്പോള്‍ പ്രസ്തുത സ്ഥാപനവും മറ്റൊരു സ്ഥാപനവും തമ്മില്‍ ബാധ്യത പരസ്പരം കൈമാറുക. അതേസമയം ഇത്തരം കൈമാറ്റ, വെച്ചുമാറല്‍ ഇടപാടുകള്‍ സങ്കീര്‍ണമായതിനാല്‍ അവ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ തമ്മില്‍ മാത്രമേ നടത്താന്‍ പാടുള്ളൂ എന്ന് ആര്‍ ബി ഐ നിഷ്‌കര്‍ഷിച്ചിരിക്കുകയാണ്. വിപണി ഇടപാടുകള്‍ വേണ്ടത്ര ശ്രദ്ധയോടെയും മുന്‍ധാരണയോടെയും മാത്രമേ നടത്താനും പാടുള്ളു.

ബാങ്ക് ആസ്തികളുടെ ഗുണമേന്‍മാ മാനേജ്‌മെന്റ് കാതലായൊരു ഏര്‍പ്പാടാണ്. കിട്ടാക്കടം പെരുകിവരുന്ന പ്രവണത അതീവ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യപ്പെടാന്‍. 1977 മാര്‍ച്ച് അവസാനം 15.70 ശതമാനമായിരുന്ന എന്‍ വി എ 2011 മാര്‍ച്ച് അവസാനമായതോടെ 2.25 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഏതുസമയവും ഇതില്‍മാറ്റമുണ്ടാകാം. ആശങ്ക ഇപ്പോഴും ഈ വിഷയത്തില്‍ നിലവിലുണ്ട്. സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയരുന്നമുറയ്ക്ക് വായ്പകളിലും വന്‍ വര്‍ധനവ് സ്വാഭാവികമായും ഉണ്ടാകും. തിരിച്ചടവുവീഴ്ചകളും ഇതെതുടര്‍ന്നു നടക്കാനിടയുണ്ട്. വായ്പാ തിരിച്ചുപിടിക്കല്‍, വീഴ്ചകള്‍ക്കൊപ്പമായിരിക്കണമെന്നില്ല. വീഴ്ചകളായിരിക്കും ഏറെ ഉണ്ടാവുക. പലിശനിരക്ക് തുടര്‍ച്ചയായി ഉയര്‍ന്നുവരുന്ന ചുറ്റുപാടുകള്‍ നിലവിലിരിക്കെ ആസ്തികളുടെ ഗുണമേന്‍മയിലും ഇടിവുണ്ടായേക്കാം.

ഇന്ത്യയിലെ ബാങ്കുകളെ സംബന്ധിച്ചിടത്തോളം അതിവേഗം ഉയര്‍ന്നുവരുന്ന വളര്‍ച്ചാനിരക്ക് സ്ഥായിയാക്കി തീര്‍ക്കുന്നതിനൊപ്പം, ധനകാര്യ ഉള്‍ക്കൊള്ളല്‍ യാഥാര്‍ഥ്യമാക്കുകയെന്നതും വലിയ വെല്ലുവിളി തന്നെയാണ്. ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ ആഭ്യന്തര സമ്പാദ്യവും നിക്ഷേപവും ഉയര്‍ത്തേണ്ടത് അനിവാര്യമായിതീരുന്നു. ഇതിലേക്കായി ബാങ്കുനിക്ഷേപകര്‍ക്ക് ആകര്‍ഷകമായ പലിശനിരക്കുകള്‍ നല്‍കുന്നതോടൊപ്പം സംരംഭകര്‍ക്ക് താങ്ങാന്‍കഴിയുന്ന പലിശനിരക്കുകളില്‍ വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യണം. ഈ രണ്ടു പലിശനിരക്കുകളും തമ്മിലുള്ള അന്തരം മറ്റു നവസമ്പന്നരാജ്യങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഉയര്‍ന്ന നിലവാരത്തിലാണെന്നു കാണുന്നു. ഈ അന്തരം പരമാവധി കുറക്കുകയാണ് ബാങ്കു മാനേജ്‌മെന്റുകള്‍ ചെയ്യേണ്ടത്.

ഇതിനുപുറമെ ബാങ്കുകളുടെ പ്രവര്‍ത്തനക്ഷമത ഉയര്‍ത്തുകയും ചെലവുകള്‍ പരമാവധി കുറയ്ക്കുകയും ചെയ്യുക എന്നത് അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്നു. ഇക്കൂട്ടത്തില്‍ ശമ്പള-വേതന ചെലവുകള്‍, കൈമാറ്റ ചെലവുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇതുവഴി ലാഭത്തില്‍ കുറവുവരാത്തവിധം വായ്പലിശനിരക്കുകള്‍ കുറക്കാന്‍ കഴിയും.

കേന്ദ്രഭരണകൂടവും ആര്‍ ബി ഐയും പ്രഖ്യാപിച്ചിരിക്കുന്നതനുസരിച്ച് ധനകാര്യഉള്‍ക്കൊള്ളല്‍ നയം യാഥാര്‍ഥ്യമാകുമെങ്കില്‍ ചെലവു കുറഞ്ഞതോതില്‍ കൂടുതല്‍ പണം ചെറുകിട ഗ്രാമീണമേഖലകളിലേയ്ക്ക് വന്‍തോതില്‍ പണം വായ്പയായി നല്‍കാന്‍ വഴിയൊരുക്കും. ഇന്ത്യന്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് വരുന്ന ഒരു ദശകക്കാലത്തിനിടയില്‍ ഉല്‍പ്പാദനമേഖലകള്‍ക്കു പുറമെ, താണവരുമാനവിഭാഗത്തില്‍പെടുന്ന കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണത്തിനും വിദ്യാഭ്യാസസൗകര്യങ്ങള്‍ ഒരുക്കുന്നതിനും കൂടുതല്‍ വായ്പകളനുവദിക്കാന്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും,

പ്രവര്‍ത്തനമേഖലയില്‍ വര്‍ധിച്ചതോതില്‍ അവസരങ്ങള്‍ ലഭ്യമാകുന്നതോടൊപ്പം ശക്തമായ വെല്ലുവിളികളും നേരിടേണ്ട സാഹചര്യം ഉടലെടുക്കും. ആഗോളവല്‍ക്കരണം, ഡി റെഗുലേഷന്‍, വൈവിധ്യവല്‍ക്കരണം എന്നിവ കൂടുതല്‍ ശക്തമാകുമെന്ന സ്ഥിതിവിശേഷം നിലവിലിരിക്കെ തന്നെ, ധനകാര്യമേഖലയുടെ ഏകീകരണവും പ്രയോഗത്തിലാക്കേണ്ടതായി വന്നുചേരും. ഇന്ത്യയിലെ ബാങ്കിംഗ്, ധനകാര്യമേഖലകള്‍ ആഗോളധനകാര്യ വിപണികളുമായി മുമ്പെന്നത്തേക്കാളുമധികം കോര്‍ത്തിണക്കപ്പെട്ടിരിക്കുകയാണെന്നതിനാല്‍ പുതിയ ചുമതലകളും വെല്ലുവിളികളും കൈകാര്യം ചെയ്യുന്നത്, കൂടുതല്‍ സങ്കീര്‍ണതകള്‍ക്ക് വഴിയൊരുക്കുമെന്നതില്‍ സംശയമില്ല.

പുതുതായി ഉരുത്തിരിയുന്ന ഇത്തരം സാഹചര്യങ്ങള്‍ ഫലപ്രദമായി നേരിടുന്നതിന് ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നാലു തത്വങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം - കാര്യക്ഷമത, സുസ്ഥിരത, സുതാര്യത, ഉള്‍ക്കൊള്ളല്‍. 2008 ലെ ആഗോള ധനകാര്യപ്രതിസന്ധിയില്‍നിന്ന് സ്വയം രക്ഷനേടാന്‍ ഇന്ത്യന്‍ ബാങ്കിംഗ് ധനകാര്യമേഖലയ്ക്ക് കഴിഞ്ഞുവെന്നതുകൊണ്ടുമാത്രം ഈ മേഖലയുടെ ഭാവി തീര്‍ത്തും സുരക്ഷിതമാണെന്നു കരുതുന്നതില്‍ അര്‍ഥമില്ല. കാര്യക്ഷമമായ മാനേജ്‌മെന്റ്, ശ്രദ്ധാപൂര്‍വമായ വായ്പാ നയങ്ങള്‍ എന്നിവയിലൂടെയാണ് ബാങ്കിംഗ്‌മേഖലയുടെ ആസ്തികള്‍ സംരക്ഷിക്കാന്‍ അക്കാലത്ത് സാധ്യമായത്. ഈ അനുഭവപാഠം കണക്കിലെടുത്തായിരിക്കണം ഭാവിയിലേക്കുള്ള നയരീപീകരണം നടത്താനും ആഭ്യന്തര നിയന്ത്രണസംവിധാനങ്ങള്‍ക്ക് വിധേയമായി മാത്രമേ ബാങ്കിംഗ് വ്യവസ്ഥ പ്രവര്‍ത്തനനയം രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യാന്‍ എന്നതില്‍ വിട്ടുവീഴ്ചയ്ക്ക് ഇടമില്ല. ഇത്തരം നയരൂപീകരണം ആഗോളതലത്തില്‍ പിന്‍തുടര്‍ന്നുവരുന്ന മാതൃകാപരമായ നടപടിക്രമങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കണം നടത്തുവാനും.

*
പ്രഫ. കെ അരവിന്ദാക്ഷന്‍ ജനയുഗം 05 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയുടെ ഒരു നിശ്ചിത കാലയളവിലുള്ള പ്രവര്‍ത്തനപുരോഗതിയും പ്രവണതകളും ആധികാരികമായി പ്രതിപാദിക്കുന്ന ഒരു റിസര്‍വ് ബാങ്ക് പ്രസിദ്ധീകരണമുണ്ട്. ''ബാങ്കിംഗിന്റെ പ്രവണതയും പുരോഗതിയും'' എന്ന പേരാണ് ഈ പ്രസിദ്ധീകരണത്തിനുള്ളത്. ഈ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണ് 2011 നവംബര്‍ 14 ന് പുറത്തുവന്നിരിക്കുന്നത്. 2010 ജൂലൈ ഒന്ന് മുതല്‍ 2011 ജൂണ്‍ 30 വരെയുള്ള കാലയളവാണ് ഈ പ്രസിദ്ധീകരണത്തിന്റെ പ്രതിപാദ്യം.